ഏറെ വിചിന്തനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിഷയമായിക്കഴിഞ്ഞിട്ടും, ഇരകള്‍ക്ക് ഏതൊരുനേരത്തും പരാതിപ്പെടാനായി സര്‍ക്കാര്‍ ഹെല്‍പ്പ്ലൈന്‍ ലഭ്യമായുണ്ടായിട്ടും, അത്തരം പെരുമാറ്റങ്ങള്‍ ചെയ്യില്ല എന്ന് ഓരോ വിദ്യാര്‍ത്ഥിയും രക്ഷിതാവും അഡ്മിഷന്‍ സമയത്ത് ഒപ്പിട്ടുകൊടുക്കേണ്ടതുണ്ടായിട്ടും റാഗിങ്ങിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മുടെ കാമ്പസുകളില്‍നിന്നിപ്പോഴും ഇടക്കിടെ പുറത്തുവരുന്നുണ്ട്. ഏറ്റവുമൊടുവിലായി, മലയാളിയായ ദലിത് വിദ്യാര്‍ത്ഥിനിക്കു കര്‍ണാടകത്തിലെ നഴ്സിംഗ് കോളജില്‍ നേരിടേണ്ടിവന്ന പീഡനങ്ങള്‍ റാഗിങ്ങിനെയും അതിനെ നിഷ്കാസനം ചെയ്യുന്നതിനെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഒരിക്കല്‍ക്കൂടി ഇടയൊരുക്കിയിരിക്കുന്നു.
കൊലപാതകങ്ങളെയും മറ്റും പോലെ ഒരു വ്യക്തി മറ്റൊരു നിശ്ചിത വ്യക്തിയോട് മുന്നേക്കൂട്ടിനിശ്ചയിച്ചു ചെയ്യുന്നൊരു ദുഷ്കൃത്യമല്ല റാഗിങ്ങ്. മുന്‍വൈരാഗ്യമോ മുന്‍പരിചയം പോലുമോ ഇല്ലാത്ത ഒരു കൂട്ടം അപരിചിതരോട് ഒരു അനുഷ്ഠാനമോ കര്‍ത്തവ്യമോ പോലെ, പലപ്പോഴും ക്രൂരതയും കുറ്റകൃത്യവുമാണ് എന്ന ബോദ്ധ്യം പോലുമില്ലാതെ, നിര്‍വഹിക്കപ്പെടുന്നൊരു പ്രവൃത്തിയാണത്. ഏറെ അക്കാദമിക്ക് സ്വപ്നങ്ങളും ജീവനുകള്‍ തന്നെയും പൊലിഞ്ഞുതീര്‍ന്നിട്ടും, നിയമങ്ങള്‍ ഏറെക്കടുക്കുകയും അനവധിപ്പേര്‍ക്കു കടുത്ത ശിക്ഷകള്‍ കിട്ടുകയും ചെയ്തുകഴിഞ്ഞിട്ടും റാഗിങ്ങിനെ നിര്‍മാര്‍ജനംചെയ്യാന്‍ നമുക്കിതുവരെയായിട്ടില്ല എന്നതിനാല്‍ത്തന്നെ, റാഗിങ്ങിനു വഴിയൊരുക്കുകയും പ്രോത്സാഹനമാവുകയും ചെയ്യുന്ന മനശ്ശാസ്ത്രഘടകങ്ങളെക്കുറിച്ചൊരു വിശകലനം പ്രസക്തമാണ്.