മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
കണ്ണീരുണക്കാന്‍ പുതുതണല്‍ തേടുമ്പോള്‍
“മറ്റൊരു സൂര്യനില്ല. ചന്ദ്രനില്ല. നക്ഷത്രങ്ങളില്ല.
നിന്നെ ഞാന്‍ കാത്തുനില്‍ക്കുന്ന മറ്റൊരു അരളിമരച്ചുവടുമില്ല.
മറ്റൊരു നീയുമില്ല.”
- ടി.പി. രാജീവന്‍ (പ്രണയശതകം)
നിങ്ങളുടെ ഒരു പ്രണയം, അല്ലെങ്കില്‍ ഒരു വിവാഹം, കയ്ച്ചുതകര്‍ന്നു പോവുന്നു. അതിനെ പുനരുജ്ജീവിപ്പിക്കാന്‍ തന്നാലാവുന്നതൊക്കെച്ചെയ്തു വിജയം കാണാനാവാതെ ഒടുവില്‍ നിങ്ങള്‍ ആ പങ്കാളിയോടു ബൈ പറയുന്നു. അത്തരമൊരു വേര്‍പിരിയലിനു ശേഷം ഉടനടി മറ്റൊരു ബന്ധത്തിലേക്കു കടക്കുന്നത് ഉചിതമോ? അതോ ആദ്യബന്ധം കുത്തിക്കോറിയിട്ട മുറിവുകള്‍ പൂര്‍ണ്ണമായും കരിഞ്ഞുണങ്ങിക്കഴിഞ്ഞേ മറ്റൊന്നിനെപ്പറ്റി ചിന്തിക്കാവൂ എന്നാണോ? അതോ മുകളിലുദ്ധരിച്ച കവിതാശകലത്തിലേതു പോലെ അതോടെ എല്ലാം പൂട്ടിക്കെട്ടി ഏകാന്തതയെ വരിക്കണോ?
ഗവേഷണങ്ങളും വിദഗ്ദ്ധരും പറയുന്നത്, ഇത്തരം സന്ദര്‍ഭങ്ങളില്‍ സമയമധികം പാഴാക്കാതെ ഒരു പുതുബന്ധത്തിലേക്കു കടക്കുന്നതിനു പല പ്രയോജനങ്ങളുമുണ്ട് എന്നാണ്. ഒരാളുമായി പിരിയുമ്പോള്‍ സ്വാഭാവികമായും ഉടലെടുക്കുന്ന മാനക്കേടിനും മനോവേദനക്കുമൊക്കെ നല്ലൊരു മറുമരുന്നാണ് ഒരു പുതിയ ബന്ധം സ്ഥാപിച്ചെടുക്കുകയെന്നത്. വേറൊരു വ്യക്തിയുമായി വൈകാരികമായടുക്കുകയും സ്നേഹവാത്സല്യങ്ങള്‍ പങ്കിടുകയും ചെയ്യുന്നത് മുന്‍പങ്കാളിയെക്കുറിച്ചു തികട്ടിവരുന്ന ദുരോര്‍മകളിലും ജീവിതത്തെയാകെ ഗ്രസിക്കുന്ന നഷ്ട, നൈരാശ്യ ബോധങ്ങളിലുമൊക്കെ നിന്നു മോചനം കിട്ടാന്‍ ഏറെ സഹായിക്കും.
മറുവശത്ത്, ഇങ്ങിനെയങ്ങു പുതുബന്ധങ്ങളിലേക്കെടുത്തു ചാടുന്നതിനെപ്രതി ചില ആശങ്കകളും നിലവിലുണ്ട്. ആകെ മന:ക്ലേശങ്ങളിലുഴറി, മുന്‍പങ്കാളി നിനവുകളില്‍ മായാതെയള്ളിപ്പിടിച്ചു നില്‍ക്കുന്ന വേളയില്‍ പുതിയൊരാളെ സമുചിതം തെരഞ്ഞെടുക്കാനുള്ള ചിന്താശേഷി നിലവിലുണ്ടാവുമോ, മനസ്സിനെ പുതിയൊരാളിലേക്കു വലിക്കുന്നത് ശരിക്കും ആ വ്യക്തിയോടുള്ള അടുപ്പവും താല്‍പര്യവുമാണോ അതോ ഒറ്റക്കാവുന്നതിലുള്ള വൈഷമ്യം മാത്രമോ, എടിപിടിയെന്നൊരു പുതുബന്ധത്തിലേക്കു കടക്കുമ്പോള്‍ പഴയതിന്‍റെ തകര്‍ച്ചയെ നന്നായുള്‍ക്കൊള്ളാനും അതില്‍നിന്നു പാഠങ്ങള്‍ സ്വാംശീകരിക്കാനുമൊക്കെയുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു പോവുകയല്ലേ എന്നൊക്കെയുള്ള സന്ദേഹങ്ങള്‍ ഉയര്‍ത്തപ്പെടുന്നുണ്ട്. എന്നാല്‍ പഠനങ്ങള്‍ അടിവരയിട്ടു പറയുന്നത്, ഇത്തരം ദ്രുതബന്ധങ്ങള്‍ അങ്ങിനെയല്ലാത്തവയേക്കാള്‍ ദുര്‍ബലമോ അല്‍പായുസ്സോ അല്ല എന്നാണ്. എന്നിരിക്കിലും, അവധാനതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ഇത്തരം പുതുപ്രണയങ്ങള്‍ താറുമാറാവാന്‍ താരതമ്യേന സാദ്ധ്യത കൂടുതലാണ് എന്നും അതിനാല്‍ത്തന്നെയിവ കൂടുതല്‍ സൂക്ഷ്മതയാവശ്യപ്പെടുന്നുണ്ട് എന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്തരം ബന്ധങ്ങളിലേക്കു കടക്കുന്നവര്‍ അവശ്യമറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങളിതാ:
- ബന്ധത്തകര്‍ച്ച നിങ്ങളുടെ വിശകലനപാടവത്തെ ബലഹീനപ്പെടുത്തിയിട്ടുണ്ടാവാം എന്ന സാദ്ധ്യതയെ അവഗണിക്കാതിരിക്കുക. വിശ്വസ്ത സുഹൃത്തുക്കളുടെയും മറ്റും അഭിപ്രായങ്ങള്‍ ആരായുകയും കണക്കിലെടുക്കുകയും ചെയ്യുക. പ്രത്യേകിച്ച്, മുന്‍ബന്ധത്തില്‍ നിങ്ങള്‍ നേരിട്ട പ്രശ്നങ്ങള്‍ അടുത്തറിയാമായിരുന്നവര്‍ക്ക് നിങ്ങളുമായി കൂടുതല്‍ യോജിച്ചുപോയേക്കാവുന്ന പുതിയൊരാളെ തിരഞ്ഞെടുത്തു തരുന്നതില്‍ നല്ലൊരു സഹായമാവാനായേക്കും.
- വ്യസനങ്ങളില്‍ നിന്നൊളിച്ചോടുക എന്നതിനെ പ്രധാനോദ്ദേശമായെടുത്തോ, അല്ലെങ്കില്‍ മുന്‍ബന്ധത്തില്‍ക്കുടുങ്ങി ഏറെ കാലവും പ്രായവും നഷ്ടമായതു തിരിച്ചുപിടിക്കാനുള്ള വ്യഗ്രതയിലോ തക്ക മുന്നാലോചനയില്ലാതെ ആരെയെങ്കിലുമൊക്കെ സ്വയംവരിക്കാതെ ഉള്ളുകൊണ്ടിഷ്ടപ്പെട്ട, അനുരൂപ്യമുള്ള ഒരാളെത്തന്നെയാണു തെരഞ്ഞെടുക്കുന്നത് എന്നുറപ്പുവരുത്തുക.
- ബന്ധത്തകര്‍ച്ചയുടെ വ്യസനം മറക്കാന്‍ തല്‍ക്കാലത്തേക്ക് ഒരഡ്ജസ്റ്റ്മെന്‍റ് എന്ന നിലക്ക് പുതിയൊരു പങ്കാളിയെ ദുരുപയോഗപ്പെടുത്താതിരിക്കുക. ഒടുവില്‍ ആവശ്യവും തീര്‍ന്ന്‍ നിങ്ങള്‍ പിന്‍വാങ്ങിപ്പിരിയുമ്പോള്‍ ഇപ്പോള്‍ നിങ്ങളുള്ള അതേ ദുരവസ്ഥയിലേക്കായിരിക്കും ആ വ്യക്തി തള്ളിവിടപ്പെടുന്നത് എന്നോര്‍ക്കുക.
- പഴയ ബന്ധത്തിനു താന്‍ പൂര്‍ണവിരാമമിട്ടുകഴിഞ്ഞു എന്ന് പുതിയ പങ്കാളിയോട് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നത് ആ വ്യക്തിക്ക് അനാവശ്യ സന്ദേഹങ്ങളും അവിശ്വാസവും ആശയക്കുഴപ്പവുമൊന്നും ഉളവാകാതെ കാക്കാന്‍ സഹായിക്കും. ആവശ്യമെങ്കില്‍ തന്നെത്തന്നെയും ഇക്കാര്യം നന്നായി ബോദ്ധ്യപ്പെടുത്തുക.
- വേര്‍പിരിയലിനു ശേഷം മുന്‍പങ്കാളിയുടെ ദോഷവശങ്ങളെപ്പറ്റി നാം കൂടുതല്‍ ബോധവാന്മാരാവുന്നതും പുതിയ പങ്കാളിക്കും അത്തരം പ്രകൃതങ്ങളുണ്ടോ എന്നു ജാഗരൂകരായിപ്പോവുന്നതും സ്വാഭാവികമാണ്. ഒരു പരിധി വരെ ഇത് ആരോഗ്യകരവുമാണ് — ദുരനുഭവങ്ങളില്‍ നിന്നു പാഠമുള്‍ക്കൊള്ളുക തന്നെ വേണം. അതേസമയം, അത് അമിതമാവാതിരിക്കാന്‍ ശ്രദ്ധിക്കുക. പുതിയയാളെ ഓരോ കാര്യത്തിലും പഴയയാളുമായി താരതമ്യപ്പെടുത്തിക്കൊണ്ടിരിക്കാതെ പുതിയൊരു വ്യക്തിയായിത്തന്നെ സമീപിക്കുക.
- മുന്‍ബന്ധത്തിന്‍റെ തകര്‍ച്ചക്കു സ്വന്തം ന്യൂനതകള്‍ വല്ലതും ഹേതുവായിട്ടുണ്ടോ എന്ന് മുന്‍വിധികളേതും കൂടാതെ ഒന്നു വിചിന്തനം നടത്തുക. പഴയതിലും മികച്ചൊരു പങ്കാളിയാവാന്‍ വേണ്ട ഗുണങ്ങളും കഴിവുകളും വളര്‍ത്തിയെടുക്കാന്‍ മനസ്സിരുത്തുക. ഉദാഹരണത്തിന്, പഴയ പങ്കാളി നിങ്ങളെപ്പറ്റി “അങ്ങോട്ടു വല്ലതും പറയുമ്പോള്‍ അതൊന്നു ശ്രദ്ധിച്ചുകേള്‍ക്കുന്ന ശീലം തീരെയില്ലാത്തയാള്‍" എന്നു സദാ പരാതിപ്പെടാറുണ്ടായിരുന്നെങ്കില്‍ എങ്ങിനെയൊരു നല്ല ശ്രോതാവാകാം എന്നതിനെപ്പറ്റി അറിവു സമ്പാദിക്കുക. ഉചിതമെന്നു തോന്നുന്നെങ്കില്‍ ഇത്തരം ശ്രമങ്ങളെപ്പറ്റി പുതിയയാളെ അറിയിക്കുകയുമാവാം — പുതുബന്ധത്തിന് നിങ്ങള്‍ ഏറെ പ്രാധാന്യം കല്‍പിക്കുന്നുണ്ടെന്ന് ആ വ്യക്തിക്കു ബോദ്ധ്യമാവാനും നിങ്ങളുടെ കഴിവുകളെപ്പറ്റി ആ മനസ്സില്‍ വല്ല സംശയങ്ങളുമുണ്ടെങ്കില്‍ അവ ദൂരീകൃതമാവാനും ഇങ്ങിനെയൊരു നടപടി സഹായിക്കും.
- പഴയ പങ്കാളിയെപ്പറ്റി പുതിയയാളോടു സംസാരിക്കുമ്പോള്‍ മിതത്വവും സംയമനവും പാലിക്കാന്‍ ശ്രദ്ധിക്കുക. കുറ്റംപറച്ചിലുകളും വിമര്‍ശനങ്ങളും അമിതമാവാതെ നോക്കുക — അല്ലാത്തപക്ഷം മറക്കാനോ പൊറുക്കാനോ ത്രാണിയില്ലാത്ത, പകയും പ്രതികാരബോധവും ഏറെനാള്‍ ഉള്ളില്‍ക്കൊണ്ടുനടക്കുന്ന ടൈപ്പാണു നിങ്ങളെന്ന ധാരണ രൂപപ്പെട്ടേക്കും. ഇത്തരം വികാരങ്ങള്‍ പങ്കുവെക്കാന്‍ അടുത്ത കൂട്ടുകാരെയോ കൌണ്‍സലിംഗ് വിദഗ്ദ്ധരെയോ തെരഞ്ഞെടുക്കുന്നതാവും ഉചിതം.
- മുന്‍പങ്കാളിയെപ്പറ്റി മോശം കാര്യങ്ങളാണെങ്കിലും ഓര്‍ത്തുമാലോചിച്ചും കൊണ്ടിരിക്കുന്നത് ആ വ്യക്തിയെ മറന്നൊഴിവാക്കുന്നതിനും പുതിയയാളുമായൊരു ഗാഢബന്ധം രൂപപ്പെടുന്നതിനും വിഘാതമാകും എന്നോര്‍ക്കുക. മുന്‍പങ്കാളിയെപ്പറ്റി എപ്പോഴും പറഞ്ഞുകൊണ്ടിരുന്നാല്‍ അത് ആ വ്യക്തിയുടെ “പ്രേത"വുമായി മത്സരിക്കേണ്ട ദുരവസ്ഥയിലേക്ക് പുതുപങ്കാളിയെ തള്ളിവിടുകയുമാവാം.
- മുന്‍പങ്കാളിയുടെ ന്യൂനതകള്‍ക്കും പിഴവുകള്‍ക്കും പുതിയയാള്‍ പരിഹാരം ചെയ്യും എന്നൊക്കെപ്പോലുള്ള പാഴ്പ്രതീക്ഷകളും പേറി പുതുബന്ധത്തെ സമീപിക്കാതിരിക്കുക — ഒരു സെറ്റ് പുതിയ പ്രശ്നങ്ങള്‍ പകരംകിട്ടാന്‍ മാത്രമാവാം അതുപകരിക്കുക. പുതുബന്ധത്തില്‍ നിന്നു താന്‍ എന്തൊക്കെയാണ് പ്രതീക്ഷിക്കുന്നത് എന്നതിനെപ്പറ്റി കൃത്യമായൊരു മുന്‍ധാരണ രൂപപ്പെടുത്തുന്നത് ഇവിടെ സഹായകമായേക്കും.
- ഇത്രയധികം മുന്‍കരുതലുകളൊക്കെ തുടക്കത്തിലെ ഇത്തിരിക്കാലത്തേക്കേ വേണ്ടിവന്നേക്കൂവെന്നും ഏതാനും മാസങ്ങള്‍ക്കു ശേഷം ഇത്തരം ബന്ധങ്ങളും മറ്റുള്ളവയെപ്പോലെ തികച്ചും സ്വാഭാവികമായിത്തീരുമെന്നും പ്രത്യേകമോര്‍ക്കുക.
(2015 ഡിസംബര്‍ ലക്കം ആരോഗ്യമംഗളത്തില്‍ പ്രസിദ്ധീകരിച്ചത്)
{xtypo_alert}ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.{/xtypo_alert}
Drawing courtesy: Deron Cohen
When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.