മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
വ്യക്തിത്വവികാസത്തിന് ഒരു രൂപരേഖ
ഒരാളുടെ വ്യക്തിത്വം അയാളുടെ വ്യക്തിബന്ധങ്ങളെയും തൊഴില്‍വിജയത്തെയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. തന്‍റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും തന്നോടു തന്നെയുമുള്ള ഒരാളുടെ പെരുമാറ്റരീതി നിര്‍ണയിക്കുന്നത് അയാളുടെ വ്യക്തിത്വമാണ്. മറ്റുള്ളവരെ ആകര്‍ഷിക്കാനും സ്വാധീനിക്കാനും എല്ലാതരക്കാരുമായും ബുദ്ധിമുട്ടില്ലാതെ ഇടപഴകുവാനും നല്ല വ്യക്തിത്വം ഒരാളെ പ്രാപ്തനാക്കുന്നു. സ്വയംമതിപ്പും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കാനും, വ്യക്തിജീവിതത്തിലും തൊഴില്‍മേഖലയിലും വിജയം വരിക്കാനും, അങ്ങിനെ ജീവിതനിലവാരം മെച്ചപ്പെടുത്താനും നല്ല വ്യക്തിത്വം സഹായിക്കുന്നു. വ്യക്തിബന്ധങ്ങളില്‍ വൈഷമ്യങ്ങള്‍ നേരിടുന്നവര്‍ക്കും, ആത്മനിന്ദ അനുഭവിക്കുന്നവര്‍ക്കും, ജീവിതനൈരാശ്യത്തില്‍ കഴിയുന്നവര്‍ക്കുമെല്ലാം വ്യക്തിത്വവികാസം ഏറെ ഉപകാരം ചെയ്യാറുണ്ട്.
വ്യക്തിത്വം വികസിപ്പിക്കാനൊരുങ്ങമ്പോള്‍
തന്‍റെ വ്യക്തിത്വത്തില്‍ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് തന്‍റെ പ്രചോദനമെന്തെന്ന് ബോദ്ധ്യമുണ്ടായിരിക്കണം. ഒരു പ്രത്യേകവ്യക്തിയെ പ്രീണിപ്പിക്കാനായി വ്യക്തിത്വം മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നത് അനാരോഗ്യകരമാണെന്നു മാത്രമല്ല, അത്തരം ശ്രമങ്ങള്‍ വിജയിക്കാനും അങ്ങിനെ ഉണ്ടാക്കിയെടുക്കുന്ന പുതിയ വ്യക്തിത്വം അധികനാള്‍ നീണ്ടുനില്‍ക്കാനുമുള്ള സാദ്ധ്യത തുച്ഛവുമാണ്. അതേ സമയം വ്യക്തിബന്ധങ്ങള്‍ തീരെ ഇല്ലാതിരിക്കുക, എപ്പോഴും നിരാശ അനുഭവപ്പെടുക തുടങ്ങിയ പ്രശ്നങ്ങള്‍ സ്വയം തിരിച്ചറിഞ്ഞും, ഈ പ്രശ്നങ്ങളുടെ ആവിര്‍ഭാവത്തില്‍ തന്‍റെ വ്യക്തിത്വത്തിലെ ചില ന്യൂനതകള്‍ക്കുള്ള പങ്ക് ബോദ്ധ്യപ്പെട്ടും വ്യക്തിത്വത്തില്‍ തക്കതായ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂലഫലങ്ങള്‍ കിട്ടാനുള്ള സാദ്ധ്യത ഏറെയാണ്.
{xtypo_quote_left}നിങ്ങളുടെ വ്യക്തിത്വത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം നിങ്ങളുടേതു തന്നെയായിരിക്കും.{/xtypo_quote_left}അടുത്തതായി ചെയ്യേണ്ടത് വ്യക്തിത്വത്തിലെ ഏതു ഘടകങ്ങള്‍ക്കാണ് മാറ്റം വേണ്ടത് എന്നു തീരുമാനിക്കുകയാണ്. കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ അപരിചിതര്‍ പോലുമോ നിങ്ങളുടെ വ്യക്തിത്വത്തില്‍ ഇന്നയിന്ന പ്രശ്നങ്ങളുണ്ടെന്ന് നിരന്തരം സൂചിപ്പിക്കുന്നുണ്ടെങ്കില്‍ അത് ഗൌരവത്തിലെടുത്തേ മതിയാകൂ. പ്രത്യേകിച്ച് ആ ന്യൂനതകള്‍ നിങ്ങളെയോ പ്രിയപ്പെട്ടവരെയോ ശാരീരികമായോ മാനസികമായോ ആത്മീയമായോ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കില്‍ അവ പരിഹരിക്കാന്‍ നടപടികളെടുക്കേണ്ടത് അത്യാവശ്യമാണ്.
മുതിര്‍ന്നു കഴിഞ്ഞ ഒരാളുടെ വ്യക്തിത്വത്തില്‍ സ്ഥായിയായ മാറ്റങ്ങള്‍ വരുത്താന്‍ സമയമെടുക്കുമെന്ന് ഓര്‍ക്കേണ്ടതാണ്. പുതിയ ഒരു രീതിയില്‍ ചിന്തിക്കാനും സംസാരിക്കാനും പെരുമാറാനും കാര്യങ്ങളെ നോക്കിക്കാണാനും ശീലിക്കാന്‍ ചിലപ്പോള്‍ വര്‍ഷങ്ങളുടെ പരിശ്രമം ആവശ്യമായേക്കാം. നേടിയെടുക്കാന്‍ എളുപ്പമുള്ള ചെറിയ ലക്ഷ്യങ്ങള്‍ വെച്ച് തുടക്കമിടുന്നതാണ് എപ്പോഴും നല്ലത്. ഉദാഹരണത്തിന്, അമിതമായി ആകുലപ്പെടുന്ന ഒരാള്‍ “ഞാന്‍ ഇന്നു മുതല്‍ ഈ ആകുലതകള്‍ക്കു പിറകെ ദിവസത്തില്‍ അര മണിക്കൂറില്‍ക്കൂടുതല്‍ ചെലവഴിക്കില്ല" എന്ന തീരുമാനത്തില്‍ തുടങ്ങുന്നതാകും “ഇന്നു മുതല്‍ ഞാന്‍ ആകുലപ്പെടുകയേ ഇല്ല" എന്നു നിശ്ചയിക്കുന്നതിനേക്കാള്‍ പ്രായോഗികം. ആദ്യം നിര്‍ണയിക്കുന്ന ലക്ഷ്യം ഒരു ശീലമായതിനു ശേഷം മാത്രം അടുത്ത ലക്ഷ്യം നിശ്ചയിക്കുന്നതാവും നല്ലത്. ഇങ്ങിനെ ഘട്ടംഘട്ടമായി ചെയ്താല്‍ മാത്രമേ വ്യക്തിത്വത്തില്‍ വലിയ മാറ്റങ്ങള്‍ സാദ്ധ്യമാവൂ.
നിങ്ങളുടെ വ്യക്തിത്വത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം നിങ്ങളുടേതു തന്നെയായിരിക്കും. എന്നാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ വ്യക്തിത്വത്തില്‍ പ്രകടമായിത്തുടങ്ങിയോ എന്ന് ഇടയ്ക്കിടെ വിലയിരുത്തി അഭിപ്രായം പറയാന്‍ നിങ്ങളുടെ ജീവിതപങ്കാളിയെയോ ആത്മസുഹൃത്തുക്കളെയോ ചുമതലപ്പെടുത്താവുന്നതാണ്. വ്യക്തിത്വത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും അതിനു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ഉള്‍ക്കാഴ്ചകള്‍ ലഭിക്കാന്‍ പുസ്തകങ്ങള്‍, ക്ലാസുകള്‍, വ്യക്തിത്വവികസന വര്‍ക്ക്ഷോപ്പുകള്‍ തുടങ്ങിയവയുടെയും കൌണ്‍സിലര്‍മാര്‍, സൈക്കോളജിസ്റ്റുകള്‍, സൈക്ക്യാട്രിസ്റ്റുകള്‍ എന്നിവരുടെയും സഹായം തേടാവുന്നതാണ്.
ഇനി, വ്യക്തിത്വവികസനത്തിന്‍റെ ഭാഗമായി സാധാരണ ആര്‍ജിച്ചെടുക്കേണ്ടി വരാറുള്ള കഴിവുകള്‍ ഏതൊക്കെയെന്നും അവ സ്വായത്തമാക്കാനുള്ള മാര്‍ഗങ്ങളുടെ ചില ഉദാഹരണങ്ങളും പരിശോധിക്കാം.
ശീലങ്ങളെ നിയന്ത്രിക്കുക
സാഹചര്യത്തിനനുയോജ്യമായ നല്ല വസ്ത്രങ്ങള്‍ ധരിക്കുക, വായ്നാറ്റം ഒഴിവാക്കുക, വൃത്തിയായി നടക്കുക, സമീകൃതാഹാരം കഴിക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക, ആവശ്യമുള്ളത്ര സമയം ഉറങ്ങുക തുടങ്ങിയ സ്വഭാവരീതികള്‍ ഊര്‍ജസ്വലതയും നല്ല വ്യക്തിത്വവും പ്രദാനം ചെയ്യും. നഖം കടിക്കുക, മൂക്കില്‍ വിരലിടുക, ഇടയ്ക്കിടെ ശരീരഭാഗങ്ങള്‍ ചൊറിയുക തുടങ്ങിയ അനാവശ്യശീലങ്ങള്‍ ഒഴിവാക്കേണ്ടതുമാണ്.
വാഗ്ചാതുര്യം വളര്‍ത്തുക
ഏതൊരു മേഖലയിലെയും വിജയത്തിന് നല്ല ആശയസംവേദനശേഷി അത്യന്താപേക്ഷിതമാണ്. ഇടപഴകുന്ന ആളുകളെപ്പറ്റി അറിഞ്ഞിരിക്കുക, അവരുടെ ആശയങ്ങളെയും വികാരങ്ങളെയും ഉള്‍ക്കൊള്ളുക, അവരോട് സഹാനുഭൂതി പുലര്‍ത്തുക, ചോദ്യങ്ങളെ പ്രോത്സാഹിപ്പിക്കുക, അവരുടെ ബുദ്ധിക്കും പശ്ചാത്തലത്തിനും അനുയോജ്യമായ ഭാഷ ഉപയോഗിക്കുക എന്നിവ നാം ഉദ്ദേശിക്കുന്ന കാര്യം ഫലപ്രദമായി പറഞ്ഞു കേള്‍പ്പിക്കാന്‍ സഹായിക്കും. നാം പറയുന്നത് അവര്‍ക്കു മനസ്സിലാവുന്നുണ്ട് എന്ന് സ്വയം തീരുമാനിക്കാതെ ഇടയ്ക്കിടെ അവരുടെ പ്രതികരണങ്ങള്‍ ആരായുന്നതും നല്ലതാണ്.
ആശയസംവേദനത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗവും നടക്കുന്നത് ശരീരഭാഷയിലൂടെയാണ്. മുഖഭാവങ്ങള്‍, ആംഗ്യങ്ങള്‍, ശരീരചലനങ്ങള്‍, ശബ്ദത്തിലെ വ്യതിയാനങ്ങള്‍, കണ്ണുകള്‍, സ്പര്‍ശനം തുടങ്ങിയവയിലൂടെയാണ് ഇത് സാദ്ധ്യമാകുന്നത്. നാം പറയുന്ന കാര്യങ്ങളുടെ അര്‍ത്ഥങ്ങളെ മാറ്റിമറിക്കാന്‍ നമ്മുടെ ശരീരഭാഷക്കു സാധിക്കും. അതുകൊണ്ടുതന്നെ ഈ ഘടകങ്ങളെയെല്ലാം നമ്മുടെ ആശയം പരമാവധി വ്യക്തമാകാന്‍ സഹായകമായ രീതിയില്‍ ശ്രദ്ധിച്ചുപയോഗിക്കേണ്ടതാണ്. ആവശ്യാനുസരണം പുഞ്ചിരി, തലകുലുക്കല്‍ എന്നിവ ഉപയോഗിക്കുന്നതും സംസാരിക്കുന്ന സമയത്തിന്‍റെ മൂന്നിലൊന്ന് നേരം ശ്രോതാവിന്‍റെ കണ്ണുകളില്‍ നോക്കുന്നതുമൊക്കെ ഫലപ്രദമാണ്.
മറ്റുള്ളവര്‍ക്ക് കാതുകൊടുക്കുക
എപ്പോഴും സംസാരിച്ചുകൊണ്ടു മാത്രമിരിക്കാതെ മറ്റുള്ളവര്‍ക്കു പറയാനുള്ളത് ശ്രദ്ധിച്ചു കേള്‍ക്കേണ്ടതും അത്യാവശ്യമാണ്. പുതിയ അറിവുകള്‍ നേടാനും, നമ്മള്‍ അവര്‍ക്ക് പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് സംസാരിക്കുന്നവര്‍ക്ക് തോന്നാനും, അവരുടെ താല്പര്യങ്ങള്‍ മനസ്സിലാക്കി തിരിച്ചു സംസാരിക്കാനുമൊക്കെ ഇതുപകരിക്കും.
സംസാരിക്കുന്നയാളുടെ ശരീരഭാഷയും വികാരങ്ങളും ശ്രദ്ധിക്കുക, അയാളെ ഇടയ്ക്കിടെ തടസ്സപ്പെടുത്താതിരിക്കുക, തുറന്ന മനസോടെ കാര്യങ്ങള്‍ കേള്‍ക്കുക, ഇടക്ക് ചില ചോദ്യങ്ങള്‍ ഉന്നയിക്കുക തുടങ്ങിയവ ഒരു നല്ല ശ്രോതാവിനു യോജിച്ച ഗുണങ്ങളാണ്. സംസാരിക്കുന്നയാളെക്കുറിച്ച് മുന്‍വിധികള്‍ വെച്ചുപുലര്‍ത്തുന്നതും, അയാള്‍ക്ക് പാതിശ്രദ്ധ മാത്രം കൊടുക്കുന്നതും, “ഇയാള്‍ നിര്‍ത്തിയാല്‍ എനിക്ക് തുടങ്ങാമല്ലോ” എന്ന പ്രതീക്ഷയോടെ അയാള്‍ പറഞ്ഞു തീരുന്നതും കാത്തിരിക്കുന്നതും, പ്രശ്നം മുഴുവന്‍ കേള്‍ക്കുന്നതിനു മുമ്പ് പരിഹാരം വിളമ്പുന്നതും ഒഴിവാക്കേണ്ടതാണ്. മറ്റുള്ളവരെ ശ്രവിക്കുന്ന സമയത്ത് ദേഷ്യം, അസൂയ, ആശങ്കകള്‍, നിരാശ തുടങ്ങിയവ വെച്ചുപുലര്‍ത്തുന്നത് അവര്‍ പറയുന്നത് ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നതിന് വിഘാതമുണ്ടാക്കും.
സമയവിനിയോഗം കാര്യക്ഷമമാക്കുക
{xtypo_quote_right}പരിശ്രമത്തിന് താരതമ്യേന കൂടുതല്‍ ഫലം തരുന്ന മേഖലകളെ തിരിച്ചറിഞ്ഞ് അവക്ക് അമിതമായ പ്രാധാന്യം കൊടുക്കുക{/xtypo_quote_right}ഐസന്‍ഹോവര്‍ രീതി, എ.ബി.സി. രീതി, പരേറ്റോ വിശകലനം എന്നിവ ടൈം മാനേജ്മെന്‍റിനുള്ള ചില നല്ല വിദ്യകളാണ്. ചെയ്യാനുള്ള കാര്യങ്ങളെ അവ എത്രത്തോളം പ്രധാനമാണ്, അവ അടിയന്തിരമായി ചെയ്യേണ്ടതാണോ എന്നീ രണ്ടു കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ നാലായി തരംതിരിക്കുകയാണ് ഐസന്‍ഹോവര്‍ രീതിയില്‍ ചെയ്യുന്നത്. അടിയന്തിരമായി ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ ഏറ്റവുമാദ്യവും, അടിയന്തിരമായി ചെയ്യേണ്ട അപ്രധാന കാര്യങ്ങളും പെട്ടെന്ന് ചെയ്യേണ്ടതില്ലാത്ത പ്രധാന കാര്യങ്ങളും രണ്ടാമതായും, പിന്നത്തേക്കു മാറ്റിയാല്‍ കുഴപ്പമില്ലാത്തതും വലിയ പ്രാധാന്യമില്ലാത്തതുമായ കാര്യങ്ങള്‍ ഏറ്റവുമവസാനവും ചെയ്യുക എന്നാണ് ഈ രീതി നിഷ്കര്‍ഷിക്കുന്നത്. ചെയ്യാനുള്ള കാര്യങ്ങളെ ഇന്നു ചെയ്തു തീര്‍ക്കേണ്ടവ, ഒരാഴ്ചക്കുള്ളില്‍ തീര്‍ക്കേണ്ടവ, ഒരു മാസത്തിനുള്ളില്‍ തീര്‍ക്കേണ്ടവ എന്നിങ്ങനെ തരംതിരിക്കുകയാണ് എ.ബി.സി. രീതിയില്‍ ചെയ്യുന്നത്. തീര്‍ക്കാനുള്ള ജോലികളുടെ എണ്‍പതു ശതമാനവും ലഭ്യമായ സമയത്തിന്‍റെ ഇരുപതു ശതമാനം മാത്രമെടുത്ത് ചെയ്യാവുന്നവയാണെന്നും, ആ ജോലികളെ തിരിച്ചറിഞ്ഞ് അവ ആദ്യം മുഴുമിപ്പിക്കുന്നത് കാര്യക്ഷമത വര്‍ദ്ധിപ്പിക്കുമെന്നും പരേറ്റോ വിശകലനം സൂചിപ്പിക്കുന്നു.
സമയം പാഴാകുന്നതെവിടെയൊക്കെ എന്ന് തിരിച്ചറിയുക, പരിശ്രമത്തിന് താരതമ്യേന കൂടുതല്‍ ഫലം തരുന്ന മേഖലകളെ തിരിച്ചറിഞ്ഞ് അവക്ക് അമിതമായ പ്രാധാന്യം കൊടുക്കുക, എങ്ങനെ നന്നായി ജോലി ചെയ്യാം എന്നതിനേക്കാള്‍ റിസള്‍ട്ട് എങ്ങനെ മെച്ചപ്പെടുത്താം എന്നതിന് ഊന്നല്‍ കൊടുക്കുക തുടങ്ങിയ നടപടികള്‍ കാര്യശേഷി വര്‍ദ്ധിപ്പിക്കും. ചെയ്യാനുള്ള കാര്യങ്ങളെ അകാരണമായി നീട്ടിവെക്കുക, ഒരു ജോലിയും മറ്റുള്ളവര്‍ക്ക് കൈമാറാതെ എല്ലാം സ്വയം ചെയ്യാന്‍ ശ്രമിക്കുക, ജോലിസ്ഥലത്ത് അടുക്കും ചിട്ടയും പാലിക്കാതിരിക്കുക തുടങ്ങിയവ സമയത്തിന്‍റെ ദുര്‍വിനിയോഗത്തിലേക്കു നയിക്കും.
ആത്മവിശ്വാസം കൈവിടാതിരിക്കുക
സ്വന്തം കഴിവുകളില്‍ മതിപ്പുണ്ടായിരിക്കേണ്ടത് വ്യക്തിത്വവികസനത്തിന് അനിവാര്യമാണ്. പലരും തങ്ങള്‍ക്കു ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെപ്പറ്റി മാത്രം ചിന്തിച്ച് നൈരാശ്യത്തില്‍ കഴിയാറുണ്ട്. നമ്മുടെ കഴിവുകളുടെ ഒരു പട്ടികയുണ്ടാക്കി ആ കഴിവുകളെ ദൈനംദിനജീവിതത്തില്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ തുടങ്ങുന്നതും, നമുക്ക് സന്തോഷവും ഊര്‍ജസ്വലതയും സ്വയംമതിപ്പും തരുന്ന പ്രവൃത്തികള്‍ കൂടുതലായി ചെയ്യുന്നതും, കഴിഞ്ഞ കാര്യങ്ങളെപ്പറ്റി അധികം ആകുലപ്പെടാതെ വര്‍ത്തമാനത്തിലും ഭാവിയിലും കൂടുതല്‍ ശ്രദ്ധിക്കുന്നതും ആത്മവിശ്വാസം വളരാന്‍ സഹായിക്കും.
പ്രശ്നപരിഹാരശേഷി സ്വായത്തമാക്കുക
പ്രശ്നങ്ങളെ നേരത്തേ തിരിച്ചറിഞ്ഞ് ആവശ്യമായ പ്രതിവിധികള്‍ ചെയ്യാനുള്ള കഴിവ് നല്ല വ്യക്തിത്വത്തിന് അത്യന്താപേക്ഷിതമാണ്. പ്രശ്നങ്ങള്‍ ഫലപ്രദമായി പരിഹരിക്കുന്നതിന് ചില ശാസ്ത്രീയരീതികളുണ്ട്. എന്താണു പ്രശ്നമെന്ന് കൃത്യമായി നിര്‍വചിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇപ്പോഴത്തെ സാഹചര്യം എന്താണ്, അതില്‍ എന്തൊക്കെ മാറ്റങ്ങളാണു വരേണ്ടത്, പ്രശ്നപരിഹാരത്തിന് അനുകൂലവും പ്രതികൂലവുമായിട്ടുള്ള ഘടകങ്ങള്‍ എന്തൊക്കെയാണ് എന്നൊക്കെ വ്യക്തമായി മനസ്സിലാക്കിയിരിക്കണം. എന്നിട്ട് ആ പ്രശ്നം പരിഹരിക്കാന്‍ ഉപകരിച്ചേക്കുമെന്ന് തോന്നുന്ന മാര്‍ഗങ്ങളുടെ ഒരു പട്ടിക തയ്യാറാക്കണം. ഒരു മാര്‍ഗത്തിന്‍റെയും ഗുണദോഷങ്ങള്‍ അവലോകനം ചെയ്യാതെ മനസ്സില്‍ തോന്നുന്ന എല്ലാ മാര്‍ഗങ്ങളും കുറിച്ചുവെക്കുകയാണ് വേണ്ടത്. സുഹൃത്തുകളുടെയും കുടുംബാംഗങ്ങളുടെയുമെല്ലാം നിര്‍ദ്ദേശങ്ങള്‍ ഈ പട്ടികയില്‍ ഉള്‍ക്കൊള്ളിക്കാവുന്നതാണ്. ഈ മാര്‍ഗങ്ങളില്‍ ഓരോന്നിന്‍റെയും മെച്ചങ്ങളും ദോഷങ്ങളും വിശകലനം ചെയ്യുകയാണ് അടുത്ത പടി. അതിനു ശേഷം കൂട്ടത്തില്‍ ഏറ്റവും പ്രയോജനകരവും പ്രശ്നരഹിതവും എന്നു തോന്നുന്ന ഒരു മാര്‍ഗം തെരഞ്ഞെടുക്കുകയും, അത് നടപ്പിലാക്കാനുള്ള വഴികള്‍ തീരുമാനിക്കുകയും, അതിനുവേണ്ട സാധനസമ്പത്തുകള്‍ സ്വരുക്കൂട്ടുകയും ചെയ്യണം. എന്നിട്ട് നിങ്ങള്‍ തെരഞ്ഞെടുത്ത ആ പരിഹാരമാര്‍ഗം പ്രാവര്‍ത്തികമാക്കുകയും, അത് ഉദ്ദേശിച്ച ഫലം തരുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയും വേണം. ആ മാര്‍ഗം പ്രതീക്ഷിച്ചത്ര ഫലപ്രദമല്ല എന്നു തെളിയുകയാണെങ്കില്‍ നിങ്ങളുടെ ലിസ്റ്റില്‍ ബാക്കിയുള്ളതില്‍ വെച്ച് ഏറ്റവും നല്ല പരിഹാരമാര്‍ഗം തെരഞ്ഞെടുക്കുകയും മുകളില്‍ പറഞ്ഞ നടപടികള്‍ ആവര്‍ത്തിക്കുകയും ചെയ്യാവുന്നതാണ്.
പുതിയ അറിവുകളും വ്യക്തിപരിചയങ്ങളും തേടുക
വിവിധ വിഷയങ്ങളില്‍ പരിജ്ഞാനം നേടുന്നതും പുതിയ പുതിയ താല്പര്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതും ആത്മവിശ്വാസം വര്‍ദ്ധിക്കാനും, തുറന്ന ചിന്താഗതി വളരാനും, മറ്റുള്ളവരെ ആകര്‍ഷിക്കാനും സഹായിക്കുകയും കൂടുതല്‍ ആളുകളെ പരിചയപ്പെടാന്‍ അവസരമൊരുക്കുകയും ചെയ്യും. നമ്മില്‍ നിന്ന്‍ വ്യതിരിക്തരായ ആളുകളെ പരിചയപ്പെടുന്നത് വിവിധ സംസ്കാരങ്ങളെക്കുറിച്ചറിയാനും വ്യത്യസ്ത ജീവിതരീതികള്‍ സ്വായത്തമാക്കാനും അറിവ് വികസിപ്പിക്കാനും ഉപകരിക്കും. ജീവിതത്തോട് പോസിറ്റീവായ സമീപനമുള്ളവരും ജീവിതത്തില്‍ വിജയം നേടിയവരുമായി ഇടപഴകുന്നതും, അവരോട് ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും തേടുന്നതും നല്ലതാണ്. കാര്യങ്ങളെ നെഗറ്റീവായി മാത്രം കാണുന്നവരില്‍ നിന്ന് അകലം പാലിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
വിദഗ്ദ്ധസഹായം ഉപയോഗപ്പെടുത്തുക
വ്യക്തിത്വവികസനത്തിനുള്ള ശ്രമങ്ങളെ കാര്യക്ഷമവും ആയാസരഹിതവുമാക്കാന്‍ വിദഗ്ദ്ധരുടെ സഹായം ഏറെ ഉപകാരപ്രദമാകാറുണ്ട്. പേഴ്സണാലിറ്റി ടെസ്റ്റുകള്‍ ചെയ്ത് ഒരാളുടെ വ്യക്തിത്വത്തെ അപഗ്രഥിക്കാനും, അതിലെ ന്യൂനതകള്‍ ചൂണ്ടിക്കാണിക്കാനും, തക്കതായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ക്ക് കഴിയും. വിവിധ കഴിവുകള്‍ പുതുതായി ആര്‍ജിച്ചെടുക്കുവാന്‍ കൌണ്‍സിലര്‍മാര്‍, സൈക്കോളജിസ്റ്റുകള്‍, സൈക്ക്യാട്രിസ്റ്റുകള്‍ തുടങ്ങിയവരുടെ സഹായം തേടാവുന്നതാണ്. മുന്‍കോപത്തെ നിയന്ത്രണവിധേയമാക്കാനും, അമിതനാണത്തെ മറികടക്കാനും, വിമര്‍ശനങ്ങളെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാനും, വിഷമസന്ധികളെ തരണം ചെയ്യാനും, മാനസികസമ്മര്‍ദ്ദത്തില്‍ നിന്ന് മോചനം കിട്ടാനും, വ്യക്തിബന്ധങ്ങള്‍ മെച്ചപ്പെടുത്താനുമൊക്കെ എന്താണു ശ്രദ്ധിക്കേണ്ടതെന്ന് നിര്‍ദ്ദേശിക്കാന്‍ ഇവര്‍ക്കു സാധിക്കും. മനക്ലേശമുണ്ടാക്കുന്ന ദുഷ്ചിന്തകളില്‍ നിന്ന് മുക്തി നേടാനും, സഭാകമ്പത്തെ കീഴടക്കാനും, ആത്മവിശ്വാസക്കുറവ് പരിഹരിക്കാനുമൊക്കെ കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി പോലുള്ള സൈക്കോതെറാപ്പികള്‍ ഉപകരിക്കാറുണ്ട്. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന വിഷാദം, ഉത്ക്കണ്ഠ തുടങ്ങിയവ ഒരാളുടെ വ്യക്തിത്വത്തെ പ്രതികൂലമായി ബാധിക്കുമ്പോള്‍ ചില മരുന്നുകളുടെ ഉപയോഗം ഫലം ചെയ്യാറുണ്ട്. അമിതദേഷ്യം, എടുത്തുചാട്ടം തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാനും മരുന്നുകള്‍ സഹായകമാകാറുണ്ട്.
(2012 ഓഗസ്റ്റ് ലക്കം ആരോഗ്യമംഗളത്തില്‍ പ്രസിദ്ധീകരിച്ചത്)
{xtypo_alert}ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.{/xtypo_alert}
When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.