മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
പ്രണയികളുടെ മനശ്ശാസ്ത്രം
പ്രണയം എന്ന വിഷയം കാലങ്ങളായി എഴുത്തുകാരുടെയും തത്വചിന്തകരുടെയും സാധാരണക്കാരുടെയുമൊക്കെ വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എങ്കിലും പ്രണയത്തിന്‍റെ സങ്കീര്‍ണതകളുടെ ഇഴപിരിച്ചറിയാന്‍ താല്പര്യമുള്ളവര്‍ ആധുനികമനശാസ്ത്രത്തിന് ഈ വിഷയത്തിലുള്ള കാഴ്ചപ്പാടുകളും അറിഞ്ഞിരിക്കേണ്ടതുണ്ട്. പ്രണയമെന്ന നാട്യത്തിലുള്ള ലൈംഗികപീഡനങ്ങളും ദാമ്പത്യങ്ങളിലെ മോഹഭംഗങ്ങളും സുലഭമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ പ്രണയത്തെക്കുറിച്ചുള്ള ശാസ്ത്രീയ അവബോധത്തിന് ചെറുതല്ലാത്ത പ്രസക്തിയുണ്ട്. തന്‍റെ പ്രണയസങ്കല്‍പങ്ങളില്‍ പിഴവുകളുണ്ടോ, തനിക്കു കിട്ടിക്കൊണ്ടിരിക്കുന്നത് യഥാര്‍ത്ഥസ്നേഹമാണോ എന്നൊക്കെയുള്ള തിരിച്ചറിവുകള്‍ ലഭിക്കാന്‍ പ്രണയത്തെപ്പറ്റിയുള്ള ശാസ്ത്രീയ ഉള്‍ക്കാഴ്ചകള്‍ നമ്മെ സഹായിക്കും. പ്രണയത്തെ സംബന്ധിച്ചുള്ള പ്രധാന ശാസ്ത്രസിദ്ധാന്തങ്ങളെയും അതിന്‍റെ അടിസ്ഥാനസ്വഭാവങ്ങളുടെ സൂക്ഷ്മാവലോകനം വിഷയമാക്കിയ ഒട്ടനവധി പഠനങ്ങള്‍ തരുന്ന പുത്തനറിവുകളെയും ഒന്നു പരിചയപ്പെടാം.
പ്രണയത്തിന് ഒരു നിര്‍വചനം
“പ്രണയം കാറ്റിനെപ്പോലെയാണ്. കാണാനാവില്ല, അനുഭവിക്കാനേ പറ്റൂ.” - നിക്കോളാസ് സ്പാര്‍ക്ക്സ്
{xtypo_quote_left}ലൈംഗികതയുള്‍ക്കൊള്ളുന്നതും പങ്കാളിയെ ആദര്‍ശവല്‍ക്കരിക്കുന്നതും തുടര്‍ന്നുകൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നതുമായ ഏതൊരു തീക്ഷ്ണമായ ആകര്‍ഷണത്തെയും പ്രണയം എന്നു വിളിക്കാം.{/xtypo_quote_left}സരളമായ നിര്‍വചനങ്ങള്‍ക്കു പിടികൊടുക്കാത്തത്ര കുഴഞ്ഞുമറിഞ്ഞ ഒരു പ്രതിഭാസം തന്നെയാണു പ്രണയം. സൂക്ഷ്മവിശദാംശങ്ങളില്‍ ഏറെ വൈജാത്യങ്ങളുള്ള അനേകതരം ബന്ധങ്ങള്‍ പ്രണയം എന്ന വിളിപ്പേരില്‍ അറിയപ്പെടുന്നുണ്ട്. അവയില്‍ നിന്നും യഥാര്‍ത്ഥ പ്രണയത്തിനുള്ള വ്യതിരിക്തതകളെ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് ജാന്‍കോവിയാക്ക്, ഫിഷര്‍ എന്നീ ഗവേഷകര്‍ മുന്നോട്ടുവെച്ച നിര്‍വചനത്തിനാണ് ഇന്ന് ഏറ്റവും പൊതുസമ്മതി ലഭിച്ചിട്ടുള്ളത്. അവരുടെ നിഗമനത്തില്‍ ലൈംഗികതയുള്‍ക്കൊള്ളുന്നതും പങ്കാളിയെ ആദര്‍ശവല്‍ക്കരിക്കുന്നതും തുടര്‍ന്നുകൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നതുമായ ഏതൊരു തീക്ഷ്ണമായ ആകര്‍ഷണത്തെയും പ്രണയം എന്നു വിളിക്കാം. സൌഹൃദം, കാമാസക്തി, ക്ഷണികമായ വശീകരിക്കപ്പെടലുകള്‍ തുടങ്ങിയവയില്‍ നിന്ന്‍ പ്രണയത്തെ വേര്‍തിരിച്ചു കാണിക്കാന്‍ ഈ നിര്‍വചനത്തിനാവുന്നുണ്ട്.
പ്രണയം ഉരുത്തിരിഞ്ഞതിനു പിന്നില്‍
“സൂചിക്ക് തുള വേണം. ഹൃദയത്തിന് പ്രണയവും” - സുഡാനിലെ ഒരു പഴമൊഴി
പ്രണയത്തിന് മനുഷ്യഹൃദയങ്ങളില്‍ ഇത്ര പ്രാമുഖ്യം ലഭിച്ചതെങ്ങനെ എന്നതിന് പരിണാമസംബന്ധിയായ പല വിശദീകരണങ്ങളും നിലവിലുണ്ട്. അവയെല്ലാം തന്നെ “വംശം കുറ്റിയറ്റു പോവില്ല എന്നുറപ്പു വരുത്താന്‍ പ്രകൃതി നമ്മോടു കാണിച്ച ഒരു വേലത്തരമാണു പ്രണയം” എന്ന സോമര്‍സെറ്റ് മോമിന്‍റെ പ്രസ്താവനയെ ശരിവെക്കുന്നവയാണ്!
മറ്റു ജീവികളെ അപേക്ഷിച്ച് മനുഷ്യക്കുഞ്ഞുങ്ങള്‍ക്ക് പരാശ്രയം കൂടാതെ ജീവിക്കാനാവാന്‍ കൂടുതല്‍ കാലദൈര്‍ഘ്യം എടുക്കുന്നുണ്ട്. മാതാപിതാക്കള്‍ ഇരുവരുടെയും സ്നേഹവും സംരക്ഷണവും അവരുടെ ശരിയായ വളര്‍ച്ചക്ക് അത്യന്താപേക്ഷിതവുമാണ്. ഇത് ഉറപ്പുവരുത്താനായി നമ്മെയൊക്കെ ഏറെനാളത്തേക്ക് ഒരു പങ്കാളിയില്‍ത്തന്നെ ആകൃഷ്ടരാക്കി നിര്‍ത്താന്‍ പ്രകൃതിയൊരുക്കിയ ഒരു സൂത്രവിദ്യയാവാം പ്രണയം എന്നൊരു വാദമുണ്ട്. കുത്തഴിഞ്ഞ ലൈംഗികജീവിതം പകരംതരുന്ന ഗുഹ്യരോഗങ്ങള്‍ പ്രജനനശേഷി കുറയാനും ഭ്രൂണത്തിന് ക്ഷതങ്ങളേല്‍ക്കാനും പ്രസവം ക്ലേശകരമാവാനുമൊക്കെ ഇടയാക്കുകയും അതു വഴി വംശപ്പെരുപ്പത്തിന് വിഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നതും പ്രണയത്തിന്‍റെ ആവിര്‍ഭാവത്തിലേക്കു നയിച്ചിട്ടുണ്ടാവാം. നമ്മുടെ തലച്ചോറുകള്‍ അമിതസംയമനം കൈക്കൊണ്ട് പ്രത്യുല്‍പാദനചോദനകള്‍ക്ക് കടിഞ്ഞാണിടുന്നത് തടയുക എന്നതും പ്രണയത്തിന്‍റെ അവതാരോദ്ദേശങ്ങളില്‍ ഒന്നാവാം.
പരിണാമപ്രക്രിയ പ്രണയത്തെ യുക്തിക്കു നിരക്കാത്ത ഒരു പ്രതിഭാസമാക്കിത്തീര്‍ത്തതും ദീര്‍ഘദൃഷ്ടിയോടെത്തന്നെയാവാം. യുക്ത്യാനുസൃതമായി മാത്രം തന്‍റെ പങ്കാളിയെ തിരഞ്ഞെടുക്കുന്ന ഒരാള്‍ അതേ യുക്തിക്ക് കൂടുതല്‍ നല്ലതെന്നു തോന്നുന്ന മറ്റൊരാളെ കണ്ടുമുട്ടുമ്പോള്‍ ആദ്യപങ്കാളിയെ കയ്യൊഴിഞ്ഞേക്കാമല്ലോ. ദീര്‍ഘകാലബന്ധങ്ങളുടെ ഉന്മൂലനത്തിനു കളമൊരുക്കിയേക്കാവുന്ന അത്തരമൊരു സാഹചര്യത്തെ മുളയിലേ നുള്ളിക്കളയാനാവാം പ്രകൃതി യുക്തിരഹിതമായ പ്രണയത്തെ രംഗത്തിറക്കിയത്.
അമ്മമാര്‍ പിഞ്ചുകുഞ്ഞുങ്ങളെ നെഞ്ചോടണക്കുകയും ചുംബിക്കുകയും ആശ്ലേഷിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ ആ കുട്ടികള്‍ തങ്ങള്‍ ഭ്രൂണാവസ്ഥയില്‍ ശ്രവിച്ചുകൊണ്ടിരുന്ന മാതൃഹൃദയത്തിന്‍റെ താളം വീണ്ടും കേള്‍ക്കുകയും അതുവഴി ഗര്‍ഭപാത്രത്തിനുള്ളില്‍ അനുഭവിച്ച കടുത്ത സുരക്ഷിതത്വത്തെക്കുറിച്ച് ഓര്‍മിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇതേ സുരക്ഷിതത്വത്തെയാണ് നാം പ്രണയഭാജനങ്ങളുടെ ചുംബനങ്ങളിലും ആലിംഗനങ്ങളിലുമൊക്കെ നമ്മളറിയാതെ തേടുന്നത് എന്നാണ് നരവംശശാസ്ത്രജ്ഞനായ ഡെസ്മണ്ട് മോറിസിന്‍റെ അനുമാനം.
പ്രണയം വേവാന്‍ മൂന്ന്‍ അടുപ്പുകല്ലുകള്‍
“പ്രണയത്തിന് അവസരം കിട്ടാതെ പോകുന്നവര്‍ക്കു നല്‍കപ്പെടുന്ന സമാശ്വാസ സമ്മാനമാണ് ലൈംഗികസുഖം.” - ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍ക്വേസ്
{xtypo_quote_right}ഐകമത്യം, കാമം, പ്രതിജ്ഞാബദ്ധത എന്നിങ്ങനെ മൂന്ന്‍ അടിസ്ഥാനഘടകങ്ങളാണ് പ്രണയത്തിനുള്ളത്.{/xtypo_quote_right}പ്രണയത്തിന്‍റെ ചേരുവകള്‍ എന്തൊക്കെ എന്നതിനെക്കുറിച്ച് പല വീക്ഷണങ്ങള്‍ നിലവിലുണ്ട്. ഇതില്‍ ഏറ്റവും സ്വീകാര്യത ലഭിച്ചിട്ടുള്ളത് റോബര്‍ട്ട് സ്റ്റേണ്‍ബര്‍ഗ് എന്ന മനശാസ്ത്രജ്ഞന്‍ അവതരിപ്പിച്ച സിദ്ധാന്തത്തിനാണ്. അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടില്‍ ഐകമത്യം, കാമം, പ്രതിജ്ഞാബദ്ധത എന്നിങ്ങനെ മൂന്ന്‍ അടിസ്ഥാനഘടകങ്ങളാണ് പ്രണയത്തിനുള്ളത്. ‘ഐകമത്യം’ ബന്ധത്തിന്‍റെ തീക്ഷ്ണത, മനസ്സുകള്‍ തമ്മിലുള്ള ഇഴയടുപ്പം തുടങ്ങിയ വൈകാരികഘടകങ്ങളെയും, ‘കാമം’ ശാരീരികസാമീപ്യത്തിനും ലൈംഗികസംസര്‍ഗത്തിനുമുള്ള ചോദനകളെയും, ‘പ്രതിജ്ഞാബദ്ധത’ താന്‍ ഇന്നയാളെ പ്രണയിക്കുന്നുണ്ട്, ഈ ബന്ധം നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്നുണ്ട് എന്നൊക്കെയുള്ള മനസ്സറിഞ്ഞുള്ള തീരുമാനങ്ങളെയുമാണ് ദ്യോതിപ്പിക്കുന്നത്.
ഇതില്‍ ഏതൊക്കെ ഘടകങ്ങളാണ് ഒരു ബന്ധത്തില്‍ സന്നിഹിതമായിട്ടുള്ളത് എന്നു പരിശോധിച്ച് നമുക്ക് ആ ബന്ധത്തിന്‍റെ സ്വഭാവം തിരിച്ചറിയാം. ചില ബന്ധങ്ങളില്‍ ഇവയില്‍ ഏതെങ്കിലും ഒരു ഘടകം മാത്രമാവാം സന്നിവേശിക്കപ്പെട്ടിട്ടുള്ളത്. മിക്ക സൗഹൃദങ്ങളും ഐകമത്യം മാത്രം ഉള്‍ക്കൊള്ളുന്നവയാണ്. ‘ആദ്യദര്‍ശനത്തിലെ പ്രണയ’ങ്ങള്‍ പലതും കാമം മാത്രം പേറുന്നവയുമാണ്. അറേഞ്ച്ഡ് വിവാഹങ്ങളുടെ ആദ്യനാളുകളില്‍ നവദമ്പതികളുടെ അടുത്തിടപെടലുകള്‍ പലപ്പോഴും പ്രതിജ്ഞാബദ്ധതയില്‍ മാത്രം അധിഷ്ഠിതമാവാം. വര്‍ഷങ്ങളായി ഒന്നിച്ചുകഴിയുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലും ചിലപ്പോള്‍ കാമവും മറ്റു വികാരങ്ങളുമൊക്കെ എരിഞ്ഞുതീര്‍ന്ന് പല കാരണങ്ങളാല്‍ തൂത്തെറിയാനാവാതെ കിടക്കുന്ന പ്രതിജ്ഞാബദ്ധത മാത്രമാവാം ബാക്കിനില്‍ക്കുന്നത്.
ഇനിയും ചില ബന്ധങ്ങളില്‍ ഏതെങ്കിലും രണ്ടു ഘടകങ്ങളുടെ സാന്നിദ്ധ്യമുണ്ടാവാം. ഐകമത്യവും കാമവും മാത്രമുള്ള അടുപ്പങ്ങളെ വൈകാരികപ്രണയങ്ങള്‍ എന്നു വിളിക്കാം. പ്രതിജ്ഞാബദ്ധത തൊട്ടുതീണ്ടിയിട്ടില്ലാത്ത നമ്മുടെ പല കാമ്പസ്പ്രേമങ്ങളെയും ഈ ഗണത്തില്‍പ്പെടുത്താം. കാമവും പ്രതിജ്ഞാബദ്ധതയും മാത്രമുള്ള സംബന്ധങ്ങള്‍ മൂഢപ്രണയങ്ങള്‍ എന്നു വിളിക്കപ്പെടുന്നു. മാനസികൈക്യം പരിഗണിക്കാതെ കേവലം ലൈംഗികാഭിനിവേഷം മാത്രം കണക്കിലെടുത്ത് ഒന്നിച്ചുകഴിയാന്‍ തീരുമാനിക്കുന്നവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഇത്തരം ബന്ധങ്ങള്‍ ഏറെനാള്‍ നിലനില്‍ക്കാനുള്ള സാദ്ധ്യത തുച്ഛമാണ്. ലൈംഗികാകര്‍ഷണം തേഞ്ഞുമാഞ്ഞുപോയ ദീര്‍ഘകാലദാമ്പത്യങ്ങള്‍ ഐകമത്യവും പ്രതിജ്ഞാബദ്ധതയും മാത്രമുള്ള ബന്ധങ്ങളുടെ ഉദാഹരണങ്ങളാണ്.
മൂന്നു ഘടകങ്ങളും ഒരുപോലെ ഒത്തിണങ്ങുമ്പോള്‍ മാത്രമാണ് മിക്കവരും ഒരുപാടു മോഹിക്കുന്ന സമ്പൂര്‍ണപ്രണയം സംജാതമാകുന്നത്. മുകളില്‍ പറഞ്ഞ നാനാതരം ബന്ധങ്ങളില്‍ ഏതിനേക്കാളും തീവ്രതയും ഈടുറപ്പും സമ്പൂര്‍ണപ്രണയങ്ങള്‍ക്ക് കൈവശമുണ്ടായിരിക്കും. എന്നാല്‍ ഇത്തരം പ്രണയങ്ങള്‍ നേടിയെടുക്കുന്നതും നിലനിര്‍ത്തിക്കൊണ്ടു പോവുന്നതും ക്ലേശകരമാണെന്നും അതുകൊണ്ടുതന്നെ അവ അപൂര്‍വമാണെന്നും സ്റ്റേണ്‍ബര്‍ഗ് അഭിപ്രായപ്പെടുന്നുണ്ട്.
ഓരോ ഹൃദയത്തിലും ഓരോ പ്രണയകഥകള്‍
“വസന്തം ചെറിമരങ്ങളോടു ചെയ്യുന്നത് എനിക്ക് നിന്നോടു ചെയ്യണം.” - പാബ്ലോ നെരൂദ
കുട്ടിക്കാലം തൊട്ടുള്ള നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ നമ്മുടെയൊക്കെ ഉള്‍ച്ചുമരുകളില്‍ പ്രണയത്തിന്‍റെ രൂപഭാവങ്ങളെക്കുറിച്ച് പല ധാരണകളും കോറിയിടുന്നുണ്ട്. പുസ്തകങ്ങളും ദൃശ്യമാധ്യമങ്ങളും തൊട്ട് അയല്‍പക്കങ്ങളിലെ രഹസ്യബാന്ധവങ്ങളും കുളിക്കടവുകളിലെ ചര്‍ച്ചകളും വരെ എന്താണു പ്രണയമെന്നതിനെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നമുക്ക് പകര്‍ന്നു തരുന്നുണ്ടായിരുന്നു. ഈയനുഭവങ്ങളൊക്കെ നമ്മുടെയുള്ളില്‍ പ്രണയത്തെക്കുറിച്ചുള്ള ചില കഥകള്‍ രൂപപ്പെടുത്തുന്നുണ്ട് എന്നും, അവിടുന്നങ്ങോട്ട് ആ കഥകള്‍ക്കനുസൃതമായ പ്രണയമാണ് നമ്മുടെ ജീവിതങ്ങളിലും നാം തേടുന്നത് എന്നും സ്റ്റേണ്‍ബര്‍ഗിന്‍റെ തന്നെ ഒരു ഉപസിദ്ധാന്തം പറയുന്നു.
ചില പ്രമേയങ്ങള്‍ പലരുടെയും കഥകളില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്നു എന്ന്‍ പഠനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. “പ്രണയം രഹസ്യാത്മകമായിരിക്കണം; തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരിക്കലും മുഴുവനായി വെളിപ്പെടുത്തിപ്പോവരുത്.”, “ഞങ്ങള്‍ക്കിടയില്‍ എന്തൊക്കെ സംഭവിക്കുന്നുവെന്നത് മനസ്സിലോ മറ്റെവിടെയെങ്കിലുമോ കുറിച്ചുവെക്കേണ്ടത് അത്യാവശ്യമാണ്.”, “കാര്യങ്ങള്‍ അതിന്റേതായ ചില ചിട്ടവട്ടങ്ങളോടെ ചെയ്‌താല്‍ മാത്രമേ ഒരു ബന്ധം വിജയിക്കുകയുള്ളൂ. ചെറിയ പിഴവുകള്‍ പോലും പ്രേമത്തെ തകര്‍ത്തു കളഞ്ഞേക്കാം.” തുടങ്ങിയവ ഉദാഹരണങ്ങളാണ്.
ചില പ്രമേയങ്ങള്‍ ബന്ധങ്ങളെ സുദൃഢമാക്കുമ്പോള്‍ വേറെ ചിലവ അസ്വാരസ്യങ്ങള്‍ക്കുള്ള ഉല്‍പ്രേരകങ്ങളായി വര്‍ത്തിച്ചേക്കാം. രണ്ടുപേരുടെയും ഉള്‍ക്കഥകള്‍ തമ്മില്‍ നല്ല ചേര്‍ച്ചയുണ്ടാവുന്നത് ബന്ധത്തിന്‍റെ വിജയത്തെ സഹായിക്കും. “എന്‍റെ കഥയനുശാസിക്കുന്ന പ്രണയമാണ് ഉല്‍കൃഷ്ടം” എന്ന മുന്‍വിധി പങ്കാളിക്കോ നമുക്കു തന്നെയോ പ്രസ്തുതസങ്കല്‍പങ്ങള്‍ക്ക് അനുസൃതമായി വര്‍ത്തിക്കാനാവാതെ പോയാല്‍ അത് വല്ലാത്ത ന്യൂനതയാണെന്ന അനുമാനത്തിനു വഴിവെച്ചേക്കാം. നമ്മുടെ മനസ്സില്‍ ഇങ്ങനെച്ചില കഥകള്‍ കുടികൊള്ളുന്ന വിവരം നാം പോലും അറിയാതെ പോവുകയും ചെയ്യാം.
പ്രണയാഗ്നിയുടെ അവസ്ഥാന്തരങ്ങള്‍
“നിമിഷങ്ങള്‍ എത്രയെണ്ണമുണ്ടോ, അത്രതന്നെ തരം പ്രണയങ്ങളുമുണ്ട്.” - ജെയ്ന്‍ ഓസ്റ്റന്‍
{xtypo_quote_left}വികാരതീവ്രം, സാനുകമ്പം എന്നിങ്ങനെ രണ്ടുതരം പ്രണയബന്ധങ്ങളുണ്ട്.{/xtypo_quote_left}എലൈന്‍ ഹാറ്റ്ഫീല്‍ഡ് എന്ന മനശാസ്ത്രജ്ഞയുടെ വീക്ഷണത്തില്‍ വികാരതീവ്രം, സാനുകമ്പം എന്നിങ്ങനെ രണ്ടുതരം പ്രണയബന്ധങ്ങളുണ്ട്. ഭാവതീക്ഷ്ണത, ലൈംഗികാകര്‍ഷണം, പങ്കാളിയുടെ സാമീപ്യം സൃഷ്ടിക്കുന്ന ശാരീരിക ഉണര്‍വ്, ബന്ധത്തെക്കുറിച്ചുള്ള അനിതരമായ ഉത്ക്കണ്ഠ തുടങ്ങിയവയാണ് വികാരതീവ്രബന്ധങ്ങളുടെ മുഖമുദ്രകള്‍. ഈ വികാരതീവ്രത ക്ഷണഭംഗുരമായിരിക്കുമെന്നും ഏകദേശം ഒരാറുമാസം തൊട്ട് പരാമാവധി അഞ്ചു വര്‍ഷം വരെയൊക്കെയേ നിലനില്‍ക്കൂ എന്നും തന്‍റെ ഗവേഷണങ്ങളുടെ വെളിച്ചത്തില്‍ ഹാറ്റ്ഫീല്‍ഡ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. വികാരതീവ്രപ്രണയം വളരെയേറെ സമയവും ഊര്‍ജവും ആവശ്യപ്പെടുന്നുണ്ടെന്നതും അത് ഏറെനാള്‍ നിലനില്‍ക്കുന്നത് പങ്കാളികളുടെ മനസ്വൈര്യത്തിനും കുട്ടികളെ ശ്രദ്ധിക്കുന്നതടക്കമുള്ള മറ്റുത്തരവാദിത്തങ്ങളുടെ ശരിയായ നിര്‍വഹണത്തിനും ഹാനികരമായേക്കാമെന്നതും കൊണ്ടാവാം പ്രകൃതി അതിനെ പതിയെപ്പതിയെ കെടുത്തിക്കളയുന്നത്.
കാര്യങ്ങള്‍ നേരേചൊവ്വേ നീങ്ങുകയാണെങ്കില്‍ കാലക്രമത്തില്‍ വികാരതീവ്രപ്രണയം കൂടുതല്‍ ചിരസ്ഥായിയായ സാനുകമ്പപ്രണയത്തിനു വഴിമാറുകയാണ് ചെയ്യുക. പരസ്പരബഹുമാനം, നല്ല മാനസികൈക്യം, പങ്കാളിയിലുള്ള അതിരറ്റ വിശ്വാസം, തക്കയളവിലുള്ള പരസ്പരാശ്രിതത്വം തുടങ്ങിയവയാണ് സാനുകമ്പപ്രണയങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുക.
വികാരതീവ്രതയുടെ ഗാംഭീര്യത്തോടൊപ്പം സാനുകമ്പബന്ധങ്ങളുടെ ദൃഢതയും സുരക്ഷിതത്വവും കൂടി എക്കാലവും ഒരുമിച്ചനുഭവിച്ചു കൊണ്ടിരിക്കാന്‍ പലരും വ്യാമോഹിച്ചേക്കാമെങ്കിലും അത് അപൂര്‍വമായേ സാദ്ധ്യമാവാറുള്ളൂ.
ആരോടാണു നമുക്ക് ഇഷ്ടം തോന്നിപ്പോവുന്നത്?
“കമിതാക്കള്‍ ഒരു നാള്‍ പരസ്പരം കണ്ടുമുട്ടുകയല്ല ചെയ്യുന്നത്. അവരിരുവരും എക്കാലവും മറ്റേയാളെ ഉള്ളില്‍പ്പേറുന്നുണ്ടായിരുന്നു.” - ജലാലുദ്ദീന്‍ റൂമി
എങ്ങനെയുള്ളവരോടാണ് നാം വശംവദരായിപ്പോവുന്നത് എന്നന്വേഷിച്ച ഗവേഷകര്‍ പരിണാമസിദ്ധാന്തവുമായി പൊരുത്തപ്പെടുന്ന ചില വിശദീകരണങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. രൂപഭംഗി, മുഖത്തിന്‍റെ ഇടതും വലതും ഭാഗങ്ങള്‍ തമ്മിലുള്ള അനുപാതപ്പൊരുത്തം എന്നീ പൊതുവെ വിലമതിക്കപ്പെടുന്ന ഗുണങ്ങള്‍ രണ്ടും നല്ല ജീനുകളുടെ ബഹിര്‍സ്ഫുരണങ്ങളാണെന്നും ഈ വിശേഷതകളുള്ളവരെ തിരഞ്ഞെടുക്കുക വഴി ഭാവിതലമുറകള്‍ക്ക് നല്ല ജനിതകഘടന ഉറപ്പുവരുത്തുകയാണ് നാം ചെയ്യുന്നത് എന്നുമാണ് വിദഗ്ദ്ധമതം. സ്ത്രീസൌന്ദര്യത്തിന്‍റെ ലക്ഷണങ്ങളായി വാഴ്ത്തപ്പെടാറുള്ള മൃദുവായ ചര്‍മം, തിളക്കമാര്‍ന്ന നീണ്ട മുടി, ഒതുങ്ങിയ അരക്കെട്ട്, നിറഞ്ഞ മാറിടം തുടങ്ങിയവ നല്ല ആരോഗ്യത്തിന്‍റെയും പ്രത്യുല്‍പാദനക്ഷമതയുടെയും വ്യംഗ്യസൂചനകള്‍ കൂടിയാണ്.
ആകാരത്തിലും വ്യക്തിത്വത്തിലും പെരുമാറ്റരീതികളിലും നമ്മോടോ മാതാപിതാക്കളോടോ സദൃശരായവരോട് നമുക്ക് കൂടുതല്‍ ആകര്‍ഷണം തോന്നാം. ബുദ്ധിശക്തി, ഉയരം, സംഭാഷണപാടവം തുടങ്ങിയവയില്‍ നമ്മോടടുത്തു നില്‍ക്കുന്നവര്‍ക്കും നാം മുന്‍ഗണന കൊടുത്തേക്കാം. ഇങ്ങിനെയുള്ളവരെ വരിക്കുക വഴി പങ്കാളിയുമായുള്ള ജനിതകസാദൃശ്യം വര്‍ദ്ധിപ്പിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. ഇത് ഗര്‍ഭങ്ങള്‍ അലസിത്തീരാനുള്ള സാദ്ധ്യത കുറയാനും ആരോഗ്യപൂര്‍ണരായ സന്തതികളുടെ ജനനത്തിനും വഴിയൊരുക്കുന്നുണ്ട്.
നിരന്തരം കണ്ടുമുട്ടുന്നവരോടും ഇടക്കിടെ ഇടപഴകുന്നവരോടും തൊട്ടടുത്ത് താമസിക്കുകയോ ജോലിക്കിരിക്കുകയോ മറ്റോ ചെയ്യുന്നവരോടും നമുക്ക് താല്‍പര്യം ജനിക്കാനും നമ്മെ ഇഷ്ടപ്പെടുന്നു എന്ന ഒറ്റക്കാരണം കൊണ്ട് നമുക്കൊരാളോട് മനച്ചായ്^വു തോന്നാനും സാദ്ധ്യത കൂടുതലാണെന്ന് പല പഠനങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
നാം കൊതിക്കുന്ന, എന്നാല്‍ നമുക്ക് കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ചില ഗുണങ്ങള്‍ കൈവശമുള്ളവരോടും നമുക്ക് പ്രതിപത്തി തോന്നാം. എന്നാല്‍ ഈ രീതിയില്‍ പരസ്പരപൂരകങ്ങളായി വര്‍ത്തിക്കുന്ന ദമ്പതികള്‍ കൂടുതല്‍ സംതൃപ്തരാണ് എന്ന്‍ ചില പഠനങ്ങള്‍ സൂചിപ്പിക്കുമ്പോള്‍ ഇത്തരം ബന്ധങ്ങള്‍ക്ക് സമാനതയിലധിഷ്ഠിതമായ ദാമ്പത്യങ്ങളെക്കാള്‍ ആയുസ്സ് കുറവാണ് എന്നൊരു മറുവാദവും നിലവിലുണ്ട്.
ആണ്‍പ്രണയങ്ങളും പെണ്‍പ്രണയങ്ങളും
“ഓരോ ആണും തന്‍റെ പെണ്ണിന്‍റെ ആദ്യകാമുകനായിരിക്കാന്‍ ആശിക്കുന്നു. സ്ത്രീകള്‍ മോഹിക്കുന്നതോ, തന്‍റെയാളുടെ അവസാനകാമുകിയാവാനും.” - ജെന്നിഫര്‍ വില്‍കിന്‍സണ്‍
{xtypo_quote_right}പുരുഷന്മാര്‍ കാമപൂര്‍ത്തിക്കായി പ്രേമം നടിക്കാനുള്ള സാദ്ധ്യത കൂടുതലുള്ളപ്പോള്‍ സ്ത്രീകള്‍ പ്രണയപ്രാപ്തിക്കു വേണ്ടി ലൈംഗികതയെ ഉപയോഗിക്കാനുള്ള സാദ്ധ്യതയാണു കൂടുതല്‍.{/xtypo_quote_right}പങ്കാളികള്‍ക്കു നിശ്ചയിച്ചിട്ടുള്ള യോഗ്യതാമാനദണ്ഡങ്ങളിലും പ്രണയത്തോടുള്ള മറ്റു സമീപനങ്ങളിലും സ്ത്രീപുരുഷന്മാര്‍ തമ്മില്‍ വലിയ അന്തരങ്ങളുണ്ട്. ഗര്‍ഭത്തിന്‍റെയും പ്രസവത്തിന്‍റെയും പീഢകള്‍ സഹിക്കേണ്ടതും കുട്ടികളുടെ സംരക്ഷണത്തിന്‍റെ മുഖ്യഉത്തരവാദിത്തം ശിരസാവഹിക്കേണ്ടതും സ്ത്രീകളാണ് എന്ന വസ്തുതയാണ് ഈ വ്യതിരിക്തതകള്‍ക്കു മൂലകാരണമായത്.
ഇണയെ തെരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തുന്നത് പൊതുവെ സ്ത്രീകളാണ്. യാഥാര്‍ത്ഥ്യബോധത്തിലൂന്നിയും പ്രായോഗികവശങ്ങള്‍ കണക്കിലെടുത്തും പ്രേമപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതും സാമൂഹ്യനിലവാരത്തിനും സാമ്പത്തികസ്ഥിതിക്കുമൊക്കെ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതും അവരാണ്. പങ്കാളി എത്രത്തോളം പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കുന്നുണ്ട് എന്നതിന് കൂടുതല്‍ പരിഗണന കൊടുക്കുന്നതും സ്ത്രീകളാണ്. മറ്റൊരാളുടെ ശരീരഭാഷയെ വ്യാഖ്യാനിച്ചെടുക്കാനുള്ള ജന്മസിദ്ധമായ കഴിവ് അധികമായുള്ളതും അവര്‍ക്കു തന്നെയാണ്. മറിച്ച് ബാഹ്യരൂപത്തിന് കൂടുതല്‍ പ്രാമുഖ്യം കല്‍പിക്കുന്നതും ആദ്യദര്‍ശനത്തിലെ അനുരാഗത്തിന് എളുപ്പത്തില്‍ വശംവദരായിപ്പോകുന്നതും ആദര്‍ശനിഷ്ഠയുടെയോ പരക്ഷേമകാംക്ഷയുടെയോ പുറത്ത് ബന്ധങ്ങളിലേക്ക് എടുത്തുചാടുന്നതും ഏറെയും പുരുഷന്മാരാണ്.
അടുത്തു പരിചയമുള്ള രണ്ടുപേര്‍ക്കിടയില്‍ പ്രണയം എന്ന വികാരം ആദ്യം നാന്ദികുറിക്കുന്നത് മിക്കവാറും പുരുഷന്‍റെ ഹൃദയത്തിലായിരിക്കും. എന്നാല്‍ “ഈ ബന്ധം ഇനിയും തുടരുന്നതില്‍ അര്‍ത്ഥമില്ല” എന്ന് ആദ്യം നിശ്ചയിക്കുന്നത് മിക്കപ്പോഴും സ്ത്രീകളാണ്. ഉള്ളിലെയിഷ്ടം തുറന്നുകാണിക്കാന്‍ പുരുഷന്മാര്‍ സമ്മാനങ്ങള്‍, ശാരീരികമായ സഹായങ്ങള്‍ തുടങ്ങിയ ചെയ്തികള്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രണയത്തിന്‍റെ ക്രയവിക്രയങ്ങള്‍ വാക്കുകളിലൂടെയാവാനാണു സ്ത്രീകളുടെ താല്പര്യം.
തങ്ങള്‍ പ്രണയത്തിലല്ലാത്തവരുമായി കിടക്ക പങ്കിടാന്‍ വൈമനസ്യം കുറവുള്ളത് പുരുഷന്മാര്‍ക്കാണ്. മിക്ക സ്ത്രീകളും പ്രണയത്തെയും ലൈംഗികതയെയും ഒന്നിച്ചു കൂട്ടിക്കലര്‍ത്തി മാത്രം സമീപിക്കുമ്പോള്‍ പുരുഷന്മാര്‍ക്ക് രണ്ടിനെയും രണ്ടായിട്ടു തന്നെ കാണാന്‍ അത്ര വൈഷമ്യമില്ല എന്നര്‍ത്ഥം. സ്ത്രീകള്‍ പ്രണയത്തെ വീക്ഷിക്കുന്നത് വൈകാരികപ്രതിബദ്ധതയുടെയും സുരക്ഷിതത്വത്തിന്‍റെയും മാനങ്ങളിലൂടെയാണെങ്കില്‍ പുരുഷന്മാര്‍ ചാരിത്ര്യം, ലൈംഗികസുഖം തുടങ്ങിയ വശങ്ങള്‍ക്കാണ് പ്രാഥമ്യം കല്‍പിക്കുന്നത്. പുരുഷന്മാര്‍ കാമപൂര്‍ത്തിക്കായി പ്രേമം നടിക്കാനുള്ള സാദ്ധ്യത കൂടുതലുള്ളപ്പോള്‍ സ്ത്രീകള്‍ പ്രണയപ്രാപ്തിക്കു വേണ്ടി ലൈംഗികതയെ ഉപയോഗിക്കാനുള്ള സാദ്ധ്യതയാണു കൂടുതല്‍.
വംശവര്‍ദ്ധനവില്‍ പുരുഷന്‍റെ പങ്കാളിത്തം മുഖ്യമായും ശാരീരികവും സാമ്പത്തികവുമായ പിന്തുണകളിലൂടെയാണ്. ഇവക്ക് ലൈംഗികതയുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. എന്നാല്‍ സന്താനോല്‍പാദനത്തിനുള്ള സ്ത്രീകളുടെ പ്രധാന മൂലധനങ്ങളായ ഗര്‍ഭപാത്രവും സ്തനങ്ങളും ലൈംഗികതയുമായി കൂടിപ്പിണഞ്ഞാണു കിടക്കുന്നത്. ആണ്‍മനസ്സുകളില്‍ ലൈംഗികതയോട് താരതമ്യേന കൂടുതല്‍ പ്രതിപത്തി ഉടലെടുത്തത് ഇക്കാരണത്താലാവാം.
ചൊട്ടയിലെ അനുഭവങ്ങള്‍ ബന്ധങ്ങള്‍ക്കു ചുടലയൊരുക്കുമ്പോള്‍
“ഒരാണ്‍കുട്ടിയുടെ ഏറ്റവുമടുത്ത സുഹൃത്ത് അവന്‍റെ അമ്മയായിരിക്കും.” - ഹിച്ച്കോക്കിന്‍റെ സൈക്കോ എന്ന സിനിമയിലെ മനോവൈകല്യമുള്ള, കൊലപാതകിയായ നായകകഥാപാത്രം
പങ്കാളി തന്നെ സ്നേഹിക്കാതാവുമോ, ഉപേക്ഷിച്ചു പോയേക്കുമോ എന്നൊക്കെയുള്ള നിരന്തരസന്ദേഹങ്ങളെ ‘ആകുലത’ എന്നും ആരെങ്കിലും തന്നോടടുക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ അസ്വസ്ഥത അനുഭവപ്പെടുന്നതിനെ ‘വിമുഖത’ എന്നും വിളിക്കാറുണ്ട്. ആകുലതയോ വിമുഖതയോ സന്നിഹിതമാണോ അല്ലയോ എന്നതിന്‍റെ അടിസ്ഥാനത്തില്‍ വ്യക്തിബന്ധങ്ങളോടുള്ള ഓരോരുത്തരുടെയും സമീപനങ്ങളെ താഴെ വിശദീകരിച്ചിട്ടുള്ള രീതിയില്‍ നാലായി തരംതിരിക്കാം. ഇതില്‍ ഏതു ശൈലിയാണ് ഒരാളില്‍ രൂപപ്പെടുക എന്നു നിര്‍ണയിക്കുന്നത് കുട്ടിക്കാലത്ത് ആ വ്യക്തിക്ക് തന്‍റെ രക്ഷകര്‍ത്താക്കളുമായുണ്ടായിരുന്ന ബന്ധത്തിന്‍റെ രീതിവിശേഷങ്ങളാണ് എന്ന് ജോണ്‍ ബൌള്‍ബി എന്ന മനോരോഗവിദഗ്ദ്ധന്‍ മുന്നോട്ടുവെച്ച സിദ്ധാന്തം പറയുന്നു.
ലവലേശം ആകുലതയോ വിമുഖതയോ കൂടാതെ മറ്റുള്ളവരുമായി അടുക്കുന്ന ശീലമുള്ളവര്‍ക്കു മാത്രമാണ് ആരോഗ്യകരമായ ദീര്‍ഘകാലബന്ധങ്ങള്‍ കൈവരിക്കാനാവുക. കുട്ടികളുടെ ആവശ്യങ്ങളോട് തക്കസമയത്ത് അനുയോജ്യമായ രീതിയില്‍ പ്രതികരിക്കുക പതിവാക്കിയവരുടെ മക്കളിലാണ് ഈ ശീലം രൂപപ്പെടാറുള്ളത്.
ചില നേരങ്ങളില്‍ മക്കളെ ഉചിതമായ രീതിയില്‍ സ്നേഹിക്കുകയും എന്നാല്‍ മറ്റു ചില വേളകളില്‍ അവരെ അകാരണമായ നിര്‍വികാരതയോടെ അവഗണിക്കുകയും ചെയ്യുക എന്ന സ്ഥിരതയില്ലാത്ത പെരുമാറ്റം പ്രകടിപ്പിക്കുന്നവരുടെ മക്കളില്‍ ആകുലത കൂടുതലായി കണ്ടുവരാറുണ്ട്. ഇക്കൂട്ടര്‍ അരക്ഷിതത്വബോധം, കടുത്ത സ്വയംവിമര്‍ശനം, പങ്കാളിയാല്‍ തിരസ്കരിക്കപ്പെടുമോയെന്ന നിരന്തരമായ ഉത്ക്കണ്ഠ തുടങ്ങിയവയില്‍ ഉഴറുന്നവരായി വളര്‍ന്നുവരാം.
കുട്ടികളെ ആപത്തുവേളകളില്‍ പോലും ഗൌനിക്കാതിരിക്കുകയും ചെറുപ്രായത്തിലേ സ്വയംപര്യാപ്തരാവാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നവരുടെ മക്കള്‍ വളര്‍ന്നു വരുന്നത് ഒരുപാട് വിമുഖതയുമായാവാം. ഇങ്ങിനെയുള്ളവര്‍ ഭാവിയില്‍ മറ്റുള്ളവരുടെ വികാരവായ്പുകള്‍ക്കു മുന്നില്‍ മനസ്സിളകാത്തവരും ബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യമൊന്നും കൊടുക്കാത്തവരും ആയിമാറാം.
രക്ഷകര്‍ത്താക്കളുടെ ക്രൂരപീഢനങ്ങള്‍ക്കു വിധേയരാവുന്ന കുട്ടികളെ മുതിര്‍ന്നു കഴിയുമ്പോള്‍ ആകുലതയും വിമുഖതയും ഒരുപോലെ പിടികൂടാം. ഇവര്‍ വൈകാരികമായ അടുപ്പങ്ങളെ ഒരേസമയം തന്നെ ആഗ്രഹിക്കുകയും ഭയക്കുകയും ചെയ്യുന്നവരായിത്തീരാം. ഇത്തരക്കാര്‍ അകപ്പെടുന്ന ബന്ധങ്ങള്‍ നാടകീയതയും വികാരവിക്ഷുബ്ധതകളും പ്രവചനാതീതമല്ലാത്ത പെരുമാറ്റങ്ങളുമൊക്കെ നിറഞ്ഞാടുന്നവയായിരിക്കും.
ഇപ്പറഞ്ഞതില്‍ ഏതു ശൈലിയാണ് താന്‍ സ്വാംശീകരിച്ചിട്ടുള്ളത് എന്നു തിരിച്ചറിയുന്നത് ബന്ധങ്ങളിലേര്‍പ്പെടുമ്പോള്‍ തക്കതായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നമ്മെ പ്രാപ്തരാക്കും. മുതിര്‍ന്നു കഴിഞ്ഞുണ്ടാകുന്ന അനുഭവങ്ങള്‍ക്കും ഒരാളുടെ വ്യക്തിബന്ധശൈലിയെ സ്വാധീനിക്കാനാവുമെന്നും തക്കതായ മനശാസ്ത്രചികിത്സകള്‍ വഴി ചെറുപ്പത്തില്‍ രൂപപ്പെട്ട മോശം ശൈലികളെ പൊളിച്ചുപണിയാന്‍ സാധിക്കുമെന്നും സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.
പ്രണയം ശാശ്വതമാവാന്‍ ചില ഒറ്റമൂലികള്‍
“ബാധിതരാരും വിടുതിയാഗ്രഹിക്കാത്ത ഒരു രോഗമാണ് പ്രണയം.” - പൌലോ കൊയ്‌ലോ
അടുപ്പത്തിന്‍റെ തുടക്കകാലങ്ങളില്‍ത്തന്നെ പരസ്പരസംവേദനത്തിലുള്ള ചെറിയ പോരായ്മകള്‍ പോലും തിരിച്ചറിയുകയും, അവയെ ക്രിയാത്മകമായി പരിഹരിക്കുകയും, ഫലപ്രദമായ ആശയവിനിമയരീതികള്‍ വളര്‍ത്തിയെടുക്കുകയും, ഇതൊക്കെ വഴി തങ്ങള്‍ നല്ല മനപ്പൊരുത്തമുള്ളവരാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നത് ബന്ധത്തിന്‍റെ ആത്യന്തികവിജയത്തെ സഹായിക്കും. ഇതിനൊന്നും മിനക്കെടാതെ നേരെ ലൈംഗികബന്ധത്തിലേക്കു നീങ്ങുന്ന കാമുകീകാമുകന്മാര്‍ക്ക് ഭാവിയില്‍ തലപൊക്കുന്ന പ്രശ്നങ്ങളെ ഒന്നിച്ചു തരണം ചെയ്യാനുള്ള കഴിവ് ദുര്‍ബലമായിരിക്കും.
അനശ്വരപ്രണയം കൈവരിക്കാന്‍ കൊതിക്കുന്നവര്‍ ബന്ധം പുരോഗമിച്ചു കഴിഞ്ഞാലും പരസ്പരം മനസ്സുകള്‍ തുറന്നു കൊണ്ടേയിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കേവലം വാര്‍ത്തകളും വസ്തുതകളും മാത്രം ചര്‍ച്ചക്കെടുക്കാതെ തന്‍റെ ആഗ്രഹങ്ങളും ആവശ്യങ്ങളും വികാരങ്ങളുമൊക്കെക്കൂടി പ്രേമഭാജനത്തോട് പങ്കുവെച്ചുകൊണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്. ഇരുവര്‍ക്കും ഒരുപോലെ താല്‍പര്യമുള്ള വിഷയങ്ങള്‍ തിരിച്ചറിയുന്നതും ഒരുമിച്ചു സമയം ചെലവഴിക്കാന്‍ അവസരങ്ങള്‍ തരുന്ന പുതിയ പുതിയ വിനോദങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നതും എക്കാലവും അന്യോന്യം പറഞ്ഞുകൊണ്ടിരിക്കാനുള്ള പുതുപുത്തന്‍വിശേഷങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കാന്‍ സഹായിക്കും.
ദൈനംദിനവ്യവഹാരങ്ങളില്‍ ഇരുവര്‍ക്കും ഒരേ പ്രാധാന്യം ലഭിക്കേണ്ടതും അത്യാവശ്യമാണ്. ഓരോരോ കാര്യത്തിലും രണ്ടുപേരുടെയും അഭിപ്രായങ്ങള്‍ക്ക് തുല്യപരിഗണന കൊടുത്തുകൊണ്ടിരിക്കണം എന്നല്ല ഇതിനര്‍ത്ഥം. മറിച്ച് ദീര്‍ഘകാലാനുഭവങ്ങളെ കണക്കിലെടുക്കുമ്പോള്‍ രണ്ടിലൊരാള്‍ക്ക് താന്‍ തീരെ പരിഗണിക്കപ്പെടുന്നില്ല എന്ന തോന്നലുളവാകുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ട് എന്നാണ്.
അനുരാഗത്തിന്‍റെ ആദ്യനാളുകളില്‍ സാമ്പത്തികവും മറ്റുമായ ചെലവുകള്‍ തത്തുല്യമായി വഹിച്ച് താന്‍ പങ്കാളിയുടെ ഔദാര്യത്തില്‍ ജീവിച്ചു പോവാനാഗ്രഹിക്കുന്ന വ്യക്തിയല്ല എന്ന് അന്യോന്യം ബോദ്ധ്യപ്പെടുത്താന്‍ ഇരുവരും ശ്രദ്ധിക്കുന്നത് സ്വാഭാവികമാണ്. അടുപ്പം ഗഹനമാകുന്നതിനനുസരിച്ച് പക്ഷേ ഇങ്ങിനെ ഓരോ കാര്യത്തിലും തുല്യത നോക്കുന്നത് നിര്‍ത്തലാക്കുകയും, പകരം ബന്ധത്തിലേക്കുള്ള സംഭാവനകളുടെയും ബന്ധം കൊണ്ടുള്ള ലാഭനഷ്ടങ്ങളുടെയും ആകെത്തുകകള്‍ ഇരുവര്‍ക്കും ഏറെക്കുറെ സമമായിരിക്കുവാന്‍ ശ്രദ്ധിക്കുകയുമാണു വേണ്ടത്. ഉദാഹരണത്തിന് ഒരാള്‍ പണവും മറ്റേയാള്‍ കുറേയേറെ സമയവും ബന്ധത്തിന്‍റെ ആവശ്യകതകള്‍ക്കായി ചെലവഴിക്കുന്ന സാഹചര്യം രണ്ടുപേര്‍ക്കും തൃപ്തികരമാവേണ്ടതാണ്. അടുപ്പം പിന്നെയും തീവ്രമാകുമ്പോള്‍ ചില വിഷയങ്ങളിലെങ്കിലും കണക്കുനോട്ടങ്ങള്‍ക്ക് പൂര്‍ണവിരാമമിടാവുന്നതാണ്. എന്നിരുന്നാലും നിസ്വാര്‍ത്ഥത വിളയാടേണ്ട ഈയൊരു ഘട്ടത്തില്‍ പോലും ഒരാള്‍ത്തന്നെ എല്ലാം ഒരുക്കുകയും മറ്റേയാള്‍ക്ക് തന്‍റേതായ സംഭാവനകളൊന്നും പങ്കുവെക്കാനുള്ള അവസരങ്ങളില്ലാതെ പോവുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണ്.
{xtypo_quote}
FAQs
ആദ്യദര്‍ശനത്തിലെ അനുരാഗം എന്നൊന്ന് ശരിക്കും ഉണ്ടോ?
ഉണ്ട്. ഒരാളുടെ ആകര്‍ഷണീയതയുടെ അളവെടുക്കാന്‍ നമുക്ക് ശരാശരി 0.13 നിമിഷങ്ങള്‍ മതിയെന്നും രണ്ടുപേര്‍ ഒന്നിച്ചു ചെലവിടുന്ന ആദ്യമിനിട്ടുകള്‍ തന്നെ അവരുടെ ബന്ധത്തിന്‍റെ ഭാവിയെ നിര്‍ണയിക്കുന്നുണ്ട് എന്നും ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
എന്നാല്‍ ഒരാളുടെ രൂപഭംഗിയും സൌന്ദര്യമുള്ളവര്‍ സല്‍ഗുണസമ്പന്നരായിരിക്കും എന്ന മുന്‍വിധിയും ആണ് നാം ഒറ്റനോട്ടത്തിലേ ചിലരില്‍ ആകൃഷ്ടരായിപ്പോവാന്‍ നിമിത്തമാകുന്നത് എന്നോര്‍ക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഒന്നാംകാഴ്ചയില്‍ നാം കല്‍പിച്ചുകൊടുത്ത നല്ല ഗുണങ്ങളൊന്നും സത്യത്തില്‍ ആ വ്യക്തിക്ക് ഇല്ല എന്ന് പിന്നീട് തെളിയിക്കപ്പെട്ടാല്‍ ഇത്തരം ബന്ധങ്ങള്‍ താറുമാറായിപ്പോവാനുള്ള സാദ്ധ്യത ഏറെയാണ്.
വിരഹം പ്രണയത്തിന്‍റെ തീവ്രത കൂട്ടുമോ?
അത് ഒരാളുടെ വ്യക്തിത്വത്തെ ആശ്രയിച്ചിരിക്കും. അന്തര്‍മുഖരില്‍ വിരഹം പ്രണയത്തെ ശക്തിപ്പെടുത്തും. എന്നാല്‍ ഏവരോടും അങ്ങോട്ടുകയറി ഇടപെടുന്ന ശീലമുള്ളവരില്‍ വിരഹം വിപരീതഫലമാവാം സൃഷ്ടിക്കുക.
പ്രണയം നമ്മളറിയാതെ സംഭവിച്ചു പോകുന്നതാണോ?
അല്ല. ഐകമത്യം, കാമം, പ്രതിജ്ഞാബദ്ധത എന്നിവയില്‍ കാമം മാത്രമാണ് തീരെ നമ്മുടെ നിയന്ത്രണത്തിലല്ലാതുള്ളത്. ഒരാളോട് പ്രതിജ്ഞാബദ്ധത പുലര്‍ത്താന്‍ നാം നിശ്ചയിക്കുന്നത് പൂര്‍ണമായും സ്വയമറിഞ്ഞു തന്നെയാണ്. ഒരു ബന്ധത്തില്‍ എത്രത്തോളം ഐകമത്യം പ്രകടമാക്കണം എന്നതും ഒരു പരിധി വരെ നമുക്ക് തീരുമാനിക്കാന്‍ കഴിയും.
ഇതേ കാരണത്താല്‍ പ്രതിജ്ഞാബദ്ധത, ഐകമത്യം എന്നിവയില്‍ തക്കതായ ശ്രദ്ധ ചെലുത്തുക വഴി നേടിയെടുത്തു കഴിഞ്ഞ ഒരു പ്രണയം മാഞ്ഞുപോകാതെ സൂക്ഷിക്കാനും നമുക്കു പറ്റും.
ഒരേസമയം ഒന്നിലധികം പേരെ പ്രണയിക്കാനാവുമോ?
ഐകമത്യവും കാമവും പ്രതിജ്ഞാബദ്ധതയും തികഞ്ഞ സമ്പൂര്‍ണപ്രണയത്തിന്‍റെ കാര്യമാണ് ഉദ്ദേശിച്ചതെങ്കില്‍ സാദ്ധ്യമല്ല എന്നാണുത്തരം. അതിനു ശ്രമിക്കുന്നത് കടുത്ത അന്തഃസംഘര്‍ഷങ്ങള്‍ക്കു വഴിവെക്കുകയും ആ ആന്തരികകലഹങ്ങള്‍ ക്രമേണ ബന്ധങ്ങളുടെ വിനാശത്തിന് ഇടയാക്കുകയും ചെയ്യും.
വികാരതീവ്രപ്രണയം, സാനുകമ്പപ്രണയം എന്നിവയില്‍ ഏതെങ്കിലുമൊരെണ്ണം മാത്രമേ തന്‍റെ പങ്കാളിക്കു തരാനാവുന്നുള്ളൂ എന്ന നിഗമനത്തിലെത്തുന്നവര്‍ കിട്ടാതെ പോവുന്നയാ പ്രണയത്തിനു വേണ്ടി മറ്റൊരു പങ്കാളിയെ കണ്ടെത്തിയേക്കാം. പക്ഷേ കാലക്രമത്തില്‍ അതിലൊരാളോടു പുലര്‍ത്തുന്ന വികാരതീവ്രപ്രണയം എരിഞ്ഞടങ്ങി അതും സാനുകമ്പപ്രണയത്തിനു വഴിമാറുമ്പോള്‍ കാര്യങ്ങള്‍ ദുഷ്കരമാകും. രണ്ടു പ്രേമഭാജനങ്ങളോട് മനസ്സറിഞ്ഞിടപഴകാന്‍ അയാള്‍ക്ക് രണ്ട് വ്യത്യസ്തമുഖങ്ങള്‍ കൈക്കൊള്ളേണ്ടതായി വരും. ഇത്തരം ദ്വൈതവ്യക്തിത്വങ്ങള്‍ ഏറെനാള്‍ നിലനിര്‍ത്തിക്കൊണ്ടു പോവുക അതീവക്ലേശകരമായിരിക്കും. ഇതു സൃഷ്ടിക്കുന്ന മനോയാതന രണ്ടിലൊരാളിലേക്ക് ഒതുങ്ങിക്കൂടാന്‍ അയാളെ നിര്‍ബന്ധിതനാക്കുകയും ചെയ്യും.
പ്രണയത്തിനു തീവ്രത കൂടുതലുള്ളത് പ്രേമവിവാഹങ്ങളിലാണോ?
രാജസ്ഥാന്‍ സര്‍വ്വകലാശാലയിലെ ചില ഗവേഷകര്‍ ഈ വിഷയത്തെ പഠനവിധേയമാക്കുകയുണ്ടായി. മധുവിധുവേളയില്‍ കൂടുതല്‍ ഉല്‍ക്കടമായ പ്രണയം ദൃശ്യമായത് പ്രേമവിവാഹങ്ങളില്‍ത്തന്നെയായിരുന്നു. എന്നാല്‍ കാലക്രമത്തില്‍ പ്രേമവിവാഹങ്ങളില്‍ പ്രണയം ദുര്‍ബലമായിപ്പോവുമ്പോള്‍ അറേഞ്ച്ഡ് വിവാഹങ്ങളില്‍ അത് പതിയെപ്പതിയെ സുദൃഢമായിത്തീരുന്നതായാണു കാണപ്പെട്ടത്. വിവാഹത്തിന്‍റെ പത്താം വാര്‍ഷികത്തില്‍ അറേഞ്ച്ഡ് വിവാഹങ്ങളിലെ പ്രണയത്തിന്‍റെ തീക്ഷ്ണത പ്രേമവിവാഹങ്ങളിലേതിനേക്കാള്‍ ഏകദേശം ഇരട്ടിയായിരുന്നു! പ്രേമവിവാഹങ്ങളുടെ തുടക്കത്തില്‍ ജ്വലിച്ചുനില്‍ക്കുന്ന കാമം ക്രമേണ എരിഞ്ഞടങ്ങുന്നതും അറേഞ്ച്ഡ് വിവാഹങ്ങളില്‍ ആദ്യനാളുകളില്‍ ദുര്‍ബലമായ ഐകമത്യം ക്രമേണ ദൃഢതയാര്‍ജിക്കുന്നതുമാണ് ഈ സ്ഥിതിഭേദങ്ങള്‍ക്കു നിമിത്തമാകുന്നത്.
പ്രണയത്തിനൊരുങ്ങുന്നവര്‍ക്ക് അവശ്യം ഉണ്ടായിരിക്കേണ്ട ഗുണം ഏത്?
ഇന്ത്യയടക്കമുള്ള മുപ്പത്തിയേഴ് രാജ്യങ്ങളിലെ പതിനായിരത്തോളം സ്ത്രീപുരുഷന്മാരോട് പതിമൂന്നിനങ്ങളുള്ള ഒരു പട്ടികയില്‍ നിന്ന്‍ തങ്ങളുടെ ജീവിതപങ്കാളിയില്‍ കാണാനാഗ്രഹിക്കുന്ന മൂന്നു ഗുണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ഗവേഷകര്‍ ആവശ്യപ്പെടുകയുണ്ടായി. സ്ത്രീകളുടെയും പുരുഷന്മാരുടെയും മുന്‍ഗണനകളില്‍ പല വ്യത്യാസങ്ങളും തെളിഞ്ഞുവന്നെങ്കിലും കരുണ എന്ന ഗുണം ദേശഭേദമന്യേ ഇരുലിംഗങ്ങളുടെയും പട്ടികകളില്‍ മുന്നിട്ടുനിന്നു.
വിവാഹപ്രായത്തിനു ശേഷം പലരുടെയും സര്‍ഗാത്മകത വറ്റിവരണ്ടുപോകുന്നത് എന്തുകൊണ്ട്?
ജെഫ്രി മില്ലര്‍ എന്ന മനശാസ്ത്രജ്ഞന്‍റെ അഭിപ്രായത്തില്‍ ചിത്രം വരക്കാനോ, പാട്ടുപാടാനോ, തമാശ പറയാനോ, കായികാഭ്യാസങ്ങള്‍ നടത്താനോ ഒക്കെ ചിലര്‍ക്കുള്ള കഴിവുകള്‍ അനുയോജ്യരായ ഇണകളുടെ മനസ്സിളക്കാന്‍ വേണ്ടി മാത്രം ഉരുത്തിരിഞ്ഞു വന്നവയാണ്. മറ്റുള്ളവരിലെ ഇത്തരം യോഗ്യതകളെ തിരിച്ചറിയാനും വിവിധ കലാകായികരൂപങ്ങളെ ആസ്വദിക്കാനും വിലയിരുത്താനുമൊക്കെയുള്ള പാടവം നമ്മുടെ തലച്ചോറുകളില്‍ രൂപപ്പെട്ടത് യോഗ്യരായ പങ്കാളികളെ വേര്‍തിരിച്ചറിയുകയെന്ന ജോലി ആയാസരഹിതമാകാന്‍ വേണ്ടിയുമാണ്.
അടുത്ത രക്തബന്ധത്തിലുള്ളവരോടു നമുക്ക് പൊതുവെ പ്രണയം തോന്നാത്തത് എന്തു കൊണ്ട്?
രക്തബന്ധമുള്ളവര്‍ക്കു ജനിക്കുന്ന സന്തതികള്‍ക്ക് ജനിതകവൈകല്യങ്ങള്‍ പിടിപെടാന്‍ സാദ്ധ്യത കൂടുതലാണ്. ഇതൊഴിവാക്കാനാണ് പ്രകൃതി നമ്മുടെയൊക്കെ മനസ്സുകളില്‍ നിന്ന് ഇങ്ങിനെയുള്ളവരോടുള്ള പ്രണയാസക്തി എടുത്തുമാറ്റിയത്. എന്നാല്‍ ഇത് എങ്ങിനെ സാദ്ധ്യമാകുന്നു എന്നതിന്‍റെ വിശദാംശങ്ങള്‍ ശാസ്ത്രജ്ഞര്‍ക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. ബാല്യശൈശവങ്ങളില്‍ നിരന്തരം നേരില്‍ക്കാണുന്നവരോടാണ് മുതിര്‍ന്നുകഴിയുമ്പോള്‍ നമുക്ക് ലൈംഗികവൈമുഖ്യം രൂപപ്പെടുന്നത് എന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. നമ്മുടെയൊക്കെയുള്ളില്‍ അറപ്പ് എന്ന വികാരം ആവിര്‍ഭവിച്ചതിന്‍റെ ഒരു പ്രധാന ഉദ്ദേശവും ഇതാവാം എന്നും സൂചനകളുണ്ട്.
{/xtypo_quote}
(2014 ഫെബ്രുവരി ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്.)
{xtypo_alert}ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.{/xtypo_alert}
Image: Highgarden lovers by CoreyAnn
When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.