ഓറഞ്ചുജ്യൂസ്: ഒരു ദൃഷ്ടാന്തകഥ
കുട്ടിക്കാലത്തൊക്കെ എന്തു സുഖക്കേടു വന്നാലും അമ്മ ജഗ്ഗു നിറയെ ഓറഞ്ചുജ്യൂസും ഒരു ഗ്ലാസും അയാളാവശ്യപ്പെടാതെതന്നെ കിടക്കക്കരികില്‍ കൊണ്ടുവെക്കാറുണ്ടായിരുന്നു. കല്യാണശേഷം ആദ്യമായി രോഗബാധിതനായപ്പോള്‍ ഭാര്യ ജഗ്ഗും ഗ്ലാസുമായി വരുന്നതുംകാത്ത് അയാള്‍ ഏറെനേരം കിടന്നു. ഇത്രയേറെ സ്നേഹമുള്ള ഭാര്യ പക്ഷേ തന്നെ ജ്യൂസില്‍ ആറാടിക്കാത്തതെന്തേ എന്ന ശങ്കയിലയാള്‍ ചുമക്കുകയും മുരളുകയുമൊക്കെ ചെയ്തെങ്കിലും ഒന്നും മനസ്സിലാവാത്ത മട്ടിലവള്‍ പാത്രംകഴുകലും മുറ്റമടിക്കലും തുടര്‍ന്നു. ഒടുവില്‍, തനിക്കിത്തിരി ഓറഞ്ചുജ്യൂസ് തരാമോ എന്നയാള്‍ക്ക് മനോവ്യസനത്തോടെ തിരക്കേണ്ടതായിവന്നു. അരഗ്ലാസ് ജ്യൂസുമായി അവള്‍ ധൃതിയില്‍ മുറിക്കകത്തേക്കു വന്നപ്പോള്‍ “പ്രിയതമക്കെന്നോട് ഇത്രയേ സ്നേഹമുള്ളോ” എന്നയാള്‍ മനസ്സില്‍ക്കരഞ്ഞു.
(ഇന്‍റര്‍നെറ്റില്‍ക്കണ്ടത്.)
മിക്കവരും വിവാഹജീവിതത്തിലേക്കു കടക്കുന്നത്, ബാല്യകൌമാരങ്ങളില്‍ നിത്യജീവിതത്തിലോ പുസ്തകങ്ങളിലോ സിനിമകളിലോ കാണാന്‍കിട്ടിയ ബന്ധങ്ങളില്‍ നിന്നു സ്വയമറിയാതെ സ്വാംശീകരിച്ച ഒത്തിരി പ്രതീക്ഷകളും മനസ്സില്‍പ്പേറിയാണ്. ദമ്പതികള്‍ ഇരുവരുടെയും പ്രതീക്ഷകള്‍ തമ്മില്‍ പൊരുത്തമില്ലാതിരിക്കുകയോ പ്രാവര്‍ത്തികമാവാതെ പോവുകയോ ചെയ്യുന്നത് അസ്വസ്ഥതകള്‍ക്കും കലഹങ്ങള്‍ക്കും ഗാര്‍ഹികപീഡനങ്ങള്‍ക്കും അവിഹിതബന്ധങ്ങള്‍ക്കും ലഹരിയുപയോഗങ്ങള്‍ക്കും മാനസികപ്രശ്നങ്ങള്‍ക്കും വിവാഹമോചനത്തിനും കൊലപാതകങ്ങള്‍ക്കുമൊക്കെ ഇടയൊരുക്കാറുമുണ്ട്. പ്രിയത്തോടെ ഉള്ളില്‍ക്കൊണ്ടുനടക്കുന്ന പ്രതീക്ഷകള്‍ ആരോഗ്യകരം തന്നെയാണോ എന്നെങ്ങിനെ തിരിച്ചറിയാം, അപ്രായോഗികം എന്നു തെളിയുന്നവയെ എങ്ങിനെ പറിച്ചൊഴിവാക്കാം, പ്രസക്തിയും പ്രാധാന്യവുമുള്ളതെന്നു ബോദ്ധ്യപ്പെടുന്നവയുടെ സാഫല്യത്തിനായി എങ്ങനെ പങ്കാളിയുടെ സഹായം തേടാം, അപ്പോള്‍ നിസ്സഹകരണമാണു നേരിടേണ്ടിവരുന്നത് എങ്കില്‍ എങ്ങിനെ പ്രതികരിക്കാം എന്നതൊക്കെ ഒന്നു പരിശോധിക്കാം.