മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
പഠനം സാദ്ധ്യമാക്കുന്നത് മനസ്സിലെയീ പണിമേശയാണ്
“സ്വന്തം ലോകത്തെവിടെയോ മുഴുകിയാ എപ്പഴും ഇരിപ്പ്…” “ഞാമ്പറേണേല് ഒരക്ഷരം ശ്രദ്ധിക്കില്ല!” “ഒരു ചെവീക്കൂടെക്കേട്ട് മറ്റേ ചെവീക്കൂടെ വിടണ ടൈപ്പാ…” എന്നൊക്കെ മാതാപിതാക്കളെയും അദ്ധ്യാപകരെയും കൊണ്ട് നിരന്തരം പറയിക്കുന്ന ചില കുട്ടികളുണ്ട്. ബുദ്ധിക്ക് പ്രത്യക്ഷത്തിലൊരു കുഴപ്പവുമില്ലെങ്കിലും, ക്ലാസിലും വീട്ടിലും ബഹളമോ കുരുത്തക്കേടോ കാണിക്കാത്ത പ്രകൃതമാണെങ്കിലും, പ്രത്യേകിച്ചൊരു സ്വഭാവദൂഷ്യവും എടുത്തുപറയാനില്ലെങ്കിലും പഠനത്തില്‍ സദാ പിന്നാക്കം പോവുന്നവര്‍. എന്തുകൊണ്ടീ കുട്ടികള്‍ ഇങ്ങിനെയായിത്തീരുന്നു എന്നാശ്ചര്യപ്പെടുന്നവര്‍ക്ക് കൃത്യമായ ഒരുത്തരം ഇന്ന് ആധുനിക വൈദ്യശാസ്ത്രം നല്‍കുന്നുണ്ട് — ഇവരില്‍ ഭൂരിഭാഗത്തിന്‍റെയും അടിസ്ഥാനപ്രശ്നം “വര്‍ക്കിംഗ് മെമ്മറി” എന്ന കഴിവിലെ ദൌര്‍ബല്യങ്ങളാണ്.
എന്താണീ വര്‍ക്കിംഗ് മെമ്മറി?
{xtypo_quote_left}ഒരു ജോലി ചെയ്യുന്ന നേരത്ത് അതുമായി ബന്ധപ്പെട്ട കാര്യങ്ങളെ അല്‍പസമയത്തേക്കു മനസ്സില്‍ നിര്‍ത്താനും കൈകാര്യം ചെയ്യാനും നമുക്കെല്ലാമുള്ള കഴിവിനെയാണ് വര്‍ക്കിംഗ് മെമ്മറി എന്നു വിളിക്കുന്നത്{/xtypo_quote_left}ഒരു ജോലി ചെയ്യുന്ന നേരത്ത് അതുമായി ബന്ധപ്പെട്ട കാര്യങ്ങളെ അല്‍പസമയത്തേക്കു മനസ്സില്‍ നിര്‍ത്താനും കൈകാര്യം ചെയ്യാനും നമുക്കെല്ലാമുള്ള കഴിവിനെയാണ് ഈ പേരു വിളിക്കുന്നത്. ഉദാഹരണത്തിന്, ഒരു കടയില്‍ വെച്ച് ഒരെണ്ണത്തിന് അറുപത്തഞ്ചു രൂപ വിലയുള്ള ഒരു സാധനം മൂന്നെണ്ണം വാങ്ങാനുള്ള തുക കയ്യിലുണ്ടോ എന്നറിയാന്‍ അറുപത്തഞ്ചിനെയും മൂന്നിനെയും നാം മനസ്സില്‍ ഗുണിക്കുന്നു എന്നിരിക്കട്ടെ. ആ നേരത്ത് “അറുപതു മൂന്ന് നൂറ്റെണ്‍പത്, അഞ്ചു മൂന്ന് പതിനഞ്ച്, ...” എന്നൊക്കെയുള്ള കണക്കുകള്‍ നാം ചെയ്യുന്നതും 65, 3, 180, 15 എന്നീ സംഖ്യകള്‍ അത്രയും സമയത്തേക്ക് ഓര്‍ത്തുവെക്കുന്നതുമൊക്കെ വര്‍ക്കിംഗ് മെമ്മറിയിലാണ്. ഇത്തിരി വിവരങ്ങള്‍ തല്‍ക്കാലത്തേക്കു കുറിച്ചിടുന്ന ഒരു തുണ്ടുകടലാസു പോലെ, അല്ലെങ്കില്‍ അപ്പോള്‍ച്ചെയ്യുന്ന ജോലിക്കിടയില്‍ അത്യാവശ്യം വന്നേക്കാവുന്ന സാധനങ്ങള്‍മാത്രം എടുത്തുവെക്കുന്ന ഒരു പണിമേശ പോലെ, ആണ് വര്‍ക്കിംഗ് മെമ്മറി വര്‍ത്തിക്കുന്നത്. ഒരു സ്ഥലത്തേക്കുള്ള വഴി ചോദിച്ചറിഞ്ഞ് ആ വിശദാംശങ്ങള്‍ മനസ്സിലോര്‍ത്ത് അങ്ങോട്ടു നീങ്ങുമ്പോഴും, തൊട്ടുമുമ്പ് ടിവിയില്‍ക്കണ്ട പാചകവിധി ഓര്‍മയില്‍നിര്‍ത്തി ആ വിഭവമുണ്ടാക്കുമ്പോഴും നാമുപയോഗപ്പെടുത്തുന്നത് വര്‍ക്കിംഗ് മെമ്മറിയെയാണ്.
“ഓര്‍മശക്തി” എന്ന വാക്കുകൊണ്ട് പൊതുവെ വിവക്ഷിക്കപ്പെടാറുള്ളത് വിവരങ്ങളെ ദീര്‍ഘനാളത്തേക്കു മനസ്സില്‍ സൂക്ഷിക്കാന്‍ സഹായിക്കുന്ന “ലോങ്ങ്‌ടേം മെമ്മറി” എന്ന ശേഷിയാണ്. ഓര്‍മ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതായി പരിചയപ്പെടുത്തപ്പെടാറുള്ള വ്യായാമങ്ങളും മറ്റും സാധാരണ ഉന്നംവെക്കാറുള്ളതും ലോങ്ങ്‌ടേം മെമ്മറിയെത്തന്നെയാണ്. എന്നാല്‍ കഴിഞ്ഞ ഒരിരുപതു വര്‍ഷങ്ങളില്‍ നടന്ന ഏറെ ഗവേഷണങ്ങള്‍ നിത്യജീവിതത്തില്‍ പൊതുവെയും പഠനകാര്യത്തില്‍ പ്രത്യേകിച്ചും വര്‍ക്കിംഗ് മെമ്മറിയും ഏറെ പ്രസക്തമാണെന്നതിന് ഒട്ടനവധി തെളിവുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇതിന് പഠനത്തിലെന്താണു പങ്ക്?
ഭാഷാവിഷയങ്ങളും കണക്കും തൊട്ട് കലയും സംഗീതവും വരെയുള്ളവയുടെ അഭ്യസനത്തിനും, ബോര്‍ഡില്‍നിന്ന് നോക്കിയെഴുതുന്നതു മുതല്‍ സങ്കീര്‍ണമായ ശാസ്ത്രവസ്തുതകളെ ഗ്രഹിച്ചെടുക്കുന്നതു വരെയുള്ള പഠനപ്രക്രിയകള്‍ക്കും വര്‍ക്കിംഗ് മെമ്മറി അത്യന്താപേക്ഷിതമാണ്. കിന്‍റര്‍ഗാര്‍ട്ടന്‍ തൊട്ടു കോളേജ്തലം വരെ ക്ലാസ്മുറിപ്രവര്‍ത്തനങ്ങള്‍ മിക്കതും വിവരങ്ങളെ ഓര്‍മയില്‍ നിര്‍ത്തുന്നതിലും കൈകാര്യംചെയ്യുന്നതിലും അധിഷ്ഠിതമാണ് എന്നതിനാലാണിത്. ഉദാഹരണത്തിന്, ഒരു പാഠം വായിക്കുമ്പോള്‍ ഓരോ വാക്കിന്‍റെയും അര്‍ത്ഥം ഗ്രഹിച്ചെടുക്കുക, അതിനെ അടുത്തുള്ള വാക്കുകളുടെ അര്‍ത്ഥങ്ങളുമായി ഇണക്കിച്ചേര്‍ത്ത് മൊത്തം വാചകത്തിന്‍റെ പൊരുള്‍ മനസ്സിലാക്കുക, ഏതു ഭാഗമാണ് വായിച്ചുകൊണ്ടിരിക്കുന്നത് എന്നതോര്‍മയില്‍ നിര്‍ത്തുക എന്നിങ്ങനെ അനവധി പ്രക്രിയകള്‍ നടക്കുന്നുണ്ട്. ഇവ മിക്കതും വെവ്വേറെ മസ്തിഷ്കഭാഗങ്ങളുടെ നിയന്ത്രണത്തിലാണു താനും. ഇവയെയൊക്കെ ഒരു ഓര്‍ക്കസ്ട്രയുടെ കണ്ടക്ടറെപ്പോലെ സമന്വയിപ്പിച്ച് വായന സംഭവ്യമാക്കുന്നത് വര്‍ക്കിംഗ് മെമ്മറിയാണ്. എഴുത്തുമായി ബന്ധപ്പെട്ട വിവിധ പ്രക്രിയകളെയും — ആശയങ്ങളെയാദ്യം മനസ്സില്‍ രൂപപ്പെടുത്തുക, എന്നിട്ടവയെ വാചകങ്ങളും ഖണ്ഡികകളുമൊക്കെയായി ചിട്ടപ്പെടുത്തുക എന്നിങ്ങനെ — ഏകോപിപ്പിക്കുന്നതും സാദ്ധ്യമാക്കുന്നതും വര്‍ക്കിംഗ് മെമ്മറി തന്നെയാണ്. അതുപോലെ, “ഒരു പേപ്പറെടുത്ത് മുകളില്‍ സ്വന്തം പേരു കുറിച്ച് പത്തിന്‍റെ ഗുണനപ്പട്ടികയെഴുതൂ.” എന്നതുപോലുള്ള ഒന്നിലധികം ഭാഗങ്ങളുള്ള നിര്‍ദ്ദേശങ്ങള്‍ യഥാവിധി പാലിക്കാനാവാന്‍ പേപ്പറെടുക്കുമ്പോഴും പേരെഴുതുമ്പോഴും ഇനിയെന്താണു ചെയ്യേണ്ടത് എന്ന വിവരം വര്‍ക്കിംഗ് മെമ്മറിയില്‍ നിര്‍ത്തേണ്ടതുണ്ട്.
ഒരു വിദ്യാര്‍ത്ഥിക്ക് പഠനത്തില്‍ എത്രത്തോളം മികവു പുലര്‍ത്താനാവും എന്നതിനെ വേണ്ടത്ര പോഷകാഹാരം ലഭ്യമാണോ, ജീവിതസാഹചര്യങ്ങള്‍ എത്തരത്തിലുള്ളതാണ് എന്നിങ്ങനെ ഒട്ടനവധി ഘടകങ്ങള്‍ സ്വാധീനിക്കുന്നുണ്ടെങ്കിലും ഗവേഷകരുടെ അഭിപ്രായത്തില്‍ ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം വര്‍ക്കിംഗ് മെമ്മറിയാണ്. ഒരു കൊച്ചുകുട്ടിക്ക് പഠനകാര്യത്തില്‍ ഭാവിയില്‍ എത്ര കണ്ടു ശോഭിക്കാന്‍ കഴിയും എന്നു പ്രവചിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ഇപ്പോഴുള്ള വര്‍ക്കിംഗ് മെമ്മറിയുടെ അളവെടുക്കുകയാണ് എന്നും, വര്‍ക്കിംഗ് മെമ്മറിയാണ് ഐ.ക്യു.വിന്‍റെ കാര്യത്തില്‍ രണ്ടുപേര്‍ തമ്മിലുള്ള അന്തരത്തിന്‍റെ പാതിയും നിര്‍ണയിക്കുന്നത് എന്നും ആണ് വിദഗ്ദ്ധമതം.
ഇതിനു പ്രായവുമായി ബന്ധമുണ്ടോ?
ഓരോ വ്യക്തിയുടെയും വര്‍ക്കിംഗ് മെമ്മറി കുട്ടിക്കാലത്തു രൂപപ്പെടുകയും പ്രായം ചെല്ലുന്നതിനനുസരിച്ച് ക്രമേണ വികസിച്ചുവരികയുമാണു ചെയ്യുന്നത് (ചിത്രം 1). മുതിര്‍ന്ന ഒരാള്‍ക്ക് ഒരു നേരത്ത് വര്‍ക്കിംഗ് മെമ്മറിയില്‍ നിര്‍ത്താനാവുക അഞ്ചാറു കാര്യങ്ങളാണ്. (“കാര്യം” എന്നുപറയുമ്പോള്‍ അത് സന്ദര്‍ഭത്തിനനുസരിച്ച് അക്കങ്ങളോ അക്ഷരങ്ങളോ വാക്കുകളോ ആശയമോ ഒക്കെയാവാം.) എന്നാല്‍ അഞ്ചുവയസ്സുകാരുടെ വര്‍ക്കിംഗ് മെമ്മറിയില്‍ ഒരു സമയത്ത് ഒന്നോ രണ്ടോ കാര്യങ്ങളേ കൊള്ളൂ. വര്‍ക്കിംഗ് മെമ്മറിയുടെ ഈ വളര്‍ച്ചാത്തോത് കുട്ടികളുമായി ഇടപഴകുന്നവര്‍ കണക്കിലെടുക്കേണ്ടത് പ്രധാനമാണ് — ഉദാഹരണത്തിന്, അഞ്ചുവയസ്സുകാര്‍ക്ക് ഒറ്റയടിക്കു നാലു നിര്‍ദ്ദേശങ്ങള്‍ കൊടുത്താല്‍ അതു മുഴുവനും ഓര്‍ത്തുവെച്ചനുസരിക്കുക അവര്‍ക്ക് അസാദ്ധ്യമായിരിക്കും. എന്നാല്‍ ആദ്യം ഒരു കാര്യം പറഞ്ഞ്, അതവര്‍ ചെയ്തുകഴിഞ്ഞിട്ട് അടുത്തതവതരിപ്പിക്കുന്നതു ഫലംകണ്ടേക്കും.
ഒരേ പ്രായമുള്ളവര്‍ക്കിടയിലും വര്‍ക്കിംഗ് മെമ്മറി എല്ലാവര്‍ക്കും ഒരുപോലെയാവണമെന്നില്ല. ഉദാഹരണത്തിന്, ഏഴെട്ടു വയസ്സെത്തിയ മുപ്പതു കുട്ടികളുടെ ഒരു ക്ലാസില്‍ മൂന്നോളം പേര്‍ക്ക് നാലുവയസ്സുകാരുടെ വര്‍ക്കിംഗ് മെമ്മറിയേ കണ്ടേക്കൂ; എന്നാല്‍ അതോടൊപ്പം മറ്റൊരു മൂന്നുപേര്‍ക്ക് ഈ ശേഷി പതിനൊന്നു വയസ്സുകാരുടേതിനു തുല്യവുമാകാം. ഏതൊരു ക്ലാസിലും പതിനഞ്ചു ശതമാനത്തോളം കുട്ടികള്‍ വര്‍ക്കിംഗ് മെമ്മറിയില്‍ പിന്നാക്കമായിരിക്കുമെന്നാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ ന്യൂനതകള്‍ കാലക്രമേണ സ്വയം പരിഹരിക്കപ്പെടും എന്നു കരുതുകയുമരുത് — പ്രായം ചെല്ലുന്നതിനനുസരിച്ച് ചെറിയ പുരോഗതി മിക്കവരിലും കണ്ടേക്കാമെങ്കിലും ഇതു നോര്‍മലായ സമപ്രായക്കാരുടെ തോതിലേക്ക് പൊതുവേ എത്താറില്ല.
ഈ ന്യൂനതകള്‍ എങ്ങിനെ വരുന്നതാണ്?
എന്തുകൊണ്ടാണ് ചില കുട്ടികള്‍ വര്‍ക്കിംഗ് മെമ്മറിയില്‍ പിന്നാക്കമായിപ്പോവുന്നത് എന്നതിന് കൃത്യമായ വിശദീകരണങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. എന്നാല്‍ കുടുംബപശ്ചാത്തലമോ വീട്ടിലെ സൌകര്യങ്ങളോ ഇക്കാര്യത്തില്‍ പ്രസക്തമല്ല എന്നു പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. (“വിത്തനാഥന്‍റെ ബേബി”യും “നിര്‍ദ്ധനച്ചെക്കനും” ഇവിടെ തുല്യരാണ് എന്നര്‍ത്ഥം!) നല്‍കപ്പെടുന്ന വിദ്യാഭ്യാസത്തിന്‍റെ നിലവാരം, ചെന്നുപെടുന്ന കൂട്ടുകെട്ടുകളുടെ സ്വഭാവം എന്നിവയും അപ്രധാനമാണ്. വര്‍ക്കിംഗ് മെമ്മറിയുടെ ഇരിപ്പിടമായ മസ്തിഷ്കഭാഗങ്ങളില്‍ ജനിതക കാരണങ്ങളാല്‍ വരുന്ന വ്യതിയാനങ്ങളാവാം ഇവിടെ പ്രതിക്കൂട്ടില്‍ എന്നാണ് ലഭ്യമായ വിവരങ്ങള്‍വെച്ച് വിദഗ്ദ്ധര്‍ അനുമാനിക്കുന്നത്.
ചില മാനസികപ്രശ്നങ്ങളുള്ള കുട്ടികളില്‍ അതോടനുബന്ധിച്ച് വര്‍ക്കിംഗ് മെമ്മറി ദുര്‍ബലമാവാം — പഠനവൈകല്യങ്ങള്‍ (learning disability), എ.ഡി.എച്ച്.ഡി. (Attention Deficit Hyperactivity Disorder) എന്നിവ ഉദാഹരണങ്ങളാണ്. കടുത്ത മാനസികസമ്മര്‍ദ്ദവും അമിതമായ ആകുലതകളും വര്‍ക്കിംഗ് മെമ്മറിയെ തല്‍ക്കാലത്തേക്കു താറുമാറാക്കുകയും ചെയ്യാം.
പ്രശ്നം തിരിച്ചറിയുന്നതെങ്ങനെ?
വര്‍ക്കിംഗ് മെമ്മറിയുടെ വികാസം പരമാവധി നടക്കുന്ന കുട്ടിക്കാലത്തേ അതിലെ ന്യൂനതകള്‍ തിരിച്ചറിയേണ്ടതും തക്ക പ്രതിവിധികള്‍ നടപ്പിലാക്കേണ്ടതും പ്രധാനമാണ്. അല്ലാത്തപക്ഷം ആ കുട്ടികള്‍ക്ക് കിന്‍റര്‍ഗാര്‍ട്ടന്‍ തൊട്ടേ ക്ലാസിലെ പ്രവര്‍ത്തനങ്ങളില്‍ ഫലപ്രദമായി ഭാഗഭാക്കാവാനാവാതെ പോവുകയും പഠനത്തിലവര്‍ പിന്നിലായിത്തീരുകയും ചെയ്യാം. മുതിര്‍ന്ന ക്ലാസുകളിലെത്തുമ്പോള്‍ അവരും സഹപാഠികളും തമ്മിലുള്ള അന്തരം കൂടുതല്‍ രൂക്ഷമാവുകയുമാവാം. ഇതൊക്കെയവര്‍ ക്ലാസിലെ പ്രശ്നക്കാരായി മാറുന്നതിനോ, മറ്റു കുട്ടികളുമായുള്ള അവരുടെ ബന്ധം വഷളാവുന്നതിനോ, സ്വയംമതിപ്പും പഠനകാര്യങ്ങളിലെ താല്‍പര്യവും അവര്‍ക്കു പൊയ്പ്പോവുന്നതിനോ ഒക്കെ ഇടയൊരുക്കാം. മറുവശത്ത്, അദ്ധ്യാപകരും മാതാപിതാക്കളും പൊതുവെ ഇത്തരം ന്യൂനതകള്‍ തിരിച്ചറിയുന്നതില്‍ പരാജയപ്പെടുകയും ആ കുട്ടികളെ അലസരോ സ്വപ്നജീവികളോ ആയി മുദ്രയടിക്കുകയുമൊക്കെ പതിവാണ്. വര്‍ക്കിംഗ് മെമ്മറി എന്നൊരു ശേഷിയെക്കുറിച്ചുള്ള അജ്ഞതയും ഇത്തരം കുട്ടികള്‍ സാധാരണ വലിയ കുഴപ്പക്കാരാവാറില്ല എന്ന “പ്രശ്ന”വുമൊക്കെ ഇവരുടെ തിരിച്ചറിയല്‍ വൈകാന്‍ നിമിത്തമാവാറുണ്ട്.
ഉള്ള വര്‍ക്കിംഗ് മെമ്മറിയില്‍ ഒതുങ്ങുന്ന തരം കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ക്കു വൈഷമ്യമുണ്ടാവില്ല. എന്നാല്‍ “കടലീന്നു കോരിയാലും പാത്രത്തീക്കൊള്ളുന്നതേ കിട്ടൂ” എന്നു പറഞ്ഞപോലെ വിവരങ്ങള്‍ കൂലംകുത്തിവരുന്ന സാഹചര്യങ്ങളിലും സ്വന്തം വര്‍ക്കിംഗ് മെമ്മറിക്ക് ഉള്‍ക്കൊള്ളാനാവുന്നത്ര വിവരങ്ങളേ ഇവര്‍ക്കു കൈകാര്യംചെയ്യാനും മനസ്സിലേക്കെടുക്കാനും ആയേക്കൂ. ഒരു പ്രവൃത്തിയില്‍ മുഴുകിയിരിക്കെ ഇതരവിചാരങ്ങള്‍ മനസ്സിലേക്കു വരികയോ പരിസരത്തുള്ള മറ്റെന്തെങ്കിലും ശ്രദ്ധയെത്തിരിക്കുകയോ ചെയ്താലോ, അല്ലെങ്കില്‍ സങ്കീര്‍ണ വിവരങ്ങളെയോ ഒരുമിച്ചൊന്നിലധികം കാര്യങ്ങളെയോ കൈകാര്യംചെയ്യേണ്ടി വന്നാലോ ഒക്കെ ഇവരുടെ പരിമിതികള്‍ വെളിച്ചത്തുവരാം. വര്‍ക്കിംഗ് മെമ്മറിക്ക് ചെറിയ ദൌര്‍ബല്യം മാത്രമുള്ളവര്‍ ചിലപ്പോള്‍ മുതിര്‍ന്ന ക്ലാസുകളിലെത്തി കൂടുതല്‍ “ടഫാ”യ കാര്യങ്ങള്‍ പഠിക്കേണ്ടി വരുമ്പോള്‍ മാത്രമാവാം ലക്ഷണങ്ങള്‍ വല്ലതും പ്രകടമാക്കിത്തുടങ്ങുന്നത്.
ഇക്കൂട്ടരില്‍ ഏറ്റവും താറുമാറാവുന്നത് ഗണിതവും വായനയുമായി ബന്ധപ്പെട്ട കഴിവുകളാണ് — പാഠഭാഗങ്ങള്‍ ഒന്നു മനസ്സിലായിക്കിട്ടാന്‍ അവ പലതവണ വായിക്കേണ്ടി വരിക, വിവരങ്ങളെ മനസ്സിലിട്ടു കൈകാര്യം ചെയ്യേണ്ട മനക്കണക്കു പോലുള്ള പ്രവൃത്തികള്‍ക്കു ക്ലേശം നേരിടുക, കണക്കിലെ സൂത്രവാക്യങ്ങള്‍ വെറുതേ ചോദിച്ചാല്‍ പറയാനാവുകയും എന്നാല്‍ കണക്കു ചെയ്യുന്നേരം ഓര്‍ത്തെടുക്കാനോ പ്രയോഗിക്കാനോ പറ്റാതെ പോവുകയും ചെയ്യുക തുടങ്ങിയ ലക്ഷണങ്ങള്‍ ഇവര്‍ കാണിക്കാം. എഴുതുമ്പോഴാവട്ടെ, വാചകങ്ങളില്‍ വാക്കുകളോ വാക്കുകളില്‍ അക്ഷരങ്ങളോ വിട്ടുപോവുകയോ ആവര്‍ത്തിക്കപ്പെടുകയോ ചെയ്യാം. അടുത്തടുത്തു വരുന്ന വാക്കുകളോ വാചകങ്ങളോ ഒന്നു മറ്റൊന്നില്‍ കലര്‍ന്നുപോവാം. ബോര്‍ഡില്‍നിന്നു നോക്കിയെഴുതാനോ, ഒരേ സമയം ക്ലാസില്‍ ശ്രദ്ധിക്കുകയും നോട്ട്സു കുറിക്കുകയും ചെയ്യാനോ ഒക്കെ ഇവര്‍ക്കു പ്രയാസമുണ്ടാവാം.
നിര്‍ദ്ദേശങ്ങളനുസരിക്കാനും ഇവര്‍ക്കു ബുദ്ധിമുട്ടു നേരിടാം. നീളന്‍ നിര്‍ദ്ദേശങ്ങളുടെ ചില ഭാഗങ്ങളോ അല്ലെങ്കിലവ മുഴുവനായിത്തന്നെയോ അവര്‍ മറന്നുപോവാം. ഉദാഹരണത്തിന്, ഇന്ന ടീച്ചറുടെ അടുത്തുപോയി ഇന്ന കാര്യം പറയണം എന്നു നിഷ്ക്കര്‍ഷിച്ചാല്‍ ആ ടീച്ചറുടെ അടുത്ത് എത്തിച്ചേര്‍ന്നാലും പറയാനേല്‍പിച്ച കാര്യം അവര്‍ക്ക് ഓര്‍മ കിട്ടാതിരിക്കാം. അതുപോലെ പല ഘട്ടങ്ങളുള്ള ഏതൊരു പ്രവൃത്തിയും ആസൂത്രണം ചെയ്യുകയോ നടപ്പില്‍ വരുത്തുകയോ ഇവര്‍ക്കെളുപ്പമാവില്ല.
ഉത്തരമറിയാമെന്നു കൈപൊക്കിയാലും അദ്ധ്യാപകര്‍ അടുത്തെത്തുമ്പോഴെക്കും അവരാ ഉത്തരം മറന്നുപോയേക്കാം. പുതുതായി പഠിച്ചെടുക്കുന്ന വിവരങ്ങളെ മുമ്പേയറിയാവുന്ന കാര്യങ്ങളുമായി കൂട്ടിയിണക്കിയുള്‍ക്കൊള്ളുകയും കഥകള്‍ കേള്‍ക്കുമ്പോള്‍ അവയുടെ പശ്ചാത്തലവും കഥാപാത്രങ്ങളുടെ വിശദാംശങ്ങളുമൊക്കെ ഓര്‍മയില്‍നിര്‍ത്തുകയും ഇവര്‍ക്കു ദുഷ്ക്കരമാവാം.
ഇപ്പറഞ്ഞ ലക്ഷണങ്ങള്‍ കാണിക്കുന്ന കുട്ടികളുടെ വര്‍ക്കിംഗ് മെമ്മറി അളന്നറിഞ്ഞ് ശരിക്കും അതില്‍ കുഴപ്പമുണ്ടോ എന്നുറപ്പുവരുത്താന്‍ പല ടൂളുകളും ലഭ്യമായുണ്ട്. പേനയും കടലാസും കൊണ്ടു ചെയ്യുന്ന Working Memory Test Battery for Children, കമ്പ്യൂട്ടര്‍ സഹായത്തോടെ അദ്ധ്യാപകര്‍ക്കു ചെയ്യാവുന്ന Automated Working Memory Assessment, കുട്ടികളെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് അദ്ധ്യാപകര്‍ നല്‍കുന്ന ഉത്തരങ്ങള്‍വെച്ച് പ്രശ്നനിര്‍ണയം നടത്തുന്ന Working Memory Checklist for Children എന്നിവ ഉദാഹരണങ്ങളാണ്. എന്നാല്‍ നമ്മുടെ സംസ്ഥാനത്ത് ഇവയുടെയൊക്കെ ലഭ്യത പരിമിതമാണ്.
എന്തൊക്കെയാണിവിടെ പരിഹാരങ്ങള്‍?
വര്‍ക്കിംഗ് മെമ്മറിയെ ഉത്തേജിപ്പിക്കുന്ന പ്രവൃത്തികളിലും വ്യായാമങ്ങളിലും ഏര്‍പ്പെട്ടും സ്വന്തം പരിമിതികള്‍ കണക്കിലെടുത്തുള്ള പഠനരീതികള്‍ അവലംബിച്ചുമെല്ലാം ഈയൊരു പ്രശ്നത്തില്‍ നിന്നു കുറേയൊക്കെ പുറത്തുകടക്കാനാവും. ഇക്കാര്യത്തില്‍ അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ചെയ്യാവുന്ന സഹായങ്ങളാണ് ഇനിപ്പറയുന്നത്:
ആയാസം കുറച്ചുകൊടുക്കാം
വര്‍ക്കിംഗ് മെമ്മറിക്കു വല്ലാതെ “ലോഡ്” കൊടുക്കുന്ന സാഹചര്യങ്ങള്‍ കുട്ടിക്കു കൂടുതല്‍ ക്ലേശകരമായിരിക്കും. കുറച്ച് ഉദാഹരണങ്ങളിതാ:
- പരസ്പരം വലിയ ബന്ധമില്ലാത്ത മൂന്നിലധികം അക്കങ്ങളോ (ഉദാ: 5, 9, 2, 7) വാക്കുകളോ (ഡല്‍ഹി, പര്‍വതം, പൂപ്പല്‍, വിശ്വാസം) ഓര്‍ത്തുവെക്കുക.
- ഏറെ ഘടകഭാഗങ്ങളുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിക്കുക. (“കണക്കുപുസ്തകം ഷെല്‍ഫിലും പെന്‍സില്‍ സ്കൂള്‍ബാഗിലും ഇറേസര്‍ മേശവലിപ്പിലും വെച്ചിട്ട് കൈകഴുകി ആ മൂന്നാമത്തെ ചെയറില്‍ വന്നിരിക്ക്…”).
- നല്ല ദൈര്‍ഘ്യമുള്ള ഒരു വാചകം ഓര്‍മയില്‍നിന്ന് എടുത്തെഴുതുക.
- മുന്‍പരിചയമില്ലാത്ത ഒരു കാര്യത്തെപ്പറ്റി പരിമിതസമയത്തിനുള്ളില്‍ വിശദമായി പഠിക്കുക.
ഇത്തരമവസരങ്ങളില്‍ വര്‍ക്കിംഗ് മെമ്മറിക്കുറവിന്‍റെ നേരത്തേ പറഞ്ഞ ലക്ഷണങ്ങള്‍ വല്ലതും കുട്ടിയില്‍ തലപൊക്കുന്നുണ്ടോ എന്നു നിരീക്ഷിക്കേണ്ടതുണ്ട്. കാര്യങ്ങള്‍ ശരിക്കു മനസ്സിലാവുന്നുണ്ടോ, അതോ ബുദ്ധിമുട്ടു വല്ലതും തോന്നുന്നുണ്ടോ എന്നൊക്കെ കുട്ടിയോട് നേരിട്ടു ചോദിച്ചറിയുകയുമാവാം. പ്രശ്നമുളവാകാറുള്ള തരം സാഹചര്യങ്ങളില്‍ ഇനിപ്പറയുന്നതു പോലുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാവുന്നതാണ്:
- കഴിവതും ചെറിയ വാചകങ്ങളുപയോഗിക്കുക.
- വാചകങ്ങളുടെ ഘടന ലളിതമാക്കുക.
- ഒരു നേരത്ത് ഒന്നിച്ചോര്‍ത്തിരിക്കേണ്ട വസ്തുതകളുടെ എണ്ണം കുറക്കുക.
- നിര്‍ദ്ദേശങ്ങളും വിശദീകരണങ്ങളും സാവധാനം, വ്യക്തതയോടെ പറയുക.
- നിര്‍ദ്ദേശങ്ങളെയും ചെയ്യാനുള്ള പ്രവൃത്തികളെയും ചെറിയ ഭാഗങ്ങളായി വിഭജിക്കുക. എന്നിട്ടാ ചെറുഭാഗങ്ങളെ ഓരോന്നോരോന്നായി മാത്രം അവതരിപ്പിക്കുകയും, അടുത്തതൊന്നെടുത്തിടും മുമ്പ് ആദ്യം പറഞ്ഞത് കുട്ടിക്കു മനസ്സിലായോ എന്നുറപ്പുവരുത്തുകയും ചെയ്യുക.
- നിര്‍ദ്ദേശങ്ങള്‍ക്ക് “ആദ്യം...”, “രണ്ടാമത്...” എന്നിങ്ങനെ അക്കമിട്ട് ക്രമംകൊടുക്കുകയോ “മൂന്നു കാര്യങ്ങളാണ് നാം ചെയ്യാന്‍ പോവുന്നത്” “നമ്മുടെയീ ജോലിക്കു നാലു ഘട്ടങ്ങളാണുള്ളത്” എന്നൊക്കെ ആമുഖമായിപ്പറയുകയോ ചെയ്യുക.
- പുതിയ വിവരങ്ങളെ കുട്ടികള്‍ക്കു മുമ്പേയറിയാവുന്ന വസ്തുതകളുമായും അവരുടെ മുന്നനുഭവങ്ങളുമായും ബന്ധിപ്പിച്ചു പരിചയപ്പെടുത്തുക.
- സുപ്രധാന വിവരങ്ങള്‍ വെളിപ്പെടുത്തുംമുമ്പ് “ഞാന്‍ ഇനിപ്പറയാന്‍ പോവുന്ന കാര്യം ആവുന്നത്ര ശ്രദ്ധിച്ചു കേള്‍ക്കുക — ഇത് ഏറെ ഗൌരവമുള്ളതാണ്.” എന്നൊക്കെയുള്ള മുന്നറിയിപ്പുകള്‍ കൊടുക്കുക.
- വര്‍ക്കിംഗ് മെമ്മറി കുറഞ്ഞവര്‍ക്ക് ചോദ്യങ്ങള്‍ക്കുത്തരം പറയാന്‍ കൂടുതല്‍ നേരമനുവദിക്കുക.
- ഒരു സമയത്ത് ഒരൊറ്റക്കാര്യത്തില്‍ മാത്രം ശ്രദ്ധ ചെലുത്താന്‍ ഓര്‍മിപ്പിക്കുകയും അതിന് അവസരമൊരുക്കിക്കൊടുക്കുകയും ചെയ്യുക.
ബഹളമയമായ ജീവിതസാഹചര്യങ്ങളില്‍ പ്രസക്തിയുള്ള കാര്യങ്ങളെ വേര്‍തിരിച്ചറിയുന്നതെങ്ങിനെ എന്ന് പ്രത്യേകം പരിശീലിപ്പിക്കുക. (ഉദാഹരണത്തിന്, കാര്യപ്പെട്ട എന്തെങ്കിലും വിവരത്തിനു നെറ്റില്‍ തിരയുമ്പോള്‍ പല അനാവശ്യ പരസ്യങ്ങളും ലിങ്കുകളും ശ്രദ്ധയെ അതുവഴി ക്ഷണിച്ചേക്കാം.) ദൈനംദിനചര്യകള്‍ക്ക് നിത്യവും പാലിക്കാവുന്ന ഒരു ക്രമം നിശ്ചയിക്കുകയും പിന്തുടരുകയും ചെയ്യുന്നത് അവയെപ്പറ്റി ദിവസവും തലപുകക്കേണ്ട സാഹചര്യം ഒഴിവാക്കുകയും ഉള്ള വര്‍ക്കിംഗ് മെമ്മറി കൂടുതല്‍ പ്രാധാന്യമുള്ള കാര്യങ്ങള്‍ക്കു വിനിയോഗിക്കാനാവാന്‍ കളമൊരുക്കുകയും ചെയ്യും.
ആവര്‍ത്തനം ഉപയോഗപ്പെടുത്താം
പ്രധാനപ്പെട്ട വിവരങ്ങള്‍ പലതവണ, പല രീതികളില്‍ ആവര്‍ത്തിക്കുന്നത് ഉപകാരപ്രദമാവും. ചില ഉദാഹരണങ്ങളിതാ:
- ഒരു ക്ലാസ് തുടങ്ങുന്നതിനു മുമ്പ് തൊട്ടുമുന്‍ക്ലാസില്‍നിന്നുള്ള പ്രസക്തമായ വാക്കുകളും വിവരങ്ങളും ഒന്നോര്‍മിപ്പിക്കുക.
- നിര്‍ദ്ദേശങ്ങളോ വാചകങ്ങളോ മറ്റോ മനസ്സിലായില്ലെങ്കിലോ മറന്നുപോയാലോ ഒന്നുകൂടിപ്പറയാനാവശ്യപ്പെടാന്‍ മടി വിചാരിക്കേണ്ട എന്നു വ്യക്തമാക്കുക.
- ഒരു പോയിന്‍റ് പഠിപ്പിച്ചു കഴിഞ്ഞാല്‍ അത് അവരുടെ തന്നെ വാക്കുകളില്‍ ഒന്നിങ്ങോട്ടു പറയാന്‍ നിര്‍ദ്ദേശിക്കുക.
- ഒരു ക്ലാസ് കുറേ നേരമായാല്‍ അതുവരെ പറഞ്ഞതിലെ പ്രധാന പോയിന്‍റുകള്‍ ഒന്നാവര്‍ത്തിക്കാന്‍ അവസരം കൊടുക്കുക.
- പുതുതായുള്‍ക്കൊണ്ട വിവരങ്ങള്‍ കുട്ടികള്‍ പരസ്പരം പഠിപ്പിക്കുന്നതും, അല്ലെങ്കില്‍ അവ തങ്ങള്‍ക്കും മനസ്സിലാക്കിച്ചു തരാന്‍ മാതാപിതാക്കള്‍ അവരോടാവശ്യപ്പെടുന്നതും നല്ലതാണ്.
- നിര്‍ദ്ദേശങ്ങളോര്‍ത്തുവെക്കാന്‍ ക്ലേശം നേരിടാറുള്ളവരോട് കേട്ട പാടേ അവ കുറിച്ചുവെക്കാനും, എന്നിട്ടതൊന്നു വായിച്ചുനോക്കാനും, അതിന്‍റെയൊരു ചുരുക്കം കൂട്ടുകാരോടോ നിങ്ങളോടു തന്നെയോ ഒന്നു പറയാനും ഉപദേശിക്കുക.
കൈത്താങ്ങുകള്‍ ഒരുക്കാം
വര്‍ക്കിംഗ് മെമ്മറിയിലെ ന്യൂനതകളെ മറികടക്കാന്‍ സഹായിക്കുന്ന സാധനസാമഗ്രികളെ പരിചയപ്പെടുത്തുകയും അവയുടെ ഉപയോഗം പരിശീലിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതു ഗുണകരമാവും.
- പ്രസക്തമായ ചിത്രങ്ങള്‍, സുപ്രധാന വാക്കുകളുടെ സ്പെല്ലിംഗുകള്‍, ഗുണനപ്പട്ടികകള്‍ തുടങ്ങിയവ ക്ലാസില്‍ പ്രദര്‍ശിപ്പിക്കുക.
- വര്‍ക്കിംഗ് മെമ്മറിക്കു ദൌര്‍ബല്യമുള്ള കുട്ടികളെ അദ്ധ്യാപകന്‍റെയും ഇത്തരം സാമഗ്രികളുടെയും ഏറ്റവുമടുത്ത സീറ്റുകളില്‍ ഇരുത്തുക.
- ചെറിയ ഡിക്ഷണറികളുടെയും ലോഗരിതം പട്ടികകളുടെയുമൊക്കെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
- വിവരങ്ങളെ പെട്ടെന്നു കണ്ടുമനസ്സിലാക്കാനാവുംവിധം ചിട്ടപ്പെടുത്താന്‍ ലിസ്റ്റുകള്‍, ടേബിളുകള്‍, ചിത്രങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗം പരിശീലിപ്പിക്കുക.
- ഓരോ ദിവസവും ശ്രദ്ധയിരുത്തേണ്ട കാര്യങ്ങള്‍ പ്രത്യേകം പട്ടികകളാക്കി നല്‍കാം.
- ഒരു ക്ലാസിനു മുന്നേ പ്രധാനപ്പെട്ട പുത്തന്‍വാക്കുകളുടെ അര്‍ത്ഥം വിശദമാക്കുകയും ഒരു പ്രിന്‍റ്ഔട്ട് ക്ലാസിനിടയില്‍ സംശയനിവാരണത്തിനുപയോഗിക്കാനായി ഇത്തരം കുട്ടികള്‍ക്കു നല്‍കുകയും ചെയ്യാം.
ഒരു പ്രവൃത്തിക്കാവശ്യം വരുന്ന വര്‍ക്കിംഗ് മെമ്മറിയുടെ തോത് കുറയാനും, അതുവഴി കയ്യിലുള്ള വര്‍ക്കിംഗ് മെമ്മറി കൂടുതല്‍ പ്രസക്തമായ മറ്റു കാര്യങ്ങള്‍ക്ക് ഉപയുക്തമാക്കാനാവാനും ഇവയൊക്കെ സഹായിക്കും. അതേസമയം, ഇവയില്‍ പലതിന്‍റെയും ഉപയോഗം പഠിച്ചെടുക്കാന്‍തന്നെ വര്‍ക്കിംഗ് മെമ്മറി വേണ്ടതുണ്ട് എന്നതിനാല്‍ തുടക്കത്തില്‍ വലിയ കാഠിന്യമില്ലാത്ത സാഹചര്യങ്ങളില്‍ ഇവയെ പരിചയപ്പെട്ടെടുക്കാന്‍ അവസരമുണ്ടാക്കിക്കൊടുക്കണം.
തലച്ചോറിനെ സഹായിക്കാം
വര്‍ക്കിംഗ് മെമ്മറിക്കുറവിനെ മറികടക്കാനായി കുട്ടികളെ പഠിപ്പിക്കാവുന്ന ചില വിദ്യകളാണ് ഇനിപ്പറയുന്നത്:
നിര്‍ദ്ദേശങ്ങള്‍ കൊടുക്കുമ്പോള്‍ ഒപ്പം ചെയ്യാനുള്ള കാര്യം വിശദവും വ്യക്തവുമായി ഒന്നു മനക്കണ്ണില്‍ക്കാണാന്‍ പറയുക — ഉദാഹരണത്തിന്, നേരത്തേ പറഞ്ഞപോലെ ഒരു ടീച്ചറെയൊരു കാര്യമറിയിക്കാനുണ്ടെങ്കില്‍ ആ ടീച്ചറുടെ മുറിയിലേക്കുള്ള വഴിയും അവരുടെ മുഖവും അവരോടക്കാര്യം പറയുന്നതും ഒന്നു മനസ്സില്‍ സങ്കല്‍പിച്ചാല്‍ എല്ലാ വിശദാംശങ്ങളും ഓര്‍മയില്‍ നന്നായിപ്പതിയും. അതുപോലെ, വിവരങ്ങളെ അനുബന്ധ വികാരങ്ങളുമായി ഘടിപ്പിച്ച് ഓര്‍മയിലേക്കെടുക്കുന്നതും നല്ലതാണ്. ഉദാഹരണത്തിന്, ഈജിപ്റ്റിലെ പിരമിഡുകള്‍ നിര്‍മിച്ചതെങ്ങനെ എന്നു പഠിക്കുമ്പോള്‍ പൊരിവെയിലില്‍ കൂറ്റന്‍കല്ലുകള്‍ മുകളിലേക്കു തള്ളിക്കൊണ്ടുപോയവരുടെ അവസ്ഥ എന്തായിരുന്നിരിക്കുമെന്ന് ഊഹിച്ചുനോക്കാം.
{xtypo_quote_right}വിവരങ്ങളെ തരംതിരിച്ച് ഉള്‍ക്കൊള്ളുന്നത് വര്‍ക്കിംഗ് മെമ്മറിയുടെ പരിമിതികളെ മറികടക്കാന്‍ സഹായിക്കും.{/xtypo_quote_right}വിവരങ്ങളെ തരംതിരിച്ച് ഉള്‍ക്കൊള്ളുന്നത് വര്‍ക്കിംഗ് മെമ്മറിയുടെ പരിമിതികളെ മറികടക്കാന്‍ സഹായിക്കും. (Chunking എന്നാണ് ഈ വിദ്യയുടെ പേര്.) ഉദാഹരണത്തിന്, 9872344567 എന്ന ഫോണ്‍നമ്പര്‍ ഓര്‍ത്തിരിക്കുക മിക്കവര്‍ക്കും എളുപ്പമാവണമെന്നില്ല. എന്നാല്‍ ആ സംഖ്യകളെ 987 234 4567 എന്നിങ്ങനെ തരംതിരിച്ചിട്ടു ശ്രമിച്ചാലോ? ആദ്യത്തേതില്‍ ഓരോ സംഖ്യയും വെവ്വേറെ വിവരശകലങ്ങളായി നില്‍ക്കുന്നതിനാല്‍ വര്‍ക്കിംഗ് മെമ്മറിയില്‍ പത്തു കാര്യങ്ങള്‍ നിലനിര്‍ത്താനുള്ള ശേഷിയുള്ളവര്‍ക്കേ അതോര്‍ത്തുവെക്കാന്‍ പറ്റൂ. എന്നാല്‍ രണ്ടാമത്തേതില്‍ ഓരോ കൂട്ടമായാണ് സംഖ്യകളെ മനസ്സിലേക്കെടുക്കുന്നത് എന്നതിനാല്‍ വര്‍ക്കിംഗ് മെമ്മറിയില്‍ വെറും മൂന്നു കാര്യങ്ങള്‍ കൊള്ളുന്നവര്‍ക്കും അതോര്‍മയില്‍ നിര്‍ത്താനാവും. പഠനകാര്യത്തിലെ ഉദാഹരണമെടുക്കുകയാണെങ്കില്‍, “പൂവില്‍ നിറഞ്ഞ മധുവോ? പരിപൂര്‍ണേന്ദു തന്‍റെ നിലാവോ?” എന്നതിലെ ആദ്യ മൂന്നു വാക്കുകളെ ഒന്നിച്ച് “പൂവില്‍ നിറഞ്ഞു നില്‍ക്കുന്ന തേന്‍” എന്ന ഒറ്റ വസ്തുതയായി ഉള്‍ക്കൊള്ളുന്നത് ആ വരികള്‍ പഠിക്കുന്ന ജോലിയെളുപ്പമാക്കും.
ഓര്‍മശക്തി ഉപയോഗപ്പെടുത്തുന്ന കളികള്‍ പ്രോത്സാഹിപ്പിക്കുക. ജിഗ്സോ പസിലുകള്‍, മനക്കണക്കു ചെയ്യേണ്ട കളികള്‍, കളിയുടെ നിയമവും മറ്റുള്ളവരുടെ കയ്യില്‍ ഏതൊക്കെ കാര്‍ഡുകളാവാമുള്ളത് എന്നതുമൊക്കെ ഓര്‍മയില്‍ നിര്‍ത്തേണ്ട യുനോ പോലുള്ള കാര്‍ഡ്ഗെയിമുകള്‍ തുടങ്ങിയവ പ്രയോജനകരമാവും. നിശ്ചിത സമയത്തിനുള്ളില്‍ ഒരു വിഭാഗത്തില്‍പ്പെട്ട പരമാവധി വാക്കുകള്‍ പറയിക്കുന്ന “ഒരു മിനിറ്റില്‍ എത്ര മൃഗങ്ങളുടെ പേരു പറയാം?”, “അഞ്ചു മിനിറ്റില്‍ ഒരു പ്രത്യേക അക്ഷരം കൊണ്ടു തുടങ്ങുന്ന എത്ര സിനിമാപ്പേരുകള്‍ പറയാം?” എന്നൊക്കെയുള്ള മത്സരക്കളികളും നല്ലതാണ്.
ഇതിനുപുറമെ താഴെപ്പറയുന്ന വിദ്യകളും പരിശീലിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാം:
- SQ3R, KYL തുടങ്ങിയ പഠനരീതികള്‍. (വിശദാംശങ്ങള്‍ക്ക് 2015 ജനുവരി ലക്കം ഔവര്‍ കിഡ്സ് കാണുക.)
- VIBGYOR എന്നൊക്കെപ്പോലുള്ള mnemonic-കളുടെ ഉപയോഗം.
- വിവരങ്ങളെ ഒരു രൂപത്തില്‍നിന്ന് മറ്റൊന്നിലേക്കു മാറ്റി ഉള്‍ക്കൊള്ളുക. (ഉദാഹരണത്തിന്, ഖണ്ഡികാരൂപത്തിലുള്ള കാര്യങ്ങളെ ചിത്രങ്ങളോ ടേബിളുകളോ ആക്കാം.)
- ദൈര്‍ഘ്യമേറിയ ഭാഗങ്ങളെ ചെറിയ പോയിന്‍റുകളായി വിഭജിച്ച് ഓര്‍മയിലേക്കെടുക്കുക.
- നോട്ട്സ് ഫലപ്രദമായി എഴുതുക.
- പ്രാധാന്യമുള്ള പദങ്ങളെയും വിവരങ്ങളെയും വേര്‍തിരിച്ചറിയുകയും അടയാളമിടുകയും ചെയ്യുക.
- ഔട്ട്‌ലൈനുകളും സംഗ്രഹങ്ങളും ഉണ്ടാക്കുക.
ഓര്‍മശക്തിയുടെ പരിശോധനയില്‍ വൈദഗ്ദ്ധ്യമുള്ള ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ക്ക് ഒരു കുട്ടിക്ക് എന്തൊക്കെ ന്യൂനതകളാണുള്ളത്, അവ ലഘൂകരിക്കുന്നതെങ്ങനെയാണ് എന്നെല്ലാം കൃത്യമായി പറഞ്ഞുതരാനും പ്രസക്തമായ വ്യായാമങ്ങളും മറ്റും നിര്‍ദ്ദേശിക്കാനും കഴിയും. MindSparke, Cogmed, Jungle Memory എന്നിങ്ങനെ ശാസ്ത്രീയപഠനങ്ങളില്‍ ഫലപ്രദമെന്നു തെളിഞ്ഞ ചില കമ്പ്യൂട്ടറധിഷ്ഠിത പരിശീലനങ്ങളും വര്‍ക്കിംഗ് മെമ്മറിയുടെ ശാക്തീകരണത്തിന് ലഭ്യമായുണ്ട്.
(2015 നവംബര്‍ ലക്കം ഔവര്‍ കിഡ്സ് മാസികയില്‍ പ്രസിദ്ധീകരിച്ചത്)
{xtypo_alert}ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.{/xtypo_alert}
Painting: Summertime Reading by Crystal Beshara