മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍
ലൈംഗികപരിജ്ഞാനം അളക്കാം
ലൈംഗികാവയവങ്ങള്‍, സംഭോഗം, ഗര്‍ഭനിരോധനം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവയെപ്പറ്റി നിങ്ങള്‍ക്ക് എത്രത്തോളം വിവരമുണ്ടെന്നു പരിശോധിച്ചറിയാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ താഴെക്കൊടുത്ത ഇരുപത്തഞ്ചു പ്രസ്താവനകള്‍ ഓരോന്നും ശരിയോ തെറ്റോ എന്നു പറയൂ:
- ലിംഗത്തിനു വലിപ്പക്കുറവുള്ള പുരുഷന്മാര്‍ക്ക് സ്ത്രീകളെ തൃപ്തിപ്പെടുത്താനാവില്ല. (ഉത്തരം)
- പതിനെട്ടു വയസ്സു കഴിഞ്ഞാല്‍ ആണ്‍കുട്ടികളുടെ ലിംഗം പിന്നെ വളരില്ല. (ഉത്തരം)
- മുഴുവന്‍ ജീവിതകാലത്തേക്കും വേണ്ടത്ര അണ്ഡങ്ങൾ ജനനസമയത്തു തന്നെ പെണ്‍കുഞ്ഞുങ്ങളുടെയുള്ളില്‍ രൂപപ്പെട്ടിരിക്കും. (ഉത്തരം)
- സംഭോഗത്തിലേർപ്പെട്ട ഒരു സ്ത്രീക്ക് മാസമുറയുണ്ടായിക്കണ്ടാല്‍ അവര്‍ ഗര്‍ഭിണിയായിട്ടില്ല എന്നുറപ്പിക്കാം. (ഉത്തരം)
- സ്ഖലനത്തിനു തൊട്ടുമുൻപ് പുരുഷലിംഗത്തില്‍ നിന്നു സ്രവിക്കപ്പെടുന്ന നിറമില്ലാത്ത ദ്രാവകം യോനിയില്‍ വീണതുകൊണ്ടു ഗർഭമുണ്ടാവില്ല. (ഉത്തരം)
- പങ്കാളിയെ ഗര്‍ഭിണിയാക്കണമെന്നാഗ്രഹമുള്ള കാലങ്ങളില്‍ പുരുഷന്മാര്‍ സ്വയംഭോഗം ഒഴിവാക്കുന്നതാണു നല്ലത്. (ഉത്തരം)
- മാസമുറ സമയത്തെ സംഭോഗം ഗര്‍ഭത്തിനിടയാക്കില്ല. (ഉത്തരം)
- സംഭോഗങ്ങളില്‍ ഏര്‍പ്പെടുന്നത് ആയുസ്സു കൂട്ടും. (ഉത്തരം)
- സംഭോഗസമയത്ത് ചില പ്രത്യേക പൊസിഷനുകള്‍ അവലംബിക്കുക വഴി ഗര്‍ഭസാദ്ധ്യത കുറക്കാം. (ഉത്തരം)
- ഒരേ കോണ്ടം ഒന്നിലധികം തവണ ഉപയോഗിക്കാം. (ഉത്തരം)
- കോണ്ടം ധരിക്കുമ്പോള്‍ കൈ അതിന്‍റെ തുമ്പത്തു തട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. (ഉത്തരം)
- കൂടുതല്‍ സുരക്ഷിതത്വം വേണമെന്നുള്ളപ്പോള്‍ രണ്ടു കോണ്ടങ്ങള്‍ ഒരുമിച്ചു ധരിക്കുന്നതു നല്ലതാണ്. (ഉത്തരം)
- സംഭോഗശേഷം വെള്ളം ചീറ്റിയോ മറ്റോ യോനി നന്നായിക്കഴുകുന്നത് ഗര്‍ഭസാദ്ധ്യത കുറക്കും. (ഉത്തരം)
- ഗര്‍ഭനിരോധന ഗുളികകള്‍ കഴിച്ചാല്‍ ലൈംഗികതൃഷ്ണ കുറയാം. (ഉത്തരം)
- എയിഡ്സ് ചുംബനത്തിലൂടെ പകരില്ല. (ഉത്തരം)
- ഒരേ ലൈംഗികരോഗം പിടിപെട്ട പങ്കാളികള്‍ തമ്മില്‍ ബന്ധപ്പെടുമ്പോള്‍ സുരക്ഷാമാര്‍ഗങ്ങളൊന്നും ഉപയോഗിക്കേണ്ട കാര്യമില്ല. (ഉത്തരം)
- ലൈംഗികരോഗം ബാധിച്ചവരില്‍ പ്രത്യക്ഷത്തില്‍ ഒരു ലക്ഷണവും കണ്ടില്ലെന്നും വരാം. (ഉത്തരം)
- ഗുഹ്യഭാഗങ്ങളില്‍ വ്രണങ്ങള്‍ വല്ലതുമുണ്ടോ എന്നുനോക്കി പങ്കാളിക്ക് എയിഡ്സ് ബാധിച്ചിട്ടുണ്ടോ ഇല്ലേ എന്നുറപ്പു വരുത്താം. (ഉത്തരം)
- ലൈംഗികരോഗം ബാധിച്ചവരുപയോഗിച്ച ടോയ്ലറ്റുകളില്‍ പോയെന്നുവെച്ച് ആ രോഗം പകര്‍ന്നുകിട്ടില്ല. (ഉത്തരം)
- ലൈംഗികരോഗങ്ങള്‍ക്കെതിരെ സുരക്ഷ തരുന്ന ഏക ഗര്‍ഭനിരോധനോപാധി കോണ്ടം മാത്രമാണ്. (ഉത്തരം)
- സ്വപ്നസ്ഖലനങ്ങള്‍ അമിതമായ ലൈംഗികത്വരയുടെ ബഹിര്‍സ്ഫുരണമാണ്. (ഉത്തരം)
- പുരുഷന്മാര്‍ക്ക് ഉദ്ധാരണശേഷി നഷ്ടമാവുന്നത് ഹൃദ്രോഗത്തിന്‍റെ മുന്നോടിയാവാം. (ഉത്തരം)
- ചുംബനം കൊണ്ട് ആരോഗ്യപ്രശ്നങ്ങളൊന്നും വരില്ല. (ഉത്തരം)
- ലൈംഗികപ്രശ്നങ്ങള്‍ക്ക് കൌണ്‍സലിങ്ങിനു പോവുമ്പോള്‍ പങ്കാളിയെ കൂടെക്കൂട്ടാതിരിക്കുന്നതാണ് നല്ലത്. (ഉത്തരം)
- മൊബൈലിലും കമ്പ്യൂട്ടറിലുമൊക്കെ നിരന്തരം നീലച്ചിത്രങ്ങള്‍ കാണുന്നവര്‍ക്ക് സ്വന്തം പങ്കാളികളെ കൂടുതലായി സന്തോഷിപ്പിക്കാനാകും. (ഉത്തരം)
ഉത്തരങ്ങള്‍
- തെറ്റ്. ചെറിയൊരു വിരല്‍ അകത്തുകടത്തുമ്പോള്‍പ്പോലും ടൈറ്റായിത്തന്നെയിരിക്കുന്ന വിധമാണ് യോനിയുടെ നിര്‍മിതി. പുരുഷലിംഗത്തിന്‍റെ സാന്നിദ്ധ്യം സ്ത്രീക്ക് അനുഭവവേദ്യമാക്കുന്ന നാഡികള്‍ ഭൂരിഭാഗവും നിലകൊള്ളുന്നത് യോനീകവാടത്തില്‍ത്തന്നെയാണു താനും. അതുകൊണ്ടുതന്നെ നീളക്കൂടുതലുള്ള ലിംഗത്തിന് കൂടുതലാഴത്തില്‍ച്ചെന്ന് യോനിക്ക് അത്യുത്തേജനം പകരാനാവുമെന്ന അനുമാനം അടിസ്ഥാനരഹിതമാണ്. (അടുത്ത ചോദ്യം)
- ശരി. പ്രായപൂര്‍ത്തിയെത്തുന്നതോടെ മറ്റവയവങ്ങളുടേതു പോലെ ലിംഗത്തിന്‍റെയും വളര്‍ച്ച പൂര്‍ണമാകുന്നുണ്ട്. ഇത് പതിമൂന്നു മുതല്‍ പതിനെട്ടു വരെ വയസ്സിനിടയില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. (അടുത്ത ചോദ്യം)
- ശരി. ഇരുപതു ലക്ഷത്തോളം — ഏകദേശം നാല്‍പത് ചെറുപട്ടണങ്ങളിലെ ജനാവലികള്‍ക്കു ജന്മംനല്‍കാന്‍ വേണ്ടത്ര — അണ്‌ഡങ്ങളുമായാണ് ഓരോ പെണ്‍കുട്ടിയും ജനിക്കുന്നത്. എന്നാല്‍ മറുവശത്ത് പുരുഷന്മാര്‍ ജീവിതകാലത്തുടനീളം പുതുതായി ബീജാണുക്കളെ ഉത്പാദിപ്പിക്കുന്നുണ്ട്. (അടുത്ത ചോദ്യം)
- തെറ്റ്. മിക്കവാറും സന്ദര്‍ഭങ്ങളില്‍ ഇത് ശരിയാവാമെങ്കിലും എപ്പോഴും അങ്ങനെയല്ല. ചില സ്ത്രീകളില്‍ ഗര്‍ഭധാരണത്തിനു ശേഷവും ക്രമം തെറ്റിയ, ലഘുവായ രക്തസ്രാവം കാണപ്പെട്ടേക്കാം. (അടുത്ത ചോദ്യം)
- തെറ്റ്. അതില്‍ ചിലപ്പോള്‍ പുരുഷബീജാണുക്കള്‍ ഉണ്ടാവാം. (അടുത്ത ചോദ്യം)
- ശരി. തുടര്‍ച്ചയായ സ്വയംഭോഗം ബീജാണുക്കളുടെയെണ്ണത്തില്‍ ചെറിയ കുറവിനു നിമിത്തമാവുകയും അങ്ങിനെ ഗര്‍ഭധാരണത്തിനുള്ള സാദ്ധ്യതക്കു മങ്ങലേല്‍ക്കുകയും ചെയ്യാം. (അടുത്ത ചോദ്യം)
- തെറ്റ്. ഗര്‍ഭധാരണസാദ്ധ്യത ഏറ്റവും കുറവുള്ള സമയമാണ് ആര്‍ത്തവവേള എന്നതു ശരിയാണ്. എന്നാല്‍ ആ നേരത്തും ഗര്‍ഭമുണ്ടാവാന്‍ ഏകദേശം രണ്ടു ശതമാനത്തോളം സാദ്ധ്യത ബാക്കിനില്‍ക്കുന്നുണ്ട്. (അടുത്ത ചോദ്യം)
- ശരി. ആരോഗ്യദായകങ്ങളായ പല ഹോര്‍മോണുകളും രതിവേളകളില്‍ സ്രവിക്കപ്പെടുന്നുണ്ട്. ഹൃദ്രോഗം, കാന്‍സര്‍, മാനസികസമ്മര്‍ദ്ദം തുടങ്ങിയവക്കെതിരെ വേഴ്ചകള്‍ നല്ലൊരു പ്രതിരോധവുമാണ്. ആഴ്ചയില്‍ മൂന്നുപ്രാവശ്യത്തോളംവെച്ചു ബന്ധപ്പെടുന്നവര്‍ക്ക് ശരാശരി മൂന്നുവര്‍ഷത്തെ അധികായുസ്സു ലഭിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. (അടുത്ത ചോദ്യം)
- തെറ്റ്. (അടുത്ത ചോദ്യം)
- തെറ്റ്. (അടുത്ത ചോദ്യം)
- തെറ്റ്. കോണ്ടം ധരിക്കുമ്പോള്‍ അതിന്‍റെ അഗ്രഭാഗത്തു ഞെക്കി ഉള്ളിലെ വായു പുറത്തുകളയേണ്ടതുണ്ട്. അല്ലാത്തപക്ഷം ശുക്ലം വന്നുതിങ്ങുമ്പോള്‍ കോണ്ടം പൊട്ടിപ്പോയേക്കാം. (അടുത്ത ചോദ്യം)
- തെറ്റ്. വേഴ്ചാനേരത്ത് അവ അന്യോന്യമുരസി പൊട്ടിപ്പോവാന്‍ ഏറെ സാദ്ധ്യതയുണ്ട്. (അടുത്ത ചോദ്യം)
- തെറ്റ്. വേഴ്ച തീര്‍ന്നയുടന്‍ ഇങ്ങിനെ ചെയ്യുന്നത് ശുക്ലത്തെയും ബീജാണുക്കളെയും കൂടുതലകത്തേക്കു തള്ളിവിടുകയും അങ്ങിനെ ഗര്‍ഭധാരണത്തിനുള്ള സാദ്ധ്യത ഏറ്റുകയും പോലും ചെയ്യാം. (അടുത്ത ചോദ്യം)
- ശരി. ചിലരില്‍ ഇങ്ങിനെ സംഭവിക്കാം. (അടുത്ത ചോദ്യം)
- ശരി. ഉമിനീരില്‍ എയിഡ്സ് വൈറസ് കാണപ്പെട്ടേക്കാം — എന്നാല്‍ മറ്റൊരാളിലേക്കു രോഗം പടര്‍ത്താന്‍ വേണ്ടതിലും എത്രയോ കുറഞ്ഞ അളവില്‍ മാത്രം. (അടുത്ത ചോദ്യം)
- തെറ്റ്. ഒരു രോഗാണുവിന്‍റെ തന്നെ വ്യത്യസ്ത ഇനങ്ങളാവാം പങ്കാളികള്‍ രണ്ടുപേരെയും ബാധിച്ചിട്ടുള്ളത്. തന്മൂലം ഒരാളില്‍ നിന്നു മറ്റേയാളിലേക്ക് രോഗത്തിന്‍റെ പുതിയ വകഭേദങ്ങള്‍ സംക്രമിക്കുകയും ഇത് ചികിത്സ ദുഷ്ക്കരമാക്കുകയും ചെയ്യാം. (അടുത്ത ചോദ്യം)
- ശരി. നിങ്ങളുടെ പങ്കാളിക്കു വല്ല ലൈംഗികരോഗങ്ങളുമുണ്ടെങ്കില്‍ അക്കാര്യം ആ വ്യക്തിക്കു പോലും അജ്ഞമായിരിക്കാം. ഉദാഹരണത്തിന്, എയിഡ്സ് ബാധിച്ചവരില്‍ ഒരു പത്തു വര്‍ഷത്തേക്കൊക്കെ ഒരു ലക്ഷണവും കണ്ടേക്കണമെന്നില്ല. (അടുത്ത ചോദ്യം)
- തെറ്റ്. (അടുത്ത ചോദ്യം)
- ശരി. ലൈംഗികരോഗങ്ങളുണ്ടാക്കുന്ന അണുക്കള്‍ക്കൊന്നും പൊതുവെ മനുഷ്യശരീരങ്ങള്‍ക്കു വെളിയില്‍ അധികനേരം ജീവനോടിരിക്കാനാവില്ല. (അടുത്ത ചോദ്യം)
- ശരി. (അടുത്ത ചോദ്യം)
- തെറ്റ്. ബഹിര്‍ഗമനമാര്‍ഗമൊന്നും കിട്ടാതെ ശരീരത്തില്‍ കെട്ടിക്കിടക്കുന്ന ശുക്ലത്തെ ശരീരം പുറത്തുകളയുന്ന ഒരു സ്വാഭാവികപ്രക്രിയ മാത്രമാണ് സ്വപ്നസ്ഖലനങ്ങള്‍. (അടുത്ത ചോദ്യം)
- ശരി. ഹൃദ്രോഗം സംജാതമാവുന്നത് ഹൃദയപേശികളിലേക്കുള്ള രക്തക്കുഴലുകള്‍ വിവിധ കാരണങ്ങളാല്‍ അടഞ്ഞുപോവുമ്പോഴാണ്. ഇതേ പ്രക്രിയ ലിംഗത്തിലെ രക്തക്കുഴലുകളെ താറുമാറാക്കിത്തുടങ്ങിയതിന്‍റെ സൂചനയാവാം ഒരുപക്ഷേ ഉദ്ധാരണപ്രശ്നങ്ങള്‍. (അടുത്ത ചോദ്യം)
- തെറ്റ്. സിഫിലിസ്, ഹെര്‍പ്പിസ് തുടങ്ങിയ രോഗങ്ങള്‍ ചുംബനത്തിലൂടെ പകര്‍ന്നുകിട്ടാം. (അടുത്ത ചോദ്യം)
- തെറ്റ്. രണ്ടു പേര്‍ക്കും അനുയോജ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കുകയും ഇരുവരും അവ നടപ്പിലാക്കുകയും ചെയ്യേണ്ടത് ശീഘ്രസ്ഖലനം, ഉദ്ധാരണമില്ലായ്ക എന്നിങ്ങനെ മിക്ക ലൈംഗികപ്രശ്നങ്ങളുടെയും കൌണ്‍സലിംഗിനു ഫലംകിട്ടാന്‍ അത്യന്താപേക്ഷിതമാണ്. (അടുത്ത ചോദ്യം)
- തെറ്റ്. മറിച്ച് ഇവയുളവാക്കുക ദാമ്പത്യത്തിലെ വൈകാരികാംശങ്ങളെ നശിപ്പിക്കുക, നിത്യജീവിതത്തിലെ ലൈംഗികതാല്‍പര്യത്തെ ദുര്‍ബലപ്പെടുത്തുക തുടങ്ങിയ ദോഷഫലങ്ങളാണ്.
(2015 ഒക്ടോബര്‍ ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)
Image courtesy: Vladimir Kozma
Stay Informed
When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.