മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

ആണ്‍പെണ്‍മനസ്സുകളുടെ അന്തരങ്ങള്‍

ആണ്‍പെണ്‍മനസ്സുകളുടെ അന്തരങ്ങള്‍

സ്ത്രീക്കും പുരുഷനുമുളള അന്തരങ്ങളെപ്പറ്റി എഴുത്തുകാരും മറ്റും പല നിരീക്ഷണങ്ങളും പങ്കുവെച്ചിട്ടുണ്ട്. “പുരുഷന്‍റെ കുഴപ്പം ഒന്നും ഓര്‍മനില്‍ക്കില്ല എന്നതാണെങ്കില്‍ സ്ത്രീയുടേത് ഒന്നും മറക്കില്ല എന്നതാണ്”, “സ്ത്രീക്കു കുറ്റബോധം തോന്നുക ഏര്‍പ്പെട്ടുകഴിഞ്ഞ വേഴ്ചകളെപ്പറ്റിയാണെങ്കില്‍ പുരുഷനതു തോന്നുക ഏര്‍പ്പെടാനാവാതെ പോയവയെപ്പറ്റിയാണ്”, “സ്ത്രീകള്‍ ബന്ധത്തെക്കരുതി രതിമൂര്‍ച്ഛ അഭിനയിച്ചേക്കാമെങ്കില്‍ പുരുഷര്‍ രതിമൂര്‍ച്ഛയെക്കരുതി ബന്ധം അഭിനയിക്കുന്നവരാണ്.” എന്നിങ്ങനെയൊരു ലൈനിലുള്ള ഉദ്ധരണികള്‍ സുലഭമാണ്. അതൊക്കെയങ്ങിനെ നില്‍ക്കുമ്പോള്‍ത്തന്നെ, ശാസ്ത്രീയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് സ്ത്രീകളുടെയും പുരുഷന്മാരുടെയും തലച്ചോറുകള്‍ തമ്മില്‍ പല വ്യത്യാസങ്ങളുമുണ്ടെന്നും തന്മൂലം ഇരുലിംഗങ്ങളുടെയും മനോവ്യാപാരങ്ങളിലും ബൌദ്ധികശേഷികളിലും ഏറെ അന്തരങ്ങള്‍ വന്നുഭവിച്ചിട്ടുണ്ടെന്നും ആണ്. ഇത്തരം വ്യതിരിക്തതകള്‍ക്കു നിദാനമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്‌ പ്രധാനമായും മൂന്നു ഘടകങ്ങളാണ്.

  1. പരിണാമചരിത്രത്തിലെ ഒട്ടനവധി സഹസ്രാബ്ദങ്ങള്‍ പുരുഷന്‍റെ മുഖ്യ കടമ പക്ഷിമൃഗാദികളെ വേട്ടയാടിക്കൊണ്ടുവരികയും കുടുംബത്തെ കായികമായി സംരക്ഷിക്കുകയും, സ്ത്രീയുടേത് കുട്ടികളെ ശ്രദ്ധിക്കുകയും കായ്കനികള്‍ ശേഖരിക്കുകയുമായിരുന്നു.
  2. ഗര്‍ഭാവസ്ഥയില്‍ ജീനുകളും ലൈംഗികഹോര്‍മോണുകളും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും തലച്ചോറുകളെ രൂപപ്പെടുത്തുന്നത് വ്യത്യസ്തരീതിയിലാണ്.
  3. ജനനശേഷം ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും മാതാപിതാക്കളും മറ്റും പെരുമാറുന്ന രീതിയിലും അന്തരങ്ങളുണ്ട്‌. 

എന്തൊക്കെയാണ് സ്ത്രീക്കും പുരുഷനും ഇതൊക്കെക്കൊണ്ടു കൈവന്ന സവിശേഷതകള്‍ എന്നറിഞ്ഞുവെക്കുന്നത് നമുക്കെല്ലാം തന്നെത്തന്നെയും സ്വലിംഗത്തിലും എതിര്‍ലിംഗത്തിലും പെട്ടവരെയും നന്നായി ഉള്‍ക്കൊള്ളാനാവാനും എല്ലാവരോടും, പ്രത്യേകിച്ച് സ്വന്തം ജീവിതപങ്കാളിയോട്, കാര്യക്ഷമമായും പ്രശ്നരഹിതമായും ഇടപഴകാനാവാനും ഉപകരിക്കും. 

ലൈംഗികഹോര്‍മോണിനെന്താ തലച്ചോറില്‍ക്കാര്യം?

ലൈംഗികഹോര്‍മോണുകള്‍ ഗര്‍ഭസ്ഥശിശുക്കളുടെ മസ്തിഷ്കരൂപീകരണത്തെ സ്വാധീനിക്കുന്നുണ്ടെന്നതിന്‍റെ മികച്ച തെളിവാണ് Congenital adrenal hyperplasia എന്ന രോഗം ബാധിച്ച സ്ത്രീകള്‍ക്കു ജനിക്കുന്ന പെണ്‍കുട്ടികള്‍. ഇത്തരം സ്ത്രീകളില്‍ പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ അമിതയളവിലുണ്ടാവും. പുരുഷഹോര്‍മോണിന്‍റെ ഈ ആധിക്യം അവര്‍ക്കു ജനിക്കുന്ന പെണ്‍കുട്ടികളുടെ തലച്ചോറിനെ മാറ്റിമറിക്കുകയും, പൊതുവെ ആണ്‍കുട്ടികളില്‍ കണ്ടുവരാറുള്ള പല ശീലങ്ങളും ശേഷികളും ആ പെണ്‍കുട്ടികള്‍ക്കു കൈവരുത്തുകയും ചെയ്യുന്നുണ്ട്.

ഇത്തിരി മുഖവുര

ആണ്‍പെണ്‍അന്തരങ്ങളെപ്പറ്റിയുള്ള ഏതു നിരീക്ഷണവും ആശയക്കുഴപ്പങ്ങള്‍ക്കിടയാക്കാനും വളച്ചൊടിക്കപ്പെടാനും ദുരുപയോഗിക്കപ്പെടാനും സാദ്ധ്യതയുണ്ടെന്നതിനാല്‍ ഏതാനും മുന്നറിയിപ്പുകളോടെ തുടങ്ങാം:

  • ഏതെങ്കിലുമൊരു കഴിവ് ഒരു ലിംഗത്തില്‍പ്പെട്ടവര്‍ക്കു കൂടുതലാണ് എന്നുപറഞ്ഞാലതിനെ ആ കഴിവിന്‍റെ കാര്യത്തില്‍ രണ്ടുലിംഗങ്ങളും തമ്മിലുള്ള അന്തരം ഭീമമാണ് എന്നു വ്യാഖ്യാനിക്കരുത് — ആ വ്യത്യാസം തുലോം ചെറുതും ആവാം. 
  • പൊതുവെ സ്ത്രീകളില്‍ കാണപ്പെടുന്നത് എന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന രീതികള്‍ പ്രകടമാക്കുന്ന ചില പുരുഷന്മാരും, തിരിച്ചും, കണ്ടേക്കാം — ഉയരം പൊതുവെ പുരുഷന്മാര്‍ക്കാണ് കൂടുതലെങ്കിലും നല്ല ഉയരമുള്ള സ്ത്രീകളും തീരെ ഉയരമില്ലാത്ത പുരുഷന്മാരും നമുക്കിടയിലുള്ള പോലെതന്നെ. ചിലരുടെ തലച്ചോറുകളുടെ ചില ഭാഗങ്ങള്‍ എതിര്‍ലിംഗത്തിന്റേതു പോലെ പെരുമാറുക അപൂര്‍വമല്ല. അതുകൊണ്ടുതന്നെ, ഈ വിവരങ്ങളെ ഒരിക്കലും കുട്ടികളെ നിരുത്സാഹപ്പെടുത്താന്‍ ഉപയോഗപ്പെടുത്തരുത് — ഉദാഹരണത്തിന്, ഗണിതശാസ്ത്രജ്ഞയാവാന്‍ കൊതിക്കുന്ന പെണ്‍കുട്ടിയോട് “അതിനു ശാസ്ത്രം പറയുന്നത് കണക്കിന്‍റെ കാര്യത്തില്‍ സ്ത്രീകള്‍ പിന്നാക്കമാണെന്നല്ലേ?” എന്നൊന്നും പറഞ്ഞുകളയരുത്. 
  • ലിംഗപരമോ അല്ലാത്തതോ ആയ കാരണങ്ങളാല്‍ ഒരു കഴിവിന്‍റെ കാര്യത്തിലാരെങ്കിലും ഇത്തിരി പിറകോട്ടാണെങ്കില്‍, അത് മസ്തിഷ സവിശേഷതകളുടെ പ്രതിഫലനമാണെങ്കില്‍പ്പോലും, അതിനെ തൂത്തുകളയാനാവാത്തൊരു “തലയിലെഴുത്തെ”ന്നോണം സമീപിക്കരുത്. പരിശീലനവും സ്ഥിരപ്രയത്നവും വഴി അത്തരം ദൌര്‍ബല്യങ്ങള്‍ പരിഹരിക്കാനും തലച്ചോറിനെത്തന്നെ മാറ്റിയെഴുതാനും പലപ്പോഴുമാവാറുണ്ട്.
  • പുരുഷര്‍ ഏതാണ്ടെല്ലാവരുംതന്നെ വേട്ടയില്‍നിന്നു പിന്മാറിയിട്ടും സ്ത്രീകള്‍ കുഞ്ഞുങ്ങളെപ്പോറ്റുന്നതിനൊപ്പംതന്നെ സമസ്ത മേഖലകളിലും സജീവരായിത്തുടങ്ങിയിട്ടും ഏറെക്കാലമായെങ്കിലും നമ്മുടെ ജീനുകളും തലച്ചോറുകളും തദനുസൃതം അധികം പരിഷ്കരിക്കപ്പെടാതെ ഇപ്പോഴും അതിപുരാതനചരിത്രത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കുന്നത് പരിണാമം ഏറെ മന്ദഗതിയില്‍ നടക്കുന്നൊരു പ്രക്രിയയാണ് എന്നതിനാലാണ്. 

ഇത്രയും കാര്യങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ട്, ഇരുലിംഗങ്ങളുടെയും മസ്തിഷ്കഘടനയിലുള്ള വ്യത്യാസങ്ങള്‍ പരിശോധിക്കാം.

തലച്ചോറിലുമുണ്ട്, ആണും പെണ്ണും

പുരുഷശരീരങ്ങള്‍ വലുതാണ്‌ എന്നതിനനുസരിച്ചുള്ള തിരുത്തലുകള്‍ കണക്കിലെടുത്താലും പുരുഷമസ്തിഷ്കങ്ങള്‍ക്ക് സ്ത്രീകളുടേതിനെക്കാള്‍ പത്തു ശതമാനത്തോളം വലിപ്പക്കൂടുതലുണ്ട്. തലച്ചോറുകള്‍ക്ക് നാലു ഭാഗങ്ങള്‍ (ലോബുകള്‍) ഉള്ളതില്‍ നാലിന്‍റെയും കാര്യത്തില്‍ സ്ത്രീപുരുഷന്മാര്‍ക്ക് അന്തരങ്ങളുണ്ട്. പുരുഷന്മാരുടെയും സ്ത്രീകളുടെയും തലച്ചോറുകളില്‍ വെവ്വേറെ രീതികളില്‍ പ്രകടമാവുന്ന 1,349 ജീനുകളുണ്ടെന്നാണ് സ്വീഡനിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഇരുലിംഗങ്ങളുടെയും മസ്തിഷ്കകോശങ്ങള്‍ പരീക്ഷണശാലകളില്‍ “കള്‍ച്ചര്‍” ചെയ്യുമ്പോള്‍ പെരുമാറുന്നതും വിഷപദാര്‍ത്ഥങ്ങളോടു പ്രതികരിക്കുന്നതും വിഭിന്നരീതികളിലാണ്.

തലച്ചോറിന്‍റെ ഓരോ ഭാഗത്തിനും ഇതര ഭാഗങ്ങളുമായി നല്ല “വയറിംഗും” ബന്ധവുമുള്ളത് സ്ത്രീകളിലാണ്. അതുകൊണ്ടുതന്നെ സങ്കീര്‍ണമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ തലച്ചോറിന്‍റെ ഇരുവശങ്ങളെയും വിവിധഭാഗങ്ങളെയും സമന്വയിപ്പിക്കാനും കാര്യക്ഷമമായി ഉപയോഗിക്കാനും അവര്‍ക്കാവുന്നുണ്ട്. ഇക്കാരണത്താല്‍ത്തന്നെ, ഒരേ നേരത്ത് ഒന്നിലധികം ജോലികള്‍ ചെയ്യുന്ന കാര്യത്തില്‍ സാമര്‍ത്ഥ്യക്കൂടുതലുള്ളതും സ്ത്രീകള്‍ക്കാണ്. 

ഇത്തരം മസ്തിഷ്കവ്യത്യസ്തതകള്‍ ഇരുലിംഗങ്ങളെയും മറ്റു ശേഷികളുടെ കാര്യത്തില്‍ എങ്ങിനെയാണ് വിഭിന്നരാക്കുന്നത് എന്നുനോക്കാം.

ഓര്‍മരാക്ഷസികള്‍

ഓര്‍മകളുടെ രൂപീകരണത്തില്‍ മുഖ്യപങ്കുവഹിക്കുന്ന ഹിപ്പോകാമ്പസ് സ്ത്രീകളില്‍ കൂടുതല്‍ വലുതും സക്രിയവുമാണ്. സംഭവങ്ങളെയും വസ്തുതകളെയും പറ്റിയുള്ള ഓര്‍മകളെ (declarative memory) സ്ത്രീഹോര്‍മോണായ ഈസ്ട്രോജന്‍ സഹായിക്കുന്നുമുണ്ട് — കുടുംബചരിത്രമൊക്കെ നന്നായോര്‍ത്തിരിക്കാന്‍ സ്ത്രീകള്‍ക്കാവും പറ്റുക.

ഒരു സാധനം എവിടെയാണ് എന്നോര്‍ത്തുവെക്കാനുള്ള കഴിവും സ്ത്രീകള്‍ക്കാണ് കൂടുതലുള്ളത്. താക്കോല്‍ എവിടെക്കൊണ്ടാണു വെച്ചത്, ഒരു ബ്രാന്‍റ് അച്ചാര്‍ സൂപ്പര്‍മാര്‍ക്കറ്റിന്‍റെ ഏതു മൂലയിലാണ്, പുതിയ പ്രൊജക്റ്റിന്‍റെ ഫയല്‍ ഏതു ഷെല്‍ഫിലാണ് എന്നൊക്കെ നന്നായോര്‍ക്കാന്‍ അവര്‍ക്കാണാവുക. ഈ കഴിവവര്‍ക്കു കിട്ടിയത് പണ്ട് കായ്കനികള്‍ തിരഞ്ഞു കുറേയലഞ്ഞതിന്‍റെ ഫലമായാവണം. 

വൈകാരികമായ ഓര്‍മ്മകളെ ദ്രുതവേഗത്തില്‍, മിഴിവോടും തീവ്രതയോടും സ്മൃതിപഥത്തിലേക്കു കൊണ്ടുവരാനാവുന്നതും സ്ത്രീകള്‍ക്കാണ്. ഇതിനാല്‍ത്തന്നെ വഴക്കുകളും മറ്റു ദുരനുഭവങ്ങളും മറന്നൊഴിവാക്കുക അവര്‍ക്കു കൂടുതല്‍ ക്ലേശകരമാവും. വിഷാദവും ഉത്ക്കണ്ഠാരോഗങ്ങളും അവരെ കൂടുതലായി ബാധിക്കുന്നതിന്‍റെ ഒരു കാരണവും ഇതുതന്നെയാണ്. 

ഈ ഗുലുമാലൊക്കെ എന്തിന്?

പരിണാമപരമായി ഉയര്‍ന്നു നില്‍ക്കുന്ന മനുഷ്യരടക്കമുള്ള ജീവികളില്‍ ആണും പെണ്ണും എന്നിങ്ങനെ രണ്ടു ലിംഗങ്ങള്‍ ഉരുത്തിരിയാന്‍ എന്താവും കാര്യം? പല സൂക്ഷ്മജീവികളെയും പോലെ ശരീരത്തെ വിഭജിപ്പിച്ചോ മറ്റോ പരമ്പര നിലനിര്‍ത്തിയാല്‍ പോരായിരുന്നോ? രണ്ടു ലിംഗങ്ങളില്‍പ്പെട്ടവര്‍ ലൈംഗികബന്ധത്തിലൂടെ പ്രത്യുല്പാദനം നടത്തുന്നതിന്‍റെ മുഖ്യ ഗുണം, മാതാപിതാക്കളുടെ ജീനുകള്‍ പ്രത്യേകിച്ചൊരു ക്രമവുമില്ലാതെ കൂട്ടിക്കലര്‍ത്തി മക്കളോരോരുത്തര്‍ക്കും ലഭ്യമാവുമെന്നതാണ്. മക്കള്‍ തമ്മില്‍ വൈജാത്യങ്ങളുണ്ടാവാനും, അവരില്‍ച്ചിലര്‍ക്കെങ്കിലും പ്രതികൂല പരിതസ്ഥിതികളെ അതിജയിക്കാനുള്ള കഴിവും മറ്റു സദ്‌ഗുണങ്ങളും കിട്ടാനും, അങ്ങിനെ വംശം കുറ്റിയറാതെ നിലനില്‍ക്കാനും ഇതേറെ സഹായകമാണ്.

കപ്പിത്താന്മാരും കണക്കപ്പിള്ളമാരും

ദിക്കുകള്‍ കണക്കുകൂട്ടി യാത്രചെയ്യാനും മാപ്പുകള്‍ നോക്കി വഴി മനസ്സിലാക്കാനും ചലിക്കുന്ന വസ്തുക്കളുടെ വേഗത അനുമാനിക്കാനും എറിയുകയോ മറ്റോ ചെയ്യുമ്പോള്‍ കോണളവുകള്‍ കൃത്യമായി ഊഹിക്കാനും ആകൃതികളെ നന്നായി ഗ്രഹിച്ചെടുക്കാനുമുള്ള കഴിവുകള്‍ ഏറെയുള്ളത് പുരുഷന്മാര്‍ക്കാണ്. ദൃശ്യങ്ങളും സ്ഥലങ്ങളുമായി ബന്ധപ്പെട്ട പരൈറ്റല്‍ലോബിലെ ഭാഗങ്ങള്‍ അവരില്‍ കൂടുതല്‍ വലുതായതിനാലാണിത്. വേട്ടമൃഗങ്ങളെ പിന്തുടരാനും എറിഞ്ഞുപിടിക്കാനുമൊക്കെ ഈ കഴിവുകള്‍ പണ്ടവര്‍ക്ക് മുതല്‍ക്കൂട്ടായിരുന്നിരിക്കണം. ഗണിതശാസ്ത്രജ്ഞരും വിമാനപൈലറ്റുമാരും വാസ്തുശില്പികളും ഭൂരിപക്ഷവും പുരുഷന്മാരായിരിക്കുന്നത് ഇത്തരം പാടവങ്ങളില്‍ അവര്‍ മുന്നാക്കമായതിനാലാവാം. ത്രിമാന വസ്തുക്കളെ അകക്കണ്ണില്‍ കറക്കിയും തിരിച്ചും പരിശോധിക്കാനുള്ള കഴിവും പുരുഷന്മാര്‍ക്കാണ് കൂടുതല്‍ — വെള്ളം പുറത്തേക്കൊഴുക്കാന്‍ പാത്രം എന്തുമാത്രം ചരിക്കണം എന്നൂഹിക്കാനും, കപ്പികളും കയറുകളും ഉള്‍പ്പെട്ടതു പോലുള്ള പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനും, ബാസ്ക്കറ്റ്ബോളും ഗോള്‍ഫും പോലുള്ള കളികളിലും ഇതവര്‍ക്കു പ്രയോജനപ്പെടുന്നുമുണ്ടാവും. 

മറുവശത്ത്, സ്ത്രീകള്‍ക്ക് വണ്ടിയോടിക്കുമ്പോഴും മറ്റും ദിക്കുകളോ മാപ്പുകളോ അല്ല, വഴിയരികിലെ ബില്‍ഡിങ്ങുകളോ മറ്റടയാളങ്ങളോ ആണ് നല്ല വഴികാട്ടികളാവുക. 

മനസ്സറിയും യന്ത്രം

പുരുഷന്മാര്‍ക്കു പൊതുവേ തോന്നാറുള്ള ഒരു കാര്യമാണ്, തങ്ങളുടെ മനസ്സുവായിക്കാനുള്ള എന്തോ യന്ത്രമോ മന്ത്രമോ സ്ത്രീകളുടെ കൈവശമുണ്ടെന്നത്. ശാസ്ത്രം ഇതു ശരിവെക്കുകയും ഇതിനു പല വിശദീകരണങ്ങളും നല്‍കുകയും ചെയ്തിട്ടുണ്ട്. ശരീരഭാഷ — മുഖഭാവങ്ങളും സ്വരഭേദങ്ങളും അംഗവിന്യാസങ്ങളുമെല്ലാം — ഗ്രഹിച്ചെടുക്കാനുള്ള കഴിവ് നന്നായുള്ളതിനാലാണ് മറ്റുളളവരുടെ ഉള്ളൂഹിക്കാന്‍ സ്ത്രീകള്‍ക്ക് എളുപ്പത്തിലാവുന്നത്. പിഞ്ചുകുഞ്ഞുങ്ങളുടെ കരച്ചിലുകളെയും ഭാവമാറ്റങ്ങളെയും വ്യാഖ്യാനിക്കാനും അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാനും ഈ കഴിവവര്‍ക്ക് എന്നും കൂട്ടായിട്ടുമുണ്ട്. ഒപ്പം, ഭര്‍ത്താക്കന്മാരോ മേലധികാരികളോ അപരിചിതര്‍ പോലുമോ എന്താണ് ചിന്തിക്കുന്നും പ്ലാനിടുന്നുമുണ്ടാവുക എന്നൂഹിക്കാനും ഇതവരെ പ്രാപ്തരാക്കുന്നുണ്ട്. നുണകള്‍ തിരിച്ചറിയാനുള്ള സിദ്ധിയും ഇതിനാലവര്‍ക്കു കിട്ടിയിട്ടുണ്ട് — ഒരു പഠനം കണ്ടെത്തിയത്, ഒരാണും പെണ്ണും ശരിക്കും അടുപ്പത്തിലാണോ അതോ അവരിലാരെങ്കിലും പ്രേമം നടിക്കുന്നതാണോ എന്ന് ഒറ്റനോട്ടത്തില്‍പ്പറയാന്‍ സ്ത്രീകള്‍ക്കാണ് കൂടുതല്‍ കൌശല്യമെന്നാണ്. ശരീരഭാഷ വായിക്കാന്‍ നല്ല ശേഷിയുള്ളതിനാല്‍ത്തന്നെ, ആരെങ്കിലും ഒട്ടും പ്രതികരിക്കാതിരിക്കുകയോ നിര്‍വികാരത പ്രകടിപ്പിക്കുകയോ ചെയ്താല്‍ അതവര്‍ക്ക് അസഹനീയമാവുകയും ചെയ്യാം.

ശരീരഭാഷ ഗ്രഹിക്കുന്നതില്‍ പരിശീലനം നേടുന്ന പുരുഷന്മാര്‍ക്ക് ഇക്കാര്യങ്ങളില്‍ സ്ത്രീകള്‍ക്കൊപ്പമെത്താനാവുമെന്നും സൂചനകളുണ്ട്.

ഇന്ദ്രിയങ്ങള്‍, ആവശ്യാനുസരണം

കണ്മുമ്പില്‍ വല്ലതും ഇളകുന്നത് എളുപ്പത്തില്‍ മനസ്സിലാക്കാനാവുക പുരുഷന്മാര്‍ക്കാണെങ്കില്‍, എന്തിന്‍റെയെങ്കിലും നിറങ്ങള്‍ തമ്മിലെ നേരിയ വ്യത്യാസം പോലും വേര്‍തിരിച്ചറിയാനാവുക സ്ത്രീകള്‍ക്കാണ് — യഥാക്രമം വേട്ടയാടിയും കായ്കനികള്‍ പറിച്ചും നടന്നതിന്‍റെ അനന്തരഫലം.

ഗന്ധങ്ങള്‍ എളുപ്പം ശ്രദ്ധയില്‍പ്പെടുന്നതും അവ എന്തിന്റേതാണെന്ന് ക്ഷണത്തില്‍ ഗ്രഹിച്ചെടുക്കാനാവുന്നതും സ്ത്രീകള്‍ക്കാണ് — ഗര്‍ഭകാലത്ത് വിഷപദാര്‍ത്ഥങ്ങള്‍ ദേഹത്തുകടക്കാതിരിക്കാന്‍ പ്രകൃതിചെയ്ത സൂത്രം. കുട്ടികളുടെ കരച്ചില്‍ പോലുള്ള നല്ല ആവൃത്തിയുള്ള ശബ്ദങ്ങള്‍ നന്നായി കേള്‍ക്കാനാവുന്നതും അവര്‍ക്കുതന്നെയാണ്.

തൊലിക്കട്ടി (അക്ഷരാര്‍ത്ഥത്തില്‍) കൂടുതലുള്ളത് പുരുഷന്മാര്‍ക്കാണ്. കൌമാരത്തോടെ, മല്‍പ്പിടിത്തങ്ങളുടെയും മറ്റും വേദന ലഘൂകരിക്കാനെന്നോണം, ആണ്‍കുട്ടികളുടെ തൊലിക്ക് ഏറെ സംവേദനശേഷി നഷ്ടമാവുന്നുമുണ്ട്.

മധുരം വിവേചിച്ചറിയുന്നതില്‍ മുന്‍പന്തിയില്‍ സ്ത്രീകളാണ്. ശേഖരിക്കുന്ന ഫലങ്ങള്‍ പഴുത്തതാണോ, കുട്ടികള്‍ക്കു കൊടുക്കാമോ എന്നു പരിശോധിക്കാന്‍ ഒരു കാലത്തവര്‍ക്കു തുണയായിരുന്ന ഈ കഴിവ് ഇന്നുമവരെ മധുരത്തോടു വല്ലാതെ കൊതിയുള്ളവരാക്കുന്നുണ്ട്.

ആണ്‍കണ്ണുകള്‍ അടങ്ങിയിരിക്കാത്തത്

സുന്ദരിയായ ഭാര്യയോടൊത്തിരിക്കുമ്പോഴും പുരുഷന്മാര്‍ കണ്ണുവെട്ടത്തുപെടുന്ന മറ്റു സ്ത്രീകളെ സ്വയമറിയാതെ നോക്കിപ്പോവാന്‍ എന്താവും കാര്യം? വേലിചാടാനുള്ള ബോധപൂര്‍വമായ ത്വരയാവണമെന്നില്ല ഇതിനുപിന്നില്‍. മറിച്ച്, തന്‍റെ ജീനുകള്‍ക്ക് പുതുതലമുറയിലേക്കു പ്രയാണം തുടരാന്‍ അവസരമൊരുക്കിയേക്കാവുന്നത്ര ആരോഗ്യമുള്ള പെണ്‍ശരീരങ്ങളും തിരഞ്ഞ് കാടുകളിലലഞ്ഞ ഒരു ഭൂതകാലത്തിന്‍റെ ശേഷിപ്പുകളാണ് ഇവിടെ പ്രകടമാവുന്നത്. ഇത്തരം നോട്ടങ്ങള്‍ കൂടുതലും പതിയുന്നത് കുട്ടികളെ പ്രസവിക്കാനും പോറ്റാനും നന്നായുതകുന്ന ശരീരഘടനയുള്ള — വലിയ ഇടുപ്പും സ്തനങ്ങളുമുള്ള — സ്ത്രീകളിലാവുന്നതും ഇതേ കാരണത്താലാണ്. ഒപ്പം, പുരുഷന്മാര്‍ ദൃശ്യങ്ങളാല്‍ കൂടുതല്‍ ഉത്തേജിതരാവുന്നവരാണ്, പ്രകൃത്യാ തന്നെ “വറൈറ്റി” തേടുന്നവരാണ് എന്നീ വശങ്ങളും പ്രസക്തമാണ്.

വൈകാരികതയുടെ ഉള്ളുകള്ളികള്‍

സ്ത്രീകള്‍ “വികാരജീവി”കളാണ് എന്ന ധാരണക്ക് കുറച്ചൊക്കെ ശാസ്ത്രീയ പിന്‍ബലമുണ്ട്. വികാരോത്പാദനവുമായി ബന്ധപ്പെട്ട ലിംബിക് സിസ്റ്റത്തിലെ പല ഭാഗങ്ങള്‍ക്കും അവരില്‍ വലിപ്പക്കൂടുതലുണ്ട്. തങ്ങളുടെ വികാരങ്ങളെ സ്വയം തിരിച്ചറിയാനും നന്നായി പ്രകടിപ്പിക്കാനും കഴിവുകൂടുതലുള്ളതും അവര്‍ക്കാണ്. സ്ത്രീകള്‍ പൊതുവെ പുരുഷന്മാരെക്കാള്‍ ചിരിക്കാറും കരയാറുമുണ്ട്.

സിങ്കുലേറ്റ് ഗൈറസ് എന്ന മസ്തിഷ്കഭാഗത്തേക്കു നന്നായി രക്തയോട്ടമുള്ളത് സ്ത്രീകള്‍ക്കാണ് എന്നതിനാല്‍ വൈകാരികമായ ഓര്‍മകളെ ഇടക്കിടെ മനസ്സിലേക്കെടുക്കാനും അയവിറക്കാനുമുള്ള പ്രവണത അവര്‍ക്കു കൂടുതലുണ്ട്. ഇതവര്‍ക്ക്, പ്രത്യേകിച്ച് ഹോര്‍മോണുകളില്‍ ഏറ്റക്കുറച്ചിലുണ്ടാവുന്ന ആര്‍ത്തവവും പ്രസവവും പോലുള്ള വേളകളില്‍, വിഷാദത്തിനും മറ്റും സാദ്ധ്യതയേറ്റുന്നുമുണ്ട്. പുരുഷന്മാരാവട്ടെ, വൈകാരികമായ ഓര്‍മ്മകള്‍ മനസ്സിലേക്കുവന്നാല്‍ അതേപ്പറ്റി അല്‍പനേരം മാത്രം ചിന്തിച്ചും വിശകലനംചെയ്തും അടുത്ത പരിപാടിയിലേക്ക് കടക്കുകയാണു ചെയ്യുക. 

മറ്റുള്ളവരുടെ വികാരങ്ങളെ വേഗത്തിലും കൃത്യതയോടും വായിച്ചെടുക്കാനും അതിന്‍റെ വെളിച്ചത്തിലവരോടു താല്പര്യം കാണിക്കാനുമുള്ള കഴിവ് —സമഷ്ടിസ്നേഹം (empathy) — കൂടുതലുള്ളതും സ്ത്രീകള്‍ക്കാണ്. ഈ ശേഷി നമുക്കു തരുന്ന mirror neurons എന്ന നാഡികള്‍ പേടിയോ സങ്കടമോ ഉള്ള മുഖങ്ങള്‍ ദര്‍ശിക്കുമ്പോള്‍ സ്ത്രീകളില്‍ കൂടുതല്‍ ഉത്തേജിതമാവുന്നുണ്ട്. മറ്റു ജീവികളെയപേക്ഷിച്ച് മനുഷ്യക്കുഞ്ഞുങ്ങള്‍ക്ക് സ്വന്തംകാലില്‍ നില്‍ക്കാനാവാന്‍ ഏറെ നാളെടുക്കുമെന്നതിനാല്‍ അവരുടെ കാര്യം അമ്മമാരെയേല്‍പിക്കുമ്പോള്‍ ഒരുറപ്പിനു വേണ്ടിയിട്ടാവാം പ്രകൃതി അവര്‍ക്കീ ഗുണം വാരിക്കോരികൊടുത്തത്. പുരുഷന്മാരോട് ഇക്കാര്യത്തില്‍ പിശുക്കുകാണിച്ചത് മൃഗങ്ങളെ വേട്ടയാടുന്നതിനിടയില്‍ സെന്‍റിമെന്‍റ്സ് കയറിവന്നു കുഴപ്പമാവേണ്ട എന്നുകരുതിയുമാവാം.

സൂക്ഷിക്കുക, പ്രശ്നപരിഹാരനേരമാണ്

പ്രശ്നങ്ങള്‍ വല്ലതിന്‍റെയും പരിഹാരത്തിനായി “തലപുകക്കുമ്പോള്‍” പുരുഷന്മാര്‍ മുഖ്യമായും ഉപയോഗിക്കുന്നത് തലച്ചോറിന്‍റെ ഇടതുഭാഗത്തെയാണ്. ശ്രദ്ധ മൊത്തം കണ്മുമ്പിലെ പ്രശ്നത്തില്‍ കേന്ദ്രീകരിച്ച്, ഒരു ഗണിതപ്രശ്നത്തിന് ഉത്തരം കാണുന്ന പോലെ ഘട്ടംഘട്ടമായി പരിഹാരങ്ങള്‍ തേടുകയാണ് അവരുടെ രീതി. അത്രയുംനേരം അവരുടെ മനസ്സിലാ പ്രശ്നം നിറഞ്ഞിരിക്കുകയാവും എന്നതിനാലാണ് ഒരു കാര്യത്തെപ്പറ്റി കൂലങ്കഷമായാലോചിക്കുന്ന പുരുഷന്മാരുടെയടുക്കല്‍ മറ്റു വല്ലതും പറയാന്‍ചെന്നാല്‍ പലപ്പോഴും മോശം പ്രതികരണം കിട്ടുന്നത്.

എന്നാല്‍ സ്ത്രീകളാവട്ടെ, മുമ്പുപറഞ്ഞപോലെ മസ്തിഷ്കഭാഗങ്ങള്‍ അന്യോന്യം നന്നായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, തലച്ചോറിന്‍റെ ഇരുഭാഗങ്ങളെയും ഉള്‍പ്പെടുത്തി, അവര്‍ക്കു സമൃദ്ധമായുള്ള ഓര്‍മശക്തിയും വൈകാരികശേഷികളും പ്രയോജനപ്പെടുത്തി, കൂടുതല്‍ ക്രിയാത്മകമായാണ് പ്രശ്നങ്ങളെ സമീപിക്കുക.

ഉള്ളുതുറക്കും, നന്നായടുക്കും

ആശയവിനിമയസാമര്‍ത്ഥ്യത്തിലും അര്‍ത്ഥവത്തും ഈടുറപ്പുള്ളതുമായ വ്യക്തിബന്ധങ്ങള്‍ക്കുള്ള പാടവത്തിലും മികവു സ്ത്രീകള്‍ക്കാണ്. മസ്തിഷ്കകേന്ദ്രങ്ങള്‍ തമ്മില്‍ നല്ല ബന്ധമുള്ളതും, ശരീരഭാഷയിലെ നൈപുണ്യവും വികാരങ്ങളെ വായിക്കാനുള്ള ശേഷിയും സമഷ്ടിസ്നേഹവും വേണ്ടുവോളമുള്ളതും ഇതിനവര്‍ക്കു തുണയാവുന്നുണ്ട്. അതേസമയം, ഇപ്പറഞ്ഞ കാര്യങ്ങളിലെല്ലാം ഇരുലിംഗങ്ങളും വിഭിന്നരാണെന്നത് രണ്ടുകൂട്ടര്‍ക്കുമിടയിലെ സംഭാഷണങ്ങളിലും ബന്ധങ്ങളിലും ചിലപ്പോഴെങ്കിലും കല്ലുകടി സൃഷ്ടിക്കുകയും ചെയ്യാം. 

രണ്ടു തെറ്റിദ്ധാരണകള്‍

സ്ത്രീകള്‍ വായാടികളാണെന്ന മുന്‍വിധി അവാസ്തവികമാണ്. ഇരുലിംഗങ്ങളും ഒരു ദിവസം സംസാരിക്കുന്ന വാക്കുകളുടെയെണ്ണത്തില്‍ വലിയ അന്തരമില്ലെന്നാണ് ഗവേഷകമതം.

“പെണ്‍ബുദ്ധി പിന്‍ബുദ്ധി” എന്ന പഴഞ്ചൊല്ല് പതിരാണ്. ബുദ്ധിശക്തിയില്‍ സ്ത്രീകളും പുരുഷരും തുല്യരാണെന്ന് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

കൈക്കരുത്തും ഉള്‍ക്കരുത്തും

ആക്രമണോത്സുകതയില്‍ മുമ്പര്‍ പുരുഷന്മാര്‍ തന്നെയാണ്. ലോകത്തെ കൊലപാതകങ്ങളുടെ തൊണ്ണൂറോളം ശതമാനവും ലൈംഗികാതിക്രമങ്ങള്‍ ഏതാണ്ട് മുഴുവനുംതന്നെയും അവരുടെ വിക്രിയകളാണ്. മിക്ക നാടുകളിലെയും ജയിലുകളില്‍ തൊണ്ണൂറ്റഞ്ചോളം ശതമാനം അവരാണ്. മികച്ച ശാരീരികക്ഷമതയും, ഏറെക്കാലം വേട്ടയാടിനടക്കുകയും കുടുംബത്തിനു സുരക്ഷയൊരുക്കുകയും നല്ല ഇണകള്‍ക്കായി മറ്റു പുരുഷരോടു പൊരുതുകയും ചെയ്ത പാരമ്പര്യവും ഇതിനവര്‍ക്കു കൂട്ടുകൊടുക്കുന്നുണ്ട്. ആക്രമണോത്സുകത ജനിപ്പിക്കുന്ന അമിഗ്ഡല എന്ന മസ്തിഷ്കഭാഗം പുരുഷന്മാരില്‍ വലുതാണെന്നു മാത്രമല്ല, പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന് അതിനെ പ്രകോപിപ്പിക്കാനാവുന്നുമുണ്ട്. 

മറുവശത്ത്, അമിഗ്ഡലക്കു കടിഞ്ഞാണായി വര്‍ത്തിക്കുകയും പ്രശ്നങ്ങള്‍ക്ക് വിചിന്തനത്തിലൂടെ പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്ന പ്രീഫ്രോണ്ടല്‍കോര്‍ട്ടക്സിന് കൂടുതല്‍ വലിപ്പം സ്ത്രീകളിലാണ്. കുട്ടികളുടെ സംരക്ഷണം അവരുടെ ചുമലിലാണ് എന്നതിനാലാവാം പ്രകൃതി സ്ത്രീകളെ ഈ വിധമാക്കിയത്. 

സമ്മര്‍ദ്ദസാഹചര്യങ്ങളോട് പുരുഷന്മാര്‍ അക്രമാസക്തരായോ ഭീതിയോടെയോ പ്രതികരിക്കാന്‍ സാദ്ധ്യത കൂടുതലാണെങ്കില്‍ സ്ത്രീകള്‍ അത്തരമവസരങ്ങളില്‍ ആദ്യം ശ്രദ്ധിക്കുക തങ്ങളുടെയും മക്കളുടെയും സുരക്ഷ ഉറപ്പുവരുത്താനും പ്രശ്നത്തെ മറികടക്കാനുതകുന്ന തരം ബന്ധങ്ങള്‍ വളര്‍ത്താനുമാണ്. സമ്മര്‍ദ്ദവേളകളില്‍ ഇരുലിംഗങ്ങളിലും ഓക്സിട്ടോസിന്‍ എന്ന, ആകുലതകളെ മയപ്പെടുത്തുകയും വ്യക്തിബന്ധങ്ങള്‍ക്കു പ്രേരിപ്പിക്കുകയും ചെയ്യുന്ന ഹോര്‍മോണ്‍ സ്രവിക്കപ്പെടുന്നുണ്ട്. ഈ ഓക്സിട്ടോസിന് സ്ത്രീഹോര്‍മോണായ ഈസ്ട്രോജന്‍ തുണകൊടുക്കുമെങ്കില്‍ പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ അതിനെ ദുര്‍ബലപ്പെടുത്തുകയാണ് എന്നതാണ് മേല്‍പ്പറഞ്ഞ വ്യതിരിക്തതകള്‍ക്കു കാരണം. 

ലേശം കിടപ്പറക്കാര്യം കൂടി

പരിണാമം സ്ത്രീയുടെയും പുരുഷന്‍റെയും ലൈംഗികതയെ രൂപപ്പെടുത്തിയത് പ്രത്യുല്പാദനം ആവുന്നത്ര വിജയകരമാക്കുക എന്ന ഉദ്ദേശത്തോടെയാണ്. പുരുഷന്മാര്‍ക്ക് ഏതു വിധേനയും സ്വന്തം ജീനുകള്‍ക്ക് ഭാവിയിലേക്ക് ആവുന്നത്ര വഴികളൊരുക്കുക എന്ന ലക്ഷ്യവും യഥാവിധി സമൃദ്ധമായ ലൈംഗികതൃഷ്ണയും നല്‍കപ്പെട്ടപ്പോള്‍, ഗര്‍ഭത്തിന്‍റെയും പ്രസവത്തിന്‍റെയും കുട്ടികളെ വളര്‍ത്തേണ്ടതിന്‍റെയുമൊക്കെ കഷ്ടതകള്‍ സഹിക്കേണ്ടതുള്ള സ്ത്രീകള്‍ക്ക് ഇക്കാര്യത്തില്‍ നല്ല മിതത്വമാണ് കിട്ടിയത്. 

ഹൈപ്പോതലാമസ് എന്ന മസ്തിഷ്കഭാഗത്തിലെ ലൈംഗികതയുമായി ബന്ധപ്പെട്ട കോശങ്ങള്‍ക്ക് പുരുഷന്മാരില്‍ ഇരട്ടി വലിപ്പമുണ്ട്. ലൈംഗികാവയവങ്ങളിലെ സ്പര്‍ശങ്ങളും ലൈംഗികമായ ദൃശ്യങ്ങളും പുരുഷമസ്തിഷ്കങ്ങളിലെ ലൈംഗികകേന്ദ്രങ്ങളെ കൂടുതല്‍ ഉദ്ദീപിപ്പിക്കുന്നുണ്ട്. ലൈഗികകാര്യങ്ങള്‍ ചിന്തിക്കുന്നതും അശ്ലീലചിത്രങ്ങള്‍ കാണുന്നതും സ്വയംഭോഗംചെയ്യുന്നതും അവിഹിത ബന്ധങ്ങളിലേര്‍പ്പെടുന്നതും കൂടുതലും പുരുഷന്മാരാണ്. ലിംഗോദ്ധാരണമെന്ന എളുപ്പം തിരിച്ചറിയാവുന്നൊരു “ലക്ഷണം” സ്വന്തമായുള്ളതിനാല്‍ താന്‍ ലൈംഗികമായി ഉത്തേജിക്കപ്പെട്ടോ എന്നു മനസ്സിലാക്കുക പുരുഷന്മാര്‍ക്കു കൂടുതലെളുപ്പമാണ്.

വൈകാരിക അടുപ്പമുള്ളവരുമായേ വേഴ്ചയാകാവൂ എന്ന കാഴ്ചപ്പാടു പുലര്‍ത്തുക കൂടുതലും സ്ത്രീകളാണ്. സ്ത്രീകളുടെ ലൈംഗികാസക്തി ഏറെ ലോലമാണ് — പങ്കാളിയുമായുള്ളൊരു കുഞ്ഞുവഴക്കിനുപോലും അതിനെ ആവിയാക്കാനായേക്കും. അതേസമയം, പുരുഷന്മാര്‍ക്ക് രതിമൂര്‍ച്ഛയനുഭവപ്പെടുക പ്രധാനമായും സംഭോഗവേളയിലാണ് എങ്കില്‍ സ്ത്രീകള്‍ക്ക് ഇതര ലൈംഗികകേളികള്‍ക്കിടയിലും അതു കിട്ടാം. മിക്ക പുരുഷന്മാര്‍ക്കും ഒരു രതിമൂര്‍ച്ഛ കഴിഞ്ഞാല്‍ ഒരിടവേളക്കു ശേഷമേ അടുത്തതനുഭവിക്കാനാവൂ എങ്കില്‍ മിക്ക സ്ത്രീകള്‍ക്കും അങ്ങിനെയൊരു പരിമിതിയില്ല. പുരുഷന്മാരുടെ ലൈംഗികകാഴ്ചപ്പാടുകളും ശീലങ്ങളും ഒരിക്കല്‍ രൂപീകരിക്കപ്പെട്ടാല്‍ പിന്നെയതില്‍ ഇളക്കംതട്ടുക ബുദ്ധിമുട്ടാണെങ്കില്‍ സ്ത്രീകളുടെ കാര്യം അങ്ങനെയല്ല — ഉന്നതവിദ്യാഭ്യാസം കിട്ടുകയോ പുതിയൊരു നാട്ടിലേക്കു പോവുകയോ ജീവിതസാഹചര്യങ്ങളില്‍ മാറ്റമുണ്ടാവുകയോ ചെയ്യുന്നതിനനുസരിച്ച് സ്വന്തം ലൈംഗികമനോഭാവങ്ങളിലും പെരുമാറ്റങ്ങളിലും മാറ്റംവരുത്തുന്ന കാര്യത്തില്‍ കേമര്‍ സ്ത്രീകളാണ്. 

ജീവിതത്തിന്‍റെ മൂന്നിലൊന്നോളം ബാക്കിനില്‍ക്കുന്നൊരു പ്രായത്തില്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവവിരാമത്തിലൂടെ പ്രജനനശേഷി നഷ്ടപ്പെടുന്നത് എന്തുകൊണ്ടാവാം? (ഈയൊരു പ്രതിഭാസം കാണപ്പെടുന്ന ജീവികള്‍ മനുഷ്യനും രണ്ടുതരം തിമിംഗലങ്ങളും മാത്രമാണ്!) അതുവരെ പ്രസവിച്ച കുട്ടികളുടെ കാര്യം നന്നായി ശ്രദ്ധിക്കാനാവാനോ, അല്ലെങ്കില്‍ അപ്പോഴേക്കും ജനിച്ചുതുടങ്ങിയ കൊച്ചുമക്കളെ നോക്കാന്‍ അവര്‍ക്കവസരം കിട്ടാനോ ആവാം ഇതിങ്ങനെയായത് എന്നാണ് വിദഗ്ദ്ധാനുമാനം.

ആണും പെണ്ണും: പത്തു വ്യത്യാസങ്ങള്‍

  1. പുരുഷന്മാര്‍ മൊത്തം ജീവിതകാലത്ത് ശരാശരി ആറുമാസം കണ്ണാടി നോക്കുന്നുണ്ടെങ്കില്‍ സ്ത്രീകളുടെ കാര്യത്തിലിത് രണ്ടുവര്‍ഷമാണ്‌.
  2. സ്ത്രീകള്‍ വാവിട്ടലച്ച്, ഏറെ കണ്ണീരൊഴുക്കി കരയുമ്പോള്‍ പുരുഷന്മാര്‍ പൊതുവെ മൂകമൂകം വിതുമ്പുന്നവരാണ്. ഇതിന്‍റെ ഒരു കാരണം പുരുഷന്മാരുടെ കണ്ണീര്‍ഗ്രന്ഥികള്‍ ചെറുതാണെന്നതാണ്.
  3. പതിനാലായിരം കൃതികള്‍ പരിശോധനാവിധേയമാക്കിയപ്പോള്‍ തെളിഞ്ഞത്, പുരുഷന്മാര്‍ കൂടുതലും ജീവനില്ലാത്ത വസ്തുക്കളെക്കുറിച്ചെഴുതുമ്പോള്‍ സ്ത്രീകളുടെ ഇഷ്ടവിഷയം മനശ്ശാസ്ത്രപരവും സാമൂഹികവുമായ കാര്യങ്ങളാണെന്നാണ്. ഈ വ്യത്യാസങ്ങളെ ആധാരമാക്കി, ഒരു കൃതി സ്ത്രീയാണോ പുരുഷനാണോ എഴുതിയത് എന്നു കൃത്യമായി പ്രവചിക്കാന്‍ കഴിവുള്ള ഒരു കമ്പ്യൂട്ടര്‍ അല്‍ഗോരിതം സൃഷ്ടിക്കപ്പെട്ടിട്ടുമുണ്ട്.
  4. സൂചിയില്‍ നൂലുകോര്‍ക്കുന്നതു പോലുള്ള സൂക്ഷ്മത വേണ്ട കൈവേലകള്‍ക്കു കൂടുതല്‍ മിടുക്കുള്ളത് സ്ത്രീകള്‍ക്കാണ്.
  5. പ്രശസ്ത സംഗീതജ്ഞരുടെ പട്ടികയില്‍ സ്ത്രീകള്‍ നന്നേ കുറവാണ്.
  6. ചെസ്സില്‍ ഇന്നേവരെ ഒരു സ്ത്രീയും ലോകചാമ്പ്യനായിട്ടില്ല. ഗ്രാന്‍റ്മാസ്റ്റര്‍മാരില്‍ ഒരു ശതമാനത്തില്‍ താഴെയേ സ്ത്രീകളുള്ളൂ.
  7. വാര്‍ദ്ധക്യത്തിലെ ഏകാന്തത കൂടുതല്‍ കഷ്ടനഷ്ടങ്ങള്‍ വരുത്തുന്നത് പുരുഷന്മാര്‍ക്കാണ്. പരസഹായം അഭ്യര്‍ത്ഥിക്കാന്‍ അവര്‍ക്കുള്ള വിമുഖതയാണ് ഇവിടെ പ്രശ്നമാവുന്നത്.
  8. ഉറക്കക്കുറവ് കൂടുതല്‍ ഹാനിയുണ്ടാക്കുന്നത് സ്ത്രീകള്‍ക്കാണ്.
  9. അപ്രതീക്ഷിത ശബ്ദങ്ങളിലും മറ്റും കൂടുതല്‍ ഞെട്ടിത്തെറിച്ചുപോവുക സ്ത്രീകളാണ്. ശരീരത്തില്‍ നാമറിയാതെ സംഭവിക്കുന്ന പ്രക്രിയകള്‍ സാദ്ധ്യമാക്കുന്ന autonomic nervous system സ്ത്രീകളില്‍ കൂടുതല്‍ “സെന്‍സിറ്റീവ്” ആയതിനാലാണിത്.
  10. ആയുസ്സ് കൂടുതലുള്ളത് സ്ത്രീകള്‍ക്കാണ്. അവര്‍ക്കു നല്ല രോഗപ്രതിരോധശേഷിയുണ്ട്, രക്തക്കുഴലുകളുടെ രോഗങ്ങള്‍ക്കുള്ള സാദ്ധ്യത കുറവാണ്, പുരുഷന്മാരെപ്പോലെയവര്‍ അപായങ്ങളിലേക്ക് എടുത്തുചാടാറില്ല എന്നതൊക്കെയാണ് ഇതിനു കാരണം.{/xtypo_quote}

(2016 മേയ് ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)
{xtypo_alert}ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.{/xtypo_alert}

×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

ദാമ്പത്യപ്പൂങ്കാവനം പ്രതീക്ഷകളുടെ കൊലക്കളമാവുമ്പോള...
പഠനത്തകരാറുകള്‍: തിരിച്ചറിയാം, ലഘൂകരിക്കാം

Related Posts