മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

ബന്ധങ്ങളിലെ വൈകാരിക പീഡനങ്ങള്‍

emotional_abuse_malayalam

ബന്ധങ്ങളില്‍ വൈകാരിക പീഡനങ്ങള്‍ നേരിടുന്നവര്‍ ഇക്കാര്യങ്ങള്‍ മനസ്സിരുത്തുന്നതു നന്നാകും:

 • കൂടുതല്‍ സ്നേഹിച്ചോ വിശദീകരണങ്ങള്‍ കൊടുത്തോ പീഡകരെ മാറ്റിയെടുക്കാനായേക്കില്ല. മിക്കവര്‍ക്കും വ്യക്തിത്വവൈകല്യമുണ്ടാവും എന്നതിനാലാണത്.
 • മുന്‍ഗണന നല്‍കേണ്ടത് നിങ്ങളുടെ തന്നെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കുമാണ്, പങ്കാളിയുടേയവയ്ക്കല്ല.
 • സന്തോഷവും സ്വയംമതിപ്പും തരുന്ന പുസ്തകങ്ങള്‍ക്കും ഹോബികള്‍ക്കും സൌഹൃദങ്ങള്‍ക്കുമൊക്കെ സമയം കണ്ടെത്തുക.

 

 • “തീരെ അനുസരണയില്ല”, “മൂക്കത്താണു ദേഷ്യം” എന്നിങ്ങനെയുള്ള വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തപ്പെടുന്നതു നിത്യേന കേട്ടുകേട്ട് “ശരിക്കും അതിലിനി വല്ല വാസ്തവവും ഉണ്ടാകുമോ?!” എന്നു സ്വയം സംശയിക്കാന്‍ മുതിരാതിരിക്കുക.
 • ആവശ്യങ്ങളോ പരാതികളോ ഉന്നയിക്കുമ്പോള്‍ ആ വ്യക്തിയുടെ പോരായ്മ ചൂണ്ടിക്കാട്ടുന്ന രീതി ഒഴിവാക്കി, തന്‍റെ ഇഷ്ടമോ അഭിപ്രായമോ ഇന്നതാണ് എന്ന ശൈലി ഉപയോഗിക്കുക. ഉദാഹരണത്തിന്, “നിങ്ങള്‍ ഇങ്ങിനെ കിടന്നു ബഹളം വെക്കുന്നത് വളരെ മോശമാണ്” എന്നു പ്രഖ്യാപിച്ചാല്‍ മറ്റെയാള്‍ സ്വയം ന്യായീകരിക്കാന്‍ തുടങ്ങുകയും പ്രശ്നം മൂര്‍ച്ഛിക്കുകയുമാകാം ഫലം. മറിച്ച്,  “ബഹളം വെച്ചു കൊണ്ടിരിക്കുന്നവരുടെ കൂടെ യാത്ര ചെയ്യാന്‍ എനിക്കു താല്‍പര്യമില്ല” എന്നറിയിക്കാം.
 • “വരുത്തിവെക്കുന്ന കഷ്ടനഷ്ടങ്ങളെപ്പറ്റി ഒരു ബോധവും ഇല്ലാത്തതുകൊണ്ടാണ് ഇങ്ങിനെയൊക്കെ” എന്നെല്ലാം പീഡകരെ ന്യായീകരിക്കാതിരിക്കുക. കാര്യങ്ങളെപ്പറ്റി നല്ല ഗ്രാഹ്യമുള്ളവരും പങ്കാളിയെ ചൊല്‍പ്പടിയില്‍ നിര്‍ത്തുകയെന്ന വ്യക്തമായ ലക്ഷ്യമുള്ളവരുമാണ് മിക്കതും.
 • പീഡകരായ വ്യക്തികളെപ്പറ്റി വലിയ പ്രതീക്ഷകള്‍ പുലര്‍ത്താതിരുന്നാല്‍ അടിക്കടിയുള്ള നൈരാശ്യങ്ങള്‍ ഒഴിവാക്കാം.
 • ഒരു താല്‍ക്കാലികാശ്വാസം മോഹിച്ചോ ഏതു വിധേനയും ബന്ധം നിലനിര്‍ത്താനുള്ള കൊതി കൊണ്ടോ അഹിതമായ കാര്യങ്ങള്‍ക്ക് അനുവാദം മൂളാതിരിക്കുക.
 • ഇപ്പറഞ്ഞ രീതികള്‍ വല്ലതും നിങ്ങള്‍  അവലംബിച്ചു തുടങ്ങിയാല്‍ അവരുടെ ദുഷ്’പെരുമാറ്റങ്ങള്‍ തല്‍ക്കാലത്തേക്കു വര്‍ദ്ധിതമായേക്കാം എന്നോര്‍ക്കുക.

ഇത്തരം ബന്ധങ്ങളില്‍നിന്ന് പുറത്തു കടന്നവരും ചിലതു ശ്രദ്ധിക്കുന്നത് ഗുണകരമാകും:

 • ബന്ധം വേര്‍പെടുത്തിയതിനെക്കുറിച്ചുള്ള കുറ്റബോധം, ആ വ്യക്തിയോട് പിന്നെയുമുള്ള പ്രണയം, ആ ബന്ധത്തെക്കുറിച്ചുള്ള ചില നല്ല ഓര്‍മകള്‍ തുടങ്ങിയവ ഇടയ്ക്കൊക്കെ തികട്ടിവരികയെന്നത് ഇത്തരം സാഹചര്യങ്ങളില്‍ തികച്ചും നോര്‍മല്‍ മാത്രമാണ്. ബന്ധം അവസാനിപ്പിക്കാന്‍ നിങ്ങളെടുത്ത തീരുമാനം തെറ്റായിരുന്നു എന്നതിന്‍റെയോ ആ വ്യക്തിയായിരുന്നു ശരി എന്നതിന്‍റെയോ തെളിവല്ല അതൊന്നും.
 • പങ്കാളി കെടുത്തിക്കളഞ്ഞിരുന്ന നിങ്ങളുടെ സ്വയംമതിപ്പ് തിരിച്ചുപിടിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുക. ആവശ്യമെങ്കില്‍ സൈക്കോതെറാപ്പി സ്വീകരിക്കുക.
 • സമാന അനുഭവങ്ങള്‍ നേരിട്ടവരുടെ ഓണ്‍ലൈന്‍ കൂട്ടായ്മകളില്‍ ചേരുക.
 • പങ്കാളിയെ പ്രകോപിപ്പിക്കാതിരിക്കാനും സന്തോഷിപ്പിച്ചു നിര്‍ത്താനുമൊക്കെ ഉദ്ദേശിച്ച് ആരോഗ്യകരമല്ലാത്ത പല ശീലങ്ങളും നിങ്ങള്‍ സ്വയമറിയാതെ രൂപപ്പെടുത്തിയിട്ടുണ്ടാകാം. ഒരു കാര്യത്തിലും അഭിപ്രായം പറയുകയോ രൂപീകരിക്കുക പോലുമോ ചെയ്യാതിരിക്കുക, ഏതൊരു നടപടിക്കും മുമ്പ് രണ്ടും മൂന്നും തവണ ആലോചിക്കുക എന്നിവ ഉദാഹരണങ്ങളാണ്. അവയെ തിരിച്ചറിഞ്ഞ് ഉപേക്ഷിക്കുക.
 • ഏറെ നാളത്തെ ദുരനുഭവങ്ങള്‍ സംജാതമാക്കിയ മനോവൈഷമ്യങ്ങള്‍ പൂര്‍ണമായും പരിഹൃതമാകാന്‍ കാലങ്ങള്‍ എടുത്തേക്കുമെന്ന് ഓര്‍മിക്കുക.


(2019 ഓഗസ്റ്റ് ഒന്നിലെ ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.

Image courtesy: Feminism in India

×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

അതിജയിക്കാം, തൊഴില്‍നഷ്ടത്തെ
സ്ട്രെസ് (പിരിമുറുക്കം): പതിവ് സംശയങ്ങള്‍ക്കുള്ള മ...

Related Posts