മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

സ്ട്രെസ് (പിരിമുറുക്കം): പതിവ് സംശയങ്ങള്‍ക്കുള്ള മറുപടികള്‍

stress_malayalam


1.    എന്താണ് പിരിമുറുക്കം അഥവാ സ്ട്രെസ്?
-    യഥാര്‍ത്ഥത്തിലുള്ളതോ സാങ്കല്പികമോ ആയ ഭീഷണികളോടുള്ള നമ്മുടെ മനസ്സിന്റെയും ശരീരത്തിന്റെയും പ്രതികരണങ്ങളെയാണ് പിരിമുറുക്കം എന്നു വിളിക്കുന്നത്.

2.    എന്തു കാരണങ്ങളാലാണ് പൊതുവെ പിരിമുറുക്കം ഉളവാകാറ്?
-    പിരിമുറുക്കത്തിന്റെ കാരണങ്ങളെ പുറംലോകത്തുനിന്നുള്ള പ്രശ്നങ്ങള്‍, വ്യക്തിത്വത്തിലെ പോരായ്മകള്‍ എന്നിങ്ങനെ രണ്ടായിത്തിരിക്കാം. നമുക്ക് നിരന്തരം ഇടപഴകേണ്ടി വരുന്ന, മേലുദ്യോഗസ്ഥരെപ്പോലുള്ള വ്യക്തികളും ഏറെ ടഫ്ഫായ കോഴ്സുകള്‍ക്കു ചേരുക, പ്രവാസജീവിതം ആരംഭിക്കുക തുടങ്ങിയ നാം ചെന്നുപെടുന്ന ചില സാ‍ഹചര്യങ്ങളുമൊക്കെ ‘പുറംലോകത്തുനിന്നുള്ള പ്രശ്നങ്ങള്‍’ക്ക് ഉദാഹരണങ്ങളാണ്.

മോശം സാഹചര്യങ്ങള്‍ മാത്രമല്ല, വിവാഹമോ ജോലിക്കയറ്റമോ പോലുള്ള സന്തോഷമുളവാക്കേണ്ടതെന്നു പൊതുവെ കരുതപ്പെടുന്ന അവസരങ്ങളും ചിലപ്പോള്‍ പിരിമുറുക്കത്തില്‍ കലാശിക്കാം. പിരിമുറുക്കത്തിനു കാരണമാകുന്ന ഘടകങ്ങള്‍ ശരിക്കും നിലവിലുള്ളവയായിരിക്കണം എന്നുമില്ല; നാം ചുമ്മാ ചിന്തിച്ചോ സങ്കല്‍പിച്ചോ കൂട്ടുന്ന കാര്യങ്ങളും പിരിമുറുക്കത്തിനു വഴിയൊരുക്കാം.

 
3.    പിരിമുറുക്കവും വ്യക്തിത്വവും തമ്മിൽ എന്താണു ബന്ധം?
-    “ഏറ്റവും പുതിയ മോഡല്‍ ഫോണ്‍ കൈവശമുണ്ടെങ്കിലേ ആളുകള്‍ തന്നെ വിലമതിക്കുകയുള്ളൂ”, “ഒരാളും ഒരിക്കലും തന്നെ ഉപദേശിക്കുകയോ പരിഹസിക്കുകയോ വിമര്‍ശിക്കുകയോ അരുത്” തുടങ്ങിയ മനോഭാവങ്ങളുള്ളവര്‍ക്ക് പിരിമുറുക്കത്തിനു സാദ്ധ്യത അമിതമാണ്. “അതെന്നെക്കൊണ്ടു പറ്റില്ല” എന്നു തുറന്നുപറയാനുള്ള വൈമനസ്യത്താല്‍ ആരെന്തു പറഞ്ഞാലും അനുസരിച്ചു കൊടുക്കുന്ന പ്രകൃതക്കാര്‍ക്കും റിസ്ക്‌ അധികമാകുന്നുണ്ട്.

“ടൈപ്പ് എ” എന്ന വ്യക്തിത്വശൈലിയുള്ളവര്‍ക്കു പിരിമുറുക്കം കൂടുതലായി നേരിടേണ്ടിവരുന്നുണ്ട്. ഇത്തരക്കാരുടെ മുഖമുദ്രകള്‍ അമിതമായ മാത്സര്യബുദ്ധി, എല്ലാറ്റിലും വലിയ ധൃതിയും അക്ഷമയും, എന്തെങ്കിലും കാര്യത്തില്‍ താമസമോ പിന്നത്തേക്കു മാറ്റിവെക്കലോ സംഭവിച്ചാല്‍ വല്ലാത്ത വൈഷമ്യം, വെറുതെയല്‍പം വിശ്രമിച്ചിരിക്കേണ്ടി വന്നാല്‍ അതിയായ കുറ്റബോധം തുടങ്ങിയവയാണ്.

4.    പിരിമുറുക്കം പ്രകടമാവുക ഏതൊക്കെ രീതികളിലാണ്?
-    പിരിമുറുക്കത്തിന്റെ ലക്ഷണങ്ങള്‍ മാനസികമോ ശാരീരികമോ ആകാം. നിരാശ, കരച്ചില്‍, ആകുലത, മുന്‍കോപം, വൈകാരികമായ മരവിപ്പ്, സ്വയംമതിപ്പു നഷ്ടമാകല്‍, ഉത്സാഹക്കുറവ്, പ്രത്യാശയില്ലായ്മ, സ്വയം കുറ്റപ്പെടുത്തല്‍ തുടങ്ങിയ വൈകാരിക ലക്ഷണങ്ങള്‍ പിരിമുറുക്കമുള്ളവര്‍ കാണിക്കാം. ശ്രദ്ധക്കുറവ്, മറവി, ചിന്താക്കുഴപ്പം, അക്ഷമ, തീരുമാനങ്ങളെടുക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവ ദൃശ്യമാകാം. തളര്‍ച്ച, ഞെട്ടല്‍, വിറയല്‍, തലകറക്കം, ശ്വാസതടസ്സം, നെഞ്ചിടിപ്പ്, ലൈംഗികതാല്‍പര്യം കുറയുക, അമിതമായ വിയര്‍പ്പ്, വിശപ്പിലെ വ്യതിയാനങ്ങള്‍, പലയിടത്തും വേദന തുടങ്ങിയ ശാരീരിക ലക്ഷണങ്ങളും സാധാരണമാണ്.

അതേസമയം, ഇപ്പറഞ്ഞവയെല്ലാംതന്നെ ശാരീരികമോ മാനസികമോ ആയ പല രോഗങ്ങളുടെയും സൂചനയാകാനുള്ള സാദ്ധ്യതയുമുണ്ട് എന്നതിനാല്‍ത്തന്നെ, ഇവയൊക്കെ പിരിമുറുക്കത്തിന്റെ ഭാഗമാണ് എന്നു സ്വയം വിധിയെഴുതുന്നതിനു മുമ്പ് വിദഗ്ദ്ധപരിശോധനകള്‍ തേടുന്നതാകും അഭികാമ്യം.

5.    പിരിമുറുക്കം വിവിധ തരത്തിലുണ്ടോ? വിശദമാക്കാമോ?
-    പൊടുന്നനെ തലപൊക്കുന്ന, അതികഠിനമായ, എന്നാല്‍ താല്‍ക്കാലികം മാത്രമായ പിരിമുറുക്കം അക്യൂട്ട് സ്ട്രെസ് (acute stress) എന്നറിയപ്പെടുന്നു. പെട്ടെന്നൊരു പാമ്പിനെക്കണ്ടാല്‍ നെഞ്ച് ശക്തമായി ഇടിക്കുകയും കൈകാല്‍ വിറയ്ക്കുകയും ആകെ വിയര്‍ക്കുകയുമൊക്കെച്ചെയ്യുന്നതും എന്നാല്‍ ആ പാമ്പ്‌ ഇഴഞ്ഞ് അപ്രത്യക്ഷമായിക്കഴിഞ്ഞാല്‍ താമസംവിനാ മനസ്സും ശരീരവും പൂര്‍വസ്ഥിതി പ്രാപിക്കുന്നതും അക്യൂട്ട് സ്ട്രെസിന്റെ ഉദാഹരണമാണ്.

മറുവശത്ത്, അത്രയ്ക്കു തീവ്രതയില്ലാത്ത, എന്നാല്‍ ഏറെ നാള്‍ നീണ്ടുനില്‍ക്കുന്ന പിരിമുറുക്കം ക്രോണിക് സ്ട്രെസ് (chronic stress) എന്നു വിളിക്കപ്പെടുന്നു. തീരെ ഇഷ്ടമില്ലാത്ത ഒരു കോഴ്സിനു പഠിക്കേണ്ടി വരിക, ജീവിതപങ്കാളിയുമായി ഒരു നിലയ്ക്കും പൊരുത്തപ്പെടാനാവാതെ പോവുക എന്നിവ ഇതിനു കാരണമാകാം. ക്രോണിക് സ്ട്രെസ് ആണ് നമുക്കു കൂടുതല്‍ ഹാനികരം.

6.    പിരിമുറുക്കം നിത്യജീവിതത്തെ ഏതെല്ലാം തരത്തിൽ ദോഷകരമായി ബാധിക്കാം?
-    പെരുമാറ്റത്തില്‍ മുമ്പില്ലാത്ത ഗൌരവമോ കുട്ടിത്തമോ കടന്നുവരിക, വല്ലാതെ ഒതുങ്ങിക്കൂടിപ്പോവുക, വൃത്തിയിലും വെടിപ്പിലും ശ്രദ്ധയില്ലാതാവുക, സിഗരറ്റിന്‍റെയോ മദ്യത്തിന്‍റെയോ മറ്റു ലഹരിവസ്തുക്കളുടെയോ ഉപയോഗം കൂടുക, സംസാരമദ്ധ്യേ അസഭ്യവാക്കുകള്‍ കടന്നുവരാന്‍ തുടങ്ങുക, മറ്റുള്ളവര്‍ സംസാരിക്കുമ്പോള്‍ ഇടയ്ക്കു കയറിപ്പറയുക, ജോലിസ്ഥലത്തെത്താന്‍ നിത്യവും താമസിക്കുക, അല്ലെങ്കില്‍ ജോലിക്കു പോകുന്നതേ മുടങ്ങുക എന്നിവയൊക്കെ പിരിമുറുക്കത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാകാം. കനത്ത പിരിമുറുക്കം നേരിടുന്നവര്‍ക്ക് ജോലിയ്ക്കിടയിലും മറ്റും അപകടങ്ങള്‍ പിണയാന്‍ സാദ്ധ്യത കൂടുന്നുമുണ്ട്.

7.    പിരിമുറുക്കം ഉറക്കത്തെ ബാധിക്കുമോ? എങ്ങനെ?
-    ഉറക്കം വൈകിമാത്രം വരിക, നേരത്തേ ഉറക്കം തെളിയുക, ആര്‍.ഇ.എം. എന്ന ആഴമുള്ള തരം ഉറക്കത്തിന്റെ തോതു കുറയുക എന്നിവ പിരിമുറുക്കമുള്ളവരില്‍ കാണാറുണ്ട്. മറുവശത്ത്, എന്തെങ്കിലും കാരണത്താല്‍ നമുക്ക് മതിയായ ഉറക്കം കിട്ടാതെ പോയാലത് അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ തുടങ്ങിയ ഹോര്‍മോണുകള്‍ അമിതയളവില്‍ സ്രവിക്കപ്പെടാനും തന്‍മൂലം പിരിമുറുക്കം സംജാതമാകാനും കാരണമാവുകയും ചെയ്യാം.

ഉറക്കത്തിനു നിരന്തരമായി പ്രശ്നം നേരിടുന്നെങ്കില്‍ പിരിമുറുക്കമാണു വില്ലന്‍ എന്നു സ്വയം തീരുമാനിക്കരുത് — ഉറക്കക്കുറവിനു പിന്നില്‍ ശാരീരികമോ മാനസികമോ ആയ ഏതെങ്കിലും രോഗങ്ങള്‍ അടിസ്ഥാനകാരണമായി നിലകൊള്ളുന്നുണ്ടാകാം.

8.    തുടർച്ചയായി പിരിമുറുക്കമുള്ള സാഹചര്യം ഒരാളുടെ വ്യക്തിത്വത്തെ കീഴ്മേൽ മറിക്കുമോ?
-    കഠിനതരവും ദൈര്‍ഘ്യമേറിയതുമായ, ജയില്‍വാസം പോലുള്ള, സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടി വരുന്നവര്‍ക്ക് വ്യക്തിത്വത്തില്‍ വ്യതിയാനങ്ങള്‍ പിണയാറുണ്ട്. എല്ലാവരോടും, എല്ലാറ്റിനോടും ഒരു സംശയദൃഷ്ടി രൂപപ്പെടുക, സര്‍വതില്‍ നിന്നും ഒഴിഞ്ഞുമാറി നില്‍ക്കാനുള്ള പ്രവണത, കോപത്തിന്മേല്‍ നിയന്ത്രണം നഷ്ടമാവുക, ആകെയൊരു ശൂന്യതാബോധവും പ്രത്യാശാരാഹിത്യവും അന്യതാബോധവും എന്നിവയാണ് സാധാരണയായി കാണാറുള്ള മാറ്റങ്ങള്‍.

9.    പിരിമുറുക്കവും മറ്റ് മാനസിക രോഗങ്ങളുമായുള്ള ബന്ധം? പിരിമുറുക്കം മറ്റ് മാനസിക രോഗങ്ങളായി പിന്നീട് മാറുമോ?
-    അമിതമായ പിരിമുറുക്കം ക്രമേണ വിഷാദം, സൊമറ്റൈസേഷന്‍ തുടങ്ങിയ രോഗങ്ങളിലേക്കു പുരോഗമിച്ചേക്കാം. ഇവയുടെ ലക്ഷണങ്ങള്‍ മിക്കതും പിരിമുറുക്കത്തിന്‍റേതിനു സമാനമാണു താനും. പിരിമുറുക്കത്തിന്റെ ലക്ഷണങ്ങള്‍ക്ക് നിത്യജീവിതത്തെ അവതാളത്തിലാക്കുന്നത്ര തീവ്രതയുണ്ടാകില്ല. എന്നാല്‍ പിരിമുറുക്കം വിഷാദത്തിലേക്കോ സൊമറ്റൈസേഷനിലേക്കോ വളര്‍ന്നു കഴിഞ്ഞാല്‍, ലക്ഷണങ്ങള്‍ കൂടുതല്‍ തീവ്രമായി മാറുന്നതിനാല്‍, ആ വ്യക്തിക്ക് ദൈനംദിന ഉത്തരവാദിത്തങ്ങള്‍ വേണ്ട രീതിയില്‍ നിര്‍വഹിക്കാനാകാതെ വരും.

വിഷാദത്തിന്റെ മുഖ്യലക്ഷണങ്ങള്‍ കടുത്ത നിരാശ, അത്രയുംനാള്‍ ഇഷ്ടമായിരുന്ന പ്രവൃത്തികളില്‍ സന്തോഷം തോന്നാതാവുക, അവയില്‍ താല്‍പര്യം നഷ്ടപ്പെടുക, അമിതമായ തളര്‍ച്ച എന്നിവയാണ്. ശ്രദ്ധക്കുറവ്, ആത്മവിശ്വാസമില്ലായ്ക, അനാവശ്യ കുറ്റബോധം, പ്രത്യാശയില്ലായ്മ, തന്നെ ഒന്നിനും കൊള്ളില്ലെന്ന ചിന്ത, സ്വയം ഉപദ്രവിക്കാനോ സ്വജീവനെടുക്കാനോ ഉള്ള പ്രവണത, ഉറക്കത്തിലോ വിശപ്പിലോ വ്യതിയാനങ്ങള്‍ എന്നിവയും കണ്ടേക്കാം. ഈ ലക്ഷണങ്ങള്‍ രണ്ടാഴ്ചയിലേറെ, മിക്ക നേരത്തും നിലനിന്നാലാണ് വിഷാദം നിര്‍ണയിക്കാറ്.

സൊമറ്റൈസേഷന്‍ എന്നു വിളിക്കുന്നത്, പല ശരീരഭാഗങ്ങളിലും വേദന, വയറ്റില്‍ വൈഷമ്യങ്ങള്‍, ലൈംഗികപ്രശ്നങ്ങള്‍, മസ്തിഷ്കരോഗങ്ങളുടെ ലക്ഷണങ്ങള്‍ തുടങ്ങിയവ നിരന്തരം പ്രകടമാവുകയും എന്നാല്‍ പരിശോധനകളില്‍ ശാരീരിക രോഗങ്ങളുടെ തെളിവുകളൊന്നും കണ്ടുകിട്ടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തെയാണ്‌.

ഭൂകമ്പം, ബലാത്സംഗം തുടങ്ങിയ അതിതീവ്രമായ സമ്മര്‍ദ്ദസാഹചര്യങ്ങള്‍ നേരിട്ടവര്‍ക്ക് പോസ്റ്റ്‌ ട്രൊമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ (പി.റ്റി.എസ്.ഡി.) എന്ന രോഗം പിടിപെടാം. ദുസ്സ്വപ്‌നങ്ങള്‍, നേരിട്ട ദുരനുഭവത്തിന്റെ ഓര്‍മകള്‍ ചിന്തകളായോ ദൃശ്യങ്ങളായോ നിരന്തരം മനസ്സിലേക്കെത്തുക, ആ അനുഭവത്തെപ്പറ്റി ഓര്‍മിപ്പിക്കുന്ന വല്ലതിനെയും അഭിമുഖീകരിക്കുമ്പോള്‍ മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ ഉണരുക, ആ അനുഭവത്തിന്റെ വിശദാംശങ്ങള്‍ ഓര്‍മ കിട്ടാതിരിക്കുക തുടങ്ങിയവയാണ് പി.റ്റി.എസ്.ഡി.യുടെ പ്രധാന ലക്ഷണങ്ങള്‍.

മറ്റേതെങ്കിലും മാനസിക രോഗമുള്ളവര്‍ക്കും എന്തെകിലും കാരണത്താല്‍ കടുത്ത പിരിമുറുക്കം നേരിടേണ്ടി വന്നാല്‍ അത് അവരുടെ രോഗം വഷളാകാന്‍ നിമിത്തമായേക്കാം.

10.    പിരിമുറുക്കം ശാരീരികരോഗങ്ങൾക്കു കാരണമാകുമോ? എന്തുകൊണ്ട്?
-    തലവേദന, വിവിധങ്ങളായ അണുബാധകള്‍, ദഹനക്കേട്, കുടല്‍പ്പുണ്ണ്‍ (അള്‍സര്‍) എന്നു തുടങ്ങി രക്താതിസമ്മര്‍ദ്ദം (ഹൈപ്പര്‍ടെന്‍ഷന്‍), മസ്തിഷ്കാഘാതം (സ്ട്രോക്ക്), കാന്‍സറുകള്‍ എന്നിവയ്ക്കു വരെ പിരിമുറുക്കം കാരണമാകുന്നുണ്ട്. മൈഗ്രെയ്ന്‍, ടെന്‍ഷന്‍ ഹെഡ്ഏക്‌, ആസ്ത്മ തുടങ്ങിയവ വഷളാകുന്നതിനും പിരിമുറുക്കം ഇടയൊരുക്കാം.

“മനസ്സി”നെ നിയന്ത്രിക്കുന്ന മസ്തിഷ്കകേന്ദ്രങ്ങള്‍ക്ക് നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥയുടെ മേല്‍ ഏറെ സ്വാധീനമുണ്ട് എന്നതിനാലാണ് പിരിമുറുക്കം പല ശാരീരികരോഗങ്ങളുടെയും ആവിര്‍ഭാവത്തിനോ മൂര്‍ച്ഛിക്കലിനോ കാരണമാകുന്നത്.

11.    കടുത്ത ടെൻഷനും സ്ട്രെസ്സും ഉള്ളവരിൽ ഹൃദയാഘാതം കൂടുതൽ കാണാറുണ്ട്. എന്തുകൊണ്ടാണിത്? പെട്ടെന്നുള്ള മാനസികാഘാതം ഹൃദയാഘാതത്തിനു കാരണമാകാമോ? എന്തുകൊണ്ട്?
-    ഏറെനാളത്തെ പിരിമുറുക്കം ബിപി, ഹൃദയമിടിപ്പ്, ശരീരത്തിലെ രക്തത്തിന്റെ അളവ് എന്നിവ കൂടാന്‍ കാരണമാവുകയും ഇതൊക്കെ ഹൃദയത്തിന് കൂടുതല്‍ അദ്ധ്വാനിക്കേണ്ട സാഹചര്യമുളവാക്കുകയും ചെയ്യാം. പിരിമുറുക്കം മൂലം രക്തത്തിലെ കൊളസ്ട്രോള്‍ അമിതമായി അത് ഹൃദയഭിത്തിയിലെ രക്തക്കുഴലുകളില്‍ ചെന്നടിഞ്ഞ് ഹൃദ്രോഗത്തിനു വഴിയൊരുക്കാം. പിരിമുറുക്കം കൂടുതലുള്ളവര്‍ പുകവലിക്കുക, തീരെ വ്യായാമം ചെയ്യാതിരിക്കുക, ആരോഗ്യകരമല്ലാത്ത രീതിയില്‍ ഭക്ഷണം കഴിക്കുക എന്നിങ്ങനെ ഹൃദയത്തിന് ഹാനികരമായ ശീലങ്ങള്‍ പുലര്‍ത്താമെന്നതും പ്രശ്നമാണ്.

പെട്ടെന്നേല്‍ക്കുന്ന മെന്റല്‍ ഷോക്കുകള്‍ ഹൃദയാഘാതത്തിനു കാരണമാകാറുമുണ്ട്. ഹൃദയഭിത്തിയിലെ രക്തക്കുഴലുകള്‍ മുന്നേ രോഗഗ്രസ്തമായവരിലാണ് ഇങ്ങിനെ സംഭവിക്കാറ്. മാനസികസംഘര്‍ഷം പൊട്ടിപ്പുറപ്പെടുമ്പോള്‍ ആ രക്തക്കുഴലുകള്‍ ചുരുങ്ങിപ്പോകുന്നതും രക്തത്തിലെ പ്ലേറ്റ്ലെറ്റുകള്‍ ഒന്നിച്ചുകൂടി രക്തക്കട്ടകള്‍ രൂപപ്പെടുന്നതുമൊക്കെ ഇവിടെ ഇടനിലയാകുന്നുണ്ട്.

12.    പിരിമുറുക്കത്തിന്റെ കാര്യത്തിലെ ആൺപെൺ വ്യത്യാസങ്ങൾ വിവരിക്കാമോ?
-    സമ്മര്‍ദ്ദവേളകളില്‍ പുരുഷന്മാരില്‍ പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സ് എന്ന മസ്തിഷ്കഭാഗം സജീവമാവുകയും തുടര്‍ന്ന്‍ കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ എന്നീ ഹോര്‍മോണുകള്‍ സ്രവിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഈ പ്രക്രിയകള്‍ ആ സാഹചര്യത്തെ ചെറുത്തുതോല്‍പിക്കാനോ അല്ലെങ്കില്‍ അവിടെ നിന്ന് ഓടി രക്ഷപ്പെടാനോ ഉള്ള പ്രാപ്തത അവര്‍ക്കു കൊടുക്കും. പുരുഷന്മാര്‍ സമ്മര്‍ദ്ദങ്ങളെ നേരിടാറ് മിക്കപ്പോഴും ഒറ്റയ്ക്ക്, മറ്റുള്ളവരുമായുള്ള ചര്‍ച്ചകളോ അവരെക്കുറിച്ചുള്ള പരിഗണനകളോ കൂടാതെയുമാണ്.

എന്നാല്‍ സ്ത്രീകളില്‍ സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ ഉത്തേജിപ്പിക്കപ്പെടുന്നത് വികാരങ്ങളുടെ ഉത്പാദനവുമായി ബന്ധപ്പെട്ട ലിംബിക് സിസ്റ്റം എന്ന മസ്തിഷ്കഭാഗമാണ്. ആ ഉത്തേജനം ഏറെ നേരം നീളുന്നുമുണ്ട്. ഇത്, സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകുമ്പോള്‍ വിഷാദമോ ഉത്ക്കണ്ഠാരോഗങ്ങളോ പിടിപെടാനുള്ള സാദ്ധ്യത സ്ത്രീകള്‍ക്ക് അമിതമാക്കുന്നുണ്ട്. മറ്റുള്ളവരുമായി മാനസികമായി അടുക്കാന്‍ പ്രേരണ തരുന്ന എന്‍ഡോര്‍ഫിന്‍, ഓക്സിട്ടോസിന്‍ എന്നിവ കൂടുതലായി സ്രവിക്കപ്പെടുന്നത് സമ്മര്‍ദ്ദവേളകളില്‍ കുട്ടികളെയും മറ്റും കൂടുതല്‍ ശ്രദ്ധിക്കാനും മറ്റുള്ളവരുടെ സഹായവും സാന്ത്വനവും തേടാനുമുള്ള മനസ്ഥിതി സ്ത്രീകളില്‍ ജനിപ്പിക്കുന്നുമുണ്ട്. പരിണാമപരമായ ഘടകങ്ങളാണ് സ്ത്രീപുരുഷന്മാര്‍ തമ്മില്‍ ഇത്തരം അന്തരങ്ങള്‍ സംജാതമാകാന്‍ കാരണം.

13.    സോഷ്യൽ മീഡിയയുടെ ഉപയോഗം പിരിമുറുക്കം കൂടാനുള്ള കാരണമാകുന്നതായി പറയുന്നുണ്ട്. ശരിയാണോ? എന്തുകൊണ്ട്?
-    പിരിമുറുക്കം നിറഞ്ഞ നിത്യജീവിതത്തില്‍ നിന്ന് ഒരു താല്‍ക്കാലിക ഒളിച്ചോട്ടത്തിന് സോഷ്യല്‍ മീഡിയ പലപ്പോഴും ഒരു നല്ലയുപാധിയാണെങ്കിലും പലരിലും പക്ഷേ സോഷ്യല്‍ മീഡിയ പിരിമുറുക്കത്തിനു വിത്തിടുന്നുമുണ്ട്. ഫേസ്ബുക്കിലും മറ്റും മാലോകരുടെ ജോലിക്കയറ്റത്തിന്റെയോ വിദേശയാത്രകളുടെയോ പുതിയ വീടുകളുടെയോ വാഹനങ്ങളുടെയോ ഒക്കെ വിശദാംശങ്ങള്‍ കാണാന്‍ക്കിട്ടുന്നത് ചിലരില്‍ അസൂയയ്ക്കും പിരിമുറുക്കത്തിനും ഇടയൊരുക്കാം. ലക്കും ലഗാനുമില്ലാതെ ഏതു സ്വകാര്യ വിവരവും സോഷ്യല്‍ മീഡിയയില്‍ വിളംബരം ചെയ്യുന്നത്, അവ തൊഴില്‍ദായകരോ സാമൂഹ്യവിരുദ്ധരോ മറ്റോ കാണാനിടയായി പിരിമുറുക്കത്തിലെത്തിക്കാം. അന്യരുമായി ഏറെനേരം ചാറ്റിംഗിലും മറ്റും മുഴുകുന്നത് ദാമ്പത്യകലഹങ്ങള്‍ക്കു നിമിത്തമാവുകയും ചെയ്യാം.

14.    പെൺകുട്ടികളിലെ പീരീഡ്സും പിരിമുറുക്കവും. പരിഹരിക്കാൻ എന്തു ചെയ്യാം?
-    ചില സ്ത്രീകളില്‍ ആര്‍ത്തവത്തിന് ഒരാഴ്ചയോളം മുമ്പ് പിരിമുറുക്കത്തിന്‍റേതിനു സമാനമായ പല വൈകാരിക ലക്ഷണങ്ങളും തലപൊക്കുകയും ആര്‍ത്തവം തുടങ്ങി കുറച്ചു നാള്‍ കൂടി അവ നിലനില്‍ക്കുകയും ചെയ്യാം. പ്രീമെന്‍സ്ട്ര്വല്‍ ഡിസ്ഫോറിക് ഡിസോര്‍ഡര്‍ എന്നാണ് ഇതറിയപ്പെടുന്നത്. ആര്‍ത്തവസംബന്ധിയായ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തലച്ചോറില്‍ സിറോട്ടോണിന്‍ എന്ന നാഡീരസത്തിന്റെ അളവു കുറയാന്‍ ഇടയൊരുക്കുന്നതാണ് ഇതിനു കാരണമാകുന്നത്. വ്യായാമം, റിലാക്സേഷന്‍ വിദ്യകള്‍, ചില മരുന്നുകള്‍ എന്നിവ ഇവിടെ സഹായകമാകാറുണ്ട്.

15.    ഗർഭകാല പിരിമുറുക്കം. പ്രതിരോധിക്കാനറിയേണ്ടത്.
-    ഗര്‍ഭവുമായി ബന്ധപ്പെട്ട ഹോര്‍മോണ്‍ വ്യതിയാനങ്ങളും വികാരവിക്ഷുബ്ദ്ധതകളും ഓക്കാനം, ഛര്‍ദ്ദില്‍, പുറംവേദന തുടങ്ങിയ പ്രശ്നങ്ങളും പ്രസവത്തെയും കുഞ്ഞിനെ നോക്കലിനെയും കുറിച്ചുള്ള ആകുലതകളുമെല്ലാം പല ഗര്‍ഭിണികളിലും പിരിമുറുക്കത്തിനു വഴിവെക്കാറുണ്ട്. ഗര്‍ഭകാലത്ത് അമിതമായ പിരിമുറുക്കം നേരിടേണ്ടി വരുന്നത് പ്രസവം സമയം തികയുന്നതിനു മുമ്പേ നടക്കുന്നതിനും കുട്ടിയ്ക്കു വേണ്ടത്ര തൂക്കം ഇല്ലാതെ പോകുന്നതിനും ഹേതുവാകാം.

ഗര്‍ഭവുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ താല്‍ക്കാലികം മാത്രമാണെന്ന് സ്വയം ഓര്‍മിപ്പിക്കുന്നതും ആവശ്യത്തിന് ഉറങ്ങാനും പോഷകാഹാരം കഴിക്കാനും മനസ്സിരുത്തുന്നതും ഇവിടെ സഹായകമാകും. വ്യായാമം, മാനസിക പിരിമുറുക്കത്തിനും മറ്റ് ഗര്‍ഭകാല അസ്വസ്ഥതകള്‍ക്കും ഒരുപോലെ ആശ്വാസം തരും. പ്രസവത്തെയും പ്രസവാനന്തര നാളുകളെയും പറ്റി ആവുന്നത്ര വിവരം ശേഖരിച്ചു മനസ്സിലാക്കിവെക്കുന്നത് അനാവശ്യ ആകുലതകള്‍ തടയാന്‍ സഹായിക്കും.

16.    തൊഴിലിടങ്ങളില്‍ പിരിമുറുക്കം സാധാരണമാകുന്നതിന് എന്താണു കാരണം?
-    തൊഴില്‍ പിരിമുറുക്കത്തിനു കാരണമാകാറ് പൊതുവെ രണ്ടുതരം സാഹചര്യങ്ങളിലാണ്. ഒന്ന്, പ്രസ്തുത ജോലിയും അതു ചെയ്യേണ്ട സാഹചര്യങ്ങളും ഒരാളുടെ അഭിരുചികളോടോ പ്രതീക്ഷകളോടോ ആദര്‍ശങ്ങളോടോ പൊരുത്തപ്പെടാത്തതാകുമ്പോള്‍. രണ്ട്, ആ ജോലി വേണ്ടുംവിധം ചെയ്യാന്‍ തക്ക വൈദഗ്ദ്ധ്യമോ ശാരീരികക്ഷമതയോ അയാള്‍ക്കില്ലാതിരിക്കുമ്പോള്‍. സമയപരിമിതികള്‍, നിയന്ത്രണാതീതമായ ഘടകങ്ങളുടെ ആധിക്യം, പൊതുവേയുള്ള അനിശ്ചിതത്വങ്ങള്‍ തുടങ്ങിയവ തൊഴില്‍സ്ഥലങ്ങളെ കൂടുതല്‍ സമ്മര്‍ദ്ദജനകങ്ങളാക്കുന്നുമുണ്ട്.

ജോലിസ്ഥലത്തെ പിരിമുറുക്കം ഏറെ നാള്‍ തീവ്രതയോടെ നിലനിന്നാല്‍ അത് ‘ബേണ്‍ഔട്ട്‌’ എന്ന അവസ്ഥയ്ക്കു വഴിവെക്കാറുണ്ട്. വല്ലാത്ത തളര്‍ച്ച, എല്ലാറ്റിനോടുമൊരു വെറുപ്പും വിരക്തിയും എന്നിവയാണ് ഇതിന്‍റെ പ്രധാന ലക്ഷണങ്ങള്‍. തൊഴിലിനോടുള്ള അതിരു കവിഞ്ഞ അര്‍പ്പണ മനോഭാവം, ഏറ്റെടുത്ത ജോലി ഏറ്റവും വൃത്തിയായിത്തന്നെ ചെയ്യണമെന്ന അമിതമായ നിര്‍ബന്ധം തുടങ്ങിയവ ഒരാളെ കാലക്രമത്തില്‍ ബേണ്‍ഔട്ട്‌ പിടികൂടാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.

17.    വീട്ടമ്മമാരുടെ പിരിമുറുക്കം കൂടിവരുന്നുണ്ടോ? പ്രത്യേകിച്ചും ജോലിക്കു പോകുന്നവരുടെ?
-    സ്ത്രീകളില്‍, വിശേഷിച്ചും ജോലിയ്ക്കു പോകുന്നവരില്‍, പിരിമുറുക്കം അമിതമാക്കുന്ന പല ഘടകങ്ങളുമുണ്ട്. ജോലിസ്ഥലത്തെ ലൈംഗിക കടന്നുകയറ്റങ്ങള്‍, തൊഴിലിടങ്ങളില്‍ പലപ്പോഴും പുരുഷന്മാര്‍ക്കു കൂടുതല്‍ പരിഗണന കിട്ടുന്നത്, ജോലിയ്ക്കൊപ്പം കുട്ടികളെയും പ്രായമായ മാതാപിതാക്കളെയും പരിപാലിക്കുക കൂടി ചെയ്യേണ്ടി വരുന്നത് എന്നിവ ഇതില്‍പ്പെടുന്നു.

അതേസമയം, രക്തക്കുറവ്, തൈറോയ്ഡ് രോഗങ്ങള്‍ മുതലായവയുടെ ലക്ഷണങ്ങള്‍ പിരിമുറുക്കത്തിന്റേതിനു സമാനമാകാം എന്നതിനാല്‍ പിരിമുറുക്കം തന്നെയാണ് പ്രശ്നം എന്നു സ്വയമേ നിശ്ചയിക്കുന്നതിനു മുമ്പ് ഒരു വിദഗ്ദ്ധ പരിശോധന തേടുന്നതു നന്നാകും.
 
18.    കുട്ടികളിലെ പിരിമുറുക്കം എങ്ങനെ? എന്തുകൊണ്ട്? പരിഹാരം?
-    നന്നേ ചെറിയ കുട്ടികളില്‍ പിരിമുറുക്കം മുഖ്യമായും അച്ഛനമ്മമാരെ പിരിഞ്ഞിരിക്കേണ്ടി വന്നാലോ എന്നതിനെപ്പറ്റിയാകാം. കുറച്ചുകൂടി മുതിര്‍ന്നവരില്‍ സ്കൂള്‍, പരീക്ഷ, പഠനം, സുഹൃത്തുക്കള്‍ മുതലായവ പിരിമുറുക്കത്തിനു കാരണമാകാം. കളികളിലോ ഇഷ്ടവിനോദങ്ങളിലോ സര്‍വവും മറന്നു മുഴുകിപ്പോകുന്നത് പിരിമുറുക്കത്തിന് നല്ലൊരു പ്രതിവിധിയാണ് എന്നതിനാല്‍ അവയ്ക്കൊന്നും അവസരം ലഭിക്കാതെ പോകുന്ന കുട്ടികളെ പിരിമുറുക്കം കൂടുതലായി ബാധിക്കാം. ജോലിയിലെയോ ബന്ധങ്ങളിലെയോ സാമ്പത്തികസ്ഥിതിയിലെയോ ഒക്കെ പ്രശ്നങ്ങളെപ്പറ്റി വീട്ടിലെ മുതിര്‍ന്നവര്‍ പരസ്യമായി ചര്‍ച്ചകള്‍ നടത്തുന്നത് കുട്ടികള്‍ അതേപ്പറ്റി തല പുണ്ണാക്കി പിരിമുറുക്കത്തിലേക്കു വഴുതാന്‍ കാരണമാകാം. മുതിര്‍ന്നവരില്‍ പിരിമുറുക്കത്തിന്‍റേതായി നിരത്തിയ ലക്ഷണങ്ങള്‍ക്കു പുറമേ ഉറക്കത്തില്‍ മൂത്രമൊഴിക്കുക, പേക്കിനാവുകള്‍ കാണുക, അനുസരണക്കേടു കാണിക്കുക, വിരല്‍ ചപ്പാന്‍ തുടങ്ങുക തുടങ്ങിയ മാറ്റങ്ങളും പിരിമുറുക്കത്തിലൂടെ കടന്നുപോകുന്ന കുട്ടികള്‍ പ്രകടിപ്പിക്കാം.

കുട്ടികളോടൊത്തു സമയം ചെലവിടുക, വ്യായാമത്തിനും വിശ്രമത്തിനും വേണ്ടത്ര അവസരം ലഭ്യമാക്കുക, കുറച്ചൊക്കെ പിരിമുറുക്കം തികച്ചും നോര്‍മല്‍ മാത്രമാണെന്ന് ഓര്‍മിപ്പിക്കുക എന്നിവ മാതാപിതാക്കള്‍ക്കു സ്വീകരിക്കാവുന്ന നടപടികളാണ്.

19.    മെഡിറ്റേഷൻ പോലെയുള്ള റിലാക്സേഷൻ രീതികൾ പിരിമുറുക്കം കുറയ്ക്കുമോ? എങ്ങനെ?
-    മെഡിറ്റേഷൻ, ജേക്കബ്സണ്‍സ് പ്രോഗ്രസീവ് മസില്‍ റിലാക്സേഷന്‍, ഡയഫ്രമാറ്റിക് ബ്രീത്തിംഗ്, ക്രിയേറ്റീവ് വിഷ്വലൈസേഷന്‍ തുടങ്ങിയ റിലാക്സേഷൻ രീതികൾ പിരിമുറുക്കം ലഘൂകരിക്കുന്നതില്‍ ഏറെ ഫലപ്രദമാണ്. പിരിമുറുക്കം വര്‍ദ്ധിപ്പിക്കുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ അളവ്,  പിരിമുറുക്കം നിമിത്തം അമിതമായിപ്പോകുന്ന ശ്വാസോച്ഛ്വാസത്തിന്റെ തോത്, ഹൃദയമിടിപ്പ്, ബി.പി. എന്നിവ ഇത്തരം വിദ്യകളില്‍ മുഴുകുമ്പോള്‍ പൂര്‍വസ്ഥിതിയിലെത്തുന്നുണ്ട്. ഉറക്കക്കുറവ്, മാംസപേശികളിലെ വലിഞ്ഞുമുറുക്കം തുടങ്ങിയവയ്ക്കും ഇവ ശമനമേകാറുണ്ട്.

20.     പിരിമുറുക്കത്തില്‍നിന്നു മോചനം കിട്ടാനുള്ള മറ്റു വഴികള്‍ എന്തൊക്കെയാണ്?
-    പിരിമുറുക്കത്തിന്റെ കാരണങ്ങളെ തിരിച്ചറിഞ്ഞ് ദൂരെ മാറ്റി നിര്‍ത്തുക പ്രായോഗികമാണെങ്കില്‍ അതൊരു നല്ല പ്രതിവിധിയാകും. ഒട്ടുമേ യോജിച്ചു പോകാനാവാത്ത ഒരു സൗഹൃദമോ ബന്ധമോ ജോലിയോ വേണ്ടെന്നു വെക്കുന്നത് ഉദാഹരണമാണ്.

ഇതു സാദ്ധ്യമല്ല എങ്കില്‍ ചെയ്യാനുള്ളത് സ്വന്തം ചിന്താഗതികളിലും പെരുമാറ്റങ്ങളിലും ജീവിതശൈലിയിലും ആരോഗ്യകരമായ പരിഷ്കരണങ്ങള്‍ വരുത്തുക എന്നതാണ്. ഏതൊരു സംഭവവികാസത്തിന്റെയും മോശം വശങ്ങള്‍ മാത്രം പരിഗണിച്ച്, അവയെ പൊലിപ്പിച്ചുകണ്ട്, പിരിമുറുക്കം ക്ഷണിച്ചുവരുത്തുന്ന പ്രകൃതമുണ്ടെങ്കില്‍ കാര്യങ്ങളുടെ പോസിറ്റീവ് വശങ്ങളും കൂടി കണക്കിലെടുത്തു ചിന്തിക്കാന്‍ ശീലിക്കുക. ഇതിന് കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി എന്ന മനശ്ശാസ്ത്ര ചികിത്സ സഹായകമാകും. സമയം ഫലപ്രദമായി വിനിയോഗിക്കുന്നതെങ്ങനെ, ഫലപ്രദമായി ആശയവിനിമയം നടത്തുന്നതെങ്ങനെ, കോപത്തെ വരുത്തിയില്‍ നിര്‍ത്തുന്നതെങ്ങനെ എന്നൊക്കെ പഠിച്ചെടുക്കുന്നത് പിരിമുറുക്കം തടയാന്‍ ഉപകരിക്കും. സുഹൃത്തുക്കളോടും ബന്ധുക്കളോടും മറ്റും സ്വന്തം പ്രശ്നങ്ങളെക്കുറിച്ച് മനസ്സുതുറന്നു സംസാരിക്കുക, ഏതു തിരക്കിനിടയിലും ഇഷ്ടവിനോദങ്ങള്‍ക്കു സമയം മാറ്റിവെക്കുക എന്നിവയും നല്ല നടപടികളാണ്.

21.    പിരിമുറുക്കത്തിന്റെ അപകടകരമായ അഥവാ ഉടൻ സൈക്യാട്രിസ്റ്റിന്റെ സേവനം വേണ്ടിവരുന്ന സൂചനകൾ, ലക്ഷണങ്ങൾ.
-    പിരിമുറുക്കത്തിന്റെ ലക്ഷണങ്ങള്‍ ആഴ്ചകള്‍ നീളുന്നെങ്കിലോ നിത്യജീവിതത്തെ ബാധിക്കുന്നത്ര തീവ്രമാകുന്നെങ്കിലോ ഒരു സൈക്യാട്രിസ്റ്റിനെ സമീപിച്ച് വിഷാദം പോലുള്ള പ്രശ്നങ്ങളൊന്നുമില്ല എന്നുറപ്പു വരുത്തുന്നതു നന്നാകും. സമ്മര്‍ദ്ദജനകമായ ഒരു സാഹചര്യവും രംഗത്തില്ലാത്തപ്പോഴും പക്ഷേ പിരിമുറുക്കത്തിന്റെ ലക്ഷണങ്ങള്‍ വിട്ടുമാറാതെ നില്‍ക്കുന്നെങ്കില്‍ അത് ഉത്ക്കണ്ഠാരോഗങ്ങളുടെ ഭാഗമാകാം എന്നതിനാല്‍ അങ്ങിനെയുള്ളപ്പോഴും സൈക്യാട്രിസ്റ്റിനെ കാണുന്നത് ഉചിതമാകും. തീരെ ഉറക്കം കിട്ടാതിരിക്കുക, ആത്മഹത്യാചിന്തകള്‍ തോന്നുക, മദ്യപാനമോ ലഹരിയുപയോഗമോ അമിതമാവുക, അശരീരി ശബ്ദങ്ങള്‍ കേള്‍ക്കുക, അടിസ്ഥാനമില്ലാത്ത പേടികളോ സംശയങ്ങളോ വെച്ചുപുലര്‍ത്തുക, വയലന്റായി പെരുമാറുക മുതലായവയും ഗൌരവത്തിലെടുക്കേണ്ടതുണ്ട്. വിഷാദം, ഉത്ക്കണ്ഠാരോഗങ്ങള്‍ എന്നിവയ്ക്ക്, പ്രത്യേകിച്ചും അവ തീവ്രമാണെങ്കില്‍, മരുന്നുകള്‍ ഫലപ്രദമാകും. എന്നാല്‍ പിരിമുറുക്കം മാത്രമേ ഉള്ളൂവെങ്കില്‍ മരുന്നുകള്‍ക്ക് വലിയ പ്രസക്തിയില്ല, മറിച്ച് മനശ്ശാസ്ത്ര രീതികള്‍ക്കാണ് പ്രാധാന്യമുള്ളത്.

(മനോരമ ആരോഗ്യം 2019 മെയ് ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.

Image courtesy: Pandora's Box

×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

ബന്ധങ്ങളിലെ വൈകാരിക പീഡനങ്ങള്‍
എന്‍റെ വീട്, ഫോണിന്‍റേം!

Related Posts