മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
രോഗങ്ങളെപ്പറ്റിയുള്ള ഓണ്‍ലൈന്‍ ബഡായികള്‍
ശിക്ഷയിലോ ഉത്തരവാദിത്തങ്ങളിലോ നിന്നു രക്ഷപ്പെടാനോ മരുന്നുകളോ സാമ്പത്തികസഹായങ്ങളോ സംഘടിപ്പിച്ചെടുക്കാനോ ചിലര്‍ അസുഖങ്ങളഭിനയിക്കുകയോ രോഗലക്ഷണങ്ങളോ ചികിത്സാരേഖകളോ കൃത്രിമമായി സൃഷ്ടിച്ചെടുക്കുകയോ ചെയ്യാറുണ്ട്. ഈ പ്രവണതക്ക് “മാലിങ്കറിംഗ്” എന്നാണു പേര്. എന്നാല്‍ ഇനിയുമൊരു വിഭാഗം ഇങ്ങിനെയൊക്കെച്ചെയ്യാറ് ഇത്തരം നേട്ടങ്ങള്‍ പ്രതീക്ഷിച്ചല്ല, മറിച്ച് ശ്രദ്ധയോ സാന്ത്വനമോ പരിചരണമോ നേടിയെടുക്കുക, ഉള്ളിലെ ദേഷ്യം ബഹിര്‍ഗമിപ്പിക്കുക, വൈകാരികവൈഷമ്യങ്ങളെ മറികടക്കുക തുടങ്ങിയ മനശ്ശാസ്ത്രപരമായ ഉദ്ദേശങ്ങള്‍ സാധിച്ചെടുക്കാനാണ്. “മുന്‍ചൌസണ്‍ സിണ്ട്രോം” എന്നാണ് ഇപ്പറഞ്ഞ പ്രവണത വിളിക്കപ്പെടുന്നത്. (മുന്‍ചൌസണ്‍ എന്നത്, തന്റെ യുദ്ധസാഹസങ്ങളെപ്പറ്റി പൊടിപ്പും തൊങ്ങലും ചേര്‍ത്തു വീമ്പിളക്കാറുണ്ടായിരുന്നൊരു ജര്‍മന്‍ പ്രഭുവിന്റെ പേരാണ്.) കേടായ ഭക്ഷണം മന:പൂര്‍വം കഴിച്ചു വയറിളക്കമുളവാക്കി അതിനു ചികിത്സ തേടുക, ലാബ് റിപ്പോര്‍ട്ടും മറ്റും കൃത്രിമമായുണ്ടാക്കി കാന്‍സറാണെന്നു സ്ഥാപിക്കാന്‍ നോക്കുക, അവര്‍ക്കു ശരിക്കും ഉള്ളയേതെങ്കിലും രോഗങ്ങളെ പൊലിപ്പിച്ചുകാട്ടുക എന്നിങ്ങനെയൊക്കെ മുന്‍ചൌസണ്‍ സിണ്ട്രോം ബാധിതര്‍ ചെയ്യാം.
“മുന്‍ചൌസണ്‍ ബൈ പ്രോക്സി” എന്നൊരു സമാനപ്രശ്നം കൂടിയുണ്ട്. ഇതു ബാധിച്ചവര്‍ “രോഗികളാ”ക്കുന്നത് തങ്ങളെത്തന്നെയല്ല, മറിച്ചു മക്കളെയും മറ്റുമാണ്. കുഞ്ഞിന്റെ മൂത്രത്തില്‍ രക്തമിറ്റിച്ച് കുഞ്ഞു മൂത്രിക്കുമ്പോള്‍ രക്തം വരുന്നെന്നു ഡോക്ടറോടു പറയുകയോ, കുഞ്ഞിനു മലം കുത്തിവെച്ച് അണുബാധയുളവാക്കുകയോ ഒക്കെ ഇവര്‍ ചെയ്യാം. ചെറുപ്രായങ്ങളില്‍ അവഗണനയോ പീഡനങ്ങളോ നിരന്തരമുള്ള ആശുപത്രിവാസമോ നേരിടേണ്ടി വരികയും മുതിര്‍ന്നുകഴിഞ്ഞ് ബന്ധുമിത്രാദികളുടെ കൈത്താങ്ങു വേണ്ടത്ര ലഭിക്കാതെ പോവുകയും ചെയ്തവരെ മുന്‍ചൌസണ്‍ ബൈ പ്രോക്സി കൂടുതലായി ബാധിക്കാറുണ്ട്.
ഇന്റര്‍നെറ്റ് വ്യാപകമായതോടെ മുന്‍ചൌസണ്‍ സിണ്ട്രോമിനും മുന്‍ചൌസണ്‍ ബൈ പ്രോക്സിക്കും ഓണ്‍ലൈന്‍ വകഭേദങ്ങളും രൂപപ്പെടുകയുണ്ടായി. ഇവ വിളിക്കപ്പെടുന്നത് യഥാക്രമം “മുന്‍ചൌസണ്‍ ബൈ ഇന്റര്‍നെറ്റ്”, “മുന്‍ചൌസണ്‍ ബൈ പ്രോക്സി ബൈ ഇന്റര്‍നെറ്റ്” എന്നിങ്ങനെയാണ്. രോഗികളുടെയോ കുടുംബാംഗങ്ങളുടെയോ ഓണ്‍ലൈന്‍ കൂട്ടായ്മകളില്‍ കയറിക്കൂടിയോ സ്വന്തം ബ്ലോഗിലൂടെയോ ഇല്ലാരോഗങ്ങളുടെ വിശദാംശങ്ങള്‍ വിളമ്പി സഹതാപവും ഉപദേശനിര്‍ദ്ദേശങ്ങളും കൈപ്പറ്റാന്‍ ശ്രമിക്കുന്നത് മുന്‍ചൌസണ്‍ ബൈ ഇന്റര്‍നെറ്റിന്റെ ഉദാഹരണമാണ്. അവിവാഹിതയായൊരു യുവതി അമ്മമാര്‍ക്കുള്ള സപ്പോര്‍ട്ട് ഗ്രൂപ്പില്‍ നുഴഞ്ഞുകയറി തന്റെയൊരു മകള്‍ ഗുരുതരരോഗങ്ങളുമായി ആശുപതികള്‍ കയറിയിറങ്ങുകയാണെന്നു നിരന്തരം പോസ്റ്റ് ചെയ്ത് സാന്ത്വനവാക്കുകള്‍ തേടിയാലത് മുന്‍ചൌസണ്‍ ബൈ പ്രോക്സി ബൈ ഇന്റര്‍നെറ്റിന്റെ ഉദാഹരണവുമാണ്.
നെറ്റിന്റെ പല സവിശേഷതകളും അവിടെ ഇത്തരം ചെയ്തികള്‍ വല്ലാതെ സുഗമമാക്കുന്നുമുണ്ട്. ഇന്നിപ്പോള്‍ എവിടെനിന്നും നെറ്റ് അനായാസം പ്രാപ്യമാണ്, ഫേക്ക് ഐഡികളോ അനോണിമസ് ഐഡികളോ നിര്‍മിക്കുക ഏറെയെളുപ്പമാണ്, ഏതു രോഗത്തിന്റെയും വിശദാംശങ്ങളും, എക്സ്റേകളും സ്കാന്‍ റിപ്പോര്‍ട്ടുകളും മറ്റും പോലും നെറ്റില്‍നിന്ന് അനായാസം കണ്ടെത്താം, രോഗങ്ങളുള്ളവരോടും മരണപ്പെട്ടുപോകുന്നവരോടും ഏറെ സ്നേഹവും സഹാനുഭൂതിയും കാണിക്കുന്ന ഓണ്‍ലൈന്‍ സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍ സുലഭമാണ് എന്നതൊക്കെ പ്രസക്തമാണ്. രോഗിയായി സ്വയമവതരിപ്പിക്കുന്നൊരു വ്യക്തിക്കു വേണമെങ്കില്‍ തന്റെ അമ്മയുടേതെന്ന പേരില്‍ മറ്റൊരു ഐഡിയുണ്ടാക്കി താന്‍ അബോധാവസ്ഥയില്‍ ആശുപത്രിയിലാണെന്നോ മരിച്ചുപോയെന്നോ ഒക്കെ ഗ്രൂപ്പിനെയറിയിക്കാം, ഒരു ഗ്രൂപ്പില്‍ അഥവാ കള്ളി വെളിച്ചത്തായാല്‍ ഉടനടി, നിഷ്പ്രയാസം മറ്റൊരു ഗ്രൂപ്പിലേക്കു കളംമാറ്റിച്ചവിട്ടാം എന്നൊക്കെയുള്ള സൌകര്യങ്ങളുമുണ്ട്.
ഇത്തരക്കാരെയും അവരുടെ പോസ്റ്റുകളെയും തിരിച്ചറിയാനുപയോഗിക്കാവുന്ന ചില സൂചനകള്‍ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്:
- മിക്ക പോസ്റ്റുകളും ഹെല്‍ത്ത് വെബ്സൈറ്റുകളിലെയോ പുസ്തകങ്ങളിലെയോ മറ്റുള്ളവരുടെ പോസ്റ്റുകളിലെയോ വിവരങ്ങളുടെ കോപ്പീപേസ്റ്റാവുക.
- പങ്കുവെക്കുന്ന ചികിത്സാരേഖകളില്‍ കൃത്രിമത്വത്തിന്റെ തെളിവുകള്‍ കാണാന്‍കിട്ടുക.
- ഗ്രൂപ്പംഗങ്ങള്‍ പരിഗണന തരാത്തതിന്റെ ഖേദത്തില്‍ തന്റെ രോഗം മൂര്‍ച്ഛിക്കുന്നെന്നു പരാതിപ്പെടുക.
- ഗ്രൂപ്പിന്റെ ശ്രദ്ധ മറ്റാരിലെങ്കിലും കേന്ദ്രീകരിച്ചുതുടങ്ങുമ്പോഴൊക്കെ ജീവിതത്തിലോ രോഗാവസ്ഥയിലോ നാടകീയമായതു വല്ലതും “സംഭവിക്കുക”.
- ഫോണിലൂടെയോ മറ്റോ നേരിട്ടു ബന്ധപ്പെടാനുള്ള ശ്രമങ്ങളോടു സഹകരിക്കാതിരിക്കുക.
ചികിത്സയെസ്സംബന്ധിച്ചും മറ്റും ഇക്കൂട്ടര്‍ മുന്നോട്ടുവെക്കുന്ന തെറ്റായ അഭിപ്രായോപദേശങ്ങള്‍ ഗ്രൂപ്പുകളിലെ മറ്റംഗങ്ങള്‍ക്ക് ഹാനികരമായി ഭവിക്കാം. അംഗങ്ങളുടെ വിശ്വാസ്യതയെപ്പറ്റി സംശയലേശം പോലുമില്ലാതെ പ്രവര്‍ത്തിച്ചു പോരുന്ന ഗ്രൂപ്പുകളില്‍ ഇത്തരക്കാരുടെ സാന്നിദ്ധ്യം വെളിപ്പെടുന്നത്, ചെന്നായ വരുന്നെന്നു വിളിച്ചുകൂവിയ കുട്ടിയുടെ കഥയിലെപ്പോലെ, അവിടെ പരസ്പരവിശ്വാസമില്ലാതാവാനും പുതുതായിച്ചേരുന്നവര്‍ സംശയദൃഷ്ട്യാ വീക്ഷിക്കപ്പെടാനും ഗ്രൂപ്പിന്റെതന്നെ ധ്രുവീകരണത്തിനും ശിഥിലീകരണത്തിനുമൊക്കെയും പോലും ഇടയൊരുക്കുകയുമാവാം.
സഹഅംഗങ്ങളോട് സഹാനുഭൂതി കാണിക്കുന്നതോടൊപ്പം തന്നെ അല്‍പമൊരു സംശയബുദ്ധിയും നിലനിര്‍ത്താനും ആരോഗ്യകാര്യങ്ങളില്‍ മറ്റുള്ളവര്‍ തരുന്ന “വിദഗ്ദ്ധോപദേശങ്ങളെ” കണ്ണടച്ചു വിശ്വസിക്കാതിരിക്കാനുമുള്ള ഓര്‍മപ്പെടുത്തലുകള്‍ സപ്പോര്‍ട്ട് ഗ്രൂപ്പുകളുടെ മാര്‍ഗരേഖകളില്‍ ഉള്‍പ്പെടുത്തുന്നതു ഗുണകരമാവും. രോഗങ്ങളെപ്പറ്റിയുള്ള വ്യാജവാദങ്ങളുമായി നെറ്റിലവതരിക്കുന്നവരില്‍ മുന്‍ചൌസണ്‍ ബാധിച്ചവര്‍ മാത്രമല്ല, മറിച്ച് ചുമ്മാ പണപ്പിരിവു നടത്തുക, മറ്റുള്ളവരെ കരുതിക്കൂട്ടി വിഡ്ഢികളാക്കുക തുടങ്ങിയ ദുരുദ്ദേശങ്ങളുള്ളവരും ഉണ്ടാവാമെന്നതും മറക്കാതിരിക്കുക.
മുന്‍ചൌസണ്‍ സിണ്ട്രോം “ഫാക്റ്റീഷ്യസ് ഡിസോര്‍ഡര്‍” എന്ന പേരില്‍ ഒരു മനോരോഗമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിന്റെ ഓണ്‍ലൈന്‍ വകഭേദങ്ങള്‍ ശരിക്കും എന്തുതരം പ്രവണതകളാണെന്നതിനെപ്പറ്റിയുള്ള വ്യക്തത ഇപ്പോഴും പൂര്‍ണമായി ലഭ്യമായിട്ടില്ല. എന്നിരിക്കിലും അവ സംശയിക്കപ്പെടുന്നവരോട് മനശ്ശാസ്ത്ര വിശകലനങ്ങള്‍ക്കു വിധേയരാവാനും വിഗദ്ധസഹായം തേടാനും നിര്‍ദ്ദേശിക്കുന്നതു നന്നാകും.
(2017 ഫെബ്രുവരി ലക്കം മാതൃഭൂമി ആരോഗ്യമാസികയിലെ Mind.Com എന്ന കോളത്തില്‍ പ്രസിദ്ധീകരിച്ചത്)
{xtypo_alert}ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.{/xtypo_alert}
Image courtesy: Michael Brewer
When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.