മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
ആപ്പുകളുപയോഗിക്കാം ആപത്തിലകപ്പെടാതെ
ആരോഗ്യസംരക്ഷണത്തിനുള്ള സ്മാര്‍ട്ട്ഫോണ്‍ ആപ്പുകളുടെയെണ്ണം ഒരുലക്ഷത്തിഅറുപത്തയ്യായിരം കവിഞ്ഞിരിക്കുന്നു. പ്രമേഹവും അപസ്മാരവും പോലുള്ള ഏറെക്കാലം നിലനില്‍ക്കുന്ന രോഗങ്ങളുടെ ചികിത്സയില്‍ ഇപ്പോഴുള്ള പല പരിമിതികള്‍ക്കും പരിഹാരമാവാന്‍ ആപ്പുകള്‍ക്കാകുമെന്നു പ്രത്യാശിക്കപ്പെടുന്നുമുണ്ട്. വിവിധ രോഗങ്ങളെപ്പറ്റി ചിത്രങ്ങളും വീഡിയോകളും സഹിതം അറിവു തരുന്ന ആപ്പുകളുണ്ട്. മരുന്നു കഴിക്കാനും ഫോളോ അപ്പിനു പോകാനുമൊക്കെ ഓര്‍മിപ്പിക്കുന്നവയുണ്ട്. രോഗലക്ഷണങ്ങള്‍ വരുമ്പോള്‍ അവയുടെ വിശദാംശങ്ങള്‍ നാം കുറിച്ചിട്ടാല്‍ അതിന്‍റെ കൃത്യസമയവും ദൈര്‍ഘ്യവുമെല്ലാം ആപ്പുകള്‍ സ്വയം രേഖപ്പെടുത്തുകയും എന്നിട്ടാ വിവരങ്ങളെല്ലാം ചികിത്സകര്‍ക്കയക്കുകയും ആ ലക്ഷണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഗ്രാഫു രൂപത്തിലും മറ്റും നമുക്കു കാണിച്ചുതരികയും ചെയ്യുന്നുണ്ട്. നമ്മുടെയതേ രോഗമുള്ള മറ്റുള്ളവരുമായി അനുഭവങ്ങള്‍ പങ്കിടാന്‍ അവസരം തരുന്നവയുണ്ട്. ലഘുവായ പ്രശ്നങ്ങള്‍ക്ക് ആശുപത്രിയില്‍പ്പോവാതെ ശമനമുണ്ടാക്കാനും ചികിത്സാച്ചെലവു കുറയ്ക്കാനും തൊട്ടടുത്തെങ്ങും ചികിത്സാസൌകര്യങ്ങളില്ലാത്തവര്‍ക്കടക്കം അവിളംബം വിദഗ്ദ്ധസഹായം പ്രാപ്യമാക്കാനുമെല്ലാം ആപ്പുകള്‍ക്കാവുന്നുണ്ട്. നമുക്കുള്ള ലക്ഷണങ്ങള്‍ രേഖപ്പെടുത്തിയാല്‍ എന്താവാം അസുഖം, ഡോക്ടറെക്കാണേണ്ടതുണ്ടോ എന്നൊക്കെപ്പറഞ്ഞുതരുന്നവയും രംഗത്തുണ്ട്.
എന്നുവെച്ച് ആപ്പുകളെയെല്ലാം കണ്ണുമടച്ചങ്ങു വിശ്വസിക്കാനാവില്ല.
ആപ്പുകളിലെ കുഴപ്പക്കാര്‍
മരുന്നുകളെയോ മെഡിക്കല്‍ ഉപകരണങ്ങളെയോ പോലെ വിദഗ്ദ്ധ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായോ ഗവേഷണങ്ങളില്‍ ഫലപ്രാപ്തി തെളിഞ്ഞോ സര്‍ക്കാര്‍ ഏജന്‍സികളുടെ പരിശോധനകള്‍ക്കു ശേഷമോ അല്ല ഭൂരിഭാഗം ആപ്പുകളും അവതരിപ്പിക്കപ്പെടുന്നത്. അതിനാല്‍ത്തന്നെ തെറ്റായ വിവരങ്ങളും ഉപദേശങ്ങളും തരുന്നവ സുലഭമാണു താനും. കാത്സ്യം കുറഞ്ഞ ഭക്ഷണമെടുക്കുന്നത് കിഡ്നി സ്റ്റോണ്‍ ബാധിതര്‍ക്ക് ഹാനികരമാകാമെങ്കിലും അവര്‍ക്ക് അത്തരം ഭക്ഷണം നിര്‍ദ്ദേശിക്കുന്ന ആപ്പുകളുണ്ട്. 2014-ല്‍ ആപ്പിളിന്‍റെ ആപ്പ് സ്റ്റോറില്‍ അഞ്ചു മാസത്തോളം ‘ടോപ്പ് 50’ ലിസ്റ്റിലുണ്ടായിരുന്ന, ഫോണ്‍കൊണ്ടു ബി.പി.യളക്കാനുപയോഗിക്കാമെന്നവകാശപ്പെട്ട Instant Blood Pressure എന്ന ആപ്പ് മിക്കപ്പോഴും തരുന്നത് തെറ്റായ റീഡിങ്ങാണെന്നു പിന്നീടു തെളിയുകയും പിന്‍വലിക്കപ്പെടുകയുമുണ്ടായി. കണ്ണടകളൊഴിവാക്കാന്‍ സഹായിക്കുമെന്നവകാശപ്പെട്ട Ultimeyes, അല്‍ഷീമേഴ്സിനെ പ്രതിരോധിക്കുമെന്നവകാശപ്പെട്ട Lumosity എന്നിവയുടെ നിര്‍മാതാക്കള്‍ക്ക് ആ വാദങ്ങള്‍ വ്യാജമാണെന്നു തെളിഞ്ഞതിന്‍റെ പേരില്‍ വന്‍തുക പിഴയടക്കേണ്ടിവരികയുമുണ്ടായി. ഹെര്‍ണിയ തൊട്ടു കാന്‍സര്‍ വരെയുള്ള നാനാതരം രോഗങ്ങളുമായി ബന്ധപ്പെട്ട ആപ്പുകളെപ്പറ്റി നടന്ന ഒട്ടനേകം പഠനങ്ങള്‍ ഒരേ സ്വരത്തില്‍ പറയുന്നത് ഏറിയപങ്ക് ആപ്പുകളും ഗുണനിലവാരമില്ലാത്തവയാണെന്നാണ്.
ഇത്തിരി മുന്നറിയിപ്പുകള്‍
ഒരു രോഗത്തെപ്പറ്റിയുള്ള ആപ്പിനു സര്‍ച്ച് ചെയ്യുമ്പോള്‍ ഏറ്റവുമാദ്യം കിട്ടുന്ന ലിങ്കുകള്‍ കൂട്ടത്തില്‍ ഏറ്റവും ശാസ്ത്രീയവും ഫലപ്രദവുമായവയുടേതാകുമെന്ന് അനുമാനിക്കാനേയാവില്ല. ഒരു ആപ്പ് ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നത് ‘മെഡിക്കല്‍’ കാറ്റഗറിയിലാണെന്നത് അതിന്‍റെ ആധികാരികതയുടെ തെളിവല്ല. ആപ്പ്സ്റ്റോറുകളിലെ റേറ്റിംഗുകളും റിവ്യൂകളും ശാസ്ത്രീയമായി വലിയ സാംഗത്യമില്ലാത്ത അനുഭവസാക്ഷ്യങ്ങള്‍ മാത്രമാണ്.
ആപ്പുകളില്‍ നാം ചേര്‍ക്കുന്ന വ്യക്തിപരമായ വിവരങ്ങള്‍ സ്ഥാപിതതാല്പര്യങ്ങളുള്ള വേറെ കമ്പനികള്‍ക്കും മറ്റും കൈമാറ്റം ചെയ്യപ്പെടാം — അതിനാല്‍ത്തന്നെ, ഉപയോഗിക്കുന്ന ആപ്പുകളോരോന്നിന്‍റെയും പ്രൈവസി പോളിസി സസൂക്ഷ്മം മനസ്സിലാക്കുന്നതാകും ഉത്തമം.
സൌജന്യമാണ് എന്ന കാരണത്താല്‍ ചാടിക്കയറി അനേകം ആപ്പുകള്‍ ഉപയോഗിക്കാന്‍ പലരും തുനിയുന്നത് ഗുണരഹിതമോ ഹാനികരമോ ആയവ കൂട്ടത്തില്‍പ്പെടാന്‍ നിമിത്തമാവാം. ആപ്പുപയോഗങ്ങളൊന്നും പൊതുവെ ചികിത്സകരുടെ നിര്‍ദ്ദേശത്താലോ മേല്‍നോട്ടത്തിലോ അല്ല നടക്കുന്നതെന്നതിനാല്‍ കുഴപ്പങ്ങള്‍ പിണഞ്ഞാല്‍ തിരിച്ചറിയുകയോ പരിഹരിക്കുകയോ എളുപ്പമാവില്ല, ഉത്തരവാദിത്തമേല്‍ക്കാന്‍ ആരുമുണ്ടാകില്ല എന്ന പ്രശ്നങ്ങളുമുണ്ട്.
ഇനി, ചില പ്രധാന രോഗങ്ങളുടെ ചികിത്സയില്‍ ആപ്പുകള്‍ക്കുള്ള പ്രസക്തിയും പരിമിതികളും പരിശോധിക്കുകയും, ഗവേഷണങ്ങളില്‍ ഫലപ്രാപ്തി തെളിഞ്ഞതോ വിദഗ്ദ്ധവിശകലനങ്ങളില്‍ കുറ്റമറ്റതെന്നു ബോദ്ധ്യപ്പെട്ടതോ ആയ ചിലവയെ പരിചയപ്പെടുകയും ചെയ്യാം.
പ്രമേഹം
രക്തത്തിലെ ഗ്ലൂക്കോസ് നിലയും എടുക്കുന്ന ഇന്‍സുലിന്‍റെയളവും ഭക്ഷണത്തിന്‍റെയും വ്യായാമത്തിന്‍റെയുമൊക്കെ വിശദാംശങ്ങളും മറ്റും കുറിച്ചുവെക്കാനും അതിന്‍റെ വെളിച്ചത്തില്‍ തക്ക ഫീഡ്ബാക്കും നിര്‍ദ്ദേശങ്ങളും ഇങ്ങോട്ടുകിട്ടാനുമെല്ലാം Bant, BlueStar Diabetes, DAFNE Online, Glucool Diabetes, iBGStar, Diabetes Manager എന്നിവ ലഭ്യമാണ്.
ഗ്ലൂക്കോസ് നിലയും കഴിക്കാനുദ്ദേശിക്കുന്ന കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവും എന്‍റര്‍ ചെയ്‌താല്‍ എടുക്കേണ്ട ഇന്‍സുലിന്‍റെ ഡോസ് പറഞ്ഞുതരുമെന്നവകാശപ്പെടുന്ന ആപ്പുകള്‍ പലതുമുണ്ടെങ്കിലും അവ നല്ലൊരു പങ്കും പക്ഷേ അക്കാര്യത്തില്‍ പരാജയമാണ്. ഓരോ വ്യക്തിയുടെയും ശാരീരിക സവിശേഷതകള്‍ വേണ്ടുംവിധം തിരിച്ചറിയുന്നതിന് ആപ്പുകള്‍ക്കു പരിമിതിയുണ്ടെന്നതിനാലാണിത്.
ശ്വാസകോശരോഗങ്ങള്‍
ആസ്ത്മ ബാധിതര്‍ക്കുള്ള ആപ്പുകള്‍ മൂന്നിലൊന്നും ഇന്‍ഹേലര്‍ തയ്യാറാക്കുന്നതിനെയും വായില്‍ വെക്കുന്നതിനെയും പറ്റി തെറ്റായ നിര്‍ദ്ദേശങ്ങളാണു തരുന്നതെന്ന് ഒരു പഠനം കണ്ടെത്തി. ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനക്ഷമതയറിയാന്‍ സഹായിക്കുന്ന Peak flow calculator ആപ്പുകള്‍ മിക്കവയും തരുന്നത് തെറ്റായ റിസല്‍റ്റുമാണ്.
ആസ്ത്മയോ അലര്‍ജിക് റൈനൈറ്റിസോ ഉള്ളവര്‍ക്ക് രോഗം മൂര്‍ച്ഛിക്കുന്നതിന്‍റെയും അതിനു നിമിത്തമാകുന്ന ഘടകങ്ങളുടെയും പരിശോധനാഫലങ്ങളുടെയും വിശദാംശങ്ങള്‍ കുറിച്ചുവെക്കാനും മറ്റും mCARAT ഉപകരിക്കും.
ഹൃദയരോഗങ്ങള്‍
ചര്‍മത്തിലെ രക്തക്കുഴലുകളുടെ സങ്കോചവികാസങ്ങള്‍ ഫോണ്‍കാമറകൊണ്ടു തിരിച്ചറിഞ്ഞ് അതുവെച്ച് പള്‍സ് റേറ്റ് പറഞ്ഞുതരുന്ന ആപ്പുകളുണ്ട്. എന്നാല്‍ വിയര്‍പ്പ്, ലഭ്യമായ വെളിച്ചം, ആളിന്‍റെ ചലനങ്ങള്‍ എന്നിങ്ങനെ പല ഘടകങ്ങളും അവയുടെ റീഡിങ്ങില്‍ പാകപ്പിഴകള്‍ക്കിടയാക്കുന്നുണ്ട്.
ബി.പി.യളക്കാനും ആ അളവുകള്‍ ആപ്പുകളില്‍ സൂക്ഷിക്കാനും iHealth Sense, Withings Wireless Blood Pressure Monitor തുടങ്ങിയ ഡിവൈസുകളുണ്ട്. വര്‍ഷത്തിലൊരിക്കല്‍ സാധാരണ ബി.പി. മെഷീനുകളുമായി താരതമ്യപ്പെടുത്തി ഇവയുടെ കൃത്യത ഉറപ്പുവരുത്തേണ്ടതുണ്ട്.
ഹൃദയതാളത്തില്‍ വ്യതിയാനങ്ങളുള്ളവര്‍ക്കും നിരന്തരം നെഞ്ചിടിപ്പോ ബോധക്കേടോ വരുന്നവര്‍ക്കും ഫോണില്‍ സദാ ഇ.സി.ജി. ശേഖരിക്കാനും അതു ചികിത്സകര്‍ക്കയക്കാനും ഇ.സി.ജി റെക്കോര്‍ഡര്‍ ഡിവൈസും ആപ്പുമടങ്ങുന്ന ECG Check, eMotion, AliveCor എന്നിവ ലഭ്യമാണ്. ഹൃദയമിടിപ്പിന്‍റെ തോതും താളവും നിര്‍ണയിക്കാന്‍ മേല്‍പ്പറഞ്ഞ ഒന്നോ രണ്ടോ ഇലക്ട്രോഡു മാത്രമുള്ളവ പര്യാപ്തമാണെങ്കിലും ഹൃദ്രോഗം തിരിച്ചറിയാന്‍ നാല് ഇലക്ട്രോഡുള്ള CardioSecur Active പോലുള്ളവ തന്നെ വേണം.
മാനസികപ്രശ്നങ്ങള്‍
MoodGym എന്ന ആപ്പും വെബ്സൈറ്റും വിഷാദബാധിതര്‍ക്ക് സി.ബി.റ്റി.യെന്ന മനശ്ശാസ്ത്രചികിത്സ കൊടുക്കുന്നതില്‍ കഴിവു തെളിയിച്ചവയാണ്. Mobilyze എന്നൊരാപ്പും വിഷാദശമനത്തിനു സഹായകമാണ്. Peak എന്ന ആപ്പിന്‍റെ ഭാഗമായ Wizard എന്ന ഗെയിം സ്കിസോഫ്രീനിയ ബാധിതരിലെ ചിലതരം ഓര്‍മപ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിലും, Fitbit മനോരോഗബാധിതരെ ശാരീരിക വ്യായാമങ്ങള്‍ക്കു പ്രേരിപ്പിക്കുന്നതിലും വിജയിച്ചിട്ടുണ്ട്.
മസ്തിഷ്കരോഗങ്ങള്‍
കൂടെക്കൂടെ തലവേദനയുണ്ടാകുന്നവര്‍ ഏതൊക്കെ സന്ദര്‍ഭങ്ങളിലാണു വേദന വരുന്നത്, ഒപ്പം മറ്റെന്തൊക്കെ ലക്ഷണങ്ങള്‍ കാണപ്പെടാറുണ്ട് എന്നൊക്കെ കുറിച്ചുവെക്കുന്നത് രോഗവും ചികിത്സയും നിശ്ചയിക്കുന്നതിനു സഹായകമാകും. ഇതിനൊക്കെ പേപ്പറിനു പകരം iHeadache, ecoHeadache, Headache Diary Pro തുടങ്ങിയ ആപ്പുകളുപയോഗിക്കുന്നത് നാനാതരം റിപ്പോര്‍ട്ടുകള്‍ ഓട്ടോമാറ്റിക്കായിക്കിട്ടാനും പ്രവണതകള്‍ തിരിച്ചറിയാനും ഗുണകരമാവും.
അപസ്മാരത്തിന്‍റെ വീഡിയോ റെക്കോര്‍ഡ് ചെയ്യാനും പ്രഥമശുശൂഷയെപ്പറ്റി മനസ്സിലാക്കാനുമൊക്കെ Young Epilepsy, Epilepsy Toolkit എന്നിവ ലഭ്യമാണ്.
ചര്‍മരോഗങ്ങള്‍
നല്ലൊരുപങ്കു രോഗനിര്‍ണയവും നിരീക്ഷണവും പുറംകാഴ്ചയിലൂടെ സാദ്ധ്യമാണെന്നതിനാല്‍ത്തന്നെ ഡെര്‍മറ്റോളജിയില്‍ ആപ്പുകള്‍ക്കു ചെറുതല്ലാത്ത സ്ഥാനമുണ്ട്. കാലാവസ്ഥക്കും തൊലിയുടെ പ്രകൃതത്തിനും അനുസൃതമായി സണ്‍സ്ക്രീന്‍ നിര്‍ദ്ദേശിക്കാനും അലര്‍ജിയുണ്ടാക്കുന്ന ഘടകങ്ങളുടെ പ്രഭാവം രേഖപ്പെടുത്തിയിടാനുമെല്ലാം ആപ്പുകള്‍ ലഭ്യമായുണ്ട്. അതേസമയം, ഫോട്ടോകളിലൂടെ സ്കിന്‍ കാന്‍സര്‍ കണ്ടെത്താമെന്നവകാശപ്പെട്ട Skin Scan ഏറിയപങ്കു കാന്‍സറുകളെയും തിരിച്ചറിയാതെ വിടുന്നെന്നു തെളിയുകയുണ്ടായി.
മിഷിഗണ്‍ സര്‍വ്വകലാശാല വികസിപ്പിച്ച UMSkinCheck മറുകുകളുടെയും പാടുകളുടെയും ഫോട്ടോയെടുത്തു സൂക്ഷിക്കാനും അവ വലുതാകുന്നുണ്ടോയെന്നു നിരീക്ഷിക്കാനുമെല്ലാം സഹായകമാണ്.
വേദന
കാന്‍സര്‍ പോലുള്ള രോഗങ്ങളുള്ളവര്‍ക്ക് വേദനയുടെ തീവ്രത കുറിച്ചുവെക്കാന്‍ മനശ്ശാസ്ത്രജ്ഞരാല്‍ രൂപപ്പെടുത്തപ്പെട്ട Painometer v2 ഉപയോഗിക്കാം. കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് ഈയാവശ്യത്തിന് ഒരു ഗെയിമിന്‍റെ കെട്ടും മട്ടുമുള്ള Pain Squad ലഭ്യമാണ്.
പുകവലിശീലം
ലഹരിയുപയോഗം പ്രോത്സാഹിപ്പിക്കുന്ന അനവധി ആപ്പുകള്‍ രംഗത്തുണ്ട്. എന്നാല്‍ മറുവശത്ത്, പുകവലി നിര്‍ത്താന്‍ യത്നിക്കുന്നവര്‍ക്ക് Smokerface, Smokefree28 എന്നിവ കൈത്താങ്ങാവും.
സ്മാര്‍ട്ട് സ്ലിമ്മിംഗ്!
ഭക്ഷണക്രമവും വ്യായാമവും മെച്ചപ്പെടുത്താനാഗ്രഹിക്കുന്നവര്‍ക്കായി ഒട്ടേറെ ആപ്പുകളും ഗാഡ്ജറ്റുകളുമുണ്ട്. അവയുടെ കാര്യക്ഷമതയെപ്പറ്റി ഇന്നോളം നടന്ന ഗവേഷണങ്ങളുടെ ഒരവലോകനം ‘ഇന്‍റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് ബീഹേവിയറല്‍ ന്യൂട്രീഷ്യന്‍ ആന്‍റ് ഫിസിക്കല്‍ ആക്ടിവിറ്റി’യുടെ ഡിസംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. അതെത്തിച്ചേര്‍ന്ന അനുമാനം, ആഹാരക്രമം ആരോഗ്യകരമാക്കാനും വ്യായാമം വര്‍ദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും കായികക്ഷമത മെച്ചപ്പെടുത്താനും ചില ആപ്പുകള്‍ ഗുണകരമാണെന്നാണ്. ലക്ഷ്യങ്ങള്‍ തീരുമാനിക്കാനും കുറിച്ചുവെക്കാനും അവ പ്രാപ്ര്യമാകുന്നുണ്ടോ എന്നു നിരീക്ഷിക്കാനും സഹായിക്കുന്നതോ, ഉപദേശനിര്‍ദ്ദേശങ്ങളും പെര്‍ഫോമന്‍സിനെപ്പറ്റിയുള്ള ഫീഡ്ബാക്കും പ്രചോദനപരമായ സന്ദേശങ്ങളും തരുന്നതോ ആയ ആപ്പുകളാണ് കൂടുതല്‍ ഫലപ്രദം. SmartAPPetite, iStepLog, Accupedo Pedometer, Fitbit One Tracker എന്നിവ പഠനങ്ങളില്‍ ഫലപ്രാപ്തി തെളിയിച്ചപ്പോള്‍ Zombies Run!, Jawbone Up, Lose It! എന്നിവ പക്ഷേ അക്കാര്യത്തില്‍ പരാജയപ്പെട്ടു.
(2017 ഫെബ്രുവരി ലക്കം 'മനോരമ ആരോഗ്യ'ത്തില്‍ പ്രസിദ്ധീകരിച്ചത്)
{xtypo_alert}ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.{/xtypo_alert}Image courtesy:Associations Now
When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.