മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

ഗെയിം, ടീവി, സിനിമ... പിന്നെ അടിപിടിയും

visual-media-violence-children-malayalam

ഫോണുകള്‍, ടാബുകള്‍, ലാപ്ടോപ്പുകള്‍, ഡെസ്ക്ടോപ്പുകള്‍, ടെലിവിഷന്‍ എന്നിങ്ങനെ നാനാതരം സ്ക്രീനുകള്‍ കുട്ടികള്‍ക്കിന്നു ലഭ്യമായുണ്ട്. അവയിലൊക്കെ കണ്ടുകൂട്ടുന്ന രംഗങ്ങള്‍ അവരെ നല്ലതും മോശവുമായ രീതിയില്‍ സ്വാധീനിക്കുന്നുമുണ്ട്. അക്കങ്ങളും അക്ഷരങ്ങളും പഠിക്കുവാന്‍തൊട്ട്, മത്സരപ്പരീക്ഷകള്‍ക്കു തയ്യാറെടുക്കാന്‍ വരെ അവ സഹായകമാണ്. കുട്ടികള്‍ സ്ക്രീനുകള്‍ക്കൊപ്പം ഒട്ടേറെ സമയം ചെലവിടുന്നുണ്ട് എന്നതിനാല്‍ അവര്‍ക്കു ലോകത്തെ പരിചയപ്പെടുത്താനും അവരെ സ്വാധീനിക്കാനും മാതാപിതാക്കളേക്കാളും അദ്ധ്യാപകരേക്കാളും അവസരം ഇപ്പോള്‍ ദൃശ്യമാദ്ധ്യമങ്ങള്‍ക്കു കിട്ടുന്നുണ്ട്. സിനിമയും സീരിയലുമൊക്കെ പല നല്ല കാര്യങ്ങളും കുട്ടികളെ മനസ്സിലാക്കിക്കുന്നുണ്ട് — നമ്മില്‍നിന്നു വ്യത്യസ്തരായ അനേകതരം ആളുകള്‍ ലോകത്തുണ്ട്, മുതിര്‍ന്നവരെ ബഹുമാനിക്കണം എന്നൊക്കെയുള്ള ഉള്‍ക്കാഴ്ചകള്‍ ഉദാഹരണമാണ്.

ദൃശ്യമാദ്ധ്യമങ്ങള്‍ക്കു പല ദൂഷ്യഫലങ്ങളും ഉണ്ടെന്നും തെളിഞ്ഞിട്ടുണ്ട്. അമിതവണ്ണം, വിഷാദം, ആത്മഹത്യാപ്രവണത, ലഹരിയുപയോഗം, ലൈംഗിക പരീക്ഷണങ്ങള്‍, പഠനത്തില്‍ പിന്നാക്കമാകല്‍ എന്നിവയാണ് അതില്‍ പ്രധാനം. അക്കൂട്ടത്തില്‍ കുടുബങ്ങളുടെ സവിശേഷശ്രദ്ധ അര്‍ഹിക്കുന്ന ഒരു പ്രശ്നമാണ് ദൃശ്യമാദ്ധ്യമങ്ങള്‍ ഉളവാക്കുന്ന അക്രമാസക്തത. സീരിയലുകള്‍, കാര്‍ട്ടൂണുകള്‍, സിനിമകള്‍, മ്യൂസിക് വീഡിയോകള്‍, ഗെയിമുകള്‍, സാമൂഹ്യ മാദ്ധ്യമങ്ങള്‍, വെബ്സൈറ്റുകള്‍ തുടങ്ങിയവയില്‍ അക്രമദൃശ്യങ്ങള്‍ സര്‍വസാധാരണമാണ്. അവ കുഞ്ഞുമനസ്സുകളില്‍ പല ദുസ്സ്വാധീനങ്ങളും ചെലുത്തുന്നുമുണ്ട്.

അക്രമദൃശ്യങ്ങളുടെ അനന്തരഫലങ്ങള്‍

തൊള്ളായിരത്തിയമ്പതുകള്‍ തൊട്ടുള്ള, മൊത്തം ഒന്നര ലക്ഷത്തോളം പേരെ ഉള്‍പ്പെടുത്തിയ അനവധി ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് സമൂഹത്തിലെ വയലന്‍സിനു പിന്നിലുള്ള പല ഘടകങ്ങളില്‍ ഒന്ന്‍ ടീവിയിലെയും മറ്റും അക്രമക്കാഴ്ചകളാണ് എന്നത്രേ. കൂട്ടത്തില്‍ അധിക നാളായി രംഗത്തുള്ളത് ടെലിവിഷനാണ് എന്നതിനാല്‍ത്തന്നെ ഭൂരിഭാഗം പഠനങ്ങളും ടീവികാഴ്ചയുടെ പ്രത്യാഘാതങ്ങള്‍ സംബന്ധിച്ചാണ്. കുട്ടിക്കാലത്ത് ടീവിയില്‍ ഏറെ വയലന്‍റ് സീനുകള്‍ കണ്ടവര്‍ കൌമാരത്തില്‍ കൂടുതലായി അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്, മുതിര്‍ന്നുകഴിഞ്ഞ് കുറ്റകൃത്യങ്ങള്‍ക്ക് അറസ്റ്റിലാകാന്‍ സാദ്ധ്യത അമിതമാണ് എന്നൊക്കെ പഠനങ്ങളുണ്ട്. ബാഹ്യലോകവുമായി ബന്ധമേതുമില്ലാതെ നിലകൊണ്ടിരുന്ന സമൂഹങ്ങളില്‍ ടീവി രംഗപ്രവേശം ചെയ്ത ശേഷം ചെറുപ്രായക്കാരില്‍ അക്രമവാസന വര്‍ദ്ധിച്ചതായും നിരീക്ഷണമുണ്ട്.

ഏറെനേരം ടീവി കാണാറുള്ള കുട്ടികളില്‍ മറ്റുള്ളവരെ വിശ്വാസമില്ലായ്ക, ആരെങ്കിലും ഉപദ്രവിക്കുമോയെന്ന ഭീതി, വിഷാദം, ഉത്ക്കണ്ഠ എന്നിവ കൂടുകയും സഹാനുഭൂതിയും പരസഹായമനസ്കതയും കുറയുകയും ചെയ്യുന്നുണ്ട്. അവര്‍ സമപ്രായക്കാരെ ശല്യപ്പെടുത്താനുള്ള സാദ്ധ്യത അധികവുമാണ്.

കൊച്ചുകുട്ടികളില്‍

അക്രമരംഗങ്ങള്‍ പിഞ്ചുകുട്ടികളില്‍ അരക്ഷിതത്വബോധം ഉളവാക്കാം. ആ പ്രായത്തില്‍ കാര്‍ട്ടൂണുകളിലെ വയലന്‍സ് പോലും ഉറക്കംവരായ്കക്കും പേടിസ്വപ്നങ്ങള്‍ക്കും നിമിത്തമാകാം. ശരിക്കുള്ളതും കെട്ടിച്ചമച്ചതും വേര്‍തിരിച്ചറിയാന്‍ കുട്ടികള്‍ക്കാവുക ഏഴുവയസ്സു കഴിഞ്ഞാണ്. അങ്ങിനെയുള്ളവര്‍ക്ക് കാര്‍ട്ടൂണുകള്‍ വെറും കഥയാണ്‌ എന്നു തിരിച്ചറിയാനാകുമെങ്കിലും റിയലിസ്റ്റിക്കായി ചിത്രീകരിച്ച വയലന്‍സ് അവരെയും ദുസ്സ്വാധീനിക്കാം.

മറ്റുള്ളവരെ എന്തിലുമേതിലും അനുകരിക്കാനുള്ള ത്വര കുട്ടികളില്‍ സാധാരണമാണല്ലോ. അതിനാല്‍ത്തന്നെ, വയലന്‍റ് സീനുകള്‍ കണ്ടുകഴിഞ്ഞ് കളികളില്‍ ഏര്‍പ്പെടുന്നേരം അവര്‍ ആ സീനുകളെ പുനരാവിഷ്കരിക്കാന്‍ ശ്രമിക്കാം.

ഇതു മാത്രമോ കുഴപ്പകാരണം?

അല്ല. ശാന്തപ്രകൃതനായ ഒരാളെ അക്രമിയായി പരിവര്‍ത്തിപ്പിക്കാന്‍ ശേഷിയുള്ള മാദ്ധ്യമം എന്നല്ല, യാതൊരു ഘടകവും ഇല്ല. പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, സമൂഹത്തിലുള്ള വയലന്‍സിന്‍റെ പത്തു ശതമാനത്തിനു പിന്നിലാണ് ദൃശ്യമാദ്ധ്യമ അക്രമരംഗങ്ങള്‍ക്കു പങ്കുള്ളതെന്നാണ്.

ഒരാളില്‍ അക്രമവാസന ജനിക്കുന്നത് പല ഘടകങ്ങളുടെ യോജിച്ചുള്ള സ്വാധീനത്തിലാണ്. വളര്‍ന്ന കുടുംബത്തില്‍ ഏറെ ശാരീരികോപദ്രവം നേരില്‍ക്കണ്ടിട്ടുണ്ടാവുക, ചെറുപ്രായത്തില്‍ വയലന്‍സിന് ഇരയാവുക, ദരിദ്രമായ പശ്ചാത്തലം എന്നിവ അക്രമവാസനക്കു വഴിവെക്കാം. ഇങ്ങിനെയുള്ളവര്‍, ചിലപ്പോള്‍ അങ്ങിനെ അല്ലാത്തവരും, ശബ്ദായമാനമോ ദുര്‍ഗന്ധപൂരിതമോ ഉഷ്ണമേറിയതോ ആയ സാഹചര്യങ്ങളിലും, ശാരീരിക വേദനയോ മാനസിക സംഘര്‍ഷമോ നിലനില്‍ക്കുമ്പോഴും, ആയുധം കയ്യെത്തുന്നിടത്ത് ഉള്ളപ്പോഴും നിയന്ത്രണംവിട്ടു പെരുമാറാന്‍ കൂടുതല്‍ സാദ്ധ്യതയുണ്ട്. മറുവശത്ത്, ശിക്ഷയെയോ പ്രതികാരത്തെയോ പ്രതിയുള്ള ഭയം, അക്രമം തീരെ ഇഷ്ടമില്ലാത്ത പ്രകൃതം, ഉയര്‍ന്ന ധാര്‍മികചിന്ത എന്നിവ അക്രമത്തില്‍നിന്നു പിന്തിരിപ്പിക്കുന്നവയുമാണ്.

വലിക്കുന്ന ഓരോ സിഗരറ്റും ഭാവിയില്‍ കാന്‍സര്‍ വരാനുള്ള സാദ്ധ്യത സ്വല്‍പം വര്‍ദ്ധിപ്പിക്കുന്നതു പോലെ, കാണുന്ന ഓരോ വയലന്‍സ് രംഗവും ഭാവിയില്‍ അക്രമവാസനയ്ക്കുള്ള സാദ്ധ്യത അല്‍പം കൂട്ടുന്നുണ്ട്. പുകവലിക്കുന്ന സര്‍വര്‍ക്കും കാന്‍സര്‍ വരില്ല എന്നപോലെതന്നെ, വയലന്‍റ് രംഗങ്ങള്‍ വീക്ഷിക്കാന്‍ ഇടവരുന്ന ഓരോ കുട്ടിയിലുമൊന്നും അക്രമാസക്തത ഉണ്ടാകു ന്നുമില്ല.

റിസ്കു കൂടുതലുള്ളത്

ചിലതരം കുട്ടികളെ അക്രമരംഗങ്ങള്‍ ദുസ്സ്വാധീനിക്കാന്‍ അമിതസാദ്ധ്യതയുണ്ട്. പെരുമാറ്റപരമോ വൈകാരികമോ ആയ പ്രശ്നങ്ങളുള്ളവരും ആളുകളോട് ഇടപഴകാനുള്ള പാടവത്തില്‍ പിന്നാക്കമായവരും ബുദ്ധി കുറവുള്ളവരും ഇതില്‍പ്പെടുന്നു. കിടപ്പുമുറിയില്‍ ടീവിയോ ഫോണോ ലഭ്യമായവര്‍ക്കും റിസ്ക്‌ കൂടുതലുണ്ട്. അവര്‍ ഒട്ടധികം സമയം രംഗങ്ങള്‍ കാണാം, മുതിര്‍ന്നവരുടെ കണ്‍വട്ടത്തായിരിക്കില്ല എന്നതിനാലൊക്കെയാണത്‌. സ്വതേ അക്രമപ്രിയരായവര്‍ വയലന്‍റ് സീനുകള്‍ കണ്ടാല്‍ അവരുടെയാ പ്രകൃതം അന്നേരം വെളിപ്പെടാന്‍ സാദ്ധ്യതയേറും. വല്ലതിനും ദേഷ്യപ്പെട്ടിരിക്കുന്ന വേളയില്‍ വയലന്‍റ് സീനുകള്‍ കുട്ടികളെ കൂടുതല്‍ സ്വാധീനിക്കാം.

ചിലതരം രംഗങ്ങളും കൂടുതല്‍ പ്രശ്നമാണ്. വയലന്‍സിനെ റിയലിസ്റ്റിക്കായി ചിത്രീകരിക്കുന്നവ, അക്രമശേഷം കഥാപാത്രങ്ങള്‍ കുറ്റബോധമേതും പ്രകടിപ്പിക്കാത്തവ, അവര്‍ വിമര്‍ശിക്കപ്പെടുന്നതായോ ശിക്ഷിക്കപ്പെടുന്നതായോ ഒന്നും സൂചിപ്പിക്കാത്തവ, പകരം അവര്‍ക്കു പല പ്രയോജനങ്ങളും കിട്ടുന്നതായിക്കാണിക്കുന്നവ എന്നിവ ഉദാഹരണങ്ങളാണ്. സൌന്ദര്യമുള്ള നടീനടന്മാര്‍ വയലന്‍സ് പുറത്തെടുക്കുന്നതോ, വയലന്‍സിനെ തമാശരൂപേണ അവതരിപ്പിക്കുന്നതോ, ചീത്തയാളുകളെ തല്ലിയൊതുക്കുന്നതാണ് അഭികാമ്യമെന്ന സന്ദേശം നല്‍കുന്നതോ ആയ രംഗങ്ങളും നന്നല്ല.

വയലന്‍സ് രംഗങ്ങള്‍ക്ക് നല്ല സൌണ്ട്, വിഷ്വല്‍ എഫക്റ്റുകളുടെ അകമ്പടിയുള്ളപ്പോള്‍ കുട്ടികള്‍ അവ കൂടുതല്‍ ശ്രദ്ധയോടെ കാണുകയും അവരുടെ മനസ്സില്‍ അവ നന്നായി പതിയുകയും ചെയ്യാം.

അക്രമാസക്തത വളരുന്ന വഴി

വയലന്‍റ് കഥാപാത്രങ്ങളോട് ഒരു താദാത്മ്യം കുട്ടികള്‍ക്കു തോന്നുന്നതും “ജീവിതം ശരിക്കും ഇങ്ങിനെയൊക്കെയാണ്” എന്നവര്‍ അനുമാനിച്ചുകൂട്ടുന്നതും പ്രശ്നമാകാം. “ലോകം ഒരു മോശം സ്ഥലമാണ്” എന്ന വിലയിരുത്തല്‍ ദൃശ്യങ്ങളില്‍നിന്നു സ്വരൂപിച്ചവര്‍, പ്രതിരോധത്തിന് എന്ന ഉദ്ദേശത്തോടെ, ചെറിയ പ്രകോപനങ്ങളില്‍പ്പോലും മുന്നേക്കൂട്ടി ആക്രമണം അഴിച്ചുവിടാം. “പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അക്രമം നല്ലൊരു ഉപാധിയാണ്” എന്നു ധരിച്ചുവശായവര്‍ എപ്പോഴെങ്കിലും സ്വയം പ്രതിരോധിക്കേണ്ടി വന്നാല്‍ ഉടനെ അക്രമം അവലംബിക്കാം.

“മാലോകരെല്ലാം ഒന്നുകില്‍ നല്ലവരായ നായകരോ അല്ലെങ്കില്‍ ദുഷ്ടരായ വില്ലന്മാരോ ആണ്” എന്ന ചിന്താഗതി രൂപപ്പെടുന്നതും അനാരോഗ്യകരമാണ്. മറുവശത്തുള്ളവരുടെ വീക്ഷണകോണില്‍നിന്ന് ഒരു പ്രശ്നത്തെ നോക്കിക്കാണുന്നതിനും അനുരഞ്ജനത്തിനുമുള്ള സാദ്ധ്യതകളെ അതില്ലാതാക്കും. താനൊരു നായകനാണെന്നു സ്വയം ധരിച്ചുവെച്ച ഒരു കുട്ടി, തന്നോടു വിയോജിക്കുന്നവരെയെല്ലാം വില്ലന്‍സ്ഥാനത്തു പ്രതിഷ്ഠിക്കുകയും അവരെ കായികമായി നേരിടുന്നതു തികച്ചും ന്യായമാണെന്നു വിശ്വസിക്കുകയും തദനുസരണം പ്രവര്‍ത്തിക്കുകയും ചെയ്യാം. മറുവശത്ത്, ഒരു വില്ലനായി സ്വയംസങ്കല്‍പിക്കുന്ന കുട്ടി, വേറെ മുന്നാലോചനകള്‍ ഒന്നുമില്ലാതെ, ഏതൊരു സന്ദര്‍ഭത്തിലും വില്ലത്തരങ്ങളോടെ മാത്രം ഇടപെടാം.

അക്രമരംഗങ്ങളുടെ ഇടയില്‍പ്പെടുമ്പോള്‍ ഹൃദയമിടിപ്പു കൂടുക, ശ്വാസം വേഗത്തിലാവുക, ഭയം തോന്നുക തുടങ്ങിയവ സ്വാഭാവികമാണ്. എന്നാല്‍, വയലന്‍സ് ദൃശ്യങ്ങള്‍ സ്ക്രീനുകളില്‍ കണ്ടുകണ്ടു ശീലമായവരില്‍ ഇത്തരം മാറ്റങ്ങള്‍ ഉളവാകാതെ പോകാം. അതുകൊണ്ടുതന്നെ, അക്രമങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പില്‍ വരുത്തുകയും അവര്‍ക്കു കൂടുതല്‍ സുഗമമാകാം.

ഗെയിമുകളെപ്പറ്റിച്ചിലത്

ഒരു പഠനം പ്രകാരം, പത്തു വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള ഗെയിമുകളില്‍ തൊണ്ണൂറു ശതമാനത്തിലും വയലന്‍സുണ്ട്. ശത്രുപക്ഷത്തുള്ളവരെ വെടിവെക്കാനും പീഡനമേല്‍പ്പിക്കാനും അറുത്തുമുറിക്കാനുമൊക്കെ അവസരമുള്ള ഗെയിമുകള്‍ സുലഭമാണ്. കഥാപാത്രമായി സ്വയം മാറുകയും അക്രമങ്ങള്‍ “സ്വന്തം കൈകൊണ്ടു” നടത്തുകയുമൊക്കെ സാദ്ധ്യമാണെന്നതിനാല്‍ ഗെയിമുകള്‍ ടീവിയെക്കാള്‍ അപകടമാണ്. അറ്റാക്കുകള്‍ പ്ലാന്‍ ചെയ്യാനും പരിശീലിക്കാനും സശ്രദ്ധം നടപ്പിലാക്കാനുമൊക്കെ അവിടെ സൌകര്യമുണ്ടാകാം. അതിലൊക്കെ വിജയിച്ചാല്‍ കൂടുതല്‍ പ്രഹരശേഷിയുള്ള ആയുധങ്ങളും ഗെയിമിന്‍റെ അടുത്ത ലെവലിലേക്കുള്ള പ്രോമോഷനുമൊക്കെ കൈവരാമെന്നതും പ്രോത്സാഹനമാകാം. ചെയ്തികളുടെ ശരിതെറ്റുകള്‍ പരിഗണിക്കാന്‍ കളിത്തിരക്കില്‍ സമയമുണ്ടാകില്ലെന്ന പ്രശ്നവുമുണ്ട്.

ഗെയിമുകളില്‍ അറ്റാക്കുകള്‍ നടത്തിനടത്തി നല്ല പരിചയമാകുമ്പോള്‍ ആക്രമണമനോഭാവം വ്യക്തിത്വത്തിന്‍റെ ഭാഗമായിത്തീരാനും യഥാര്‍ത്ഥ ജീവിതത്തിലും പുറത്തെടുക്കപ്പെടാനും ഇടയൊരുങ്ങാം. (ചില രാജ്യങ്ങളില്‍ പുതുതായി സൈന്യത്തില്‍ ചേര്‍ക്കുന്നവരെ, ആളെക്കൊല്ലാനുള്ള അറപ്പു മാറ്റിയെടുക്കാനായി, പ്രത്യേകം വീഡിയോഗെയിമുകള്‍ കളിപ്പിക്കുന്നുണ്ട്!)

കുടുംബാംഗങ്ങള്‍ ശ്രദ്ധിക്കാന്‍

  • സ്ക്രീനുകള്‍ എത്ര സമയം, എവിടെവെച്ചെല്ലാം ഉപയോഗിക്കുന്നു, എന്തൊക്കെത്തരം പ്രോഗ്രാമുകള്‍ കാണുന്നു എന്നതിലൊക്കെ നിയന്ത്രണങ്ങള്‍ നടപ്പാക്കുക. ദിവസം ഒന്നുരണ്ടു മണിക്കൂറിലേറെ സ്ക്രീനുകള്‍ അനുവദിക്കാതിരിക്കുക.
  • അക്രമരംഗങ്ങളെപ്പറ്റി കുട്ടികളോടു ചര്‍ച്ചകള്‍ നടത്തുക. സീനുകള്‍ക്ക് അവര്‍ നല്‍കുന്ന വ്യാഖ്യാനം മുതിര്‍ന്നവരുടേതില്‍നിന്നു വിഭിന്നമാകാം എന്നോര്‍ക്കുക. കണ്ട രംഗത്തെപ്പറ്റി അവരുടെ അഭിപ്രായം ആരായുക. “അങ്ങിനെ പെരുമാറിയാല്‍ ശരിക്കും എന്തൊക്കെ കുഴപ്പങ്ങള്‍ നേരിടേണ്ടതായിവന്നേക്കാം?” “അവര്‍ ചെയ്തതു ന്യായമാണോ?” “അവര്‍ക്ക് ആ പ്രശ്നം വേറെ ഏതൊക്കെ രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നു?” എന്നെല്ലാം ചോദിക്കുക.
  •  കുട്ടികളുടെ മുന്നില്‍വെച്ച് നിങ്ങള്‍ കാണുന്ന പരിപാടികളില്‍ - വാര്‍ത്തകള്‍ അടക്കം – വയലന്‍സ് അധികമില്ല എന്നുറപ്പുവരുത്തുക.
  •  വയലന്‍സ് ഇല്ലാത്ത പരിപാടികളുടെ സ്പോണ്‍സര്‍മാരെ നന്ദി അറിയിക്കുക.
  •  ഗെയ്മിംഗ് സിസ്റ്റങ്ങളില്‍ പേരന്‍റല്‍ കണ്ട്രോളുകള്‍ ഉപയോഗപ്പെടുത്തുക.
  •  ഗെയിമുകള്‍ അനുവദിക്കുംമുമ്പു റേറ്റിംഗ് പരിശോധിച്ച് പ്രായാനുയോജ്യമാണോ എന്നുറപ്പുവരുത്തുക.
  •  ആളുകളെ കൊല്ലേണ്ട തരം ഗെയിമുകള്‍ വിലക്കുക.
  •  മര്‍ദ്ദനങ്ങള്‍ ഇല്ലാത്ത ഗൃഹാന്തരീക്ഷം സൂക്ഷിക്കുക.

(2020 ജൂലൈ ലക്കം 'മാധ്യമം കുടുംബ'ത്തില്‍ പ്രസിദ്ധീകരിച്ചത്)
{xtypo_alert}ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.{/xtypo_alert}
Image courtesy: npr

കുടുങ്ങാതിരിക്കാം, തട്ടിപ്പുകളില്‍
മറവി ക്ലേശിപ്പിക്കാത്ത വാര്‍ദ്ധക്യത്തിന്