ശിക്ഷയിലോ ഉത്തരവാദിത്തങ്ങളിലോ നിന്നു രക്ഷപ്പെടാനോ മരുന്നുകളോ സാമ്പത്തികസഹായങ്ങളോ സംഘടിപ്പിച്ചെടുക്കാനോ ചിലര്‍ അസുഖങ്ങളഭിനയിക്കുകയോ രോഗലക്ഷണങ്ങളോ ചികിത്സാരേഖകളോ കൃത്രിമമായി സൃഷ്ടിച്ചെടുക്കുകയോ ചെയ്യാറുണ്ട്. ഈ പ്രവണതക്ക് “മാലിങ്കറിംഗ്” എന്നാണു പേര്. എന്നാല്‍ ഇനിയുമൊരു വിഭാഗം ഇങ്ങിനെയൊക്കെച്ചെയ്യാറ് ഇത്തരം നേട്ടങ്ങള്‍ പ്രതീക്ഷിച്ചല്ല, മറിച്ച് ശ്രദ്ധയോ സാന്ത്വനമോ പരിചരണമോ നേടിയെടുക്കുക, ഉള്ളിലെ ദേഷ്യം ബഹിര്‍ഗമിപ്പിക്കുക, വൈകാരികവൈഷമ്യങ്ങളെ മറികടക്കുക തുടങ്ങിയ മനശ്ശാസ്ത്രപരമായ ഉദ്ദേശങ്ങള്‍ സാധിച്ചെടുക്കാനാണ്. “മുന്‍ചൌസണ്‍ സിണ്ട്രോം” എന്നാണ് ഇപ്പറഞ്ഞ പ്രവണത വിളിക്കപ്പെടുന്നത്. (മുന്‍ചൌസണ്‍ എന്നത്, തന്റെ യുദ്ധസാഹസങ്ങളെപ്പറ്റി പൊടിപ്പും തൊങ്ങലും ചേര്‍ത്തു വീമ്പിളക്കാറുണ്ടായിരുന്നൊരു ജര്‍മന്‍ പ്രഭുവിന്റെ പേരാണ്.) കേടായ ഭക്ഷണം മന:പൂര്‍വം കഴിച്ചു വയറിളക്കമുളവാക്കി അതിനു ചികിത്സ തേടുക, ലാബ് റിപ്പോര്‍ട്ടും മറ്റും കൃത്രിമമായുണ്ടാക്കി കാന്‍സറാണെന്നു സ്ഥാപിക്കാന്‍ നോക്കുക, അവര്‍ക്കു ശരിക്കും ഉള്ളയേതെങ്കിലും രോഗങ്ങളെ പൊലിപ്പിച്ചുകാട്ടുക എന്നിങ്ങനെയൊക്കെ മുന്‍ചൌസണ്‍ സിണ്ട്രോം ബാധിതര്‍ ചെയ്യാം.