മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

ഇതൊരു രോഗമാണോ ഗൂഗ്ള്‍?

p04fgf7d

പ്രത്യേകിച്ചു പണച്ചെലവൊന്നുമില്ലാതെ, ഏറെയെളുപ്പം ഇന്‍റര്‍നെറ്റില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കാമെന്നത് ആരോഗ്യസംശയങ്ങളുമായി പലരും ആദ്യം സമീപിക്കുന്നതു സെര്‍ച്ച് എഞ്ചിനുകളെയാണെന്ന സാഹചര്യമുണ്ടാക്കിയിട്ടുണ്ട്. അത്തരം സെര്‍ച്ചുകള്‍ മിക്കവര്‍ക്കും ഉപകാരമായാണു ഭവിക്കാറെങ്കിലും ചിലര്‍ക്കെങ്കിലും അവ സമ്മാനിക്കാറ് ആശയക്കുഴപ്പവും ആശങ്കാചിത്തതയുമാണ്. ആരോഗ്യത്തെക്കുറിച്ചുള്ള അമിതജിജ്ഞാസയാലോ, തനിക്കുള്ള ലക്ഷണങ്ങളെപ്പറ്റി കൂടുതലറിയാനോ, രോഗനിര്‍ണയം സ്വന്തം നിലക്കു നടത്താനുദ്ദേശിച്ചോ ഒക്കെ നെറ്റില്‍ക്കയറുന്നവരില്‍ അവിടെനിന്നു കിട്ടുന്ന വിവരങ്ങള്‍ ഉത്ക്കണ്ഠയുളവാക്കുകയും, അതകറ്റാന്‍ അവര്‍ വേറെയും സെര്‍ച്ചുകള്‍ നടത്തുകയും, അവ മൂലം പിന്നെയും ആകുലതകളുണ്ടാവുകയും ചെയ്യുന്ന സ്ഥിതിവിശേഷം 'സൈബര്‍കോണ്ട്രിയ' (cyberchondria) എന്നാണറിയപ്പെടുന്നത്.

'ഡോക്ടര്‍ ഗൂഗ്ളി'ന്‍റെ നിത്യസന്ദര്‍ശകര്‍

മനസ്സിലോ ശരീരത്തിലോ വരുന്ന നേരിയ വ്യതിയാനങ്ങളെപ്പറ്റിപ്പോലും വിശദീകരണങ്ങള്‍ അറിഞ്ഞുവെക്കേണ്ടതുണ്ടെന്ന നിഷ്കര്‍ഷയുള്ളവര്‍ ഏതൊരു ലക്ഷണത്തെപ്പറ്റിയും ഓണ്‍ലൈന്‍ സെര്‍ച്ചുകള്‍ക്കു മുതിരാം. സംശയങ്ങള്‍ക്കെല്ലാം അസന്ദിഗ്ദ്ധങ്ങളായ ഉത്തരങ്ങള്‍ കിട്ടണം, അല്ലാതെ "അതായേക്കാം, അല്ലെങ്കില്‍ ഇതുമായേക്കാം" എന്നൊക്കെയുള്ള 'അഴകൊഴമ്പന്‍' മറുപടികള്‍ പോരാ എന്നു ശാഠ്യമുള്ളവര്‍ "ഒന്നു കൂടി ആഴത്തില്‍ത്തിരഞ്ഞാല്‍ പെര്‍ഫക്റ്റ് ഉത്തരം കിട്ടിയേക്കും" എന്ന പ്രതീക്ഷയില്‍ ആവര്‍ത്തിച്ചുള്ള സെര്‍ച്ചുകള്‍ക്കു തുനിയാം.

നിസ്സാര ലക്ഷണങ്ങളെപ്പോലും മാരകരോഗങ്ങളുടെ സൂചനയെന്നു ദുര്‍വ്യാഖ്യാനിക്കുകയും പല ഡോക്ടര്‍മാരെയും മാറിമാറിക്കാണുകയും പരിശോധനകളും ടെസ്റ്റുകളും ആവശ്യപ്പെടുകയും ചെയ്യുന്ന പ്രകൃതക്കാര്‍ തങ്ങള്‍ക്കു കുഴപ്പമൊന്നുമില്ലെന്ന സാന്ത്വനവാക്കു തേടി കൂടെക്കൂടെ നെറ്റിനെയും സമീപിക്കാം. അന്നേരത്തെല്ലാം ആശ്വാസദായകങ്ങളായ വിവരങ്ങള്‍ കിട്ടിക്കൊണ്ടിരുന്നാല്‍ അത് ഉത്ക്കണ്ഠകള്‍ ഉണരുമ്പോഴൊക്കെ നെറ്റിനെയാശ്രയിക്കാന്‍ അവര്‍ക്കു പ്രോത്സാഹനമാവുകയും ചെയ്യാം.

ആകുലതക്ക് ഹേതുക്കളാകുന്നത്

വെബ്സൈറ്റുകളുടെ വിശ്വാസ്യത നിശ്ചയിക്കുക പലപ്പോഴും എളുപ്പമല്ല. ആധികാരികതയുള്ള സൈറ്റുകള്‍ക്കും തെറ്റായ വിവരങ്ങള്‍ വിളമ്പുന്നവയ്ക്കും തുല്യപ്രാധാന്യം കല്‍പിക്കുന്നവര്‍ക്ക് രണ്ടിലെയും ഉള്ളടക്കങ്ങളിലെ പരസ്പരവൈരുദ്ധ്യം ആശയക്കുഴപ്പമുളവാക്കാം. കൂടുതലാഴത്തില്‍ സെര്‍ച്ച് ചെയ്ത് നാനാതരം സൈറ്റുകളില്‍ എത്തിപ്പെടാറുള്ളവര്‍ക്ക് ഈ റിസ്ക് അധികമാകുന്നുണ്ട്.

തനിക്കു പ്രത്യേകിച്ചു പ്രശ്നമൊന്നുമില്ലെന്ന സാന്ത്വനവും പ്രതീക്ഷിച്ച് നെറ്റിനെ സമീപിക്കുന്നവര്‍ അപൂര്‍വരോഗങ്ങളെയും മാരകരോഗങ്ങളെയുമൊക്കെപ്പറ്റിയുള്ള പേജുകളില്‍ച്ചെന്നുപെട്ട് തങ്ങളെ ഗ്രസിച്ചിരിക്കുന്നത് അങ്ങിനെ വല്ലതുമാണെന്ന അനുമാനത്തിലെത്താം. പതിനായിരത്തോളം വെബ്പേജുകളെ വിശകലനവിധേയമാക്കിയ ഒരു പഠനം ചൂണ്ടിക്കാട്ടിയത്, തലവേദനയുടെ കാരണങ്ങള്‍ തിരയുന്നവരെ താരതമ്യേന അപൂര്‍വമായ ബ്രെയിന്‍ ട്യൂമറുകളെ ആനുപാതികമല്ലാത്ത പ്രാധാന്യത്തോടെ അവതരിപ്പിച്ച് ഇന്‍റര്‍നെറ്റ് ഭീതിപ്പെടുത്തുന്നുണ്ടെന്നാണ്.

സെര്‍ച്ച് റിസല്‍റ്റുകളില്‍, ഏറെ കൌതുകമോ ഞടുക്കമോ ഉദ്വേഗമോ ഉളവാക്കുന്ന ലിങ്കുകളില്‍ ആളുകള്‍ ക്ലിക്ക് ചെയ്യാന്‍ സാദ്ധ്യതയേറെയാണെന്നും നിരീക്ഷണങ്ങളുണ്ട്. അതായത്, ജലദോഷത്തെക്കുറിച്ചുള്ള പേജുകളേക്കാള്‍ നാം ആകര്‍ഷിതരാകുന്നത് അത്യപൂര്‍വമായ വല്ല ഓട്ടോഇമ്മ്യൂണ്‍ അസുഖത്തെയും പറ്റിയുള്ള പേജുകളിലേക്കാകാം. അത്തരം ലിങ്കുകളില്‍ ഏറെപ്പേര്‍ ക്ലിക്ക് ചെയ്യുന്നത് ക്രമേണയവ സെര്‍ച്ച് റിസല്‍റ്റുകളുടെ തുടക്കത്തില്‍ത്തന്നെ സ്ഥാനംപിടിക്കാന്‍ ഇടയൊരുക്കുകയും ചെയ്യാം.

സെര്‍ച്ച് റിസല്‍റ്റുകളില്‍ ഏറ്റവും മുകളില്‍ പ്രത്യക്ഷപ്പെടുന്നവ കൂടുതല്‍ പ്രസക്തവും ആധികാരികവും ആയിരിക്കുമെന്ന മിഥ്യാധാരണ പലരും പുലര്‍ത്തുന്നുവെന്ന പ്രശ്നവുമുണ്ട്. രോഗലക്ഷണങ്ങളെപ്പറ്റി സെര്‍ച്ച് ചെയ്യുന്ന ഒട്ടേറെപ്പേര്‍ വിശ്വസിക്കുന്നത് ഏറ്റവുമാദ്യം കിട്ടുന്ന ലിങ്കുകള്‍ പറയുന്ന രോഗങ്ങളാണു തങ്ങള്‍ക്ക് പിടിപെട്ടിട്ടുണ്ടാവുകയെന്നാണ് എന്നു മൈക്രോസോഫ്റ്റ് നടത്തിയ ഒരു പഠനം കണ്ടെത്തുകയുണ്ടായി.

ഏതൊരു കാര്യത്തിലാണെങ്കിലും, ആവശ്യത്തിലധികം വിവരം കൈവശമുണ്ടാവുന്നത് (information overload) അതുവെച്ചൊരു തീരുമാനമെടുക്കുക ക്ലേശകരമാക്കാം — നെറ്റില്‍നിന്ന് ഒട്ടേറെ വിവരങ്ങള്‍ കുന്നുകൂട്ടി അതുവെച്ച് ആരോഗ്യസംബന്ധിയായ തീരുമാനങ്ങളെടുക്കാന്‍ ഒരുങ്ങുന്നവര്‍ക്കും ഇതു ബാധകമാണ്.

സൈബര്‍കോണ്ട്രിയ പിടിപെടാതിരിക്കാന്‍

ചില തിരിച്ചറിവുകള്‍ ഇവിടെ പ്രധാനമാണ്. ആരോഗ്യവിവരങ്ങള്‍ നമുക്കു തരാന്‍ തരക്കേടില്ലാത്ത കഴിവുള്ളയൊരു മാധ്യമം മാത്രമാണ് ഇന്‍റര്‍നെറ്റ്. അല്ലാതെയത് കൃത്യതയും ആധികാരികതയുമുള്ള പോയിന്‍റുകള്‍ മാത്രം പ്രസ്താവിക്കുന്നൊരു വിദഗ്ദ്ധനോ, നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ നന്നായുള്‍ക്കൊണ്ടു സാന്ത്വനാശ്വാസങ്ങള്‍ ചൊരിയുന്നൊരു സുഹൃത്തോ, രോഗങ്ങള്‍ സ്വയം നിര്‍ണയിക്കാന്‍ മുന്‍പിന്‍നോക്കാതെ എടുത്തുപയോഗിക്കാവുന്ന കുറ്റമറ്റൊരു സാങ്കേതികവിദ്യയോ അല്ല. രോഗലക്ഷണങ്ങളെപ്പറ്റി ഒരുപാടു വെബ്പേജുകള്‍ സേവ്ചെയ്തുകൂട്ടുന്നത്, വിദഗ്ദ്ധപരിശോധനകള്‍ക്കു ശേഷമുള്ള ആധികാരികമായൊരു രോഗനിര്‍ണയത്തിനു പകരമാകില്ല.

ആധികാരികതയില്ലാത്ത, ഗൂഢോദ്ദേശ്യങ്ങളുണ്ടാകാന്‍ പോലുമിടയുള്ള, വെബ്സൈറ്റുകളിലെ തെറ്റായ വിവരങ്ങള്‍ വായിച്ച് ആശയക്കുഴപ്പത്തില്‍പ്പെടുന്നതിലും നല്ലത്, ചിലതരം സൈറ്റുകളെ കൂടുതല്‍ വിശ്വാസത്തിലെടുക്കുന്നതാണ്. സര്‍ക്കാര്‍ വകുപ്പുകളുടെയോ സുപ്രതിഷ്‌ഠിതങ്ങളായ സ്ഥാപനങ്ങളുടെയോ വിദഗ്ദ്ധ സംഘടനകളുടെയോ വകയായുള്ളവയ്ക്കും, ലേഖകരുടെ യോഗ്യതയും വിശദാംശങ്ങളും വെളിപ്പെടുത്തുന്നവയ്ക്കും, മരുന്നുകളുടെയോ ഉപകരണങ്ങളുടെയോ കച്ചവടം പോലുള്ള സാമ്പത്തികലക്ഷ്യങ്ങളില്ലാത്തവയ്ക്കും, ഉള്ളടക്കം ഇടയ്ക്കിടെ പുതുക്കുന്നവയ്ക്കും, കൊടുത്ത വിവരങ്ങള്‍ക്കുള്ള ആധികാരിക റഫറന്‍സുകള്‍ ഉള്‍പ്പെടുത്തിയവക്കുമൊക്കെ മുന്‍ഗണന കല്‍പിക്കാവുന്നതാണ്.

ചില പരിഹാരങ്ങള്‍

കൃത്യമായൊരുത്തരം കിട്ടിയാലുമില്ലെങ്കിലും നിശ്ചിത സമയമെത്തിയാല്‍ സെര്‍ച്ച് നിര്‍ത്തുമെന്ന് ഓരോ തവണയും നിഷ്കര്‍ഷ പാലിക്കുന്നത് ഉപകാരമാകും. സൈബര്‍കോണ്ട്രിയ ഒരു രോഗമായി ഗണിക്കപ്പെടുന്നില്ലെങ്കിലും, അതിലേക്കു നയിക്കുന്നതും അതിനെ നിലനിര്‍ത്തുന്നതുമായ മനശ്ശാസ്ത്ര ഘടകങ്ങളെ വിദഗ്ദ്ധസഹായത്തോടെ തിരിച്ചറിയുന്നതും പരിഹരിക്കുന്നതും നന്നാവും. ഉദാഹരണത്തിന്, ഓരോ ചെറിയ ലക്ഷണത്തെയും പര്‍വതീകരിച്ചെടുത്ത് ആധിപിടിക്കുന്ന ശീലം സൈക്കോതെറാപ്പി മുഖേന മാറ്റിയെടുക്കാനാകും. 

(2017 ഓഗസ്റ്റ് ലക്കം മാതൃഭൂമി ആരോഗ്യമാസികയിലെ Mind.Com എന്ന കോളത്തില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.


Image courtesy: BBC

 

×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

എന്‍റെ വീട്, ഫോണിന്‍റേം!
സ്ത്രീകളിലെ വിഷാദം

Related Posts

 

ഏറ്റവും പ്രസിദ്ധം

25 February 2014
പ്രണയം എന്ന വിഷയം കാലങ്ങളായി എഴുത്തുകാരുടെയും തത്വചിന്തകരുടെയും സാധാരണക്കാരുടെയുമൊക്കെ വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എങ്കിലും പ്രണയത്തിന്‍റെ സങ്കീര്‍ണതകളുടെ ഇഴപിരിച്ചറിയാന്‍ താല്പര്യമുള്ളവര്‍ ആധ...
62537 Hits
24 October 2015
ലൈംഗികാവയവങ്ങള്‍, സംഭോഗം, ഗര്‍ഭനിരോധനം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവയെപ്പറ്റി നിങ്ങള്‍ക്ക് എത്രത്തോളം വിവരമുണ്ടെന്നു പരിശോധിച്ചറിയാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ താഴെക്കൊടുത്ത ഇരുപത്തഞ്ചു പ്രസ്താവനകള്‍ ഓര...
41905 Hits
08 April 2014
ഒരു സുപ്രഭാതത്തില്‍ അടിവസ്ത്രത്തില്‍ ചലപ്പാടുകള്‍ ശ്രദ്ധിച്ച് എവിടുത്തെ മുറിവാണു പഴുത്തുപൊട്ടിയത് എന്നാശങ്കപ്പെടുന്ന ആണ്‍കുട്ടികളുടെയും, പെട്ടെന്നൊരുനാള്‍ ചോരയൂറിവരുന്നതു കാണുമ്പോള്‍ മാത്രം ഒരവയവത്തിന...
26400 Hits
13 September 2012
ഒരാളുടെ വ്യക്തിത്വം അയാളുടെ വ്യക്തിബന്ധങ്ങളെയും തൊഴില്‍വിജയത്തെയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. തന്‍റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും തന്നോടു തന്നെയുമുള്ള ഒരാളുടെ പെരുമാറ്റരീതി ...
23152 Hits
15 November 2013
ബാല്യവും കൌമാരവും കടന്ന്‍ ഒരാള്‍ യൌവനത്തിലേക്കു പ്രവേശിക്കുന്നതിനോടൊപ്പം അയാളില്‍ മാനസിക പിരിമുറുക്കത്തിനിടയാക്കുന്ന പ്രധാന ഘടകങ്ങള്‍ ഏതൊക്കെ എന്നതിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. യൗവനാരംഭത്തില്‍ പ...
21058 Hits
Looking for a mental hospital in Kerala? Visit the website of SNEHAM.

എഫ്ബിയില്‍ കൂട്ടാവാം

Looking for a deaddiction center in Kerala? Visit the website of SNEHAM.