മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
എന്‍റെ വീട്, ഫോണിന്‍റേം!
അവരോട് അച്ഛനമ്മമാര്‍ പെരുമാറുന്നതും ഇടപഴകുന്നതും എത്തരത്തിലാണെന്നതിനു കുട്ടികളുടെ വളര്‍ച്ചയില്‍ സാരമായ സ്വാധീനമുണ്ട്. ഉദാഹരണത്തിന്, കുട്ടികളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാനും സമുചിതം പ്രതികരിക്കാനും ഏറെ ശ്രദ്ധപുലര്‍ത്താറുള്ളവരുടെ മക്കള്‍ക്കു നല്ല സുരക്ഷിതത്വബോധമുണ്ടാകും; അതവര്‍ക്കു ഭാവിയില്‍ സ്വയംമതിപ്പോടെ വ്യക്തിബന്ധങ്ങളിലേര്‍പ്പെടാനുള്ള പ്രാപ്തി കൊടുക്കുകയും ചെയ്യും. മറുവശത്ത്, കുട്ടികളെ വേണ്ടത്ര പരിഗണിക്കാതെ തക്കംകിട്ടുമ്പോഴൊക്കെ മൊബൈലില്‍ക്കുത്താന്‍ തുനിയുകയെന്ന ചില മാതാപിതാക്കളുടെ ശീലം മക്കള്‍ക്കു പല ദുഷ്ഫലങ്ങളുമുണ്ടാക്കുന്നുമുണ്ട്. വിവിധ നാടുകളിലായി ഈ വിഷയത്തില്‍ നടന്നുകഴിഞ്ഞ പഠനങ്ങളുടെ ഒരവലോകനം ‘കമ്പ്യൂട്ടേഴ്സ് ഇന്‍ ഹ്യൂമന്‍ ബിഹേവിയര്‍’ എന്ന ജേര്‍ണല്‍ ജൂണില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. അതിന്‍റെ മുഖ്യകണ്ടെത്തലുകള്‍ പരിചയപ്പെടാം.
ഭക്ഷണവേളയില്‍
പാലൂട്ടുന്ന സമയം, അമ്മയും കുഞ്ഞും തമ്മില്‍ നല്ലൊരു വൈകാരികബന്ധം രൂപപ്പെടാന്‍ സഹായിക്കുന്ന അവസരമാണ്. എന്നാല്‍ നാലു ശതമാനത്തോളം അമ്മമാര്‍ മുലയൂട്ടുന്നേരം ഫോണില്‍ സംസാരിക്കുകയോ മറ്റു രീതികളില്‍ ഫോണുപയോഗിക്കുകയോ ചെയ്യുന്നുണ്ട്. ഇത്, “വയറുനിറഞ്ഞു” എന്നതിനു കുഞ്ഞു പുറപ്പെടുവിക്കുന്ന സൂചനകള്‍ അവഗണിക്കപ്പെടാനും പാലൂട്ടല്‍ അമിതമാകാനും കുഞ്ഞിനു പൊണ്ണത്തടിയുണ്ടാകാനും നിമിത്തമാകാം.
കുറച്ചുകൂടി മുതിര്‍ന്ന കുട്ടികള്‍ക്ക്, മുമ്പു കഴിച്ചിട്ടില്ലാത്ത വല്ല പുതിയ ഭക്ഷണവും വിളമ്പപ്പെടുമ്പോള്‍ അതൊന്നു രുചിച്ചുനോക്കാന്‍ കുട്ടിയെ പ്രോത്സാഹിപ്പിക്കേണ്ടതിനു പകരം അച്ഛനമ്മമാര്‍ ഫോണില്‍ മുഴുകിയിരുന്നുപോകുന്നത് പ്രസ്തുത ഭക്ഷണം കുട്ടി തൊട്ടുപോലും നോക്കാതിരിക്കാനിടയാക്കാം.
തീന്‍മേശയില്‍ ഒരാളും ഫോണുപയോഗിക്കരുതെന്നും ഭക്ഷണനേരങ്ങള്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള കൊച്ചുവര്‍ത്തമാനത്തിന് ഉപയോഗിക്കപ്പെടണമെന്നും കുട്ടികളും അച്ഛനമ്മമാരും ഒരുപോലെ ആഗ്രഹിക്കാറുണ്ടെങ്കിലും പലപ്പോഴുമതു പ്രാവര്‍ത്തികമാവാറില്ല. പ്രത്യേകിച്ചും അച്ഛനമ്മമാര്‍ അന്നേരത്തും കോളുകള്‍ അറ്റന്‍ഡു ചെയ്യാം. അത്, അവരുടെ ഇരട്ടത്താപ്പ് കുട്ടികള്‍, വിശേഷിച്ചു കൌമാരക്കാര്‍, ചൂണ്ടിക്കാട്ടുന്നതിലേക്കും തുടര്‍കലഹങ്ങളിലേക്കും വഴുതാം.
അപകടസാദ്ധ്യത
പരിക്കേല്‍ക്കുന്ന കുട്ടികളുടെയെണ്ണം ഈയിടെ വല്ലാതെ വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഫോണില്‍ ലയിച്ചിരിക്കുന്ന മാതാപിതാക്കളുടെ കണ്ണില്‍ ചുറ്റും നടക്കുന്നതൊന്നും പെടാതെ പോകുന്നത് (inattentional blindness) അതിനൊരു കാരണമാണെന്നും നിരീക്ഷണങ്ങളുണ്ട്.
ഫോണില്‍ സ്വയംനഷ്ടപ്പെട്ടുള്ള ഇരിപ്പിനിടയില്‍ കൊച്ചുകുട്ടികള്‍ മേശപ്പുറത്തേക്കു വലിഞ്ഞുകയറുകയോ വീടിനു പുറത്തേക്കു നീങ്ങുകയോ ഒക്കെച്ചെയ്യുന്നത് അച്ഛനമ്മമാര്‍ അറിയാതെപോവാം. ഇടയ്ക്കൊന്നു തലയുയര്‍ത്തുമ്പോള്‍ കുട്ടികള്‍ ഇത്തരം ചെയ്തികള്‍ക്കു മുതിരുന്നതു കാണുന്ന മാതാപിതാക്കള്‍ അവര്‍ക്ക് ഉപദേശനിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതിനു പകരം അലോസരത്തോടെയും ദേഷ്യത്തോടെയും ശിക്ഷാനടപടികള്‍ക്കു തുനിയാം.
പത്തുവയസ്സിനു താഴെയുള്ള കുട്ടികളുമൊത്തു ബീച്ചില്‍ച്ചെന്ന അഞ്ഞൂറിലേറെ അച്ഛനമ്മമാരെ നിരീക്ഷിച്ച ഗവേഷകര്‍ കണ്ടത്, അതില്‍ ഇരുപത്തേഴു ശതമാനം പേര്‍ കുട്ടികളെവിടെയാണെന്നതു ഗൌനിക്കാതെ ഫോണും നോക്കിയിരുന്നെന്നാണ്. മറ്റൊരു പഠനം വ്യക്തമാക്കിയത്, കുട്ടിയെ കുളിപ്പിക്കുന്നതിനിടയില്‍ അഞ്ചിലൊന്നോളം മാതാപിതാക്കള്‍, കുട്ടിയുടെ സുരക്ഷ വിസ്മരിച്ച്, ഫോണ്‍കോളുകള്‍ക്കു മറുപടി കൊടുക്കുന്നുണ്ടെന്നുമാണ്.
ഒരു പഠനത്തില്‍ പല അച്ഛനമ്മമാരും അവകാശപ്പെട്ടത്, ഫോണിലാണെന്നത് കുട്ടിയ്ക്കുമേല്‍ ഒരു കണ്ണുണ്ടാകുന്നതിനു തങ്ങള്‍ക്കൊരു പ്രതിബന്ധമേയല്ലെന്നായിരുന്നു. പക്ഷേ, കുട്ടി എന്താണു ചെയ്തുകൊണ്ടിരുന്നത് എന്നന്വേഷിച്ചപ്പോള്‍ കൃത്യമായൊരുത്തരം നല്‍കാന്‍ ഭൂരിപക്ഷത്തിനും കഴിഞ്ഞതുമില്ല.
മനസ്സു ഫോണിലര്‍പ്പിച്ചിരിക്കുന്ന രക്ഷിതാവിന്‍റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കുട്ടി അപായസാദ്ധ്യതയുള്ള കുരുത്തക്കേടുകള്‍ പയറ്റാമെന്ന പ്രശ്നവുമുണ്ട്.
കുട്ടികളുമായി വണ്ടിയോടിക്കുന്നതിനിടയില്‍ എണ്‍പതു ശതമാനത്തോളം മാതാപിതാക്കള്‍ ഫോണുപയോഗിക്കുന്നുണ്ട്. ഇത് അപകടഹേതുവാകാമെന്നു മാത്രമല്ല, സ്വന്തമായി വണ്ടിയോടിച്ചുതുടങ്ങുമ്പോള്‍ അവരെയനുകരിച്ച് ഡ്രൈവിംഗിനിടയില്‍ ഫോണുപയോഗിക്കാന്‍ കൌമാരക്കാര്‍ക്കതൊരു എക്സ്ക്യൂസാവുകയും ചെയ്യാം.
വേറെയും പ്രശ്നങ്ങള്‍
ബേസ്ബോള്‍ കളിക്കുന്ന കുട്ടികള്‍ മാതാപിതാക്കള്‍ അവരെ നിരീക്ഷിക്കുന്നുണ്ടെങ്കില്‍ വേഗത്തിലോടുമെന്നും, മറിച്ച് ഫോണില്‍ ശ്രദ്ധിച്ചിരിക്കുകയാണു ചെയ്യുകയെങ്കില്‍ ഓട്ടം മന്ദഗതിയിലാകുമെന്നും ഓട്ടത്തിനിടയ്ക്കവര്‍ വീഴാന്‍ സാദ്ധ്യതയേറുമെന്നും ഒരു പഠനം കണ്ടെത്തി.
അച്ഛനമ്മമാര്‍ ഏറെനേരം ഫോണുമായിരിക്കാറുള്ള വീടുകളില്‍ കുട്ടികളുടെയും ഫോണുപയോഗം അനിയന്ത്രിതമാകാം. ഫോണുപയോഗത്തെച്ചൊല്ലിയുള്ള വഴക്കുകള്‍ വിനോദയാത്രകളില്‍ രസംകൊല്ലിയാവാം. കുട്ടികളുടെ മുന്നറിവോ അനുവാദമോ ഇല്ലാതെ അവരുടെ വിവരങ്ങളോ ഫോട്ടോകളോ അച്ഛനമ്മമാര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്നത് അസ്വാരസ്യങ്ങള്‍ക്കു വിത്തിടാം.
ചില പരിഹാരങ്ങള്‍
മക്കളോടൊത്തുള്ളപ്പോള്‍ നിശ്ചിത നേരത്തേക്കെങ്കിലും ഫോണ്‍ ഓഫ്ചെയ്തുവെയ്ക്കും, അല്ലെങ്കില്‍ നോട്ടിഫിക്കേഷനുകളില്‍ വല്ലതും അതിപ്രാധാന്യമുള്ളതാണോ എന്നൊന്നു കണ്ണോടിക്കുകയേ ചെയ്യൂ, അല്ലാതെ ഒരൊറ്റ പോസ്റ്റിന്‍റെയോ വാര്‍ത്തയുടെയോ ഒന്നും വിശദാംശങ്ങളിലേക്കു കടക്കില്ല എന്നൊക്കെ ദൃഢപ്രതിജ്ഞയെടുക്കുന്നതു ഫലപ്രദമാകാം.
ഫോണില്‍ ചെലവിടാനായി ഒഴിഞ്ഞ സമയം കിട്ടുമ്പോള്‍ കൂടെ മക്കളെയും കൂട്ടുന്നത് അവരോടു തുറന്നു സംസാരിക്കാനും അവരുടെ ചിന്താഗതികളും താല്‍പര്യങ്ങളും അറിഞ്ഞെടുക്കാനും ആപ്പുകളും മറ്റും വെച്ച് അവര്‍ക്കു വിജ്ഞാനം പകര്‍ന്നു കൊടുക്കാനുമൊക്കെ സഹായകമാകും.
ഡ്യൂട്ടിസമയം കഴിഞ്ഞുള്ള നേരങ്ങളില്‍ ജോലിസംബന്ധമായ കാര്യങ്ങള്‍ക്ക് എപ്പോഴൊക്കെ ഫോണിലും നെറ്റിലും ബന്ധപ്പെടാമെന്നതു തൊഴില്‍ദാതാക്കളും മറ്റുമായി മുന്‍കൂര്‍ ചര്‍ച്ചചെയ്ത് അഭിപ്രായൈക്യത്തില്‍ എത്താനാവുമെങ്കില്‍ നന്നാകും. കുടുംബമുഹൂര്‍ത്തങ്ങളില്‍ നിരന്തരം കട്ടുറുമ്പാവാറുള്ള കോണ്ടാക്റ്റുകളെയും ആപ്പുകളെയും നിശ്ചിത നേരത്തേക്കു ബ്ലോക്ക് ചെയ്തിടാന്‍ Offtime പോലുള്ള ആപ്പുകള്‍ ഉപയോഗപ്പെടുത്താവുന്നതുമാണ്.
(2017 സെപ്റ്റംബര്‍ ലക്കം മാതൃഭൂമി ആരോഗ്യമാസികയിലെ Mind.Com എന്ന കോളത്തില്‍ പ്രസിദ്ധീകരിച്ചത്)
{xtypo_alert}ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.{/xtypo_alert}
Image courtesy: NPR