മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

ഡിജിറ്റല്‍ക്കാലത്തെ #മനസ്സുകള്‍

ഡിജിറ്റല്‍ക്കാലത്തെ #മനസ്സുകള്‍

“ടെക്‌നോളജി വല്ലാത്തൊരു സാധനമാണ് — അത് ഒരു കൈ കൊണ്ട് നമുക്ക് വലിയവലിയ സമ്മാനങ്ങള്‍ തരികയും മറ്റേക്കൈ കൊണ്ട് നമ്മുടെ പുറത്തു കുത്തുകയും ചെയ്യും.”: കാരീ സ്നോ

കമ്പ്യൂട്ടറുകള്‍ക്കും ഇന്‍റര്‍നെറ്റിനും സ്മാര്‍ട്ട്ഫോണുകള്‍ക്കുമൊക്കെ നമ്മുടെ ജീവിതങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താനായത് വലിയ ചെലവില്ലാതെയും ഞൊടിനേരത്തിലും ആശയവിനിമയം നടത്താനും വിവരങ്ങള്‍ ശേഖരിക്കാനുമെല്ലാം ചരിത്രത്തില്‍ സമാനതകളില്ലാത്ത അവസരങ്ങള്‍ നമുക്കായി ഒരുക്കാന്‍ അവക്കായതു കൊണ്ടാണ്. എന്നാല്‍ അവയുടെയിതേ സവിശേഷതകള്‍തന്നെ നിര്‍ഭാഗ്യവശാല്‍ ചില അനാരോഗ്യ പ്രവണതകള്‍ക്കും മാനസികപ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുന്നുമുണ്ട്. അങ്ങിനെ ചില കുഴപ്പങ്ങളും അവക്കെതിരെ ഉയര്‍ത്താവുന്ന കുറച്ചു “ഫയര്‍വാളു”കളും ആണ് ഈ ലേഖനത്തിന്‍റെ വിഷയം. ഇത്തരം കാര്യങ്ങളിലെ അവബോധം നമുക്ക് നൂതനസാങ്കേതികവിദ്യകളുടെ ഗുണഫലങ്ങളെ ആരോഗ്യനാശമില്ലാതെ ആസ്വദിച്ചുകൊണ്ടിരിക്കാനുള്ള പ്രാപ്തി തരും.

ആദ്യം, ഡിജിറ്റല്‍ലോകമുളവാക്കുന്ന ചില വൈകാരികപ്രശ്നങ്ങളെ പരിചയപ്പെടാം.

Fear of Missing Out // അവിടെ എന്തു നടക്കുന്നുണ്ടാവും?

ഫോണില്‍നിന്നോ സോഷ്യല്‍മീഡിയയില്‍ നിന്നോ ഒക്കെ ഇത്തിരിനേരത്തേക്കുപോലും മാറിനില്‍ക്കേണ്ടി വന്നാലുടനെ ചിലര്‍ക്ക് പല ആശങ്കകളും തലപൊക്കാറുണ്ട്. അത്രയും നേരത്തിനിടയില്‍ പ്രധാനപ്പെട്ട വല്ല സംഭവങ്ങളിലും ഭാഗഭാക്കാവാനോ, വലിയ ആരെയെങ്കിലും പരിചയപ്പെടാനോ, പണം നേടിയെടുക്കാനോ ഒക്കെയുള്ള അവസരങ്ങള്‍ നഷ്ടമായേക്കും എന്ന ചിന്താഗതി ഒരുദാഹരണമാണ്. പഠനമോ വീട്ടുജോലികളോ പോലുള്ള നിത്യജീവിതത്തിലെ മറ്റുത്തരവാദിത്തങ്ങളില്‍ മുഴുകുമ്പോഴും “ഞാനെന്‍റെ സമയം ഇതിലൊക്കെ വെറുതെ പാഴാക്കുകയാണ്; ഇതിലും നല്ലത് നെറ്റുംതുറന്ന് അവിടെ നടക്കുന്ന കാര്യങ്ങളും നോക്കിയിരിക്കുകയായിരുന്നു" എന്ന മനോഭാവം കടന്നുവരികയുമാവാം. ഇതൊക്കെ ഇത്തരക്കാരെ ഇടതടവില്ലാതെ — ക്ലാസിലിരിക്കുമ്പോഴോ വണ്ടിയോടിക്കുമ്പോഴോ ഒക്കെപ്പോലും — ഫോണും മറ്റും ഉപയോഗിക്കുന്നതിലേക്കു നയിക്കാറുമുണ്ട്. ഇത്തരമാകുലതകള്‍ കൂടുതലും കണ്ടുവരാറുള്ളത് സ്നേഹത്തിനോ ബഹുമാനത്തിനോ ഒക്കെയുള്ള ആശകള്‍ വേണ്ടരീതിയില്‍ പൂര്‍ത്തീകരിക്കപ്പെടാതെ ഉള്ളില്‍ക്കിടക്കുന്നവരിലാണ്.

ഫയര്‍വാള്‍

നെറ്റിലെ എല്ലാ സംഭവവികാസങ്ങളെയുംപറ്റി സദാനേരവും ഉടനടി അറിഞ്ഞുവെച്ചുകൊണ്ടിരിക്കുക എന്നത് ഒരാളെപ്പോലും സംബന്ധിച്ച് പ്രായോഗികമല്ല എന്നും, അതിനു ശ്രമിക്കുന്നത് നിത്യജീവിതത്തിലെ സുപ്രധാന കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ വ്യതിചലിക്കാനും അങ്ങിനെ ദൂരവ്യാപകമായ ദുഷ്ഫലങ്ങള്‍ സംജാതമാവാനും വഴിയൊരുക്കും എന്നും സ്വയം ഓര്‍മിപ്പിക്കുക. ഇന്നയിന്ന നേരങ്ങളില്‍ താന്‍ ഓണ്‍ലൈന്‍ ഉണ്ടായിരിക്കില്ല എന്ന് പ്രധാന കോണ്ടാക്റ്റുകളെ മുന്‍കൂട്ടി അറിയിക്കുക. നെറ്റില്‍ ചെലവാക്കുന്ന സമയം അളക്കാനും മിതപ്പെടുത്താനും സഹായിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ ലഭ്യമാണ്, അവ പ്രയോജനപ്പെടുത്തുക.

Social Media Depression // സാമൂഹ്യമാധ്യമങ്ങള്‍ സങ്കടപ്പെടുത്തുമ്പോള്‍

വിവരങ്ങളും വിനോദവും കൊച്ചുവര്‍ത്തമാനങ്ങളുമൊക്കെ മോഹിച്ചാണ് മിക്കവരും ഫേസ്ബുക്കിലും മറ്റും കയറാറുള്ളത്. എന്നാല്‍ ചിലര്‍ക്കെങ്കിലും ഇത്തരം സൈറ്റുകളില്‍നിന്നു കിട്ടുന്നത് നിരാശയും അപകര്‍ഷതാബോധവുമൊക്കെയാണ്. വിനോദയാത്രകളും വിരുന്നുസല്‍ക്കാരങ്ങളും പോലുള്ള ആഹ്ലാദാനുഭവങ്ങളെക്കുറിച്ചു മാത്രമാണ് മിക്കവരും സോഷ്യല്‍മീഡിയയില്‍ പോസ്റ്റിടാറുള്ളത്. എന്നാല്‍ ഇതൊക്കെ നിരന്തരം കാണുന്ന ചിലര്‍ക്കെങ്കിലും മറ്റുള്ളവരുടെ ജീവിതങ്ങള്‍ സന്തോഷം മാത്രം നിറഞ്ഞവയാണെന്നും താന്‍ മാത്രമിവിടെയിങ്ങനെ പ്രാരാബ്ധങ്ങളിലുഴറുകയാണെന്നും തോന്നിപ്പോവാം. ഫ്രണ്ട്സിന് ഏറെ ലൈക്കുകളും കമന്‍റുകളുമൊക്കെക്കിട്ടുന്നതു കാണുന്നതും ചിലരില്‍, പ്രത്യേകിച്ച് കൌമാരക്കാരില്‍, വൈഷമ്യവും പരാജയബോധവുമൊക്കെ ജനിപ്പിക്കാം.

ഫയര്‍വാള്‍

സോഷ്യല്‍മീഡിയാ ഉപയോഗം നിയന്ത്രിക്കുക. തങ്ങളുടെ ജീവിതങ്ങളുടെ വര്‍ണാഭമായ വശങ്ങള്‍ മാത്രമേ, അതും പലപ്പോഴും പൊടിപ്പും തൊങ്ങലും ഫോട്ടോഷോപ്പും പിടിപ്പിച്ചേ, അവിടെയാളുകള്‍ പുറത്തുവിടൂ എന്ന് മറക്കാതിരിക്കുക. ഓരോ തവണയും നിരാശയോ അപകര്‍ഷതയോ തോന്നുമ്പോള്‍ സ്വന്തം കഴിവുകളെയോ നേട്ടങ്ങളെയോ സൌഭാഗ്യങ്ങളെയോ കുറിച്ചുള്ള നാലഞ്ചു വാചകങ്ങള്‍ സ്വയം പറയുക.

Technophobia // പേടിയാണ്, സാങ്കേതികതയെ

ഇനിയും ചിലരില്‍ കമ്പ്യൂട്ടറിന്‍റെയോ അനുബന്ധ സാങ്കേതികവിദ്യകളുടെയോ ഉപയോഗമോ അവയെക്കുറിച്ചുള്ള ചിന്തകള്‍ പോലുമോ കഠിനമായ ഉത്ക്കണ്ഠയും പേടിയും സ്വയംവിമര്‍ശനവുമൊക്കെ ജനിപ്പിക്കാം. ഡിജിറ്റല്‍ ടെക്നോളജിയെക്കുറിച്ചും അത് സമൂഹത്തിലും നിത്യജീവിതത്തിലും ഉണ്ടാക്കിയേക്കാവുന്ന ദുഷ്പ്രഭാവത്തെക്കുറിച്ചുമെല്ലാം പരിധിവിട്ട ആകുലതകളും ചിലരില്‍ക്കാണാം. ഇതിന് പല കാരണങ്ങളുണ്ടാവാം — ലളിതവും വിനീതവുമായ രീതിയില്‍ ജീവിച്ചുപോവാനുള്ള ആഗ്രഹവും സാങ്കേതികത താന്‍ പിന്തുടരുന്ന പ്രത്യയശാസ്ത്രവുമായി യോജിച്ചുപോവുന്നതല്ല എന്ന അനുമാനവും ടെക്നോളജിയുടെ അതിപ്രസരം വ്യക്തിഗത കഴിവുകളെ നശിപ്പിക്കും, പാരമ്പര്യമൂല്യങ്ങളുടെ കടപുഴക്കും, ആശയവിനിമയശേഷിയെ താറുമാറാക്കും എന്നെല്ലാമുള്ള സന്ദേഹങ്ങളുമൊക്കെ ഉദാഹരണങ്ങളാണ്. സുപ്രധാനമായ പല വിവരങ്ങളും ഡിജിറ്റലായി സൂക്ഷിക്കപ്പെടാന്‍ തുടങ്ങിയതും, ഏവരും നെറ്റിലും ഫോണിലും മറ്റും ചെലവഴിക്കുന്ന സമയം ഏറെ വര്‍ദ്ധിച്ചതും, സൈബര്‍സുരക്ഷയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതുമൊക്കെ ഇത്തരമാശങ്കകളെ ബലപ്പെടുത്തുകയുമാവാം.

ഫയര്‍വാള്‍

ഇത്തരമാകുലതകള്‍ പൂര്‍ണമായും അസ്ഥാനത്തല്ല തന്നെ. എങ്കിലും ഇവയുടെ പേരില്‍ ഡിജിറ്റല്‍ലോകത്തുനിന്നു മുഴുവനായി വിട്ടുമാറിനില്‍ക്കാന്‍ തീരുമാനിക്കുന്നവര്‍ക്ക് പക്ഷേ ഈയൊരു വിപ്ലവം കൊണ്ടുവന്ന ഒട്ടനവധി അനുഗ്രഹങ്ങള്‍ അനുഭവിക്കാനാവാതെ പോവാം. മുന്‍കരുതലുകളും നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് നൂതനസാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തിത്തന്നെ മുന്നോട്ടുപോവാന്‍ നിശ്ചയിക്കുന്നതാവും കൂടുതല്‍ ഫലപ്രദം.

Cyberchondria // നെറ്റുണ്ടാക്കുന്ന ഇല്ലാരോഗങ്ങള്‍

സ്വന്തം ആരോഗ്യത്തെക്കുറിച്ചുള്ള നിരന്തരമായ ആശങ്കകള്‍ തീര്‍ക്കാന്‍ ഇടക്കിടെ ഓണ്‍ലൈന്‍ സര്‍ച്ചുകള്‍ നടത്തുകയും, അപ്പോള്‍ നെറ്റില്‍ കാണാന്‍ കിട്ടുന്ന പല അസുഖങ്ങളും, അത്യപൂര്‍വമായവ പോലും, തനിക്ക് പിടിപെട്ടിട്ടുണ്ടെന്ന അനുമാനത്തിലെത്തുകയും, അങ്ങിനെ ഒറിജിനല്‍ ആശങ്കകള്‍ വീണ്ടും വഷളാവുകയും ചെയ്യുന്നവരുമുണ്ട്.
പല മെഡിക്കല്‍സംഘടനകളും പൊതുജനങ്ങളുടെ അറിവിലേക്കായി വിവിധ രോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നെറ്റില്‍ ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ ഒരു നിശ്ചിത ലക്ഷണം ഏതൊക്കെയസുഖങ്ങളില്‍ കാണപ്പെടാം എന്ന തരത്തിലുള്ള പട്ടികകളില്‍ സാധാരണവും നിസ്സാരവുമായ പ്രശ്നങ്ങളുടെയും അപൂര്‍വവും മാരകവുമായ രോഗങ്ങളുടെയും പേരുകള്‍ കൂട്ടിക്കലര്‍ത്തി നല്‍കിയിട്ടുണ്ടാവാം. ഇതൊക്കെ വായിക്കുന്ന സാധാരണക്കാര്‍, പ്രത്യേകിച്ച് സ്വതവേ ആകുലചിത്തരായവര്‍, എത്തുന്ന അനുമാനം തങ്ങളെ ബാധിച്ചിരിക്കുന്നത് മാരകരോഗം തന്നെയാണ് എന്നാവാം. ഇതിനുപുറമെ വൈദ്യവിദ്യാഭ്യാസമൊന്നും കിട്ടിയിട്ടില്ലാത്തവര്‍ നല്‍കുന്ന “വിദഗ്ദ്ധോപദേശ”ങ്ങളും മരുന്നുകളും മറ്റുല്‍പന്നങ്ങളും വില്‍ക്കുന്നവര്‍ പ്രസിദ്ധീകരിക്കുന്ന ദുരുദ്ദേശപരവും അബദ്ധജടിലവുമായ വിവരങ്ങളുമൊക്കെ ഒരു സെന്‍സറിങ്ങുമില്ലാതെ നെറ്റിലെത്തുന്നുണ്ട് എന്നതും പ്രശ്നകാരണമാവാം.

ഫയര്‍വാള്‍

നെറ്റില്‍ തെറ്റായ വിവരങ്ങള്‍ ഏറെയുണ്ട് എന്നും, വിഷയപരിജ്ഞാനം കുറഞ്ഞവര്‍ക്ക് ഓണ്‍ലൈന്‍ വിവരങ്ങളിലെ കതിരും പതിരും വേര്‍തിരിക്കുക എളുപ്പമായിരിക്കില്ല എന്നും ഓര്‍ക്കുക. നെറ്റില്‍ നിന്നുള്ള വിവരങ്ങള്‍ വിശ്വസിക്കുകയോ അവയുടെ വെളിച്ചത്തില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുകയോ ചെയ്യുംമുമ്പ് മെഡിക്കല്‍രംഗത്തു പ്രവര്‍ത്തിക്കുന്ന നിങ്ങള്‍ക്കു വിശ്വാസമുള്ള ഒന്നോരണ്ടോ ആളുകളോട് കാര്യം ചര്‍ച്ച ചെയ്യുക.

Münchausen by Internet // വ്യാജ സാന്ത്വനാപേക്ഷകള്‍

ഇല്ലാത്ത രോഗങ്ങളും പ്രശ്നങ്ങളും അഭിനയിച്ച് സോഷ്യല്‍മീഡിയയിലും മറ്റ് ഓണ്‍ലൈന്‍ഫോറങ്ങളിലും മറ്റുള്ളവരുടെ സാന്ത്വനവും സഹതാപവും നേടിയെടുക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്. ചെറുപ്രായങ്ങളില്‍ വേണ്ടത്ര ശ്രദ്ധയും സ്നേഹവുമൊന്നും കിട്ടാതെ പോയവരും, നേരായ മാര്‍ഗങ്ങളിലൂടെ ഇതൊക്കെ നേടിയെടുക്കാനുള്ള കഴിവ് സ്വല്‍പം കുറഞ്ഞവരുമൊക്കെയാണ് പലപ്പോഴും ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കാറുള്ളത്. ഇതിനുപുറമെ മറ്റുള്ളവരെ സ്വനിയന്ത്രണത്തില്‍ നിര്‍ത്താനുള്ള ദുരാഗ്രഹവും ചിലതരം വ്യക്തിത്വവൈകല്യങ്ങളുമൊക്കെ ഇത്തരക്കാരില്‍ കണ്ടുവരാറുണ്ട്. മിക്ക രോഗങ്ങളുടെയും വിശദാംശങ്ങള്‍ നെറ്റില്‍ ലഭ്യമാണ് എന്നതും, ഒറിജിനല്‍ പേരും മറ്റും മറച്ചുവെച്ച് ആളുകളോടിടപഴകുക നെറ്റില്‍ എളുപ്പമാണ് എന്നതും, വിവിധ രോഗങ്ങളുള്ളവര്‍ക്ക് നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കുന്ന കൂട്ടായ്മകള്‍ നെറ്റില്‍ സുലഭമാണ് എന്നതുമൊക്കെ ഇവരുടെ ജോലി എളുപ്പമാക്കുന്നുണ്ട്. ഇത്തരക്കാരുടെ കള്ളി ഒടുവില്‍ വെളിച്ചത്താവുമ്പോള്‍ അതുവരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുപോന്ന ഗ്രൂപ്പുകളില്‍ പരസ്പരവിശ്വാസത്തിനും സഹകരണമനോഭാവത്തിനും ഭംഗംവരികയും ചിലപ്പോള്‍ ഗ്രൂപ്പുതന്നെ അടച്ചുപൂട്ടേണ്ടി വരികയുമൊക്കെ സംഭവിക്കാറുണ്ട്.

ഫയര്‍വാള്‍

ഇത്തരക്കാരെ മുന്‍‌കൂര്‍ തിരിച്ചറിയാനുള്ള ചില വിദ്യകള്‍ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ടൈപ്പ്ചെയ്യാനുള്ള ആരോഗ്യം പോലും ബാക്കിനില്‍ക്കാന്‍ സാദ്ധ്യതയില്ലാത്ത തരം രോഗങ്ങളുണ്ടെന്ന് അവകാശപ്പെടുക, അസുഖം വഷളാവുന്നതിന്‍റെയും ഇടക്കൊക്കെ അത്ഭുതകരമായി സുഖപ്പെടുന്നതിന്‍റെയുമൊക്കെ വിശദാംശങ്ങള്‍ നിരന്തരം പോസ്റ്റ്ചെയ്യുക, വൈദ്യശാസ്ത്രഗ്രന്ഥങ്ങളിലും വെബ്സൈറ്റുകളിലും നിന്നുള്ള ഉദ്ധരണികള്‍ യഥേഷ്ടം എടുത്തിടുക, ഗ്രൂപ്പിന്‍റെ ശ്രദ്ധ മറ്റംഗങ്ങളിലേക്ക് വ്യതിചലിക്കുമ്പോഴൊക്കെ “രോഗം” വല്ലാതെ മൂര്‍ച്ഛിക്കുക, മറ്റുള്ളവര്‍ പരിഗണിക്കാത്തതു മൂലം തന്‍റെയസുഖം വഷളായിപ്പോവുന്നുവെന്ന് പരാതിയുയര്‍ത്തുക, ഓണ്‍ലൈന്‍ ആയല്ലാതെ നേരിട്ട് ആളെക്കാണാനുള്ള അഭ്യര്‍ത്ഥനകള്‍ നിരസിക്കുക തുടങ്ങിയവ ചില ദുസ്സൂചനകളാണ്.

Cybersuicide // നെറ്റിലെ ആത്മഹത്യാമുനമ്പുകള്‍

സ്വജീവനെടുക്കുന്നതിനെക്കുറിച്ചു ചിന്തിച്ചുതുടങ്ങിയ ചിലര്‍ക്കെങ്കിലും മുമ്പു സൂചിപ്പിച്ചതുപോലുള്ള ഓണ്‍ലൈന്‍കൂട്ടായ്മകളില്‍ വിഷമങ്ങള്‍ പങ്കുവെക്കാനും അങ്ങിനെ ആത്മഹത്യയില്‍നിന്നു പിന്തിരിയാനുമൊക്കെ അവസരങ്ങള്‍ ലഭിക്കാറുണ്ട്. എന്നാല്‍ മറുവശത്ത് ഇന്‍റര്‍നെറ്റ് വേറെ ചിലരീതികളില്‍ ആത്മഹത്യാപ്രവണതയുള്ളവര്‍ക്ക് പ്രോത്സാഹനമൊരുക്കുന്നുമുണ്ട്. ഏറെയാളുകള്‍ ആത്മഹത്യ ചെയ്യാനുള്ള മാര്‍ഗങ്ങളെപ്പറ്റി നെറ്റില്‍ തിരയുകയും, അത്തരം മാര്‍ഗങ്ങളുടെ വിശദാംശങ്ങളുള്ളതും ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നതും കാല്‍പനികവല്‍ക്കരിക്കുന്നതുമൊക്കെയായ സൈറ്റുകളില്‍ എത്തിപ്പെടുകയും ചെയ്യുന്നുണ്ട്. വെബ്ക്യാമുകളിലൂടെ സ്വന്തം ആത്മഹത്യ സംപ്രേഷണം ചെയ്യുന്നവരും പല രാജ്യങ്ങളിലുമിരുന്ന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നവരും ഒക്കെ രംഗത്തുണ്ട്. നെറ്റില്‍ പരിചയപ്പെടുന്നവര്‍ ഒന്നിച്ച് ആത്മഹത്യ ചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഈയൊരു പ്രവണത കൂടുതലും കണ്ടുവരുന്നത് പൊതുസമൂഹത്തില്‍ നിന്നകന്ന് ഏകാന്തജീവിതം നയിക്കുന്നവരിലും വിഷാദം പോലുള്ള മാനസികരോഗങ്ങളുള്ളവരിലുമാണ്.

ഫയര്‍വാള്‍

ആത്മഹത്യോന്മുഖമായ പോസ്റ്റുകളെയും മെസേജുകളെയും ഗൌരവത്തിലെടുക്കുക. ആളോട് നേരിട്ടു സംസാരിക്കുകയോ വിദഗ്ദ്ധസഹായം തേടാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യുക. അകാരണമായ സങ്കടം, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ഒന്നിലും ഉത്സാഹമില്ലായ്ക തുടങ്ങിയവ വിഷാദത്തിന്‍റെ ലക്ഷണങ്ങളാവാം എന്നതിനാല്‍ ഇത്തരം വൈഷമ്യങ്ങള്‍ പങ്കുവെക്കുന്നവരോട് വിദഗ്ദ്ധപരിശോധനക്കു വിധേയരാവാന്‍ നിര്‍ദ്ദേശിക്കുക.

 

മുകളില്‍ നിരത്തിയവ ഡിജിറ്റല്‍യുഗത്തിന്‍റെ വൈകാരിക പ്രത്യാഘാതങ്ങളുടെ ഉദാഹരണങ്ങളാണ് എങ്കില്‍ ഇനിയും ചില ദുഷ്ഫലങ്ങള്‍ ബാധിക്കുന്നത് തലച്ചോറിന്‍റെ ഓര്‍മയും ബുദ്ധിയുമൊക്കെയായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെയാണ്:

Information Overload // അധികമായാല്‍ അറിവും വിഷം

വിവരസാങ്കേതികവിപ്ലവം വിജ്ഞാനത്തിന്‍റെ ഉത്പാദനവും വിതരണവും സുഗമമാക്കിയെങ്കിലും ഇതിന് ഒരു മറുവശവുമുണ്ട്. കൈപ്പിടിയിലൊതുക്കാവുന്നതിലും ഏറെയധികം വിവരങ്ങള്‍ ഇമെയിലുകളും സാമൂഹ്യമാധ്യമങ്ങളുമൊക്കെ വഴി നിത്യേന നമ്മുടെയൊക്കെ കണ്മുമ്പിലെത്തുന്നുണ്ട്. ഇങ്ങിനെ കിട്ടുന്ന വിവരങ്ങള്‍ക്ക് വേണ്ടത്ര പരസ്പരബന്ധമോ അവയെ സുഗ്രാഹ്യമാക്കാന്‍ സഹായകമായ തരം രൂപഘടനയോ കണ്ടേക്കില്ല എന്നതും, അവയില്‍ പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ ഉള്‍പ്പെട്ടിരിക്കാമെന്നതുമൊക്കെ അവയെ ശരിയായി ഉള്‍ക്കൊള്ളുന്നതിനും ഓര്‍മയില്‍ നിര്‍ത്തുന്നതിനും തടസ്സങ്ങളുണ്ടാക്കുന്നുണ്ട്. അക്കൂട്ടത്തില്‍ മനസ്സിലാവാന്‍ ബുദ്ധിമുട്ടുള്ള തരം വിവരങ്ങളുണ്ടെങ്കില്‍ അത് ചിലര്‍ക്കെങ്കിലും ഉത്ക്കണ്ഠക്കും മാനസികസമ്മര്‍ദ്ദത്തിനുമൊക്കെ ഇടയാവുകയുമാവാം. ഓണ്‍ലൈന്‍ അറിവുകളുടെ ആധികാരികത പലപ്പോഴും സംശയാസ്പദമാണ് എന്നതിനാല്‍ അവയെയടിസ്ഥാനമാക്കി തീരുമാനങ്ങളെടുക്കുന്നതിനു മുമ്പ് മറ്റു സ്രോതസ്സുകള്‍ കൂടി പരിശോധിച്ച് കൃത്യതയുറപ്പാക്കേണ്ടി വരികയും, അങ്ങിനെ ആത്യന്തികമായി ആവശ്യത്തിലധികം സമയം പാഴാവുകയും ചെയ്യാം. പ്രാധാന്യമുള്ള തീരുമാനങ്ങള്‍ എടുക്കേണ്ട വേളകളില്‍ ഒരു പരിധിയില്‍ക്കൂടുതല്‍ ഘടകങ്ങളെ പരിഗണിക്കുകയും വിശകലനംചെയ്യുകയും വേണ്ടിവരുന്നത് തീരുമാനമെടുക്കുന്ന പ്രക്രിയ സുദീര്‍ഘവും സങ്കീര്‍ണവും ആവാനും, അതല്ലെങ്കില്‍ അത്തരം നൂലാമാലകള്‍ക്കു മിനക്കെടാതെ നാം എടുത്തുചാടി വലിയ കുഴപ്പമില്ല എന്ന് പെട്ടെന്നുതോന്നുന്ന എന്തെങ്കിലും തീരുമാനം കൈക്കൊള്ളാനും, അങ്ങിനെയെല്ലാം നാം ഒടുവിലെത്തിച്ചേരുന്ന തീരുമാനം വേണ്ടത്ര മികച്ചതല്ലാതാവാനും ഒക്കെ വഴിവെക്കാം.

ഫയര്‍വാള്‍

നെറ്റിലും ഫോണിലുമൊക്കെ ചെലവഴിക്കുന്ന സമയം കുറക്കുക. അത്ര പ്രാധാന്യമില്ലാത്തവരെ ന്യൂസ്ഫീഡില്‍ നിന്ന് പുറന്തള്ളുക. വലിയ പ്രസക്തമല്ലാത്ത ഇ-ഗ്രൂപ്പുകളിലും മെയിലിംഗ് ലിസ്റ്റുകളിലും നിന്ന് ഒഴിഞ്ഞുപോരുക. അപ്രധാനമെന്നു തോന്നുന്ന മെയിലുകളും മെസേജുകളും പൂര്‍ണമായി വായിക്കാതിരിക്കുക.

Digital Dementia // ന്യൂജെന്‍ ബുദ്ധിക്ഷയങ്ങള്‍

ഫോണിലൂടെയും കംപ്യൂട്ടറിലൂടെയുമൊക്കെ കൂലംകുത്തിയെത്തുന്ന വിവരങ്ങളിലൂടെ ഉപരിപ്ലവമായി കണ്ണോടിച്ചുപോവുന്ന ശീലം ആഴത്തില്‍ ചിന്തിക്കാനും പുതിയ വിവരങ്ങളെ മുന്നനുഭവങ്ങളുമായി ബന്ധപ്പെടുത്തിയുള്‍ക്കൊള്ളാനും ദൃഢമായ ഓര്‍മ്മകള്‍ സൃഷ്ടിക്കാനുമൊക്കെയുള്ള അവസരങ്ങളെ നശിപ്പിക്കുന്നുണ്ട്. ഇമെയില്‍, വാട്ട്സ്അപ്പ്, ഫേസ്ബുക്ക് തുടങ്ങിയവയില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ ഇടതടവില്ലാതെ ചെവിയിലേക്കുന്നത് ഏകാഗ്രതയെയും കാര്യക്ഷമതയെയും താറുമാറാക്കാം. അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ഒരു വിരലനക്കിയാല്‍ അനേകായിരം ലൈബ്രറികളിലെ വിവരസഞ്ചയം സുപ്രാപ്യമാക്കാവുന്ന സാഹചര്യം പക്ഷേ ഒരു പുതിയ വിവരം കയ്യിലെത്തുമ്പോള്‍ “ഇത് പാടുപെട്ട് ഓര്‍ത്തുവെക്കേണ്ട കാര്യമൊന്നുമില്ല, എപ്പോള്‍ വേണമെങ്കിലും നെറ്റില്‍നിന്ന് വീണ്ടും എടുക്കാവുന്നതേയുള്ളൂ" എന്ന മനോഭാവമുണ്ടാവാനും, നമ്മുടെ തലച്ചോറുകള്‍ക്ക് താരതമ്യേന കുറച്ചുമാത്രം വിവരങ്ങള്‍ ഓര്‍മയില്‍ നിര്‍ത്തുന്ന ശീലം രൂപപ്പെടാനും വഴിവെക്കാം. കുറച്ചു ചെറുപ്പക്കാരോട് ഏതാനും വസ്തുതകളും അവ കമ്പ്യൂട്ടറില്‍ ഏതു ഫോള്‍ഡറിലാണ് സേവ്ചെയ്തിട്ടുള്ളത് എന്ന കാര്യവും ഓര്‍ത്തുവെക്കാനാവശ്യപ്പെട്ട ഗവേഷകര്‍ കണ്ടത് വസ്തുതകളെക്കാളും അവര്‍ക്ക് ഓര്‍മനില്‍ക്കുന്നത് ഫോള്‍ഡറുകളുടെ പേരുകളാണ് എന്നാണ്. മുപ്പതുവയസ്സിനു താഴെയുള്ളവരില്‍ നാലിലൊന്നുപേര്‍ക്കും വീട്ടിലെ ഫോണ്‍നമ്പര്‍ അവരുടെ മൊബൈലുകളെ ആശ്രയിക്കാതെ പറയാനാവുന്നില്ല എന്നും, അമ്പതു കഴിഞ്ഞവരില്‍ 87% പേര്‍ക്കും സ്വന്തം കുടുംബാംഗങ്ങളുടെ ജന്മദിനങ്ങള്‍ ഓര്‍മയില്‍നിന്നു പറയാനാവുമ്പോള്‍ മുപ്പതിനു താഴെയുള്ളവരില്‍ വെറും 40% പേര്‍ക്കേ അതു സാധിക്കുന്നുള്ളൂ എന്നും പഠനങ്ങള്‍ എടുത്തുപറയുന്നുണ്ട്.

ഫയര്‍വാള്‍

എല്ലാ സംശയങ്ങളുടെയും നിവാരണങ്ങള്‍ക്ക് ഗൂഗിളിനെയാശ്രയിക്കാതെ ചിലതിന്‍റെയെങ്കിലുമൊക്കെ ഉത്തരങ്ങള്‍ സ്വയമാലോചിച്ചു കണ്ടുപിടിക്കുക — ഓര്‍മകളില്‍ ചികയാനുള്ള തലച്ചോറിന്‍റെ കഴിവ് ശോഷിച്ചുപോവാതിരിക്കാന്‍ ഇതു സഹായകമാവും. വാട്ട്സ്അപ്പ്, ഫേസ്ബുക്ക് തുടങ്ങിയവയുടെ നോട്ടിഫിക്കേഷനുകള്‍ ഓഫ്ചെയ്യുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നത് ഏകാഗ്രതക്ക് ഇടക്കിടെ ഭംഗംവരാതിരിക്കാന്‍ സഹായിക്കും.

 

ഇനിയും ചിലരുടെ പ്രശ്നം ഓണ്‍ലൈനില്‍ പെരുമാറുമ്പോള്‍ സാമാന്യമര്യാദകള്‍ മറന്നുപോവുക എന്നതാണ്. ഇതു രണ്ടുതരത്തിലാവാം:

Online Disinhibition // നെറ്റ് ബെല്ലും ബ്രേക്കും കവരുമ്പോള്‍

യഥാര്‍ത്ഥജീവിതത്തില്‍ ഏറെ മാന്യമായും സൌമ്യമായും പെരുമാറുന്ന പലരും പക്ഷേ ഓണ്‍ലൈന്‍ വേദികളില്‍ യാതൊരു ആത്മനിയന്ത്രണവുമില്ലാതെ പെരുമാറിപ്പോവാറുണ്ട്. അങ്ങോട്ടുമിങ്ങോട്ടും കാണാതുള്ള ഓണ്‍ലൈന്‍ ആശയവിനിമയങ്ങളില്‍ ചെറിയ ഇഷ്ടക്കേടുകളെ ശരീരഭാഷയിലൂടെ വ്യക്തമാക്കുകയോ, ശ്രോതാവിന്‍റെ ഭാവമാറ്റങ്ങളില്‍ നിന്നുള്ള സൂചനകളുടെ വെളിച്ചത്തില്‍ സ്വന്തം പ്രതികരണങ്ങളെ മയപ്പെടുത്തുകയോ സാദ്ധ്യമല്ല എന്നത് ഇതിന് ഒരു കാരണമാണ്. “ഇവിടെ എന്നെയാരും തിരിച്ചറിയാന്‍ പോവുന്നില്ല”, “നെറ്റില്‍ പോലീസും പട്ടാളവുമൊന്നുമില്ല” എന്നൊക്കെയുള്ള (തെറ്റായ) ധാരണകളും മറ്റുള്ളവര്‍ ഉടനടി പ്രതികരിക്കാന്‍ സാദ്ധ്യത കുറവാണ് എന്ന ധൈര്യവുമൊക്കെ ഓണ്‍ലൈനില്‍ പലര്‍ക്കും കടിഞ്ഞാണില്ലാതാക്കാം. നേരില്‍ക്കണ്ടിട്ടില്ലാത്ത ഓണ്‍ലൈന്‍പങ്കാളികള്‍ക്ക് നാം ഇഷ്ടാനുസരണം മുഖങ്ങളും ശബ്ദങ്ങളും ഭാവഹാദികളുമൊക്കെ പതിച്ചു നല്‍കുകയും, അങ്ങിനെ ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ നമ്മുടെ മനസ്സിനുള്ളില്‍ മാത്രം നടക്കുന്ന സാങ്കല്‍പിക പ്രക്രിയകളാണ് എന്ന ധാരണ ജനിക്കുകയും ചെയ്യുന്നതും പ്രശ്നമാവാം. ചിലര്‍ക്ക്, പ്രത്യേകിച്ച് കമ്പ്യൂട്ടര്‍ഗെയിമുകള്‍ കളിച്ചു ശീലിച്ചവര്‍ക്ക്, അപ്പുറത്തുള്ളവര്‍ ചോരയും നീരും അസ്തിത്വവുമൊന്നുമില്ലാത്ത വെറും കഥാപാത്രങ്ങള്‍ മാത്രമാണ് എന്ന അബദ്ധധാരണ അബോധതലത്തില്‍ വര്‍ത്തിക്കുകയുമാവാം.

ഫയര്‍വാള്‍

നെറ്റില്‍ ദേഷ്യമോ വിഷമമോ ഉളവാക്കുന്നവര്‍ക്ക് ഉടനടി മറുപടി കൊടുക്കാതിരിക്കുക. ഓണ്‍ലൈന്‍ പരാമര്‍ശങ്ങള്‍ പലപ്പോഴും കേസിലും ശിക്ഷയിലുമൊക്കെ പര്യവസാനിച്ചിട്ടുണ്ട് എന്നതു മറക്കാതിരിക്കുക. ശരീരഭാഷ സഹായത്തിനെത്തില്ല എന്ന ബോധത്തോടെ ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഇടംകൊടുക്കാത്ത വ്യക്തമായ ഭാഷയും അനുയോജ്യമായ സ്മൈലികളും ഉപയോഗിക്കാന്‍ സദാ ശ്രദ്ധിക്കുക.

Cyberbullying // ഗുണ്ടായിസം ഓണ്‍ലൈന്‍

ഇമെയില്‍, ബ്ലോഗിങ്ങ്, എസ്.എം.എസ്. തുടങ്ങിയവയിലൂടെ ഒരാളെ നിരന്തരം ബുദ്ധിമുട്ടിക്കുകയോ പരിഹസിക്കുകയോ അപമാനിക്കുകയോ മറ്റു രീതികളില്‍ അക്രമിക്കുകയോ ചെയ്യുന്ന രീതിയും സാധാരണമാവുന്നുണ്ട്. വൃത്തികെട്ട മെസേജുകളയക്കുക, അവഹേളനപരമായ വീഡിയോകള്‍ പോസ്റ്റ്ചെയ്യുക, നാണംകെടുത്തുന്ന വ്യാജപ്രൊഫൈലുകള്‍ ഉണ്ടാക്കുക തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഏതു നേരത്തും പ്രയോഗിക്കാമെന്നതും, പിന്നണിയിലുള്ളവരെ തിരിച്ചറിയുക പലപ്പോഴും അത്രയെളുപ്പമല്ല എന്നതും, ഏറെയാളുകളെ അനായാസം കാര്യങ്ങളറിയിക്കാമെന്നതുമൊക്കെ ഇത്തരമാക്രമണങ്ങളെ ഊമക്കത്തുകള്‍ പോലുള്ള പഴഞ്ചന്‍രീതികളെക്കാള്‍ ഭീകരമാക്കുന്നുണ്ട്. കണ്ടക്റ്റ് ഡിസോര്‍ഡര്‍, ആന്‍റിസോഷ്യല്‍ പേഴ്സണാലിറ്റി മുതലായ മനോവൈകല്യങ്ങളുള്ളവരാണ് പൊതുവേ ഇത്തരം പ്രവണതകള്‍ പുറത്തെടുക്കാറുള്ളത്. ഇതിനൊക്കെ ഇരയാവുന്നവരില്‍ വിഷാദം, ആത്മഹത്യാപ്രവണത തുടങ്ങിയ പ്രശ്നങ്ങള്‍ രൂപപ്പെടുകയും ചെയ്യാം.

ഫയര്‍വാള്‍

സ്വകാര്യവിവരങ്ങള്‍ കഴിവതും നെറ്റില്‍ വിളമ്പാതിരിക്കുക. പാസ്’വേര്‍ഡുകള്‍ ആരുമായും പങ്കുവെക്കാതിരിക്കുക. ആക്രമണങ്ങള്‍ക്ക് ഇരയായാല്‍ പ്രതികരിക്കാന്‍ ചെല്ലാതിരിക്കുക. പ്രകോപനമുണ്ടാക്കുന്നവരെ ബ്ലോക്ക്‌ ചെയ്യുക. അവരുടെ മെയിലുകളും മെസേജുകളും മറ്റും ഡിലീറ്റ് ചെയ്യാതിരിക്കുക — അവരെ തിരിച്ചറിയാനും അവര്‍ക്കെതിരായ തെളിവുകളായും അവ ഉപകാരപ്പെടും.

(2015 ജൂണ്‍ ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.

Image courtesy: Screen Wallpapers

×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

മത്സരപ്പരീക്ഷകള്‍ മനസ്സിനെ പരിക്ഷീണമാക്കാതിരിക്കാന...
അതിബുദ്ധിയുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍

Related Posts