മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

ബുള്ളിയിംഗിനെ നേരിടാം

bullying-malayalam

കുട്ടികള്‍ സഹപാഠികളുടെയും മറ്റും ഭീഷണികളും പരിഹാസങ്ങളും അമിതമായി നേരിടേണ്ടിവരുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. “ബുള്ളിയിംഗ്” എന്ന ഈ പ്രവണതയെ നേരിടാന്‍ പഠിക്കാം.

പ്രത്യാഘാതങ്ങള്‍

ലാഘവത്തോടെ അവഗണിക്കേണ്ട ഒന്നല്ല ബുള്ളിയിംഗ്. കുട്ടികളില്‍ നിരവധി പ്രത്യാഘാതങ്ങള്‍ക്ക് അത് കാരണമാകാറുണ്ട്. ഉള്‍വലിച്ചില്‍, അമിതമായ ലജ്ജ, ഒന്നിലും താല്‍പര്യമില്ലാതാവുക, സ്വയംമതിപ്പു നഷ്ടമാവുക, സ്കൂളില്‍പ്പോവാന്‍ വൈമുഖ്യം, പഠനത്തില്‍ പിന്നാക്കമാവല്‍ എന്നിവ ഉദാഹരണങ്ങളാണ്., അമിതമായ ഉത്ക്കണ്ഠ, വിഷാദം, മുന്‍ശുണ്‍ഠി, ഉറക്കത്തിലും വിശപ്പിലും മാറ്റങ്ങള്‍, പേക്കിനാവുകള്‍, ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വേദന എന്നിവയും കണ്ടേക്കാം. താന്‍ ഒന്നിനും കൊള്ളാത്ത, ആര്‍ക്കും വേണ്ടാത്ത ഒരു വ്യക്തിയാണ് എന്ന ധാരണ അവര്‍ക്കു ജനിക്കാം. ലഹരിയുപയോഗം, ആത്മഹത്യാചിന്ത, സ്വയം ഉപദ്രവിക്കാനുള്ള പ്രവണത എന്നിവ രൂപപ്പെടാം. ഇത്തരം കുട്ടികള്‍ മുതിര്‍ന്നുകഴിഞ്ഞാല്‍ അവര്‍ക്ക് പരസ്പര ധാരണയോടും വിശ്വാസത്തോടും കൂടി നല്ല സൌഹൃദങ്ങളിലും ബന്ധങ്ങളിലും ഏര്‍പ്പെടാനാവാതെ പോയേക്കാം.

ബുള്ളിയിംഗ് നടത്തുന്ന കുട്ടികളും പിന്നീട് പല മാനസികവൈഷമ്യങ്ങളും പ്രകടിപ്പിക്കാറുണ്ട്. വ്യക്തിബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ പാടവമില്ലാതെ പോവുക, ലഹരിയുപയോഗം, അക്രമവാസന, ചെറുപ്രായത്തിലേ ലൈംഗികബന്ധങ്ങളില്‍ ഏര്‍പ്പെടുക, വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാതെ പോവുക, തൊഴിലില്ലായ്മ, മുതിര്‍ന്നു കഴിഞ്ഞ് ജീവിതപങ്കാളിയെയോ മക്കളെയോ ഉപദ്രവിക്കുക എന്നിവ ഉദാഹരണങ്ങളാണ്. അതിനാല്‍ത്തന്നെ ഇത്തരം കുട്ടികളും സവിശേഷശ്രദ്ധ അര്‍ഹിക്കുന്നുണ്ട്.

ബുള്ളിയിംഗിനു സാക്ഷികളാവുന്ന കുട്ടികള്‍ക്കും അമിതമായ കുറ്റബോധം, താനും ആക്രമിക്കപ്പെട്ടേക്കുമോയെന്ന ഭീതി, വിഷാദം തുടങ്ങിയവ നേരിടേണ്ടി വരാറുണ്ട്.

മാതാപിതാക്കള്‍ക്കു ചെയ്യാനുള്ളത്

  • “അതൊന്നും സാരമില്ല” എന്നോ മറ്റോ ഒറ്റ വാചകത്തില്‍ ഉടനടി മറുപടി കൊടുത്ത് ഒരു ചര്‍ച്ചക്കുള്ള അവസരം നശിപ്പിക്കാതിരിക്കുക. ബുള്ളിയിംഗിനു പാത്രമായതിന്‍റെ പേരില്‍ കുട്ടിയെ കുറ്റപ്പെടുത്താതിരിക്കുക. സംഭവത്തെക്കുറിച്ച് മുന്‍വിധികളൊന്നുമില്ലാതെ മുഴുവനായി കേള്‍ക്കാനും പരിഹാരത്തിനു സഹായിക്കാനും നിങ്ങള്‍ തയ്യാറാണ് എന്ന ബോദ്ധ്യം തന്നെ കുട്ടിക്ക് ഏറെ ആശ്വാസകരമാകും.
  • അതേ നാണയത്തില്‍ പ്രതികരിക്കാന്‍ നിര്‍ദ്ദേശിക്കാതിരിക്കുക.
  • ശാന്തത കൈവിടാതിരിക്കുക. പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് എങ്ങിനെയെന്ന് കുട്ടിക്കു കണ്ടുപഠിക്കാനുള്ള നല്ലൊരു മാതൃകയാവുക.
  • അദ്ധ്യാപകരെയോ മറ്റോ കാര്യം അറിയിക്കുന്നതിനു മുമ്പ് അങ്ങിനെ ചെയ്യുന്നതിനെപ്പറ്റി കുട്ടിക്കുള്ള അഭിപ്രായം കൂടി തേടുക.
  • പരിഹാരങ്ങള്‍ മൊത്തമായി നിങ്ങള്‍ തന്നെ നിര്‍ദ്ദേശിക്കാതെ കുട്ടിയെക്കൂടി ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തുന്നത് ഭാവിയില്‍ സമാനപ്രശ്നങ്ങള്‍ സ്വന്തം നിലയ്ക്ക് പരിഹരിക്കാനുള്ള ത്രാണി കുട്ടിക്ക് കൈവരുത്തും.
  • ബുള്ളിയിംഗിന് സാക്ഷികള്‍ വല്ലവരുമുണ്ടോയെന്ന് അന്വേഷിച്ചറിയുക.
  • ബുള്ളിയിംഗ് നടത്തിയ കുട്ടിയുടെ മാതാപിതാക്കളുമായി കാര്യം ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുക.
  • കുട്ടിക്കുള്ള കഴിവുകളും ഗുണങ്ങളും ചൂണ്ടിക്കാണിക്കുക. അവ പരിപോഷിപ്പിക്കാന്‍ സഹായകമായ പരിശീലനങ്ങളും മറ്റും ഒരുക്കിക്കൊടുക്കുക. ഇത് കുട്ടിയുടെ ആത്മവിശ്വാസം മെച്ചപ്പെടാനും മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാനും സഹായകമാകും.
  • ആവശ്യമെങ്കില്‍ കുട്ടിക്ക് വിദഗ്ദ്ധസഹായം ലഭ്യമാക്കുക.
  • കുട്ടികള്‍ ചെന്നുപെടുന്ന സര്‍വ പ്രശ്നങ്ങളിലും നിര്‍ദ്ദേശങ്ങളും പരിഹാരങ്ങളുമായി ചാടിവീഴാതിരിക്കുക. കുറേയൊക്കെ പ്രശ്നങ്ങള്‍ സ്വന്തം നിലയ്ക്ക് പരിഹരിച്ചു പരിചയിക്കാന്‍ അവര്‍ക്ക് അവസരം കൊടുക്കുക.

കുട്ടിയോടു നിര്‍ദ്ദേശിക്കാവുന്നത്

  • ബുള്ളിയിംഗ് നേരിടേണ്ടിവന്നതിന്‍റെ പേരില്‍ സ്വയം കുറ്റപ്പെടുത്താതിരിക്കുക. തന്‍റെ നിറമോ രൂപമോ എന്തെങ്കിലും ശാരീരികവൈകല്യമോ ആണ് ബുള്ളിയിംഗിനു വഴിവെച്ചത് എന്നു സ്വയം പഴിക്കാതിരിക്കുക. കുഴപ്പം ബുള്ളിയിംഗ് നേരിടേണ്ടി വരുന്നവരുടേതല്ല, അതിനു മുതിരുന്നവരുടേതാണ്. (പലരും ബുള്ളിയിംഗിനു മുതിരാറ് സുരക്ഷിതത്വബോധമില്ലായ്മ, സ്വയംമതിപ്പില്ലായ്ക തുടങ്ങിയ പ്രശ്നങ്ങള്‍ മൂലമോ അസൂയ മൂത്തോ പ്രസിദ്ധിക്കുള്ള മോഹത്താലോ സ്വന്തം പ്രശ്നങ്ങളില്‍ നിന്നുള്ള ഒരു ഒളിച്ചോട്ടമായോ വലിയ ശക്തിയുണ്ടെന്നു നടിക്കാനുള്ള ഒരു മാര്‍ഗമായോ ഒക്കെയാണ്.)
  • സമാന താല്‍പര്യങ്ങളുള്ളവരുമായി സൗഹൃദം സ്ഥാപിച്ചെടുക്കുക.
  • സ്കൂളില്‍വെച്ച്, ആവുന്നത്ര സമയവും ഏതെങ്കിലും നല്ല കൂട്ടുകാരുടെ കൂടെ ആയിരിക്കാന്‍ ശ്രദ്ധിക്കുക.
  • നന്നായി ഉറങ്ങുക, ആഹാരം കഴിക്കുക, വ്യായാമം ചെയ്യുക, റിലാക്സേഷന്‍ വിദ്യകള്‍ ഉപയോഗിക്കുക, ഇഷ്ടവിനോദങ്ങളില്‍ മുഴുകുക എന്നിവ ബുള്ളിയിംഗ് സൃഷ്ടിക്കുന്ന മാനസികസമ്മര്‍ദ്ദം പരിഹരിക്കാന്‍ സഹായിക്കും.

കുട്ടികളെ പൊതുവെ പഠിപ്പിക്കേണ്ടത്

  • ചെറിയ വഴക്കുകളെയും പ്രായസഹജമായ വികൃതികളെയും ബുള്ളിയിംഗില്‍ നിന്ന് എങ്ങനെ വേര്‍തിരിച്ചറിയാം എന്നു പറഞ്ഞുകൊടുക്കുക.
  • ഏതൊരു സുഹൃത്തുമായും അഭിപ്രായ വ്യത്യാസങ്ങള്‍ വരിക സ്വാഭാവികം മാത്രമാണെന്നും അവ രമ്യമായി പരിഹരിക്കേണ്ടതെങ്ങനെയെന്നും പറഞ്ഞുകൊടുക്കുക.
  • ശല്യപ്പെടുത്താന്‍ വരുന്നവരുടെ കണ്ണില്‍ത്തന്നെ നോക്കി മറുപടികള്‍ കൊടുക്കാന്‍ പരിശീലിപ്പിക്കുക.
  • ബുള്ളിയിംഗ് നേരിട്ടാല്‍ അക്കാര്യം രഹസ്യമാക്കി വെക്കാതെ അദ്ധ്യാപകര്‍, മാതാപിതാക്കള്‍, സുഹൃത്തുക്കള്‍ എന്നിങ്ങനെ ആരോടെങ്കിലും കാര്യം തുറന്നു സംസാരിക്കണമെന്നും അത്, എന്താണു സംഭവിച്ചതെന്ന് വ്യക്തമായി മനസ്സിലാക്കാനും ബുള്ളിയിംഗിനെ വിജയകരമായി അതിജീവിക്കാനും സഹായിക്കുമെന്നും ഓര്‍മിപ്പിക്കുക.

പരിഹാസം നേരിടാന്‍ പ്രാപ്തരാക്കാം

താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ കുട്ടിക്കു കൊടുക്കുന്നത് ഇവിടെ സഹായകരമാകും:

  • പരിഹാസം അഭിമുഖീകരിക്കേണ്ടിവരുമ്പോഴൊക്കെ “ഇതെനിക്കു നേരിടാനാവും” എന്നൊക്കെയുള്ള, ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ചില വാചകങ്ങള്‍ സ്വയം പറയുക.
  • പരിഹസിക്കാന്‍ വരുന്നയാളെ അവഗണിക്കാന്‍ ശ്രമിക്കുക. കരച്ചിലോ ദേഷ്യപ്പെടലോ പോലുള്ള പ്രതികരണങ്ങള്‍ പരിഹാസം വര്‍ദ്ധിക്കാന്‍ കാരണമായേക്കാം.
  • പരിഹസിക്കുന്നയാള്‍ ഉയര്‍ത്തിക്കാട്ടുന്ന കാര്യത്തോട് യോജിപ്പു പ്രകടിപ്പിക്കുന്നത് അവരെ നിരായുധരാക്കും. (“നിന്‍റെ മുഖം മുഴുവന്‍ കുരുവാണല്ലോടീ” എന്നു പറയുന്ന ആളോട് “എനിക്ക് മുഖക്കുരുവിന്‍റെ പ്രശ്നമുണ്ട്” എന്ന് ഒരു വിഷമവും കാണിക്കാതെ മറുപടി കൊടുക്കുന്നത് നന്നാകും.)
  • പരിഹാസങ്ങളെ ചിരിച്ചു തള്ളുകയോ “അതിനെന്താ?” എന്ന മറുചോദ്യം കൊണ്ടു നേരിടുകയോ ചെയ്യാം.

മുതിര്‍ന്നവര്‍ ബുള്ളിയിംഗ് നേരിടുന്നെങ്കില്‍

  • നിങ്ങള്‍ ഒരു ദുര്‍ബലയും “തൊട്ടാവാടി”യുമാണ്‌ എന്ന ധാരണയിലാകാം ആ വ്യക്തി ബുള്ളി ചെയ്യാന്‍ നിങ്ങളെ തെരഞ്ഞെടുത്തത്. അമിതവണ്ണം, ഉയരക്കുറവ് എന്നിങ്ങനെ നിങ്ങള്‍ക്ക് ആത്മവിശ്വാസക്കുറവുള്ള ഒരു കാര്യം തെരഞ്ഞെടുത്ത് അതേപ്രതി നിങ്ങളെ പരിഹസിക്കുകയും താഴ്ത്തിക്കെട്ടുകയും മറ്റുമാകാം ആ വ്യക്തിയുടെ രീതി. കൊടുക്കാവുന്ന ഏറ്റവും നല്ല മറുപടി, ആ വ്യക്തിയുടെ ചെയ്തികള്‍ നിങ്ങളെ ബാധിച്ചേയില്ല എന്ന രീതിയില്‍ പ്രതികരിക്കുന്നതാവും. പരിഹസിച്ചു ചിരിക്കുമ്പോള്‍ കൂടെച്ചിരിച്ചു കൊടുക്കുക, കൊള്ളിച്ചുള്ള തമാശകള്‍ പറയുമ്പോള്‍ നന്ദി പറയുക, അവര്‍ പറഞ്ഞത് കേട്ടില്ലെന്നു നടിക്കുക എന്നിവ നല്ല നടപടികളാണ്.
  • ആ വ്യക്തിയോട് ഇക്കാര്യത്തെപ്പറ്റി നേരില്‍ സംസാരിക്കുന്നതു പരിഗണിക്കുക. സംസാരിക്കാനുള്ള കാര്യങ്ങള്‍ മുന്നേക്കൂട്ടി വ്യക്തമായി തയാറാക്കുക. ഇങ്ങിനെയൊരു പ്രതികരണംതന്നെ പലപ്പോഴും അവര്‍ ബുള്ളിയിംഗില്‍ നിന്നു പിന്മാറാന്‍ വഴിവെക്കാം.
  • ആ വ്യക്തിക്കെതിരായ ശക്തമായ തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുക. ഇന്നയിന്ന അവസരങ്ങളില്‍ ആ വ്യക്തി അതിരുവിട്ടു പെരുമാറിയിട്ടുണ്ട് എന്ന് തെളിവുകളുടെയോ സാക്ഷികളുടെയോ പിന്‍ബലത്തോടെ സമര്‍ത്ഥിക്കുന്നത് ഉചിതമാകും. ഇതുവരെ സാക്ഷികളെയൊന്നും കിട്ടിയിട്ടില്ലെങ്കില്‍ അടുത്ത തവണ ആ വ്യക്തിയുമായി സമ്പര്‍ക്കം വരാവുന്ന സന്ദര്‍ഭത്തില്‍ ആരെങ്കിലും ദൃക്സാക്ഷികള്‍ സമീപത്തുണ്ട് എന്നുറപ്പുവരുത്താന്‍ ശ്രദ്ധിക്കുക.
  • ആവശ്യമെങ്കില്‍ നിയമസഹായം തേടുക.

(2018 ഒക്ടോബര്‍ രണ്ടാം ലക്കം ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)
{xtypo_alert}ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.{/xtypo_alert}
Image courtesy: Emma Darvick, Parents.com

ഓട്ടിസം: ജീന്‍സും ജീനുകളും
കഠിനഹൃദയരുടെ നിഗൂഢതയഴിക്കാം