മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
വികാരങ്ങളുടെ അണിയറക്കഥകള്‍
“വികാരങ്ങളുടെ കരുണയില്‍ ജീവിക്കാന്‍ ഞാനില്ല. എനിക്കു താല്‍പര്യം അവയെ ഉപയോഗപ്പെടുത്താനും ആസ്വദിക്കാനും കീഴ്പ്പെടുത്താനുമാണ്.”
— ഓസ്കാര്‍ വൈല്‍ഡ്
നിരവധി വികാരങ്ങളിലൂടെ നാം ദിനേന കടന്നുപോകുന്നുണ്ട്. വികാരങ്ങള്‍ അമിതമോ ദുര്‍ബലമോ ആകുന്നത് മനസ്സിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യത്തിനു നന്നല്ല. എന്താണു വികാരങ്ങളുടെ പ്രസക്തി, അവ ഉരുവെടുക്കുന്നത് എവിടെനിന്നാണ്, നാം അവയെ പ്രകടിപ്പിക്കുന്നതും മറ്റുള്ളവരില്‍ തിരിച്ചറിയുന്നതും എങ്ങിനെയാണ് എന്നൊക്കെയൊന്നു പരിശോധിക്കാം.
വികാരം എന്തോ മോശപ്പെട്ട കാര്യമാണ്, വികാരമല്ല “വിവേക”മാണ് വേണ്ടത് എന്നൊക്കെയുള്ള ധാരണകള്‍ പ്രബലമാണ്. എന്നാല്‍, വികാരങ്ങള്‍ക്ക് സുപ്രധാനമായ ഏറെ കര്‍ത്തവ്യങ്ങളുണ്ട്.
ഉത്തേജകമരുന്ന്
നമ്മുടെ ഭാഗത്തുനിന്ന് ശക്തമായൊരു പ്രതികരണം ആവശ്യമുള്ള വേളകളില്‍ അതിനു സഹായകമായ ഒരുണര്‍വു തരാന്‍ വികാരങ്ങള്‍ക്കാകും. പരിണാമപരമായി, ചുറ്റുപാടുകളോട് ദ്രുതഗതിയില്‍ പ്രതികരിക്കാന്‍ കഴിഞ്ഞ ജീവികള്‍ക്കാണ് അതിജീവനം സാദ്ധ്യമായത്. ഭയം പോലുള്ള വികാരങ്ങള്‍ ശരീരത്തിനു പകരുന്ന ശക്തമായ ഉണര്‍വ് വേഗം ഓടി രക്ഷപ്പെടുന്നതിനും മറ്റും സഹായകമാകും. ഉദാഹരണത്തിന്, പേടിയുടെ ഭാഗമായി വരുന്ന വിറയല്‍, മസിലുകളെ ഒന്നു കുടഞ്ഞുണര്‍ത്തുകയും ഓട്ടത്തിനു തയ്യാറാക്കുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ മറുവശത്ത്, അമിതമായ ഭയവും ഉത്ക്കണ്ഠയും പരീക്ഷയെഴുതുക പോലുള്ള കൂടുതല്‍ സങ്കീര്‍ണ്ണമായ പ്രവൃത്തികളെ ദുഷ്കരമാക്കുകയാണു ചെയ്യുക.
ജീവരക്ഷകര്‍
ഒരു വസ്തുവിനോട് അടുപ്പം കാണിക്കുകയാണോ അതോ അകലം സൂക്ഷിക്കുകയാണോ വേണ്ടത് എന്ന സൂചന നമുക്കു തരാന്‍ വികാരങ്ങള്‍ക്കാകും. വിശന്ന നേരങ്ങളില്‍ ആഹാരം കിട്ടുമ്പോള്‍ ഉണരുന്ന സന്തോഷവും, ഒരു പാമ്പിനെക്കാണുമ്പോള്‍ തോന്നുന്ന ഭയവും, കേടായ ഭക്ഷണം ഉളവാക്കുന്ന അറപ്പും ഉദാഹരണങ്ങളാണ്. ഇവയൊക്കെ നമ്മുടെ ജീവന്‍ നിലനിര്‍ത്തുന്നതില്‍ നിര്‍ണായകവുമാണ്.
മായാതെ, തെളിച്ചത്തോടെ
ഓര്‍മകളുടെ രൂപീകരണത്തിലും വികാരങ്ങള്‍ക്കു സുപ്രധാന പങ്കുണ്ട്. വികാരങ്ങള്‍ പുരണ്ടിട്ടില്ലാത്ത ഓര്‍മകളെ തലച്ചോറില്‍ പതിപ്പിക്കുന്നത് ഹിപ്പോകാംപസ് എന്ന ഭാഗമാണ്. എന്നാല്‍ വൈകാരികമായ സംഭവങ്ങളെയും വസ്തുതകളെയുമൊക്കെക്കുറിച്ചുള്ള ഓര്‍മകള്‍ അമിഗ്ഡല എന്ന, വികാരോത്പാദനവുമായും ബന്ധമുള്ള, ഭാഗത്തിന്‍റെ നിയന്ത്രണത്തിലാണ്. ഇത്തരം ഓര്‍മകള്‍ക്കായി തലച്ചോര്‍ കൂടുതല്‍ കോശങ്ങളെയും നാഡീപഥങ്ങളെയും ഉപയുക്തമാക്കുന്നുമുണ്ട്. ഉദാഹരണത്തിന്, ഏറെ പ്രിയപ്പെട്ട ആരുടെയെങ്കിലും മരണവാര്‍ത്ത ആദ്യമായിക്കേട്ട സന്ദര്‍ഭത്തില്‍ കാലാവസ്ഥ എങ്ങിനെയായിരുന്നു, ഏതു വസ്ത്രമായിരുന്നു താന്‍ ധരിച്ചിരുന്നത് എന്നൊക്കെയുള്ള, പൊതുവെ ഓര്‍മ വെക്കാറില്ലാത്ത, വിശദാംശങ്ങള്‍ പോലും നമ്മുടെ ഓര്‍മയിലുണ്ടാകാം. നല്ല വാര്‍ത്തകളെയും അനുഭവങ്ങളെയും അപേക്ഷിച്ച് ഓര്‍മയില്‍ ദീര്‍ഘനാള്‍ നിലനില്‍ക്കുക മോശമായവയാണ്.
അപായമണി
ഇങ്ങിനെ ഓര്‍മ നില്‍ക്കുന്ന ഭയവും ദേഷ്യവും അറപ്പും ഉത്ക്കണ്ഠയും ചരിത്രാതീതകാലം തൊട്ടേ അപകട സാഹചര്യങ്ങള്‍ മറികടക്കാന്‍ മനുഷ്യനെ തുണച്ചിട്ടുണ്ട്. “വികാരപരമായി ചിന്തിക്കരുത്” എന്ന ഉപദേശം സാധാരണമാണ്. എന്നാല്‍ വികാരങ്ങള്‍ നമ്മെ നല്ല തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുന്നുണ്ടെന്നതാണു സത്യം — ഞൊടിയിടയില്‍ തീരുമാനമെടുക്കേണ്ട അവസരങ്ങളില്‍ വിശേഷിച്ചും. അത്തരം സന്ദര്‍ഭങ്ങളില്‍, സമാനമായ പഴയ ഓര്‍മകളിലേക്കുള്ള ഒരു പാലമായി വര്‍ത്തിക്കാന്‍ വികാരങ്ങള്‍ക്കാകും. ഉദാഹരണത്തിന്, അയല്‍ക്കാരന്‍റെ നായ നമ്മുടെ നേര്‍ക്ക് കുരച്ചുചാടിവരുമ്പോള്‍ തോന്നുന്ന ഉള്‍ക്കിടിലം, മുമ്പ് സമാന സാഹചര്യത്തില്‍ പേടിച്ചതിന്‍റെയും ഒപ്പം അന്നാ നായയെ മെരുക്കിയ രീതിയുടെയും ഓര്‍മകള്‍ പെട്ടെന്നുതന്നെ മനസ്സിലേക്കു വരാന്‍ സഹായിക്കാം. വികാരങ്ങള്‍ രൂപംകൊള്ളുന്ന മസ്തിഷ്കകേന്ദ്രങ്ങളില്‍ കേടുപാടു പിണഞ്ഞവര്‍ക്ക് നല്ല തീരുമാനങ്ങളെടുക്കാന്‍ ക്ലേശം നേരിടാറുണ്ട്.
പറയാതെ പറയുമ്പോള്‍
വാ കൊണ്ടു നാം ഒരാളോടു പറയുന്ന കാര്യങ്ങള്‍ മുഖേന ഉള്ളതിനേക്കാളും കൂടുതല്‍ ആശയം കൈമാറ്റം ചെയ്യപ്പെടുന്നത് ആ സമയത്തു നാമുപയോഗിക്കുന്ന വാച്യേതര ഭാഷയിലൂടെയാണ് (nonverbal communication). ശരീരഭാഷയും മുഖഭാവങ്ങളുമാണ് അതിന്‍റെ ഘടകങ്ങള്‍. വിവരങ്ങളും അഭിപ്രായങ്ങളും സ്വന്തം മാനസികാവസ്ഥയും മറ്റൊരാളെ കൃത്യമായറിയിക്കാന്‍ നമ്മെ മുഖത്തു പ്രകടമാക്കുന്ന വികാരങ്ങള്‍ സഹായിക്കുന്നുണ്ട്.
മറ്റുള്ളവരുടെ ഉദ്ദേശ്യങ്ങളും ഉള്ളിലിരിപ്പുകളും നന്നായി മനസ്സിലാക്കാന്‍ അവരുടെ മുഖഭാവങ്ങള്‍ നമുക്കും കൂട്ടുതരുന്നുണ്ട്. ഉദാഹരണത്തിന്, ഒരാള്‍ വല്ലതും പറയുന്നതിനു മുമ്പുതന്നെ അയാളുടെ മുഖം ചുവന്നു തുടുക്കുന്നത് കോപത്താല്‍ പൊട്ടിത്തെറിക്കാന്‍ പോവുകയാണയാള്‍ എന്ന സൂചന നമുക്കു തരും. (ദേഷ്യമോ ചമ്മലോ വരുമ്പോള്‍ മുഖം ചുവക്കുന്നത് അന്നേരത്തു സ്രവിക്കപ്പെടുന്ന അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ മുഖത്തെ രക്തക്കുഴലുകളെ വികസിപ്പിക്കുന്നതിനാലാണ്.)
ഉറവെടുക്കുന്നത്
വികാരങ്ങള്‍ രൂപംകൊള്ളുന്നത് തലച്ചോറിലാണ്. പരസ്പരം കണക്ഷനുകളുള്ള നിരവധി മസ്തിഷ്കകേന്ദ്രങ്ങള്‍ പങ്കുവഹിക്കുന്ന ഏറെ സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണത്. സന്തോഷം ഇന്ന സ്ഥലത്തുനിന്ന്, സങ്കടം ഇന്ന സ്ഥലത്തു നിന്ന് എന്നിങ്ങനെ ഓരോ വികാരത്തിനും ഓരോ നിശ്ചിത ഉറവിടമൊന്നുമില്ല. പലപ്പോഴും ഒരേ കേന്ദ്രങ്ങള്‍തന്നെ പല രീതികളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചാണ് വ്യത്യസ്ത വികാരങ്ങളെ രൂപപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട പല പ്രക്രിയകളും നടക്കുന്നത് അബോധതലത്തില്‍ നാമറിയാതെയുമാണ്. ഇങ്ങിനെ രൂപം കൊള്ളുന്ന വികാരങ്ങളെ നമുക്ക് അനുഭവവേദ്യമാക്കുന്നതും മസ്തിഷ്കകേന്ദ്രങ്ങള്‍ തന്നെയാണ്. അവയൊന്നും നമ്മുടെ ബോധപൂര്‍വമായ നിയന്ത്രണത്തില്‍ അല്ല താനും. അതായത്, സന്തോഷത്തെയോ ദേഷ്യത്തെയോ മറ്റോ കരുതിക്കൂട്ടി ഉത്പാദിപ്പിക്കുകയോ അടിച്ചമര്‍ത്തി ദൂരെക്കളയുകയോ ഒന്നും നമുക്കു സാദ്ധ്യമല്ല.
വികാരോത്പാദനത്തില്‍ മുഖ്യപങ്കുള്ള മസ്തിഷ്കഭാഗങ്ങളെ പരിചയപ്പെടാം.
ലിമ്പിക് സിസ്റ്റം
തലച്ചോറിന്‍റെ ഉള്‍ഭാഗത്തു സ്ഥിതിചെയ്യുന്ന ചില മസ്തിഷ്കകേന്ദ്രങ്ങളുടെ ഒരു കൂട്ടായ്മയാണിത് (ചിത്രം കാണുക). പുറംലോകത്തെ സ്ഥിതിഗതികളോടുള്ള നമ്മുടെ മാനസികവും ശാരീരികവുമായ പ്രതികരണങ്ങള്‍ നിയന്ത്രിക്കുന്നതു ലിമ്പിക് സിസ്റ്റമാണ്. അത് ആദ്യം ഒരനുഭവം സുഖകരമാണോ അല്ലയോ എന്നു നിശ്ചയിക്കും. എന്നിട്ട്, അതിനനുസരിച്ച്, നാഡീകോശങ്ങള്‍ പരസ്പരമുള്ള ആശയവിനിമയത്തിന് ഉപാധിയാക്കുന്ന വിവിധ നാഡീരസങ്ങളുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉളവാക്കും. അതു നമുക്ക് സന്തോഷമോ ഉത്ക്കണ്ഠയോ ഒക്കെയായി അനുഭവവേദ്യമാവുകയും നാം ഉചിതമായ ശരീരഭാഷയും പെരുമാറ്റങ്ങളും സ്വീകരിക്കുകയും ചെയ്യും.
ലിമ്പിക് സിസ്റ്റത്തിന്‍റെ ഘടകഭാഗങ്ങള്‍ ഹിപ്പോകാംപസ്, തലാമസ്, അമിഗ്ഡല, ഹൈപ്പോതലാമസ് തുടങ്ങിയവയാണ്. ഹിപ്പോകാംപസാണ് മുമ്പുപറഞ്ഞപോലെ വികാരാനുഭവങ്ങളെ ഓര്‍മയുമായി കോര്‍ത്തിണക്കുന്നത്. തലാമസില്‍, മൂക്കൊഴിച്ചുള്ള പഞ്ചേന്ദ്രിയങ്ങള്‍ വഴി നമുക്കു കിട്ടുന്ന ഭൂരിഭാഗം വിവരങ്ങളും എത്തുന്നുണ്ട്. ഈ വിവരങ്ങള്‍ തലാമസ് തുടര്‍നടപടികള്‍ക്കായി അമിഗ്ഡലയിലേക്കും തലച്ചോറിന്‍റെ പുറംപാളിയായ കോര്‍ട്ടക്സിന്‍റെ വിവിധ ഭാഗങ്ങളിലേക്കും മറ്റും അയക്കും.
ലിമ്പിക് സിസ്റ്റം. (ചിത്രത്തിനു കടപ്പാട്: CNX OpenStax)
ശാന്തിയിലും അശാന്തിയിലും
ഹൈപ്പോതലാമസാണ് സ്വതന്ത്ര നാഡീവ്യൂഹത്തെ (autonomic nervous system) നിയന്ത്രിക്കുന്നത്. ഈ വ്യൂഹമാണ് പല ആന്തരികാവയവങ്ങള്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതും ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, ശ്വാസോച്ഛ്വാസം, ഉണര്‍വ് തുടങ്ങിയവ നിര്‍ണയിക്കുന്നതും. സിമ്പതെറ്റിക്ക്, പാരാസിമ്പതെറ്റിക്ക് എന്നിങ്ങനെ രണ്ടു ഭാഗങ്ങള്‍ സ്വതന്ത്ര നാഡീവ്യൂഹത്തിനുണ്ട്. വിവിധ വികാരങ്ങള്‍ നമ്മുടെ ശരീരത്തില്‍ പ്രകടമാകുന്നത് ഇവ രണ്ടിന്‍റെയും പ്രവര്‍ത്തനഫലമായാണ്.
അപകടസാദ്ധ്യതയുള്ളൊരു സാഹചര്യത്തില്‍ ഭയവും ഉത്ക്കണ്ഠയും ജനിപ്പിക്കുന്നതും അതിനെ അതിജീവിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നതും സിമ്പതെറ്റിക്ക് നാഡീവ്യൂഹമാണ്. അഡ്രിനാലിന്‍ സ്രവിപ്പിക്കുകയാണ് അതിന്‍റെ പ്രവര്‍ത്തനരീതി. അഡ്രിനാലിന്‍, ഹൃദയമിടിപ്പും മസിലുകളിലേക്കുള്ള രക്തമൊഴുക്കും കൂട്ടി അവിടെനിന്ന് ഓടിരക്ഷപ്പെടാന്‍ നമ്മെ സജ്ജരാക്കും. ഒപ്പം, അത്ര അടിയന്തിരമല്ലാത്ത, ആഹാരം ദഹിപ്പിക്കല്‍ പോലുള്ള, പ്രക്രിയകള്‍ തല്‍ക്കാലത്തേക്കു നിറുത്തിവെപ്പിക്കുകയും ചെയ്യും.
മറുവശത്ത്, പാരാസിമ്പതെറ്റിക്ക് നാഡീവ്യൂഹം പ്രവര്‍ത്തനനിരതമാകുന്നത് മനസ്സ് ശാന്തമായിരിക്കുന്ന വേളകളിലാണ്. ഭാവിയില്‍ അടിയന്തിര സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാനായി ഊര്‍ജം സംഭരിച്ചുവെക്കുകയാണ് അതിന്‍റെ ജോലി.
നുണപരിശോധനായന്ത്രം അഥവാ പോളിഗ്രാഫിനെപ്പറ്റി കേട്ടിട്ടുണ്ടാകും. കള്ളം പറയുമ്പോള്‍ ഉളവാകുന്ന വികാരങ്ങള്‍ ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, ശ്വാസോച്ഛ്വാസം, വിയര്‍പ്പിന്‍റെ അളവ് എന്നിവയെ സ്വാധീനിക്കും. അതിനാല്‍ ചോദ്യംചെയ്യലിനിടെ ഇവയുടെ അളവെടുക്കുകയാണ് നുണപരിശോധനയില്‍ ചെയ്യുന്നത്. ഇതിന്‍റെ കൃത്യത പക്ഷേ അത്രയ്ക്കു പൂര്‍ണമല്ല. |
സഭാകമ്പവും ഗദ്ഗദവും
ഇന്‍റര്‍വ്യൂവിനോ കല്യാണങ്ങള്‍ പോലുള്ള ചടങ്ങുകള്‍ക്കോ ചെല്ലുമ്പോള്‍ ടെന്‍ഷനും വിറയലും നെഞ്ചിടിപ്പും വരുന്നവരുണ്ട്. അതു മാറ്റാനായി അവര്‍ക്ക് അന്നേരങ്ങളില്‍ കഴിക്കാന്‍ അഡ്രിനാലിന്‍റെ പ്രവര്‍ത്തനം തല്‍ക്കാലത്തേക്കു തടയുന്ന മരുന്നുകള്‍ കൊടുക്കാറുണ്ട്. ചില റിലാക്സേഷന്‍ വ്യായാമങ്ങള്‍ക്കും സമാന ഫലമുണ്ട്.
അതിദുഃഖത്തിന്‍റെ വേളകളിലും സിമ്പതെറ്റിക്ക് നാഡീവ്യൂഹം സക്രിയമാകുന്നുണ്ട്. അപ്പോഴത് ശ്വാസക്കുഴലിലേക്കുള്ള കവാടമായ, ഗ്ലോട്ടിസ് എന്ന, തൊണ്ടയിലെ ദ്വാരത്തെ വികസിപ്പിച്ചു നിര്‍ത്തും. ശ്വാസമെടുക്കല്‍ സുഗമമാക്കുകയാണ് ഉദ്ദേശ്യം. എന്നാല്‍, സമയം ചെല്ലുന്നതിനനുസരിച്ച് പാരാസിമ്പതെറ്റിക്ക് നാഡീവ്യൂഹം ദഹനം പോലുള്ള ജോലികള്‍ പുനരാരംഭിക്കാന്‍ തുടങ്ങുകയും ആഹാരത്തിന് അന്നനാളത്തിലേക്കു കയറാനാകാന്‍ വേണ്ടി ഗ്ലോട്ടിസ് അടയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഗ്ലോട്ടിസ് തുറക്കാനും അടക്കാനുമുള്ള ഈ മത്സരത്തിന്‍റെ ഫലമായാണ് നമുക്കന്നേരം ഗദ്ഗദം വരുന്നത്.
അമിഗ്ഡല
സാഹചര്യങ്ങളുടെ വൈകാരിക മൂല്യം മനസ്സിലാക്കാന്‍, വിശേഷിച്ചും ഭീഷണികള്‍ തിരിച്ചറിയാന്‍, നമ്മെ സഹായിക്കുന്നത് അമിഗ്ഡലയാണ്. എന്നിട്ട്, ഏതുവിധത്തിലാണ് ആ അവസരത്തില്‍ പ്രതികരിക്കേണ്ടത് എന്ന വിവരം അമിഗ്ഡല വിവിധ മസ്തിഷ്കഭാഗങ്ങള്‍ക്ക്, പ്രത്യേകിച്ചും ഹൈപ്പോതലാമസിനും തലച്ചോറിന്‍റെ മുന്‍ഭാഗത്തുള്ള പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സ് (പി.എഫ്.സി.) എന്ന ഭാഗത്തിനും, കൈമാറുന്നു. ഹൈപ്പോതലാമസിന്‍റെ ജോലി മുകളില്‍ വിശദീകരിച്ച പോലെ ആവശ്യമെങ്കില്‍ അഡ്രിനാലിന്‍ സ്രവിപ്പിക്കുകയാണ്. മനസ്സില്‍ നമ്മെ സങ്കടമോ ദേഷ്യമോ ഒക്കെ അനുഭവിപ്പിക്കുന്നതും അതിനുചേര്‍ന്ന ചിന്തകള്‍ ഉളവാക്കുന്നതും പി.എഫ്.സി.യുമാണ്. വരുന്ന വികാരം പ്രസ്തുത സാഹചര്യത്തില്‍ മാലോകരെക്കാണിക്കുന്നത് ഓക്കേയാണോ അല്ലയോ എന്നു നിശ്ചയിക്കുക, അതിന്‍റെ പ്രകടനം സാന്ദര്‍ഭികാനുസൃതമായി മിതപ്പെടുത്തുക എന്നീ ജോലികളും പി.എഫ്.സി.ക്കുണ്ട്.
നില്‍ക്കണോ അതോ ഓടണോ?
ഒന്നുകൂടി വിശദീകരിച്ചാല്‍, ഭയമുളവാക്കുന്ന സാഹചര്യങ്ങളില്‍ ശരീരം രണ്ടു രീതിയില്‍ പ്രതികരിക്കുന്നുണ്ട്. ആദ്യം, ഒട്ടുമേ സമയം പാഴാക്കാതെ, അമിഗ്ഡലയും ഹൈപ്പോതലാമസും ശരീരത്തെ ഓടിരക്ഷപ്പെടാന്‍ തയ്യാറാക്കുന്നു. സമാന്തരമായി, തലാമസില്‍നിന്ന് അല്‍പം പതുക്കെ വിവരം കിട്ടുന്ന പി.എഫ്.സി. ആ സാഹചര്യത്തിന്‍റെ വിവേകപൂര്‍വമായ ഒരവലോകനം നടത്തുന്നു. എന്താണു സത്യത്തില്‍ സംഭവിക്കുന്നത്, ഓടിപ്പോകേണ്ട കാര്യം ശരിക്കും ഉണ്ടോ എന്നൊക്കെ തീരുമാനിക്കുന്നു. അങ്ങിനെയില്ല എന്നാണു വിധിയെഴുത്തെങ്കില്‍ ശരീരത്തെ പൂര്‍വസ്ഥിതിയിലേക്കു മടക്കുന്നു.
ഈ രണ്ടു രീതികളും എക്കാലവും നമ്മുടെ സുരക്ഷയ്ക്കു സുപ്രധാനമായിരുന്നു. ശരീരത്തെ ആവുന്നത്ര പെട്ടെന്ന് ഓട്ടത്തിനു സജ്ജമാക്കുന്നത് സാഹചര്യം അഥവാ മോശമാണെങ്കില്‍ സമയം ലാഭിക്കാന്‍ ഉതകുമ്പോള്‍, പി.എഫ്.സി.യുടെ മേല്‍നോട്ടം നാം ഓരോ നിഴലിളക്കത്തിലും പേടിച്ചോടാന്‍ തുടങ്ങുന്നതു തടയുന്നു.
പാലം കുലുങ്ങിയാലും...
വികാരോത്പാദനത്തില്‍ അമിഗ്ഡലക്കുള്ള പങ്ക് ആദ്യമായി വെളിപ്പെട്ടത് തൊള്ളായിരത്തിമുപ്പതുകളില്‍ റീസസ് കുരങ്ങുകളില്‍ നടത്തിയ പരീക്ഷണങ്ങളിലാണ്. ഓപ്പറേഷനിലൂടെ അമിഗ്ഡല നീക്കം ചെയ്തപ്പോള്‍ അവ ഭയമോ മറ്റു വികാരങ്ങളോ ഒട്ടുമില്ലാതെ പെരുമാറിത്തുടങ്ങി. ഓപ്പറേഷനു മുമ്പ് അവയെ കൈകാര്യം ചെയ്യുക ഏറെ ശ്രമകരമായിരുന്നെങ്കില്‍ അതുകഴിഞ്ഞ് അവ കയ്യിലെടുത്താലോ തലോടിയാലോ എതിര്‍പ്പു കാട്ടാതായി. പല തവണ കൊത്തേറ്റിട്ടും വീണ്ടുംവീണ്ടും പാമ്പുകളുടെ സമീപം ചെല്ലാനും തുടങ്ങി.
അമിഗ്ഡല ദ്രവിച്ചു പോകുന്ന ഒരപൂര്‍വ രോഗമാണ് ഉര്‍ബാച്ച് വൈത്തീ ഡിസീസ്. ഇതു ബാധിച്ചവര്‍ക്ക് ചുറ്റുപാടുകളെ വിശകലനം ചെയ്യാനോ എന്തിനെയെങ്കിലും ഭയക്കേണ്ടതുണ്ടോ എന്നു നിശ്ചയിക്കാനോ ആവില്ല. ഈ രോഗം വന്ന ഒരു സ്ത്രീയെ ഗവേഷകര്‍ ഒട്ടേറെ നിരീക്ഷിക്കുകയുണ്ടായി. പത്ത് ഹൊറര്‍ ചിത്രങ്ങളില്‍നിന്നു പ്രത്യേകം തെരഞ്ഞെടുത്ത ക്ലിപ്പുകള്‍ കാണിച്ചപ്പോള്‍ അവര്‍ക്ക് ഒരു കുലുക്കവുമുണ്ടായില്ല. വിഷപ്പാമ്പുകളെ തൊടാനോ പ്രേതബാധയുണ്ടെന്നു കരുതപ്പെടുന്നയിടങ്ങളില്‍ കയറിച്ചെല്ലാനോ അവര്‍ മടിയേ കാണിച്ചില്ല.
ഇടതും വലതും
സങ്കടം പോലുള്ള നെഗറ്റീവ് വികാരങ്ങള്‍ ഉടലെടുക്കുന്നത് തലച്ചോറിന്‍റെ വലതുവശത്തുനിന്നാണ്. സന്തോഷം പോലുള്ള പോസിറ്റീവ് വികാരങ്ങള്‍ ഇടതുവശത്തുനിന്നും ആണ്. തലച്ചോറിന്‍റെ ഇടതുവശം കൂടുതല്‍ സക്രിയമായവര്‍ പൊതുവേ സന്തുഷ്ടരാകുമെന്നും സൂചനയുണ്ട്.
തലച്ചോറിന്‍റെ ഇടതുവശം, പ്രത്യേകിച്ചും ഫ്രോണ്ടല്‍ ലോബ്, ടെമ്പോറല്‍ ലോബ് എന്നീ ഭാഗങ്ങള്‍, സക്രിയമാകുമ്പോള്‍ മറ്റുള്ളവരെ സമീപിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന സന്തോഷം, ദേഷ്യം എന്നീ വികാരങ്ങള്‍ ഉണരാം; സക്രിയമാകുന്നതു വലതുവശമാണെങ്കില്‍ ആളുകളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ തോന്നിപ്പിക്കുന്ന പേടി, അറപ്പ് എന്നിവയും.
പെയ്തൊഴിയല്‍
വല്ലാത്ത വിഷമം തോന്നുന്നേരം ഒന്നു കരയുന്നതിന് അനേകം ഗുണങ്ങളുണ്ട്. ഉയര്‍ന്നു നില്‍ക്കുന്ന ബ്ലഡ് പ്രഷര്‍ കുറയുക, മാനസിക സമ്മര്‍ദ്ദം കൂട്ടുന്ന മാംഗനീസും പ്രൊലാക്റ്റിനും കണ്ണീരിലൂടെ പുറന്തള്ളുക, ടെന്‍ഷന്‍ നിമിത്തം വലിഞ്ഞുമുറുകി നില്‍ക്കുന്ന മസിലുകള്‍ക്ക് അയവു കിട്ടുക എന്നിവ ഇതില്‍പ്പെടുന്നു.
ഏറെ സന്തോഷം വരുമ്പോള്‍ ആളുകള്‍ ആനന്ദക്കണ്ണീര്‍ പൊഴിക്കാറുണ്ടല്ലോ. സന്തോഷപ്രകടനം അമിതമാകുമ്പോള്‍ അതിന്‍റെ തീവ്രത കുറയ്ക്കാന്‍ ശരീരം ഒരു ബ്രേയ്ക്ക് ചവിട്ടുന്നതാണത്. തന്‍റെ സന്തോഷം അതിരറ്റതാണെന്ന് ആളുകളെ അറിയിക്കാനുള്ള ഒരു വിദ്യ കൂടിയാണ് ആ കണ്ണീര്‍.
സഹജമോ അനുകരണമോ?
നാം വികാരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന രീതികള്‍ തലച്ചോറിന്‍റെ വളര്‍ച്ചയ്ക്ക് അനുസൃതമായി നമ്മില്‍ നൈസര്‍ഗികമായി ഉരുവംകൊള്ളുന്നതാണ്. അല്ലാതെ മറ്റുള്ളവരുടെ വികാരപ്രകടനങ്ങള്‍ കണ്ട് നാം അവ അനുകരിക്കാന്‍ തുടങ്ങുന്നതല്ല. ഇതിനു പല തെളിവുകളുമുണ്ട്. വിവിധ രാജ്യങ്ങളിലും സംസ്കാരങ്ങളിലും നിന്നുള്ളവര്‍ പ്രധാന വികാരങ്ങളെല്ലാം പ്രകടിപ്പിക്കുന്നത് ഒരേ രീതിയിലാണ്. വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് വിവിധ വികാരങ്ങള്‍ തിരിച്ചറിയാനും പ്രകടിപ്പിക്കാനുമുള്ള കഴിവു സിദ്ധിക്കുന്നത് നിശ്ചിത പ്രായങ്ങളിലാണ്. അന്ധരായി ജനിക്കുന്ന കുട്ടികള്‍ മറ്റു കുട്ടികളുടെ അതേ പ്രായത്തില്‍ത്തന്നെ പുഞ്ചിരിക്കാന്‍ തുടങ്ങുന്നുണ്ട്. ഒളിമ്പിക്സിലെയും പാരാലിമ്പിക്സിലെയും മെഡല്‍ ജേതാക്കളുടെ ആഹ്ളാദപ്രകടനങ്ങള്‍ താരതമ്യം ചെയ്ത ഒരു പഠനം കണ്ടെത്തിയത് കാഴ്ചയുള്ളവരുടെയും ഇല്ലാത്തവരുടെയും ഫോട്ടോകള്‍ വേര്‍തിരിച്ചറിയുക എളുപ്പമല്ലെന്നാണ്.
അതേസമയം, കുറ്റബോധം പോലുള്ള ചില വികാരങ്ങള്‍ നാം ജീവിക്കുന്ന ചുറ്റുപാടുകളില്‍ നിന്നു പഠിച്ചെടുക്കുന്നതാണ്.
മനസ്സിന്‍റെ കണ്ണാടി
ഏതൊരു വികാരവും നാലു മണ്‌ഡലങ്ങളില്‍ പ്രകടമാകുന്നുണ്ട്:
- മാനസികാവസ്ഥ (ഉദാ:- നിരാശ, ദേഷ്യം)
- ചിന്ത (ഉദാ:- “ഇനിയിവിടെ നിന്നാല്‍ അപകടമാണ്”)
- ശരീരം (ഉദാ:- നെഞ്ചിടിപ്പ്, കൈവിറയല്‍)
- പെരുമാറ്റം (ഉദാ:- പൊട്ടിച്ചിരിക്കുക, ഒഴിഞ്ഞുമാറുക)
ഇക്കൂട്ടത്തില്‍ കാഴ്ചക്കാര്‍ ഏറ്റവും ശ്രദ്ധ പതിപ്പിക്കുക മുഖഭാവങ്ങളിലാണ്. മുഖത്തെ ചര്‍മ്മത്തില്‍ ഘടിപ്പിക്കപ്പെട്ട ഏതാനും മസിലുകളാണ് മുഖഭാവങ്ങള്‍ സൃഷ്ടിച്ചുതരുന്നത്. ഫേഷ്യല്‍ നാഡി വഴിയാണ് തലച്ചോര്‍ ഈ മസിലുകളെ പ്രവര്‍ത്തിപ്പിക്കുന്നത്. മുഖത്തിന്‍റെ ഇടതും വലതും വശങ്ങളെ, പ്രത്യേകിച്ചും താഴ്ഭാഗത്തെ, നിയന്ത്രിക്കുന്നത് പരസ്പരം ബന്ധമില്ലാത്ത രണ്ടു വെവ്വേറെ ഫേഷ്യല്‍ നാഡികളാണ്. അതുകൊണ്ടുതന്നെ, വികാരപ്രകടനത്തിന്‍റെ തീവ്രത മുഖത്തിന്‍റെ ഇരുവശങ്ങള്‍ തമ്മില്‍ വ്യത്യാസപ്പെടാം. കൂടുതല്‍ തീവ്രമായ ഭാവങ്ങള്‍ കാണാറ് ഇടതുവശത്താണ്.
സ്മൈല്‍, പ്ലീസ്
മുഖഭാവം രൂപീകരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഫേഷ്യല്‍ നാഡിക്ക് തലച്ചോറിന്‍റെ രണ്ടു വ്യത്യസ്ത ഭാഗങ്ങളില്‍നിന്നു കിട്ടുന്നുണ്ട്. നാം ബോധപൂര്‍വ്വം സൃഷ്ടിക്കുന്ന ഭാവങ്ങള്‍ പ്രൈമറി മോട്ടോര്‍ കോര്‍ട്ടക്സ് എന്ന ഭാഗത്തിന്‍റെ നിയന്ത്രണത്തിലാണ്. നാം സ്വയമറിയാതെ പ്രദര്‍ശിപ്പിക്കുന്നവ തലച്ചോറിന്‍റെ ഉള്‍ഭാഗത്തുള്ള ചില കേന്ദ്രങ്ങളുടെ കയ്യിലും. അതുകൊണ്ടാണ് നാം പോസ് ചെയ്ത് മന:പൂര്‍വം പുഞ്ചിരി വരുത്തുന്ന ഫോട്ടോകളിലെയും നാമറിയാതെ എടുക്കപ്പെടുന്ന കാന്‍റിഡ് ഫോട്ടോകളിലെയും ഭാവങ്ങള്‍ വ്യത്യസ്തമാകുന്നത്.
കൃത്രിമമോ സ്വാഭാവികമോ ആയ മുഖഭാവങ്ങളെ നിയന്ത്രിക്കുന്ന ഈ മസ്തിഷ്കഭാഗങ്ങളില്‍ ഒന്നില്‍ പ്രശ്നങ്ങള്‍ വന്നാല്‍ അതുളവാക്കുന്ന തരം ഭാവപ്രകടനത്തിനുള്ള കഴിവു മാത്രമായി നമുക്കു നഷ്ടമാകാം. ഉദാഹരണത്തിന്, പ്രൈമറി മോട്ടോര്‍ കോര്‍ട്ടക്സില്‍ സ്ട്രോക്കോ ട്യൂമറോ വന്നവരോട് പുഞ്ചിരിക്കാന്‍ പറഞ്ഞാല്‍ മുഖത്തിന്‍റെ ഒരു വശം ചലിപ്പിക്കാനേ അവര്‍ക്കാകില്ല. അതേസമയം ഒരു തമാശ കേട്ട് സ്വയമറിയാതെ പുഞ്ചിരിക്കുമ്പോള്‍ ഒരപാകതയും കാണില്ല താനും. പാര്‍ക്കിന്‍സണ്‍ രോഗത്തില്‍ നേരെ തിരിച്ചും സംഭവിക്കും.
നേരിയ പ്രകോപനങ്ങളില്‍പ്പോലും വല്ലാതെ പൊട്ടിത്തെറിക്കുകയും സാധനങ്ങള്‍ വലിച്ചെറിയുകയും സ്വയമോ മറ്റുള്ളവരേയോ ഉപദ്രവിക്കുകയും എല്ലാമൊന്നു തണുത്തു കഴിയുമ്പോള്‍ “അയ്യോ, വേണ്ടായിരുന്നു!” എന്നു ഖേദിക്കുകയും ചെയ്യുന്നവരുണ്ട്. തലച്ചോറില്‍ സിറോട്ടോണിന്‍ എന്ന നാഡീരസം കുറവുള്ളവരിലാണ് പലപ്പോഴും ഇങ്ങിനെ കാണാറ്. സിറോട്ടോണിന്‍റെ അളവു കൂട്ടുന്ന മരുന്നുകള്‍ ഇവരുടെ മുന്‍ശുണ്‍ഠി ശമിപ്പിക്കാറുമുണ്ട്. |
മുഖവായന
വിജയകരമായ സാമൂഹ്യജീവിതത്തിന് ചുറ്റുമുള്ളവരുടെ മുഖഭാവങ്ങള്‍ പിഴവില്ലാതെ വായിച്ചെടുക്കാനുള്ള പാടവം അനിവാര്യമാണ്. ഇത് എല്ലാവര്‍ക്കും ഒരുപോലെയല്ല. കുറേയൊക്കെ ഓരോരുത്തരുടെയും ജീനുകളിലും പാരമ്പര്യത്തിലും അധിഷ്ഠിതവുമാണ്. ഒരാള്‍ സംസാരിക്കുമ്പോള്‍ നാം അയാളുടെ എവിടെയാണു ശ്രദ്ധിക്കുന്നത്, എത്ര നേരം ശ്രദ്ധിക്കുന്നുണ്ട്, അങ്ങിനെ കിട്ടുന്ന വിവരങ്ങള്‍ നേരാംവണ്ണം വിശകലനം ചെയ്യാനുള്ള കഴിവ് നമ്മുടെ തലച്ചോറിനുണ്ടോ എന്നതൊക്കെ ഇവിടെ പ്രസക്തമാണ്.
മുഖഭാവങ്ങള്‍ ഗ്രഹിച്ചെടുക്കാന്‍ നമ്മെ സഹായിക്കുന്നത് പ്രധാനമായും തലച്ചോറിന്‍റെ വലതു വശമാണ്. അവിടെ ക്ഷതമേറ്റവര്‍ക്ക് മറ്റുള്ളവരുടെ മുഖത്തെ ദേഷ്യമോ അറപ്പോ ഒന്നും മനസ്സിലാക്കാനാകില്ല. ഓട്ടിസം ബാധിച്ചവര്‍ക്കും, അമിഗ്ഡലയിലെയും മറ്റും അപാകതകള്‍ മൂലം, ഇതേ പ്രശ്നം വരുന്നുണ്ട്. സ്കിസോഫ്രീനിയ എന്ന മനോരോഗമുള്ളവര്‍ മറ്റുള്ളവരുടെ ഭാവങ്ങളെ തെറ്റായി വ്യാഖാനിക്കുകയും അവര്‍ തങ്ങളെ കൊല്ലാന്‍ പ്ലാനിടുകയാണ് എന്നൊക്കെ അനുമാനിച്ചുകൂട്ടുകയും ചെയ്യാം.
(2022 ജനുവരി ലക്കം 'മാധ്യമം കുടുംബ'ത്തില്‍ പ്രസിദ്ധീകരിച്ചത്)
{xtypo_alert}ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.{/xtypo_alert}
Image courtesy: Murray Wright & Associates
When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.