മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
മനസ്സ് മദ്ധ്യവയസ്സില്‍
“മദ്ധ്യവയസ്സ്, നിങ്ങളുടെ കാഴ്ചപ്പാടുപോലെ, ഒരു പരീക്ഷണഘട്ടമോ ശുഭാവസരമോ ആകാം.” - കാതറീന്‍ പള്‍സിഫര്‍
യൌവനത്തിനും വാര്‍ദ്ധക്യത്തിനും ഇടയ്ക്കുള്ള ഘട്ടമാണു മദ്ധ്യവയസ്സ്. നാല്പതു തൊട്ട് അറുപതോ അറുപത്തഞ്ചോ വരെ വയസ്സുകാരെയാണ് പൊതുവെ ഈ ഗണത്തില്‍പ്പെടുത്താറ്. എന്നാല്‍, ബാല്യകൌമാരങ്ങളെ അപേക്ഷിച്ച്, മദ്ധ്യവയസ്സു നിര്‍വചിക്കുമ്പോള്‍ കേവലം പ്രായം മാത്രമല്ല, മറിച്ച് ജീവിതത്തില്‍ എവിടെ നില്‍ക്കുന്നു എന്നതും പരിഗണിക്കാറുണ്ട് — വിവാഹം, കുട്ടികളുണ്ടാകുന്നത്, മക്കള്‍ വീടൊഴിയുന്നത്, കൊച്ചുമക്കള്‍ ജനിക്കുന്നത് തുടങ്ങിയവ ഓരോരുത്തരുടെയും ജീവിതത്തില്‍ സംഭവിക്കുക ഏറെ വ്യത്യസ്തമായ പ്രായങ്ങളിലാകാമല്ലോ. ആരോഗ്യം ക്ഷയിച്ചുതുടങ്ങുന്നതു വരെയുള്ള പ്രായത്തെ മദ്ധ്യവയസ്സായി പരിഗണിക്കുന്ന രീതിയും ഉണ്ട്. അതുകൊണ്ടൊക്കെത്തന്നെ, മുപ്പതു മുതല്‍ എഴുപത്തഞ്ചു വരെയുള്ള പ്രായത്തെയും മദ്ധ്യവയസ്സെന്നു കൂട്ടാറുണ്ട്.
മറ്റു ജീവിതഘട്ടങ്ങളുടേതില്‍നിന്നു വിഭിന്നമായി, മദ്ധ്യവയസ്സിനെക്കുറിച്ചുള്ള മനശ്ശാസ്ത്ര ഗവേഷണങ്ങള്‍ സജീവമായത് പതിറ്റാണ്ടുകള്‍ മുമ്പു മാത്രമാണ്. ഈ പ്രായക്കാര്‍ താരതമ്യേന “പ്രശ്നക്കാര്‍” അല്ലെന്നതാണ് അതിനൊരു കാരണമായത്.
സവിശേഷതകള്‍
ഇതര ഘട്ടങ്ങളെ അപേക്ഷിച്ച്, മദ്ധ്യവയസ്സിന്‍റെ നിര്‍വചനത്തില്‍വരുന്ന വിവിധയാളുകള്‍ തമ്മില്‍ ഏറെ അന്തരങ്ങളുണ്ട്. ജോലി, സാമ്പത്തികനില, ആരോഗ്യസ്ഥിതി, വ്യക്തിത്വം എന്നിവയിലെ വ്യത്യസ്തതകളാണ് ഇതിനു നിദാനമാകുന്നത്. ചിലര്‍ക്കു മദ്ധ്യവയസ്സ് കടുത്ത പ്രതിസന്ധികളുടെ ഘട്ടമാണെങ്കില്‍ വേറെപ്പേര്‍ക്കത് പരമോത്‌കര്‍ഷത്തിന്‍റെ പ്രായവും ഇനിയും ചിലര്‍ക്ക് ജീവിതം ഒന്നു സെറ്റിലായി അനുദിനജീവിതത്തിന് ഒരു ഏകതാനത വന്നുഭവിക്കുന്ന കാലവുമാകാം. ബാല്യശൈശവങ്ങളില്‍ വളര്‍ച്ചയ്ക്കു നിര്‍ണായകം തലച്ചോറിന്‍റെയും മറ്റു ശരീരഭാഗങ്ങളുടെയും വികാസമാണ് എങ്കില്‍ മദ്ധ്യവയസ്സില്‍ പ്രസക്തം (ആര്‍ത്തവവിരാമത്തിന്‍റെ സ്വാധീനം ഒഴിച്ചാല്‍) ജീവശാസ്ത്രപരമായ ഘടകങ്ങളല്ല, മറിച്ച് സാമൂഹിക സാഹചര്യങ്ങളും ജീവിതപരിതസ്ഥിതിയുമാണ്.
കടമ്പകള്‍
ഓരോ പ്രായക്കാര്‍ക്കുമുള്ള മുഖ്യ കര്‍ത്തവ്യങ്ങള്‍ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അവ പൂര്‍ത്തീകരിക്കുന്നവര്‍ക്കേ അതിനടുത്ത ജീവിതഘട്ടം സുഗമമാകൂ. മദ്ധ്യവയസ്സില്‍ പ്രധാനം ഇവയാണ്:
- അതുവരെയുള്ള ജീവിതത്തെ അവലോകനംചെയ്ത്, പോരായ്മകള്‍ തിരിച്ചറിഞ്ഞ്, അനുയോജ്യമായ തിരുത്തലുകളും പരിഷ്കരണങ്ങളും നടപ്പാക്കുക.
- അച്ഛനമ്മമാരുടെ മരണങ്ങളോടു പൊരുത്തപ്പെടുക.
- ജീവിതപ്രാപ്തി നേടാന്‍ മക്കളെ സഹായിക്കുക.
- മക്കള്‍ മുതിരുന്നതിനനുസരിച്ച്, അവരുടെ “മുഖ്യ ഉത്തരവാദി” എന്ന സ്ഥാനത്തുനിന്ന് ക്രമേണ പിന്‍വാങ്ങുക.
- മക്കള്‍ വീടൊഴിഞ്ഞുപോകുന്നതുമായും, പിന്നീട് വിവാഹമോചനമോ തൊഴില്‍നഷ്ടമോ മറ്റോ മൂലം തിരിച്ചുവരുന്നെങ്കില്‍ അതുമായും, സമരസപ്പെടുക.
- മുത്തച്ഛനോ മുത്തശ്ശിയോ ആവുക.
- വാര്‍ദ്ധക്യത്തിനു മാനസികമായും സാമ്പത്തികമായും തയ്യാറെടുക്കുക.
- മുഖത്തു ചുളിവുകള്‍ വരിക, മുടി നരയ്ക്കുക, കാഴ്ചയും കേള്‍വിയും മങ്ങുക തുടങ്ങിയ വാര്‍ദ്ധക്യസൂചനകളെ അംഗീകരിക്കുക.
“ക്രൈസിസി”ന്‍റെ വാസ്തവങ്ങള്‍
“മിഡ്’ലൈഫ് ക്രൈസിസ്” എന്ന പ്രയോഗം പ്രശസ്തമാണ്. സുനിശ്ചിതമായും ക്ലേശപൂരിതമാണു മദ്ധ്യവയസ്സ് എന്നൊരു ധ്വനി അതിലുണ്ട്. പക്ഷേ, ഒരു ന്യൂനപക്ഷത്തിനു മാത്രമാണ് ഈ പ്രായമൊരു ആപല്‍സന്ധിയാകുന്നത്. ഭൂരിഭാഗത്തിനും ഇതു കുറേ നല്ലവശങ്ങളുടേതു കൂടിയാണ്. സാമ്പത്തികസുസ്ഥിരത, സ്വന്തം കഴിവുകളിലും അറിവിലും ശക്തിയിലും കൈവരുന്ന മതിപ്പ്, ധാരാളം സമയം ഇനിയും ശേഷിക്കുന്നുണ്ടെന്ന ശുഭചിന്ത എന്നിവ ഇതില്‍പ്പെടുന്നു.
മിഡ്’ലൈഫ് ക്രൈസിസിന് പലപ്പോഴും ആധാരമാകുന്നത് മരണം ഇനി വിദൂരത്തല്ലല്ലോ എന്ന ആകുലതയാണ്. രോഗബാധ, വിവാഹമോചനം, തൊഴില്‍നഷ്ടം, മാതാപിതാക്കളുടെയോ സമപ്രായക്കാരുടെയോ മരണം, സാമ്പത്തികക്ലേശം, ശരീരഭംഗിയോ ലൈംഗിക താല്‍പര്യമോ നഷ്ടമാവല്‍ എന്നിവയ്ക്കും പങ്കുണ്ടാകാം. മിഡ്’ലൈഫ് ക്രൈസിസിന്‍റെ ചില സൂചനകള്‍ ഇവയാണ്:
- നേടാനാകാതെ പോയ ലക്ഷ്യങ്ങളെപ്രതി തീവ്രമായ നഷ്ടബോധം
- വലിയവലിയ മോഹങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങുക. അല്ലെങ്കില്‍ ഒരാഗ്രഹവും ഇല്ലാതാവുക.
- വിവാഹേതര ബന്ധങ്ങള്‍ (വിശേഷിച്ചും പ്രായം തങ്ങളേക്കാള്‍ ഏറെക്കുറഞ്ഞവരുമായി)
- വിവാഹമോചനം, പുതിയൊരു തൊഴില്‍മേഖലയിലേക്കു മാറുക തുടങ്ങിയ കടുത്ത നടപടികള്‍
- പണം അലക്ഷ്യമായി ചെലവിടല്‍
- മദ്യപാനം, ലഹരിയുപയോഗം
പരിഹാരങ്ങള്‍
- മറ്റുള്ളവരോടു സ്വയം താരതമ്യപ്പെടുത്തുന്നുണ്ടെങ്കില്‍ അതവസാനിപ്പിക്കുക.
- സാമ്പത്തികവും ആരോഗ്യപരവും കുടുംബപരവുമായ പുതിയ ലക്ഷ്യങ്ങള്‍ രൂപപ്പെടുത്തുക.
- പുതിയ തീരുമാനങ്ങള്‍ നന്നായാലോചിച്ചും മറ്റുള്ളവരോടു ചര്‍ച്ചചെയ്തും മാത്രം എടുക്കുക.
- യാത്രകള്‍, സാമൂഹികസേവനം, കുടുംബത്തോടൊപ്പം സമയം ചെലവിടുക എന്നിവ പരിഗണിക്കുക.
വളരുന്നവയും വരളുന്നവയും
1956-ല്‍ തുടങ്ങിയ സിയാറ്റ്ല്‍ ലോഞ്ചിറ്റ്യൂഡിനല്‍ സ്റ്റഡി എന്ന പഠനം ആറായിരത്തില്‍പ്പരം അമേരിക്കക്കാരെ അവര്‍ വളരുന്നതിനനുസരിച്ച് അമ്പതിലേറെ വര്‍ഷം നിരീക്ഷിക്കുകയുണ്ടായി. ഓരോ ഏഴു വര്‍ഷത്തിലും ആറ് ബൌദ്ധികശേഷികളുടെ അളവെടുക്കപ്പെട്ടു. അതില്‍ നാലെണ്ണവും യൌവനത്തിലേക്കാള്‍ സുശക്തം മദ്ധ്യവയസ്സിലാണ് എന്നായിരുന്നു കണ്ടെത്തല്‍. (പല തൊഴില്‍മേഖലകളിലും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുവാന്‍ ഈ ഉള്‍ക്കാഴ്ച ഹേതുവായി!) കണക്കുമായി ബന്ധപ്പെട്ട കഴിവുകളും, വാഗ്സാമര്‍ത്ഥ്യവും, നീളവും വീതിയും ഉയരവുമുള്ള (3D) വസ്തുക്കളെ കൈകാര്യം ചെയ്യാനുള്ള പാടവവും കൂടുതല്‍ക്കണ്ടതു മദ്ധ്യവയസ്സിലായിരുന്നു. നീതിയും പ്രതീക്ഷയും സംസ്കാരവും പോലുള്ള ഇന്ദ്രിയഗോചരമല്ലാത്ത, അമൂര്‍ത്തമായ (abstract) ആശയങ്ങളെ ഉള്‍ക്കൊള്ളാനുള്ള കഴിവും അങ്ങിനെത്തന്നെ. എന്നാല്‍ ഓര്‍മശക്തിയും കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കുന്നതിന്‍റെ സ്പീഡും യൌവനത്തിലാണു പാരമ്യത്തിലെത്തിയത്. (എങ്കിലും തങ്ങള്‍ക്കുള്ള മറ്റു കഴിവുകള്‍വെച്ച് ഈ ന്യൂനതകള്‍ മറികടക്കാന്‍ മദ്ധ്യവയസ്കര്‍ക്കാകും. കൂടുതല്‍ വിദ്യാഭ്യാസം കിട്ടിയ പുതുതലമുറകളില്‍ ഇത്തരം ശക്തിക്ഷയങ്ങള്‍ നേരിയതുമായിരിക്കും.)
മുമ്പേ അറിയാവുന്ന കാര്യങ്ങളോടു ബന്ധമില്ലാത്ത തികച്ചും പുതുതായ തരം പ്രശ്നങ്ങളെ അപഗ്രഥിക്കാനും പരിഹരിക്കാനുമുള്ള കഴിവ് (fluid intelligence) മദ്ധ്യവയസ്സില്‍ ശകലം ദുര്‍ബലമാകുന്നുണ്ട്. എന്നാല്‍ ആയുസ്സിനിടയ്ക്ക്, വിദ്യാഭ്യാസത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും, ആര്‍ജിച്ചെടുത്ത അറിവുകളുടെ സൂചകമായ crystallized intelligence മദ്ധ്യവയസ്കര്‍ക്കാണു കൂടുതല്‍.
ഇനിയുമുണ്ട് നേട്ടങ്ങള്‍
നിരന്തര പരിശീലനത്താല്‍ സിദ്ധമാകുന്ന, വാകൊണ്ടു പറഞ്ഞുമാത്രം മറ്റൊരാള്‍ക്കു മനസ്സിലാക്കികൊടുക്കുക സാദ്ധ്യമല്ലാത്ത കഴിവുകള്‍ക്ക് tacit knowledge എന്നാണു പേര്. മുടിവെട്ട്, മരപ്പണി, പാചകം തുടങ്ങിയവയിലെ വൈദഗ്ദ്ധ്യം ഇതില്‍പ്പെടുന്നു. അതുപോലെ, ഉദാഹരണങ്ങള്‍ മാത്രം അടിസ്ഥാനപ്പെടുത്തി ഒരു കാര്യത്തിന്‍റെ വിശാലാര്‍ത്ഥം മനസ്സിലാക്കാനുള്ള പാടവം inductive reasoning എന്നറിയപ്പെടുന്നു. ഇതാണ്, മരിച്ചുകിടക്കുന്ന ഒരു സ്ത്രീ തൊട്ടുമുമ്പ് തന്‍റെ വിവാഹമോതിരം ഒഴിച്ചുള്ള ആഭരണങ്ങള്‍ വൃത്തിയാക്കിയിട്ടുണ്ട്, അതുകൊണ്ട് അവര്‍ ആത്മഹത്യ ചെയ്തതാവില്ല എന്ന അനുമാനത്തിലെത്തുമ്പോള്‍ ഷെര്‍ലക്ക് ഹോംസ് ഉപയോഗിക്കുന്നത്. ഈ രണ്ടു മിടുക്കുകളുടെ കാര്യത്തിലും മദ്ധ്യവയസ്കരാണു കേമര്‍.
വികാരങ്ങളെ അടക്കിനിര്‍ത്താനും ആളുകളെ നേരിടാനും അവരുടെ ഉദ്ദേശങ്ങള്‍ തിരിച്ചറിയാനുമുള്ള ചാതുര്യങ്ങളിലും മുന്‍പന്തിയില്‍ മദ്ധ്യവയസ്കരാണ്.
എളുപ്പവും കടുപ്പവും
മിക്ക മേഖലകളിലും, വൈദഗ്ദ്ധ്യം കരഗതമാകാന്‍ പത്തു വര്‍ഷത്തെയെങ്കിലും പരിശ്രമം ആവശ്യമുണ്ട്. അതുകൊണ്ടുതന്നെ, നേടിക്കഴിഞ്ഞ എക്സ്പീരിയന്‍സ് മദ്ധ്യവയസ്കരെ അതതു മേഖലകളിലെ വിദഗ്ദ്ധരാകാന്‍ സഹായിക്കുന്നുണ്ട്. ഒരു ജോലിയിലെ തുടക്കക്കാര്‍ക്ക് പല സ്റ്റെപ്പുകളും ബോധപൂര്‍വം, സശ്രദ്ധം ചെയ്യേണ്ടതായിട്ടു വരുമ്പോള്‍ മദ്ധ്യവയസ്കര്‍ക്ക് കുറേയൊക്കെ കാര്യങ്ങള്‍ അധികം ശ്രദ്ധ ചെലവിടാതെ ഓട്ടോമാറ്റിക്കായിട്ടു ചെയ്തുപോകാനാകും. തുടക്കക്കാരെ അപേക്ഷിച്ച്, ജോലിക്കിടയിലെ പ്രശ്നങ്ങള്‍ സത്വരം പരിഹരിക്കാനും അതിനായി സ്വന്തം സഹജജ്ഞാനം (intuition) ഉപയോഗിക്കാനും മദ്ധ്യവയസ്കര്‍ക്കാകും. അല്ലാതെ തുടക്കക്കാരെപ്പോലെ അതിനൊക്കെ പുസ്തകങ്ങളെയോ ഗൂഗിളിനെയോ ആശ്രയിക്കേണ്ടി വരില്ല.
പുതിയ തല്‍പരതകള്‍ മൂലമോ ജോലിയാവശ്യത്തിനോ മറ്റോ മദ്ധ്യവയസ്കര്‍ക്ക് വീണ്ടും വിദ്യാര്‍ത്ഥിവേഷം കെട്ടേണ്ടതായിവരാം. എന്നാല്‍ ഒരു പ്രസക്തിയും ജീവിതബന്ധവുമില്ലാത്ത കാര്യങ്ങള്‍ കാണാപ്പാഠം പഠിക്കുക ചെറുപ്രായക്കാരെ അപേക്ഷിച്ച് അവര്‍ക്കു ദുഷ്കരമാകും. അറിയാവുന്ന കാര്യങ്ങളോടു ബന്ധമുള്ളതും തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുതകുന്നതുമായ വിവരങ്ങള്‍ വേഗത്തില്‍ പഠിക്കാന്‍ അവര്‍ക്കാവുകയും ചെയ്യും.
ഓര്‍മപ്രശ്നങ്ങള്‍ മുഖ്യലക്ഷണമായ ഡെമന്‍ഷ്യ എന്ന രോഗം വാര്‍ദ്ധക്യത്തില്‍ ഏറെപ്പേരെ ബാധിക്കുന്നുണ്ട്. അതു തടയാന്‍ മദ്ധ്യവയസ്സില്‍ സ്വീകരിക്കാവുന്ന ചില മാര്‍ഗങ്ങളിതാ:
|
തലച്ചോറിലെ സഹകരണസംഘം
ചെറുപ്രായക്കാരില്‍, ക്ലേശകരമായ പ്രവൃത്തികള്‍ക്കിടെ മാത്രമാണ് തലച്ചോറിന്‍റെ ഇരുവശങ്ങളും സക്രിയമാകുന്നത്. മദ്ധ്യവയസ്സിലാകട്ടെ, ലളിതമായ കൃത്യങ്ങള്‍ക്കും ഇരുവശവും ഉപയോഗിക്കപ്പെടുന്നുണ്ട്. ശാരീരികവും ബൌദ്ധികവും സാമൂഹികവുമായി കര്‍മ്മോദ്യുക്തരായിരിക്കുന്ന മദ്ധ്യവയസ്കര്‍ക്കാണ് ഇങ്ങിനെ രണ്ടു മസ്തിഷ്കവശങ്ങളും ഒന്നിച്ചുപയോഗിച്ചു കാര്യങ്ങള്‍ സാധിക്കാനാവുക. വിവിധ മസ്തിഷ്കകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വൈറ്റ് മാറ്റര്‍ എന്ന ഭാഗത്തിന്‍റെ അളവ് അമ്പതു വയസ്സുവരെ വര്‍ദ്ധിച്ചുകൊണ്ടിരുന്നിട്ട് പിന്നീടാണു ക്ഷയിക്കാന്‍ തുടങ്ങുന്നത്.
അധീനതയിലും അല്ലാതെയും
ജീവിതത്തിന്‍റെ കടിഞ്ഞാണ്‍ കുറേയെങ്കിലും സ്വന്തം കയ്യില്‍ ആയിരിക്കേണ്ടത് മാനസികാരോഗ്യത്തിനും ആയുര്‍ദൈര്‍ഘ്യത്തിനുപോലും അനിവാര്യമാണ്. സിദ്ധിച്ചുകഴിഞ്ഞ അറിവും ലോകപരിചയവും തൊഴില്‍വൈദഗ്ദ്ധ്യവുമെല്ലാം മദ്ധ്യവയസ്കര്‍ക്ക് കാര്യങ്ങള്‍ക്കു മേല്‍ കുറേയൊക്കെ നിയന്ത്രണം കൈവരുത്തുന്നുണ്ട്. മറുവശത്ത്, പ്രായസഹജമായ ദുര്‍ബലതകളും ആരോഗ്യപ്രശ്നങ്ങളും ഉറ്റവരുടെ വിരഹങ്ങളുമൊന്നും അവരുടെ ചൊല്പടിയില്‍ അല്ല താനും. ഇവയൊക്കെ, ജീവിതത്തിന്‍റെ വിവിധ മണ്ഡലങ്ങളില്‍ ഉത്തരവാദിത്തങ്ങളുള്ള അവര്‍ക്ക് പ്രതിബന്ധങ്ങളാകാം. ഇത്തരം സാഹചര്യങ്ങളെ നിയന്ത്രണവിധേയമാക്കാന്‍ ഒരു പോംവഴി, ഉള്ള കഴിവുകളും അനുഗ്രഹങ്ങളും പരമാവധി ഉപയുക്തമാക്കുകയാണ്.
മനോസംഘര്‍ഷം
നാനാതരം റോളുകള്‍ ഏറ്റെടുക്കുക, അവ തമ്മില്‍ ബാലന്‍സ് ചെയ്യുക, തത്ഫലമായ മാനസിക സമ്മര്‍ദ്ദം നേരിടേണ്ടിവരിക എന്നതൊക്കെ മദ്ധ്യവയസ്സിന്‍റെ ഭാഗമാണ്. എന്നാല്‍ ഈയൊരു പ്രായത്തോടെ മനസ്സമ്മര്‍ദ്ദത്തെ നേരിടാന്‍ മിക്കവരും ശീലിക്കുന്നുണ്ട്. അവര്‍ക്കതിനു സഹായമാകുന്നത് സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചുള്ള പരിചയം, ചിരകാല സുഹൃത്തുക്കളുടെ പിന്‍ബലം, മര്‍ക്കടമുഷ്‌ടിയില്ലാത്ത അയവുള്ള ചിന്താഗതി, നല്ല സഹജജ്ഞാനം (intuition), പരിതഃസ്ഥിതികളോട് ഇണങ്ങാനുള്ള പാടവം എന്നിവയാണ്. എന്നിരിക്കിലും അവര്‍ക്കു മനസ്സംഘര്‍ഷമെത്തിക്കുന്നതായ ചില ഘടകങ്ങളുണ്ട്.
തൊഴില്‍
താന്‍ തെരഞ്ഞെടുത്ത തൊഴില്‍മേഖല അനുയോജ്യമായ ഒന്നായിരുന്നില്ല, ജോലിയില്‍ അര്‍ഹിച്ചത്ര ശോഭിക്കാന്‍ തനിക്കായില്ല, കുടുംബത്തെ താന്‍ ജോലിക്കായി അവഗണിച്ചു എന്നൊക്കെയുള്ള മോഹഭംഗങ്ങള്‍ ഈ ഘട്ടത്തില്‍ ഉയരാം. പിരിച്ചുവിടപ്പെടുമോ, രോഗം മൂലം ജോലി ചെയ്യാനാകാത്ത ഗതി വരുമോ എന്നൊക്കെയുള്ള ആശങ്കകളും കാണാം. ജോലി നഷ്ടപ്പെടുക, സ്വന്തം പ്രാവീണ്യങ്ങള്‍ സാങ്കേതികവിദ്യയുടെ കടന്നുകയറ്റത്തില്‍ പഴഞ്ചനും അപ്രസക്തവുമായിപ്പോവുക, പുതിയ രീതികളും മറ്റും അഭ്യസിക്കാന്‍ നിര്‍ബന്ധിക്കപ്പെടുക, പ്രായത്തിന്‍റെ പേരില്‍ ജോലിസ്ഥലത്തു വിവേചനം നേരിടേണ്ടി വരിക എന്നിവയും മനസ്സമ്മര്‍ദ്ദകരമാകാം. നിരന്തരമുള്ള സ്ഥലംമാറ്റങ്ങള്‍ മദ്ധ്യവയസ്സില്‍ കൂടുതല്‍ ദുഷ്കരമാകാം. മക്കളെ ശ്രദ്ധിക്കാനായി വര്‍ഷങ്ങളോളം ഫീല്‍ഡില്‍നിന്നു വിട്ടുനിന്ന സ്ത്രീകള്‍ ഈയൊരു പ്രായത്തില്‍ തിരിച്ചു ജോലിയില്‍ കയറുമ്പോള്‍ വിവിധ ക്ലിഷ്ടതകള്‍ നേരിടാം.
പരിഹാരങ്ങള്‍
- നിശ്ചിത സമയത്തിന് പത്തുപതിനഞ്ച് മിനിറ്റു മുമ്പേ തൊഴിലിടത്തില്‍ എത്തിച്ചേരുന്നത് ഒന്നു റിലാക്സ് ചെയ്യാനും കാര്യങ്ങള്‍ നന്നായി പ്ലാന്‍ ചെയ്യാനും സഹായിക്കും.
- ടേബിളും പരിസരവും കഴിയുന്നത്ര അടുക്കും ചിട്ടയുമോടെ സൂക്ഷിക്കുക.
- ഏറ്റവും പ്രാധാന്യമുള്ള ജോലികള്‍ ആദ്യം ചെയ്തുതീര്‍ക്കുക.
- ഇടയ്ക്കിടെ ചെറിയ ബ്രേക്കുകള്‍ എടുക്കുക.
- പ്രശ്നങ്ങളെ വേറൊരാളുടെ കാഴ്ചപ്പാടിലൂടെ നോക്കിക്കാണാന്‍ ശ്രമിക്കുക. അല്ലെങ്കില്‍, പ്രസ്തുത വിഷയം മറ്റൊരാളെ ബാധിക്കുന്ന ഒന്നാണ് എന്ന രീതിയില്‍ പരിഹാരം ആലോചിക്കുക.
- നിങ്ങള്‍ക്ക് നിയന്ത്രണം ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങളെ വേര്‍തിരിക്കുക. എന്നിട്ട്, നിയന്ത്രണം ഉള്ള കാര്യങ്ങളില്‍ എന്തൊക്കെ മാറ്റങ്ങള്‍ എങ്ങിനെ നടപ്പാക്കാം എന്നാലോചിക്കുക.
ജോലി നഷ്ടപ്പെട്ടാല്‍
- കുറച്ചു നാളത്തേക്ക് സ്വല്‍പം ദേഷ്യമോ സങ്കടമോ ചിന്താക്കുഴപ്പമോ സ്വാഭാവികം മാത്രമാണെന്നും അവയൊക്കെ ഉടന്‍ ശമിച്ചൊടുങ്ങുമെന്നും സ്വയം ഓര്‍മിപ്പിക്കുക. അവ ഒന്നു മയപ്പെട്ട ശേഷം മാത്രം പുതിയൊരു ജോലി തിരയാന്‍ തുടങ്ങുന്നതാകും ഉത്തമം.
- പണിത്തിരക്കു മൂലം അവസരം കിട്ടാതെ പോയിരുന്ന ഹോബികള്‍, വായന, സൌഹൃദം പുതുക്കലുകള്‍, ബന്ധുസന്ദര്‍ശനങ്ങള്‍, സന്നദ്ധപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഏറ്റെടുക്കുക.
- തന്‍റെ പ്രാഗല്‍ഭ്യങ്ങളും ന്യൂനതകളും എന്തൊക്കെയാണെന്ന് സുഹൃത്തുക്കളോടും മുന്‍സഹപ്രവര്‍ത്തകരോടുമൊക്കെ ആരാഞ്ഞറിയുക.
വര്‍ക്ക്-ലൈഫ് ബാലന്‍സ്
ജോലിയും കുടുംബത്തെ ഉത്തരവാദിത്തങ്ങളും ഒന്നിച്ചുകൊണ്ടുപോവുക മദ്ധ്യവയസ്സില്‍ കൂടുതല്‍ ബുദ്ധിമുട്ടാകാം. മാതാപിതാക്കള്‍ക്കോ മക്കള്‍ക്കോ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളപ്പോള്‍ വിശേഷിച്ചും. ഒരിടത്തു സമയം കൂടുതല്‍ അനുവദിക്കുമ്പോള്‍ മറ്റേയിടത്തേക്കു തികയാതെ വരികയോ, ഒരിടം സൃഷ്ടിക്കുന്ന മന:ക്ലേശം മറ്റേയിടത്തെ പെര്‍ഫോര്‍മന്‍സിനെ ബാധിക്കുകയോ ചെയ്യാം. ഇതു കൂടുതല്‍ കഷ്ടപ്പെടുത്തുന്നത് സ്ത്രീകളെയാണ്.
പരിഹാരങ്ങള്‍
- വീട്ടിലുള്ള നേരത്ത് കുടുംബത്തിനു മുന്‍തൂക്കം നല്‍കുക.
- വര്‍ക്ക് ഫ്രം ഹോം സാദ്ധ്യമാണെങ്കില്‍ അതിനു ശ്രമിക്കുക. എന്നാല്‍ അതുചിലപ്പോള്‍ പ്രശ്നം വഷളാക്കാം എന്നോര്‍ക്കുക.
- വീട്ടിലുള്ളവര്‍ അവരുടെ പ്രശ്നങ്ങള്‍ക്ക് കാതുകൊടുക്കുക. വീട്ടിലെ ജോലിഭാരം ലഘൂകരിക്കാന്‍ സഹായിക്കുക.
- ജോലിസ്ഥലത്ത്, സൂപ്പര്‍വൈസര്‍മാര്‍ കൂടുതല്‍ സഹകരണം കാട്ടുക.
കുടുംബത്തില്‍
മക്കളുടെ സാമ്പത്തിക ആവശ്യങ്ങള്‍ സമ്മര്‍ദ്ദജനകമാകാം. കൌമാരക്കാരായ മക്കളിലൂടെ പലരും സ്വന്തം നഷ്ടസ്വപ്‌നങ്ങള്‍ സഫലീകരിക്കാന്‍ നോക്കാം — അവരെ ഡോക്ടറാകാന്‍ നിര്‍ബന്ധിക്കുകയൊക്കെപ്പോലെ. അത് കലഹനിമിത്തമായി ഭവിക്കാം. മക്കള്‍ ജീവിതത്തില്‍ വിജയിക്കുന്നോ ഇല്ലയോ എന്നതിന്‍റെ അടിസ്ഥാനത്തില്‍ പലരും സ്വന്തം ജീവിതത്തിനും മാര്‍ക്കിടാം. മക്കള്‍ വലുതാകുന്നത്, പലരിലും തനിക്കും പ്രായമാകുന്നല്ലോ എന്ന ബോദ്ധ്യം ജനിപ്പിക്കാം. മാതാപിതാക്കള്‍ക്ക് നിനച്ചിരിക്കാതെ ഗുരുതരരോഗങ്ങള്‍ വരുന്നതും, എത്ര നാളത്തേയ്ക്ക് എന്ന ധാരണയില്ലാതെ അവരെ ശുശ്രൂഷിക്കേണ്ടി വരുന്നതും, അവരുടെ കഷ്ടപ്പാടു കാണേണ്ടിവരുന്നതുമൊക്കെ സമ്മര്‍ദ്ദഹേതുവാകാം. അവരുടെ മരണം, “അടുത്തതു താനാണല്ലോ” എന്ന ഭീതി പകരാം.
മറ്റു സാഹചര്യങ്ങള്‍
വാര്‍ദ്ധക്യത്തെ സൂചിപ്പിക്കുന്ന ശാരീരിക മാറ്റങ്ങള്‍ കണ്ടുതുടങ്ങിയാല്‍
- ഇത്രയും വര്‍ഷം ജീവിച്ചിരിക്കാന്‍ സൌഭാഗ്യം കിട്ടുന്ന ഏതൊരാളും ഇതൊക്കെ നേരിടേണ്ടി വരുന്നതാണ്, ആകുലപ്പെടുന്നതുകൊണ്ട് അവ ഒഴിഞ്ഞുപോകില്ല എന്നൊക്കെ സ്വയമോര്‍മിപ്പിക്കുക.
- പ്രായക്കുറവുള്ളവര്‍ക്കു ചേര്‍ന്ന വസ്ത്രങ്ങള്‍ മാത്രം അണിയുന്നതോ അത്തരക്കാരുമായി മാത്രം ഇടപഴകാന്‍ നിശ്ചയിക്കുന്നതോ നന്നല്ല.
- ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ വ്യായാമവും പാലിക്കുക. ആവശ്യത്തിന് ഉറങ്ങുക.
- ശാരീരികമായ പ്രായം, മനസ്സില്‍ ചെറുപ്പം സൂക്ഷിക്കുന്നതിന് ഒരു തടസ്സമല്ല.
റിട്ടയര്‍മെന്‍റ്
- തുടര്‍ജീവിതത്തെപ്പറ്റിയുള്ള പ്രതീക്ഷകളെ വല്ലാതെ പൊലിപ്പിക്കാതിരിക്കുക. ആദ്യനാളുകളില്‍ സ്വല്‍പം നിരാശ സ്വാഭാവികമാണ് എന്നോര്‍ക്കുക.
- വലിയ തീരുമാനങ്ങള്‍ എടുക്കുംമുമ്പ് സാമ്പത്തികനില ശരിക്കു പരിശോധിക്കുക.
- പഴയ പിണക്കങ്ങളും വഴക്കുകളും ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുക.
- അനുദിനജീവിതത്തിന് ഒരു സമയക്രമം പാലിക്കാന്‍ ശ്രദ്ധിക്കുക.
- കടുത്ത പരിഷ്കാരങ്ങള്‍ ഒറ്റയടിക്കു നടപ്പാക്കാതെ മാറ്റങ്ങളെ അല്പാല്പമായി രംഗത്തിറക്കുക. പുതിയൊരു ജീവിതക്രമത്തിലേക്കു പൂര്‍ണമായും നീങ്ങാന്‍ രണ്ടുവര്‍ഷമൊക്കെ എടുത്തേക്കാം.
മക്കള്‍ വീടൊഴിയുമ്പോള്‍
- അവരുമായി ഏതൊക്കെ മാര്‍ഗങ്ങളിലൂടെ ബന്ധം തുടരാമെന്ന് ആലോചിക്കുക. സ്മാര്‍ട്ട് ഫോണിന്‍റെയോ കമ്പൂട്ടറിന്‍റെയോ ഉപയോഗരീതികള്‍ വശമില്ലെങ്കില്‍ പഠിച്ചെടുക്കുക.
- ഇടക്കൊന്നു കരയുന്നതോ വീണ്ടുംവീണ്ടും ആല്‍ബങ്ങള്‍ മറിച്ചുനോക്കാന്‍ തോന്നുന്നതോ ഒന്നും ദൌര്‍ബല്യത്തിന്‍റെയോ മനോരോഗങ്ങളുടെയോ സൂചനയല്ല എന്നോര്‍ക്കുക.
- മക്കളെപ്പിരിഞ്ഞു ജീവിക്കുന്ന ആരെങ്കിലും പരിചയവൃത്തത്തിലുണ്ടെങ്കില്‍ അവരോട് ഉപദേശനിര്‍ദ്ദേശങ്ങള്‍ തേടുക.
- എംബ്രോയ്ഡറിയോ ഗാര്‍ഡനിംഗോ ഒക്കെപ്പോലെ എന്നും താല്‍പര്യമുണ്ടായിരുന്ന, എന്നാല്‍ മക്കളെ വളര്‍ത്തുന്നതിന്‍റെ തിരക്കില്‍ സമയം കിട്ടാതെപോയ, കാര്യങ്ങള്‍ ചെയ്യാന്‍തുടങ്ങുക.
മാറാരോഗങ്ങള്‍ തുടങ്ങിയാല്‍
- അതേ രോഗമുള്ള മറ്റുള്ളവരുടെയും കുടുംബങ്ങളുടെയും കൂട്ടായ്മകളില്‍ ഓണ്‍ലൈനിലോ അല്ലാതെയോ പങ്കെടുക്കുക.
- അവശ്യവേളകളില്‍ ബന്ധുമിത്രാദികളോടു സഹായം തേടാന്‍ മടിക്കരുത്.
- പുകവലിയിലോ മദ്യത്തിലോ സാന്ത്വനം തേടാതിരിക്കുക.
- ഇഷ്ടമില്ലാത്തതോ അത്യാവശ്യമല്ലാത്തതോ ആയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാതിരിക്കുക.
റിലാക്സേഷന്‍ വിദ്യകള്‍, ശ്വസന വ്യായാമങ്ങള്‍, നെഗറ്റീവ് ചിന്തകളെ പോസിറ്റീവായവ കൊണ്ടു പകരംവെക്കല്‍, ആത്മീയ കാര്യങ്ങളില്‍ മുഴുകുക എന്നിവ ഏതു കാരണം കൊണ്ടുമുള്ള മാനസികസമ്മര്‍ദ്ദത്തിനു മികച്ച പരിഹാരങ്ങളാണ്. Headspace, ReachOut WorryTime, Breathe2Relax എന്നീ ആപ്പുകളും ഗുണകരമാകും.
നല്ല വ്യക്തിബന്ധങ്ങള്‍ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനു സുപ്രധാനമാണ്. കടുത്ത ഏകാന്തത അനുഭവിക്കുന്നവര്‍ക്ക് വിഷാദം, ഓര്‍മക്കുറവ്, ഡെമന്‍ഷ്യ, രക്തക്കുഴലുകളിലെ പ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്കു സാദ്ധ്യതയേറുകയും മരണം വേഗത്തിലാവുകയും ചെയ്യാം. ഒട്ടേറെപ്പേരുടെ നടുക്കു ജീവിച്ചിട്ടും ആരോടും വൈകാരിക അടുപ്പമൊന്നും പുലര്‍ത്താത്തവര്‍ക്കും അങ്ങിനെയാവാം. |
ദാമ്പത്യവും ലൈംഗികതയും
മദ്ധ്യവയസ്സോടെ മിക്കപ്പോഴും മുത്തശ്ശിക്കഥകളുടെ “പിന്നീടുള്ള കാലം മുഴുവന്‍ രണ്ടുപേരും സന്തോഷത്തോടെ ജീവിച്ചു” എന്ന ക്ലീഷേ അന്ത്യത്തിന്‍റെ ചെമ്പു പുറത്താകാറുണ്ട്. മറ്റു തിരക്കുകള്‍ക്കിടയില്‍ ദാമ്പത്യത്തിന്‍റെ ഊഷ്മളതയും ഇഴയടുപ്പവും തകരാം. തന്‍റെ താല്‍പര്യങ്ങള്‍ക്കൊത്ത് പങ്കാളി എന്നെങ്കിലും മാറും എന്ന പ്രതീക്ഷ ഈ പ്രായത്തോടെ ആളുകള്‍ മടക്കിപ്പൂട്ടിവെക്കാം. തങ്ങള്‍ ഇരുവരും വിവാഹശേഷം വളര്‍ന്നത് വ്യത്യസ്ത ദിശകളിലേക്കാണെന്ന ബോധോദയം ഡൈവോഴ്സിലേക്കു നയിക്കാം.
മറുവശത്ത്, ചില ദമ്പതികളില്‍, കാമതീവ്രത കുറയാമെങ്കിലും നല്ല സൌഹൃദവും ആശയവിനിമയവും നിലനില്‍ക്കാം. മക്കള്‍ വീടുവിട്ടുപോകുന്നത് ദമ്പതികള്‍ക്ക് പിന്നെയും അടുത്തറിയാനും കൂടുതല്‍ കാര്യങ്ങള്‍ ഒന്നിച്ചു ചെയ്യാനും അവസരമൊരുക്കാം. മക്കളുടെ അസാന്നിദ്ധ്യം പൊരുത്തക്കേടുകള്‍ കൂടുതല്‍ വഷളാകാനും വിവാഹേതര ബന്ധങ്ങള്‍ക്കും ഡൈവോഴ്സിനുമൊക്കെ ഇടയൊരുക്കാറുമുണ്ട്.
പരിഹാരങ്ങള്‍
- ധാരാളം സംസാരിച്ചതുകൊണ്ടു മാത്രമായില്ല. മറ്റേയാള്‍ക്കു കാതുകൊടുക്കുന്നുമുണ്ടോ, പറയുന്നത് പ്രവൃത്തിയില്‍ വരുന്നുണ്ടോ എന്നുള്ളവയും പ്രസക്തമാണ്.
- ബന്ധം തുടങ്ങിയ കാലത്തെ ഫോട്ടോകളും കത്തുകളുമൊക്കെ പുന:സന്ദര്‍ശിക്കുക. പങ്കാളിയില്‍ ഏറ്റവും ഇഷ്ടം തോന്നാറുണ്ടായിരുന്ന കാര്യങ്ങള്‍ സ്മരിച്ചെടുക്കുക. ഇതൊക്കെ മനസ്സിലേക്കു വരുത്തുന്ന ആ ഒരു സങ്കല്‍പത്തോടും വ്യക്തിയോടും ഒന്നുകൂടി അടുക്കാന്‍ ശ്രമിക്കുക.
- ഇരുവര്‍ക്കും ഒന്നിച്ച് ആസ്വദിച്ചു ചെയ്യാവുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുക (വെബ് സീരീസ് കാണുക, ബോര്‍ഡ് ഗെയിംസ് കളിക്കുക എന്നിങ്ങനെ).
- രണ്ടു പേര്‍ക്കും സ്വന്തംസ്വന്തം താല്‍പര്യങ്ങള്‍ പിന്തുടരാനും പരസ്പരം സമയം അനുവദിക്കുക.
- സന്തുഷ്ടദാമ്പത്യത്തിലേക്കുള്ള തിരിച്ചുപോക്കിനു സമയമെടുക്കും എന്നോര്‍ക്കുക.
മദ്ധ്യവയസ്സില്‍ സ്ത്രീകള്‍ വേഴ്ചാവേളയില്‍ കൂടുതല്‍ ഉത്സാഹവും സ്വാതന്ത്ര്യവും കാണിക്കാം. എന്നാല്‍ ക്രമേണ അവര്‍ക്ക് യോനിയിലെ വഴുവഴുപ്പ് കുറയുകയും ലൈംഗികതൃഷ്ണയില്‍ ഏറ്റക്കുറച്ചിലുകള്‍ വരികയും ചെയ്യാം. പുരുഷന്മാരിലും ഉദ്ധാരണപ്രശ്നങ്ങളും താല്‍പര്യക്കുറവും കാണാം. ഇതെല്ലാം വാര്‍ദ്ധക്യസഹജമായ ശാരീരിക മാറ്റങ്ങളുടെ ഉപോത്പന്നമോ, മാനസികസമ്മര്‍ദ്ദത്തിന്‍റെയോ ദാമ്പത്യ അസ്വാരസ്യത്തിന്‍റെയോ പ്രതിഫലനമോ, വിവിധ രോഗങ്ങളുടെ ഭാഗമോ, മരുന്നുകളുടെ പാര്‍ശ്വഫലമോ ഒക്കെയാകാം. വണ്ണം കൂടുന്നതും ഊര്‍ജസ്വലത കുറയുന്നതും ആകാരസൌഷ്ടവം നഷ്ടമാകുന്നതുമൊക്കെ മൂലം മദ്ധ്യവയസ്കര്‍ക്ക് സ്വയംമതിപ്പു ദുര്‍ബലമാകുന്നതും പ്രസക്തമാകാം. പുരുഷന് പ്രായം സംജാതമാക്കുന്ന ഉദ്ധാരണപ്രശ്നങ്ങളെ, തന്‍റെ ശരീരത്തിന് ആകര്‍ഷണശേഷി നഷ്ടമായതിന്‍റെ ഫലമെന്ന് സ്ത്രീ തെറ്റിദ്ധരിക്കാം.
ആര്‍ത്തവവിരാമത്തെ, സ്വന്തം പ്രായത്തിനും വിദ്യാഭ്യാസത്തിനും പശ്ചാത്തലത്തിനും അനുസൃതമായി, സ്ത്രീകള്‍ പോസിറ്റീവായോ നെഗറ്റീവായോ എടുക്കാം. ചിലര്‍ക്കത് വാര്‍ദ്ധക്യത്തിന്‍റെ അപായസൈറണാകാമെങ്കില്‍ മറ്റു ചിലര്‍ക്ക് പുതിയൊരു സ്വാതന്ത്ര്യത്തിന്‍റെ സൂചനയും ആശ്വാസവുമാകാം.
പരിഹാരങ്ങള്‍
- തടി കുറയ്ക്കുക. പുകവലി ഒഴിവാക്കുക.
- സ്വശരീരത്തെ അന്യായമായി വിലകുറച്ചു കാണുന്നുണ്ടെങ്കില്‍ അത്തരം ചിന്തകള്‍ തിരിച്ചറിഞ്ഞ് ഒഴിവാക്കുക.
- വേഴ്ചക്കു മുന്നോടിയായ ബാഹ്യകേളികള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം കൊടുക്കുക.
- വിദഗ്ദ്ധസഹായം തേടുക.
(2022 ഒക്ടോബര്‍ ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)
{xtypo_alert}ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.{/xtypo_alert}
Image courtesy: Cleveland Clinic
When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.