കുട്ടികള്‍ സഹപാഠികളുടെയും മറ്റും ഭീഷണികളും പരിഹാസങ്ങളും അമിതമായി നേരിടേണ്ടിവരുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. “ബുള്ളിയിംഗ്” എന്ന ഈ പ്രവണതയെ നേരിടാന്‍ പഠിക്കാം.
മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ വര്‍ദ്ധിക്കുകയും ശാസ്ത്രം ഏറെ വികസിക്കുകയും വിജ്ഞാനത്തിന്‍റെ അനന്തശേഖരങ്ങള്‍ ഓണ്‍ലൈനില്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാവുകയും ചെയ്യുന്ന ഒരു കാലത്ത്, വര്‍ഗീയത പോലുള്ള പിന്തിരിപ്പനും അപകടകരവുമായ ചിന്താരീതികള്‍ ദുര്‍ബലമാകുമെന്നു പലരും പ്രതീക്ഷിച്ചിട്ടുണ്ടാകാം. എന്നാല്‍ യാഥാര്‍ത്ഥ്യം മറിച്ചാണ്. സോഷ്യല്‍മീഡിയയിലെ കമന്‍റുകള്‍ തൊട്ട് ഇലക്ഷന്‍ റിസല്‍റ്റുകള്‍ വരെ വെളിപ്പെടുത്തുന്നത് വര്‍ഗീയ മനസ്ഥിതിക്ക് ഇന്നും ഏറെപ്പേരെ ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ടെന്നാണ്. എന്തുകൊണ്ട് ആളുകള്‍ വര്‍ഗീയ ചിന്താഗതി സ്വീകരിക്കുന്നു എന്നൊന്നു പരിശോധിക്കാം. വര്‍ഗീയതയുടെ നിര്‍വചനം പരിചയപ്പെടുകയാകാം ആദ്യം.
വിഷാദം എന്ന രോഗം അഞ്ചുപേരില്‍ ഒരാളെ വെച്ച് ജീവിതത്തിലൊരിക്കലെങ്കിലും പിടികൂടാറുണ്ട്. മനുഷ്യരെ കൊല്ലാതെകൊല്ലുന്ന രോഗങ്ങളുടെ പട്ടികയില്‍ രണ്ടായിരത്തിയിരുപതോടെ വിഷാദം രണ്ടാമതെത്തുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പു തരുന്നുണ്ട്. താഴെപ്പറയുന്നവയാണ് വിഷാദത്തിന്‍റെ ലക്ഷണങ്ങള്‍:
- മിക്കനേരവും നൈരാശ്യമനുഭവപ്പെടുക.
- ഒന്നിലും താല്‍പര്യം തോന്നാതാവുകയോ ഒന്നില്‍നിന്നും സന്തോഷം കിട്ടാതാവുകയോ ചെയ്യുക.
- വിശപ്പോ തൂക്കമോ വല്ലാതെ കുറയുകയോ കൂടുകയോ ചെയ്യുക.
- ഉറക്കം നഷ്ടമാവുകയോ അമിതമാവുകയോ ചെയ്യുക.
- ചിന്തയും ചലനങ്ങളും സംസാരവും, മറ്റുള്ളവര്‍ക്കു തിരിച്ചറിയാനാകുംവിധം, മന്ദഗതിയിലോ അസ്വസ്ഥമോ ആവുക.
- ഒന്നിനുമൊരു ഊര്‍ജം തോന്നാതിരിക്കുകയോ ആകെ തളര്‍ച്ചയനുഭവപ്പെടുകയോ ചെയ്യുക.
- താന്‍ ഒന്നിനുംകൊള്ളാത്ത ഒരാളാണെന്നോ അമിതമായ, അസ്ഥാനത്തുള്ള കുറ്റബോധമോ തോന്നിത്തുടങ്ങുക.
- ചിന്തിക്കുന്നതിനും തീരുമാനങ്ങളെടുക്കുന്നതിനും എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും കഴിവു കുറയുക.
- മരണത്തെയോ ആത്മഹത്യയെയോ പറ്റി സദാ ആലോചിക്കാന്‍ തുടങ്ങുക.
ഓറഞ്ചുജ്യൂസ്: ഒരു ദൃഷ്ടാന്തകഥ
കുട്ടിക്കാലത്തൊക്കെ എന്തു സുഖക്കേടു വന്നാലും അമ്മ ജഗ്ഗു നിറയെ ഓറഞ്ചുജ്യൂസും ഒരു ഗ്ലാസും അയാളാവശ്യപ്പെടാതെതന്നെ കിടക്കക്കരികില്‍ കൊണ്ടുവെക്കാറുണ്ടായിരുന്നു. കല്യാണശേഷം ആദ്യമായി രോഗബാധിതനായപ്പോള്‍ ഭാര്യ ജഗ്ഗും ഗ്ലാസുമായി വരുന്നതുംകാത്ത് അയാള്‍ ഏറെനേരം കിടന്നു. ഇത്രയേറെ സ്നേഹമുള്ള ഭാര്യ പക്ഷേ തന്നെ ജ്യൂസില്‍ ആറാടിക്കാത്തതെന്തേ എന്ന ശങ്കയിലയാള്‍ ചുമക്കുകയും മുരളുകയുമൊക്കെ ചെയ്തെങ്കിലും ഒന്നും മനസ്സിലാവാത്ത മട്ടിലവള്‍ പാത്രംകഴുകലും മുറ്റമടിക്കലും തുടര്‍ന്നു. ഒടുവില്‍, തനിക്കിത്തിരി ഓറഞ്ചുജ്യൂസ് തരാമോ എന്നയാള്‍ക്ക് മനോവ്യസനത്തോടെ തിരക്കേണ്ടതായിവന്നു. അരഗ്ലാസ് ജ്യൂസുമായി അവള്‍ ധൃതിയില്‍ മുറിക്കകത്തേക്കു വന്നപ്പോള്‍ “പ്രിയതമക്കെന്നോട് ഇത്രയേ സ്നേഹമുള്ളോ” എന്നയാള്‍ മനസ്സില്‍ക്കരഞ്ഞു.
(ഇന്‍റര്‍നെറ്റില്‍ക്കണ്ടത്.)
മിക്കവരും വിവാഹജീവിതത്തിലേക്കു കടക്കുന്നത്, ബാല്യകൌമാരങ്ങളില്‍ നിത്യജീവിതത്തിലോ പുസ്തകങ്ങളിലോ സിനിമകളിലോ കാണാന്‍കിട്ടിയ ബന്ധങ്ങളില്‍ നിന്നു സ്വയമറിയാതെ സ്വാംശീകരിച്ച ഒത്തിരി പ്രതീക്ഷകളും മനസ്സില്‍പ്പേറിയാണ്. ദമ്പതികള്‍ ഇരുവരുടെയും പ്രതീക്ഷകള്‍ തമ്മില്‍ പൊരുത്തമില്ലാതിരിക്കുകയോ പ്രാവര്‍ത്തികമാവാതെ പോവുകയോ ചെയ്യുന്നത് അസ്വസ്ഥതകള്‍ക്കും കലഹങ്ങള്‍ക്കും ഗാര്‍ഹികപീഡനങ്ങള്‍ക്കും അവിഹിതബന്ധങ്ങള്‍ക്കും ലഹരിയുപയോഗങ്ങള്‍ക്കും മാനസികപ്രശ്നങ്ങള്‍ക്കും വിവാഹമോചനത്തിനും കൊലപാതകങ്ങള്‍ക്കുമൊക്കെ ഇടയൊരുക്കാറുമുണ്ട്. പ്രിയത്തോടെ ഉള്ളില്‍ക്കൊണ്ടുനടക്കുന്ന പ്രതീക്ഷകള്‍ ആരോഗ്യകരം തന്നെയാണോ എന്നെങ്ങിനെ തിരിച്ചറിയാം, അപ്രായോഗികം എന്നു തെളിയുന്നവയെ എങ്ങിനെ പറിച്ചൊഴിവാക്കാം, പ്രസക്തിയും പ്രാധാന്യവുമുള്ളതെന്നു ബോദ്ധ്യപ്പെടുന്നവയുടെ സാഫല്യത്തിനായി എങ്ങനെ പങ്കാളിയുടെ സഹായം തേടാം, അപ്പോള്‍ നിസ്സഹകരണമാണു നേരിടേണ്ടിവരുന്നത് എങ്കില്‍ എങ്ങിനെ പ്രതികരിക്കാം എന്നതൊക്കെ ഒന്നു പരിശോധിക്കാം.
പ്രമേഹം, പ്രത്യേകിച്ചത് അനിയന്ത്രിതമാവുമ്പോള്‍, കണ്ണുകളെയും കാലുകളെയും വൃക്കകളെയുമൊക്കെ തകരാറിലാക്കാമെന്നത് പൊതുവെ എല്ലാവര്‍ക്കുമറിയുന്ന കാര്യമാണ്. എന്നാല്‍ പ്രമേഹം മനസ്സിനെയും ബാധിക്കാമെന്നതിനെപ്പറ്റി പലരും അത്ര ബോധവാന്മാരല്ല.
വൈദ്യശാസ്ത്രവും അനുബന്ധ സാങ്കേതികവിദ്യകളും ഏറെ മുന്നേറിക്കഴിഞ്ഞ ഇക്കാലത്തും പ്രമേഹബാധിതരില്‍ മൂന്നിലൊന്നോളം പേര്‍ക്ക് മതിയാംവണ്ണം രോഗനിയന്ത്രണം പ്രാപ്യമാവുന്നില്ലെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആരോഗ്യവിഷയങ്ങളിലുള്ള വികലമായ കാഴ്ചപ്പാടുകള്‍, സ്വന്തം കഴിവുകളില്‍ വേണ്ടത്ര മതിപ്പില്ലായ്ക, വൈകാരിക പ്രശ്നങ്ങള്‍, സ്വന്തബന്ധങ്ങളുടെ പിന്തുണയുടെ അപര്യാപ്തത തുടങ്ങിയ മാനസിക ഘടകങ്ങള്‍ക്ക് പലരുടെയും പ്രമേഹനിയന്ത്രണത്തെ അവതാളത്തിലാക്കുന്നതില്‍ നല്ലൊരു പങ്കുണ്ടെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
ആധുനികയുഗത്തിന്‍റെ മുഖമുദ്രകളായ ചില പ്രവണതകള്‍ മാനസികാരോഗ്യത്തെ ഹനിക്കുന്നത് എത്തരത്തിലാണ് എന്നുനോക്കാം.
നഗരവല്‍ക്കരണം
2020-ഓടെ ഇന്ത്യന്‍ ജനസംഖ്യയുടെ 41%-വും താമസിക്കുന്നത് നഗരങ്ങളിലായിരിക്കുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ അനുമാനം. നഗരവാസികള്‍ക്ക് മാനസികപ്രശ്നങ്ങള്‍ പിടിപെടാനുള്ള സാദ്ധ്യത ഗ്രാമവാസികളുടേതിനെക്കാള്‍ കൂടുതലാണെന്ന്‍ ഗവേഷണങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു കാരണമായിപ്പറയുന്നത് അന്തരീക്ഷമലിനീകരണം, ഉയര്‍ന്ന ജനസാന്ദ്രത, സാമ്പത്തികഞെരുക്കങ്ങള്‍ക്കുള്ള കൂടിയ സാദ്ധ്യത, സാമൂഹ്യപിന്തുണയുടെ അപര്യാപ്‌തത തുടങ്ങിയ ഘടകങ്ങളെയാണ്. സാമൂഹ്യവിരുദ്ധത, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍, വീടുകളിലെ അടിപിടികള്‍, കുടുംബങ്ങളുടെ ശൈഥില്യം തുടങ്ങിയ പ്രശ്നങ്ങളും വിഷാദവും സൈക്കോട്ടിക് അസുഖങ്ങളും ലഹരിയുപയോഗവും അമിതമദ്യപാനവും പോലുള്ള മനോരോഗങ്ങളും നഗരങ്ങളില്‍ താരതമ്യേന കൂടുതലായിക്കണ്ടുവരുന്നുണ്ട്.
“ടെക്‌നോളജി വല്ലാത്തൊരു സാധനമാണ് — അത് ഒരു കൈ കൊണ്ട് നമുക്ക് വലിയവലിയ സമ്മാനങ്ങള്‍ തരികയും മറ്റേക്കൈ കൊണ്ട് നമ്മുടെ പുറത്തു കുത്തുകയും ചെയ്യും.”: കാരീ സ്നോ
കമ്പ്യൂട്ടറുകള്‍ക്കും ഇന്‍റര്‍നെറ്റിനും സ്മാര്‍ട്ട്ഫോണുകള്‍ക്കുമൊക്കെ നമ്മുടെ ജീവിതങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താനായത് വലിയ ചെലവില്ലാതെയും ഞൊടിനേരത്തിലും ആശയവിനിമയം നടത്താനും വിവരങ്ങള്‍ ശേഖരിക്കാനുമെല്ലാം ചരിത്രത്തില്‍ സമാനതകളില്ലാത്ത അവസരങ്ങള്‍ നമുക്കായി ഒരുക്കാന്‍ അവക്കായതു കൊണ്ടാണ്. എന്നാല്‍ അവയുടെയിതേ സവിശേഷതകള്‍തന്നെ നിര്‍ഭാഗ്യവശാല്‍ ചില അനാരോഗ്യ പ്രവണതകള്‍ക്കും മാനസികപ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുന്നുമുണ്ട്. അങ്ങിനെ ചില കുഴപ്പങ്ങളും അവക്കെതിരെ ഉയര്‍ത്താവുന്ന കുറച്ചു “ഫയര്‍വാളു”കളും ആണ് ഈ ലേഖനത്തിന്‍റെ വിഷയം. ഇത്തരം കാര്യങ്ങളിലെ അവബോധം നമുക്ക് നൂതനസാങ്കേതികവിദ്യകളുടെ ഗുണഫലങ്ങളെ ആരോഗ്യനാശമില്ലാതെ ആസ്വദിച്ചുകൊണ്ടിരിക്കാനുള്ള പ്രാപ്തി തരും.
ആദ്യം, ഡിജിറ്റല്‍ലോകമുളവാക്കുന്ന ചില വൈകാരികപ്രശ്നങ്ങളെ പരിചയപ്പെടാം.
“ഈയിടെയൊരു കമ്പ്യൂട്ടറും വാങ്ങി ഇന്‍റര്‍നെറ്റിനെപ്പറ്റി ആരോടൊക്കെയോ ചോദിച്ചറിയുന്നത് കണ്ടപ്പൊ ഞാന്‍ വിചാരിച്ചത് ഈ മനുഷ്യന്‍ കള്ളുകുടിയൊക്കെ നിര്‍ത്തി എന്തോ നല്ല കാര്യം തൊടങ്ങാമ്പോവ്വ്വാന്നാ. പക്ഷേ ഇപ്പൊ നേരോം മുഹൂര്‍ത്തോം ഒന്നും നോക്കാതെ, പിള്ളേര് വീട്ടിലൊണ്ട് എന്ന ഒരു ബോധോം ഇല്ലാതെ, ഡോക്ടറോടു പറയാന്‍ കൊള്ളില്ലാത്ത ഓരോ സിനിമേം കണ്ട് ഇരിപ്പാ…”
“ആ മെഷീന്‍ സ്മോക്കും പോയിസന്‍സും ഒക്കെ ഫില്‍റ്റര്‍ ചെയ്ത് പ്യുവര്‍ കഞ്ചാവു മാത്രം വലിച്ചെടുക്കാന്‍ തരും എന്നാ ഒരു ഓണ്‍ലൈന്‍ ഫോറത്തില്‍ക്കണ്ടത്. അതാ നെറ്റുവഴിത്തന്നെ അതു വാങ്ങി കഞ്ചാവ് അതിലിട്ട് സ്മോക്ക്‌ചെയ്യാന്‍ തുടങ്ങിയത്. ഇത്രേം പ്രോബ്ലംസൊന്നും ഞാന്‍ ഒരിക്കലും എക്സ്പെക്റ്റ് ചെയ്തില്ല.”
“ഞാനെന്‍റെ മുഴുവന്‍ പാസ്സ്‌വേഡും അവനു പറഞ്ഞു കൊടുത്തതാ. പക്ഷേ അവന്‍ അവന്‍റേതൊന്നും എനിക്ക് പറഞ്ഞു തരുന്നേയില്ല. സ്നേഹമില്ലാഞ്ഞിട്ടല്ലേ… അതാ ഞാന്‍ കൈമുറിച്ചത്.”
കഴിഞ്ഞ മുപ്പതുവര്‍ഷങ്ങള്‍ക്കുള്ളില്‍ കുട്ടികളിലെ ആത്മഹത്യാനിരക്ക് പഴയതിലും മൂന്നിരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. കുടുംബബന്ധങ്ങളിലുണ്ടായ തകര്‍ച്ചകളും, വിഷാദരോഗം കൂടുതല്‍ സാധാരണമായതും, കൂടുതല്‍ സമ്മര്‍ദ്ദം നിറഞ്ഞ ജീവിതസാഹചര്യങ്ങളുമൊക്കെ ഈ വര്‍ദ്ധനവിനു കാരണമായിട്ടുണ്ട്.
ബാല്യവും കൌമാരവും കടന്ന്‍ ഒരാള്‍ യൌവനത്തിലേക്കു പ്രവേശിക്കുന്നതിനോടൊപ്പം അയാളില്‍ മാനസിക പിരിമുറുക്കത്തിനിടയാക്കുന്ന പ്രധാന ഘടകങ്ങള്‍ ഏതൊക്കെ എന്നതിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. യൗവനാരംഭത്തില്‍ പുതുതായി ഒരു വ്യക്തിയുടെ ജീവിതത്തിന്‍റെ ഭാഗമാകുന്ന അയാളുടെ ജോലിയും ജീവിതപങ്കാളിയും തന്നെയാണ് ആ പ്രായത്തില്‍ അയാളില്‍ മനസംഘര്‍ഷങ്ങള്‍ക്കു വഴിവെക്കുന്ന മുഖ്യ പ്രശ്നങ്ങളും. ജോലിയും വിവാഹവും സൃഷ്ടിക്കുന്ന മാനസികസമ്മര്‍ദ്ദത്തിന്‍റെ കാര്യകാരണങ്ങളെയും പരിഹാരമാര്‍ഗങ്ങളെയും കുറിച്ചുള്ള ഏറ്റവും പുതിയ ശാസ്ത്രീയവസ്തുതകളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിന്‍റെ ഉദ്ദേശം.