“ബാക്കിയെല്ലാറ്റിനും നല്ല ഉഷാറാണ്. ഫോണിന്‍റെയോ ടീവിയുടെയോ മുമ്പില്‍ എത്ര മണിക്കൂര്‍ വേണമെങ്കിലും ഇരുന്നോളും. പഠിക്കാനുള്ള പുസ്തകങ്ങള്‍ മാത്രം ഭയങ്കര അലര്‍ജി! വീട്ടിലുള്ള സമയത്ത് അതൊന്നും കൈ കൊണ്ടു തൊടുക പോലുമില്ല.” പല മാതാപിതാക്കളുടെയും ഒരു സ്ഥിരംപല്ലവിയാണ് ഇത്. ചീത്ത പറഞ്ഞും അടിച്ചും നന്നാക്കിയെടുക്കാന്‍ ശ്രമിച്ച്, അതിലും പരാജയപ്പെട്ട്, ഇനിയെന്ത് എന്നറിയാതെ ഉഴറുന്നവരുമുണ്ട്. കുട്ടികളില്‍ പഠനത്തോട് താല്‍പര്യം ഉളവാക്കാന്‍ ഉപയോഗപ്പെടുത്താവുന്ന കുറച്ചു വിദ്യകള്‍ പരിചയപ്പെടാം.
മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
സ്മാര്‍ട്ട് ഫോണും സമാന ഡിവൈസുകളും മിതമായി മാത്രം ഉപയോഗിക്കുന്ന ജീവിതശൈലിക്ക് “ഡിജിറ്റല്‍ ഡീറ്റോക്സ്” എന്നാണു പേര്. ഇതു മൂലം ഉറക്കം, ബന്ധങ്ങള്‍, കാര്യക്ഷമത, ഏകാഗ്രത, മാനസികവും ശാരീരികവുമായ ആരോഗ്യം എന്നിങ്ങനെ നിരവധി മേഖലകളില്‍ ഗുണഫലങ്ങള്‍ കിട്ടാറുണ്ട്. മറ്റു പല ശീലങ്ങളെയും പോലെ പടിപടിയായി ആര്‍ജിച്ചെടുക്കേണ്ടതും ശ്രദ്ധാപൂര്‍വ്വം നിലനിര്‍ത്തേണ്ടതുമായ ഒന്നാണ് ഇതും. ഡിജിറ്റല്‍ ഡീറ്റോക്സ് നടപ്പിലാക്കാന്‍ താല്‍പര്യമുള്ളവര്‍ക്കു സ്വീകരിക്കാവുന്ന കുറച്ചു നടപടികളിതാ:
കൊച്ചുകുട്ടികള്‍ക്കു വേണ്ടിയുള്ള ആപ്പുകളും ഡിവൈസുകളുമൊക്കെ നാട്ടുനടപ്പായിരിക്കയാണ്. എട്ടുവയസ്സിനു താഴെയുള്ള കുട്ടികളുടെ മാതാപിതാക്കളായ ആയിരത്തിയിരുന്നൂറോളം ഇന്ത്യക്കാരില്‍ നടത്തപ്പെട്ട സര്‍വേയുടെ സെപ്തംബറില്‍ പുറത്തുവന്ന ഫലം വ്യക്തമാക്കിയത്, എഴുപതു ശതമാനത്തോളം പേര്‍ കുട്ടികളെപ്പഠിപ്പിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയുക്തമാക്കുന്നുണ്ടെന്നും ഇരുപതുശതമാനത്തോളം പേര്‍ കുട്ടികള്‍ക്കു സ്വന്തമായി ഡിവൈസുകള്‍ കൊടുത്തിട്ടുണ്ടെന്നുമാണ്. കുട്ടികളെ പഠിപ്പിക്കാന്‍ ടാബ്, സ്മാര്‍ട്ട്ഫോണാദികള്‍ ഉപയോഗപ്പെടുത്തുന്ന മാതാപിതാക്കള്‍ ശ്രദ്ധചെലുത്തേണ്ട കാര്യങ്ങള്‍ വല്ലതുമുണ്ടോ? ഈ വിഷയത്തില്‍ ഇതുവരെ നടന്ന ഗവേഷണങ്ങളുടെയെല്ലാം ഒരവലോകനം ‘പിഡിയാട്രിക് ക്ലിനിക്സ് ഓഫ് നോര്‍ത്ത് അമേരിക്ക’ എന്ന ജേര്‍ണല്‍ ഒക്ടോബറില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. അതു വെളിപ്പെടുത്തിയ ചില വസ്തുതകളിതാ:
“ഇ-ബുക്ക്സ് ലോഡ്ജുമുറികളെപ്പോലാണ്; വലിയ പൊലിമയൊന്നുമില്ലെങ്കിലും തല്‍ക്കാലത്തേക്കു കാര്യസാദ്ധ്യത്തിനുതകും. ശരിക്കുള്ള പുസ്തകങ്ങള്‍ക്കു സാമ്യം പക്ഷേ സ്വന്തം വീടുകളോടാണ്; തന്റേതന്നു മനസ്സിലുറപ്പിച്ചവയെ മരണം വരെ സ്നേഹിച്ചുതാലോലിക്കാം.” — മൈക്കേല്‍ ദിര്‍ദ
വിനോദത്തിനും വിജ്ഞാനസമ്പാദനത്തിനുമുള്ള വലിയ പണച്ചെലവില്ലാത്ത ഒരുപാധി എന്നതിലുപരി വായന കൊണ്ട് മാനസികസമ്മര്‍ദ്ദം അകലുക, ഓര്‍മശക്തി മെച്ചപ്പെടുക, ഡെമന്‍ഷ്യക്കു സാദ്ധ്യത കുറയുക എന്നൊക്കെയുള്ള ആരോഗ്യപരമായ ഗുണങ്ങളും ഉണ്ട്. ഫോണുകളുടെയും കംപ്യൂട്ടറുകളുടെയുമൊക്കെ സ്ക്രീനില്‍നിന്നാണ് ഇന്നു നല്ലൊരുപങ്ക് വായനയും നടക്കുന്നത്. കടലാസിലും സ്ക്രീനിലും നിന്നുള്ള വായനകള്‍ നമ്മുടെ തലച്ചോറിനെയും മറ്റും സ്വാധീനിക്കുന്നത് വ്യത്യസ്ത രീതികളിലാണെന്നും ഒട്ടേറെ സ്ക്രീന്‍വായന നടത്തുന്നവര്‍ ചില കരുതലുകള്‍ പാലിക്കുന്നതു നന്നാവുമെന്നും നിരവധി ഗവേഷകര്‍ അറിയിക്കുന്നുണ്ട്.
ഏറെ വിചിന്തനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിഷയമായിക്കഴിഞ്ഞിട്ടും, ഇരകള്‍ക്ക് ഏതൊരുനേരത്തും പരാതിപ്പെടാനായി സര്‍ക്കാര്‍ ഹെല്‍പ്പ്ലൈന്‍ ലഭ്യമായുണ്ടായിട്ടും, അത്തരം പെരുമാറ്റങ്ങള്‍ ചെയ്യില്ല എന്ന് ഓരോ വിദ്യാര്‍ത്ഥിയും രക്ഷിതാവും അഡ്മിഷന്‍ സമയത്ത് ഒപ്പിട്ടുകൊടുക്കേണ്ടതുണ്ടായിട്ടും റാഗിങ്ങിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മുടെ കാമ്പസുകളില്‍നിന്നിപ്പോഴും ഇടക്കിടെ പുറത്തുവരുന്നുണ്ട്. ഏറ്റവുമൊടുവിലായി, മലയാളിയായ ദലിത് വിദ്യാര്‍ത്ഥിനിക്കു കര്‍ണാടകത്തിലെ നഴ്സിംഗ് കോളജില്‍ നേരിടേണ്ടിവന്ന പീഡനങ്ങള്‍ റാഗിങ്ങിനെയും അതിനെ നിഷ്കാസനം ചെയ്യുന്നതിനെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഒരിക്കല്‍ക്കൂടി ഇടയൊരുക്കിയിരിക്കുന്നു.
കൊലപാതകങ്ങളെയും മറ്റും പോലെ ഒരു വ്യക്തി മറ്റൊരു നിശ്ചിത വ്യക്തിയോട് മുന്നേക്കൂട്ടിനിശ്ചയിച്ചു ചെയ്യുന്നൊരു ദുഷ്കൃത്യമല്ല റാഗിങ്ങ്. മുന്‍വൈരാഗ്യമോ മുന്‍പരിചയം പോലുമോ ഇല്ലാത്ത ഒരു കൂട്ടം അപരിചിതരോട് ഒരു അനുഷ്ഠാനമോ കര്‍ത്തവ്യമോ പോലെ, പലപ്പോഴും ക്രൂരതയും കുറ്റകൃത്യവുമാണ് എന്ന ബോദ്ധ്യം പോലുമില്ലാതെ, നിര്‍വഹിക്കപ്പെടുന്നൊരു പ്രവൃത്തിയാണത്. ഏറെ അക്കാദമിക്ക് സ്വപ്നങ്ങളും ജീവനുകള്‍ തന്നെയും പൊലിഞ്ഞുതീര്‍ന്നിട്ടും, നിയമങ്ങള്‍ ഏറെക്കടുക്കുകയും അനവധിപ്പേര്‍ക്കു കടുത്ത ശിക്ഷകള്‍ കിട്ടുകയും ചെയ്തുകഴിഞ്ഞിട്ടും റാഗിങ്ങിനെ നിര്‍മാര്‍ജനംചെയ്യാന്‍ നമുക്കിതുവരെയായിട്ടില്ല എന്നതിനാല്‍ത്തന്നെ, റാഗിങ്ങിനു വഴിയൊരുക്കുകയും പ്രോത്സാഹനമാവുകയും ചെയ്യുന്ന മനശ്ശാസ്ത്രഘടകങ്ങളെക്കുറിച്ചൊരു വിശകലനം പ്രസക്തമാണ്.
ജങ്ക്ഫുഡ്, ഫാസ്റ്റ്ഫുഡ് എന്നൊക്കെ വിളിക്കപ്പെടുന്ന തരം ഭക്ഷണങ്ങള്‍ ഏറെക്കഴിക്കുന്നത് ശരീരത്തിനു ദോഷമാണെന്നത് പൊതുവെയെല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. എന്നാല്‍ അധികം ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ലാത്ത ഒരു വശമാണ്, ഇത്തരമാഹാരങ്ങള്‍ നമ്മുടെ തലച്ചോറിനെയും അതുവഴി നമ്മുടെ മനസ്സിനെയും തകരാറിലാക്കാമെന്നത്. തലച്ചോറിനു നേരാംവണ്ണം പ്രവര്‍ത്തിക്കാനാവാന്‍ ചില നിശ്ചിതതരം പോഷകങ്ങള്‍ വേണ്ടയളവില്‍ കിട്ടിക്കൊണ്ടിരിക്കേണ്ടതുണ്ട്. അതു നടക്കാതെ പോവുകയും തല്‍സ്ഥാനത്ത് ഫാസ്റ്റ്ഫുഡും ജങ്ക്ഫുഡും അകത്തെത്തിക്കൊണ്ടിരിക്കുകയും ചെയ്‌താല്‍ അത് മാനസികമായ പല ദുഷ്പ്രത്യാഘാതങ്ങള്‍ക്കും കാരണമാവാം.
പുറത്തെ റോഡിലെ ചെളിവെള്ളത്തില്‍ പ്രതിഫലിക്കുന്ന സൂര്യന്‍ ഓരോ സൈക്കിളും കടന്നുപോവുമ്പോഴും ഇളകിക്കലങ്ങുന്നതും പിന്നെയും തെളിഞ്ഞുവരുന്നതും നോക്കിയിരിക്കുന്ന വിദ്യാര്‍ത്ഥി, പാഠഭാഗം വായിച്ചുകേള്‍പ്പിക്കാനുള്ള അദ്ധ്യാപികയുടെ ആജ്ഞകേട്ട് ഞെട്ടിയെഴുന്നേല്‍ക്കുന്നു. അടുത്തിരിക്കുന്ന സുഹൃത്ത് വായിക്കേണ്ട ഭാഗം അവന് ചൂണ്ടിക്കാണിച്ചുകൊടുക്കുന്നു.
വിദ്യാര്‍ത്ഥി: “ഈ അക്ഷരങ്ങള്‍ പക്ഷേ നൃത്തംവക്കുകയാണ്...”
അദ്ധ്യാപിക: “ഓഹോ, എങ്കില്‍പ്പിന്നെ ആ നൃത്തംവക്കുന്ന അക്ഷരങ്ങളെത്തന്നെയങ്ങു വായിച്ചേക്ക്.”
വിദ്യാര്‍ത്ഥി: “അ... ഡ... വ...”
അദ്ധ്യാപിക: “ഉച്ചത്തില്‍... തെറ്റൊന്നുംകൂടാതെ...”
വിദ്യാര്‍ത്ഥി (ഉച്ചത്തില്‍): “പളപളകളപളകളപളപളപളകള...”
സഹപാഠികള്‍ അലറിച്ചിരിക്കുന്നു. അദ്ധ്യാപിക അവനെ ക്ലാസില്‍നിന്നു പുറത്താക്കുന്നു.
(പഠനത്തകരാറു ബാധിച്ച വിദ്യാര്‍ത്ഥിയുടെ കഥ വിഷയമാക്കിയ ‘താരേ സമീന്‍ പര്‍’ എന്ന സിനിമയില്‍ നിന്ന്.)
*********************************************************
പഠനം എന്നു വിളിക്കുന്നത്, പുതിയ അറിവുകളോ കഴിവുകളോ മനോഭാവങ്ങളോ സ്വായത്തമാക്കുന്നതിനെയാണ്. വളരുന്നതിനനുസരിച്ച് കുട്ടികള്‍ അനുക്രമമായി കാര്യങ്ങള്‍ കേട്ടുമനസ്സിലാക്കാനും സംസാരിക്കാനും വായിക്കാനും എഴുതാനും കണക്കുകൂട്ടാനുമൊക്കെ പഠിക്കാറുണ്ട്. എഴുത്തും വായനയുമൊക്കെ സാദ്ധ്യമാവുന്നത് തലച്ചോറിലെ അതിസങ്കീര്‍ണമായ നിരവധി പ്രക്രിയകള്‍ മുഖേനയാണ്. ഉദാഹരണത്തിന്, “പറവ” എന്നെഴുതിയതു വായിക്കുമ്പോള്‍ “പ”, “റ”, “വ” എന്നീ അക്ഷരങ്ങളെ ഒന്നൊന്നായി വായിച്ചെടുക്കലും, “പറവ” എന്നു സമന്വയിപ്പിക്കലും, “പക്ഷി” എന്നയര്‍ത്ഥവും ഒപ്പം ചിലപ്പോള്‍ പക്ഷികളുള്‍പ്പെടുന്ന ഓര്‍മകളും ദൃശ്യങ്ങളും അറിവുകളുമെല്ലാം മനസ്സിലേക്കെത്തുകയുമൊക്കെ സംഭവിക്കുന്നുണ്ട്.
“അച്ഛന്‍റെ കൂടെപ്പോവുകയും അമ്മയുടെ കൂടെക്കിടക്കുകയും വേണം എന്നു വെച്ചാലെങ്ങനാ?” എന്ന ലളിതമായ യുക്തികൊണ്ടു നാം ഒരേനേരം ഒന്നിലധികം കാര്യം ചെയ്യാന്‍നോക്കുന്നവരെ നിരുത്സാഹപ്പെടുത്താറുണ്ടായിരുന്നു, അത്ര വിദൂരമല്ലാത്ത ഒരു ഭൂതകാലത്ത്. ഇപ്പോഴെന്നാല്‍ ആധുനികജീവിതത്തിന്‍റെ തിരക്കും അതുളവാക്കുന്ന മത്സരബുദ്ധിയുമൊക്കെമൂലം ഒരേ നേരത്ത് പല കാര്യങ്ങള്‍ ചെയ്യുക — multitasking — എന്ന ശീലത്തെ നമ്മില്‍പ്പലരും സമയം ലാഭിക്കാനും കാര്യക്ഷമത കൂട്ടാനും ജീവിതത്തെ മാക്സിമം ആസ്വദിക്കാനുമെല്ലാമുള്ള നല്ലൊരുപാധിയായി അംഗീകരിച്ചേറ്റെടുത്തിരിക്കുന്നു. മൊബൈല്‍ഫോണുകളുടെയും, അതിലുപരി ഏതിടത്തുമിരുന്ന്‍ നാനാവിധ പരിപാടികള്‍ ചെയ്യുക സുസാദ്ധ്യമാക്കിയ സ്മാര്‍ട്ട്ഫോണുകളുടെയും കടന്നുവരവ് multitasking-നു കൂടുതല്‍ അവസരങ്ങളൊരുക്കുകയും പുതിയ മാനങ്ങള്‍ നല്‍കുകയും ചെയ്തു. ഒപ്പം, ഫോണ്‍ചെയ്തുനടന്ന് കിണറ്റില്‍വീഴുന്നവരെയും ബൈക്കോടിക്കുന്നേരം വാട്ട്സ്അപ്നോക്കി അപകടത്തില്‍പ്പെടുന്നവരെയുമൊക്കെപ്പറ്റി ഇടക്കെങ്കിലും നമുക്കു കേള്‍ക്കാന്‍ കിട്ടുന്നുമുണ്ട്. ഫോണ്‍കൊണ്ടുള്ള multitasking ആത്യന്തികമായി ഗുണപ്രദമാണോ ദോഷകരമാണോ? ഇക്കാര്യത്തില്‍ എന്തൊക്കെയാണ് നമുക്കു ശ്രദ്ധിക്കാനുള്ളത്?
“സ്വന്തം ലോകത്തെവിടെയോ മുഴുകിയാ എപ്പഴും ഇരിപ്പ്…” “ഞാമ്പറേണേല് ഒരക്ഷരം ശ്രദ്ധിക്കില്ല!” “ഒരു ചെവീക്കൂടെക്കേട്ട് മറ്റേ ചെവീക്കൂടെ വിടണ ടൈപ്പാ…” എന്നൊക്കെ മാതാപിതാക്കളെയും അദ്ധ്യാപകരെയും കൊണ്ട് നിരന്തരം പറയിക്കുന്ന ചില കുട്ടികളുണ്ട്. ബുദ്ധിക്ക് പ്രത്യക്ഷത്തിലൊരു കുഴപ്പവുമില്ലെങ്കിലും, ക്ലാസിലും വീട്ടിലും ബഹളമോ കുരുത്തക്കേടോ കാണിക്കാത്ത പ്രകൃതമാണെങ്കിലും, പ്രത്യേകിച്ചൊരു സ്വഭാവദൂഷ്യവും എടുത്തുപറയാനില്ലെങ്കിലും പഠനത്തില്‍ സദാ പിന്നാക്കം പോവുന്നവര്‍. എന്തുകൊണ്ടീ കുട്ടികള്‍ ഇങ്ങിനെയായിത്തീരുന്നു എന്നാശ്ചര്യപ്പെടുന്നവര്‍ക്ക് കൃത്യമായ ഒരുത്തരം ഇന്ന് ആധുനിക വൈദ്യശാസ്ത്രം നല്‍കുന്നുണ്ട് — ഇവരില്‍ ഭൂരിഭാഗത്തിന്‍റെയും അടിസ്ഥാനപ്രശ്നം “വര്‍ക്കിംഗ് മെമ്മറി” എന്ന കഴിവിലെ ദൌര്‍ബല്യങ്ങളാണ്.
മത്സരപ്പരീക്ഷകള്‍ക്കു തയ്യാറെടുക്കുന്ന കാലം പലര്‍ക്കും കനത്ത മന:സംഘര്‍ഷത്തിന്‍റെ വേള കൂടിയാണ്. ഏകാഗ്രതയും ഓര്‍മയുമൊക്കെ എങ്ങിനെയാണു പ്രവര്‍ത്തിക്കുന്നത് എന്നതിനെക്കുറിച്ചുള്ള അജ്ഞത പലര്‍ക്കും ചെയ്യുന്ന പ്രയത്നത്തിനനുസൃതമായ ഫലപ്രാപ്തി കിട്ടാതെ പോവാന്‍ ഇടയൊരുക്കാറുമുണ്ട്. പരീക്ഷകള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ കാര്യക്ഷമമാവാനും അമിതാകുലതകളില്ലാതെ പരീക്ഷാനാളുകളെ അതിജീവിക്കാനാവാനും അവശ്യമറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിതാ: