മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
പഠിക്കാന്‍ മടിയോ?
“ബാക്കിയെല്ലാറ്റിനും നല്ല ഉഷാറാണ്. ഫോണിന്‍റെയോ ടീവിയുടെയോ മുമ്പില്‍ എത്ര മണിക്കൂര്‍ വേണമെങ്കിലും ഇരുന്നോളും. പഠിക്കാനുള്ള പുസ്തകങ്ങള്‍ മാത്രം ഭയങ്കര അലര്‍ജി! വീട്ടിലുള്ള സമയത്ത് അതൊന്നും കൈ കൊണ്ടു തൊടുക പോലുമില്ല.” പല മാതാപിതാക്കളുടെയും ഒരു സ്ഥിരംപല്ലവിയാണ് ഇത്. ചീത്ത പറഞ്ഞും അടിച്ചും നന്നാക്കിയെടുക്കാന്‍ ശ്രമിച്ച്, അതിലും പരാജയപ്പെട്ട്, ഇനിയെന്ത് എന്നറിയാതെ ഉഴറുന്നവരുമുണ്ട്. കുട്ടികളില്‍ പഠനത്തോട് താല്‍പര്യം ഉളവാക്കാന്‍ ഉപയോഗപ്പെടുത്താവുന്ന കുറച്ചു വിദ്യകള്‍ പരിചയപ്പെടാം.
പൊതുവില്‍ ശ്രദ്ധിക്കാന്‍
കുട്ടിയുമായി നല്ലൊരു വ്യക്തിബന്ധം നിലനിര്‍ത്തുക. ഏതൊരു വിഷയത്തെക്കുറിച്ചും കുട്ടിക്കു പറയാനുള്ളത് പൂര്‍ണശ്രദ്ധയോടെ കേള്‍ക്കുക. കുട്ടിക്ക് ഏതൊക്കെ കാര്യങ്ങളോടാണു താല്‍പര്യമെന്നത് അറിഞ്ഞെടുക്കുക. നിങ്ങളുടെ ഇഷ്ടങ്ങളോടു ചേര്‍ന്നുപോകുന്നവയല്ലെങ്കിലും കുട്ടിയുടെ താല്‍പര്യങ്ങളുമായി സഹകരിക്കുക. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് സാഹിത്യത്തില്‍ ലവലേശം കമ്പമില്ലെങ്കിലും കുട്ടിക്ക് അതുണ്ടെങ്കില്‍ ലൈബ്രറിയില്‍ പോകാന്‍ ഇടയ്ക്കിടെ കൂട്ടുകൊടുക്കുക. കുട്ടിക്ക് സ്വന്തം ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഭയഭീതികളില്ലാതെ നിങ്ങളോടു വെളിപ്പെടുത്താവുന്ന ഒരന്തരീക്ഷം സൃഷ്ടിക്കുക. ഇതൊന്നും ചെയ്യാതെ പഠനകാര്യത്തില്‍ മാത്രം ഉപദേശവുമായിച്ചെന്നാല്‍ ഫലപ്രദമായേക്കില്ല.
സ്കൂള്‍പുസ്തകങ്ങള്‍ക്കു പുറമെയും വായനയുടേതായ ഒരന്തരീക്ഷം വീട്ടില്‍ ഉളവാക്കുക. പരന്ന വായന പദസമ്പത്തും ആശയങ്ങള്‍ ഉള്‍ക്കൊള്ളാനും പങ്കുവെക്കാനുമുള്ള കഴിവും മെച്ചപ്പെടുത്തും. അത്, പഠനത്തോടുള്ള താല്‍പര്യം കൂടാനും വഴിയൊരുക്കും. നോവലുകള്‍, പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവ വീട്ടില്‍ യഥേഷ്ടം ലഭ്യമാക്കുക. താല്‍പര്യമുള്ള തരം പുസ്തകങ്ങള്‍ വായിക്കാന്‍ കുട്ടിയെ അനുവദിക്കുക.
ടീവി, പ്രാര്‍ത്ഥന, ഹോംവര്‍ക്ക്, അത്താഴം എന്നിങ്ങനെ ഓരോ കാര്യങ്ങള്‍ക്കും കൃത്യം സമയം നിശ്ചയിച്ചിടുക. അതു കര്‍ശനമായി പാലിച്ച് കുടുംബാംഗങ്ങളുടെയെല്ലാം ഒരു പതിവുശീലമാക്കി മാറ്റുക. “ഇത് പഠിക്കാനുള്ള നേരമാണ്” എന്നൊക്കെ നിത്യേന ഓര്‍മപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയും അതേപ്പറ്റി ചര്‍ച്ചകളും വഴക്കുകളും വേണ്ടിവരുന്ന സാഹചര്യവും അപ്പോള്‍ ഇല്ലാതാകും. കുട്ടി പഠിക്കുന്ന സമയത്ത് നിങ്ങളും ടീവി കാണുകയോ ഫോണ്‍ നോക്കുകയോ ചെയ്യാതെ വായന പോലെ ക്രിയാത്മകമായ എന്തിലെങ്കിലും മുഴുകുന്നതും നന്നാകും.
പഠനസമയം അല്ലാത്തപ്പോഴും കുട്ടിയോട് ചുറ്റുമുള്ള കാര്യങ്ങളെപ്പറ്റി വിശദീകരിച്ചുകൊണ്ടിരിക്കുന്നതും, അവയെപ്പറ്റി ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ പ്രേരിപ്പിക്കുന്നതും, എല്ലാറ്റിനെയും വിമര്‍ശനബുദ്ധ്യാ നോക്കിക്കാണാന്‍ പ്രോത്സാഹിപ്പിക്കുന്നതും സര്‍വകാര്യങ്ങളോടുമുള്ള ജിജ്ഞാസ കുട്ടിയുടെ പ്രകൃതമാവാന്‍ സഹായിക്കും.
ചില മനശ്ശാസ്ത്ര വിദ്യകള്‍
ഏറെയധികം വായിച്ചു തീര്‍ക്കാനുണ്ട്, എത്ര ശ്രമിച്ചാലും എവിടെയുമെത്തിയേക്കില്ല എന്നൊക്കെയുള്ള അനുമാനങ്ങള്‍ കുട്ടിയെ പഠിക്കാനിരിക്കുന്നതില്‍നിന്നു വിലക്കാം. വലിയ ജോലികളെ ചെറിയ ഭാഗങ്ങളായി വിഭജിച്ച് അവ ഓരോന്നായി എങ്ങിനെ പൂര്‍ത്തീകരിച്ചെടുക്കാം എന്നതു പരിശീലിപ്പിക്കുക. ചെയ്യാനുള്ള കാര്യങ്ങളുടെ പട്ടിക തയ്യാറാക്കാനും അതില്‍ ഓരോ ഇനവും മുഴുമിക്കേണ്ടത് എന്നത്തോടെയാണ് എന്നു നിശ്ചയിക്കാനും പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക. ഒട്ടേറെ പോര്‍ഷന്‍ തൊടാത്തതായുണ്ട് എന്ന ഭയത്താല്‍ കുട്ടി പുസ്തകമേ തുറക്കുന്നില്ല എന്നാണെങ്കില്‍, പഴയ ചോദ്യപ്പേപ്പറുകളില്‍നിന്ന് പരീക്ഷയ്ക്കു വരാന്‍ സാദ്ധ്യതയുള്ള ഭാഗങ്ങള്‍ കണ്ടുപിടിച്ച് ആദ്യം അവ വായിക്കാന്‍ സഹായിക്കുക. അവ തീര്‍ത്താല്‍ ബാക്കി ഭാഗങ്ങളും നോക്കാനുള്ള ആത്മവിശ്വാസവും ധൈര്യവും കിട്ടിയേക്കും.
പുസ്തകങ്ങളും പഠനസാമഗ്രികളും അടുക്കും ചിട്ടയോടെ സൂക്ഷിക്കുന്നത് മനസ്സമ്മര്‍ദ്ദം കുറയാനും ഏകാഗ്രതയ്ക്കും സഹായകമാകും.
നിങ്ങളാണ് എല്ലാം നിശ്ചയിക്കുന്നത് എന്ന തോന്നല്‍ ഉളവാക്കരുത്. ഓരോരോ ചെറിയ കാര്യവും എങ്ങിനെയാണു ചെയ്യേണ്ടത് എന്നു നിഷ്കര്‍ഷിക്കാതിരിക്കുക. ആവുന്നത്ര തീരുമാനങ്ങള്‍ കുട്ടിക്കു വിട്ടുകൊടുക്കുക — ഉത്തരവാദിത്തബോധവും കാര്യങ്ങള്‍ തന്‍റെ തന്നെ നിയന്ത്രണത്തിലാണെന്ന ചിന്തയും വളരാന്‍ അതു സഹായിക്കും. ഉദാഹരണത്തിന്, “ഹോംവര്‍ക്കുമായി ബന്ധപ്പെട്ട സംശയങ്ങള്‍ രാത്രി എട്ടിനും ഒമ്പതരയ്ക്കും ഇടയ്ക്ക് എപ്പോള്‍ വേണമെങ്കിലും എന്നോടു ചോദിക്കാം” എന്നു പറഞ്ഞുവെച്ചാല്‍, സംശയങ്ങള്‍ ആ സമയത്ത് ചോദിച്ചു തീര്‍ക്കേണ്ടത് തന്‍റെ മാത്രം ഉത്തരവാദിത്തമാണ് എന്നു കുട്ടി മനസ്സിലാക്കും.
കുട്ടിക്കു താല്‍പര്യമുള്ള വിഷയങ്ങളും മേഖലകളും തിരിച്ചറിഞ്ഞ്, അവയില്‍ കൂടുതല്‍ വിവരം സംഭരിക്കാന്‍ സഹായിക്കുക. അപ്പോള്‍, പഠനത്തോടും വിവര സമ്പാദനത്തോടും പൊതുവെ ഒരാഭിമുഖ്യം രൂപപ്പെടാം. ഉദാഹരണത്തിന്, ദിനോസറുകളുടെ കാര്യത്തില്‍ താല്‍പര്യമുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട പുസ്തകങ്ങളും മറ്റും ലഭ്യമാക്കാം.
സ്വന്തം ജീവിതലക്ഷ്യങ്ങള്‍ തിരിച്ചറിയാന്‍ കുട്ടിയെ സഹായിക്കുക. മുതിര്‍ന്നാല്‍ ആരാവാനാണു താല്‍പര്യം എന്നാരായുക. എന്നിട്ട്, പ്രസ്തുത ജോലി കരസ്ഥമാകണമെങ്കില്‍ ഇപ്പോള്‍ സ്വല്‍പം വിട്ടുവീഴ്ച ചെയ്യേണ്ടതിന്‍റെയും പഠിക്കേണ്ടതിന്‍റെയും ആവശ്യകത ബോദ്ധ്യപ്പെടുത്തുക. ആ ജോലി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ആരെങ്കിലുമായി സംസാരിക്കാന്‍ ചാന്‍സു കൊടുക്കുന്നതും ചിട്ടയായ പഠനത്തിന്‍റെ പ്രാധാന്യം അവരെക്കൊണ്ടു വിശദീകരിപ്പിക്കുന്നതും നന്നാകും. അല്ലെങ്കില്‍, കുട്ടി ഭാവിയില്‍ പഠിക്കാനോ ജോലി ചെയ്യാനോ ആഗ്രഹിക്കുന്ന സ്ഥാപനം നേരില്‍ക്കാണിച്ചു കൊടുക്കുകയും അവിടെ ആരോടെങ്കിലും ചര്‍ച്ചയ്ക്ക് അവസരം നല്‍കുകയും ചെയ്യാം.
പഠനം കൊണ്ട് എന്താണു പ്രയോജനം എന്ന തിരിച്ചറിവ് കുട്ടികള്‍ക്കു മിക്കപ്പോഴും ഉണ്ടാവാറില്ല. അതുകൊണ്ടുതന്നെ, പഠിക്കുന്ന കാര്യങ്ങളെ നിത്യജീവിതവുമായി ബന്ധപ്പെടുത്തിക്കൊടുക്കുന്നതു നന്നാകും. ഉദാഹരണത്തിന്, കണക്ക് ഇഷ്ടമല്ലാത്തവര്‍ക്ക് കടയിലെ ബില്ലുകളും ഡ്രൈവര്‍മാര്‍ മറ്റു വണ്ടികളെ ഓവര്‍ടേയ്ക്ക് ചെയ്യുന്നതുമൊക്കെ വിശദീകരിച്ചു കൊടുക്കാം. എന്തിനേക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തുക കൌമാരസഹജമാണ് എന്നതിനാല്‍ത്തന്നെ ആ പ്രായക്കാര്‍ എന്താണ് പഠിക്കേണ്ടതിന്‍റെ ആവശ്യം എന്നൊക്കെച്ചോദിച്ചാല്‍ നിശ്ശബ്ദരാക്കാന്‍ നോക്കാതെ കാര്യം വിശദമായി പറഞ്ഞുകൊടുക്കുന്നതാകും നല്ലത്.
പഠനം കാര്യക്ഷമമാകാന്‍
ഏതു മാര്‍ഗേനയാണ് മുഖ്യമായും കാര്യങ്ങള്‍ മനസ്സിലാക്കുന്നത് എന്നതിന്‍റെ അടിസ്ഥാനത്തില്‍ ഓരോ കുട്ടിയുടെയും പഠനശൈലി (learning style) ചൂണ്ടിക്കാട്ടാനാകും. ആ ശൈലിയില്‍ പഠിക്കാനുള്ള സൌകര്യം ഒരുക്കുക വഴി കുട്ടിക്ക് പഠനത്തില്‍ താല്‍പര്യം വര്‍ദ്ധിപ്പിക്കാനാകും. Visual (കണ്ട്), Auditory (കേട്ട്), Tactile (തൊട്ടറിഞ്ഞ്) എന്നിവയാണ് പ്രധാന പഠനശൈലികള്‍. Visual ശൈലി ഉള്ളവര്‍ കാര്യങ്ങളെ ചിത്രങ്ങളാക്കി വരച്ചും മറ്റും പഠിക്കാമെങ്കില്‍ Auditory ശൈലിക്കാര്‍ ഉരുവിട്ടു പഠിക്കാനാവും താല്‍പര്യപ്പെടുക. ഒരു ശൈലിയോടു പ്രതിപത്തിയുള്ളൊരു കുട്ടിയോട് ഇടയ്ക്കൊക്കെ ഇതര ശൈലികളും ഉപയോഗിക്കാന്‍ പറയുന്നതു നന്നാകും.
ഏറ്റവും ഇഷ്ടമുള്ള വിഷയം ആദ്യം വായിക്കാന്‍ നിര്‍ദ്ദേശിക്കുന്നത് പഠിക്കാനിരിക്കാനുള്ള വൈമനസ്യം കുറയ്ക്കും. പഠിക്കാന്‍ തുടങ്ങുമ്പോള്‍ വിശപ്പോ ദാഹമോ ഇല്ല, വേണ്ട സാമഗ്രികളൊക്കെ അടുത്തു തന്നെയുണ്ട്, ചുറ്റും ബഹളങ്ങളേതുമില്ല എന്നൊക്കെ തീര്‍ച്ച വരുത്തുന്നതും സംശയം വല്ലതും ഉയര്‍ന്നാല്‍ പരിഹരിച്ചു കൊടുക്കാന്‍ നിങ്ങള്‍ സമീപത്തുണ്ട് എന്നുറപ്പു കൊടുക്കുന്നതും ഗുണകരമാകും.
പഠനവിഷയങ്ങള്‍ കളികളിലൂടെ മനസ്സിലാക്കിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പാഴാക്കരുത്. സ്ക്രാബ്ള്‍ പോലുള്ള വേഡ് ഗെയിമുകളും കണക്കുമായി ബന്ധപ്പെട്ട രസകരമായ ചോദ്യങ്ങളുള്ള പുസ്തകങ്ങളുമൊക്കെ പ്രയോജനപ്പെടുത്തുക.
പഠനത്തില്‍ താല്‍പര്യം കെടുത്തുന്ന പ്രശ്നങ്ങള്‍ വല്ലതും കുട്ടി നേരിടുന്നുണ്ടോ എന്നന്വേഷിക്കുക. സ്കൂളില്‍ ആരെങ്കിലും വഴക്കിനു ചെല്ലുന്നുണ്ടോ, ഏതെങ്കിലും വിഷയം മനസ്സിലാക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടോ എന്നതൊക്കെ ചോദിച്ചറിയുക.
കുട്ടിയുടെ മുമ്പില്‍വെച്ച് സ്കൂളിനെപ്പറ്റി മോശമായി സംസാരിക്കരുത്. അദ്ധ്യാപകരുമായി നല്ല ബന്ധം പുലര്‍ത്തുകയും ഇടയ്ക്കിടെ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുക — കുട്ടിയുടെ പഠനനിലവാരം മെച്ചപ്പെടുത്താനുള്ള ഏറ്റവും നല്ല നിര്‍ദ്ദേശങ്ങള്‍ തരാനാവുക അദ്ധ്യാപകര്‍ക്കു തന്നെയാണ്.
പ്രോത്സാഹനത്തിന്‍റെ നല്ല രീതികള്‍
പഠിക്കുന്നതിനുള്ള കൂലിയായി സദാ സമ്മാനങ്ങള്‍ കൊടുക്കുകയോ പ്രശംസിക്കുകയോ ചെയ്യുന്നതും പഠിക്കാതിരുന്നാല്‍ ശിക്ഷിക്കുന്നതും നല്ല കീഴ്വഴക്കങ്ങളല്ല. സമ്മാനങ്ങള്‍ക്കു കാലക്രമത്തില്‍ വിലയില്ലാതാകും എന്നതിനാല്‍, അഥവാ അവ ഉപയോഗപ്പെടുത്തുന്നെങ്കില്‍ത്തന്നെ ഒരു ഹ്രസ്വകാലത്തേക്കേ അങ്ങിനെ ചെയ്യാവൂ. പകരം, ഇവിടെ വിശദീകരിച്ച മറ്റു വിദ്യകള്‍ പ്രയോജനപ്പെടുത്തി അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുകയാണു വേണ്ടത്. സമ്മാനത്തോടുള്ള കൊതിയോ ശിക്ഷയോടുള്ള ഭയമോ അല്ല, പഠനത്തോടുള്ള ഉള്ളിന്‍റെയുള്ളില്‍ നിന്നുള്ള മമതയാണു കുട്ടിയെ നയിക്കേണ്ടത്.
എന്തുമാത്രം മാര്‍ക്ക് കിട്ടുന്നു എന്നതിനല്ല, കുട്ടി ആവശ്യത്തിനു പരിശ്രമിക്കുന്നുണ്ടോ എന്നതിനാണു വില കല്‍പിക്കേണ്ടത്. അല്ലാത്ത പക്ഷം, മാര്‍ക്കു നേടാനുള്ള ഒരു ബോറന്‍ ഉപാധി മാത്രമാണു പഠനം എന്ന മനോഭാവം രൂപപ്പെടുകയും, പഠനം പ്രധാനവും ആസ്വാദ്യകരവുമാണ് എന്നതു വിസ്മരിക്കപ്പെടുകയും ചെയ്യാം. അനാവശ്യമായ മത്സരബുദ്ധി, പരാജയഭീതി, മാനസിക സമ്മര്‍ദ്ദം എന്നിവയ്ക്കും എന്തെങ്കിലും കാരണത്താല്‍ മാര്‍ക്ക് കുറഞ്ഞു പോയാല്‍ എല്ലാം നഷ്ടപ്പെട്ടുവെന്ന ചിന്ത വരാനും ഇതു കാരണമാകാം. പഠനമാണ് പ്രധാനം, മാര്‍ക്ക് അതിന്‍റെയൊരു ഉപോത്പന്നം മാത്രമാണ് എന്ന മനസ്ഥിതിയാണു പ്രോത്സാഹിപ്പിക്കേണ്ടത്. സ്കൂളില്‍നിന്നു വരുന്നേരം എത്ര മാര്‍ക്കു കിട്ടി എന്നല്ല, ഇന്നെന്തൊക്കെപ്പഠിച്ചു എന്നാണന്വേഷിക്കേണ്ടത്.
തോല്‍വികള്‍ വല്ലതും പിണഞ്ഞാല്‍ കുറ്റപ്പെടുത്താന്‍ തുടങ്ങാതെ അവയില്‍നിന്നു പാഠമുള്‍ക്കൊള്ളാന്‍ സഹായിക്കുക. നിങ്ങളുടെ തന്നെ മുന്‍പരാജയങ്ങളുടെ വിവരങ്ങള്‍ പങ്കുവെക്കുകയുമാവാം.
മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തി സംസാരിക്കാതിരിക്കുക. അത് സ്വയംമതിപ്പും ഏകാഗ്രതയും നശിപ്പിക്കുകയും മാനസിക സമ്മര്‍ദ്ദം ഉളവാക്കുകയും ചെയ്യാം. “നിന്‍റെ പ്രായത്തില്‍ ഞാന്‍...” എന്നു തുടങ്ങുന്ന ഡയലോഗുകള്‍ക്കും ഇതേ ഫലമാണുണ്ടാവുക.
നീളന്‍ ഉപദേശങ്ങള്‍ ഫലം ചെയ്തേക്കില്ല. പകരം, കൃത്യവും ഹ്രസ്വവുമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക. നിങ്ങള്‍ മാത്രം സംസാരിക്കുന്ന സാഹചര്യം ഒഴിവാക്കി കൂട്ടായ ചര്‍ച്ചകള്‍ നടത്തുക, കുട്ടിയുടെ അഭിപ്രായങ്ങളും ആരായുക.
വിശേഷിച്ചും കൌമാരക്കാര്‍ക്ക് സൌഹൃദങ്ങള്‍ ഏറെ പ്രധാനമാകും എന്നതിനാല്‍ ഏറെ പഠിക്കാനുണ്ട് എന്ന വാദമുയര്‍ത്തി സൌഹൃദങ്ങള്‍ക്ക് സമയം കൊടുക്കുന്നതു വിലക്കാതിരിക്കുക.
സ്വയം ശ്രദ്ധിക്കാന്‍
നിങ്ങള്‍ ഏതു തരത്തിലാണു ജീവിക്കുന്നത്, സ്വന്തം ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ എന്തുമാത്രം ആത്മാര്‍ത്ഥമായാണു ശ്രമിക്കുന്നത് എന്നതൊക്കെ കുട്ടി നിരീക്ഷിക്കുന്നുണ്ട്, അത് കുട്ടിയുടെ പഠിക്കാനുള്ള പ്രേരണയെയും സ്വാധീനിക്കും എന്നതു വിസ്മരിക്കരുത്.
കുട്ടിയുടെ പഠനകാര്യത്തില്‍, കുട്ടിയുടെ കഴിവുകള്‍ക്കും അപ്പുറമുള്ള പ്രതീക്ഷകള്‍ നിങ്ങള്‍ വെച്ചുപുലര്‍ത്തുന്നുണ്ടോ എന്നു പരിശോധിക്കേണ്ടതും പ്രധാനമാണ്.
(2022 ഫെബ്രുവരി ലക്കം മാധ്യമം കുടുംബത്തില്‍ പ്രസിദ്ധീകരിച്ചത്)
{xtypo_alert}ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.{/xtypo_alert}
Image courtesy: Student Space