ഒരു സുപ്രഭാതത്തില്‍ അടിവസ്ത്രത്തില്‍ ചലപ്പാടുകള്‍ ശ്രദ്ധിച്ച് എവിടുത്തെ മുറിവാണു പഴുത്തുപൊട്ടിയത് എന്നാശങ്കപ്പെടുന്ന ആണ്‍കുട്ടികളുടെയും, പെട്ടെന്നൊരുനാള്‍ ചോരയൂറിവരുന്നതു കാണുമ്പോള്‍ മാത്രം ഒരവയവത്തിന്‍റെ സാന്നിദ്ധ്യം ആദ്യമായി ബോദ്ധ്യപ്പെടുന്ന പെണ്‍കുട്ടികളുടെയും, ലൈംഗികപീഡനങ്ങളെ തിരിച്ചറിയാനാവാതെയോ മറ്റുള്ളവരോടു വിശദീകരിക്കാനാവാതെയോ കുഴങ്ങുന്ന പിഞ്ചുകുഞ്ഞുങ്ങളുടെയും, കല്യാണംകഴിഞ്ഞു വര്‍ഷങ്ങളായിട്ടും സംഭോഗത്തിലേക്കു കടന്നിട്ടില്ലാത്ത ദമ്പതികളുടെയുമൊക്കെ മനക്ലേശങ്ങളുടെ മൂലകാരണം ഒന്നുതന്നെയാണ് — ലൈംഗികവിദ്യാഭ്യാസത്തിന്‍റെ അഭാവം.
സമ്പൂര്‍ണസാക്ഷരതയുള്ള നമ്മുടെ നാട്ടില്‍പ്പോലും ലൈംഗികവിദ്യാഭ്യാസം അയിത്തം കല്‍പിച്ചു മാറ്റിനിര്‍ത്തപ്പെടുകയാണ്. ഒരുപിടി അജ്ഞതകളും തെറ്റിദ്ധാരണകളുമാണ് ഇതിനു പിന്നിലുള്ളത്. ലൈംഗികവിദ്യാഭ്യാസമെന്നാല്‍ പലരും ധരിച്ചുവെച്ചിരിക്കുന്നതുപോലെ കൂടെക്കിടക്കുമ്പോള്‍ എന്തൊക്കെയാണു ചെയ്യേണ്ടത് എന്ന പരിശീലനം മാത്രമല്ല; മറിച്ച് ലൈംഗികത എന്ന ഒറ്റപ്പദം കൊണ്ടു വിവക്ഷിപ്പിക്കപ്പെടുന്ന അനേകതരം ശരീരപ്രക്രിയകളെയും സ്വഭാവഗുണങ്ങളെയും കുറിച്ചുള്ള സമഗ്രമായ അറിവുപകരലാണ്.