മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

മനസ്സ് കിടപ്പറയിലെ വില്ലനാവുമ്പോള്‍

മനസ്സ് കിടപ്പറയിലെ വില്ലനാവുമ്പോള്‍

പഴയൊരു കാമ്പസ്ത്തമാശയുണ്ട് — ഹൈസ്കൂള്‍ക്ലാസില്‍ ഒരദ്ധ്യാപകന്‍ “ഏതാണ് ലോകത്തിലെ ഏറ്റവും ഭാരംകുറഞ്ഞ വസ്തു?” എന്നു ചോദിച്ചപ്പോള്‍ ഒരു വിദ്യാര്‍ത്ഥി ഉടനടിയുത്തരം കൊടുത്തു: “പുരുഷലിംഗം!” അദ്ധ്യാപകനും സഹപാഠികളും അന്തിച്ചുനില്‍ക്കുമ്പോള്‍ വിശദീകരണവും വന്നു: “വെറും ആലോചനകൊണ്ടു മാത്രം ഉയര്‍ത്തിയെടുക്കാവുന്ന മറ്റേതൊരു വസ്തുവാണ് ലോകത്തുള്ളത്?!”

ലൈംഗികാവയവങ്ങള്‍ക്കു മേല്‍ മനസ്സിനുള്ള സ്വാധീനശക്തിയെപ്പറ്റി കഥാനായകനുണ്ടായിരുന്ന ഈയൊരു ഉള്‍ക്കാഴ്ച പക്ഷേ നമ്മുടെ നാട്ടില്‍ പലര്‍ക്കും ലവലേശമില്ല. ലൈംഗികപ്രശ്നങ്ങള്‍ വല്ലതും തലപൊക്കുമ്പോള്‍ അതില്‍ മാനസികഘടകങ്ങള്‍ക്കും പങ്കുണ്ടാവാമെന്നും അവയെ തിരിച്ചറിഞ്ഞു പരിഹരിച്ചെങ്കിലേ പ്രശ്നമുക്തി കിട്ടൂവെന്നും ഒക്കെയുള്ള തിരിച്ചറിവുകളുടെ അഭാവം ഏറെയാളുകളെ മാര്‍ക്കറ്റില്‍ സുലഭമായ “എല്ലാ ലൈംഗികപ്രശ്നങ്ങള്‍ക്കും ശാശ്വതപരിഹാരം” എന്നവകാശപ്പെടുന്ന തരം ഉല്‍പന്നങ്ങള്‍ വന്‍വിലക്കു വാങ്ങി സ്വയംചികിത്സ നടത്തി പരാജയപ്പെടുന്നതിലേക്കു നയിക്കുന്നുണ്ട്.

ലൈംഗികത സങ്കീര്‍ണമായ ഒരു പ്രതിഭാസമാണ്. ഒരു ശാരീരികപ്രക്രിയ എന്നതിലുപരി അതിന് വൈകാരികവും സാമൂഹികവും സാംസ്കാരികവുമായ മാനങ്ങളും ഉണ്ട്. ലൈംഗികതാല്‍പര്യങ്ങള്‍ തലപൊക്കുക, ലൈംഗികമായ ഉണര്‍വു കിട്ടുക, രതിമൂര്‍ച്ഛ അനുഭവവേദ്യമാവുക എന്നിങ്ങനെയുള്ള ലൈംഗികപ്രക്രിയയുടെ വിവിധ ഘട്ടങ്ങളില്‍ മനസ്സും ശരീരവും ഒരുപോലെ നിര്‍ണായകമാണ്. മുപ്പതു തൊട്ട് നാല്‍പതു ശതമാനം വരെയാളുകള്‍ സമൂഹത്തില്‍ ലൈംഗിക അസംതൃപ്‌തിയോ ലൈംഗികപ്രശ്നങ്ങളോ പേറുന്നവരാണ് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ നല്ലൊരു പങ്കിലും പ്രശ്നഹേതുവാകുന്നത് മാനസിക കാരണങ്ങളാണ്.

മനസ്സിന് ലിംഗങ്ങളിലേക്കുള്ള വഴികള്‍

മനസ്സിന്‍റെയിരിപ്പിടമായ തലച്ചോറും, അത് വിവിധ നാഡികള്‍ വഴി ലൈംഗികാവയവങ്ങള്‍ക്കും അവ തിരിച്ചും കൈമാറുന്ന സന്ദേശങ്ങളും ആണ് ലൈംഗികതൃഷ്ണയും ഉണര്‍വും നിര്‍വൃതിയുമൊക്കെ സാദ്ധ്യമാക്കുന്നത്. 

മനസ്സിന്‍റെയിരിപ്പിടമായ തലച്ചോറും, അത് വിവിധ നാഡികള്‍ വഴി ലൈംഗിക അവയവങ്ങള്‍ക്കും അവ തിരിച്ചും കൈമാറുന്ന സന്ദേശങ്ങളും ആണ് ലൈംഗികതൃഷ്ണയും ഉണര്‍വും നിര്‍വൃതിയുമൊക്കെ സാദ്ധ്യമാക്കുന്നത്. ഉദാഹരണത്തിന് പുരുഷന്മാരുടെ ലിംഗോദ്ധാരണം സെറിബ്രല്‍ കോര്‍ട്ടക്സ്, ലിംബിക്ക് വ്യൂഹം, ഹൈപ്പോതലാമസ് എന്നീ മസ്തിഷ്കഭാഗങ്ങളുടെ നിയന്ത്രണത്തിലാണ്. ഇവ തന്നെയാണ് സുപ്രധാനമായ പല മനോവൃത്തികളും സാദ്ധ്യമാക്കുന്നതും. അതുകൊണ്ടാണ് മുമ്പുപറഞ്ഞപോലെ ആലോചനകള്‍ക്കും ഉദ്ധാരണമുണ്ടാക്കാനാവുന്നത്. മാനസികസമ്മര്‍ദ്ദം പോലുള്ള പ്രശ്നങ്ങള്‍ക്ക് ഉദ്ധാരണശേഷിയെ അലങ്കോലമാക്കാനാവുന്നതും ഇതുകൊണ്ടുതന്നെയാണ്. അതുപോലെ പുരുഷന്മാരിലാണെങ്കിലും സ്ത്രീകളിലാണെങ്കിലും ലൈംഗികതൃഷ്‌ണയുളവാകുന്നതില്‍ ടെസ്റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണിന് വലിയൊരു പങ്കുണ്ട്. മാനസികസമ്മര്‍ദ്ദം, ഉറക്കപ്രശ്നങ്ങള്‍ തുടങ്ങിയവ ഈ ഹോര്‍മോണിന്‍റെയളവിനെ ബാധിക്കുകയും അതുവഴി ലൈംഗികതാല്‍പര്യങ്ങളെ വറ്റിക്കുകയും ചെയ്യാറുമുണ്ട്.

നമ്മുടെ ശരീരത്തില്‍ നാം സ്വയമറിഞ്ഞുമുന്‍കയ്യെടുക്കാതെതന്നെ നടക്കുന്ന പല ആന്തരികപ്രക്രിയകളും സംഭവ്യമാക്കുന്നത് സിമ്പതെറ്റിക്ക്, പാരാസിമ്പതെറ്റിക്ക് എന്നിങ്ങനെ രണ്ടു നാഡീവ്യവസ്ഥകളാണ്. നാമെന്തെങ്കിലും ആപത്തുകളില്‍ച്ചെന്നുപെടുമ്പോഴും നമുക്ക് ഉത്ക്കണ്ഠയനുഭവപ്പെടുമ്പോഴുമെല്ലാം സിമ്പതെറ്റിക്ക് നാഡീവ്യവസ്ഥ ഉത്തേജിക്കപ്പെടുന്നുണ്ട്. പുരുഷന്മാര്‍ക്കു സ്ഖലനം സാദ്ധ്യമാക്കുന്നതും ഇതേ സിമ്പതെറ്റിക്ക് വ്യവസ്ഥയാണ്. ഇക്കാരണത്താല്‍ അമിതമായ ഉത്ക്കണ്ഠക്ക് ശീഖ്രസ്ഖലനത്തിനു വഴിവെക്കാനാവാറുമുണ്ട്. ഉദ്ധാരണത്തിലാവട്ടെ സിമ്പതെറ്റിക്ക്, പാരാസിമ്പതെറ്റിക്ക് വ്യവസ്ഥകള്‍ ഒരുപോലെ പ്രസക്തമാണ്. വല്ലാതെയാകുലരായി സിമ്പതെറ്റിക്ക് വ്യവസ്ഥയാകെ ഉത്തേജിച്ചുനില്‍ക്കുന്നവര്‍ക്ക് പലപ്പോഴും ഉദ്ധാരണം സാദ്ധ്യമാവാതെ പോവുന്നത് ഇതുകൊണ്ടാണ്.

പുരുഷന്മാരില്‍ ഉദ്ധാരണം, സ്ഖലനം എന്നിവക്കു നിര്‍ണായകമായ സിറോട്ടോണിന്‍, നോറെപ്പിനെഫ്രിന്‍ എന്നീ നാഡീരസങ്ങള്‍ക്ക് നമ്മുടെ വികാരനിലയുടെ നിയന്ത്രണത്തിലും പങ്കുണ്ട്. അതിനാല്‍ത്തന്നെ ഈ നാഡീരസങ്ങളിലെ വ്യതിയാനം കൊണ്ടുവരുന്ന വിഷാദം പോലുള്ള മാനസികപ്രശ്നങ്ങളുള്ളവരില്‍ ലൈംഗികബുദ്ധുമുട്ടുകള്‍ കൂടുതലായിക്കണ്ടുവരാറുമുണ്ട്.

മനസ്സ് പ്രശ്നകാരിയാവുന്ന രീതികള്‍

മാനസിക കാരണങ്ങള്‍ ലൈംഗികപ്രശ്നങ്ങള്‍ക്കിടയാക്കാറുള്ളത് മൂന്നുതരത്തിലാണ്:

  1. ഭാവിയില്‍ ലൈംഗികപ്രശ്നങ്ങള്‍ വരാനുള്ള സാദ്ധ്യത കൂട്ടി: ഉദാഹരണത്തിന് സ്വയംമതിപ്പില്ലായ്ക, ലൈംഗിക ദുരനുഭവങ്ങള്‍ തുടങ്ങിയവ പിന്നീടെപ്പോഴെങ്കിലുമുണ്ടാകുന്ന നേരിയ ലൈംഗികവൈഷമ്യങ്ങള്‍ പോലും സാരമായ ലൈംഗികപ്രശ്നങ്ങളായി മാറാനുള്ള വളമായിത്തീരാം.
  2. ലൈംഗികപ്രശ്നങ്ങള്‍ക്കു രംഗപ്രവേശം ചെയ്യാന്‍ നിമിത്തമൊരുക്കി: ഉദാഹരണത്തിന് പങ്കാളിയുടെ ഒടുങ്ങാത്ത പരിഹാസവും, പലവുരു ശ്രമിച്ചിട്ടും വേഴ്ചകള്‍ സംതൃപ്തിയേകാത്ത സാഹചര്യവുമൊക്കെ ആത്മവിശ്വാസം ക്ഷയിപ്പിക്കുകയും അതുവഴി ലൈംഗികപ്രശ്നങ്ങള്‍ക്കിടവരുത്തുകയും ചെയ്യാം.
  3. ഉള്ള പ്രശ്നങ്ങള്‍ വിട്ടുമാറാതിരിക്കാന്‍ കളമൊരുക്കി: ലൈംഗികകാര്യങ്ങളിലുള്ള അജ്ഞത, ലൈംഗികപൂര്‍വകേളികള്‍ക്ക് പ്രാധാന്യം കൊടുക്കായ്ക തുടങ്ങിയവ കുഴപ്പമുണ്ടാക്കുന്നത് ഇത്തരത്തിലാവാം.
  4. ചില ഘടകങ്ങള്‍ ഇതില്‍ ഒന്നിലധികം രീതികളില്‍ പ്രശ്നകാരികളാവാം. ഉദാഹരണത്തിന് അമിതമായ ഉത്ക്കണ്ഠ ലൈംഗികപ്രശ്നങ്ങള്‍ പിടിപെടാനുള്ള സാദ്ധ്യത കൂട്ടുന്നതിനൊപ്പം വന്ന പ്രശ്നങ്ങള്‍ വിട്ടുമാറാതെനില്‍ക്കുന്നതിനും നിമിത്തമാവാം.

 

ഇനി, ലൈംഗികപ്രശ്നങ്ങള്‍ക്കു വഴിവെക്കാറുള്ള ചില പ്രധാന മാനസിക കാരണങ്ങളെപ്പറ്റി കൂടുതലറിയാം.

ചെറുപ്പകാലങ്ങളിലുള്ള ശീലം...

ചെറുപ്രായത്തിലെ അനുഭവങ്ങള്‍ക്ക് ഒരാളുടെ ഭാവിലൈംഗികശേഷിയെ സ്വാധീനിക്കാനാവും. ഉദാഹരണത്തിന് ലൈംഗികാവയവങ്ങള്‍ അഴുക്കാണ്, ലജ്ജയോടെ മാത്രം നോക്കിക്കാണേണ്ടവയാണ് എന്നൊക്കെയുള്ള തെറ്റിദ്ധാരണകള്‍ കുഞ്ഞുനാളുകളില്‍ മനസ്സില്‍ക്കലരുന്നത് പിന്നീടു പ്രശ്നങ്ങള്‍ക്കിടയാക്കാം. ഗര്‍ഭധാരണത്തെക്കുറിച്ചോ ലൈംഗികരോഗങ്ങളെക്കുറിച്ചോ മുതിര്‍ന്നവര്‍ പെരുമാറേണ്ട രീതികളെക്കുറിച്ചോ ഒക്കെ സ്വായത്തമാക്കുന്ന പിഴവുനിറഞ്ഞ മുന്‍വിധികളും ഭാവിയില്‍ പ്രശ്നഹേതുവാകാം. ബാല്യകൌമാരങ്ങളിലെ ലൈംഗികാനുഭവങ്ങള്‍, ലൈംഗിക മനോരാജ്യങ്ങള്‍ തുടങ്ങിയവയും പ്രസക്തമാണ്.

ഒരാള്‍ വളര്‍ന്നുവരുന്ന കുടുംബപശ്ചാത്തലം എത്തരത്തിലുള്ളതാണെന്നതും പ്രധാനമാണ്. മാതാപിതാക്കളോടും സഹോദരങ്ങളോടുമൊക്കെ നല്ല വൈകാരികാടുപ്പമുണ്ടാകുന്നത് സ്വശരീരത്തെപ്പറ്റി ആവശ്യത്തിനു മതിപ്പും, അതുവഴി ലൈംഗികകാര്യങ്ങളില്‍ ആരോഗ്യകരമായ സ്വാഭിമാനവും നല്ല ലൈംഗികവ്യക്തിത്വവും രൂപപ്പെടാന്‍ സഹായിക്കും. മറുവശത്ത്, അതീവകര്‍ക്കശക്കാരുടെ മക്കളിലും അതികര്‍ശനമായ മതവിദ്യാഭ്യാസം കിട്ടുന്നവരിലുമൊക്കെ ചിലപ്പോള്‍ ലൈംഗികത പാപമാണ് എന്ന മനോഭാവവും പ്രായാനുസൃതമായ ലൈംഗികചിന്തകള്‍ പോലും ഏറെ ലജ്ജയും കുറ്റബോധവുമുളവാക്കുന്ന സാഹചര്യവും രൂപപ്പെടുകയും, ഇതൊക്കെ കാലക്രമത്തില്‍ ലൈംഗികപ്രശ്നങ്ങളിലേക്കു വളരുകയും ചെയ്യാം.

എന്നാല്‍ ചിലര്‍ക്കെങ്കിലും മുതിര്‍ന്നുകഴിഞ്ഞ് ഇത്തരം പൂര്‍വാനുഭവങ്ങളുടെ ദുസ്സ്വാധീനത്തില്‍ നിന്നു പുറത്തുകടക്കാനാവാറുമുണ്ട്.

ചിന്താഗതികളുണ്ടാക്കുന്ന ഗതികേടുകള്‍

ലൈംഗികതയെപ്പറ്റിയുള്ള കാഴ്ചപ്പാടുകളിലും ലൈംഗികാവസരങ്ങളെ നോക്കിക്കാണുന്ന രീതികളിലുമുള്ള വൈകല്യങ്ങളും ചിലപ്പോള്‍ പ്രശ്നകാരണമാവാം. ഉദാഹരണത്തിന്, ലൈംഗികഉണര്‍വ്വ് എത്രതന്നെ തീക്ഷ്ണമാണെങ്കിലും “ഇതൊന്നും പോരാ” എന്ന ചിന്താഗതി പുലര്‍ത്തുന്നവര്‍ക്ക് ക്രമേണ ഉദ്ധാരണത്തിലും മറ്റും പ്രശ്നങ്ങള്‍ കിട്ടാം. ഒരു പുരുഷന് നല്ല ഉദ്ധാരണം കിട്ടാന്‍ അനുയോജ്യയായ പങ്കാളിയും അനുകൂലമായ സാഹചര്യങ്ങളുമൊക്കെ ലഭ്യമാവേണ്ടതുണ്ട് എന്നിരിക്കെ ഇടക്കു വല്ലപ്പോഴും ഉദ്ധാരണത്തില്‍ ചെറിയൊരു പ്രശ്നം തോന്നിയാല്‍ ഉടനെ അത് തന്‍റെ തന്നെ കുറ്റം കൊണ്ടുമാത്രമാണു സംഭവിച്ചത് എന്ന നിര്‍ണയത്തിലെത്തുന്ന ശീലക്കാര്‍ക്ക് ക്രമേണ ആത്മവിശ്വാസക്കുറവും അതുവഴി ലൈംഗികബുദ്ധിമുട്ടുകളും പിടിപെടാം. “എനിക്കു പ്രത്യേകിച്ച് സുഖമൊന്നും കിട്ടിയേക്കില്ല" എന്നൊക്കെയുള്ള മുന്‍വിധികളോടെ വേഴ്ചക്കിറങ്ങുന്നവര്‍ക്കും നീലച്ചിത്രങ്ങളില്‍ നിന്നും മറ്റും സ്വായത്തമാക്കിയ ലിംഗവലിപ്പത്തെയും ഉദ്ധാരണദൈര്‍ഘ്യത്തെയുമൊക്കെപ്പറ്റിയുള്ള വികലധാരണകള്‍ ഉള്ളില്‍പ്പേറുന്നവര്‍ക്കുമൊക്കെ ലൈംഗികപ്രശ്നങ്ങള്‍ പകരംകിട്ടുകയുമാവാം.

വേഴ്ചാനേരത്ത് പങ്കാളിയില്‍ ശ്രദ്ധിച്ചാലേ നല്ല ലൈംഗികഉണര്‍വും ഉദ്ധാരണവും കിട്ടൂ. അതിനു പകരം തന്‍റെയുദ്ധാരണം എത്രത്തോളം ബലവത്താണ്, അത് എത്ര നേരം നീണ്ടുനില്‍ക്കുന്നുണ്ട്, പങ്കാളിക്ക് തന്നെപ്പറ്റി മതിപ്പുതോന്നുന്നുണ്ടോ എന്നൊക്കെ നിരീക്ഷിക്കാന്‍ പോവുന്നവര്‍ക്ക് അതുവഴി പങ്കാളിയിലുള്ള ശ്രദ്ധ നഷ്ടമാവുകയും അങ്ങിനെ ഉണര്‍വും ഉദ്ധാരണവുമൊക്കെ അവതാളത്തിലാവുകയും ചെയ്യാം.

ആധികള്‍ വ്യാധികളാവുമ്പോള്‍

ലൈംഗികപ്രശ്നങ്ങളുള്ളവരില്‍ അമിതോത്ക്കണ്ഠ സാധാരണമാണ് എന്ന് പഠനങ്ങള്‍ പറയുന്നു. സുരക്ഷിതമായ ചുറ്റുപാടുകള്‍ക്കു നടുവില്‍ ഇത്തിരിയൊക്കെ ഉത്ക്കണ്ഠയനുഭവപ്പെടുന്നത് ലൈംഗികഉണര്‍വിനെ ബലപ്പെടുത്തുകയാണു ചെയ്യുക — കടുത്തതോ പഴകിയതോ സ്വന്തം കൈപ്പിടിയിലല്ലാത്ത സാഹചര്യങ്ങള്‍ ഉളവാക്കുന്നതോ ഒക്കെയായ ഉത്ക്കണ്ഠകളാണ് കാര്യങ്ങളെ തകിടംമറിക്കുക.

ചിലര്‍ക്ക് സര്‍വജീവിതമേഖലകളിലുമുള്ള അമിതോത്ക്കണ്ഠ ലൈംഗികകാര്യങ്ങളിലും പ്രതിഫലിക്കുകയാണു ചെയ്യുക എങ്കില്‍ മറ്റു ചിലരുടെ ഉത്ക്കണ്ഠ ലൈംഗികവിഷയങ്ങളില്‍ മാത്രമാവാം. ലൈംഗികാവയവങ്ങള്‍ക്കു വേണ്ടത്ര വലിപ്പമുണ്ടോ, പങ്കാളിയെ തൃപ്തിപ്പെടുത്താന്‍ തനിക്കായേക്കുമോ, തന്‍റെ കൊക്കിലൊതുങ്ങാത്ത വല്ലതും പങ്കാളി ആവശ്യപ്പെട്ടേക്കുമോ, പങ്കാളിക്കു സംതൃപ്തി തോന്നിയില്ലെങ്കില്‍ എന്താവും ഫലം എന്നൊക്കെയുള്ള ആശങ്കകള്‍, പ്രത്യേകിച്ച് സ്ത്രീകളില്‍, സാധാരണമാണ്. ഇത്തരം ആധികള്‍ വേഴ്ചാവേളയില്‍ ശ്രദ്ധ പങ്കാളിയില്‍ നിന്നു വ്യതിചലിച്ച് തന്നില്‍ത്തന്നെ കേന്ദ്രീകരിക്കുന്നതിനു നിമിത്തമാവുകയും അത് മുമ്പുപറഞ്ഞപോലെ ലൈംഗികയുണര്‍വിനെയും അതുവഴി ലൈംഗികശേഷിയെയും താറുമാറാക്കുകയും ചെയ്യാം.

തൊഴിലും ഗൃഹാന്തരീക്ഷവുമൊക്കെ സൃഷ്ടിക്കുന്ന കടുത്ത മാനസികസമ്മര്‍ദ്ദവും ഇക്കാലത്ത് ലൈംഗികപ്രശ്നങ്ങളുടെ കാരണങ്ങളില്‍ മുന്‍നിരയിലുണ്ട്.

വിഷാദത്തിലെ വൈഷമ്യങ്ങള്‍

ലൈംഗികപ്രശ്നങ്ങളുള്ളവരില്‍ മുപ്പത്തഞ്ചു മുതല്‍ എഴുപത്തഞ്ചു വരെ ശതമാനം പേരില്‍ വിഷാദരോഗവും കാണപ്പെടുന്നുണ്ട് എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വിഷാദത്തിനുള്ള ചികിത്സ കൂടിക്കിട്ടിയാലേ ഇത്തരക്കാരുടെ ലൈംഗികപ്രശ്നങ്ങള്‍ക്ക് പൂര്‍ണശമനമാവാറുള്ളൂ. പുരുഷന്മാരെക്കാളേറെ സ്ത്രീകളെയാണ് വിഷാദം കൂടുതല്‍ ബാധിക്കാറുള്ളത്.

ചിലരെ ബാധിക്കുന്ന വിഷാദം പോലുള്ള മാനസികപ്രശ്നങ്ങള്‍ അവരുടെ പങ്കാളികളില്‍ ലൈംഗികപ്രശ്നങ്ങള്‍ക്കു കളമൊരുക്കാം.

വിഷാദത്തിന്‍റെ പതിവു ലക്ഷണങ്ങള്‍ അകാരണമായ സങ്കടം, ദൈനംദിനകാര്യങ്ങളിലെ നിരുത്സാഹം, ഉറക്കത്തിലും വിശപ്പിലുമുള്ള വ്യതിയാനങ്ങള്‍, തളര്‍ച്ച, അനാവശ്യ കുറ്റബോധം, ജീവിതത്തില്‍ പ്രത്യാശയില്ലാതാവല്‍, മരണത്തെയോ ആത്മഹത്യയെയോ കുറിച്ചുള്ള അടങ്ങാത്ത ചിന്തകള്‍ തുടങ്ങിയവയാണ്. എന്നാല്‍ ചിലരിലെങ്കിലും മാനസികലക്ഷണങ്ങളൊന്നുമില്ലാതെ ലൈംഗികപ്രശ്നങ്ങള്‍ പോലുള്ള ശാരീരികവൈഷമ്യങ്ങള്‍ മാത്രമാവാം പ്രകടമാവുന്നത്. വിഷാദത്തിന്‍റെ ഏറ്റവും സാധാരണമായ ലൈംഗികലക്ഷണം ലൈംഗികകാര്യങ്ങളില്‍ താല്‍പര്യം നഷ്ടപ്പെടലാണ്. ഇതിനുപുറമെ ലൈംഗികയുണര്‍വ് കിട്ടാതാവലും ഉദ്ധാരണത്തിലെയോ സ്ഖലനത്തിലെയോ പ്രശ്നങ്ങളുമൊക്കെ വിഷാദത്തിന്‍റെ ഭാഗമായി വരാം. ചിലരില്‍, പ്രത്യേകിച്ച് സ്ത്രീകളില്‍, വേഴ്ചാനേരത്ത് വേദനയനുഭവപ്പെടുകയുമാവാം.

ചിലരില്‍ വിഷാദം ലൈംഗികപ്രശ്നങ്ങള്‍ക്കു വിത്താവുമ്പോള്‍ മറ്റു ചിലരില്‍ തിരിച്ച് ലൈംഗികപ്രശ്നങ്ങളുണ്ടാക്കുന്ന മന:ക്ലേശം വിഷാദത്തിനു വഴിവെക്കുകയാണ് ചെയ്യുക. ശാരീരികകാരണങ്ങളാല്‍ ലൈംഗികപ്രശ്നങ്ങള്‍ വരുന്നവരിലും ചിലപ്പോള്‍ വിഷാദം കൂടി ആവിര്‍ഭവിക്കുകയും, അതു തിരിച്ചറിയപ്പെടാതെയും ചികിത്സിക്കപ്പെടാതെയും പോവുകയും, തല്‍ഫലമായി ലൈംഗികപ്രശ്നങ്ങള്‍ക്കുള്ള ശാരീരിക ചികിത്സകള്‍ക്ക് ഉദ്ദേശിച്ച ഫലംകിട്ടാതിരിക്കുകയും ചെയ്യാം. ചിലരെ ബാധിക്കുന്ന വിഷാദം പോലുള്ള മാനസികപ്രശ്നങ്ങള്‍ അവരുടെ പങ്കാളികളില്‍ ലൈംഗികപ്രശ്നങ്ങള്‍ക്കു കളമൊരുക്കുകയുമാവാം.

പീഡനാനുഭവങ്ങളുടെ പങ്ക്

കരടിയുടെ കയ്യില്‍പ്പെട്ടവന് കമ്പിളിക്കാരനെയും പേടി എന്നു പറഞ്ഞപോലെ ബാല്യകാലത്തോ മുതിര്‍ന്നുകഴിഞ്ഞോ ലൈംഗികപീഡനങ്ങള്‍ക്കിരയാവുന്നവര്‍ക്ക് അനന്തരം പല ലൈംഗികപ്രശ്നങ്ങളും നേരിടേണ്ടിവരാറുണ്ട്. ലൈംഗികതയെ നഷ്ടബോധം, നാണക്കേട്, കുറ്റബോധം, ശിക്ഷ തുടങ്ങിയവയുമായി ബന്ധപ്പെടുത്തി മാത്രം നോക്കിക്കാണാനാവുക, ലൈംഗികകാര്യങ്ങളോട് — പ്രത്യേകിച്ച് പീഡനത്തിന്‍റെ ഭാഗമായിരുന്ന ലൈംഗികപ്രവൃത്തികളോട് — വിരക്തിയോ അറപ്പോ രൂപപ്പെടുക, മറ്റുള്ളവരുമായി വൈകാരികമായടുക്കാന്‍ ക്ലേശം ജനിക്കുക തുടങ്ങിയവ ഇതില്‍പ്പെടുന്നു. ഇത്തരക്കാരില്‍ സിമ്പതെറ്റിക്ക് വ്യവസ്ഥ ആകെയലങ്കോലമായി വേണ്ടതിലേറെ ഉത്തേജിച്ചുനില്‍ക്കാന്‍ തുടങ്ങുന്നതും ഇവരില്‍ ലൈംഗികപ്രശ്നങ്ങള്‍ക്കുള്ള സാദ്ധ്യതയേറ്റുന്നുണ്ട്.

ഇഷ്ടക്കേടുകളുണ്ടാക്കുന്ന കഷ്ടപ്പാടുകള്‍

ലൈംഗികത പ്രശ്നരഹിതമാവാന്‍ പങ്കാളികള്‍ തമ്മില്‍ ലൈംഗികേതര വിഷയങ്ങളിലും നല്ല ബന്ധവും ഐക്യവും മാനസികാടുപ്പവും നിലനില്‍ക്കേണ്ടതുണ്ട്. ലൈംഗികപ്രശ്നങ്ങളുള്ളവരില്‍ ദാമ്പത്യ അസ്വാരസ്യങ്ങള്‍ സാധാരണവുമാണ്. ഏതാണാദ്യം വന്നത് — ലൈംഗികബുദ്ധിമുട്ടുകള്‍ ദാമ്പത്യപ്രശ്നങ്ങള്‍ക്കു വഴിവെച്ചോ അതോ തിരിച്ചാണോ — എന്നു നിര്‍ണയിക്കുക പലപ്പോഴും ദുഷ്കരമാവാറുണ്ട് എന്നതു ശരിയാണ്. എന്നാല്‍ രണ്ടു രീതിയിലാണെങ്കിലും, ഇനി ലൈംഗികപ്രശ്നങ്ങള്‍ വന്നത് ശാരീരികകാരണങ്ങള്‍ മൂലമാണെങ്കില്‍പ്പോലും തന്നെയും, പങ്കാളികളുടെ സ്വരച്ചേര്‍ച്ചകള്‍ക്കു കൂടി പരിഹാരമുണ്ടായാലേ പലപ്പോഴും ലൈംഗികചികിത്സകള്‍ക്കു ലക്ഷ്യം കാണാനാവാറുള്ളൂ.

ലൈംഗികകാര്യങ്ങളിലുള്ള കുഞ്ഞുകുഞ്ഞ് അഭിപ്രായവ്യത്യാസങ്ങള്‍ പോലും ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള കഴിവ് ദമ്പതികള്‍ക്കില്ലാതെ പോവുന്നത് അവയൊക്കെ വഷളാവാനും ലൈംഗികപ്രശ്നങ്ങളായി വളരാനും ഇടയാക്കാം. പങ്കാളികളില്‍ ഒരാള്‍ക്കു വല്ല ലൈംഗികപ്രശ്നവുമുണ്ടാവുന്നത് മറ്റേയാളിലും കുഴപ്പങ്ങള്‍ക്കു വഴിയൊരുക്കുകയുമാവാം — ലൈംഗികകാര്യങ്ങളില്‍ വിരക്തിയുള്ള സ്ത്രീകളുടെ ഭര്‍ത്താക്കന്മാര്‍ക്ക് ഉദ്ധാരണപ്രശ്നങ്ങളും മറ്റും പിടിപെടുന്നത് ഉദാഹരണമാണ്.

 

മനസ്സ് നിശ്ചിത പ്രശ്നങ്ങളില്‍

അടുത്തതായി, സര്‍വസാധാരണമായ ചില ലൈംഗികപ്രശ്നങ്ങളുടെ ആവിര്‍ഭാവത്തില്‍ മാനസികഘടകങ്ങള്‍ പങ്കുവഹിക്കുന്നത് ഏതുവിധത്തിലാണെന്നു നോക്കാം.

പുരുഷന്മാരിലെ പ്രശ്നങ്ങള്‍

ഉദ്ധാരണമില്ലായ്ക

ഉദ്ധാരണശേഷിയില്ലാത്തവരില്‍ ഇരുപതു മുതല്‍ അമ്പതു വരെ ശതമാനം പേരിലും രോഗഹേതുവാകുന്നത് മാനസിക ഘടകങ്ങളാണ്. മാനസികമോ ശാരീരികമോ ആയ കാരണങ്ങളുണ്ടാക്കുന്ന ഉദ്ധാരണപ്രശ്നങ്ങളുടെ ഒരു താരതമ്യം ഇതാ:

   മാനസികകാരണങ്ങള്‍ കൊണ്ടുള്ള ഉദ്ധാരണപ്രശ്നങ്ങള്‍ ശാരീരികകാരണങ്ങള്‍ കൊണ്ടുള്ള ഉദ്ധാരണപ്രശ്നങ്ങള്‍
തുടക്കം പെട്ടെന്നൊരു നാള്‍ ഉദ്ധാരണശേഷി തീര്‍ത്തും നഷ്ടമാവുന്നു. ആദ്യം ഇത്തിരി പ്രശ്നം മാത്രം കാണുന്നു, പിന്നെയത് പതിയെപ്പതിയെ വഷളാവുന്നു. 
പുലര്‍കാലത്ത് ഉറക്കത്തിനിടയിലുള്ളഉദ്ധാരണങ്ങള്‍ ബാക്കിനില്‍ക്കുന്നു നഷ്ടമാവുന്നു
വ്യാപ്തി ചില സ്ത്രീകളുമായി ഉദ്ധാരണം കിട്ടാം. ഒരു സ്ത്രീയുമായും ബന്ധപ്പെടാനാവില്ല.
ശീഘ്രസ്ഖലനം

സിമ്പതെറ്റിക്ക് വ്യവസ്ഥയുടെ നിയന്ത്രണത്തിലാണ് സ്ഖലനം എന്നതിനാല്‍ അതിനെത്താറുമാറാക്കാന്‍ മാനസികകാരണങ്ങള്‍ക്ക് എളുപ്പത്തില്‍ സാധിക്കാറുണ്ട്. ലൈംഗികതയുമായി ബന്ധപ്പെട്ട ഉത്ക്കണ്ഠ, കുറ്റബോധം, അമിതപ്രതീക്ഷ തുടങ്ങിയവയും എല്ലാം വളരെ പെര്‍ഫക്റ്റായിച്ചെയ്യണമെന്ന ദുര്‍വാശിയുമൊക്കെ ശീഘ്രസ്ഖലനത്തില്‍ കലാശിക്കാം. വിവാഹപൂര്‍വബന്ധങ്ങളിലും മറ്റും പിടിക്കപ്പെടുന്നതൊഴിവാക്കാനായി വേഴ്ച കഴിയുന്നത്ര വേഗം തീര്‍ത്തെടുക്കാറുണ്ടായിരുന്നവര്‍ക്കും പിന്നീട് സ്ഖലനം പെട്ടെന്നാവാം.

ശീഘ്രസ്ഖലനം തടയാനുദ്ദേശിച്ച് വേഴ്ചാവേളകളില്‍ ശ്രദ്ധ അപ്രസക്ത കാര്യങ്ങളിലേക്കു തിരിച്ചുവിടുന്നത് ഉദ്ധാരണപ്രശ്നങ്ങള്‍ക്കും മറ്റും വഴിവെക്കാറുമുണ്ട്.

രതിമൂര്‍ച്ഛ കിട്ടായ്ക

ചിലരില്‍ സ്ഖലനം വല്ലാതെ വൈകുകയോ തീരെ നടക്കാതെപോവുകയോ ചെയ്യാറുണ്ട്. വല്ലാതെ സ്ട്ട്രിക്ക്റ്റായ ഒരു കുടുംബാന്തരീക്ഷത്തില്‍ വളരുക, ഉള്ളിന്‍റെയുള്ളില്‍ സ്ത്രീകളോടു ശത്രുത സൂക്ഷിക്കുക, പങ്കാളിയുമായി പൊരുത്തക്കേടുകളുണ്ടാവുക, പങ്കാളിയോടുള്ള ലൈംഗികതാല്‍പര്യം പൊയ്പ്പോവുക, സ്നേഹക്കുറവൊന്നുമില്ല എന്നു പങ്കാളിയെ ബോദ്ധ്യപ്പെടുത്താന്‍ വേണ്ടി മാത്രം നിരന്തരം വേഴ്ചയിലേര്‍പ്പെടേണ്ടി വരിക, പങ്കാളി ഗര്‍ഭിണിയായാലുള്ള സ്ഥിതിയെപ്പറ്റി ആശങ്കകളുണ്ടാവുക തുടങ്ങിയവ ഈയവസ്ഥക്കു കാരണമാവാറുണ്ട്.

സ്ത്രീകളിലെ പ്രശ്നങ്ങള്‍

സ്ത്രീകളുടെ ലൈംഗികശേഷി പുഷ്ടിപ്പെടുത്താനായി അംഗീകൃത മരുന്നുകളൊന്നും നിലവിലില്ല എന്നത് മാനസികഘടകങ്ങളെ തിരിച്ചറിയുന്നതും പരിഹരിക്കുന്നതും അവരില്‍ കൂടുതല്‍ പ്രസക്തമാക്കുന്നുണ്ട്.

വേഴ്ചാനേരത്തെ വേദനകള്‍

ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ മനപ്പൂര്‍വമല്ലാതെ യോനീപേശികള്‍ വലിച്ചുകോച്ചുകയും അതികഠിനമായ വേദനയുളവാകുകയും വേഴ്ച ദുഷ്കരമാവുകയും ചെയ്യുന്ന വജൈനിസ്മസ് (vaginismus) എന്ന പ്രശ്നത്തിനു പലപ്പോഴും മാനസികഘടകങ്ങളും കാരണമാവാറുണ്ട്. ഗര്‍ഭമാവുമോ, യോനിക്കു പരിക്കേല്‍ക്കുമോ എന്നൊക്കെയുള്ള ഭയങ്ങളോ, വേഴ്ചാവിഷയത്തില്‍ ഉത്ക്കണ്ഠയോ താല്‍പര്യമില്ലായ്കയോ, പങ്കാളിയില്‍ വിശ്വാസക്കുറവോ ഉള്ളവരിലും ലൈംഗികപീഡനങ്ങള്‍ക്കിരയായവരിലും ഈ പ്രശ്നം കൂടുതലായിക്കാണാറുണ്ട്.

രതിമൂര്‍ച്ഛ കിട്ടായ്ക

ഗര്‍ഭമായേക്കുമോ, പങ്കാളി ഉപേക്ഷിച്ചേക്കുമോ, യോനിക്കു പരിക്കുപറ്റുമോ എന്നൊക്കെയുള്ള ആശങ്കകളും, പുരുഷവര്‍ഗത്തോടുള്ള വിദ്വേഷവും, തനിക്കു സുഖിക്കാനുള്ള അര്‍ഹതയൊന്നുമില്ല എന്ന മനോഭാവവും, ലൈംഗികത വൃത്തികേടാണ്, പാപമാണ് എന്നൊക്കെയുള്ള മുന്‍വിധികളുമൊക്കെ ഈയവസ്ഥക്കു കാരണമാവാം. സ്വന്തം ലൈംഗികതാല്‍പര്യങ്ങളെപ്പറ്റി പങ്കാളിയോടു തുറന്നുസംസാരിക്കാനുള്ള ത്രാണിയില്ലാത്തവര്‍ക്കും ഈ പ്രശ്നം വരാം.

മനസ്സിന്‍റേതു മാത്രമായ രോഗങ്ങള്‍

അവസാനമായി, ലൈംഗികപ്രശ്നങ്ങളെന്ന് പൊതുവേ തെറ്റിദ്ധരിക്കപ്പെടാറുള്ള, എന്നാല്‍ യഥാര്‍ത്ഥത്തില്‍ മാനസികപ്രശ്നങ്ങളായ ചില അവസ്ഥകളെ പരിചയപ്പെടാം:

എത്രതന്നെ വേണ്ടെന്നുവെച്ചാലും ലൈംഗികചിന്തകളും നഗ്നചിത്രങ്ങളുമൊക്കെ മനസ്സിലേക്കു തള്ളിക്കയറിവന്നുകൊണ്ടേയിരിക്കുന്നത് ഒ.സി.ഡി. എന്ന മാനസികപ്രശ്നത്തിന്‍റെ ലക്ഷണമാവാം.

ഇന്ത്യയടക്കമുള്ള ചില ഏഷ്യന്‍‍രാജ്യങ്ങളില്‍ ചില പുരുഷന്മാര്‍ തന്‍റെ ലിംഗം ചുരുങ്ങുകയാണെന്നും പതിയെയത് വയറ്റിനുള്ളിലേക്കു കയറി താന്‍ മരിച്ചുപോവുമെന്നും ഒക്കെയുള്ള, വൈദ്യശാസ്ത്രദൃഷ്ടിയില്‍ ഒരടിസ്ഥാനവുമില്ലാത്ത, ഭയങ്ങള്‍ കൊണ്ടുനടക്കാറുണ്ട്. സ്ത്രീകളിലാണെങ്കില്‍ ഈയാശങ്ക ലൈംഗികാവയവങ്ങളെയും സ്തനങ്ങളെയും പറ്റിയാവാം. സ്വയംഭോഗത്തെയും സ്വപ്നസ്ഖലനത്തെയും ലൈംഗികചോദനകളെയുമൊക്കെക്കുറിച്ചുള്ള അബദ്ധദ്ധാരണകളാണ് കോറോ എന്നറിയപ്പെടുന്ന ഈയവസ്ഥക്കു കാരണമാവാറുള്ളത്.

ധാത് സിണ്ട്രോം എന്നൊരു പ്രശ്നം ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ (ചുരുക്കംചിലപ്പോള്‍ നമ്മുടെ നാട്ടിലെയും) പുരുഷന്മാരില്‍ കണ്ടുവരാറുണ്ട്. മൂത്രമൊഴിക്കുമ്പോള്‍ കൂടെ ശുക്ലവും പുറത്തുപോവുന്നു, അത് പല ശാരീരികപ്രശ്നങ്ങളും വരുത്തിവെച്ചിരിക്കുന്നു എന്നൊക്കെയുള്ള അനാവശ്യ ആകുലതകളാണ് ഇതിന്‍റെ മുഖ്യലക്ഷണം. ഒരു തുള്ളി ശുക്ലമുണ്ടാവുന്നത് നാല്‍പ്പതു തുള്ളി അസ്ഥിമജ്ജയില്‍ നിന്നാണ്, ഒരു തുള്ളി അസ്ഥിമജ്ജയുണ്ടാവാന്‍ നാല്‍പ്പതു തുള്ളി രക്തം വേണം എന്നൊക്കെയുള്ള വികലധാരണകളാണ് ഇതിനൊക്കെ വിത്തിടാറുള്ളത്.

ചികിത്സയേ വേണ്ടാത്ത ചില ഇല്ലാരോഗങ്ങള്‍

  • സ്വന്തം ലിംഗത്തില്‍പ്പെട്ടവരോട് ലൈംഗികാഭിനിവേശം തോന്നുക ഒരു രോഗമല്ല.
  • സ്വയംഭോഗത്തെ ഭയക്കേണ്ടതില്ല. അത് ശാരീരികമോ മാനസികമോ ലൈംഗികമോ ആയ പ്രശ്നങ്ങള്‍ക്കു വഴിവെക്കില്ല. അതിനോടുള്ള ആസക്തി ഒരാള്‍ക്കു സ്വയം നിയന്ത്രിക്കാനാവാത്തത്ര കഠിനമായിപ്പോയാല്‍ മാത്രമാണ് സ്വയംഭോഗം ചികിത്സയാവശ്യമുള്ള ഒരു പ്രശ്നമാവുന്നത്.
  • സ്വപ്നസ്ഖലനം ഒരു രോഗമോ രോഗലക്ഷണമോ അല്ല; ലൈംഗികചോദനകള്‍ക്ക് മറ്റു ബഹിര്‍ഗമനമാര്‍ഗങ്ങള്‍ ലഭിക്കാതെ വരുമ്പോള്‍ പറ്റിപ്പോവുന്ന ഒരു സ്വാഭാവിക ശാരീരികപ്രക്രിയ മാത്രമാണ്.

(2014 ഡിസംബര്‍ ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.


Painting: Happy marriage by Natalie Holland

×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

വിദ്യാര്‍ത്ഥികളറിയേണ്ട 12 മനശ്ശാസ്ത്രവിദ്യകള്‍
ഗര്‍ഭസ്ഥശിശുക്കളുടെ മനശ്ശാസ്ത്രം

Related Posts