“എണ്ണകള്‍. മരുന്നുകള്‍. കോഴ്സുകള്‍. പുസ്തകങ്ങള്‍ — ഓര്‍മശക്തി പുഷ്ടിപ്പെടുത്തണമെന്നുള്ളവര്‍ക്കായി എന്തൊക്കെ ഉപാധികളാണ് മാര്‍ക്കറ്റിലുള്ളത്?!” ബെഞ്ചമിന്‍ ചോദിക്കുന്നു: “എന്നാല്‍ എന്നെപ്പോലെ ഇങ്ങനെ ചിലതൊക്കെയൊന്നു മറന്നുകിട്ടാന്‍ മല്ലിടുന്നവരുടെ സഹായത്തിന് ഒരു രക്ഷായുധവും കണ്ടുപിടിക്കപ്പെട്ടിട്ടില്ലേ ഡോക്ടര്‍?!”
മൂന്നുവര്‍ഷംമുമ്പ് തന്നെയുപേക്ഷിച്ചുപോയ കാമുകിയെക്കുറിച്ചുള്ള ഓര്‍മകളില്‍നിന്ന് ഇനിയും വിടുതികിട്ടാതെ മന:ക്ലേശത്തിലുഴറുന്ന സാഹചര്യം വിശദീകരിക്കുന്നതിനിടയില്‍ ബെഞ്ചമിന്‍ ഉന്നയിച്ച ആ ചോദ്യം ഏറെ പ്രസക്തം തന്നെയാണ്. എല്ലാവരും ഓര്‍മക്കു പിറകെ – അതു വര്‍ദ്ധിപ്പിച്ച് ജീവിതവിജയം വെട്ടിപ്പിടിക്കുന്നതിന്‍റെ പിറകെ – ആണ്. അതിനിടയില്‍ പാവം മറവിയെക്കുറിച്ച് ഗൌരവതരമായി ചിന്തിക്കാന്‍ നാം മറന്നുപോയിരിക്കുന്നു. പരീക്ഷാഹാളില്‍ ഉത്തരങ്ങളോര്‍ത്തെടുക്കാന്‍ വൈഷമ്യം നേരിടുമ്പോഴും, മഴക്കാലത്തു പെട്ടെന്ന് പെരുമഴ പൊട്ടിവീഴുമ്പോള്‍ കയ്യില്‍ കുടയില്ല എന്നു തിരിച്ചറിയുമ്പോഴുമൊക്കെ നാം മറവിയെ ശപിക്കുന്നു. എന്നാല്‍ ബെഞ്ചമിനെപ്പോലെ ഇത്തിരി മറവിക്കായി അത്യാശപിടിച്ചുനടക്കുന്ന ഒട്ടേറെപ്പേര്‍ നമുക്കിടയിലുണ്ട് — മകന്‍ സ്വയം തീകൊളുത്തിമരിച്ചതു നേരില്‍ക്കണ്ട് വര്‍ഷങ്ങളായിട്ടും ഇപ്പോഴും ആ ദൃശ്യത്തെ മനസ്സിലെ വെള്ളിത്തിരയില്‍നിന്നു മായ്ക്കാനാവാതെ കുഴയുന്ന പെറ്റമ്മയും, കുഞ്ഞുനാളിലെന്നോ ലൈംഗികപീഡനത്തിനിരയായി ഇപ്പോള്‍ മുതിര്‍ന്നുകഴിഞ്ഞും ആണുങ്ങളോടിടപഴകുമ്പോള്‍ ഭയചകിതയായിത്തീരുന്ന യുവതിയുമൊക്കെ ഉദാഹരണങ്ങളാണ്.