മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

ഓര്‍മകളുണ്ടായിരിക്കണം

ഓര്‍മകളുണ്ടായിരിക്കണം

“പ്രിയപ്പെട്ട ഡോക്ടര്‍ അറിയുന്നതിന്,

എനിക്ക് ഇരുപത്തിയെട്ട് വയസ്സുണ്ട്. ഞങ്ങള്‍ മൂന്ന് ആണ്മക്കളാണ്. ഞാന്‍ ഏറ്റവും ഇളയതാണ്. അച്ഛന് ഇപ്പോള്‍ അറുപത്തിമൂന്നു വയസ്സുണ്ട്. ഒരു അഞ്ചാറു വര്‍ഷം മുമ്പ് അച്ഛന്‍ കുറേശ്ശെ ഓര്‍മക്കുറവു കാണിക്കാന്‍ തുടങ്ങിയിരുന്നു. ഭക്ഷണം കഴിച്ചിട്ട് അതു മറന്നുപോയി വീണ്ടും ഭക്ഷണം ചോദിക്കുക, സാധനങ്ങള്‍ എവിടെയാണ് വെച്ചത് എന്നത് ഓര്‍മയില്‍നിന്ന് വിട്ടുപോവുക, അകന്ന ബന്ധുക്കള്‍ വല്ലവരും വീട്ടില്‍ വന്നാല്‍ അവരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടു നേരിടുക എന്നൊക്കെയാണ് ആദ്യം കണ്ട ലക്ഷണങ്ങള്‍. പിന്നെപ്പിന്നെ സ്വന്തമായി കുളിക്കാനും പല്ലുതേക്കാനും ആഹാരം കഴിക്കാനും ഒന്നും കഴിയാതായി. (ശരിക്കും “തന്‍മാത്ര” സിനിമയിലേതു പോലെതന്നെ.) പ്രശ്നങ്ങള്‍ തുടങ്ങി ഒരു രണ്ടു വര്‍ഷമായപ്പോള്‍ ഞങ്ങള്‍ ഇവിടെയടുത്ത്‌ ഒരു ഡോക്ടറെ കാണിച്ചിരുന്നു. അല്‍ഷീമേഴ്സ് ഡെമന്‍ഷ്യ എന്ന രോഗമാണെന്നാണ്‌ ഡോക്ടര്‍ പറഞ്ഞത്. രോഗത്തെ മുഴുവനായി സുഖപ്പെടുത്താനാവുന്ന ചികിത്സകളൊന്നും കണ്ടുപിടിച്ചിട്ടില്ല എന്നും പറഞ്ഞു. അച്ഛന്‍റെ അച്ഛനും ഇതേ രോഗം ഉണ്ടായിരുന്നു എന്ന് വീട്ടിലെ മുതിര്‍ന്നവര്‍ പറയുന്നു. ഇത് പാരമ്പര്യമായി വരുന്ന ഒരു രോഗമാണോ? എനിക്കോ ചേട്ടന്മാര്‍ക്കോ ഈയസുഖം വന്നേക്കുമോ? സര്‍വോപരി, അങ്ങിനെ വരാതിരിക്കാന്‍ ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്?”

- മാത്യു ജോണ്‍, ഏറ്റുമാനൂര്‍

തലച്ചോറില്‍ ചില അനാവശ്യ കെമിക്കലുകള്‍ വന്നു നിറയുകയും, മസ്തിഷ്കകോശങ്ങള്‍ പതിയെ ദ്രവിച്ചില്ലാതാവുകയും, അങ്ങിനെ ഓര്‍മയും ചിന്താശേഷിയും തൊട്ട് ദൈനംദിന കാര്യങ്ങളുടെ നിര്‍വഹണം വരെയുള്ള തലച്ചോര്‍ സാദ്ധ്യമാക്കിത്തരുന്ന വിവിധ പ്രവൃത്തികള്‍ ദുഷ്കരമായിത്തീരുകയുമാണ് അല്‍ഷീമേഴ്സ് രോഗത്തില്‍ സംഭവിക്കുന്നത്. ഡോക്ടര്‍ നിങ്ങളോടു പറഞ്ഞതുപോലെ തന്നെ ഈയസുഖം പിടിപെട്ടുകഴിഞ്ഞാല്‍ പൂര്‍ണമായി സുഖപ്പെടുത്താന്‍ ത്രാണിയുള്ള ചികിത്സകളൊന്നും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എങ്കിലും, ജീവിതരീതികളില്‍ വരുത്തുന്ന ചില മാറ്റങ്ങള്‍ വഴി ഇതിനെ ഒരു പരിധി വരെ പ്രതിരോധിക്കാനും അതിന്‍റെ ആഗമനത്തെ വൈകിക്കാനും ആവുമെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നുണ്ട്. ഇത്തരം മാര്‍ഗങ്ങളെക്കുറിച്ച് അറിവു സമ്പാദിച്ച്, മുന്‍തലമുറകളെ കഷ്ടപ്പെടുത്തിയ രോഗത്തെ ചെറുക്കാനുള്ള തീരുമാനത്തെയും നിശ്ചയദാര്‍ഢ്യത്തെയും അഭിനന്ദിക്കുന്നു.

പ്രമേഹത്തെയും ഹൃദ്രോഗത്തെയുമൊക്കെപ്പോലെ ഏറെ സങ്കീര്‍ണമായ, പല വര്‍ഷങ്ങളെടുത്ത് ക്രമാനുഗതമായി പുരോഗമിക്കുന്ന ഒരു രോഗമാണ് അല്‍ഷീമേഴ്സും. രോഗലക്ഷണങ്ങള്‍ ആദ്യമായി പ്രകടമാവുന്നതിന് പതിറ്റാണ്ടുകള്‍ മുമ്പേ തന്നെ ഈ രോഗം ഒരാളുടെ തലച്ചോറില്‍ വിനാശങ്ങള്‍ വിതക്കാന്‍ തുടങ്ങുന്നുണ്ട്. (ഇത് നേരത്തേ തിരിച്ചറിയാന്‍ സഹായിക്കുന്ന ടെസ്റ്റുകള്‍ പക്ഷേ ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്).
ഒരാള്‍ക്ക് ഈ രോഗം പിടിപെടുമോ എന്ന സാദ്ധ്യതയെ നിര്‍ണയിക്കുന്നതില്‍ അയാളുടെ കുടുംബത്തില്‍ അല്‍ഷീമേഴ്സ് ബാധിതര്‍ ഉണ്ടോ, അയാളുടെ ജീവിതശൈലി എത്തരത്തിലുള്ളതാണ്, അയാള്‍ താമസിക്കുകയും ജോലിയെടുക്കുകയുമൊക്കെച്ചെയ്യുന്ന ചുറ്റുപാടുകള്‍ എത്തരത്തിലുള്ളതാണ് തുടങ്ങിയ ഘടകങ്ങള്‍ക്ക് പങ്കുണ്ട്. ഒരു കുടുംബത്തില്‍ ആര്‍ക്കെങ്കിലും അറുപതു വയസ്സ് എത്തുന്നതിനു മുന്നേതന്നെ ഈയസുഖം പ്രകടമായിട്ടുണ്ടെങ്കില്‍ അത്തരം കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് അസുഖം പിടിപെടാനുള്ള സാദ്ധ്യത കൂടുതലാണ്. എന്നാല്‍ അവരില്‍ എല്ലാവര്‍ക്കും തന്നെ ഇങ്ങിനെ അസുഖം പിടിപെടണം എന്നുമില്ല. ആരെയാണ് അസുഖം പിടികൂടുക എന്ന് മുന്‍കൂട്ടി അറിയാന്‍ സഹായിക്കുന്ന ജനിതകടെസ്റ്റുകളൊന്നും നിലവിലില്ല താനും. സ്വന്തം കുടുംബപാരമ്പര്യത്തെ തിരുത്തിയെഴുതാന്‍ ഒരാള്‍ക്കും ആവില്ല എങ്കിലും പ്രസക്തമായ മറ്റു ഘടകങ്ങളില്‍, പ്രത്യേകിച്ച് ജീവിതശൈലിയില്‍, ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്തി ഈ രോഗത്തെ തടയുകയോ അതിന്‍റെ ആഗമനം വൈകിക്കുകയോ ചെയ്യാവുന്നതാണ്.

പതിവായ ശാരീരിക വ്യായാമം അല്‍ഷീമേഴ്സിനെ പ്രതിരോധിക്കാനുള്ള നല്ല ഒരു മാര്‍ഗമാണ്.

പതിവായ ശാരീരിക വ്യായാമം അല്‍ഷീമേഴ്സിനെ പ്രതിരോധിക്കാനുള്ള നല്ല ഒരു മാര്‍ഗമാണ്. തലച്ചോറിലെ ചെറിയ രക്തക്കുഴലുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് മസ്തിഷ്കകോശങ്ങള്‍ക്ക് കൂടുതല്‍ രക്തംകിട്ടാന്‍ കളമൊരുക്കുക, നാഡീകോശങ്ങള്‍ തമ്മില്‍ കൂടുതല്‍ക്കൂടുതല്‍ ബന്ധങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ അവസരമുണ്ടാക്കുക, തലച്ചോറിന്‍റെ ആരോഗ്യത്തെ സഹായിക്കുന്ന ചില പ്രോട്ടീനുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് വ്യായാമം ഇവിടെ ഗുണകരമാവുന്നത്. ഇത്തരം പ്രയോജനങ്ങള്‍ കിട്ടാന്‍ വേഗത്തില്‍ നടക്കുക, സൈക്കിള്‍ ചവിട്ടുക തുടങ്ങിയ വ്യായാമങ്ങള്‍ ഓരോ ആഴ്ചയിലും ആകെ രണ്ടര മണിക്കൂറോളം ചെയ്യേണ്ടതുണ്ട്.

പുകവലി ഒഴിവാക്കുക, മദ്യപാനം നിയന്ത്രിക്കുക, നിത്യഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉള്‍പ്പെടുത്തുക, ആഹാരത്തില്‍ കൊഴുപ്പും മധുരവും മിതപ്പെടുത്തുക എനിവയും നല്ല നടപടികളാണ്. രക്താതിസമ്മര്‍ദ്ദം (ബി.പി.), പ്രമേഹം, കൊളസ്ട്രോളിന്‍റെ പ്രശ്നം, ഹൃദ്രോഗം തുടങ്ങിയ ശാരീരികരോഗങ്ങള്‍ ബാധിച്ചവരില്‍ അല്‍ഷീമേഴ്സും മറ്റു ചില ഡെമന്‍ഷ്യകളും കൂടുതലായി കാണപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം രോഗങ്ങളെ നേരത്തേതന്നെ തിരിച്ചറിയുന്നതും, തക്കതായ ചികിത്സകള്‍ എടുക്കുന്നതും, ജീവിതശൈലിയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുന്നതും അല്‍ഷീമേഴ്സിനെ തടയുന്നതില്‍ സഹായകരമാവും. മദ്ധ്യവയസ്സുകളില്‍ പൊണ്ണത്തടി കാണപ്പെടുന്നവരില്‍ അല്‍ഷീമേഴ്സ് വരാന്‍ സാദ്ധ്യത കൂടുതലുണ്ട് എന്നതിനാല്‍ അത്തരക്കാര്‍ തടി കുറക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.

മദ്ധ്യവയസ്സുകളില്‍ പൊണ്ണത്തടി കാണപ്പെടുന്നവരില്‍ അല്‍ഷീമേഴ്സ് വരാന്‍ സാദ്ധ്യത കൂടുതലുണ്ട്.

മറ്റുള്ളവരോട് ഇടപഴകുന്നതും ബുദ്ധിക്ക് ഉത്തേജനം തരുന്ന തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതും പ്രയോജനകരമാവും. ജോലിയുടെയോ സാമൂഹ്യ സേവനത്തിന്‍റെയോ ഒക്കെ ഭാഗമായി ആളുകളോടൊത്ത് പറ്റുന്നത്ര സമയം ചെലവഴിക്കുക. പുസ്തകങ്ങളും മാസികകളുമൊക്കെ വായിക്കുക, ക്ലാസുകളിലും മറ്റും പങ്കെടുക്കുക, റേഡിയോ കേള്‍ക്കുക, സംഗീതോപകരണങ്ങള്‍ അഭ്യസിക്കുക, ചെസ്സും സുഡോക്കുവും പോലുള്ള ബുദ്ധിയുപയോഗിക്കേണ്ട കളികളില്‍ മുഴുകുക തുടങ്ങിയവ പരിഗണിക്കാവുന്നതാണ്‌. ഇത്തരം പ്രവൃത്തികള്‍ മസ്തിഷ്കകോശങ്ങള്‍ തമ്മില്‍ പുതിയ ബന്ധങ്ങള്‍ ഉടലെടുക്കുന്നതിനും ഉള്ള ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാവുന്നതിനും വഴിയൊരുക്കുകയും, അങ്ങിനെ പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള തലച്ചോറിന്‍റെ കഴിവ് മെച്ചപ്പെടുകയും, ചില മസ്തിഷ്ക്കഭാഗങ്ങളെയൊക്കെ അല്‍ഷീമേഴ്സ് ബാധിച്ചാലും ബാക്കി ഭാഗങ്ങള്‍ക്ക് തലച്ചോറിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളെ വലിയ ഭംഗമില്ലാതെ മുന്നോട്ടുകൊണ്ടുപോവാനാവുകയും ചെയ്യും.

വിറ്റാമിന്‍ ഗുളികകളോ ബുദ്ധി വര്‍ദ്ധിപ്പിക്കും എന്നുപറഞ്ഞ് മാര്‍ക്കറ്റുചെയ്യപ്പെടുന്നതരം മരുന്നുകളോ സ്ഥിരമായി കഴിക്കുന്നതുകൊണ്ട് അല്‍ഷീമേഴ്സിനെ തടയാനാവില്ല എന്നാണ് ഇതുവരെയുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

(2015 മാര്‍ച്ച് 30-ലെ മംഗളം വാരികയില്‍ "മനസ്സും നിങ്ങളും" എന്ന പംക്തിയില്‍ എഴുതിയത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.

Image courtesy: Jun-Lin Harries

×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

കൌമാരക്കാരുടെ സന്ദേഹങ്ങള്‍
കുഞ്ഞുസോദരരുടെ യുദ്ധങ്ങള്‍

Related Posts