മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
കൌമാരക്കാരുടെ സന്ദേഹങ്ങള്‍
കൌമാരം ശാരീരികവും മാനസികവുമായ നാനാവിധ പരിവര്‍ത്തനങ്ങളുടെ പ്രായമാണ്. മസ്തിഷ്ക്കവളര്‍ച്ചയിലും വ്യക്തിത്വരൂപീകരണത്തിലുമൊക്കെ ഏറെ പ്രസക്തിയുള്ള ഒരു കാലവുമാണത്. “ന്യൂജെന്‍” കൌമാരക്കാരെ അലട്ടുന്നതായി പൊതുവെ കണ്ടുവരാറുള്ള പത്തു സംശയങ്ങളും അവക്കുള്ള നിവാരണങ്ങളും ഇതാ:
{xtypo_quote}1. നിസ്സാര കാര്യങ്ങള്‍ക്കു പോലും പലപ്പോഴും പൊട്ടിത്തെറിക്കുന്നു. എന്തുകൊണ്ടാണ് എനിക്ക് പെട്ടെന്ന് ദേഷ്യം വരുന്നത്? എന്താണിതിനു പരിഹാരം?{/xtypo_quote}
കൌമാരത്തിലെ അമിതകോപത്തിന് പല കാരണങ്ങളുമുണ്ടാവാം. മറ്റുള്ളവര്‍ തന്നെയവഗണിക്കുന്നു എന്ന ചിന്ത, വികാരങ്ങളെ ആരോഗ്യകരമായി പ്രകടിപ്പിക്കാനുള്ള കഴിവില്ലായ്ക, രൂപപ്പെട്ടുവരുന്ന വ്യക്തിത്വത്തിലെ സവിശേഷതകള്‍, കൌമാരജന്യമായ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ചുറ്റുപാടുകളുമായി ഒത്തുപോവാനുള്ള വിഷമത, കൊക്കിലൊതുങ്ങാത്തത്ര ഉത്തരവാദിത്തങ്ങള്‍, എന്തിനുമേതിനും പൊട്ടിത്തെറിച്ച് ദുര്‍മാതൃക കാണിച്ചുകൊടുക്കുകയോ പ്രായത്തിനനുസൃതമായ സ്വാതന്ത്ര്യം മക്കള്‍ക്ക് അനുവദിക്കാതിരിക്കുകയോ ചെയ്യുന്ന മാതാപിതാക്കള്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്. വല്ലാത്ത മുന്‍കോപം ചിലപ്പോഴെങ്കിലും മാനസികപ്രശ്നങ്ങളുടെ ബഹിര്‍സ്ഫുരണവുമാവാം.
കോപത്തെ നിയന്ത്രണവിധേയമാക്കാന്‍ ഉപയോഗിക്കാവുന്ന മൂന്നു മാര്‍ഗങ്ങള്‍ ഇതാ:
- പൊട്ടിത്തെറിക്കു നിമിത്തമാകാറുള്ള ഘടകങ്ങളെ തിരിച്ചറിഞ്ഞു ദൂരീകരിക്കുക: ഉദാഹരണത്തിന്, വായിക്കാനിരിക്കുമ്പോള്‍ അനിയന്മാര്‍ ഒച്ചവെക്കുന്നത് ദിവസവും ദേഷ്യത്തിനു വഴിവെക്കാറുണ്ടെങ്കില്‍ വായിക്കാന്‍ കൂടുതല്‍ സ്വസ്ഥമായ മറ്റൊരു സ്ഥലമോ സമയമോ കണ്ടെത്തുകയോ വായിക്കാനിരിക്കും മുമ്പ് അനിയന്‍മാര്‍ക്ക് മുന്നറിയിപ്പു കൊടുക്കുകയോ ചെയ്യാം.
- കോപത്തിനു വിത്തിടാറുള്ള ചിന്താഗതികളെ തിരിച്ചറിഞ്ഞു പരിഹരിക്കുക: ഉദാഹരണത്തിന്, ആരെങ്കിലും ഉപദേശവുമായി വരുമ്പോളുടനെ “ഇവര്‍ ധരിച്ചുവെച്ചിരിക്കുന്നത് ഞാനൊരു മണ്ടനാണെന്നാണോ?!” എന്ന ധാരണയില്‍ കോപിഷ്ഠനാവാറുണ്ടെങ്കില്‍ “അവര്‍ പറയുന്നത് എന്‍റെ നന്മയുദ്ദേശിച്ചാണ്” എന്നു മാറിച്ചിന്തിക്കാം.
- ദേഷ്യം പൊട്ടിപ്പുറപ്പെടുന്ന നേരങ്ങളില്‍ കൂടുതല്‍ ക്രിയാത്മകമായ രീതിയില്‍ പ്രതികരിക്കുക: പേശികള്‍ വലിഞ്ഞുമുറുകുക, കൈകാലുകള്‍ വിറക്കുക എന്നിങ്ങനെ എന്തൊക്കെ മാറ്റങ്ങളാണ് ക്രോധത്താല്‍ പൊട്ടിത്തെറിക്കുന്നതിനു തൊട്ടുമുമ്പ് ശരീരത്തിലും മനസ്സിലും ഉദിക്കാറുള്ളത് എന്നറിഞ്ഞുവെക്കുക. അത്തരം ലക്ഷണങ്ങള്‍ തലപൊക്കുമ്പോഴേ ദുസ്സൂചന തിരിച്ചറിഞ്ഞ്, പ്രകോപനമുണ്ടായ സ്ഥലത്തു നിന്നൊന്നു മാറിപ്പോവുക. മനസ്സിന്‍റെ ശ്രദ്ധ തിരിച്ചുവിടാന്‍ വേണമെങ്കില്‍ നൂറില്‍നിന്നു താഴോട്ടെണ്ണുകയോ മറ്റോ ചെയ്യുക. എവിടെയെങ്കിലും ചെന്നിരുന്ന്‍ രണ്ടുമൂന്നാവര്‍ത്തി ദീര്‍ഘശ്വാസം എടുത്തുവിടുകയോ, മനസ്സൊന്നു തണുക്കുംവരെ പാട്ടുകേള്‍ക്കുകയോ വല്ലതും വായിക്കുകയോ മറ്റോ ചെയ്യുക. അതിനുശേഷം, പ്രകോപനമുണ്ടാക്കിയ പ്രശ്നത്തിന് കോപമല്ലാതെ മറ്റെന്തെങ്കിലും പ്രതിവിധിയുണ്ടോ എന്നാലോചിക്കുക.
{xtypo_quote}2. അച്ഛനും അമ്മയും എന്നെ മനസ്സിലാക്കുന്നില്ലെന്ന ചിന്തയാണ് എപ്പോഴും. അവര്‍ക്ക് എന്നോട് ഒട്ടും ഇഷ്ടമില്ലെന്ന തോന്നലാണ് ഉള്ളില്‍. അനിയനെ കൊഞ്ചിക്കുന്നതും സ്നേഹിക്കുന്നതും ഒട്ടും സഹിക്കാനാവുന്നില്ല. എന്താണിങ്ങനെ?{/xtypo_quote}
“ചിന്തയാണ്” “തോന്നലാണ്” എന്നൊക്കെ ചോദ്യകര്‍ത്താവ് എടുത്തുപറയുന്നതില്‍നിന്ന് അച്ഛനുമമ്മയും സത്യത്തില്‍ വിവേചനമൊന്നും കാണിക്കുന്നില്ല; മറിച്ച് ഇത്തരത്തിലുള്ള ചിന്തകള്‍ ഇടയ്ക്കിടെ അനാവശ്യമായി കടന്നുവരുന്നതാണ് പ്രശ്നം എന്നനുമാനിക്കുന്നു. ഇത്തരമാകുലതകള്‍ ബാല്യകൌമാരങ്ങളില്‍ ഒരു പരിധിവരെ സ്വാഭാവികം മാത്രമാണ്. ചെറിയ കുട്ടികള്‍ക്ക് ശ്രദ്ധയും പരിചരണവും കൂടുതല്‍ വേണം എന്നിരിക്കെ മാതാപിതാക്കള്‍ അവര്‍ക്കതു കൊടുക്കുന്നതില്‍ കുറ്റംപറയാനാവില്ലെങ്കിലും, മൂത്ത കുട്ടികളില്‍ ഇതു പലപ്പോഴും ഇത്തരം പരിഭവങ്ങള്‍ക്കു വഴിവെക്കാറുണ്ട്.
അടിസ്ഥാനമില്ലാത്ത പാഴ്ചിന്തകള്‍ ഇതുപോലെ ഉള്ളുപൊള്ളിക്കുമ്പോള്‍ ഏറ്റവും നല്ല നടപടി അവയെ തിരിച്ചറിഞ്ഞ്, വിശകലനം നടത്തി, അവയുടെ പൊള്ളത്തരത്തെക്കുറിച്ച് സ്വയം ബോദ്ധ്യപ്പെടുത്തുന്നതാണ്. (ഈ വിദ്യയുടെ പേര് Thought control എന്നാണ്.) അനിയനെക്കൊഞ്ചിക്കുന്നതു കാണുമ്പോഴോ മറ്റോ “എന്നോടാര്‍ക്കും ഇഷ്ടമില്ല” “എല്ലാവര്‍ക്കും അനിയനോടാണ് താല്‍പര്യം” എന്നൊക്കെയുള്ള ചിന്തകള്‍ മനസ്സിലേക്കുവരുമ്പോള്‍ താഴെക്കൊടുത്ത ചോദ്യങ്ങള്‍ സ്വയം ചോദിക്കുക:
- ഇവിടെ മറ്റെന്തെങ്കിലും വിശദീകരണത്തിനു സാദ്ധ്യതയുണ്ടോ? (“അനിയന്‍ തട്ടിവീണ സമയത്താണ് അവനെ കൊഞ്ചിച്ചത്. ചെറുപ്പത്തില്‍ ഞാന്‍ തട്ടിവീഴുമ്പോഴും എന്നെ ഇങ്ങനെ കൊഞ്ചിക്കാറുണ്ടായിരുന്നു.”)
- കൊടുത്ത വ്യാഖ്യാനങ്ങള്‍ക്കു വിരുദ്ധമായ വല്ല കാര്യങ്ങളും അടുത്തിടെ സംഭവിച്ചിട്ടുണ്ടോ? (“രാവിലെ അനിയന്‍ കസേര തള്ളിയിട്ടപ്പോള്‍ അമ്മ അവനെ വഴക്കു പറഞ്ഞിരുന്നു." “കഴിഞ്ഞയാഴ്ച എനിക്കു തലവേദന വന്നപ്പോള്‍ അമ്മ ഏറെനേരം എന്‍റെയടുത്തു തന്നെയായിരുന്നു.”)
- ഇങ്ങിനെ ചിന്തിക്കുന്നതുകൊണ്ട് വല്ല ദോഷവുമുണ്ടോ? (“ഉണ്ട്. ഇത്തരമാലോചനകള്‍ക്കു പിറകെ ഏറെ സമയം പാഴാവുകയും, അവ ഏറെ സങ്കടവും വിഷമവും ഉളവാക്കുകയും ചെയ്യുന്നുണ്ട്.”)
- ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ക്കറിയാവുന്ന, കുറച്ചുകൂടി “സ്ട്രോങ്ങ്” ആയ കൂട്ടുകാര്‍ എങ്ങിനെയാവും പ്രതികരിക്കുക? (“എന്‍റെ സ്ഥാനത്ത് സുരേഷ് ആയിരുന്നു എങ്കില്‍ ‘അവരിപ്പൊ അനിയനെ കൂടുതല്‍ സ്നേഹിച്ചു എന്നുവെച്ച് എനിക്കൊരു പ്രശ്നവുമില്ല; എന്നെ സ്നേഹിക്കാന്‍ ഏറെ കൂട്ടുകാര്‍ വേറെയുണ്ട്’ എന്നു ചിന്തിച്ചേനേ.”)
ഇത്തരം ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ കണ്ടുപിടിച്ചുവെക്കുന്നത് വിവിധ ദുഷ്ചിന്തകളുടെ പ്രഭാവം കുറയാനും ക്രമേണ അവ തേഞ്ഞുമാഞ്ഞില്ലാതാവാനും സഹായിക്കും. ഉത്തരമാലോചിക്കുന്നത് തന്‍റെ കാര്യത്തിനല്ല, മറ്റാരുടെയോ പ്രശ്നത്തിനാണ് എന്ന രീതിയില്‍ ചിന്തിക്കുന്നതും, കൂട്ടുകാരുടെയോ മുതിര്‍ന്നവരുടെയോ സഹായം തേടുന്നതും നല്ല ഉത്തരങ്ങള്‍ കിട്ടാന്‍ ഉപകരിക്കും. ഇനിയഥവാ നല്ല ഉത്തരങ്ങളൊന്നും കിട്ടാതിരിക്കുകയും അച്ഛനമ്മമാര്‍ വിവേചനം കാണിക്കുന്നുണ്ട് എന്ന അനുമാനം ബലപ്പെടുകയുമാണ് ചെയ്യുന്നത് എങ്കില്‍ കാര്യം അവരോടു തന്നെയോ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളോടോ സ്കൂളിലെ കൌണ്‍സിലറോടോ ചര്‍ച്ച ചെയ്യുക.
{xtypo_quote}3. ആണ്‍കുട്ടികളോട് സംസാരിക്കാന്‍ ഭയങ്കര നാണമാണ്. എല്ലാവരും എന്നെത്തന്നെ ശ്രദ്ധിക്കുന്നതുപോലെ തോന്നും. കൂട്ടുകാരികള്‍ക്കൊപ്പം നടക്കുമ്പോള്‍ ഇങ്ങനെ തോന്നാറില്ല. ഒറ്റയ്ക്ക് നടക്കുമ്പോഴാണ് പ്രശ്നം. പേടിയും ലജ്ജയും മൂലം ക്ളാസില്‍ അദ്ധ്യാപകരുടെ ചോദ്യത്തിന് ഉത്തരം അറിയാമെങ്കില്‍ പോലും ശരിയായി പറയാന്‍ പറ്റുന്നില്ല.{/xtypo_quote}
സോഷ്യല്‍ ഫോബിയ എന്ന പ്രശ്നത്തിന്‍റെ ലക്ഷണങ്ങളാണ് ഇവിടെ നിരത്തിയിരിക്കുന്നത്.
ആണ്‍കുട്ടികളോട് ഇടപഴകുന്നതിനെപ്പറ്റി ആലോചിക്കുമ്പോഴോ അവരോടു സംസാരിക്കാനൊരുങ്ങുമ്പോഴോ എന്തൊക്കെ ഭീതികളാണ് മനസ്സിലൂടെ കടന്നുപോവാറുള്ളത് എന്നു തിരിച്ചറിയുക. (“ഞാന്‍ എന്തെങ്കിലും അബദ്ധം പറഞ്ഞു പോയേക്കും.” “എന്‍റെ മൂക്ക് അല്‍പം വലുതാണെന്നത് അവര്‍ ശ്രദ്ധിച്ചേക്കും.”) എന്നിട്ട് ചോദ്യം 2-ന്‍റെ ഉത്തരത്തില്‍ പറഞ്ഞതുപോലെ പ്രസ്തുത ചിന്തകളുടെ പൊള്ളത്തരം വ്യക്തമാവാന്‍ സഹായിക്കുന്ന ചില ചോദ്യങ്ങള്‍ സ്വയം ചോദിക്കുക. (“ഇതിന് എന്താണു തെളിവ്?” “ഒരു ടെന്‍ഷനുമില്ലാതെ ആണ്‍കുട്ടികളോടു സംസാരിച്ച സന്ദര്‍ഭങ്ങള്‍ വല്ലതുമുണ്ടോ?” “തന്‍റെ കൂട്ടുകാരികള്‍ ഇത്തരം സന്ദേഹങ്ങളെ എങ്ങിനെയാവും മറികടക്കുക?”)
Coping imagery എന്ന വിദ്യയും ഇവിടെ സഹായകമാവും. ആണ്‍കുട്ടികളുമായി സംസാരിച്ച് ടെന്‍ഷന്‍ അനുഭവിക്കേണ്ടിവന്ന ഏതെങ്കിലും സന്ദര്‍ഭത്തിന്‍റെ വിശദാംശങ്ങള്‍ ഒരു കുറിപ്പില്‍ എഴുതിവെക്കുക. അവരോടു സംസാരിക്കേണ്ടതുണ്ട് എന്നറിഞ്ഞത്, അവരുടെയടുത്തേക്കു ചെന്നത് എന്നിങ്ങനെ ഓരോ ഘട്ടത്തെയുംപറ്റി വിശദമായി ഒരു കഥയെഴുതുന്നതു പോലെ വേണം എഴുതാന്‍. എന്തൊക്കെ ആശങ്കകളാണ് മനസ്സിലുണ്ടായിരുന്നത്, അവയിലേതാണ് ഏറ്റവും മുന്‍പന്തിയില്‍ നിന്നത്, ഉത്ക്കണ്ഠ മനസ്സിലും ശരീരത്തിലും പ്രകടമായത് എങ്ങിനെയൊക്കെയാണ്, ഏറ്റവും പ്രയാസമുണ്ടായത് ഏതു ഘട്ടത്തിലാണ് എന്നതൊക്കെ കൃത്യമായി സൂചിപ്പിച്ചിരിക്കണം.
അതിനുശേഷം ഈയെഴുതിയത് സാവധാനത്തില്‍ വായിച്ച് മൊബൈല്‍ഫോണിലോ മറ്റോ റെക്കോഡ് ചെയ്യുക. എന്നിട്ട് ദീര്‍ഘശ്വാസമെടുത്തുവിട്ടോ മറ്റോ മനസ്സൊന്നു ശാന്തമാക്കി, എവിടെയെങ്കിലും കണ്ണുകളടച്ചിരുന്ന് അതൊന്നു കേള്‍ക്കുക. (റെക്കോഡ് ചെയ്യുക പ്രായോഗികമല്ലെങ്കില്‍ ആരെക്കൊണ്ടെങ്കിലും വായിച്ചുകേള്‍പ്പിക്കുകയുമാവാം.) കേള്‍ക്കുന്നതിനൊപ്പം പടിപടിയായി ഓരോ ഘട്ടവും ആവുന്നത്ര വ്യക്തതയോടെ ഉള്‍ക്കണ്ണുകളില്‍ കാണുക. ദൃശ്യങ്ങള്‍ മാത്രമല്ല, ആ സന്ദര്‍ഭത്തിലുണ്ടായിരുന്ന ഗന്ധങ്ങളും ശബ്ദങ്ങളുമെല്ലാം മനസ്സിലേക്കു വരുത്താന്‍ ശ്രമിക്കുക. ഏതൊക്കെ വേളകളിലാണ് വിറയല്‍, വിയര്‍പ്പ്, നെഞ്ചിടിപ്പ് തുടങ്ങിയ ഉത്ക്കണ്‌ഠാലക്ഷണങ്ങള്‍ തലപൊക്കുന്നത് എന്നു പ്രത്യേകം ശ്രദ്ധിക്കുകയും, കുറിപ്പില്‍ അവയെ നക്ഷത്രചിഹ്നമിട്ട് അടയാളപ്പെടുത്തുകയും ചെയ്യുക.
അടുത്ത പടി ഉത്ക്കണ്ഠയുളവാക്കുന്ന അത്തരം വേളകളെ അതിജീവിക്കാനുള്ള പദ്ധതി തയ്യാറാക്കുകയാണ്. ദീര്‍ഘമായി ശ്വാസമെടുത്തുവിടുക, ദുഷ്ചിന്തകളെക്കുറിച്ച് മുമ്പു സ്വയംചോദിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തന്ന ഉള്‍ക്കാഴ്ചകള്‍ ഓര്‍ക്കുക (“ഇങ്ങിനെ ചിന്തിക്കുന്നതു കൊണ്ടാണ് കുഴപ്പമാവുന്നത്.” “കഴിഞ്ഞയാഴ്ച ഞാന്‍ മനസ്ഥൈര്യത്തോടെ പെരുമാറിയപ്പോള്‍ ഒരു ടെന്‍ഷനും തോന്നിയിരുന്നില്ല.”) എന്നിവ ആയുധമാക്കാം. ഉത്ക്കണ്ഠ തോന്നുന്ന ഓരോ വേളയിലും എന്തു പ്രതിവിധിയാണ് പയറ്റാന്‍ പോവുന്നത് എന്നു കൂട്ടിച്ചേര്‍ത്ത് കുറിപ്പ് ഒന്നു മാറ്റിയെഴുതുക. (“ഞാന്‍ ആകെ വിയര്‍ത്തുപോവുമോ എന്ന പേടി മനസ്സിലേക്കു വരുന്നു. കുറച്ചൊന്നു വിയര്‍ത്താല്‍ എന്താണു കുഴപ്പം? ഇങ്ങിനെ കടന്നുചിന്തിക്കുന്നതാണ് ശരിക്കും പ്രശ്നം. പകരം ആ ആണ്‍കുട്ടികള്‍ എന്താണു പറയുന്നത് എന്ന് കൂടുതല്‍ ശ്രദ്ധിക്കാം.”)
ഇങ്ങിനെ മാറ്റിയെഴുതിയ കുറിപ്പും റെക്കോഡ് ചെയ്ത് അതു ശ്രദ്ധിച്ചുകേള്‍ക്കുക. ടെന്‍ഷന്‍വേളകളിലെത്തുമ്പോള്‍ കൂട്ടത്തില്‍ റെക്കോഡു ചെയ്തുവെച്ചിട്ടുള്ള പ്രതിവിധികള്‍ ഉള്‍ക്കണ്ണുകളിലെ ദൃശ്യങ്ങളില്‍ പ്രാവര്‍ത്തികമാക്കുക.
കുറിപ്പ് ഇങ്ങിനെ പലയാവര്‍ത്തി കേള്‍ക്കുകയും, പ്രതിവിധികള്‍ ഉപയോഗപ്പെടുത്തി ഓരോ തവണയും ആ സന്ദര്‍ഭത്തെ സധൈര്യം അതിജീവിക്കുന്നതായി ഉള്‍ക്കണ്ണുകളില്‍ കാണുകയും ചെയ്യുമ്പോള്‍ ഉത്ക്കണ്ഠയുടെ തോത് ഓരോതവണയും കുറഞ്ഞുകുറഞ്ഞുവരുന്നതായി ബോദ്ധ്യപ്പെടും. വലിയ ടെന്‍ഷനൊന്നുമില്ലാതെ മുഴുവന്‍ ഘട്ടങ്ങളിലൂടെയും ഭാവനയില്‍ പല തവണ കടന്നുപോവാനായാല്‍ പതിയെ യഥാര്‍ത്ഥ ജീവിതസന്ദര്‍ഭങ്ങളെയും നേരിടാന്‍ തുടങ്ങുക. വല്ലാതെ പേടിക്കേണ്ടതില്ലാത്ത സാഹചര്യങ്ങളെയാണ് തുടക്കത്തില്‍ അഭിമുഖീകരിച്ചു നോക്കേണ്ടത്. ഉദാഹരണത്തിന്, ആദ്യം കുറച്ചൊക്കെ പരിചയമുള്ള ഒന്നോരണ്ടോ ആണ്‍കുട്ടികളോടു സംസാരിക്കാം. ആ ശ്രമം വിജയിച്ച് ആത്മവിശ്വാസം കൈവന്നുകഴിഞ്ഞാല്‍ കൂടുതല്‍പേരുള്ള സന്ദര്‍ഭങ്ങളെയും നേരിട്ടുനോക്കാം.
{xtypo_quote}4. പഠിക്കാന്‍ ഇരിക്കുമ്പോള്‍ ഓരോരോ ചിന്തകള്‍ മനസ്സിലേക്കു വരും. ക്ളാസ്സില്‍ അധ്യാപകര്‍ പഠിപ്പിക്കുമ്പോഴും മനസ്സ് വേറെ വഴിക്ക് പോകുന്നു. ഒന്നിലും ശ്രദ്ധിക്കാനാവുന്നില്ല.{/xtypo_quote}
താരതമ്യേന കൂടുതല്‍ ഏകാഗ്രത കിട്ടാറുള്ള സ്ഥലങ്ങളെയും നേരങ്ങളെയും തിരിച്ചറിഞ്ഞ് അവയെ ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ക്കും പാഠങ്ങള്‍ക്കുമായി മാറ്റിവെക്കുക. തുടര്‍ച്ചയായി ഒരേ വിഷയംതന്നെ വായിക്കാതെ വ്യത്യസ്ത വിഷയങ്ങളോ പരസ്പരം അധികം ബന്ധമില്ലാത്ത പാഠങ്ങളോ മാറിമാറി വായിക്കുക. ഒരമ്പതു മിനിട്ട് തുടര്‍ച്ചയായി പഠിച്ചുകഴിഞ്ഞാല്‍ പത്തു മിനിട്ട് “ബ്രേക്ക്” എടുക്കുന്നത് നല്ലതാണ്. അത്തരം ഇടവേളകളില്‍ മാനസികോല്ലാസം തരുന്ന എന്തിലെങ്കിലും മുഴുകുകയോ ഒന്നു കൈവീശി നടന്നിട്ടു വരികയോ ചെയ്യുക.
SQ3R എന്ന വിദ്യയും ഏകാഗ്രത മെച്ചപ്പെടാന്‍ സഹായിക്കും. അഞ്ചു ഘട്ടങ്ങളാണ് ഇതിനുള്ളത്. ആദ്യം പാഠത്തിന്‍റെ ഹെഡ്ഡിങ്ങ്, ആമുഖം, സബ്ഹെഡ്ഡിങ്ങുകള്‍, ബോക്സുകള്‍, ചിത്രങ്ങളുടെയും ഗ്രാഫുകളുടെയും മറ്റും അടിക്കുറിപ്പുകള്‍, സംഗ്രഹം തുടങ്ങിയവ ഒന്നോടിച്ചുവായിക്കുക (Survey). എന്നിട്ട് കിട്ടിയ വിവരങ്ങളെ ആസ്പദമാക്കി കുറച്ചു ചോദ്യങ്ങള്‍ രൂപപ്പെടുത്തി എവിടെയെങ്കിലും എഴുതിവെക്കുക (Question). പിന്നെ പാഠം വായിക്കുക (Read). എഴുതിയ ചോദ്യങ്ങളുടെ ഉത്തരം കണ്ടുപിടിക്കുകയാവണം പ്രധാന ഉദ്ദേശ്യം. ഓരോ സെക്ഷനും പിന്നിടുമ്പോള്‍ ചോദ്യങ്ങള്‍ വല്ലതിനും ഉത്തരം കിട്ടിയെങ്കില്‍ ആ ഉത്തരങ്ങള്‍ സ്വന്തം വാക്കുകളില്‍ ഒന്ന്‍ ഉരുവിട്ടുപറയുക (Recite). ഉരുവിട്ടുപറഞ്ഞപ്പോള്‍ ബുദ്ധിമുട്ടനുഭവപ്പെട്ട ഭാഗങ്ങള്‍ ഒരാവര്‍ത്തികൂടി വായിക്കുക (Review). ഒരു പാഠം ക്ലാസില്‍ എടുക്കുന്നതിനുമുമ്പ് വീട്ടില്‍വെച്ച് അതിന്‍റെ Survey, Question ഘട്ടങ്ങള്‍ തീര്‍ക്കുന്നത് ആ ക്ലാസില്‍ കൂടുതല്‍ ശ്രദ്ധകിട്ടാന്‍ സഹായിക്കും.
ബാല്യത്തില്‍ അമിതമായ പിരുപിരുപ്പുണ്ടായിരുന്നവര്‍ക്ക് മുതിര്‍ന്നുകഴിഞ്ഞ് പല കാര്യങ്ങളിലും വല്ലാത്ത ശ്രദ്ധക്കുറവു നേരിടുന്നുവെങ്കില്‍ അത് എ.ഡി.എച്ച്.ഡി. എന്ന അസുഖത്തിന്‍റെ സൂചനയാവാം.
{xtypo_quote}5. സ്കൂള്‍ വിട്ടു വന്നാല്‍ ഏറെ നേരം കമ്പ്യൂട്ടറില്‍ ഗെയിം കളിക്കും. അവധി ദിവസങ്ങളില്‍ മുഴുവന്‍ സമയവും ഇതാണ് പരിപാടി. പരീക്ഷയില്‍ എല്ലാത്തിനും മാര്‍ക്ക് കുറവാണ്. പഠിക്കണമെന്നുണ്ട്. ഓരോ തവണ കളിക്കുമ്പോഴും ഇത് കഴിഞ്ഞ് പഠിക്കാമെന്ന് വിചാരിക്കും. പക്ഷേ നടക്കുന്നില്ല. ഒടുവില്‍ കയറിക്കിടന്ന് ഉറങ്ങും. ഇത് മാറ്റാന്‍ എന്തു ചെയ്യണം?{/xtypo_quote}
“പഠിക്കണമെന്നുണ്ട്” എന്ന ചിന്ത നിലവിലുണ്ട്. എന്നാല്‍ പെരുമാറ്റത്തില്‍ തക്ക മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടത്ര ശക്തി ഇപ്പോള്‍ അതിനില്ല താനും. അതുകൊണ്ടുതന്നെ കളി കുറക്കണമെന്നും കൂടുതല്‍ പഠിക്കണമെന്നുമുള്ള ചിന്തകളെ ഒന്നുകൂടി ബലപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. താഴെക്കൊടുത്ത ചോദ്യങ്ങള്‍ക്ക് ആവുന്നത്ര ഉത്തരങ്ങള്‍ പറയുന്നത് ഇതിനു സഹായിക്കും:
- നിലവിലെ സാഹചര്യത്തിന് എന്തൊക്കെ കുഴപ്പങ്ങളാണുള്ളത്?
- കാര്യങ്ങള്‍ ഇതേരീതിയില്‍ തുടര്‍ന്നാല്‍ വന്നുഭവിച്ചേക്കാവുന്ന ഏറ്റവും വലിയ പ്രശ്നം എന്താണ്?
- ഗെയിംകളിയില്‍ അല്‍പം നിയന്ത്രണം വേണം എന്നു തോന്നുന്നത് എന്തുകൊണ്ടാണ്?
- ഗെയിംകളി കുറച്ചാല്‍ എന്തൊക്കെ ഗുണം കിട്ടാം?
- ഭാവിയില്‍ എന്തായിത്തീരണമെന്നാണ് ആഗ്രഹം? കാര്യങ്ങള്‍ ഇതേരീതിയില്‍ തുടര്‍ന്നാല്‍ അതു സഫലമാവുമെന്നു തോന്നുന്നുണ്ടോ?
- ദിവസവും അല്‍പനേരം വീതം വായിച്ചാല്‍ അതുകൊണ്ട് എന്തൊക്കെ മെച്ചങ്ങള്‍ കിട്ടാം?
ഇവക്കൊക്കെ ഉത്തരം പറഞ്ഞുകഴിഞ്ഞ്, കളി കുറക്കാനും വായന തുടങ്ങാനുമുള്ള പ്രചോദനം കൈവന്നുകഴിഞ്ഞാല്‍ ദിവസവും ഇത്ര മണി മുതല്‍ ഇത്ര മണി വരെ വായിക്കും എന്നു തീരുമാനിക്കുക. അത്രയുംനേരം വായിച്ചാല്‍ അതിനുശേഷം മാത്രം കുറച്ചു സമയം ഗെയിംകളിക്കാം എന്നും, അതല്ലെങ്കില്‍ അന്നു കളിക്കുകയേ ഇല്ല എന്നും പ്രതിജ്ഞയെടുക്കുക. സ്വന്തം നിലക്ക് ഇതുറപ്പുവരുത്തുക ബുദ്ധിമുട്ടാണെങ്കില്‍ മുതിര്‍ന്ന ആരോടെങ്കിലും കമ്പ്യൂട്ടറിന് പാസ്സ്‌വേര്‍ഡ് ഇടാനും വായിച്ചുകഴിഞ്ഞ ശേഷം മാത്രം അത് ഓണ്‍ ചെയ്തുതരാനും ചട്ടംകെട്ടുക.
{xtypo_quote}6. ഫേസ്ബുക്കില്‍ ഒരുപാട് നേരം ചെലവഴിക്കാറുണ്ട്. ഇടയ്ക്കിടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റും. ചിത്രങ്ങള്‍ മാറ്റിയാല്‍ എത്ര ലൈക്ക് കിട്ടുമെന്നാകും ആശങ്ക. രാവിലെ എഴുന്നേറ്റാല്‍ ആദ്യം അതാണ് നോക്കുക. ചിത്രത്തിനു താഴെ ആരെങ്കിലും കളിയാക്കുന്ന രീതിയിലുള്ള കമന്റുകളിട്ടാല്‍ അന്നത്തെ ദിവസം പോക്കാണ്. മൂഡ് ഔട്ടാകും.{/xtypo_quote}
എന്തൊക്കെക്കാര്യങ്ങള്‍ക്കായാണ് ഫേസ്ബുക്കില്‍ സമയം ചെലവാക്കുന്നത് എന്നു ശ്രദ്ധിച്ച് ഒരാഴ്ചക്കാലത്തേക്ക് ഈ വിവരം ഒരു നോട്ട്ബുക്കില്‍ കുറിച്ചുവെക്കുക. ഈ പ്രവൃത്തികളിലേതെങ്കിലും വ്യക്തിപരമോ പഠനസംബന്ധമോ ആയ വല്ല ഗുണങ്ങളും തരുന്നുണ്ടോ എന്നു പരിശോധിക്കുക. ഏറ്റവും പ്രയോജനകരമായ ഏതാനും കാര്യങ്ങള്‍ക്കു മാത്രമായി നിശ്ചിത സമയം മാത്രമേ ഓരോ ദിവസവും ഫേസ്ബുക്കില്‍ ചെലവിടൂ എന്നു നിശ്ചയിക്കുക. ആവശ്യമെങ്കില്‍ ചോദ്യം 5-ന്‍റെ ഉത്തരത്തില്‍ പറഞ്ഞ തരം ചോദ്യങ്ങള്‍ ഉയര്‍ത്തുക.
പ്രൊഫൈല്‍ചിത്രങ്ങള്‍ ഇടക്കിടെ മാറ്റുന്നതും മറ്റും നമ്മുടെയും ആ പോസ്റ്റുകള്‍ കാണുന്നവരുടെയും സമയം വെറുതേ പാഴാവാനും അങ്ങിനെ മറ്റുള്ളവര്‍ക്കു നമ്മെപ്പറ്റിയുള്ള അഭിപ്രായം മോശമാവാനും മാത്രമേ ഉതകൂ. ആ സമയമുപയോഗിച്ച് യഥാര്‍ത്ഥജീവിതത്തില്‍ വല്ല നല്ല കാര്യങ്ങളും ചെയ്ത് അത്തരം വാര്‍ത്തകള്‍ എഫ്ബിയില്‍ പങ്കുവെക്കുന്നതാവും കൂടുതല്‍ പ്രയോജനകരം. മാത്രമല്ല, ഓണ്‍ലൈന്‍ ലോകത്ത് പേരെടുക്കാന്‍ എപ്പോഴും നല്ലത് സ്ഥായിയായ ഒരു “ബ്രാന്‍ഡ് ഇമേജ്” – എഫ്ബിയുടെ കാര്യത്തിലാണെങ്കില്‍ പ്രൊഫൈല്‍പിക്കും കവര്‍ഇമേജുമൊക്കെ – നിലനിര്‍ത്തുന്നതാണ് എന്നാണ് വിദഗ്ദ്ധമതം.
ലൈക്കുകളെയും കമന്‍റുകളെയും കഴിവുകളുടെയോ വ്യക്തിത്വത്തിന്‍റെയോ മാനദണ്ഡമോ തെളിവോ ആയി എടുക്കാതിരിക്കുക. (അനാവശ്യമായി ലൈക്കുകളും പുകഴ്ത്തല്‍ക്കമന്‍റുകളും വാരിക്കോരിക്കൊടുത്ത് മലയാളികളായ ചില വ്യക്തികളെ എഫ്ബിസമൂഹം വിഡ്ഢിവേഷം കെട്ടിച്ചതിന് സമീപകാല ഉദാഹരണങ്ങള്‍ ഉണ്ട്.) കമന്‍റുകള്‍ വിഷമിപ്പിക്കുമ്പോള്‍ ചോദ്യം 2–ന്‍റെ ഉത്തരത്തില്‍ വിശദീകരിച്ച Thought control എന്ന വിദ്യ പരിചയാക്കുക.
{xtypo_quote}7. ഒരു കാര്യവും ഇല്ലാതെ ചിലപ്പോള്‍ വല്ലാത്ത സങ്കടം വരുന്നു. ആരോടും സംസാരിക്കാന്‍ തോന്നില്ല. അപ്പോഴൊക്കെ വെറുതെ ഇരുന്നു കരയും. ആരും എന്നെ പരിഗണിക്കുന്നില്ലെന്ന വിചാരമാണ് എപ്പോഴും. ആര്‍ത്തവദിവസം അടുക്കുമ്പോഴാണ് ഈ ചിന്തകള്‍ കൂടുന്നത്. ഭക്ഷണം കഴിക്കാന്‍ പോലും തോന്നാറില്ല.{/xtypo_quote}
വിഷാദം എന്ന സര്‍വസാധാരണമായ മാനസികപ്രശ്നത്തിന്‍റെ ലക്ഷണങ്ങളാണ് ഇവിടെ എണ്ണിപ്പറഞ്ഞിരിക്കുന്നത്. ഈ പ്രശ്നത്തില്‍ ഇവക്കു പുറമെ താന്‍ ഈ ലോകത്ത് ഒറ്റക്കാണ്, ഈ പ്രശ്നങ്ങളൊന്നും ഒരിക്കലും പരിഹൃതമാവാന്‍ പോവുന്നില്ല തുടങ്ങിയ നെഗറ്റീവ് ചിന്തകള്‍ക്ക് പ്രാമുഖ്യം ലഭിക്കുക, ഉറക്കം കൂടുകയോ കുറയുകയോ ചെയ്യുക, മുമ്പ് ആസ്വാദ്യകരമായിരുന്ന പ്രവൃത്തികളില്‍ താല്‍പര്യം നഷ്ടമാവുക, മരണത്തെയും ആത്മഹത്യയെയും കുറിച്ചുള്ള ചിന്തകള്‍ തലപൊക്കുക തുടങ്ങിയ ലക്ഷണങ്ങളും കാണപ്പെടാം.
വിഷാദലക്ഷണങ്ങള്‍ക്കു വഴങ്ങിക്കൊടുത്ത് എല്ലാറ്റില്‍നിന്നും ഒഴിഞ്ഞുമാറിനില്‍ക്കാതെ ടിവി കാണുക, കൂട്ടുകാരോടു സംസാരിക്കുക തുടങ്ങിയ സന്തോഷജനകമായ ചെയ്തികളിലും, സന്നദ്ധപ്രവര്‍ത്തനങ്ങള്‍ പോലുള്ള ചാരിതാര്‍ത്ഥ്യം തരുന്ന പ്രവൃത്തികളിലും കഴിവത്ര മുഴുകുക. ശാരീരികവ്യായാമങ്ങള്‍ ചെയ്യുക. ഇത്തരം ലക്ഷണങ്ങള്‍ മുമ്പും വന്നിട്ടുണ്ടെങ്കിലോ, കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും വിഷാദം ബാധിച്ചിട്ടുണ്ടെങ്കിലോ, ലക്ഷണങ്ങളുടെ തീവ്രത ക്രമേണ വഷളാവുന്നെങ്കിലോ, ആത്മഹത്യാചിന്തകള്‍ തലപൊക്കിയാലോ സമയം പാഴാക്കാതെ ഒരു സൈക്ക്യാട്രിസ്റ്റിനെ കാണുക.
{xtypo_quote}8. സ്ത്രീകളുടെ ശരീരത്തിലെ നഗ്നഭാഗങ്ങളിലേക്ക് അവര്‍ അറിയാതെ ഞാന്‍ നോക്കാറുണ്ട്. ക്ളാസില്‍ ടീച്ചര്‍ പഠിപ്പിക്കുമ്പോഴും ഇങ്ങനെ ചെയ്യും. പിന്നീട് എനിക്ക് കുറ്റബോധം തോന്നും. എത്ര ശ്രമിച്ചിട്ടും ഇത് മാറ്റാന്‍ പറ്റുന്നില്ല.{/xtypo_quote}
ഇതിനു രണ്ടുതരം കാരണങ്ങളുണ്ടാവാം. മറുലിംഗത്തില്‍പ്പെട്ടവരുടെ ശരീരഭാഗങ്ങളില്‍ ഇടക്കൊന്നു കണ്ണോടിക്കുന്നത് കൌമാരസഹജമായ ജിജ്ഞാസയുടെയും ലൈംഗികാഭിവാഞ്‌ഛയുടെയും തികച്ചും സ്വാഭാവികമായ ബഹിര്‍സ്ഫുരണം മാത്രമാവാം. എന്നാല്‍ കടുത്ത അച്ചടക്കത്തില്‍ വളര്‍ന്നവരിലും തീവ്രമായ മതബോധനം കിട്ടിയിട്ടുള്ളവരിലുമൊക്കെ ഇത്തരം പ്രവൃത്തികള്‍ കടുത്ത കുറ്റബോധം സൃഷ്ടിക്കുകയും, തുടര്‍ന്നങ്ങോട്ട് മറുലിംഗത്തില്‍പ്പെട്ടവരുമായി ഇടപഴകുമ്പോഴൊക്കെ മനസ്സ് കടുത്ത ജാഗ്രത പുലര്‍ത്തുകയും, ഇത് വിപരീതഫലം ഉളവാക്കുകയും, “നോക്കരുത്”, “നോക്കരുത്” എന്ന ആജ്ഞ മനസ്സ് നിരന്തരം പുറപ്പെടുവിക്കുന്നത് അതെക്കുറിച്ചുള്ള ബോധം സദാ നിലനില്‍ക്കുന്നതിനും അറിയാതെ നോക്കിപ്പോവുന്നതിനും നിമിത്തമാവുകയും ചെയ്യാം. ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള പരിധിവിട്ട കുറ്റബോധം അസ്ഥാനത്താണ് എന്ന ബോദ്ധ്യം വളര്‍ത്തുന്നത് ഇതില്‍നിന്ന്‍ സ്വയമറിയാതെ പുറത്തുകടക്കാന്‍ സഹായിക്കും.
ഒ.സി.ഡി. എന്ന മാനസികപ്രശ്നത്തിന്‍റെ ഭാഗമായും ഇത്തരം പ്രവണതകള്‍ കണ്ടുവരാറുണ്ട്. ഇങ്ങനെയൊക്കെ നോക്കാനുള്ള ത്വര മനസ്സില്‍ നിരന്തരം വന്നുകൊണ്ടേയിരിക്കുക, അതനുസരിച്ചില്ലെങ്കില്‍ കടുത്ത മനപ്രയാസം അനുഭവപ്പെടുക, ഒന്നു നോക്കിക്കൊടുത്താല്‍ മാത്രം ആ പ്രയാസത്തിന് അയവുകിട്ടുക, പക്ഷേ പിന്നീട് അങ്ങിനെ നോക്കിയതിനെപ്പറ്റി കുറ്റബോധം തോന്നുക തുടങ്ങിയവ ഒ.സി.ഡി.യുടെ ഭാഗമാവാം. ഇതാണ് സാഹചര്യം എങ്കില്‍ ഒരു സൈക്ക്യാട്രിസ്റ്റിനെ കാണുന്നതാവും നല്ലത്.
{xtypo_quote}9. സാഹസികമായ കാര്യങ്ങള്‍ ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. സ്പീഡില്‍ ബൈക്ക് ഓടിക്കുകയും ഓടുന്ന ട്രെയിനില്‍നിന്ന് ചാടിയിറങ്ങുകയും ചാടിക്കയറുകയും ഒക്കെ ചെയ്യും. ആവേശം കൂടുതലാണെന്നാണ് വീട്ടുകാരുടെ പരാതി. നേരത്തെ ഇങ്ങനെയൊന്നും ആയിരുന്നില്ല. കാര്യങ്ങള്‍ ക്ഷമയോടെ ചെയ്യണമെന്ന് കരുതുമെങ്കിലും സാധിക്കാറില്ല.{/xtypo_quote}
ഇംഗ്ലീഷില്‍ Sensation seeking എന്നറിയപ്പെടുന്ന, മലയാളത്തില്‍ “തിമര്‍പ്പുത്വര” എന്നു വിളിക്കാവുന്ന, ഒരു വ്യക്തിത്വശൈലിയുടെ ലക്ഷണങ്ങളാണ് ചോദ്യത്തിലുള്ളത്. വൈവിധ്യമാര്‍ന്നതും പുതുമയേറിയതും സങ്കീര്‍ണവുമായ ചെയ്തികളിലും അനുഭവങ്ങളിലും അഭിരമിക്കാനുള്ള നിലക്കാത്ത വാഞ്‌ഛയും, അതിനായി ഏതറ്റം വരെ പോവാനുമുള്ള സന്നദ്ധതയുമാണ് ഇതിന്‍റെ മുഖമുദ്രകള്‍. കൌമാരപ്രായത്തിലാണ് ഇതിന് ഏറ്റവുമധികം തീവ്രത കൈവരാറുള്ളത്. ഈ പ്രവണത പലപ്പോഴും ചൂതാട്ടം, ലഹരിയുപയോഗം, ലൈംഗികരോഗങ്ങള്‍, അപകടങ്ങള്‍ തുടങ്ങിയവക്ക് അടിത്തറയാകാറുമുണ്ട്.
ഉത്തേജനത്തിനായുള്ള ഈ അടങ്ങാത്ത അഭിനിവേശത്തെ സ്പോര്‍ട്സ്, വീഡിയോ ഗെയിമുകള്‍, മലകയറ്റം പോലുള്ള ഹോബികള്‍, ഫയര്‍സര്‍വീസ് പോലുള്ള രംഗങ്ങളിലുള്ള ജോലികള്‍ തുടങ്ങിയ ക്രിയാത്മകമായ മേഖലകളിലേക്കു വഴിതിരിച്ചുവിടുന്നതാണ് അഭികാമ്യം. ഈ പ്രവണത തലച്ചോറിലെ ചില രാസവ്യതിയാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട് എന്നതിനാല്‍ അവയെ തിരുത്തിയെടുക്കാനുള്ള ചില മരുന്നുകളും പ്രയോജനകരമാവാം.
{xtypo_quote}10. ക്ളാസില്‍ ടീച്ചര്‍ ചോദ്യം ചോദിക്കുമ്പോള്‍ വലിയ ടെന്‍ഷനാണ്. ഉത്തരം അറിയാമെങ്കിലും പറയാന്‍ സാധിക്കില്ല. പരീക്ഷയ്ക്ക് തൊട്ടു മുമ്പും ഈ കുഴപ്പമുണ്ട്. ചോദ്യപ്പേപ്പര്‍ വാങ്ങുമ്പോള്‍ കൈവിറയ്ക്കും. ടോയ്ലറ്റില്‍ പോകണമെന്നു തോന്നും. ചിലപ്പോള്‍ തലകറങ്ങാറുമുണ്ട്. പരീക്ഷയുടെ സമയം തീരാറാകുമ്പോഴും ഇങ്ങനെ വരും. എന്തുകൊണ്ടാണിത്. ഇത് മാറ്റാന്‍ എന്തുചെയ്യണം?{/xtypo_quote}
ക്ലാസിലെ ചോദ്യങ്ങളെ ടെന്‍ഷനില്ലാതെ അഭിമുഖീകരിക്കാനാവാനും ചോദ്യപ്പേപ്പര്‍ കിട്ടുമ്പോഴുള്ള കൈവിറയല്‍ തടയാനും ചോദ്യം 3-ന്‍റെ ഉത്തരത്തില്‍ വിശദീകരിച്ച Coping imagery എന്ന വിദ്യ പ്രയോഗിക്കാം. പരീക്ഷാവേളകളിലെ അമിതടെന്‍ഷന്‍ നിയന്ത്രണവിധേയമാക്കാന്‍ ഉപയോഗപ്പെടുത്താവുന്ന ചില വിദ്യകള്‍ താഴെപ്പറയുന്നു:
പരീക്ഷക്കു കൂടെക്കൊണ്ടുപോവേണ്ട സാധനങ്ങള്‍ നേരത്തേതന്നെ ഒരുക്കിവെക്കുക. പരീക്ഷാത്തലേന്ന് നന്നായി ഉറങ്ങാന്‍ ശ്രദ്ധിക്കുക. പരീക്ഷാദിവസം രാവിലെയും തലേന്നു രാത്രിയും റിവിഷന്‍ നോട്ടുകള്‍ മാത്രം വായിക്കുക. വെറുംവയറ്റില്‍ പരീക്ഷക്കു കയറാതിരിക്കുക. കാപ്പി, ചായ എന്നിവ ടെന്‍ഷന്‍റെ ലക്ഷണങ്ങളെ അധികരിപ്പിച്ചേക്കാമെന്നതിനാല്‍ അവ കഴിവതും ഒഴിവാക്കുക. ശരിക്കു തയ്യാറെടുത്തിട്ടില്ലാത്തവരോ, നിങ്ങള്‍ എന്തൊക്കെപ്പഠിച്ചിട്ടുണ്ട്, എന്തൊക്കെ പഠിക്കാതെ വിട്ടിട്ടുണ്ട് എന്നൊക്കെ ചുഴിഞ്ഞന്വേഷിക്കുന്നവരോ, ആത്മവിശ്വാസം കെടുത്തുന്ന ഡയലോഗുകള്‍ പറയുന്നവരോ ഒക്കെയായ സഹപാഠികളെ പരീക്ഷക്കു തൊട്ടുമുമ്പ് അടുപ്പിക്കാതിരിക്കുക.
പരീക്ഷയെഴുതാന്‍ ഇരിക്കുമ്പോള്‍ ശരീരത്തിന്‍റെ പോസ് ഇടക്കിടെ മാറ്റുന്നത് ടെന്‍ഷന്‍ കുറയാന്‍ സഹായിക്കും. പരീക്ഷയെഴുതുന്നതിനിടയില്‍ കിട്ടാന്‍പോവുന്ന മാര്‍ക്ക് ഗണിക്കുന്നതും, കൂടെക്കൂടെ വാച്ചു നോക്കുന്നതും സമയം പാഴാവാനും ഉത്ക്കണ്ഠ കൂടാനും മാത്രമേ ഉപകരിക്കൂ. പരീക്ഷ പെട്ടെന്നെഴുതിത്തീര്‍ക്കുന്നതിന് എക്സ്ട്രാമാര്‍ക്കൊന്നും കിട്ടില്ല എന്നതിനാല്‍ സഹപാഠികള്‍ എഴുതിത്തീര്‍ത്തിറങ്ങിപ്പോവുന്നതും നോക്കി ടെന്‍ഷനടിക്കുന്നതില്‍ ഒരു കാര്യവുമില്ല.
(2015 മാര്‍ച്ച് ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്. ചോദ്യങ്ങള്‍ക്ക് ആരോഗ്യമാസികയോടു കടപ്പാട്.)
{xtypo_alert}ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.{/xtypo_alert}
Image courtesy: imgkid.com
When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.