“കുഞ്ഞിനെയുമെടുത്ത് എങ്ങോട്ടെങ്കിലും പോയി രക്ഷപെട്ടാലോ എന്ന് പല തവണ ആലോചിച്ചതാ... പക്ഷേ എന്നെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്, ലോകത്തേതു നാട്ടില്‍ച്ചെന്നൊളിച്ചാലും അവിടെവന്ന് എന്നെയും കുഞ്ഞിനെയും വെട്ടിനുറുക്കും എന്നാണ്.”
— ഭര്‍ത്താവിന്‍റെ അമിത മദ്യപാനവും ഗാര്‍ഹിക പീഡനങ്ങളും നേരിടുന്ന യുവതി പറഞ്ഞത്.
നിഷ്ഠൂരമായ കൊലപാതകങ്ങള്‍ നടത്തുന്നവരെ വാര്‍ത്തയിലും സിനിമയിലുമൊക്കെക്കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടോ, എങ്ങിനെയാണ് ഒരാള്‍ക്ക് ഇത്രയും നിഷ്കരുണം പെരുമാറാനാകുന്നതെന്ന്? വര്‍ഷങ്ങളുടെ ജയില്‍ശിക്ഷ തീര്‍ത്തിറങ്ങി പിന്നെയും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെപ്പറ്റി സ്വയം ചോദിച്ചിട്ടുണ്ടോ, എന്തു ബോധമില്ലായ്കയാണ് ആ മനുഷ്യര്‍ക്കെന്ന്? ഒരാവശ്യവും ഇല്ലാഞ്ഞിട്ടും പച്ചക്കള്ളങ്ങള്‍ എഴുന്നള്ളിക്കുന്ന സഹപ്രവര്‍ത്തകരെയോ, വീട്ടിലുള്ളവരെ മുഴുവന്‍ വിറപ്പിച്ചു നിര്‍ത്തിയിരിക്കുന്ന അകന്ന ബന്ധുവിനെയോ കുറിച്ച്, എന്താ ഇവരൊക്കെയിങ്ങനെ എന്ന് ജിജ്ഞാസ തോന്നിയിട്ടുണ്ടോ? ഇത്തരം ആളുകളുടെ മനസ്സു പ്രവര്‍ത്തിക്കുന്ന രീതി പരിചയപ്പെടാം.