മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

തള്ളിന്‍റെ മനശ്ശാസ്ത്രം

bragging-malayalam

“കാണിക്കാൻ മറ്റൊന്നുംതന്നെ കയ്യിലില്ലാത്തവർ പൊങ്ങച്ചമെങ്കിലും കാണിച്ചോട്ടെന്നേ.”
– ബാൽസാക്

വീമ്പു പറയുന്നത്, ഇപ്പോഴത്തെ ഭാഷയില്‍പ്പറഞ്ഞാല്‍ തള്ളുന്നത്, ഒരു നല്ല ഗുണമല്ലെന്ന് കുട്ടിക്കാലത്തേ മിക്കവരേയും പഠിപ്പിക്കാറുള്ളതാണ്. എന്നിട്ടുമെന്താണ് പലരും അതൊരു ശീലമാക്കിയിരിക്കുന്നത്? മറുവശത്ത്, നമുക്ക് ഒരു നേട്ടത്തെക്കുറിച്ചു മാലോകരെ അറിയിക്കണം എന്നിരിക്കട്ടെ. തള്ളുകയാണ് എന്ന തോന്നല്‍ ജനിപ്പിക്കാതെ അതെങ്ങിനെ സാധിച്ചെടുക്കാം? ഇതെല്ലാമൊന്നു പരിശോധിക്കാം.

തള്ളാകുന്നതെപ്പോള്‍?

നേട്ടങ്ങളും വിജയങ്ങളും സുഹൃത്തുക്കളോടും പരിചയക്കാരോടും പങ്കുവെക്കുന്നതും അവരോടൊപ്പം ആഘോഷിക്കാന്‍ തോന്നുന്നതും ചീത്തക്കാര്യമൊന്നുമല്ല. എന്നാലത്‌ തള്ള് എന്ന മോശം പ്രവൃത്തിയാകുന്നത് അവരെ താഴ്ത്തിക്കെട്ടുന്ന മട്ടിലോ, അവരിൽ അസൂയ ഉളവാക്കണമെന്ന ദുരുദ്ദേശത്തിലോ, താൻ അവരെക്കാൾ മുകളിലാണെന്നു പറഞ്ഞുവെക്കുന്ന രീതിയിലോ, പൊലിപ്പിച്ചോ, അത്യഭിമാനത്തോടെയോ ഒക്കെ വാര്‍ത്ത വിളംബരം ചെയ്യുമ്പോഴാണ്.

തരാതരം തള്ളുകൾ

വാ കൊണ്ടു പറയുന്നതു മാത്രമല്ല തള്ളിന്‍റെ പരിധിയിൽ വരുന്നത്. പരശ്രദ്ധ ആകർഷിക്കാനും ആളുകളെക്കൊണ്ട് അതേപ്പറ്റി ചോദ്യമുയര്‍ത്തിപ്പിക്കാനുമുള്ള ഉദ്ദേശത്തോടെ വസ്തുവകകൾ പ്രദർശിപ്പിക്കുന്നതും അതിൽപ്പെടും — സംസാരമദ്ധ്യേ പുതിയ ഫോൺ ഇടയ്ക്കിടെ എടുത്തു കാട്ടുന്നതും ഈയിടെ കിട്ടിയ ട്രോഫി വിരുന്നുകാർ വരുന്ന തക്കം നോക്കി സ്വീകരണമുറിയില്‍ സ്ഥാപിക്കുന്നതും പോലെ.

നാമായിട്ടതു ചെയ്യാതെ പകരം മറ്റൊരാളെക്കൊണ്ടു തള്ളുവർത്തമാനം പറയിക്കുന്നതു വേറൊരു രീതിയാണ്. ഭാര്യ ഭര്‍ത്താവിനെപ്പറ്റിയും ഒപ്പം അയാള്‍ തിരിച്ചും പുകഴ്ത്തിക്കൊണ്ടിരിക്കുന്നത് ഇതിൽപ്പെടുന്നു.
ഇപ്പറഞ്ഞതൊന്നും മിതമായ അളവിൽ ഒരു മോശം കാര്യമാകുന്നില്ല, മറിച്ച് മുമ്പു പറഞ്ഞപോലെ ഏറിയ തോതിലോ അപരരെ താഴ്ത്തിക്കെട്ടാൻ ഉദ്ദേശിച്ചോ ചെയ്യുമ്പോഴാണു തള്ളാകുന്നത്.

ഇനിയും ചിലരുടേത് “വിനയാന്വിത വീമ്പുകൾ” (humble bragging) ആകാം. ഒരു നേട്ടം വെളിപ്പടുത്തുമ്പോള്‍ അതിനെയോ തന്നെത്തന്നെയോ ഒന്നു വിലയിടിച്ചുകാട്ടുകയോ ഒപ്പം ഒരു പരാതി കൂടിച്ചേര്‍ക്കുകയോ ആണ് ഇതിന്‍റെ രീതി — “എന്തൊരു ഭംഗിയാ എനിക്ക് എന്നാണ് കാണാന്‍ വന്നവരൊക്കെ പറഞ്ഞത്. എല്ലാര്‍ക്കും കണ്ണിനെന്തോ കുഴപ്പമുണ്ട്,” “ഇന്നു ഡെല്‍ഹിയിലാണെങ്കില്‍ നാളെ ബോംബെയിലാകും മീറ്റിംഗ്; ഫ്ലൈറ്റിലിരുന്നും ഫൈവ്സ്റ്റാര്‍ ഫുഡ്ഡു കഴിച്ചും മടുത്തു” എന്നൊക്കെപ്പോലെ.

തള്ളിനെ പിടിവള്ളിയാക്കുന്നത്

 1. ആളുകള്‍ തള്ളിനെ ആശ്രയിക്കുന്നത് പല കാരണങ്ങളാലാകാം.
 2. മറ്റുള്ളവരില്‍ മതിപ്പു സൃഷ്ടിക്കാനോ താന്‍ അവരെക്കാളും ഉയരെയാണെന്നു കാണിക്കാനോ ഉള്ള ശ്രമം.
  സ്വയംമതിപ്പോ ആത്മാഭിമാനമോ കുറഞ്ഞവര്‍ അതു നികത്താന്‍ തള്ളിനെ ആയുധമാക്കാം. പി.എം. ഫോര്‍ണി എന്ന എഴുത്തുകാരന്‍ പറഞ്ഞത്, “ലോകത്തിന്‍റെ ദൃഷ്ടിയില്‍ നമുക്ക് ഉയരം കമ്മിയാണ് എന്ന തോന്നലുണ്ടാകുമ്പോള്‍ അതു മറികടക്കാന്‍ നാം വാക്കുകളാല്‍ നിര്‍മിച്ചു കയറിനില്‍ക്കുന്ന കോണികളാണ് പൊങ്ങച്ചങ്ങള്‍” എന്നാണ്. “അരക്കുടം ആരവമിടും” എന്നൊരു ചൊല്ല് നമ്മുടെ ഭാഷയിലുമുണ്ട്.
 3. സോഷ്യല്‍ മീഡിയയില്‍ സ്വയം പുകഴ്ത്തുന്നത് ഏറെ സന്തോഷജനകമായ പ്രവൃത്തിയാണ്. അന്നേരത്ത് തലച്ചോറിലെ ആനന്ദകേന്ദ്രങ്ങള്‍ ഭക്ഷണവേളയിലെയോ വേഴ്ചാസമയത്തെയോ അത്ര ഉത്തേജിതമാകുന്നെന്ന് ഒരു പഠനം കണ്ടെത്തി.
 4. കുഞ്ഞുകാര്യങ്ങള്‍ക്കു പോലും മാതാപിതാക്കളില്‍നിന്ന് ഏറെ പ്രശംസ കിട്ടി ശീലിച്ചവര്‍ മുതിര്‍ന്നുകഴിഞ്ഞും സകലരോടും ആ പ്രതീക്ഷ പുലര്‍ത്താം.
 5. കാര്യമായി വല്ലതും ചെയ്തു കാണിച്ചാല്‍ മാത്രം സ്നേഹമോ പ്രശംസയോ പ്രകടിപ്പിക്കുന്ന പ്രകൃതക്കാരുടെ മക്കള്‍, മുതിര്‍ന്നു കഴിഞ്ഞ് പരശ്രദ്ധ ആകര്‍ഷിക്കാനായി തള്ളു തെരഞ്ഞെടുക്കാം.
 6. ആരെങ്കിലും വല്ലതും പറഞ്ഞാലുടനെ അതിനെ കടത്തിവെട്ടണം എന്ന ലക്ഷ്യത്തോടെ തള്ളു പുറത്തെടുക്കുന്നവരും ഉണ്ട്. (“ഇന്നലെ ഞാന്‍ സ്റ്റേഡിയത്തില്‍ ദൂരെ കുഞ്ചാക്കോ ബോബന്‍ നില്‍ക്കുന്നതു കണ്ടു.” “ഓ, ഞാന്‍ കഴിഞ്ഞ വര്‍ഷം പോയപ്പൊ തൊട്ടപ്പുറത്ത് മോഹന്‍ലാല്‍ ആയിരുന്നു.”)

പ്രണയപരാജയം പോലുള്ള അനുഭവങ്ങള്‍ക്കു പിറകേ, അതൊന്നും തന്നെ സ്പര്‍ശിച്ചിട്ടേയില്ല എന്നു മറ്റേ വ്യക്തിക്കു കാണിച്ചുകൊടുക്കാന്‍ ചിലര്‍ സോഷ്യല്‍ മീഡിയയിലും മറ്റും തള്ളുകള്‍ ഇറക്കാം. കൌമാരക്കാര്‍, ലോകത്തിന്‍റെ കണ്ണില്‍ തങ്ങള്‍ക്കുള്ള വിലയെസ്സംബന്ധിച്ച പ്രായസഹജമായ സന്ദേഹങ്ങള്‍ മൂലം, തള്ളിനെ കൂടുതലായി ആശ്രയിക്കാം.

തള്ളിന്‍റെ പ്രയോജനങ്ങള്‍ (തള്ളല്ല!)

ഒരാളെ ആദ്യമായിട്ടു പരിചയപ്പെടുമ്പോള്‍ നല്ലൊരു അഭിപ്രായവും മതിപ്പും നേടിയെടുക്കാന്‍ അല്‍പം പൊങ്ങച്ചം സഹായിച്ചേക്കും. ജോബ്‌ വെബ്സൈറ്റുകളിലും തൊഴിലപേക്ഷകളിലും ഇന്‍റര്‍വ്യൂകളിലുമൊക്കെ ഇത്തിരി തള്ളു പയറ്റുന്നത് ഒരു നല്ല ജോലി തരപ്പെടാന്‍ ഉതകിയേക്കാം. ഓണ്‍ലൈനിലാണെങ്കില്‍, നേര്‍പ്പരിചയമില്ലാത്ത കുറേപ്പേര്‍ക്കു മുന്നില്‍ ശ്രദ്ധയും പേരും സമ്പാദിക്കുക ഇത്തിരി തള്ളു പുറത്തിറക്കാതെ സാദ്ധ്യമായേക്കില്ല. ജോലിക്കിടെ ആകെ ക്ഷീണിച്ച്, ബാക്കി മുഴുമിക്കാന്‍ ഉന്മേഷം ശേഷിക്കാതെ നില്‍ക്കുന്നേരം, സോഷ്യല്‍ മീഡിയയില്‍ ലേശം ആത്മപ്രശംസ പ്രസിദ്ധീകരിച്ച് ഇത്തിരി ലൈക്കുകളും അഭിനന്ദനക്കമന്‍റുകളും സ്വരൂപിക്കുന്നത് ഉത്തേജനപ്രദമാകാം. സ്വയംമതിപ്പില്‍ പിന്നാക്കമായവര്‍ക്ക് സോഷ്യല്‍മീഡിയയിലെ തള്ളു പോസ്റ്റുകള്‍ക്ക് കുറച്ചെങ്കിലും അനുകൂല പ്രതികരണങ്ങള്‍ കിട്ടുന്നത് ഔഷധഫലം ചെയ്യാം.

അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ താല്‍ക്കാലികമായ ചില പ്രയോജനങ്ങള്‍ക്കായി, തന്ത്രപൂര്‍വ്വം, ഇത്തിരി തള്ളു രംഗത്തിറക്കുന്നത് ഗുണകരമാകാമെന്നു ചുരുക്കം.

ദൂഷ്യവശങ്ങള്‍

മറുവശത്ത്, തള്ള് അമിതമോ ഒരു ശീലമോ ആകുന്നത് പല രീതിയില്‍ ദോഷകരമാകാം. ചുറ്റുമുള്ളവര്‍ക്ക് സദാ തള്ളുന്നവരെപ്പറ്റി അഹങ്കാരികള്‍, തന്‍കാര്യം മാത്രം നോട്ടമുള്ളവര്‍, വിശ്വസിക്കാന്‍ കൊള്ളാത്തവര്‍, ആത്മാര്‍ത്ഥതയില്ലാത്തവര്‍ എന്നൊക്കെ അഭിപ്രായം വരാം. അങ്ങിനെ അവര്‍ക്കു നല്ല വ്യക്തിബന്ധങ്ങള്‍ കിട്ടാതാകാം. സോഷ്യല്‍ മീഡിയയില്‍ കയ്യടിക്കുന്നവര്‍ പോലും അവരെപ്പറ്റി നന്നല്ലാത്ത ധാരണ ഉള്ളില്‍ സൂക്ഷിക്കാം.

മുമ്പു പറഞ്ഞ “വിനയാന്വിത വീമ്പുകൾ” പതിവാക്കിയവരെപ്പറ്റി കൂടുതല്‍ മോശം അഭിപ്രായമാണു രൂപപ്പെടുകയെന്നു പഠനങ്ങളുണ്ട്.

പേരു സൂക്ഷിക്കാന്‍ ചെയ്യാവുന്നത്

പൊങ്ങച്ചക്കാര്‍ എന്ന ഖ്യാതി വീഴുമോ എന്ന ഭീതിയാല്‍ നേട്ടങ്ങള്‍ മറ്റുളളവരെ അറിയിക്കാന്‍ മടിക്കുകയും രഹസ്യമാക്കി വെക്കുകയും ചെയ്യുന്നവരുമുണ്ട്. തള്ളാണെന്നു കേള്‍വിക്കാര്‍ക്കു തോന്നിക്കാത്ത രീതിയില്‍ നമ്മുടെ നേട്ടങ്ങളെ എങ്ങിനെ അവതരിപ്പിക്കാം? ചില വിദ്യകള്‍ ഇതാ:

 1. വിനയാന്വിത വീമ്പുകൾ പാടെ ഒഴിവാക്കുക.
 2. വാര്‍ത്ത വെളിപ്പെടുത്തുംമുമ്പ്, എന്താണു ശരിക്കും തന്‍റെ ഉദ്ദേശം എന്നതു പരിശോധിക്കുക — കാര്യം പരസ്യമാക്കുക മാത്രമാണോ, മറ്റുളളവരെ കൊച്ചാക്കിക്കാണിക്കുകയാണോ എന്നൊക്കെ.
 3. “അര്‍ഹിച്ച നേട്ടം എനിക്കു കൈവന്നു” എന്ന മട്ട് ഒഴിവാക്കുക. “ഭാഗ്യത്തിന്‍റെ കൂടി സഹായത്താല്‍...” എന്നോ മറ്റോ കൂട്ടിച്ചേര്‍ക്കുക. ഒപ്പം, നിങ്ങള്‍ക്കു കൈത്താങ്ങായ എല്ലാവരേയും പേരെടുത്തു പറഞ്ഞ് നന്ദിയറിയിക്കുക.
 4. നേട്ടങ്ങള്‍ക്കൊപ്പം തക്ക തെളിവുകളും ഉള്‍പ്പെടുത്തുക.
 5. പ്രസ്തുത വിഷയത്തില്‍ ഒരു സംഭാഷണത്തിനു തുടക്കം കുറിച്ചിട്ട്, ശ്രോതാവ് ഇങ്ങോട്ടു ചോദ്യമുയര്‍ത്തുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കാം. (“എത്ര മാര്‍ക്കു കിട്ടി?” “അറുപത്തിരണ്ട്. നിനക്കോ?” “തൊണ്ണൂറ്റിയഞ്ച്”)
 6. ജോലിസ്ഥലത്തും മറ്റും സ്വന്തം നേട്ടങ്ങള്‍ നിങ്ങളായിട്ട്‌ അവതരിപ്പിക്കാതെ, വാര്‍ത്ത വേറെയാരെങ്കിലും ആദ്യം പങ്കുവെക്കുന്ന സാഹചര്യമുണ്ടാക്കുക.
 7. സോഷ്യല്‍ മീഡിയയില്‍ ആണെങ്കില്‍, കാഴ്ചക്കാര്‍ക്കു ഗുണകരമാകുന്ന ഉള്ളടക്കങ്ങളും ഒപ്പം ചേര്‍ക്കുക. പരീക്ഷാജയത്തിന്‍റെ പോസ്റ്റിനൊപ്പം നിങ്ങളെസ്സഹായിച്ച കുറച്ചു ടിപ്പുകള്‍ പങ്കുവെക്കാം. സമ്മാനം കിട്ടിയ പാട്ടോ പ്രസിദ്ധീകരിച്ച കഥയുടെയോ മറ്റോ ഒരു ഭാഗമോ ഒക്കെ കൂടെച്ചേര്‍ക്കാം.
 8. നിങ്ങള്‍ ഏറ്റവും പ്രാധാന്യം കൊടുക്കുന്ന ഒരു മേഖലയിലെ മാത്രം നേട്ടങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടിരിക്കുക. ഉദാഹരണത്തിന്, ചിത്രകാരനാണെങ്കില്‍ നല്ല സൃഷ്ടികളും കിട്ടിയ സമ്മാനങ്ങളുടെ വിവരങ്ങളും പോസ്റ്റാക്കാം. അതോടൊപ്പം പക്ഷേ മുന്തിയ ഭക്ഷണം കഴിക്കുന്നതും വിലയേറിയ വസ്ത്രം വാങ്ങിയതുമൊക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നാല്‍ ഉദ്ദേശശുദ്ധി സംശയിക്കപ്പെടാം.

തള്ളുകാര്‍ക്ക് അള്ളു വെക്കാം

നിരന്തരം വീരസ്യം വിളമ്പുന്നവരെ ഇനിപ്പറയുന്ന രീതികളില്‍ നേരിടാം:

 1. അഭിനന്ദനിച്ചോ വിശദാംശങ്ങള്‍ തിരക്കിയോ പ്രോത്സാഹിപ്പിക്കാതിരിക്കുക.
 2. മറുപടിയായി കൂടുതല്‍ മുന്തിയ തള്ളുകള്‍ കളത്തിലിറക്കാതിരിക്കുക.
 3. വിഷയം മാറ്റുക. ഇരുവര്‍ക്കും താല്‍പ്പര്യമുള്ള ഏതെങ്കിലും കാര്യം എടുത്തിടുക.
 4. പരിഹസിക്കാതിരിക്കുക. നിങ്ങളെ താഴ്ത്തിക്കെട്ടുക ആവണമെന്നില്ല അവരുടെ ഉദ്ദേശം.
 5. “നീ വല്ലാതെ വീമ്പിളക്കുന്നു” എന്ന് വ്യക്തിപരമായി വിമര്‍ശിക്കാതെ, പകരം, നിങ്ങളുടെ വികാരങ്ങളെ മുന്നില്‍നിര്‍ത്തി, “എനിക്ക് ഇത്തരം സംസാരങ്ങള്‍ പണ്ടേ ഇഷ്ടമല്ല” എന്നോ മറ്റോ പറയുക.
 6. ഏതെങ്കിലും പ്രശസ്തരുടെ ഉദാഹരണം സൂചിപ്പിച്ച്, വീമ്പിന്‍റെ ശീലം ഇല്ലായിരുന്നെങ്കില്‍ ആ വ്യക്തി ഇതിലും ജനപ്രിയത നേടിയേനേ എന്നു ചൂണ്ടിക്കാണിക്കാം.
 7. മറ്റൊരാളുടെ ഏതൊരു ശീലവും മാറ്റാന്‍ ശ്രമിക്കുക ദുഷ്കരമാകും എന്നോര്‍ക്കുക

(2020 ഡിസംബര്‍ ലക്കം 'മാധ്യമം കുടുംബ'ത്തില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.


Image courtesy: shondaland

×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

സന്തോഷംകൊണ്ടു കിട്ടുന്ന സൌഭാഗ്യങ്ങള്‍
പിടിവീഴ്ത്താം, ബോഡിഷെയ്മിംഗിന്

Related Posts