ഗര്‍ഭാശയത്തിനുള്ളില്‍ നടക്കുന്നത് കുട്ടിയുടെ ശാരീരികവളര്‍ച്ച മാത്രമല്ല, മനോവികാസം കൂടിയാണ്. അറിവുനേടാനും കാര്യങ്ങളോര്‍ത്തുവെക്കാനും വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കാനുമൊക്കെയുള്ള കഴിവുകള്‍ ഗര്‍ഭാവസ്ഥയിലേ രൂപംകൊള്ളുന്നു എന്ന് അടുത്തകാലത്തു വികസിച്ചുവന്ന ഭ്രൂണമനശ്ശാസ്ത്രം (Fetal psychology) എന്ന ശാസ്ത്രശാഖ പറയുന്നു. ഗര്‍ഭസ്ഥശിശുക്കള്‍ പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ ചുമ്മാ വളര്‍ന്നുകൊണ്ടിരിക്കുകയല്ല, മറിച്ച് ചുറ്റുപാടുകളെ ശ്രദ്ധിക്കുകയും അവയോട് ഇടപെടുകയും പ്രതികരിക്കുകയുമൊക്കെച്ചെയ്യുന്നുണ്ട്. ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ക്ക് കുട്ടിയുടെ മാനസികവളര്‍ച്ചയില്‍ ശാശ്വതമായ സ്വാധീനങ്ങള്‍ ചെലുത്താനാവുന്നുമുണ്ട്. ഇതിന്‍റെയൊക്കെയര്‍ത്ഥം “കുഞ്ഞിനെ നോട്ടം” തുടങ്ങേണ്ടത് ജനനശേഷമല്ല, മറിച്ച് സങ്കീര്‍ണമായ രീതികളില്‍ അതിന്‍റെ ശരീരവും മനസ്സും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഗര്‍ഭകാലത്തു തന്നെയാണ് എന്നാണ്.
മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
ഷോപ്പിംഗ്‌സെന്‍ററിലോ പള്ളിയിലോ കല്ല്യാണഹാളിലോ പൊടുന്നനെയൊരു പിഞ്ചുകുട്ടി അലറിച്ചീറിക്കരയാനും സാധനങ്ങള്‍ നാലുപാടും വലിച്ചെറിയാനും തറയില്‍ക്കിടന്നുരുളാനുമൊക്കെത്തുടങ്ങുന്നു. കൂടെയുള്ള അമ്മയോ അച്ഛനോ ജാള്യതയും സങ്കടവും ദേഷ്യവുമൊക്കെയടക്കാന്‍ പെടാപ്പാടുപെട്ട് എങ്ങനെയിതില്‍നിന്നൊന്നു രക്ഷപ്പെടുമെന്നറിയാതെ ആകെക്കുഴഞ്ഞുനില്‍ക്കുന്നു — നമുക്കൊക്കെ ഏറെപ്പരിചിതമാണ് ഇത്തരം രംഗങ്ങള്‍. വാശിവഴക്കുകള്‍ (temper tantrums) എന്നാണ് പൊടുന്നനെ, മുന്നാലോചനയില്ലാതുള്ള ഇത്തരം തീക്ഷ്ണമായ കോപപ്രകടനങ്ങള്‍ അറിയപ്പെടുന്നത്. ഒന്നു മുതല്‍ നാലുവയസ്സു വരെയുള്ള കുട്ടികളിലാണ് ഈ പ്രവണത ഏറ്റവുമധികം കാണപ്പെടാറുള്ളത്. കുട്ടികള്‍ ഇങ്ങിനെ വാശിവഴക്കുകളിലേക്കു തിരിയുന്നത് എന്തുകൊണ്ടൊക്കെയാവാം, ഇത്തരം പൊട്ടിത്തെറികളെ എങ്ങനെ നേരിടാം, എങ്ങനെ തടയാം എന്നൊക്കെ ഒന്നു പരിചയപ്പെടാം.
“അടീലും മീതെ ഒരൊടീല്ല്യ!”
കുശുമ്പുകള്‍ കാണിച്ചുകൊണ്ടേയിരിക്കുന്ന കുട്ടിയെ എങ്ങിനെ പാഠംപഠിപ്പിക്കാം എന്നതിനെപ്പറ്റി ഒരു എം.ടി.ക്കഥയിലെ മുത്തശ്ശി ആവര്‍ത്തിച്ചുമുറുമുറുക്കുന്ന ഉപദേശമാണ് മുകളില്‍ക്കൊടുത്തത്. അടിച്ചുവളര്‍ത്തിയാലേ കുട്ടികള്‍ നന്നാവൂ എന്നത് പേരന്‍റിങ്ങിനെക്കുറിച്ചുള്ള നമ്മുടെ നാട്ടറിവുകളില്‍ പ്രധാനപ്പെട്ട ഒന്നാണ്. “അടികിട്ടാ മാട് പണിയില്ല; അടികിട്ടാക്കുട്ടി പഠിക്കില്ല” എന്ന ലൈനിലുള്ള അനേകം പഴഞ്ചൊല്ലുകളും നമുക്കു സ്വന്തമായുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ആധുനികമനശാസ്ത്രത്തിന്‍റെ വീക്ഷണം ഇങ്ങിനെയല്ല.
നമ്മുടെ കുട്ടികള്‍ അവധിക്കാലം ചെലവഴിക്കാന്‍ സാധാരണ തെരഞ്ഞെടുക്കാറുള്ള നേരമ്പോക്കുകള്‍ അവരുടെ ആരോഗ്യത്തെ എങ്ങിനെയാണു സ്വാധീനിക്കുന്നത്? ടിവി, ഇന്‍റര്‍നെറ്റ്, ഗെയിമുകള്‍ തുടങ്ങിയവയുടെ ഗുണദോഷങ്ങള്‍ എന്തൊക്കെയാണ്? അവയുണ്ടാക്കുന്ന കുഴപ്പങ്ങള്‍ ലഘൂകരിക്കാനായി മാതാപിതാക്കള്‍ക്ക് എന്തൊക്കെച്ചെയ്യാന്‍ സാധിക്കും? നൃത്തം, സംഗീതം, ചിത്രകല തുടങ്ങിയവ അഭ്യസിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ സഹായിക്കുന്നുണ്ടോ? അടിച്ചുപൊളിക്കുന്നതിനൊപ്പം തന്നെ മക്കളുടെ അവധിക്കാലം അവര്‍ക്കു നല്ല ശാരീരിക, മാനസിക ആരോഗ്യങ്ങള്‍ സ്വായത്തമാകാനുതകുന്ന തരത്തിലും വിനിയോഗിക്കപ്പെടണമെന്ന് ആഗ്രഹമുള്ള മാതാപിതാക്കള്‍ ഉന്നയിച്ചേക്കാവുന്ന ഇത്തരം ചോദ്യങ്ങള്‍ക്ക് ആധികാരിക സ്രോതസ്സുകള്‍ തരുന്ന മറുപടികള്‍ പരിശോധിക്കാം.
ഒരു സുപ്രഭാതത്തില്‍ അടിവസ്ത്രത്തില്‍ ചലപ്പാടുകള്‍ ശ്രദ്ധിച്ച് എവിടുത്തെ മുറിവാണു പഴുത്തുപൊട്ടിയത് എന്നാശങ്കപ്പെടുന്ന ആണ്‍കുട്ടികളുടെയും, പെട്ടെന്നൊരുനാള്‍ ചോരയൂറിവരുന്നതു കാണുമ്പോള്‍ മാത്രം ഒരവയവത്തിന്‍റെ സാന്നിദ്ധ്യം ആദ്യമായി ബോദ്ധ്യപ്പെടുന്ന പെണ്‍കുട്ടികളുടെയും, ലൈംഗികപീഡനങ്ങളെ തിരിച്ചറിയാനാവാതെയോ മറ്റുള്ളവരോടു വിശദീകരിക്കാനാവാതെയോ കുഴങ്ങുന്ന പിഞ്ചുകുഞ്ഞുങ്ങളുടെയും, കല്യാണംകഴിഞ്ഞു വര്‍ഷങ്ങളായിട്ടും സംഭോഗത്തിലേക്കു കടന്നിട്ടില്ലാത്ത ദമ്പതികളുടെയുമൊക്കെ മനക്ലേശങ്ങളുടെ മൂലകാരണം ഒന്നുതന്നെയാണ് — ലൈംഗികവിദ്യാഭ്യാസത്തിന്‍റെ അഭാവം.
സമ്പൂര്‍ണസാക്ഷരതയുള്ള നമ്മുടെ നാട്ടില്‍പ്പോലും ലൈംഗികവിദ്യാഭ്യാസം അയിത്തം കല്‍പിച്ചു മാറ്റിനിര്‍ത്തപ്പെടുകയാണ്. ഒരുപിടി അജ്ഞതകളും തെറ്റിദ്ധാരണകളുമാണ് ഇതിനു പിന്നിലുള്ളത്. ലൈംഗികവിദ്യാഭ്യാസമെന്നാല്‍ പലരും ധരിച്ചുവെച്ചിരിക്കുന്നതുപോലെ കൂടെക്കിടക്കുമ്പോള്‍ എന്തൊക്കെയാണു ചെയ്യേണ്ടത് എന്ന പരിശീലനം മാത്രമല്ല; മറിച്ച് ലൈംഗികത എന്ന ഒറ്റപ്പദം കൊണ്ടു വിവക്ഷിപ്പിക്കപ്പെടുന്ന അനേകതരം ശരീരപ്രക്രിയകളെയും സ്വഭാവഗുണങ്ങളെയും കുറിച്ചുള്ള സമഗ്രമായ അറിവുപകരലാണ്.
ഒരാളുടെ വ്യക്തിത്വം അയാളുടെ വ്യക്തിബന്ധങ്ങളെയും തൊഴില്‍വിജയത്തെയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. തന്‍റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും തന്നോടു തന്നെയുമുള്ള ഒരാളുടെ പെരുമാറ്റരീതി നിര്‍ണയിക്കുന്നത് അയാളുടെ വ്യക്തിത്വമാണ്. മറ്റുള്ളവരെ ആകര്‍ഷിക്കാനും സ്വാധീനിക്കാനും എല്ലാതരക്കാരുമായും ബുദ്ധിമുട്ടില്ലാതെ ഇടപഴകുവാനും നല്ല വ്യക്തിത്വം ഒരാളെ പ്രാപ്തനാക്കുന്നു. സ്വയംമതിപ്പും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കാനും, വ്യക്തിജീവിതത്തിലും തൊഴില്‍മേഖലയിലും വിജയം വരിക്കാനും, അങ്ങിനെ ജീവിതനിലവാരം മെച്ചപ്പെടുത്താനും നല്ല വ്യക്തിത്വം സഹായിക്കുന്നു. വ്യക്തിബന്ധങ്ങളില്‍ വൈഷമ്യങ്ങള്‍ നേരിടുന്നവര്‍ക്കും, ആത്മനിന്ദ അനുഭവിക്കുന്നവര്‍ക്കും, ജീവിതനൈരാശ്യത്തില്‍ കഴിയുന്നവര്‍ക്കുമെല്ലാം വ്യക്തിത്വവികാസം ഏറെ ഉപകാരം ചെയ്യാറുണ്ട്.