മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
പിടിവാശിക്കുട്ടികളെ നേരെയാക്കാം
ഷോപ്പിംഗ്‌സെന്‍ററിലോ പള്ളിയിലോ കല്ല്യാണഹാളിലോ പൊടുന്നനെയൊരു പിഞ്ചുകുട്ടി അലറിച്ചീറിക്കരയാനും സാധനങ്ങള്‍ നാലുപാടും വലിച്ചെറിയാനും തറയില്‍ക്കിടന്നുരുളാനുമൊക്കെത്തുടങ്ങുന്നു. കൂടെയുള്ള അമ്മയോ അച്ഛനോ ജാള്യതയും സങ്കടവും ദേഷ്യവുമൊക്കെയടക്കാന്‍ പെടാപ്പാടുപെട്ട് എങ്ങനെയിതില്‍നിന്നൊന്നു രക്ഷപ്പെടുമെന്നറിയാതെ ആകെക്കുഴഞ്ഞുനില്‍ക്കുന്നു — നമുക്കൊക്കെ ഏറെപ്പരിചിതമാണ് ഇത്തരം രംഗങ്ങള്‍. വാശിവഴക്കുകള്‍ (temper tantrums) എന്നാണ് പൊടുന്നനെ, മുന്നാലോചനയില്ലാതുള്ള ഇത്തരം തീക്ഷ്ണമായ കോപപ്രകടനങ്ങള്‍ അറിയപ്പെടുന്നത്. ഒന്നു മുതല്‍ നാലുവയസ്സു വരെയുള്ള കുട്ടികളിലാണ് ഈ പ്രവണത ഏറ്റവുമധികം കാണപ്പെടാറുള്ളത്. കുട്ടികള്‍ ഇങ്ങിനെ വാശിവഴക്കുകളിലേക്കു തിരിയുന്നത് എന്തുകൊണ്ടൊക്കെയാവാം, ഇത്തരം പൊട്ടിത്തെറികളെ എങ്ങനെ നേരിടാം, എങ്ങനെ തടയാം എന്നൊക്കെ ഒന്നു പരിചയപ്പെടാം.
എന്തുകൊണ്ട്?
രണ്ടോമൂന്നോ വയസ്സ് എന്നുപറയുന്നത് കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള കഴിവ് കുറേയൊക്കെ സ്വായത്തമാവുകയും എന്നാല്‍ വികാരവിചാരങ്ങള്‍ ഫലപ്രദമായി പ്രകടിപ്പിക്കാനുള്ള ശേഷി കൈവരാതിരിക്കുകയും ചെയ്യുന്ന ഒരു പ്രായമാണ്. ആവശ്യങ്ങളോ വിഷമങ്ങളോ ദേഷ്യമോ ഒക്കെ കൂടെയുള്ളവരോട് പറഞ്ഞുവ്യക്തമാക്കാനുള്ള കഴിവോ പദസമ്പത്തോ പൂര്‍ണമായി കൈവശം വന്നിട്ടില്ല എന്നതുകൊണ്ടാണ് ഈ പ്രായക്കാര്‍ക്ക് അഭ്യര്‍ത്ഥനകളും പ്രതിഷേധങ്ങളുമൊക്കെ പ്രകടിപ്പിക്കാന്‍ വാശിവഴക്കുകള്‍ ഉപയോഗിക്കേണ്ടിവരുന്നത്; അല്ലാതെ മറ്റുള്ളവരെ വിഷമിപ്പിക്കുക, അപമാനിക്കുക തുടങ്ങിയ ദുരുദ്ദേശങ്ങള്‍ ഈയൊരു പ്രായക്കാര്‍ക്കുണ്ടാവാറില്ല.
ചിലതരം സാഹചര്യങ്ങള്‍ വാശിവഴക്കുകള്‍ പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യത കൂട്ടുന്നതായിക്കണ്ടിട്ടുണ്ട് —— വിശക്കുക, ക്ഷീണിക്കുക, മാനസികസമ്മര്‍ദ്ദമുളവാകുക, എന്തെങ്കിലും ചെയ്യാന്‍ശ്രമിച്ചു പരാജയപ്പെടുക, ഇഷ്ടമില്ലാത്ത വല്ലതിനും നിര്‍ബന്ധിക്കപ്പെടുക, ആവശ്യങ്ങള്‍ നിരസിക്കപ്പെടുക തുടങ്ങിയവ ഉദാഹരണങ്ങളാണ്.
ചില കുട്ടികള്‍ ഈയൊരു പ്രവണത കൂടുതലായി പ്രകടിപ്പിക്കാറുണ്ട്. സംസാരശേഷിയെ താറുമാറാക്കുന്ന തരം അസുഖങ്ങളുള്ളവരും, ശാരീരികമോ മാനസികമോ വൈകാരികമോ ആയ പ്രശ്നങ്ങളുള്ളവരും, കളിക്കാനും മറ്റും വേണ്ടത്ര അവസരം കിട്ടാത്തവരും, പ്രകൃത്യാ തന്നെ മുന്‍ശുണ്‍ഠിക്കാരായിപ്പോയവരുമൊക്കെ ഇതില്‍പ്പെടുന്നു. അച്ഛനമ്മമാര്‍ക്കിടയില്‍ പൊരുത്തക്കേടുകളുണ്ടാവുക, അവരിലാര്‍ക്കെങ്കിലും വൈകാരികപ്രശ്നങ്ങള്‍ പിടിപെട്ടിട്ടുണ്ടാവുക, അവര്‍ പെരുമാറ്റത്തിന് ഒരു സ്ഥിരതയില്ലാതെ കുട്ടിയുടെ ശാഠ്യങ്ങളോട് ഓരോ നേരത്ത് ഓരോ രീതിയില്‍ പ്രതികരിക്കുന്നവരാവുക, കുട്ടിക്ക് അവരുടെ മതിയായ സ്നേഹമോ ശ്രദ്ധയോ ലഭിക്കാതെ പോവുക, കുട്ടിയും സഹോദരങ്ങളും തമ്മില്‍ സ്പര്‍ദ്ധയുണ്ടാവുക തുടങ്ങിയവയും വാശിവഴക്കുകള്‍ക്കുള്ള സാദ്ധ്യത കൂട്ടാറുണ്ട്.
കൂടുതല്‍ മുതിര്‍ന്ന കുട്ടികള്‍ ശ്രദ്ധ പിടിച്ചുപറ്റുക, കാര്യസാദ്ധ്യം നടത്തുക, പക വീട്ടുക, പ്രതിഷേധമറിയിക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെ മന:പൂര്‍വ്വം തന്നെ ഇത്തരം വഴക്കുകള്‍ പയറ്റിയേക്കാം.
എങ്ങിനെ നേരിടാം?
വാശിവഴക്കുകള്‍ തങ്ങള്‍ക്കും കുട്ടിക്കും വരുത്തിയേക്കാവുന്ന ദുഷ്ഫലങ്ങള്‍ ലഘൂകരിക്കാനും മുതിരുന്നതിനനുസരിച്ച് കുട്ടി ഇതൊരു ശീലമാക്കുന്നതു തടയാനും അച്ഛനമ്മമാര്‍ക്ക് ചിലതൊക്കെച്ചെയ്യാനാവും.
{xtypo_quote_left}എന്തെങ്കിലും ആവശ്യസാദ്ധ്യത്തിനു വേണ്ടിയാണ് കുട്ടി കലിതുള്ളുന്നത് എങ്കില്‍ ഒരു കാരണവശാലും വഴങ്ങിക്കൊടുക്കാതിരിക്കുക{/xtypo_quote_left}വഴക്കു തുടങ്ങുമ്പോള്‍ത്തന്നെ എന്താവുമതിനു നിമിത്തമായത് എന്നു മനസ്സിലാക്കാന്‍ ശ്രമിക്കുക. (വഴക്കിനു തൊട്ടുമുമ്പുനടന്ന കാര്യങ്ങള്‍ തന്നെയായിരിക്കണം എപ്പോഴും പ്രശ്നഹേതു എന്നില്ല; ആ ദിവസം അതേവരെ നടന്ന സംഭവങ്ങളോടുള്ള കുട്ടിയുടെ മൊത്തപ്രതികരണമാവാം ചിലപ്പോള്‍ വഴക്കായിപ്പുറത്തുവരുന്നത്.) വിശപ്പോ ഉറക്കച്ചടവോ ബോറടിയോ പോലുള്ള എളുപ്പത്തില്‍ പരിഹരിക്കാവുന്ന ഏതെങ്കിലും കാരണമാണ് തെളിഞ്ഞുവരുന്നത് എങ്കില്‍ അതിന് അനുയോജ്യമായ സമാധാനമുണ്ടാക്കുക. എന്നാല്‍ എന്തെങ്കിലും ആവശ്യസാദ്ധ്യത്തിനു വേണ്ടിയാണ് കുട്ടി കലിതുള്ളുന്നത് എങ്കില്‍ ഒരു കാരണവശാലും വഴങ്ങിക്കൊടുക്കാതിരിക്കുക — അല്ലാത്തപക്ഷം കാര്യങ്ങള്‍ നേടിയെടുക്കാന്‍ വഴക്ക് ഒരു നല്ല ഉപാധിയാണ് എന്നു കുട്ടികള്‍ പഠിച്ചെടുക്കുകയും, മുതിര്‍ന്നുകഴിഞ്ഞുപോലും മറ്റുള്ളവരെ ചൊല്‍പ്പടിയില്‍ നിര്‍ത്താന്‍ അവര്‍ ഇത്തരം മാര്‍ഗങ്ങള്‍ കൈക്കൊള്ളുന്ന അവസ്ഥയുണ്ടാവുകയും ചെയ്യാം.
കാരണം കണ്ടെത്തിപ്പരിഹരിച്ച് കുട്ടിയെ നിയന്ത്രിക്കാനാവുന്നില്ല എങ്കില്‍ വഴക്കിന്‍റെ പരിണിതഫലങ്ങളുടെ കാഠിന്യം കുറക്കാന്‍ നോക്കാം. അപകടകാരികളായേക്കാവുന്ന വസ്തുക്കള്‍ സമീപത്തുനിന്നെടുത്തുമാറ്റി ചീറിത്തുള്ളുന്നതിനിടയില്‍ കുട്ടിക്കു പരിക്കൊന്നുമേല്‍ക്കില്ല എന്നുറപ്പുവരുത്തുക. കുട്ടിയുടെ ശ്രദ്ധ മറ്റെന്തിലേക്കെങ്കിലും തിരിച്ചുവിടാന്‍ ശ്രമിക്കുക. കുട്ടി കലിതുള്ളിനില്‍ക്കുന്നതിനിടയില്‍ക്കയറി ഉപദേശിക്കുകയോ കാര്യംവിശദീകരിക്കുകയോ തര്‍ക്കിക്കുകയോ ചീത്തപറയുകയോ ഒന്നും ചെയ്യാതിരിക്കുക. ചുറ്റുപാടുകള്‍ സുരക്ഷിതമെങ്കില്‍ കുട്ടിയെ കഴിവത്ര അവഗണിക്കുക — വഴക്ക് നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഒരു നല്ല ഉപാധിയാണ് എന്ന ധാരണ കുട്ടിക്കു കിട്ടാതിരിക്കാന്‍ ഇതു സഹായിക്കും. കലി ഒതുക്കി ശാന്തരായാല്‍ മാത്രമേ നിങ്ങള്‍ എന്തെങ്കിലും ചര്‍ച്ചക്കുള്ളൂ എന്നു വ്യക്തമാക്കുക. കുമിഞ്ഞുവരുന്ന സ്വന്തം കോപം നിയന്ത്രിക്കുക. അങ്ങോട്ടു വല്ലതും പറയുമ്പോഴൊക്കെ ശബ്ദം ഉയരാതിരിക്കാനും സംയമനം പാലിക്കാനും ശ്രദ്ധിക്കുക. ആകെയിളകിത്തുള്ളുന്നവരെ ബലമായി പിടിച്ചുനിര്‍ത്താതിരിക്കുക. അടിച്ചോ ഇടിച്ചോ വഴക്ക് നിര്‍ത്തിച്ചെടുക്കാനും നോക്കാതിരിക്കുക — നിങ്ങളുടെ അത്തരം പ്രതികരണങ്ങള്‍ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് കായികമായാണ് എന്ന ധാരണ കുട്ടിക്കു കിട്ടാനും, അങ്ങിനെ ഭാവിയില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാവാനും ഇടയാക്കാം. വീട്ടില്‍വെച്ചാണെങ്കില്‍ ഭീകരമായി വഴക്കിടുന്നവരെ എടുത്തുകൊണ്ടുപോയി ഒരഞ്ചുമിനിട്ടുനേരത്തേക്ക് ബാത്ത്റൂമിലോ മറ്റോ അടച്ചിടുന്ന കാര്യം പരിഗണിക്കാം.
വഴക്കു തീര്‍ന്നാല്‍
എല്ലാം ഒന്നൊതുങ്ങിയമര്‍ന്നുകഴിഞ്ഞാല്‍ നടന്ന സംഭവം കുട്ടിയോട് ശാന്തതയോടെ ചര്‍ച്ച ചെയ്യുക. എന്താണ് വഴക്കിനു വഴിവെച്ചത് എന്ന് നിങ്ങള്‍ക്കു വ്യക്തമല്ലെങ്കില്‍ തക്ക വിശദാംശങ്ങള്‍ ചോദിച്ചറിയുക. അങ്ങിനെയൊക്കെപ്പെരുമാറിയത് ശരിയായി എന്ന് കുട്ടിക്കു തോന്നുന്നുണ്ടോ എന്നാരായുക. അത്തരം ചെയ്തികള്‍ അഭിലഷണീയമോ അനുവദനീയമോ അല്ല എന്നു വ്യക്തമാക്കുക. ദേഷ്യം ഒരു നോര്‍മല്‍ വികാരം തന്നെയാണെന്നും, ചില സന്ദര്‍ഭങ്ങളില്‍ സ്വല്‍പം ദേഷ്യം തോന്നുന്നതില്‍ ഒരു തെറ്റുമില്ലെന്നും, എന്നാല്‍ അതു പ്രകടിപ്പിക്കുന്ന രീതി പക്ഷേ അനുചിതമായിപ്പോവരുതെന്നും അറിയിക്കുക. ക്ഷമാപണം ആവശ്യപ്പെടുക. ആഗ്രഹങ്ങള്‍ സാധിച്ചെടുക്കാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുമൊക്കെ ആരോഗ്യകരമായ മറ്റു മാര്‍ഗങ്ങള്‍ ഉണ്ട് എന്നു വിശദീകരിക്കുക. വഴക്ക് മറ്റുള്ളവര്‍ക്കും കുട്ടിക്കുതന്നെയും ഉണ്ടാക്കിയതും ഇനിയും വരുത്തിവച്ചേക്കാവുന്നതുമായ ദുഷ്ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുക. കാര്യങ്ങളെ മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ നിന്നുകൂടി നോക്കിക്കാണാന്‍ പ്രോത്സാഹിപ്പിക്കുക. വഴക്കിന്‍റെ വേളയില്‍ കുട്ടിയെ അവഗണിച്ചിരുന്നുവെങ്കില്‍ അത് സ്നേഹക്കുറവു കൊണ്ടായിരുന്നില്ലെന്നും മറിച്ച് കുട്ടിയുടെതന്നെ നന്മയെക്കരുതിയായിരുന്നെന്നും ഓര്‍മിപ്പിക്കുക.
മുളയിലേ നുള്ളാം
പൊട്ടിത്തെറിക്കുന്നതിനു മുമ്പ് കുട്ടിയില്‍ പൊതുവേ കാണപ്പെടാറുള്ള മാറ്റങ്ങള്‍ ശ്രദ്ധിച്ചുവെക്കുന്നത് പിന്നീടെപ്പോഴെങ്കിലും അവ തലപൊക്കുമ്പോള്‍ തക്ക നടപടികള്‍ സ്വീകരിച്ച് രംഗം വഷളാവാതെ കാക്കാന്‍ സഹായിക്കും. ഉദാഹരണത്തിന്, ചുണ്ടുകടിക്കുക, തുറിച്ചുനോക്കുക, മുഖം ചുവക്കുക തുടങ്ങിയവ ഒരു വാശിവഴക്കിന്‍റെ മുന്നോടിയാവാം. കുട്ടി ഇത്തരം ദുസ്സൂചനകള്‍ പ്രകടിപ്പിക്കുമ്പോള്‍ വിഷയം മാറ്റാനോ, പ്രകോപനമുണ്ടായ സ്ഥലത്തുനിന്ന് കുട്ടിയേയുംകൊണ്ട് വേറെങ്ങോട്ടെങ്കിലും മാറാനോ, മറ്റേതെങ്കിലും രീതിയില്‍ ശ്രദ്ധ തിരിച്ചുവിടാനോ ശ്രമിക്കുക. നിങ്ങളുടെയേതെങ്കിലും പെരുമാറ്റമാണ് പ്രകോപനഹേതുവായത് എങ്കില്‍ അതില്‍ തിരുത്തുകള്‍ വരുത്തുന്ന കാര്യം പരിഗണിക്കുക. ദേഷ്യത്തെ നിയന്ത്രിക്കുന്നതില്‍ കുട്ടി വിജയിക്കുന്നുവെങ്കില്‍ അഭിനന്ദനമറിയിക്കുക.
അവസരങ്ങള്‍ നശിപ്പിക്കാം
എത്തരം കാര്യങ്ങളാണ് കുട്ടിയെ പൊതുവേ ശുണ്‍ഠി പിടിപ്പിക്കാറുള്ളത് എന്നു ശ്രദ്ധിച്ചുവെക്കുന്നതും തക്ക മുന്‍കരുതലുകളെടുക്കുന്നതും വാശിവഴക്കുകളുടെ ആവര്‍ത്തനം കുറക്കാന്‍ സഹായിക്കും.
പിഞ്ചുകുട്ടികളെ അവര്‍ സ്വതവേ വഴക്കു പുറത്തെടുക്കാറുള്ള തരം സ്ഥലങ്ങളിലേക്കു കൊണ്ടുപോവുംമുമ്പ് അവര്‍ക്ക് ആവശ്യത്തിനു ഭക്ഷണവും ഉറക്കവും കിട്ടിയിട്ടുണ്ട് എന്നുറപ്പുവരുത്തുക. ഏറെനേരത്തെ കാത്തിരിപ്പു വേണ്ടിവരാവുന്ന വല്ലയിടത്തേക്കുമാണു പോവുന്നതെങ്കില്‍ കളിപ്പാട്ടങ്ങളോ ഭക്ഷണപദാര്‍ത്ഥങ്ങളോ ഒക്കെ കൂടെക്കരുതുക. ഷോപ്പിങ്ങിനും മറ്റുമിടയില്‍ കുട്ടിയോട് ഇടക്കിടെ വല്ലതും മിണ്ടിക്കൊണ്ടിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഇടക്കൊക്കെ തന്‍റേതായ രീതിയില്‍ ഭാഗഭാക്കാവാന്‍ കുട്ടിക്കും അവസരം കൊടുക്കുക.
കുട്ടിക്കിഷ്ടമുള്ള ഒരു പ്രവൃത്തി മുടക്കി അത്ര താല്‍പര്യമില്ലാത്ത മറ്റൊരു കാര്യം ചെയ്യിക്കണം എന്നുള്ളപ്പോള്‍ മുന്‍കൂട്ടി സൂചന നല്‍കുന്നതു നല്ലതാണ്. ഉദാഹരണത്തിന് “പത്തു മിനിട്ടുകൂടിക്കഴിഞ്ഞാല്‍ ടിവിയോഫാക്കി ഉറങ്ങാന്‍പോയിരിക്കണം” എന്നു പറയാം. അതല്ലെങ്കില്‍ “പത്തുമിനിട്ടു കഴിഞ്ഞ് ഞാന്‍ ടിവി ഓഫ്ചെയ്യും; അപ്പോള്‍ ഒരു വഴക്കും മുറുമുറുപ്പും കൂടാതെ ബെഡ്റൂമിലേക്കു പൊയ്ക്കൊള്ളണം.” എന്ന രീതിയില്‍ എന്താണ് ആരോഗ്യകരമായ പ്രതികരണം എന്ന് ഓര്‍മപ്പെടുത്തുക കൂടിച്ചെയ്യാം. പൊതുവേ കുട്ടി വഴക്കിനു മുതിരാറുള്ള തരം സന്ദര്‍ഭങ്ങളില്‍ മുന്‍കൂര്‍താക്കീതുകള്‍ കൊടുക്കുകയുമാവാം. ഉദാഹരണത്തിന്, അത്താഴനേരത്തിനു തൊട്ടുമുമ്പ് പലഹാരമാവശ്യപ്പെടുന്ന കുട്ടിയോട് “ഇപ്പോള്‍ പലഹാരം കഴിച്ചാല്‍ നിനക്ക് അത്താഴത്തിന് വിശപ്പുണ്ടായേക്കില്ല. അതുകൊണ്ട് നാളെ രാവിലെയേ ഞാന്‍ പലഹാരം തരൂ. ഇനി ഞാനീ പറഞ്ഞത് ഇഷ്ടപ്പെടാതെ ഇപ്പോള്‍ നീ ബഹളംവെക്കാന്‍ തുടങ്ങിയാല്‍ ഇന്നെന്നല്ല നാളെയും നിനക്കു പലഹാരം കിട്ടില്ല.” എന്ന രീതിയില്‍ പ്രതികരിക്കാം.
{xtypo_quote_right} അത്ര പ്രധാനമല്ലാത്ത കാര്യങ്ങളിലൊക്കെ സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ കുട്ടികളെ അനുവദിക്കുക. {/xtypo_quote_right}എന്തെങ്കിലും അരുത് എന്നു പറയുമ്പോള്‍ അതോടൊപ്പംതന്നെ പകരം അനുവദനീയമായ വല്ലതും ചൂണ്ടിക്കാണിച്ചു കൊടുക്കുകയോ ആ പുതിയ കാര്യം ചെയ്യാന്‍ സഹായമൊരുക്കിക്കൊടുക്കുകയോ ആവാം. ഉദാഹരണത്തിന്, കുട്ടി നിങ്ങളുടെ ഫോണില്‍കളിക്കാന്‍ അനുവാദം ചോദിക്കുകയും നിങ്ങള്‍ അതു നിരസിക്കുകയും ചെയ്തു എന്നിരിക്കട്ടെ; അപ്പോള്‍ “വേണമെങ്കില്‍ ഇതില്‍ക്കളിച്ചോ” എന്നുപറഞ്ഞ് നല്ല വല്ല കളിപ്പാട്ടവുമെടുത്ത് കുട്ടിക്കു കൊടുക്കാം.
സര്‍വകാര്യങ്ങളിലും നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയും സ്വന്തമഭിപ്രായം അടിച്ചേല്‍പിക്കുകയും ചെയ്യാതെ അത്ര പ്രധാനമല്ലാത്ത കാര്യങ്ങളിലൊക്കെ സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ കുട്ടികളെ അനുവദിക്കുക. അവരുടെ കൊക്കിലൊതുങ്ങാത്ത കാര്യങ്ങള്‍ ചെയ്യാന്‍ കുട്ടികളെ നിര്‍ബന്ധിക്കാതിരിക്കുക. നല്ല പ്രവൃത്തികള്‍ ചെയ്യുമ്പോഴെല്ലാം കുട്ടികളെ മുടക്കംകൂടാതെ ശ്രദ്ധിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക — ഇത് അവര്‍ക്ക് കോപപ്രകടനങ്ങളിലൂടെ നിങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കേണ്ടതിന്‍റെ ആവശ്യകതയില്ലാതാക്കും.
ഇപ്പറഞ്ഞ നടപടികള്‍ക്കൊക്കെ അല്‍പം സമയമെടുത്തു മാത്രമേ ഫലംകിട്ടൂവെന്നും, വീട്ടിലെ മുതിര്‍ന്നവര്‍ എല്ലാവരുംതന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാലേ കുട്ടിയുടെ ശീലങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനായേക്കൂ എന്നും ഓര്‍ക്കുക.
വിദഗ്ദ്ധസഹായം
ഇത്രയുമൊക്കെച്ചെയ്തിട്ടും കുട്ടിയുടെ വാശിവഴക്കുകള്‍ പഴയപടിതന്നെ തുടരുന്നുവെങ്കിലോ, വഴക്കിനിടയില്‍ കുട്ടി തന്നെത്തന്നെയോ മറ്റുള്ളവരെയോ ഉപദ്രവിക്കുകയോ സാധനങ്ങള്‍ നശിപ്പിക്കുകയോ ചെയ്യുന്നുവെങ്കിലോ, കുട്ടിയുടെ വഴക്കാളിത്തരം മൊത്തം കുടുംബത്തെത്തന്നെ ബാധിക്കാന്‍ തുടങ്ങുന്നുവെങ്കിലോ വിദഗ്ദ്ധസഹായം തേടുന്ന കാര്യം പരിഗണിക്കാം. അഞ്ചാറുവയസ്സു കഴിഞ്ഞ ഒരു കുട്ടി മുമ്പൊന്നുമില്ലാത്ത രീതിയില്‍ പുതുതായി വാശിവഴക്കുകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങുന്നുവെങ്കില്‍ അത് വിഷാദവും പഠനവൈകല്യങ്ങളും പോലുള്ള പ്രശ്നങ്ങളുടെ ബഹിര്‍സ്ഫുരണമാവാം എന്നതിനാല്‍ അത്തരക്കാര്‍ക്കും വിദഗ്ദ്ധപരിശോധന ഗുണംചെയ്യാം.
(2014 ഒക്ടോബര്‍ രണ്ടാംലക്കം ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)
{xtypo_alert}ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.{/xtypo_alert}