ആധുനികയുഗത്തിന്‍റെ മുഖമുദ്രകളായ ചില പ്രവണതകള്‍ മാനസികാരോഗ്യത്തെ ഹനിക്കുന്നത് എത്തരത്തിലാണ് എന്നുനോക്കാം.
നഗരവല്‍ക്കരണം
2020-ഓടെ ഇന്ത്യന്‍ ജനസംഖ്യയുടെ 41%-വും താമസിക്കുന്നത് നഗരങ്ങളിലായിരിക്കുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ അനുമാനം. നഗരവാസികള്‍ക്ക് മാനസികപ്രശ്നങ്ങള്‍ പിടിപെടാനുള്ള സാദ്ധ്യത ഗ്രാമവാസികളുടേതിനെക്കാള്‍ കൂടുതലാണെന്ന്‍ ഗവേഷണങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു കാരണമായിപ്പറയുന്നത് അന്തരീക്ഷമലിനീകരണം, ഉയര്‍ന്ന ജനസാന്ദ്രത, സാമ്പത്തികഞെരുക്കങ്ങള്‍ക്കുള്ള കൂടിയ സാദ്ധ്യത, സാമൂഹ്യപിന്തുണയുടെ അപര്യാപ്‌തത തുടങ്ങിയ ഘടകങ്ങളെയാണ്. സാമൂഹ്യവിരുദ്ധത, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍, വീടുകളിലെ അടിപിടികള്‍, കുടുംബങ്ങളുടെ ശൈഥില്യം തുടങ്ങിയ പ്രശ്നങ്ങളും വിഷാദവും സൈക്കോട്ടിക് അസുഖങ്ങളും ലഹരിയുപയോഗവും അമിതമദ്യപാനവും പോലുള്ള മനോരോഗങ്ങളും നഗരങ്ങളില്‍ താരതമ്യേന കൂടുതലായിക്കണ്ടുവരുന്നുണ്ട്.