പുറത്തെ റോഡിലെ ചെളിവെള്ളത്തില്‍ പ്രതിഫലിക്കുന്ന സൂര്യന്‍ ഓരോ സൈക്കിളും കടന്നുപോവുമ്പോഴും ഇളകിക്കലങ്ങുന്നതും പിന്നെയും തെളിഞ്ഞുവരുന്നതും നോക്കിയിരിക്കുന്ന വിദ്യാര്‍ത്ഥി, പാഠഭാഗം വായിച്ചുകേള്‍പ്പിക്കാനുള്ള അദ്ധ്യാപികയുടെ ആജ്ഞകേട്ട് ഞെട്ടിയെഴുന്നേല്‍ക്കുന്നു. അടുത്തിരിക്കുന്ന സുഹൃത്ത് വായിക്കേണ്ട ഭാഗം അവന് ചൂണ്ടിക്കാണിച്ചുകൊടുക്കുന്നു.
വിദ്യാര്‍ത്ഥി: “ഈ അക്ഷരങ്ങള്‍ പക്ഷേ നൃത്തംവക്കുകയാണ്...”
അദ്ധ്യാപിക: “ഓഹോ, എങ്കില്‍പ്പിന്നെ ആ നൃത്തംവക്കുന്ന അക്ഷരങ്ങളെത്തന്നെയങ്ങു വായിച്ചേക്ക്.”
വിദ്യാര്‍ത്ഥി: “അ... ഡ... വ...”
അദ്ധ്യാപിക: “ഉച്ചത്തില്‍... തെറ്റൊന്നുംകൂടാതെ...”
വിദ്യാര്‍ത്ഥി (ഉച്ചത്തില്‍): “പളപളകളപളകളപളപളപളകള...”
സഹപാഠികള്‍ അലറിച്ചിരിക്കുന്നു. അദ്ധ്യാപിക അവനെ ക്ലാസില്‍നിന്നു പുറത്താക്കുന്നു.
(പഠനത്തകരാറു ബാധിച്ച വിദ്യാര്‍ത്ഥിയുടെ കഥ വിഷയമാക്കിയ ‘താരേ സമീന്‍ പര്‍’ എന്ന സിനിമയില്‍ നിന്ന്.)
*********************************************************
പഠനം എന്നു വിളിക്കുന്നത്, പുതിയ അറിവുകളോ കഴിവുകളോ മനോഭാവങ്ങളോ സ്വായത്തമാക്കുന്നതിനെയാണ്. വളരുന്നതിനനുസരിച്ച് കുട്ടികള്‍ അനുക്രമമായി കാര്യങ്ങള്‍ കേട്ടുമനസ്സിലാക്കാനും സംസാരിക്കാനും വായിക്കാനും എഴുതാനും കണക്കുകൂട്ടാനുമൊക്കെ പഠിക്കാറുണ്ട്. എഴുത്തും വായനയുമൊക്കെ സാദ്ധ്യമാവുന്നത് തലച്ചോറിലെ അതിസങ്കീര്‍ണമായ നിരവധി പ്രക്രിയകള്‍ മുഖേനയാണ്. ഉദാഹരണത്തിന്, “പറവ” എന്നെഴുതിയതു വായിക്കുമ്പോള്‍ “പ”, “റ”, “വ” എന്നീ അക്ഷരങ്ങളെ ഒന്നൊന്നായി വായിച്ചെടുക്കലും, “പറവ” എന്നു സമന്വയിപ്പിക്കലും, “പക്ഷി” എന്നയര്‍ത്ഥവും ഒപ്പം ചിലപ്പോള്‍ പക്ഷികളുള്‍പ്പെടുന്ന ഓര്‍മകളും ദൃശ്യങ്ങളും അറിവുകളുമെല്ലാം മനസ്സിലേക്കെത്തുകയുമൊക്കെ സംഭവിക്കുന്നുണ്ട്.