ജനനനിരക്കു കുറയുന്നതിനാലും ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുന്നതിനാലും, പ്രായമായവരുടെയെണ്ണം ലോകമെങ്ങും കൂടുകയാണ്. അറുപതു തികഞ്ഞവര്‍ ലോകത്ത് 2019-ല്‍ നൂറു കോടിയായിരുന്നെങ്കില്‍ 2050-ഓടെ അതിന്‍റെയിരട്ടിയാകുമെന്നാണു സൂചനകള്‍. അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ യുവാക്കളും മദ്ധ്യവയസ്കരും ആരോഗ്യപൂര്‍ണമായൊരു വാര്‍ദ്ധക്യത്തിനു തയ്യാറെടുക്കേണ്ടത് വ്യക്തിഗതമായും പൊതുജനാരോഗ്യ പരിപ്രേക്ഷ്യത്തിലും സുപ്രധാനമാണ്.
മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
“ഇന്നു ചെയ്യുന്ന കാര്യങ്ങളാണു നിങ്ങളുടെ ഭാവി നിര്‍ണയിക്കുന്നത്” – മഹാത്മാഗാന്ധി
വാര്‍ദ്ധക്യം മനസ്സിലും തലച്ചോറിലും ശരീരത്തിലും ചെലുത്തുന്ന മാറ്റങ്ങള്‍ പല മാനസികവൈഷമ്യങ്ങള്‍ക്കും ഹേതുവാകാറുണ്ട്. ഏകാന്തതയും വിഷാദവും ഓര്‍മപ്രശ്നങ്ങളുമാണ് ഇതില്‍ പ്രധാനികള്‍. മുന്‍കൂട്ടി ആസൂത്രണം ചെയ്തും ജീവിതശൈലി പരിഷ്കരിച്ചും പലപ്പോഴും ഇവയെ പ്രതിരോധിക്കാനാകും.
“ഞാനിനിയൊന്നും പഠിക്കാനേയില്ല എന്നാരെങ്കിലും നിശ്ചയിച്ചാല്‍, അത് എണ്‍പതാം വയസ്സിലാണെങ്കിലും ഇരുപതാം വയസ്സിലാണെങ്കിലും, അവര്‍ക്കു വാര്‍ദ്ധക്യമായി എന്നു പറയാം. എപ്പോഴുമെന്തെങ്കിലും പുതുതായി പഠിച്ചുകൊണ്ടേയിരിക്കുന്നവര്‍ക്കോ, എന്നും ചെറുപ്പവുമായിരിക്കും.”
– ഹെന്‍റി ഫോഡ്
1997-ല്‍ ഇദംപ്രഥമമായി കേരളത്തിലൊരു മൊബൈല്‍ക്കമ്പനി പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ഏറ്റവുമാദ്യത്തെ കോള്‍ സ്വീകരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടത് അന്നത്തെ “ചെത്തുപിള്ളേരില്‍” നിന്നൊരാളായിരുന്നില്ല; മറിച്ച് സാക്ഷാല്‍ തകഴി ശിവശങ്കരപ്പിള്ളയായിരുന്നു. എന്നാല്‍ തുടര്‍ന്നിങ്ങോട്ട്, പ്രത്യേകിച്ച് ഇന്‍റര്‍നെറ്റിനു പ്രാചുര്യം കിട്ടുകയും സ്മാര്‍ട്ട്ഫോണുകള്‍ രംഗത്തെത്തുകയുമൊക്കെച്ചെയ്തപ്പോള്‍, ഇതൊക്കെ കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും മാത്രമുള്ള കാര്യങ്ങളാണ് എന്നുറപ്പിച്ചപോലെ നമ്മുടെ പ്രായമായവരില്‍ നല്ലൊരുപങ്കും അവയോടൊക്കെ വൈമുഖ്യം കാണിക്കുകയാണുണ്ടായത്. ജീവിതനിലവാരം ഉയരുകയും ചികിത്സകള്‍ക്കു ഫലസിദ്ധിയേറുകയും ജനന, മരണനിരക്കുകള്‍ താഴുകയും മൂലം നാട്ടില്‍ അറുപതു കഴിഞ്ഞവരുടെയെണ്ണം കൂടുകയും, അവരില്‍ നല്ലൊരു വിഭാഗം മക്കള്‍ മറുനാട്ടിലാകയാലും മറ്റും തനിച്ചുപാര്‍ക്കേണ്ടി വരികയും, ഈ ഏകാന്തത അവര്‍ക്കു പല ശാരീരിക, മാനസിക പ്രശ്നങ്ങള്‍ക്കുമിടയാക്കുകയും ചെയ്യുമ്പോള്‍ മറുവശത്താവട്ടെ, സൌഹൃദങ്ങളുണ്ടാക്കലും പല ദൈനംദിന കാര്യങ്ങളും സുഗമമാക്കിയ വിവരസാങ്കേതികവിപ്ലവത്തിന്‍റെ ഗുണഫലങ്ങളില്‍നിന്ന് ഈയൊരു വിഭാഗം മാറിനില്‍ക്കുകയോ പുറന്തള്ളപ്പെടുകയോ ആണുണ്ടായത്. ബ്രിട്ടനും അമേരിക്കയും പോലുള്ള വികസിത രാജ്യങ്ങളിലടക്കം നിരീക്ഷിക്കപ്പെട്ടിട്ടുള്ള, നവസാങ്കേതികതയുടെ അനുഗ്രഹങ്ങള്‍ വയസ്സുചെന്നവര്‍ക്കു ലഭ്യമാവാതെപോവുക (“grey digital divide”) എന്ന പ്രവണതക്ക് വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുകയും പ്രായമായവരും അവരെ സ്നേഹിക്കുന്നവരും അവശ്യമറിഞ്ഞിരിക്കേണ്ട പല പരിഹാരനടപടികളും നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
“പ്രിയപ്പെട്ട ഡോക്ടര്‍ അറിയുന്നതിന്,
എനിക്ക് ഇരുപത്തിയെട്ട് വയസ്സുണ്ട്. ഞങ്ങള്‍ മൂന്ന് ആണ്മക്കളാണ്. ഞാന്‍ ഏറ്റവും ഇളയതാണ്. അച്ഛന് ഇപ്പോള്‍ അറുപത്തിമൂന്നു വയസ്സുണ്ട്. ഒരു അഞ്ചാറു വര്‍ഷം മുമ്പ് അച്ഛന്‍ കുറേശ്ശെ ഓര്‍മക്കുറവു കാണിക്കാന്‍ തുടങ്ങിയിരുന്നു. ഭക്ഷണം കഴിച്ചിട്ട് അതു മറന്നുപോയി വീണ്ടും ഭക്ഷണം ചോദിക്കുക, സാധനങ്ങള്‍ എവിടെയാണ് വെച്ചത് എന്നത് ഓര്‍മയില്‍നിന്ന് വിട്ടുപോവുക, അകന്ന ബന്ധുക്കള്‍ വല്ലവരും വീട്ടില്‍ വന്നാല്‍ അവരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടു നേരിടുക എന്നൊക്കെയാണ് ആദ്യം കണ്ട ലക്ഷണങ്ങള്‍. പിന്നെപ്പിന്നെ സ്വന്തമായി കുളിക്കാനും പല്ലുതേക്കാനും ആഹാരം കഴിക്കാനും ഒന്നും കഴിയാതായി. (ശരിക്കും “തന്‍മാത്ര” സിനിമയിലേതു പോലെതന്നെ.) പ്രശ്നങ്ങള്‍ തുടങ്ങി ഒരു രണ്ടു വര്‍ഷമായപ്പോള്‍ ഞങ്ങള്‍ ഇവിടെയടുത്ത് ഒരു ഡോക്ടറെ കാണിച്ചിരുന്നു. അല്‍ഷീമേഴ്സ് ഡെമന്‍ഷ്യ എന്ന രോഗമാണെന്നാണ് ഡോക്ടര്‍ പറഞ്ഞത്. രോഗത്തെ മുഴുവനായി സുഖപ്പെടുത്താനാവുന്ന ചികിത്സകളൊന്നും കണ്ടുപിടിച്ചിട്ടില്ല എന്നും പറഞ്ഞു. അച്ഛന്‍റെ അച്ഛനും ഇതേ രോഗം ഉണ്ടായിരുന്നു എന്ന് വീട്ടിലെ മുതിര്‍ന്നവര്‍ പറയുന്നു. ഇത് പാരമ്പര്യമായി വരുന്ന ഒരു രോഗമാണോ? എനിക്കോ ചേട്ടന്മാര്‍ക്കോ ഈയസുഖം വന്നേക്കുമോ? സര്‍വോപരി, അങ്ങിനെ വരാതിരിക്കാന്‍ ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്?”
- മാത്യു ജോണ്‍, ഏറ്റുമാനൂര്‍