മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
അവഗണിക്കപ്പെടരുതാത്ത അന്ത്യാഭ്യര്‍ത്ഥനകള്‍
സ്വന്തം കൈത്തണ്ട മുറിച്ച് അതില്‍നിന്നു രക്തമിറ്റുന്നതിന്‍റെ ഫോട്ടോ ഒരു മലയാളി ചെറുപ്പക്കാരന്‍ പോസ്റ്റ്‌ചെയ്തത് ഈയിടെ ഫേസ്ബുക്കില്‍ കാണാന്‍ കിട്ടി; ഒപ്പം ഇത്തരം കുറേ കമന്‍റുകളും: “ഇങ്ങനെ മുറിച്ചാൽ ചാകില്ലാ ബ്രൊ, നല്ല ആഴത്തിൽ മുറിക്ക്...” “കാലത്തേതന്നെ ഞരമ്പ് മുറിച്ച് പോരും, ഫെയ്സ്ബുക്ക് വൃത്തികേടാക്കാൻ. ലവനെയൊക്കെ ഇട്ടേച്ച് ലവള് പോയില്ലെങ്കിലേ അത്ഭുതമൊള്ളൂ!” “മുറിച്ചാല്‍ അങ്ങു ചത്താല്‍ പോരേ? എന്തിന് ഇവിടെ ഇടുന്നു? കഷ്ടം!”
…………………………………………………………..
നാല്‍പതുസെക്കന്‍റില്‍ ഒരാള്‍വെച്ച് ലോകത്ത് ആത്മഹത്യ ചെയ്യുന്നുണ്ട് എന്ന് ലോകാരോഗ്യസംഘടന പറയുന്നു. ചെറുപ്പക്കാരില്‍ മുപ്പതു ശതമാനത്തോളം പേരില്‍ നേരിയ ആത്മഹത്യാചിന്തയെങ്കിലും നിലവിലുണ്ടാവാമെന്നും 12-17% പേര്‍ ഒരിക്കലെങ്കിലും ആത്മഹത്യക്കു ശ്രമിച്ചിട്ടുണ്ടാവാമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നുമുണ്ട്. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം ആത്മഹത്യാനിരക്കിന്‍റെ കാര്യത്തില്‍ കേരളം ഇന്ത്യന്‍സംസ്ഥാനങ്ങളില്‍ അഞ്ചാമതാണ്. (ഈയടുത്ത കാലം വരേക്കും നമുക്ക് ഒന്നാംസ്ഥാനമായിരുന്നു താനും.)
ഇന്‍റര്‍നെറ്റിനു പ്രാചുര്യവും പ്രാധാന്യവും കൈവന്നത് ജീവിതത്തിന്‍റെ മറ്റു പല മേഖലകളെയുമെന്ന പോലെ ആത്മഹത്യാശ്രമങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. ആത്മഹത്യ പ്ലാന്‍ ചെയ്യുന്നവര്‍ അനുയോജ്യ രീതികള്‍ക്കായി നെറ്റ് സര്‍ച്ച് ചെയ്യുന്നുണ്ട്, മിക്കപ്പോഴുമവര്‍ എത്തിപ്പെടുന്നത് ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുകയും ആത്മഹത്യാരീതികള്‍ വിശദീകരിക്കുകയും ചെയ്യുന്ന സൈറ്റുകളിലാണ്, ഇത്തരം സൈറ്റുകള്‍ക്ക് പലപ്പോഴും ഗൂഗിള്‍ പോലുള്ള സര്‍ച്ച് എഞ്ചിനുകളില്‍ പ്രാഥമ്യം കിട്ടുന്നുണ്ട് എന്നൊക്കെയാണ് വിവിധ രാജ്യങ്ങളില്‍നിന്നുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഓണ്‍ലൈന്‍ ഭീഷണികളും ശല്യംചെയ്യലുകളും അവഹേളനങ്ങളും ആത്മഹത്യാശ്രമങ്ങള്‍ക്കും ആത്മഹത്യകള്‍ക്കു തന്നെയും ഹേതുവാകുന്നുമുണ്ട്. ആത്മഹത്യോന്മുഖതയുള്ളവര്‍ ഒരു മുന്‍പരിചയവുമില്ലാത്ത സമാനചിന്താഗതിക്കാരുമായി ഓണ്‍ലൈന്‍ വേദികളില്‍ മനസ്സുതുറന്ന് ചര്‍ച്ചകള്‍ നടത്തുകയും, ഇത്തരം ചിന്താഗതികളെ പരസ്പരം ശക്തിപ്പെടുത്തുകയും, അത് ആത്മഹത്യക്കെതിരായ ഉള്‍വിലക്കുകളെയും ഭീതികളെയും നിര്‍വീര്യമാക്കുകയും, പലപ്പോഴും ഇത്തരക്കാര്‍ ഒരുമിച്ചൊരേ നേരം സ്വജീവനെടുക്കുകയും ചെയ്യുന്നുമുണ്ട്. (ദക്ഷിണകൊറിയയില്‍ ഇപ്പോള്‍ നടക്കുന്ന ആത്മഹത്യകളില്‍ മൂന്നിലൊന്നും ഈ ഗണത്തില്‍പ്പെടുന്നവയാണ്.) ഇത്തരം കൂട്ടായ്മകള്‍ പുതുപുത്തന്‍ ആത്മഹത്യാരീതികള്‍ പരിചയപ്പെടുത്തുന്നും ഉണ്ട് — ഉദാഹരണത്തിന്, ഒരു പ്രത്യേക വിഷവാതകം ആത്മഹത്യകള്‍ക്ക് “ബെസ്റ്റാ”ണെന്ന വിവരം ജപ്പാനിലെ ഓണ്‍ലൈന്‍ ചര്‍ച്ചാവേദികളില്‍ പുറത്തുവിടപ്പെട്ടപ്പോള്‍ 2008-ല്‍ മാത്രം ആ രാജ്യത്ത് ആത്മഹത്യക്കായി ആ വാതകം തെരഞ്ഞെടുത്തത് 220 പേരാണ്. നെറ്റില്‍ ലഭ്യമായ അനേകരുടെ ആത്മഹത്യാക്കുറിപ്പുകള്‍ വായിക്കാനോ യൂട്യൂബിലും മറ്റുമുള്ള ആത്മഹത്യാവീഡിയോകള്‍ കാണാനോ ഇടയാകുന്നത് പലരുടേയും മനസ്സിലെ നേരിയ ആത്മഹത്യാചിന്തകള്‍ ശക്തമാവാനും അവരുടെ ആത്മനിയന്ത്രണം ദുര്‍ബലമാവാനും നിമിത്തമാവുകയുമാവാം.
ആത്മഹത്യോന്മുഖത പങ്കുവെക്കാന്‍ പലരും സോഷ്യല്‍മീഡിയയെ വേദിയാക്കിത്തുടങ്ങിയതിനു പല വിശദീകരണങ്ങളുമുണ്ട്. ചങ്ങാത്തങ്ങള്‍ മിക്കതും ഫേസ്ബുക്കും ട്വിട്ടറുമൊക്കെ വഴിയാവുകയും പരാജയങ്ങളും നൈരാശ്യങ്ങളുമൊക്കെ പങ്കുവെക്കാന്‍ ഏറെ പേര്‍ ഇത്തരം കൂട്ടായ്മകളെ ഉപയുക്തമാക്കുകയും ചെയ്യുന്ന ഒരു കാലത്ത് അതിന്‍റെയൊക്കെ ഒരു തുടര്‍ച്ചയായി മരണകാംക്ഷ വെളിപ്പെടുത്താനും പലരും ഇത്തരം മാധ്യമങ്ങളെത്തന്നെ ഉപയോഗപ്പെടുത്താം. ഏതു നേരത്താണെങ്കിലും അവ തുറന്നുതന്നെയിരിപ്പുണ്ടാവും, ആരെങ്കിലുമൊക്കെ ഉടനടി തന്നെ പ്രതികരിക്കാനുള്ള സാദ്ധ്യത ഏറെയുണ്ട്, വേണമെങ്കില്‍ സ്വന്തം പേരും വിലാസവുമൊക്കെ മറച്ചുവെച്ചും അവിടെ സങ്കടങ്ങള്‍ പരസ്യപ്പെടുത്താം, പറഞ്ഞുമുഴുമിപ്പിക്കുന്നതിനു മുമ്പ് (നിത്യജീവിതത്തില്‍ സംഭവിച്ചേക്കാവുന്ന പോലെ) ആരും തടസ്സപ്പെടുത്താന്‍ വന്നേക്കില്ല തുടങ്ങിയ ആകര്‍ഷണങ്ങളുമുണ്ട്. വല്ലാതെ വൈകാരികമോ വ്യക്തിപരമോ ആയ വിഷയങ്ങള്‍ മുഖാമുഖമിരുന്ന് ആരോടെങ്കിലും തുറന്നു സംസാരിക്കുന്നതിലും സുഗമം സ്ക്രീനുകളും കീബോര്‍ഡുകളും തരുന്ന ഇത്തിരിയകലത്തിന്‍റെ സ്വാസ്ഥ്യത്തില്‍ ഓണ്‍ലൈന്‍ പരിചയക്കാരോടോ അപരിചിതരോടോ പങ്കുവെക്കുന്നതാണ് എന്ന് ചിലരെങ്കിലും അനുമാനിക്കുകയുമാവാം. ഒരു കൌണ്‍സിലറെയോ സൈക്ക്യാട്രിസ്റ്റിനെയോ നേരില്‍ക്കാണാന്‍ ചെന്നാല്‍ “ഭ്രാന്തന്‍" എന്ന മുദ്ര ചാര്‍ത്തിക്കിട്ടിയേക്കുമോ, അനാവശ്യ മരുന്നുകള്‍ വല്ലതും കുറിക്കപ്പെട്ടേക്കുമോ എന്നൊക്കെയുള്ള ആശങ്കകള്‍ പ്രബലമാണെന്നതും പ്രസക്തമാണ്. കൂടുതല്‍ക്കൂടുതല്‍ പേര്‍ സ്മാര്‍ട്ട്ഫോണുകളും മറ്റും ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെ ഇത്തരം ഓണ്‍ലൈന്‍ നിലവിളികള്‍ നമുക്ക് ഇനിയുമിനിയും കൂടുതലായി കേള്‍ക്കാന്‍ക്കിട്ടുകയുമാവാം.
ആത്മഹത്യാചിന്തകള്‍ വെളിപ്പെടുത്തുന്നവരും സ്വജീവനെടുക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നവരും പലപ്പോഴും അതു ചെയ്യുന്നത് ആരെങ്കിലും ഒരുകൈസഹായമോ ആശ്വാസവാക്കുകളെങ്കിലുമോ നീട്ടിയേക്കുമെന്ന പ്രതീക്ഷയിലോ അവരെ ബാധിച്ച വിഷാദം പോലുള്ള മാനസികപ്രശ്നങ്ങളുടെ പ്രഭാവത്തിലോ ഒക്കെയാണ്. ആത്മാഹുതിയെക്കുറിച്ചുള്ള ചിന്തകളും അതേപ്പറ്റി മറ്റുള്ളവരോടു സംസാരിക്കുന്നതും അത്തരക്കാര്‍ പിന്നീട് ശരിക്കും സ്വയംകൊല നടത്തിയേക്കാമെന്നതിന്‍റെ അവലംബനാര്‍ഹമായ മുന്‍സൂചനകളാണു താനും — ആത്മഹത്യയുടെ മുഖവിലക്കെടുക്കാവുന്ന ദ്യോതകങ്ങളായി അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് സൂയിസൈഡോളജി ഉയര്‍ത്തിക്കാട്ടുന്ന പത്തു ഘടകങ്ങളില്‍ “ആത്മഹത്യയെപ്പറ്റിയുള്ള സംസാരം” ഏറ്റവും മേലെയാണുള്ളത്. നേരിട്ടോ ഫോണ്‍ മുഖാന്തിരം പോലുമോ ആരെങ്കിലും വൈകാരികവും മറ്റുമായ പിന്തുണയുറപ്പുകൊടുത്താല്‍ ഇവരില്‍ നല്ലൊരു പങ്കും ജീവിതത്തിന്‍റെ പാതയിലേക്കു മടങ്ങുമെന്നും ഗവേഷണങ്ങള്‍ ആവര്‍ത്തിച്ചു തെളിയിച്ചിട്ടുണ്ട്. ഇതുകൊണ്ടൊക്കെത്തന്നെ, നിത്യജീവിതത്തിലാണെങ്കിലും നെറ്റിലാണെങ്കിലും, ഇങ്ങിനെയുള്ള വെളിപ്പെടുത്തലുകള്‍ നമ്മുടെ സവിശേഷ പരിഗണന അര്‍ഹിക്കുന്നുണ്ട്.
എന്നാല്‍ ഇത്തരം പോസ്റ്റുകള്‍ പലപ്പോഴും അവഗണിക്കപ്പെട്ടും അവഹേളിക്കപ്പെട്ടും പോവുകയും അവയുടെയുടമകള്‍ ആത്മഹത്യയില്‍ ഒടുങ്ങുകയും ചെയ്യുക പതിവാണ് എന്ന് പല രാജ്യങ്ങളിലും നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. “ശ്രദ്ധ കിട്ടാനുള്ള നാടകമാണോ?”, “ആളെപ്പറ്റിക്കാന്‍ കള്ളംപറയുന്നതാണോ?” എന്നൊക്കെയുള്ള സന്ദേഹങ്ങള്‍ കാഴ്ചക്കാരിലുളവാകുന്നതും, ആളുടെ മുഖഭാവങ്ങളും ശരീരഭാഷയുമൊക്കെ നിരീക്ഷിച്ച് അനുമാനത്തിലെത്താനുള്ള അവസരങ്ങളുടെ അഭാവവും, “പോസ്റ്റ് പലരും കണ്ടിട്ടുണ്ടാവും, അവരാരെങ്കിലും ഇടപെട്ടോളും”, “ഞാനിതു മൈന്‍ഡ്ചെയ്യാതെ വിട്ടാലും ആരുമറിയില്ല” എന്നൊക്കെയുള്ള ചിന്താഗതികളുമെല്ലാം ഇതിനു നിമിത്തമാവുന്നുണ്ട്. എന്നു മാത്രമല്ല, അവര്‍ക്ക് തുടക്കത്തില്‍പ്പറഞ്ഞപോലുള്ള പരിഹാസങ്ങളും വിമര്‍ശനങ്ങളും നേരിടേണ്ടിവരികയും, അതൊക്കെ അവരുടെ ഉള്‍ത്തീയില്‍ നെയ്യുവീഴുന്ന ഫലം ചെയ്യുകയും, അങ്ങിനെയവര്‍ ശരിക്കും ആത്മാഹുതിയിലേക്കു നീങ്ങാന്‍ വഴിയൊരുങ്ങുകയുമൊക്കെ സംഭവിക്കുകയും ആവാം.
എങ്ങിനെയുള്ള പോസ്റ്റുകളെയാണ് നാം ദുസ്സൂചനകളായെടുക്കുകയും അവയോട് ജാഗ്രതയോടെ പ്രതികരിക്കുകയും ചെയ്യേണ്ടത്? “മരിക്കണം”, “സ്വയം കൊല്ലണം”, “ജീവിതത്തില്‍ പ്രത്യാശ നഷ്ടപ്പെട്ടിരിക്കുന്നു”, “ജീവിച്ചിരിക്കാന്‍ ഒരു കാരണവും കാണുന്നില്ല”, “ഈ ലോകം തന്നെ കുരുക്കിയിട്ടിരിക്കുന്നു”, “താന്‍ പലര്‍ക്കും ഒരു ഭാരമായിരിക്കുന്നു”, “ചിലരെയൊക്കെ ഒരു പാഠം പഠിപ്പിക്കാനുണ്ട്” എന്നൊക്കെയുള്ള പ്രഖ്യാപനങ്ങളെ ഈ ഗണത്തില്‍പ്പെടുത്താമെന്നാണ് വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.
“ഇതൊക്കെ വെറുതേ പറയുന്നതാവുമോ?!” എന്ന പിന്‍വിളിച്ചിന്തകളെ അവഗണിക്കുക — അങ്ങിനെ “വെറുതേ പറയുന്ന”വരും ചെറുശ്രമങ്ങളുടെ ഫോട്ടോ പോസ്റ്റ്ചെയ്ത് “ഷോ കാണിക്കുക”യാണെന്ന പ്രതീതിയുണ്ടാക്കുന്നവരും പോലും പലപ്പോഴും കടുത്ത മനോവേദനയിലും ആശാഹീനത്വത്തിലും തന്നെയാണുണ്ടാവുക. അന്യരുടെ ശ്രദ്ധയാകര്‍ഷിക്കാനായി ആരെങ്കിലും ഇത്തരം മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കുന്നെങ്കില്‍ അതവര്‍ക്കെന്തോ കുഴപ്പമുള്ളതു കൊണ്ടാവാം, അതു പരിഹരിക്കാനവര്‍ക്കു പരസഹായം വേണ്ടതുണ്ടാവാം, “ലഘുവായ” ശ്രമങ്ങള്‍ക്കിടയിലും സ്വന്തം കണക്കുകൂട്ടലുകള്‍ പിഴച്ച് അവര്‍ക്ക് അപകടങ്ങളോ ജീവാപായം തന്നെയോ സംഭവിക്കാനുള്ള സാദ്ധ്യതയുണ്ട് എന്നതൊക്കെ പരിഗണിച്ച് സംശയത്തിന്‍റെ ആനുകൂല്യം നല്‍കി ഇത്തരം കേസുകളിലെല്ലാറ്റിലും തന്നെ കയറിയിടപെടുന്നതാവും അതിന്‍റെ ശരി.
എങ്ങിനെയൊക്കെയാണ് ഇത്തരം പോസ്റ്റുകളോടു പ്രതികരിക്കാവുന്നത്? ആളുമായി മെസേജ്ബോക്സിലൂടെയോ മറ്റോ ബന്ധപ്പെടുക. പ്രശ്നങ്ങള്‍ക്ക് കാതുകൊടുക്കാന്‍ തയ്യാറാണെന്നു ബോദ്ധ്യപ്പെടുത്തുക. ഏതൊരാള്‍ക്കും ചില നേരങ്ങളില്‍ മനോവൈഷമ്യങ്ങളും പ്രത്യാശാരാഹിത്യവുമൊക്കെ അനുഭവപ്പെടാമെന്നും നിങ്ങള്‍ക്കവരെ ഉള്‍ക്കൊള്ളാനാവുന്നുണ്ടെന്നും വ്യക്തമാക്കുക. വാദപ്രതിവാദങ്ങളും പറഞ്ഞുപഴകിയ ഉപദേശങ്ങളും (“ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല”, “ഇങ്ങിനെയൊക്കെച്ചെയ്യുക ഭീരുക്കളാണ്”) ഒഴിവാക്കുക. ശരിക്കും സ്വജീവനെടുക്കാനുള്ള പദ്ധതിയുണ്ടോ എന്നും, ഉണ്ട് എങ്കില്‍ അതിന്‍റെ വിശദാംശങ്ങളും ചോദിച്ചറിയുക. യഥാര്‍ത്ഥ പേര്, വിലാസം, ഫോണ്‍നമ്പര്‍ തുടങ്ങിയവ നേരിട്ടുചോദിച്ചോ ആളുടെ പ്രൊഫൈലില്‍ നിന്നോ ഒക്കെ കണ്ടുപിടിക്കാന്‍ ശ്രമിക്കുക. കൊച്ചിയിലെ മൈത്രി (0484 2540530) പോലുള്ള ആത്മഹത്യാപ്രതിരോധ ഹെല്‍പ്പ്ലൈനുകളില്‍ ബന്ധപ്പെടാനോ ഏതെങ്കിലും ചികിത്സകരെ നേരില്‍ക്കാണാനോ നിര്‍ദ്ദേശിക്കുക. പ്രമുഖ സോഷ്യല്‍മീഡിയാസൈറ്റുകളിലെല്ലാം അവരുടെ പേജുകളിലെ ആത്മഹത്യോന്മുഖതാപ്പോസ്റ്റുകളെപ്പറ്റി അവരുടെ സ്റ്റാഫിനെയറിയിക്കാനുള്ള ലിങ്കുകളുണ്ട് — ആ സൌകര്യവും ഉപയോഗപ്പെടുത്തുക. പ്രശ്നം ഗുരുതരമാണ് എന്നു തോന്നിയാല്‍ പോലീസില്‍ അറിയിക്കുക.
ആത്മഹത്യയെക്കുറിച്ചുള്ള പോസ്റ്റുകളും വാര്‍ത്തകളുമൊക്കെ ചിലപ്പോള്‍ അവ കാണുന്നവരില്‍ ആത്മഹത്യാപ്രവണത വളര്‍ത്താറുണ്ട് എന്നതിനാല്‍ അത്തരം പോസ്റ്റുകളോ ലിങ്കുകളോ കഴിവതും പങ്കുവെക്കാതിരിക്കുക, “ആത്മഹത്യാഭീഷണിയുമായി വരുന്നവര്‍ക്കുള്ള ഏറ്റവും നല്ല മരുന്ന് അവരെ അവഗണിച്ചുവിടുന്നതാണ്” എന്ന മട്ടിലുള്ള അഭിപ്രായപ്രകടനങ്ങള്‍ നെറ്റിലെവിടെയെങ്കിലും കാണാന്‍ കിട്ടിയാല്‍ അതിനെയൊരിക്കലും ഖണ്ഡിക്കാതെ വിടാതിരിക്കുക തുടങ്ങിയവ ഈ വിഷയത്തില്‍ പൊതുവെ സ്വീകരിക്കാവുന്ന ചില നടപടികളാണ്.
(2016 ഫെബ്രുവരി ലക്കം മാതൃഭൂമി ആരോഗ്യമാസികയിലെ Mind.Com എന്ന കോളത്തില്‍ പ്രസിദ്ധീകരിച്ചത്)
{xtypo_alert}ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.{/xtypo_alert}
Image courtesy: Star Tribune
When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.