ഇരുപത്തിനാലുകാരിയായ മകളെക്കുറിച്ച് അമ്മയ്ക്കുള്ള സ്ഥിരം പരാതി: “എന്നും രാവിലെ ഞാൻ ലോകത്തിലെ ഏറ്റവും മികച്ച അമ്മയാണ്. പക്ഷേ, വൈകുന്നേരത്തോടെ ഞാൻ അവളുടെ ജീവിതം നശിച്ചതിന്‍റെ മുഖ്യ കാരണവും. ആ പകലിൽ വിശേഷിച്ച് ഒന്നും സംഭവിച്ചിട്ടില്ലെങ്കിൽപ്പോലും.”
ഒരു ഭർത്താവ് പറയുന്നു: “ഒരു മെസ്സേജിനു മറുപടി കൊടുക്കാൻ ഞാൻ ഇരുപതു മിനിറ്റു വൈകിയാൽ ഉടനെ അവൾ ആലോചിച്ചുകൂട്ടും, ഞാൻ അവളെ ഒഴിവാക്കാൻ പോവുകയാണ് എന്ന്. എന്നിട്ട് വായിൽത്തോന്നിയതൊക്കെ പറഞ്ഞുകൂട്ടും. രണ്ടു മണിക്കൂർ കഴിഞ്ഞാലാവട്ടെ, കരച്ചിലിന്‍റെയും മാപ്പുപറച്ചിലിന്‍റെയും തിരക്കും.”
ഇപ്പറഞ്ഞ പെരുമാറ്റങ്ങളെ ബന്ധുമിത്രാദികൾ ഡ്രാമ, അഡ്ജസ്റ്റ്‌മെന്‍റ് ഇഷ്യൂ, മുൻശുണ്‍ഠി, മൂഡ് വേരിയേഷൻ എന്നൊക്കെ വിളിക്കാം. എന്നാല്‍ ഇത്തരം ലക്ഷണങ്ങളുള്ളവരുടെ യഥാര്‍ത്ഥ പ്രശ്നം ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ (ബി.പി.ഡി.) എന്ന വ്യക്തിത്വരോഗമാവാം. പ്രധാനപ്പെട്ട നാലു മേഖലകള്‍ — വികാരങ്ങൾ, ബന്ധങ്ങൾ, സ്വന്തം വ്യക്തിത്വത്തെയും സ്വത്വത്തെയും കുറിച്ചുള്ള ബോധം, ആത്മനിയന്ത്രണം — ഇതില്‍ ബാധിക്കപ്പെടുന്നുണ്ട്. അസ്ഥിരതയാണ് ഒരു പ്രധാന പ്രശ്നം. ആൾ എപ്പോഴും സങ്കടപ്പെട്ടോ ദേഷ്യപ്പെട്ടോ ഇരിക്കില്ല. മറിച്ച്, വൈകാരികനിലയില്‍ അതിശീഘ്രമുള്ള തീവ്രമായ വ്യതിയാനങ്ങള്‍ ദൃശ്യമാകാം. അതൊന്നു തണുക്കാൻ ഏറെ സമയമെടുക്കുകയും ചെയ്യാം.
സാധാരണവും പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നതും ഏറെ തെറ്റിദ്ധരിക്കപ്പെടുന്നതും എന്നാൽ ചികിത്സകൊണ്ട് പലർക്കും നല്ല പ്രയോജനം കിട്ടാവുന്നതുമായ ഒരസുഖമാണ് ഇത്.
സമൂഹത്തിൽ ഒന്നുമുതൽ മൂന്നുവരെ ശതമാനം പേരെ ബി.പി.ഡി. ബാധിക്കുന്നുണ്ട്. മറ്റു മനോരോഗങ്ങള്‍ക്കു ചികിത്സ തേടുന്നവരിലെ തോതാകട്ടെ, പത്തു ശതമാനത്തോളമാണ്. ഏറ്റവും സാധാരണമായ ഒരു വ്യക്തിത്വരോഗമാണ് ഇത്.
ചികിത്സക്കെത്തുന്നവരില്‍ ബി.പി.ഡി. കാണപ്പെടുന്നതു കൂടുതലും സ്ത്രീകളിലാണ്. എന്നാല്‍ പൊതുജനങ്ങള്‍ക്കിടയിലെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് സ്ത്രീപുരുഷന്മാരില്‍ അതിന്‍റെ നിരക്കില്‍ വലിയ അന്തരമില്ല എന്നാണ്. പുരുഷന്മാരിൽ കോപാധിക്യം, അമിത മദ്യപാനം, ലഹരിയുപയോഗം തുടങ്ങിയ ലക്ഷണങ്ങളായിരിക്കാം മുന്നിൽ നിൽക്കുന്നത്. അതിനാൽ ബി.പി.ഡി. തിരിച്ചറിയപ്പെടാതെ, ആല്‍ക്കഹോളിസം, വിഷാദരോഗം, ആന്‍റിസോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ തുടങ്ങിയ മറ്റു രോഗങ്ങള്‍ നിർണയിക്കപ്പെടാനുള്ള സാദ്ധ്യത കൂടുന്നുണ്ട്.
പല ഘടകങ്ങൾ ഒത്തുചേർന്നാണ് ബി.പി.ഡി. സംജാതമാകുന്നത്. ശാരീരികമായ സവിശേഷതകള്‍ക്കൊപ്പം വളർന്നുവന്ന സാഹചര്യങ്ങള്‍ക്കും ജീവിക്കുന്ന ചുറ്റുപാടുകള്‍ക്കും ഇവിടെ പ്രസക്തിയുണ്ട്.
വികാരപ്രകടനങ്ങള്‍ കൂടുതൽ തീവ്രമായിപ്പോവുന്നതും അവയെ ശമിപ്പിക്കാൻ കൂടുതൽ ബുദ്ധിമുട്ടു നേരിടുന്നതും വളർന്നുവരുന്ന സാഹചര്യങ്ങള്‍ വികാരങ്ങളെ തിരിച്ചറിയാനും നിയന്ത്രണവിധേയമാക്കാനും ഉള്ള പാടവത്തെ ദുര്‍ബലപ്പെടുത്തുന്നതിനാലാവാം. കുട്ടിക്കാലത്ത് വികാരങ്ങളെ നിരന്തരം അവഗണിക്കുകയോ പരിഹസിക്കുകയോ അവയുടെ പേരില്‍ ശിക്ഷിക്കുകയോ ചെയ്യുന്ന കുടുംബാന്തരീക്ഷമുണ്ടാകുന്നത് വികാരങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവിനെ ബാധിക്കുകയും ബി.പി.ഡി.യ്ക്കു സാദ്ധ്യത കൂട്ടുകയും ചെയ്യാം. ഉദാഹരണത്തിന്, സ്വാഭാവികമായും ദേഷ്യമോ സങ്കടമോ പ്രകടിപ്പിക്കേണ്ട സാഹചര്യങ്ങളിൽ അതു ചെയ്യുമ്പോൾ “നീ വലിയ നാടകം കളിക്കണ്ട”, “നീ വല്ലാതെ സെൻസിറ്റീവാണ്,” “ഇങ്ങനെ തൊട്ടാവാടിയായി ഇരിക്കാനാണെങ്കില്‍ നീ ഇന്നു പുറത്തൊന്നും പോകണ്ട.” എന്നൊക്കെ പറയുകയോ സഹോദരങ്ങളുമായി താരതമ്യപ്പെടുത്തലുകൾ നടത്തുകയോ ചെയ്യുന്നതെല്ലാം ഇങ്ങനെ പ്രശ്നഹേതുവാകാം.
കുട്ടിക്കാലത്ത് അവഗണിക്കപ്പെടുകയോ പീഡനങ്ങൾ നേരിടുകയോ ചെയ്തവരിൽ പലപ്പോഴും ബി.പി.ഡി. രൂപപ്പെടാറുണ്ടെങ്കിലും, അതുകൊണ്ടു മാത്രം ബി.പി.ഡി. വരണമെന്നില്ല. ഇത്തരം ചരിത്രമില്ലാത്തവരിലും ബി.പി.ഡി. കാണപ്പെടാറുമുണ്ട്. ഏതെങ്കിലും ഒരു ബന്ധം മോശമായി കലാശിക്കുന്നതിന്‍റെ അനന്തരഫലമായി മാത്രം ബി.പി.ഡി. ഉരുത്തിരിയുകയുമില്ല.
കൗമാരത്തിൽ സാന്നിദ്ധ്യമറിയിക്കുന്നതും ജീവിതത്തിന്‍റെ വിവിധ മേഖലകളിൽ, ഒന്നിലേറെ ആളുകളുമായുള്ള ബന്ധങ്ങളിൽ, നിരന്തരം പ്രത്യക്ഷപ്പെടുന്നതുമായ ലക്ഷണങ്ങൾ ഉണ്ടോ എന്നതുവെച്ചാണ് ബി.പി.ഡി. നിർണയിക്കപ്പെടാറ്. താഴെ നിരത്തിയ ഒമ്പതു ലക്ഷണങ്ങളിൽ അഞ്ചെണ്ണമെങ്കിലും ആളുടെ വ്യക്തിജീവിതത്തെ സാരമായി ബാധിക്കുന്ന രീതിയിൽ നിലനിൽക്കുകയും വേണം.
ഇത് ശരിക്കുമുള്ള അവഗണനയെക്കുറിച്ചോ ചുമ്മാ സങ്കൽപ്പിച്ചുകൂട്ടുന്നവയെക്കുറിച്ചോ ആവാം. മറ്റേയാൾ ഒരു പ്രാവശ്യം ഫോൺ എടുത്തില്ലെങ്കിൽ വല്ലാതെ പേടിച്ചുപോവുന്നതും ആളെ തൃപ്തിപ്പെടുത്തി നിര്‍ത്താനുള്ള അമിതമായ ശ്രമങ്ങളും ഉദാഹരണമാണ്.
ആദ്യം വിവരിച്ച അമ്മയുടെ അനുഭവംപോലെ, ഒരാളെപ്പറ്റി ചില സമയത്ത് വളരെ നല്ല അഭിപ്രായവും വേറെ നേരത്ത് അവർ ഏറ്റവും മോശക്കാരാണ് എന്ന ചിന്താഗതിയും മാറിമാറി വരിക. ഇത്, നിര്‍ഭാഗ്യവശാല്‍, ആത്മബന്ധങ്ങള്‍ ഏറ്റവുമധികം കൊതിക്കുന്നവര്‍, സ്വന്തം അരക്ഷിതത്വബോധം മൂലം, തങ്ങളോട് അടുക്കുന്നവരെ നിരന്തരം സ്വയം അകറ്റിമാറ്റുന്ന സാഹചര്യമുണ്ടാക്കാം.
“ആരാണ് ഞാൻ എന്നതിനെപ്പറ്റി എനിക്കുതന്നെ നിശ്ചയമില്ല” എന്ന ധാരണ നിലനിൽക്കുക. മൂല്യങ്ങളും ലക്ഷ്യങ്ങളും താൽപര്യങ്ങളുമൊക്കെ ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുക.
ഉദാഹരണത്തിന്, മുന്നാലോചനയില്ലാതെ പണം ചെലവാക്കുക, നിയന്ത്രണമില്ലാതെ വണ്ടിയോടിക്കുക, അമിതമായി മദ്യമോ ലഹരിയോ ഉപയോഗിക്കുക, വാരിവലിച്ച് ആഹാരം കഴിക്കുക, മുൻപിന്‍ നോക്കാതെ ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടുക.
സ്വയം ഉപദ്രവിക്കുന്ന എല്ലാ അവസരങ്ങളിലും മരിക്കാനുള്ള ഉദ്ദേശമുണ്ടാകണമെന്നില്ല. എന്നിരിക്കിലും, ഇത്തരം ശ്രമങ്ങൾ മരണത്തിൽ കലാശിക്കാനുള്ള സാദ്ധ്യതയുള്ളതിനാല്‍, ഒരിക്കലും അവയെ ശ്രദ്ധ ആകർഷിക്കാനുള്ള കുത്സിതശ്രമങ്ങളായി എഴുതിത്തള്ളരുത്.
കടുത്ത ദേഷ്യമോ ടെൻഷനോ ഒക്കെ മണിക്കൂറുകളോളം, ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസം വരെ, നിലനിൽക്കുക. മറ്റുള്ളവരോടുള്ള അഭിപ്രായവ്യത്യാസമാവാം പലപ്പോഴും അവയ്ക്കു നിമിത്തമാവുന്നത്.
“ഹൃദയം കാലിയാണ്,” “ഉള്ളിൽ ആകെയൊരു ഒന്നുമില്ലായ്മ അനുഭവപ്പെടുന്നു” എന്നൊക്കെയുള്ള രീതികളിൽ ഇതു പ്രകടമാകാം.
ഒച്ചവെക്കുക, സാധനങ്ങൾ വലിച്ചെറിയുക, അനന്തരം കടുത്ത കുറ്റബോധം തോന്നുക.
മറ്റുള്ളവര്‍ സംസാരിക്കുന്നത് തന്നെക്കുറിച്ചാണ്, അവര്‍ തന്നെ ഉപദ്രവിക്കാന്‍ നോക്കുകയാണ് എന്നൊക്കെയുള്ള സംശയങ്ങള്‍. നടക്കുന്നതൊന്നും യാഥാർത്ഥ്യമല്ല, താൻ തന്നെത്തന്നെ പുറത്തുനിന്ന് നോക്കിക്കാണുകയാണ് എന്നൊക്കെയുള്ള അനുഭവങ്ങള്‍. ഇതൊക്കെ തലപൊക്കുക കൂടുതലും സമ്മർദ്ദവേളകളില്‍ ആകാം.
ഈയൊരു സ്വഭാവരീതിയാണ് ബന്ധുമിത്രാദികളെ ഏറ്റവും അത്ഭുതപ്പെടുത്താറ്. പലപ്പോഴും അവര്‍ ഇതൊക്കെ രോഗി കരുതിക്കൂട്ടി ചെയ്യുന്നതാണെന്നു തെറ്റിദ്ധരിക്കുകയുമാവാം.
ഒരേ വ്യക്തിയെപ്പറ്റി മിക്കപ്പോഴും നാം ഒരേ സമയത്തുതന്നെ രണ്ടു വ്യത്യസ്ത അഭിപ്രായങ്ങൾ പുലര്‍ത്താം. “എന്‍റെ ഭർത്താവ് നല്ല സ്നേഹമുള്ളവനാണ്. എന്നാലും പുള്ളിക്ക് എന്‍റെ ബര്‍ത്ത്ഡേ ഓർമയുണ്ടാവാറില്ല.” എന്നതുപോലെ. എന്നാൽ ബി.പി.ഡി. ബാധിതര്‍ക്ക് ഇതിനുള്ള ശേഷി, വിശേഷിച്ചും വികാരത്തള്ളിച്ചയുടെ വേളകളിൽ, താൽക്കാലികമായി നഷ്ടമാകാം; ഇതിൽ ഒരഭിപ്രായത്തിനു മാത്രം അന്നേരം അവരുടെ ചിന്താമണ്ഡലത്തില്‍ ഇടം കിട്ടാം.
കാര്യങ്ങള്‍ പുരോഗമിക്കാറ് ഏകദേശം ഇങ്ങനെയാണ്: നേരിയ വല്ല പ്രകോപനവും സംഭവിക്കുന്നു. അവരുടെ മനസ്സ് അതിനെ ഉടനടി, “ഇത് ആൾ എന്നെ അവഗണിക്കുന്നതിന്‍റെ സൂചനയാണ്” എന്നു വായിച്ചെടുക്കുന്നു. തന്മൂലം അവർക്ക് ദേഷ്യമോ, അല്ലെങ്കിൽ “അയ്യോ, എന്നെ കളഞ്ഞിട്ടു പോവുകയാണല്ലോ” എന്ന വിഷമമോ തോന്നുന്നു. അന്നേരം ആ വ്യക്തിയെയും മുമ്പു കിട്ടിയ സ്നേഹത്തെയും സംബന്ധിച്ച നല്ല ഓർമ്മകൾ തൽക്കാലത്തേക്കു വിസ്മരിക്കപ്പെടുന്നു. അതായത്, ആ വ്യക്തിയുടെ സ്നേഹത്തെ അവർ അന്നേരത്തേക്കായി മന:പൂര്‍വം താഴ്ത്തിക്കാണുന്നതല്ല. അങ്ങനെയൊരു സ്നേഹമേ നിലവിലുണ്ടായിരുന്നില്ല എന്ന് മനസ്സ് അവരെ അപ്പോൾ വിശ്വസിപ്പിക്കുകയാണ്. അതുകൊണ്ടുതന്നെ അത്തരം നേരങ്ങളിൽ പറയുന്ന കാര്യങ്ങളെ അവരുടെ ശരിക്കുള്ള തീരുമാനങ്ങളായോ ബന്ധത്തെക്കുറിച്ചുള്ള അന്തിമ നിലപാടുകളായോ കണക്കാക്കരുത്; പകരം, അന്തരീക്ഷം തണുത്തുകഴിഞ്ഞ് കാര്യങ്ങൾ ചർച്ചക്കെടുക്കാം.
അതിവൈകാരികത ശമിച്ചു കഴിയുമ്പോൾ ആ വ്യക്തിയെയും ബന്ധത്തെയും കുറിച്ചുള്ള കാഴ്ചപ്പാട് പിന്നെയും സന്തുലിതമാവുകയും നടന്നതിന്‍റെ പേരിൽ അവർക്കു ലജ്ജയും കുറ്റബോധവും തോന്നുകയും ചെയ്യാം.
മൊത്തം 4500-ഓളം രോഗികൾ പങ്കെടുത്ത വിവിധ പഠനങ്ങളുടെ ക്രോഡീകരണത്തിൽ തെളിഞ്ഞത്, സൈക്കോതെറാപ്പി (മനശ്ശാസ്ത്ര ചികിത്സ) ഫലപ്രദമാണ് എന്നാണ്. ആത്മഹത്യാ പ്രവണതയും ചിന്തകളും കുറയ്ക്കുന്നതിലും സൈക്കോതെറാപ്പി കുറേയൊക്കെ വിജയിക്കുന്നുണ്ട്. മിക്ക പഠനങ്ങളും സ്ത്രീകളിലായിരുന്നു എന്ന പരിമിതിയുണ്ട്.
ഡയലക്ടിക്കൽ ബിഹേവിയർ തെറാപ്പി (ഡി.ബി.റ്റി.) എന്ന സൈക്കോതെറാപ്പിയാണ് ഏറ്റവും ഗവേഷണവിധേയമായിട്ടുള്ളത്. പ്രായോഗികമായ നിരവധി കഴിവുകള്‍ പകർന്നു കൊടുക്കുകയാണ് ഇതിന്‍റെ രീതി. പ്രധാനമായും നാലു കാര്യങ്ങള്‍ക്കാണ് ഊന്നല്‍ കിട്ടുന്നത്:
മൈൻഡ്‌ഫുൾനസ്: ഒരു വികാരം അനുഭവപ്പെടുമ്പോള്‍ അതിന്‍റെ പേരിൽ ഉടനടി എടുത്തുചാടി പ്രവർത്തിക്കാതെ, “ഇപ്പോൾ എനിക്കു തോന്നുന്നത് എന്താണ്?” എന്ന്, സ്വയം കുറ്റപ്പെടുത്താതെ, ശ്രദ്ധിക്കാനും തിരിച്ചറിയാനുമുള്ള പരിശീലനം.
മനോവൈഷമ്യങ്ങളെ നേരിടാനുള്ള ക്ഷമത വർദ്ധിപ്പിക്കുക: ഒഴിവാക്കിവിടുകയോ ഉടനടി പരിഹരിക്കുകയോ സാദ്ധ്യമല്ലാത്ത പ്രശ്നസാഹചര്യങ്ങളിൽ, ഉള്ളിലുയരുന്ന വൈഷമ്യത്തോടു പൊരുത്തപ്പെടാനും കാര്യങ്ങൾ വഷളാക്കുന്ന തരം പ്രതികരണങ്ങൾ ഒഴിവാക്കാനുമുള്ള പരിശീലനം.
വികാരനിയന്ത്രണം: സങ്കടമോ ദേഷ്യമോ ആധിയോ അമിതമാകുമ്പോൾ അതു തിരിച്ചറിയാനും അവ അമിതമാവാതെ കാക്കാനും അവയുടെ തീവ്രത കുറയ്ക്കാനുമുള്ള പരിശീലനം.
മറ്റുള്ളവരോട് ഫലപ്രദമായി ഇടപെടാനുള്ള കഴിവു വർദ്ധിപ്പിക്കുക: തനിക്കുവേണ്ട കാര്യങ്ങൾ ബഹുമാനത്തോടെതന്നെ മറ്റുള്ളവരോട് ആവശ്യപ്പെടാനും, “പറ്റില്ല” എന്നു പറയേണ്ടിടത്ത് മറ്റേയാളെ മുഷിപ്പിക്കാതെതന്നെ അതു ചെയ്യാനും ഒക്കെയുള്ള പരിശീലനം.
ഡി.ബി.റ്റി.യ്ക്ക് ആറുമാസം മുതൽ ഒരു വർഷം വരെ എടുക്കാം. ഇതിനു പുറമേ, മെന്‍റലൈസേഷൻ-ബേസ്ഡ് തെറാപ്പി, ട്രാൻസ്ഫറൻസ്-ഫോക്കസ്ഡ് സൈക്കോതെറാപ്പി, സ്കീമ തെറാപ്പി തുടങ്ങിയവയും ഉപയോഗിക്കപ്പെടാറുണ്ട്. കേരളത്തില്‍ പക്ഷേ മിക്കതിന്‍റെയും ലഭ്യത വിരളമാണ്.
മരുന്നുകൾ ബി.പി.ഡി.യുടെ അടിസ്ഥാന ലക്ഷണങ്ങള്‍ക്കു ഫലപ്രദമല്ല. അമിതകോപം, ഉറക്കക്കുറവ് തുടങ്ങിയ ചില ലക്ഷണങ്ങളെ തല്‍ക്കാലത്തേക്കു നിയന്ത്രണവിധേയമാക്കാനും വിഷാദം, ഉത്കണ്ഠ തുടങ്ങിയ സഹരോഗങ്ങള്‍ക്കും മാത്രമാണ് അവ കുറിക്കപ്പെടാറുള്ളത്. ആത്മഹത്യാ പ്രവണത അമിതമാകുന്ന വേളകളിൽ കിടത്തിച്ചികിത്സ ആവശ്യമാകാം.
മുപ്പതുകളുടെ അന്ത്യത്തോടെയോ നാൽപ്പതുകളുടെ തുടക്കത്തോടെയോ, വിശേഷിച്ചും സ്ഥിരമായ ഒരു ജോലിയും പ്രതിസന്ധികളില്‍ തുണയ്ക്കാന്‍ ആളുകളും ഉണ്ടെങ്കില്‍, പലരുടെയും ലക്ഷണങ്ങൾ സ്വയമേ സാരമായി കുറയാറുണ്ട്. ചിലരിൽ, ലക്ഷണങ്ങൾ ഒന്നൊതുങ്ങിയ ശേഷം എന്തെങ്കിലും സമ്മർദ്ദ സാഹചര്യങ്ങൾ വരുമ്പോൾ വീണ്ടും തലപൊക്കുകയും ആവാം.
ചികിത്സ തുടരുന്നതിന് ഒപ്പംതന്നെ, വികാരങ്ങള്‍ അതിതീക്ഷ്ണമാവുമ്പോള്‍ അവയുടെ അടിസ്ഥാനത്തില്‍ എടുത്തുചാടി പെരുമാറാതെ താഴെക്കൊടുത്ത കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്:
(2026 ഒക്ടോബര്‍ ലക്കം ‘മനോരമ ആരോഗ്യ’ത്തില്‍ പ്രസിദ്ധീകരിച്ചത്)
ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.
When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.