“ഇ-ബുക്ക്സ് ലോഡ്ജുമുറികളെപ്പോലാണ്; വലിയ പൊലിമയൊന്നുമില്ലെങ്കിലും തല്‍ക്കാലത്തേക്കു കാര്യസാദ്ധ്യത്തിനുതകും. ശരിക്കുള്ള പുസ്തകങ്ങള്‍ക്കു സാമ്യം പക്ഷേ സ്വന്തം വീടുകളോടാണ്; തന്റേതന്നു മനസ്സിലുറപ്പിച്ചവയെ മരണം വരെ സ്നേഹിച്ചുതാലോലിക്കാം.” — മൈക്കേല്‍ ദിര്‍ദ
വിനോദത്തിനും വിജ്ഞാനസമ്പാദനത്തിനുമുള്ള വലിയ പണച്ചെലവില്ലാത്ത ഒരുപാധി എന്നതിലുപരി വായന കൊണ്ട് മാനസികസമ്മര്‍ദ്ദം അകലുക, ഓര്‍മശക്തി മെച്ചപ്പെടുക, ഡെമന്‍ഷ്യക്കു സാദ്ധ്യത കുറയുക എന്നൊക്കെയുള്ള ആരോഗ്യപരമായ ഗുണങ്ങളും ഉണ്ട്. ഫോണുകളുടെയും കംപ്യൂട്ടറുകളുടെയുമൊക്കെ സ്ക്രീനില്‍നിന്നാണ് ഇന്നു നല്ലൊരുപങ്ക് വായനയും നടക്കുന്നത്. കടലാസിലും സ്ക്രീനിലും നിന്നുള്ള വായനകള്‍ നമ്മുടെ തലച്ചോറിനെയും മറ്റും സ്വാധീനിക്കുന്നത് വ്യത്യസ്ത രീതികളിലാണെന്നും ഒട്ടേറെ സ്ക്രീന്‍വായന നടത്തുന്നവര്‍ ചില കരുതലുകള്‍ പാലിക്കുന്നതു നന്നാവുമെന്നും നിരവധി ഗവേഷകര്‍ അറിയിക്കുന്നുണ്ട്.