കുട്ടികളിലെ അമിതമായ ശ്രദ്ധക്കുറവും ഒരിടത്തും ഒന്നടങ്ങിയിരിക്കാത്ത ശീലവും ഒരു നിയന്ത്രണവുമില്ലാത്തതു പോലുള്ള പെരുമാറ്റങ്ങളും എ.ഡി.എച്ച്.ഡി. (അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പറാക്റ്റിവിറ്റി ഡിസോര്‍ഡര്‍) എന്ന അസുഖത്തിന്റെ ലക്ഷണങ്ങളാവാം. ഈ പ്രശ്നങ്ങള്‍ നേരിയ തോതില്‍ മിക്കവാറും കുട്ടികളിലും കണ്ടേക്കാമെങ്കിലും അവയുടെ തീവ്രത വല്ലാതെ കൂടുമ്പോള്‍ മാത്രമാണ് അവയെ എ.ഡി.എച്ച്.ഡി.യുടെ ലക്ഷണങ്ങളായി പരിഗണിക്കുന്നത്. ചില കുട്ടികള്‍ക്ക് ശ്രദ്ധക്കുറവിന്റെ മാത്രം പ്രശ്നവും, വേറെ ചിലര്‍ക്ക് പിരുപിരുപ്പും എടുത്തുചാട്ടവും മാത്രവും, ഇനിയും ചിലര്‍ക്ക് ഈ മൂന്നു ലക്ഷണങ്ങളും ഒന്നിച്ചും കാണപ്പെടാറുണ്ട്. പഠനത്തിലും കുടുംബജീവിതത്തിലും സാമൂഹ്യബന്ധങ്ങളിലും ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് ഈ രോഗം കാരണമാവാറുണ്ട്.