ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധം എത്രത്തോളം ആരോഗ്യകരമാണ് എന്നത് അവരുടെ മക്കളുടെ മാനസികാരോഗ്യത്തെ നിർണയിക്കുന്ന ഒരു പ്രധാന ഘടകമാണ്. കുടുംബത്തിനകത്ത് സുരക്ഷിതത്വവും ആത്മവിശ്വാസവും അനുഭവപ്പെടേണ്ടത് കുട്ടികളുടെ നല്ല ശാരീരിക, മാനസിക ആരോഗ്യങ്ങൾക്കും സ്കൂളുമായി പൊരുത്തപ്പെടുന്നതിനും അനിവാര്യവുമാണ്.

ദമ്പതികൾക്കിടയിലെ വഴക്കുകൾ എന്നത് ഏറെക്കുറെ സ്വാഭാവികം തന്നെയാണ്. കുട്ടികളെ അവ സാരമായി ബാധിക്കുക, അവ അടിക്കടി സംഭവിക്കുകയോ ഏറെ കഠിനമാവുകയോ വേണ്ടുംവിധം പരിഹരിക്കപ്പെടാതെ പോവുകയോ ചെയ്യുമ്പോഴാണ്. വഴക്കുകള്‍ കുട്ടികളെ സംബന്ധിച്ച വിഷയങ്ങളിലാകുന്നതും കൂടുതല്‍ പ്രശ്നമാകാം. ഇത്തരം വിഷയങ്ങള്‍ക്ക് ഉദാഹരണങ്ങളാണ് അവരില്‍ എത്രത്തോളം അച്ചടക്കം നിര്‍ബന്ധമാക്കണം, സ്കൂളിൽ കൊണ്ടുവിടുന്നതും തിരിച്ചുകൊണ്ടുവരുന്നതും ആരു ചെയ്യണം, എത്ര സമയത്തേക്ക് ഫോണും കമ്പ്യൂട്ടറും അനുവദിക്കാം തുടങ്ങിയവ.

മറുവശത്ത്, ഒരു വഴക്കിനും പോകാത്ത, എന്നാൽ സ്നേഹ, വൈകാരിക വായ്പുകൾ ഒരിക്കലും കാണിക്കാത്ത, പരസ്പരം മിണ്ടുകയേ ചെയ്യാത്ത മാതാപിതാക്കളും കുട്ടികളെ പ്രതികൂലമായി ബാധിക്കാം.

കുട്ടികളിലേക്കു പടരുന്നത്

മാതാപിതാക്കളുടെ വഴക്കുകള്‍ കുട്ടികളില്‍ ദോഷം ചെലുത്തുന്നത് പല വഴികളിലൂടെയാണ്. പങ്കാളിയുമായി സദാ വഴക്കടിച്ചുകൊണ്ടിരിക്കുന്നവര്‍ മക്കളോടും അക്രമാസക്തമായും, ശത്രുതാമനോഭാവത്തോടെയും, അവരുടെ വികാരങ്ങൾക്ക് ഒട്ടും പരിഗണന കൊടുക്കാതെയും പെരുമാറാം. സമയം മൊത്തവും വഴക്കിനായി മാറ്റിവെച്ചവര്‍ക്ക് കുട്ടികളുമായി സമയം ചെലവിടാനുള്ള ഊർജ്ജമോ നേരമോ മനസ്സാന്നിദ്ധ്യമോ ബാക്കിയുണ്ടായേക്കില്ല. മനസ്സില്‍ കുമിയുന്ന ദേഷ്യവും ദുഃഖവുമൊക്കെ അവർ കുട്ടികള്‍ക്കു മേൽ പുറത്തെടുക്കുകയും അവരെ അമിതമായി ശിക്ഷിക്കുകയും ചെയ്യാം.

താൻ ഏറെ ഇഷ്ടപ്പെടുന്ന രണ്ടു വ്യക്തികൾക്ക് പരസ്പരം കടുത്ത വെറുപ്പാണ് എന്ന സങ്കടവും; ഏറ്റവും നല്ലവര്‍ എന്നു താന്‍ വിശ്വസിക്കുന്നവർ അന്യോന്യം ഉപദ്രവിക്കുന്നതു കാണുമ്പോള്‍ ഉളവാകുന്ന ചിന്താക്കുഴപ്പവും; അതിൽ ഒരാളോട് ഇത്രയധികം വെറുപ്പും ഉപദ്രവവും കാണിക്കുന്ന ഒരാൾ തന്നോട് നല്ല രീതിയിൽ പെരുമാറും, തന്നെ സ്നേഹിക്കും എന്നൊക്കെ എങ്ങനെ വിശ്വസിക്കും, അവർ പരസ്പരം സ്നേഹിക്കുന്നത് അവസാനിപ്പിച്ചെങ്കിൽ ഒരുനാൾ തന്നെ സ്നേഹിക്കുന്നതും അവസാനിപ്പിച്ചേക്കുമോ എന്നൊക്കെയുള്ള സന്ദേഹങ്ങളും കുട്ടിയില്‍ നിറയാം.

പ്രശ്നങ്ങൾക്കു പിന്നിൽ താനാണ് എന്ന് മാതാപിതാക്കൾ വിചാരിച്ചേക്കുമോ, അതിന്‍റെ പേരിൽ അവർ തന്നെ തള്ളിക്കളഞ്ഞേക്കുമോ, തന്നെ പുറത്താക്കുമോ എന്നൊക്കെയുള്ള ആശങ്കകളും കുട്ടിക്കു തോന്നാം. ഇതൊക്കെ അവരിൽ ദേഷ്യവും സങ്കടവും ഭീതിയും ഉളവാക്കാം. കുടുംബബന്ധങ്ങളെപ്പറ്റിയുള്ള അവരുടെ സങ്കല്പം താറുമാറാവുകയും വ്യക്തികൾ തമ്മിൽ വഴക്കുകൾ സ്വാഭാവികം മാത്രമാണ് എന്ന ധാരണ രൂപപ്പെടുകയും ചെയ്യാം.

സ്വന്തം വിഷമങ്ങൾ പറഞ്ഞുതീർക്കാനോ കുട്ടിയെ തന്‍റെ പക്ഷത്തു നിർത്താനോ വേണ്ടി മാതാപിതാക്കള്‍ തങ്ങളുടെ അനുഭവങ്ങൾ കുട്ടിയെ വിശദമായി കേൾപ്പിക്കുകയോ, കുട്ടിയുടെ സഹാനുഭൂതി തേടുകയോ, പങ്കാളിയിൽനിന്നു കിട്ടാത്ത സ്നേഹം കുട്ടിയിൽനിന്നു പിടിച്ചുപറ്റാൻ ശ്രമിക്കുകയോ ചെയ്യുന്നത് കുട്ടിയില്‍ നിസ്സഹായതയും ദുർബലതയും സംഭ്രമവും ജനിപ്പിക്കാം. കുട്ടികൾ ഉപദേശങ്ങൾക്കും മാർഗ്ഗ നിർദ്ദേശങ്ങൾക്കും താങ്ങിനും തണലിനും ഒക്കെ മാതാപിതാക്കളെ ആശ്രയിക്കുന്നവര്‍ ആകുമ്പോൾ അവർ തിരിച്ച് അവരുടെ വിഷമങ്ങൾ തങ്ങളോടു പറയാൻ തുടങ്ങുന്നതു കുട്ടിക്ക് ആശയക്കുഴപ്പവും അസ്വസ്ഥതയും സൃഷ്ടിക്കാം.

വഴക്ക് തന്നെക്കൊണ്ടു താങ്ങാനാവുന്നതിലും തീവ്രമാണ്, അല്ലെങ്കിൽ താൻ മൂലമാണ് എന്നൊക്കെ അനുമാനിക്കുന്ന കുട്ടികളെയും, തന്നെക്കൊണ്ട് ഇത് അവസാനിപ്പിക്കാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടമോ ലജ്ജയോ കുറ്റബോധമോ പേറുന്നവരെയും ഇത്തരം പ്രശ്നങ്ങൾ കൂടുതലായി ബാധിക്കാം. ഇത്തരം വഴക്കുകളെ എങ്ങനെ നേരിടണം എന്ന പാടവം സിദ്ധിച്ചിട്ടില്ലാത്ത ഒന്നുമുതൽ അഞ്ചുവയസ്സുവരെ പ്രായമുള്ള കുട്ടികളെ, കൗമാരക്കാരെ അപേക്ഷിച്ച്, ഇത്തരം പ്രശ്നങ്ങൾ കൂടുതലായി ബാധിക്കാം. മറുവശത്ത്, വർഷങ്ങളായി ഇത്തരം വഴക്കുകൾ കണ്ടുകണ്ടു തഴമ്പിച്ച കൗമാരക്കാരെയും അവ കൂടുതലായിട്ടു ബാധിക്കാൻ തുടങ്ങാം.

കുട്ടികളിൽ ഉളവാകുന്ന പ്രത്യാഘാതങ്ങൾ

ഉറക്കക്കുറവ്, പിടിവാശി, എല്ലാവരിൽനിന്നും ഉൾവലിയുക, അമിതമായ പേടി, ലജ്ജ, ആത്മവിശ്വാസക്കുറവ്, ഉത്കണ്ഠ തുടങ്ങിയവ ഇത്തരം കുട്ടികളിൽ സാധാരണമാണ്. ശ്രദ്ധക്കുറവും വിഷാദവും മാതാപിതാക്കളുടെ ബന്ധത്തെക്കുറിച്ച് എപ്പോഴുമുള്ള ആധിയും മൂലം അവർ പഠനത്തിൽ പിന്നാക്കം പോകാം. വളര്‍ച്ച അല്പം മുരടിക്കുക, തളർച്ച, വയറിനു ബുദ്ധിമുട്ട്, തലവേദന തുടങ്ങിയ ശാരീരിക പ്രശ്നങ്ങളും ദർശിക്കപ്പെട്ടിട്ടുണ്ട്. മാനസിക സംഘർഷവും ഉറക്കമില്ലായ്മയും തലച്ചോറിന്‍റെ വളർച്ചയെ ബാധിക്കുകയുമാകാം.

നല്ല വ്യക്തിബന്ധങ്ങൾ എങ്ങനെയായിരിക്കണം എന്നതിന്‍റെ ഒരു മാതൃക കുട്ടികൾ പഠിച്ചെടുക്കുന്നതു മാതാപിതാക്കളിൽ നിന്നാണ്. അതിനാൽത്തന്നെ അവർക്കിടയിലെ വഴക്കുകൾ നിത്യം കാണുന്ന കുട്ടികള്‍ക്ക് മാതാപിതാക്കളോടും സഹോദരങ്ങളോടും സുഹൃത്തുക്കളോടും പ്രേമപങ്കാളികളോടുമുള്ള ബന്ധം വഴക്കു നിറഞ്ഞതാകാന്‍ സാദ്ധ്യത കൂടുന്നുണ്ട്. മുതിർന്നുകഴിഞ്ഞ് അവർ സ്വന്തം ജീവിതപങ്കാളിയോടു പോരെടുക്കാനുള്ള സാദ്ധ്യതയും കൂടുന്നുണ്ട്.

മാതാപിതാക്കളോടു തോന്നുന്ന അമർഷം കുട്ടി സഹോദരങ്ങളിലേക്കു വഴിതിരിച്ചുവിടുന്നതും, മാതാപിതാക്കളിൽ ഒരാൾക്കെതിരെ സഹോദരങ്ങൾ ഒരു ടീമാകുന്നതും സഹോദരങ്ങൾ പരസ്പരം അകൽച്ചയോ താല്പര്യക്കുറവോ കാണിക്കാനും വഴിയൊരുക്കാം.

മനക്ലേശത്തിന് ആശ്വാസം തേടി അവർ ലഹരിയുപയോഗവും ലൈംഗിക ബന്ധങ്ങളും പോലുള്ള ഹാനികരമായ മാർഗ്ഗങ്ങളിലേക്കു നീങ്ങാം. അക്രമാസക്തത, ആത്മഹത്യാ പ്രവണത, കുറ്റകൃത്യങ്ങൾക്കുള്ള വാസന എന്നിവയും കണ്ടേക്കാം.

മാതാപിതാക്കളുടെ വഴക്കുകൾ കുട്ടിയുടെ മാനസികാരോഗ്യത്തെ വഷളാക്കുന്നു എന്നതിന് അതിശക്തമായ തെളിവുകള്‍ ലഭ്യമായതോടെ, മനോരോഗങ്ങളുടെ ഏറ്റവും പുതിയ നിർവചനങ്ങളിൽ ഒന്നായ ഡി.എസ്.എം. ഫൈവിൽ Child Affected by Parental Relationship Distress (CAPRD) എന്ന ഒരു അവസ്ഥ അമേരിക്കന്‍ സൈക്യാട്രിക്ക് അസോസിയേഷന്‍ പുതുതായി ഉൾപ്പെടുത്തുകയുണ്ടായി.

മാതാപിതാക്കൾ തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങൾ പരസ്പര ബഹുമാനത്തോടെയും വൈകാരികമായ പക്വതയോടെയും പരിഹരിക്കുന്നതു കാണുന്നതും, പരിഹരിക്കാനാവാത്ത പ്രശ്നങ്ങളെപ്പറ്റി കുട്ടികൾക്ക് അവര്‍ വ്യക്തമായി വിശദീകരിച്ചു കൊടുക്കുന്നതും കുട്ടികളുടെ മാനസികാരോഗ്യവും സാമൂഹികമായ കഴിവുകളും മെച്ചപ്പെടുത്തും.

മറുവശത്ത്, മാതാപിതാക്കൾ തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങൾ പരസ്പര ബഹുമാനത്തോടെയും വൈകാരികമായ പക്വതയോടെയും പരിഹരിക്കുന്നതു കാണുന്നതും, പരിഹരിക്കാനാവാത്ത പ്രശ്നങ്ങളെപ്പറ്റി കുട്ടികൾക്ക് അവര്‍ വ്യക്തമായി വിശദീകരിച്ചു കൊടുക്കുന്നതും കുട്ടികളുടെ മാനസികാരോഗ്യവും സാമൂഹികമായ കഴിവുകളും മെച്ചപ്പെടുത്തുന്നുമുണ്ട്.

പ്രതിരോധവും പരിഹാരവും

അഭിപ്രായവ്യത്യാസങ്ങളോ വഴക്കുകളോ ഉള്ള ദമ്പതിമാർക്ക് കൗൺസലിംഗ് ലഭ്യമാക്കുക, സ്കൂളിൽ പെരുമാറ്റപ്രശ്നങ്ങള്‍ കാണിക്കുകയോ പഠനത്തിൽ പിന്നാക്കം പോവുകയോ ചെയ്യുന്ന കുട്ടികളുടെ വീട്ടിൽ വഴക്കു പതിവാണോ എന്നന്വേഷിക്കുക എന്നിവ നല്ല നടപടികളാകും.

അഭിപ്രായവ്യത്യാസങ്ങൾ ശാന്തതയോടെ ചർച്ചചെയ്തു പരിഹരിക്കാന്‍ ശ്രമിക്കുക. താനാണു ശരി എന്നു സ്ഥാപിക്കുന്നതിനല്ല, പ്രശ്നം പരിഹരിക്കുന്നതിനാകണം മുൻഗണന കൊടുക്കേണ്ടത്. കുട്ടികളെക്കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങൾ അവരുടെ മുമ്പിൽവെച്ച് ചർച്ച ചെയ്യാതിരിക്കുക.

പങ്കാളി പ്രകോപിപ്പിച്ചാലും കുട്ടികളുടെ മുമ്പിൽ വച്ച് മറുപടി കൊടുക്കുകയോ ചര്‍ച്ചയ്ക്കു തുനിയുകയോ ചെയ്യില്ല എന്നു നിശ്ചയിക്കുക. പങ്കാളിയിൽനിന്നുള്ള നേരിയ അപമാനങ്ങൾ സഹിക്കുന്നതാണ് കുട്ടികളുടെ ആരോഗ്യം ചീത്തയാക്കുന്നതിലും നല്ലത് എന്നോർക്കുക. സ്ഥിരമായി ഇങ്ങിനെ ചെയ്യുമ്പോൾ പങ്കാളിക്കും കാര്യം പിടികിട്ടുകയും അവരും അഭിപ്രായ വ്യത്യാസങ്ങൾ സ്വകാര്യമായി പരിഹരിക്കാൻ ശ്രമിക്കാന്‍ തുടങ്ങുകയും ചെയ്യാം.

വഴക്കിന് അവര്‍ ഒരു കാരണമല്ല, അവര്‍ തെറ്റൊന്നും ചെയ്തിട്ടില്ല, അവരോടു നല്ല സ്നേഹമുണ്ട്, അവരുടെ ആവശ്യങ്ങൾ അവഗണിക്കപ്പെടില്ല എന്നൊക്കെ കുട്ടികളെ ഓർമിപ്പിക്കുക. ഇത്തരം ചെറുവഴക്കുകൾ വീടുകളിൽ സാധാരണമാണ്, നേരിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും തങ്ങൾ ഇപ്പോഴും പരസ്പരം സ്നേഹിക്കുന്നുണ്ട്, പ്രശ്നങ്ങൾ തങ്ങൾ പരിഹരിക്കാൻ പോവുകയാണ് എന്നൊക്കെ അറിയിക്കുക.

വിവാഹ മോചനം

കുട്ടികളെ സംബന്ധിച്ച് മാതാപിതാക്കൾ അവരുടെ എല്ലാമാണ്. വൈകാരികമായും ശാരീരികമായും അവര്‍ പൂര്‍ണമായും മാതാപിതാക്കളില്‍ ആശ്രിതരാണ്. അതുകൊണ്ടുതന്നെ, അതിൽ ഒരാളുടെ സ്നേഹമോ ശ്രദ്ധയോ പ്രോത്സാഹനമോ നഷ്ടപ്പെടുന്നത് കുട്ടിക്ക് ഏറെ ഹാനികരമാകാം. വ്യക്തിപരമായി വല്ലാതെ ക്ലേശകരവും ദുഃഖകരവുമായ ഒരു സന്ധിയിലൂടെ കടന്നുപോകുന്ന ദമ്പതികള്‍ക്ക് കുട്ടികളുടെ ആവശ്യങ്ങളും വികാരങ്ങളും പരിഗണിക്കുക എളുപ്പവുമാകില്ല.

അച്ഛനമ്മമാരുടെ വേർപിരിയല്‍ കുട്ടികളെ എത്രത്തോളം ബാധിക്കും എന്നതു നിശ്ചയിക്കുന്ന ഒരു പ്രധാന ഘടകം, അവര്‍ തമ്മിൽ എന്തുമാത്രം വഴക്ക് വിവാഹമോചനം പുരോഗമിക്കുന്ന കാലത്തും അതിനു മുമ്പും ശേഷവും നടക്കുന്നുണ്ട് എന്നതാണ്. പരസ്പരം കുറ്റപ്പെടുത്തുന്നതിനു മുൻതൂക്കം കൊടുക്കുന്ന നിയമ പ്രക്രിയയും കുട്ടികളുടെ താല്പര്യങ്ങൾക്ക് ഹാനികരമാകാറുണ്ട്.

കുട്ടികൾക്ക് ബുദ്ധിമുട്ടുകള്‍ക്കു സാദ്ധ്യത കൂട്ടുന്ന ഘടകങ്ങൾ

താഴെപ്പറയുന്ന പെരുമാറ്റങ്ങൾ കുട്ടിയുടെ മാനസികനില കൂടുതൽ വഷളാക്കാം:

കുട്ടിക്ക് സഹായകരമാകുന്ന ഘടകങ്ങൾ

കുട്ടികളെ ബാധിക്കുന്ന രീതികൾ

മാതാപിതാക്കളുടെ വഴക്കിന്‍റെ കാര്യത്തിലെന്ന പോലെ ഈ കുട്ടികളിലും സങ്കടം, വിഷാദം, ചിന്താക്കുഴപ്പം, കുറ്റബോധം, സ്വയം വിലകുറച്ചു കാണൽ, ദേഷ്യം, അക്രമാസക്തത, ലഹരിയുപയോഗം, പഠനത്തിൽ പിന്നാക്കം പോകല്‍, പഠനം നിർത്താനുള്ള സാദ്ധ്യത, ആത്മഹത്യാപ്രവണത, പെരുമാറ്റ പ്രശ്നങ്ങൾ, സുഹൃത്തുക്കളുമായും മറ്റുമുള്ള സാമൂഹിക ബന്ധങ്ങൾ ദുർബലമാവുക തുടങ്ങിയവ കാണാം. മാതാപിതാക്കള്‍ കൈവിട്ടുപോയേക്കുമോ എന്ന പേടി, തെറ്റിദ്ധാരണകൾ, ആരോട് കൂടുതൽ അടുപ്പം കാണിക്കണം എന്ന ആശയക്കുഴപ്പം, തന്‍റെ ഭാവി എന്താകും എന്ന ആകുലത എന്നിവയും സാധാരണമാണ്.

ചെയ്യാവുന്നത്

ജീവിതത്തിന്‍റെ പല മേഖലകളിലും വലിയ മാറ്റങ്ങളും പ്രതിസന്ധികളും നേരിടുന്ന, വല്ലാത്ത അനിശ്ചിതത്വം നിലനിൽക്കുന്ന, ഒരു സാഹചര്യത്തിലും കുട്ടികളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ കൊടുക്കണം.

പിരിയാന്‍ തീരുമാനിച്ച വിവരം കുട്ടിയെ എങ്ങിനെ അറിയിക്കാം എന്നതിന് ലളിതമായ ഉത്തരങ്ങള്‍ ഒന്നുമില്ല. കഴിയുന്നത്ര വസ്തുനിഷ്ഠമായി, പഴിചാരലോ ദേഷ്യമോ കുറ്റബോധമോ ഒന്നുമില്ലാതെ, കുട്ടിയുടെ പ്രായത്തിനും പക്വതക്കും വ്യക്തിത്വത്തിനും അനുയോജ്യമായ രീതിയിൽ, വേണം കാര്യം അവതരിപ്പിക്കാൻ.

കുട്ടിയുടെ നന്മയെക്കരുതി, മുൻപങ്കാളിയുമായി ആരോഗ്യകരവും പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതവുമായ ഒരു ബന്ധം തുടരാൻ ശ്രമിക്കുക. സുരക്ഷയെക്കുറിച്ചുള്ള സന്ദേഹങ്ങള്‍ ഒന്നും ഇല്ലെങ്കില്‍, മാതാപിതാക്കൾ ഇരുവരുമായി ആരോഗ്യകരമായ ഒരു ബന്ധം തുടരാന്‍ കുട്ടിക്കുള്ള അവകാശത്തെ ഇരുവരും മാനിക്കുക. കുട്ടിയെ പരസ്പരം കൈമാറുന്ന സാഹചര്യങ്ങളില്‍ പരസ്പര ബഹുമാനവും സുരക്ഷിതത്വവും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

പങ്കാളിയെക്കുറിച്ചു കുട്ടിയോട് മോശമായി സംസാരിക്കാതിരിക്കുക. കുട്ടിയെ തന്‍റെ ഭാഗത്തേക്കു വലിക്കാൻ ശ്രമിക്കാതിരിക്കുക. മുൻപങ്കാളിയോട് വിവരങ്ങൾ പാസ്സ് ചെയ്യാൻ കുട്ടിയെ ഉപയോഗിക്കാതിരിക്കുക. കാരണം, ഇതൊക്കെ അച്ഛനമ്മമാരിൽ ഒരാളെ താൻ സംരക്ഷിക്കേണ്ടതുണ്ട്, സഹായിക്കേണ്ടതുണ്ട് എന്നൊക്കെയുള്ള ഉത്തരവാദിത്തബോധങ്ങൾ കുട്ടിയിൽ ഉളവാക്കാം. അതിനുള്ള മനോവികാസം അവർക്കു സിദ്ധിച്ചിട്ടുണ്ടാവില്ല താനും. മുതിർന്നവരുടെ കളികൾ മനസ്സിലാക്കാനും അതിൽ ഇടപെടാനുമുള്ള പക്വതയോ പരിചയമോ അവര്‍ക്ക് ആയിട്ടുണ്ടാവില്ല. അതിനാൽത്തന്നെ ഇതൊക്കെ അവസാനം അവരെ കുറ്റബോധത്തിലും സ്വയംപഴിക്കലിലും എത്തിക്കാം.

മുൻപങ്കാളിയെപ്രതി അനിഷ്ടവും ദേഷ്യവുമെല്ലാം മനസ്സിലുണ്ടെങ്കിലും അത് കുട്ടിയെ അറിയിക്കാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങള്‍തമ്മിലെ അഭിപ്രായവ്യത്യാസങ്ങളെപ്പറ്റി ആവശ്യത്തിൽ കൂടുതൽ വിവരം കുട്ടിക്കു നല്‍കാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങൾക്ക് ഇപ്പോഴും ആ വ്യക്തിയെക്കുറിച്ച് ബഹുമാനവും കുറച്ചൊക്കെ നല്ല അഭിപ്രായവും ഉണ്ട് എന്ന അനുമാനമാകണം കുട്ടിക്കു ലഭിക്കേണ്ടത്. മുൻപങ്കാളിയുടെ കൂടെ സമയം ചെലവഴിക്കുന്നതിൽനിന്ന് കുട്ടിക്കു സന്തോഷം കിട്ടുന്നുണ്ടെങ്കിൽ അതിന് അഭിനന്ദിക്കുകയും അതില്‍ സന്തോഷിക്കുകയും ചെയ്യുക. മുൻപങ്കാളിയെക്കുറിച്ച് പറ്റുന്നതും നല്ല കാര്യങ്ങൾ പറയുക. മൃഗശാലയിൽ കൊണ്ടുപോകാമെന്നു സമ്മതിച്ചതും കൊണ്ടുപോയതും ആ രക്ഷിതാവിന്‌ ഒരു നല്ല മനസ്സുണ്ടായതു കൊണ്ടാണ്, നിനക്ക് നല്ലൊരു അച്ഛൻ/അമ്മ ആണുള്ളത് എന്നൊക്കെ പറയാം.

ഒരാള്‍ക്കൊപ്പം താമസിക്കുന്നതിനിടെ അല്‍പകാലത്തേക്ക് മറ്റേയാളുടെ കൂടെ കഴിയാൻ ചെല്ലേണ്ടിവരുമ്പോൾ കുറച്ചു ദിവസത്തേക്കു കുട്ടി അഡ്ജസ്റ്റ്മെന്‍റ് പ്രശ്നങ്ങൾ കാണിക്കുന്നത് സ്വാഭാവികം മാത്രമാണ് എന്നോർക്കുക.

വിവാഹമോചനത്തിന് കുട്ടിയൊരു കാരണമായിരുന്നില്ല, അതു തടയാൻ കുട്ടിക്ക് ഒന്നും ചെയ്യാനാകുമായിരുന്നില്ല എന്നൊക്കെ ബോദ്ധ്യപ്പെടുത്തുക.

കുട്ടിയുമായി തനിച്ചു ചെലവിടാനുള്ള അല്‍പം സമയം ദിനചര്യകളിൽ ഉൾപ്പെടുത്തുക. അവർ സംസാരമോ ശരീരഭാഷയോ വഴി സ്വന്തം വികാരങ്ങൾ പ്രകടമാക്കുമ്പോൾ യഥോചിതം പ്രതികരിക്കുക. നല്ല പെരുമാറ്റങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. അവരെക്കുറിച്ചുള്ള വ്യക്തിപരമായ വിലയിരുത്തലുകൾ ഏതുമില്ലാതെ അവർക്കു പറയാനുള്ളത് ശ്രദ്ധിച്ചു കേൾക്കുക. ഇത്തരം സമയങ്ങളിൽ നാനാതരം വികാരങ്ങൾ തള്ളിക്കയറി വരുന്നത് നോർമലാണെന്നു ബോദ്ധ്യപ്പെടുത്തുക. നിങ്ങൾക്കവരെ ഉൾക്കൊള്ളാൻ ആവുന്നുണ്ടെന്നു വ്യക്തമാക്കുക. സംസാരിക്കാതെ മൗനം പാലിക്കാനാണു താല്പര്യം എങ്കിൽ അതിനും അനുവദിക്കുക. ഇതൊക്കെ നല്ലൊരു വ്യക്തിബന്ധം പരസ്പരം രൂപപ്പെടാൻ സഹായിക്കും. മറ്റുള്ളവരോടു സഹാനുഭൂതി കാണിക്കാനും, പ്രശ്നങ്ങൾ പരിഹരിക്കാനും, സമ്മർദ്ദ സാഹചര്യങ്ങളെ നേരിടാനുമുള്ള കഴിവുകൾ പകർന്നു കൊടുക്കുക. ആവശ്യമെങ്കില്‍ ഇതിനായി വിദഗ്ദ്ധസഹായം തേടുക.

അതേസമയം, അച്ചടക്കത്തിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കുക. കുട്ടിയുടെ പെരുമാറ്റങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുക. കൃത്യമായ നിർദ്ദേശങ്ങളും നിയമങ്ങളും അതിർവരമ്പുകളും വ്യക്തമാക്കുക. ഇതൊക്കെ, എല്ലാ വികാരങ്ങളും ഓക്കെയാണ്, എന്നാൽ എല്ലാ പെരുമാറ്റങ്ങളും ഓക്കെയല്ല എന്ന സന്ദേശം കുട്ടിക്കു കിട്ടാനും, മനോസംഘർഷങ്ങൾ ലഘൂകരിക്കാനും, അവര്‍ ചീത്ത കൂട്ടുകെട്ടിലോ ലഹരിയിലോ മറ്റും അഭയം തേടുന്നതു തടയാനും സഹായിക്കും.

പെട്ടെന്നുതന്നെ മറ്റൊരു ബന്ധത്തിലേക്ക് എടുത്തുചാടാതിരിക്കുന്നതും കുട്ടികളുടെ ആരോഗ്യത്തിനു നന്നാവും. വിശേഷിച്ചും പുതിയ പങ്കാളിയ്ക്കും മക്കൾ ഉണ്ടെങ്കിൽ അത് കുട്ടികളെ കൂടുതൽ പ്രതികൂലമായി ബാധിക്കാം. തന്‍റെ കൂടെ ശേഷിച്ച രക്ഷിതാവിന്‍റെ സ്നേഹം പകുക്കപ്പെടാൻ പോവുകയാണ് എന്ന അറിവ് കുട്ടികളില്‍ നഷ്ടബോധം സൃഷ്ടിക്കാം. വിവാഹമോചനാനന്തര ജീവിതത്തോടു പൊരുത്തപ്പെടാൻ കുട്ടിക്കു സമയം കിട്ടിയ ശേഷം മാത്രം പുതിയൊരു ബന്ധത്തിലേക്കു കടക്കുന്നതാകും കുട്ടിക്കും പുതിയ ബന്ധത്തിനും ഉത്തമം.

സത്യസന്ധവും പ്രായാനുസൃതവുമായ വിവരങ്ങൾ കുട്ടിക്കു നൽകിക്കൊണ്ടിരിക്കുന്നത് എന്താണു തനിക്ക് സംഭവിക്കാൻ പോകുന്നത് എന്ന ആശങ്ക കുറയാനും മാറ്റങ്ങളോട് കൂടുതൽ നന്നായി പൊരുത്തപ്പെടാനാകാനും സഹായിക്കും. എന്തൊക്കെക്കാര്യത്തിൽ മാറ്റങ്ങൾ വരും, എന്തൊക്കെക്കാര്യത്തിൽ മാറ്റങ്ങൾ വരില്ല എന്നതിനെയൊക്കെപ്പറ്റി നല്ല ധാരണ കിട്ടുന്നത് തന്നെത്തന്നെയും മാതാപിതാക്കളെയും സഹോദരങ്ങളെയും വളർത്തുമൃഗങ്ങളെയും സാധനസാമഗ്രികളെയും മറ്റു കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും എല്ലാം കുറിച്ചുള്ള ആശങ്കകൾ കുറയ്ക്കും.

കുട്ടിയുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ കഴിവത്ര ലഘൂകരിക്കാന്‍ ശ്രമിക്കുക. സാദ്ധ്യമെങ്കില്‍ പഴയ സ്കൂളിൽത്തന്നെ വിടുക. വളര്‍ത്തുമൃഗങ്ങളെ ഒപ്പംകൂട്ടാൻ അനുവദിക്കുക, മറ്റു ബന്ധങ്ങൾ കഴിയുന്നതും നിലനിര്‍ത്താൻ സഹായിക്കുക എന്നിവയും നല്ല നടപടികളാകും. പുതിയ ജീവിതക്രമങ്ങൾ കുട്ടിയുടെ പഴയ ശീലങ്ങളെയും ഇഷ്ടങ്ങളെയും വല്ലാതെ ബാധിക്കാത്ത രീതിയിലാവാൻ ശ്രദ്ധിക്കുന്നതും നന്നാകും.

സ്വന്തം മാനസികസമ്മർദ്ദം നിയന്ത്രിക്കാനും ആവശ്യത്തിന് ഉറങ്ങാനും ആഹാരം കഴിക്കാനുമെല്ലാം ശ്രദ്ധിക്കുന്നത് തന്നെയും കുട്ടിയെയും കൂടുതൽ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ സഹായിക്കും. തങ്ങൾക്കോ കുട്ടിക്കോ ആവശ്യമെങ്കിൽ മാനസിക ബുദ്ധിമുട്ടുകൾക്കുള്ള വിദഗ്ദ്ധസഹായം തേടുന്നതും പരിഗണിക്കണം.

(2024 നവംബര്‍ 28-ന് ഗൃഹലക്ഷ്മി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.