മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

വയലന്‍സ്: എന്തുകൊണ്ട്, ചെയ്യാനെന്തുണ്ട്

violence_psychology_malayalam

“സാമര്‍ത്ഥ്യക്കുറവുള്ളവരുടെ അവസാനത്തെ ഉപായം മാത്രമാണു വയലന്‍സ്”
– ഐസക് അസിമോവ്‌

സാരമായ ശാരീരിക പരിക്കുകളോ കൊലപാതകമോ ലക്ഷ്യംവെച്ചുള്ള അക്രമങ്ങളെയാണ് വയലന്‍സെന്നു വിളിക്കുന്നത്. സഹപാഠികളെയോ ജീവിതപങ്കാളിയെയോ മക്കളെയോ പ്രായമായവരെയോ ഉപദ്രവിക്കുന്നതും ലൈംഗികപീഡനവും തീവ്രവാദ പ്രവര്‍ത്തനങ്ങളും യുദ്ധവുമൊക്കെ ഉദാഹരണങ്ങളാണ്. മനുഷ്യകുലം വയലന്‍സ് കാണിക്കുന്നതിനു പിന്നില്‍ പരിണാമപരമായ കാരണങ്ങളുണ്ട്. വന്യമൃഗങ്ങളെ വേട്ടയാടിയും മറ്റും ജീവിച്ച പ്രാചീനകാലത്ത് സ്വസുരക്ഷയ്ക്കും സ്വന്തം കുടുംബത്തെയും ഏരിയയേയും സംരക്ഷിക്കുന്നതിനും വയലന്‍സ് അനിവാര്യമായിരുന്നു. വയലന്‍സിനെ ഉത്പാദിപ്പിക്കുന്ന ഭാഗങ്ങള്‍ നമ്മുടെ തലച്ചോറില്‍ നിലനിന്നുപോന്നത് അതിനാലാണ്.

രണ്ടു വിധങ്ങള്‍

ആസൂത്രിതം, വൈകാരികം എന്നിങ്ങനെ രണ്ടുതരം വയലന്‍സുണ്ട്. എന്തെങ്കിലും കാര്യസാദ്ധ്യത്തിനായി നടത്തുന്ന വയലന്‍സാണ് ആസൂത്രിതം എന്ന ഗണത്തില്‍ വരുന്നത്. ക്വട്ടേഷന്‍ കൊലപാതകങ്ങളും രാഷ്ട്രീയനേട്ടത്തിനായുള്ള അതിക്രമങ്ങളും അതില്‍പ്പെടുന്നു. അപ്രതീക്ഷിതമായ എന്തെങ്കിലും പ്രകോപനത്താല്‍ എടുത്തുചാടി നടത്തുന്ന വയലന്‍സിനെയാണ് വൈകാരികം എന്നു വിളിക്കുന്നത്. വണ്ടിക്കു സൈഡ് തരാത്തവരെ അടിക്കുന്നത് ഒരുദാഹരണമാണ്.

ഇതില്‍ ആസൂത്രിത വയലന്‍സ് കാണിക്കുന്നവര്‍ക്കാണ് അതു പിന്നെയുംപിന്നെയും ചെയ്യാനുള്ള പ്രവണതയുണ്ടാവുക. ഉദാഹരണത്തിന്, പെട്ടെന്നുള്ള ഒരു പ്രകോപനത്തില്‍ ഭാര്യയെയോ മക്കളെയോ മര്‍ദ്ദിക്കുന്ന ഒരാള്‍ അത് ആവര്‍ത്തിക്കാനുള്ള സാദ്ധ്യത കുറവാകാം. മറുവശത്ത്, അവരെ സദാ ഭരിക്കാനും നിശ്ശബ്ദരാക്കി നിര്‍ത്താനും നിശ്ചയിച്ച ഒരാള്‍ ശാരീരിക പീഡനങ്ങള്‍ നിരന്തരം പുറത്തെടുക്കാം.

കാരണങ്ങള്‍

ഒരാള്‍ വയലന്‍സ് കാണിക്കുമോ എന്നു നിര്‍ണയിക്കുന്നതില്‍ ശാരീരികവും മനശ്ശാസ്ത്രപരവും സാമൂഹികവും സാന്ദര്‍ഭികവുമൊക്കെയായ അനവധി ഘടകങ്ങള്‍ക്കു പങ്കുണ്ട്.

ലിംഗം

പുരുഷന്മാരാണ് കൂടുതലും വയലന്‍സ് നടത്തുന്നത്. ലോകത്തെ കൊലപാതകങ്ങളില്‍ തൊണ്ണൂറു ശതമാനവും അവരുടെ കൈക്രിയയാണ്. ബാല്യശൈശവങ്ങളിലും ആണ്‍കുട്ടികളാണു കൂടുതല്‍ വയലന്റായി പെരുമാറുന്നത്. പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ വയലന്‍സുമായി ബന്ധപ്പെട്ട മസ്തിഷ്കഭാഗങ്ങളുടെ വികാസത്തെ തുണയ്ക്കുകയും വയലന്‍സിനു സഹായമാകുംവിധം നല്ല ഉയരവും പേശീബലവും കൈവരുത്തുകയും ചെയ്യുന്നുണ്ട്. പരിണാമപരമായും, സ്ത്രീകള്‍ പാചകവും കുട്ടികളെ നോക്കലുമായിക്കഴിഞ്ഞപ്പോള്‍ വേട്ടയും പ്രതിരോധവും പോലുള്ള ഉത്തരവാദിത്തങ്ങള്‍ പുരുഷന്റേതായിരുന്നു എന്നതും ഒരു കാരണമാണ്.

പാരമ്പര്യം

വയലന്റാകുന്ന പ്രകൃതമുള്ള അച്ഛനമ്മമാരുടെ മക്കള്‍ക്കും ആ ശീലം ജന്മനാ ലഭിക്കാറുണ്ട്. (നല്ല അക്രമാസക്തയുള്ള നായ്ക്കളെയോ മറ്റു മൃഗങ്ങളെയോ കിട്ടാന്‍ ആ ഗുണം നന്നായുള്ളവയെത്തമ്മില്‍ ഇണ ചേര്‍ക്കാറുണ്ട്.) കുഞ്ഞുപ്രായത്തില്‍ വയലന്‍സ് കാട്ടുന്നവര്‍ മുതിര്‍ന്നുകഴിഞ്ഞും അതു തുടരാം.

കുടുംബാന്തരീക്ഷം

വീടിനുള്ളില്‍ മര്‍ദ്ദനങ്ങള്‍ കണ്ടോ ഏറ്റോ വളരുന്ന കുട്ടികള്‍ക്ക്, “ഒരാളെ ഇടിക്കുന്നത് അത്ര മോശം കാര്യമൊന്നുമല്ല,” “പ്രശ്നങ്ങള്‍ സോള്‍വാക്കാന്‍ അടിപിടി നല്ലൊരു മാര്‍ഗമാണ്” എന്നൊക്കെയുള്ള വികലധാരണകള്‍ കിട്ടാം. തന്മൂലം മുതിര്‍ന്നു കഴിഞ്ഞ് അവരും വയലന്റായി പെരുമാറാം.

ടീവിയിലും ഗെയിമുകളിലും മറ്റും ഏറെ വയലന്‍സ് കാണുന്നവര്‍, വിശേഷിച്ചും കുട്ടികള്‍, അനന്തരം വയലന്‍സ് ഒരു ശീലമാക്കാം.

ജീവിത സാഹചര്യങ്ങള്‍

ദാരിദ്ര്യം, വീടില്ലായ്ക, തൊഴിലില്ലായ്മ, വിവാഹമോചനം മുതലായവ സൃഷ്ടിക്കുന്ന മനസ്സമ്മര്‍ദ്ദം ആളുകളെ അക്രമാസക്തരാക്കാം. ചൂടേറിയ കാലാവസ്ഥയും വയലന്‍സിനു സാദ്ധ്യത കൂട്ടുന്നുണ്ട്.

ലഹരിയുപയോഗം

നല്ല തീരുമാനങ്ങള്‍ എടുക്കാനും വികാരങ്ങളെയും ആസക്തികളെയും കടിഞ്ഞാണിട്ടു നിര്‍ത്താനും ഉള്ള കഴിവുകളെ മദ്യവും മറ്റു ലഹരിവസ്തുക്കളും ദുര്‍ബലപ്പെടുത്തുന്നുണ്ട്. ദുഷ്പെരുമാറ്റങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഭീതിയും അവ കുറയ്ക്കുന്നുണ്ട്. ഇക്കാരണങ്ങളാലാണ് പൊതുവേ സമചിത്തരായ പലരും ലഹരി ചെല്ലുമ്പോള്‍ അക്രമാസക്തരാകുന്നത്.

മസ്തിഷ്ക പ്രശ്നങ്ങള്‍

അപായഘട്ടങ്ങള്‍ തിരിച്ചറിയാനും അവയോടു പ്രതികരിക്കാനും നമ്മെ സഹായിക്കുന്ന അമിഗ്ഡാല, ആത്മനിയന്ത്രണം പ്രദാനംചെയ്യുന്ന പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സ് എന്നീ മസ്തിഷ്കഭാഗങ്ങളില്‍ ഗര്‍ഭാവസ്ഥയിലോ ശേഷമോ തകരാറു പിണഞ്ഞവര്‍ക്ക് വയലന്‍സിന് അമിതസാദ്ധ്യതയുണ്ട്. തലച്ചോറില്‍ സിറോട്ടോണിന്‍ എന്ന നാഡീരസത്തിന്റെ അളവു കുറവുള്ളവര്‍ വൈകാരിക വയലന്‍സ് കൂടുതലായിക്കാണിക്കാം.

മനോരോഗങ്ങള്‍

വയലന്റായി പെരുമാറുന്ന മിക്കവരും മനോരോഗം ബാധിച്ചവരാണ് എന്നതു തെറ്റിദ്ധാരണയാണ്. എങ്കിലും, ചില മനോരോഗ ലക്ഷണങ്ങള്‍ വയലന്‍സിനു സാദ്ധ്യത കൂട്ടുന്നുണ്ട്. മറ്റുള്ളവരെപ്പറ്റി അടിസ്ഥാനമില്ലാത്ത സംശയങ്ങള്‍ തോന്നുക, ആളുകളെ ഉപദ്രവിക്കാന്‍ നിര്‍ദ്ദേശിക്കുന്ന തരം അശരീരി ശബ്ദങ്ങള്‍ കേള്‍ക്കുക എന്നിവ ഉദാഹരണമാണ്. ഇവ ചികിത്സിച്ചുമാറ്റുക പൊതുവേ എളുപ്പമാണ്.

ആന്റിസോഷ്യല്‍ വ്യക്തിത്വം, സൈക്കോപ്പതി എന്നീ പ്രശ്നങ്ങളുള്ളവര്‍ ആസൂത്രിത വയലന്‍സില്‍ നിരന്തരം മുഴുകാം. വഞ്ചനാശീലം, എടുത്തുചാട്ടം, മുന്‍കോപം, അശേഷം കുറ്റബോധമോ ലജ്ജയോ പേടിയോ ഇല്ലായ്ക തുടങ്ങിയ പ്രകൃതങ്ങള്‍ ഇവരുടെ മുഖമുദ്രയാണ്. ഇത്തരം പ്രശ്നങ്ങള്‍ ചികിത്സയിലൂടെ ഭേദമാക്കുക എളുപ്പവുമല്ല.

രണ്ടു വിരോധാഭാസങ്ങള്‍

ദേഷ്യം നിയന്ത്രിക്കാനായി തലയിണയില്‍ ഇടിക്കുകയോ എന്തെങ്കിലും ചവിട്ടിത്തെറിപ്പിക്കുകയോ ഉറക്കെ അലറുകയോ ഒക്കെച്ചെയ്യുന്നവരുണ്ട്. പക്ഷേ ഇതിനൊക്കെയുള്ളത് വിപരീതഫലമാണെന്നാണു വിദഗ്ദ്ധമതം. ഇത്തരം പ്രവൃത്തികള്‍ ഉണര്‍വു കൂട്ടും, അവ പകരുന്ന താല്‍ക്കാലികമായ സമാധാനം കൂടിയ വയലന്‍സും ആശ്വാസദായകമാകുമെന്ന വിശ്വാസമുളവാക്കും എന്നതൊക്കെയാണു കാരണം. കോപനിമിത്തമായ പ്രശ്നത്തില്‍നിന്നു ശ്രദ്ധ വ്യതിചലിപ്പിക്കാനായി ശാന്തതയോടെ ചെയ്യേണ്ട എന്തെങ്കിലും പ്രവൃത്തിയില്‍ ഏര്‍പ്പെടുകയാകും ഫലപ്രദമായ രീതി.

അക്രമം കാണിക്കുന്ന കുട്ടികള്‍ക്ക് അടി പോലുള്ള ശാരീരിക ശിക്ഷകള്‍ കൊടുക്കുന്നതിനും വിപരീതഫലമാകാം. തല്‍ക്കാലത്തേക്കു നന്നായി പെരുമാറിയാലും ഭാവിയില്‍ അവര്‍ അക്രമവാസന കാണിക്കാന്‍ അതു കാരണമാകാം. അക്രമത്തെ ഒരായുധമാക്കുന്നതിന്റെ ദൂഷ്യവശങ്ങളെപ്പറ്റി അവരെ ബോധവാന്മാരാക്കുകയാണു വേണ്ടത്.

മനശ്ശാസ്ത്ര വശങ്ങള്‍

നിരാശയും ദേഷ്യവും തളര്‍ച്ചയും വേദനയുമൊക്കെ വയലന്‍സിനു സാദ്ധ്യത കൂട്ടുന്നുണ്ട്. അവ മൂലം മനസ്സിലുയരുന്ന നെഗറ്റീവ് ചിന്തകളാണ്‌ അതിനൊരു കാരണം.

നല്ല ഉണര്‍വോ ഉത്തേജനമോ അനുഭവപ്പെടുന്നതും വയലന്‍സിനു പ്രേരകമാകാം. സൈക്കിള്‍ ചവിട്ടുക, ഇക്കിളിക്കഥകള്‍ ശ്രവിക്കുക, ബഹളമയമായ അന്തരീക്ഷം തുടങ്ങിയ സാഹചര്യങ്ങള്‍ ഉദാഹരണമാണ്. ഇവ ഉളവാക്കുന്ന ഉത്തേജനം സമീപത്തുള്ള വല്ലവരും സൃഷ്ടിക്കുന്ന അസ്വാരസ്യമായി ദുര്‍വ്യാഖ്യാനിക്കപ്പെടുന്നതാണ് ഇവിടെ പ്രശ്നഹേതുവാകുന്നത്.

വയലന്റായ പെരുമാറ്റങ്ങള്‍ക്കു പ്രോത്സാഹനമോ പ്രയോജനമോ കിട്ടുന്നതും കുഴപ്പമാണ്. സഹപാഠിയെ ഇടിച്ചിട്ടാല്‍ കളിപ്പാട്ടം കൈക്കലാക്കാമെന്നു തിരിച്ചറിയുന്ന ഒരു കുട്ടി, ശിക്ഷയൊന്നും കിട്ടാതെ പോകുന്നെങ്കില്‍ പ്രത്യേകിച്ചും, അത്തരം പെരുമാറ്റം ഒരു ശീലമാക്കാം.

ഗുണ്ടാസംഘങ്ങളിലും മറ്റും ഉള്‍പ്പെട്ടവര്‍, കൂടെയുള്ളവരില്‍ നിന്ന്, അക്രമം ഒരു മോശം കാര്യമല്ല, ബഹുമാനവും പേടിയും പിടിച്ചുവാങ്ങാനുള്ള ഒരു നല്ല ഉപാധിയാണ് എന്നൊക്കെയുള്ള വികല കാഴ്ചപ്പാടുകള്‍ സ്വായത്തമാക്കാം.

തടയാനുള്ള പൊതുമാര്‍ഗങ്ങള്‍

  • അക്രമപൂരിതമായ ഗെയിമുകളും സിനിമകളുമൊക്കെ കുട്ടികള്‍ക്കു മിതപ്പെടുത്തുക.
  • മറ്റുള്ളവരുമായി നിങ്ങള്‍ക്കുള്ള അഭിപ്രായവ്യത്യാസങ്ങള്‍ രമ്യതയോടെ പരിഹരിച്ച് കുട്ടികള്‍ക്കു നല്ലമാതൃക കാട്ടിക്കൊടുക്കുക.
  • മിക്ക വയലന്‍സും വൈകാരികഗണത്തിലേതായതിനാല്‍, നെഗറ്റീവ് വികാരങ്ങളെ മറികടക്കാനുള്ള പരിശീലനം ഏവര്‍ക്കും, വിശേഷിച്ചും കുട്ടികള്‍ക്ക്, വിദഗ്ദ്ധസഹായത്തോടെ ലഭ്യമാക്കുക. റിലാക്സേഷന്‍ വിദ്യകള്‍, നെഗറ്റീവ് ചിന്തകളെ തിരിച്ചറിഞ്ഞ് മറുവാദങ്ങള്‍ ഉയര്‍ത്തി ദുര്‍ബലപ്പെടുത്തല്‍, സന്തോഷദായകമായ പ്രവൃത്തികളില്‍ മുഴുകല്‍ തുടങ്ങിയവ ഇവിടെ ഉപകാരപ്രദമാകാം.
  • ലഹരിയുപയോഗത്തിന്റെ ദൂഷ്യങ്ങളെ, പ്രത്യേകിച്ചും വയലന്‍സിനു പിന്നില്‍ അവയ്ക്കുള്ള പങ്കിനെ, കുറിച്ച് അവബോധം വളര്‍ത്തുക. അത്തരം അഡിക്ഷനുകള്‍ ഉള്ളവര്‍ക്ക് ചികിത്സ ലഭ്യമാക്കുക.
  • അക്രമപൂരിതമായ അന്തരീക്ഷത്തില്‍ വളര്‍ന്ന കുട്ടികള്‍ക്ക്, പിന്നീട് വയലന്‍സ് ഒരു ശീലമായിപ്പോകാതിരിക്കാന്‍, സൈക്കോതെറാപ്പി ലഭ്യമാക്കുക.

നേരിടാന്‍ ചില വഴികള്‍

  • വയലന്റാവാന്‍ സാദ്ധ്യതയുള്ള ഒരാളുടെ കൂടെ സമയം ചെലവിടേണ്ടി വരുന്നെങ്കില്‍ ആരെയെങ്കിലും ഒപ്പംകൂട്ടാന്‍ ശ്രദ്ധിക്കുക.
  • താഴെപ്പറയുന്ന ലക്ഷണങ്ങള്‍ അക്രമത്തിന്റെ മുന്നോടിയാകാം എന്നോര്‍ക്കുക: കൃഷ്ണമണികള്‍ വികസിക്കുക, മുഷ്ടി ചുരുട്ടുക, വിയര്‍ക്കുക, കഴുത്തിലോ തലയുടെ വശങ്ങളിലോ തുടിപ്പു ദൃശ്യമാവുക, വേഗത്തില്‍ ഉലാത്തുക.
  • ശാന്തത കൈവിടാതിരിക്കുക. ശബ്ദം ഉയര്‍ത്തുകയോ വഴക്കിനു ചെല്ലുകയോ അരുത്.
  • സ്വന്തം ശരീരഭാഷയില്‍ ശ്രദ്ധ വെക്കുക. ആ വ്യക്തിയുടെ കണ്ണുകളില്‍ നോക്കുക; എന്നാല്‍ തുറിച്ചുനോട്ടം ഒഴിവാക്കുക.
  • ശാന്തനാവാനോ മറ്റോ നിര്‍ദ്ദേശിക്കുന്നത് ആ വ്യക്തിയുടെ കോപം കൂട്ടാം എന്നോര്‍ക്കുക.
  • മുറിയ്ക്കുള്ളില്‍ ആണെങ്കില്‍, ആവശ്യം വന്നാല്‍ എത്രയും വേഗം വാതില്‍ക്കല്‍ എത്താനാവുന്ന രീതിയില്‍ നിലയുറപ്പിക്കുക.

വീട്ടില്‍ നിരന്തര പീഡനമെങ്കില്‍

  • കുറ്റം നിങ്ങളില്‍ ചാരാനും അപരാധബോധം സൃഷ്ടിക്കാനും പീഡകന്‍ ശ്രമിക്കാം. അതിനായി, തെറ്റ് അടിസ്ഥാനപരമായി നിങ്ങളുടേതാണെന്ന് അയാള്‍ നിരന്തരം ആരോപിക്കാം. എപ്പോഴെങ്കിലും സ്വയരക്ഷയ്ക്കായി നിങ്ങള്‍ തിരിച്ചു പ്രതികരിച്ചതിനെപ്പറ്റി സദാ ഓര്‍മിപ്പിക്കാം. അവഗണിക്കുക. സ്വയം കുറ്റപ്പെടുത്തുകയോ പീഡകനെ ന്യായീകരിച്ചു ചിന്തിക്കുകയോ ചെയ്യാതിരിക്കുക.
  • വനിതാ ഹെല്‍പ്പ് ലൈനിലോ (1091) സംസ്ഥാന വനിതാ സെല്ലിനെയോ (0471-2338100) ബന്ധപ്പെടുക.
  • ഒരു ബാഗ് തയ്യാറാക്കി എവിടെയെങ്കിലും ഒളിച്ചുവെക്കുക. അടിയന്തിര ഘട്ടങ്ങളില്‍ എങ്ങോട്ടു രക്ഷപ്പെടാമെന്നത് മുന്‍‌കൂര്‍ നിശ്ചയിച്ചുവെക്കുക.
  • പ്രധാന രേഖകളുടെ കോപ്പികളും ഏതാനും വസ്ത്രങ്ങളും മറ്റും ഏതെങ്കിലും സുഹൃത്തിനെയോ മറ്റോ ഏല്‍പിച്ചുവെക്കുക.
  • അത്യാവശ്യ ഘട്ടങ്ങളില്‍ ബന്ധപ്പെടാവുന്ന കുറച്ചു ഫോണ്‍ നമ്പറുകള്‍ ഓര്‍ത്തുവെക്കുക.
  • വീട്ടില്‍ ആയുധങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ പൂട്ടി വെക്കുക.
  • വഴക്കു തുടങ്ങുമ്പോള്‍ അടുക്കള പോലുള്ള, ആയുധങ്ങളായി ഉപയോഗിക്കാവുന്ന വസ്തുക്കളുള്ള മുറികളില്‍ നിന്ന് പതുക്കെ മാറാന്‍ ശ്രദ്ധിക്കുക.
  • ബഹളങ്ങള്‍ വല്ലതും കേട്ടാല്‍ പോലീസിനെ അറിയിക്കാന്‍ വിശ്വസ്തരായ ഏതെങ്കിലും അയല്‍ക്കാരെ ചട്ടംകെട്ടുക.

(2022 ഓഗസ്റ്റ് ലക്കം മാധ്യമം കുടുംബത്തില്‍ പ്രസിദ്ധീകരിച്ചത്)
{xtypo_alert}ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.{/xtypo_alert} Image courtesy: Vox

×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

അനിയന്ത്രിതം, നഗ്നതാപ്രദര്‍ശനം
വികാരങ്ങളുടെ അണിയറക്കഥകള്‍

Related Posts