മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
കൌമാരപ്രായത്തില്‍ തലച്ചോര്‍
ലൈബ്രേറിയനോട് ഒരു സ്ത്രീ: “കൌമാരക്കാരെ എങ്ങനെ വളര്‍ത്താം എന്നതിനെപ്പറ്റിയൊരു പുസ്തകം വേണമായിരുന്നു. മെഡിക്കല്‍, ലൈഫ്സ്റ്റൈല്‍, സെല്‍ഫ്ഹെല്‍പ്പ് സെക്ഷനുകളില്‍ മൊത്തം തിരഞ്ഞിട്ടും ഒരെണ്ണം പോലും കിട്ടിയില്ല!”
ലൈബ്രേറിയന്‍: “ഹൊറര്‍ സെക്ഷനില്‍ ഒന്നു നോക്കൂ!”
(ഒരു ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍)
……………………………..
കാര്‍ട്ടൂണ്‍ ഇത്തിരി അതിശയോക്തിപരമാണെങ്കിലും കൌമാരമെന്നു കേട്ടാല്‍ പലര്‍ക്കും മനസ്സിലെത്തുന്ന ചില ചിത്രങ്ങള്‍ ഹൊറര്‍ഗണത്തില്‍ പെടുന്നവതന്നെയാണ്: വന്‍വാഹനങ്ങള്‍ക്കിടയിലൂടെ ഹെല്‍മെറ്റില്ലാത്ത തലകളുമായി ഇടംവലംവെട്ടിച്ച് അലറിക്കുതിക്കുന്ന ബൈക്കുകള്‍. ഇഷ്ടപ്രോഗ്രാമിനിടയില്‍ ടീവിയെങ്ങാനും ഓഫായിപ്പോയാല്‍ എറിഞ്ഞുതകര്‍ക്കപ്പെടുന്ന റിമോട്ടുകള്‍. മിസ്സ്ഡ്കോളിലൂടെ പരിചയപ്പെട്ടവരുമായി ആരോടും മിണ്ടാതെ ഇറങ്ങിത്തിരിക്കുന്നവരെക്കുറിച്ചുള്ള വാര്‍ത്തകള്‍.
മറുവശത്ത്, ബുദ്ധിയും ഓര്‍മയും പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാനും പുതുവിവരങ്ങള്‍ പഠിച്ചെടുക്കാനുമുള്ള കഴിവുകളും ഉച്ചസ്ഥായിയിലെത്തുന്ന പ്രായവുമാണു കൌമാരം. ശിഷ്ടജീവിതം നയിക്കേണ്ടതുള്ള ചുറ്റുപാടുകളോടു നന്നായിണങ്ങാനും മുതിര്‍ന്നൊരു വ്യക്തിയായി സ്വതന്ത്രജീവിതമാരംഭിക്കാനും ലൈംഗികബന്ധങ്ങളില്‍ മുഴുകിത്തുടങ്ങാനുമൊക്കെ പ്രാപ്തി കൈവരുത്തുന്ന ഒട്ടേറെ നവീകരണങ്ങള്‍ തലച്ചോറില്‍ കൌമാരക്കാലത്തു നടക്കുന്നുണ്ട്. ആ പ്രക്രിയയെ തക്ക സൂക്ഷ്മതകള്‍ പാലിക്കാതെ അവതാളത്തിലാക്കിയാലോ ആ പ്രക്രിയയുടെ പാര്‍ശ്വഫലങ്ങളായ കൌമാരസഹജമായ എടുത്തുചാട്ടത്തെയും അതിവൈകാരികതയെയുമൊക്കെ വേണ്ടുംവിധം അടക്കിനിര്‍ത്തിയില്ലെങ്കിലോ ദൂരവ്യാപകമായ പല ദുഷ്പ്രത്യാഘാതങ്ങളും വന്നുഭവിക്കുകയും ചെയ്യാം. അതിനാല്‍ത്തന്നെ ഈയൊരു പ്രായത്തില്‍ കൈക്കൊള്ളേണ്ട നടപടികളെയും മുന്‍കരുതലുകളെയും കുറിച്ച് കൌമാരക്കാരും മാതാപിതാക്കളും അദ്ധ്യാപകരും അറിഞ്ഞുവെക്കേണ്ടതുണ്ട്.
കൌമാരമെന്നാല്‍
ലൈംഗിക പ്രായപൂര്‍ത്തിയെത്തുന്ന — പ്യുബര്‍ട്ടി എന്ന — പ്രക്രിയക്കു സമാരംഭമാവുന്നതു തൊട്ട്, സ്വന്തമായി തീരുമാനങ്ങളെടുക്കാനും സ്വതന്ത്രമായി ജീവിക്കാനും പാകത കൈവരുന്നതു വരെയുള്ള വര്‍ഷങ്ങളാണ് കൌമാരമെന്നു വിളിക്കപ്പെടുന്നത്. ലോകാരോഗ്യസംഘടനയുടെ അഭിപ്രായത്തില്‍ കൌമാരം പത്തിനും പത്തൊമ്പതിനും ഇടക്കുള്ള പ്രായമാണ്. പ്യുബര്‍ട്ടി ഏതു പ്രായത്തില്‍ തുടങ്ങുന്നുവെന്നത് കുട്ടി ആണോ പെണ്ണോ, കുടുംബത്തിന്‍റെ സാമ്പത്തികപശ്ചാത്തലം തുടങ്ങിയ ഘടകങ്ങളുടെ നിയന്ത്രണത്തിലാണെന്നതിനാല്‍ കൌമാരത്തുടക്കവും വിവിധ കുട്ടികളില്‍ വ്യത്യസ്ത പ്രായത്തിലാവാം. ഭക്ഷണലഭ്യതയിലുണ്ടായ വര്‍ദ്ധനവും മറ്റും മൂലം പ്യുബര്‍ട്ടിയും കൌമാരത്തുടക്കവും മിക്ക നാടുകളിലും പണ്ടത്തേതിലും നേരത്തേയായിട്ടുമുണ്ട് — ജര്‍മനിയില്‍ നിന്നുള്ള പഠനങ്ങള്‍ പറയുന്നത്, അവിടെ പെണ്‍കുട്ടികള്‍ വയസ്സറിയിക്കുന്ന പ്രായം 1860-ല്‍ പതിനാറരയായിരുന്നെങ്കില്‍ 2010-ല്‍ അതു പത്തരയായെന്നാണ്. നേരത്തേ നാന്ദികുറിക്കപ്പെടുന്നത് കൌമാരത്തിനും അനുബന്ധ പ്രശ്നങ്ങള്‍ക്കും ദൈര്‍ഘ്യമേറ്റുന്നുമുണ്ട്.
അതേസമയം, തലച്ചോറിനുണ്ടാവുന്ന രൂപാന്തരണത്തെ മാനദണ്ഡമാക്കിയാണ് കൌമാരത്തെ നിര്‍വചിക്കുന്നത് എങ്കില്‍ അതില്‍വരുന്നത് പത്തു മുതല്‍ ഇരുപത്തിനാലുവരെയുള്ള വയസ്സുകളാണ്. ഇതിലും വിവിധയാളുകളില്‍ സമയഭേദം കാണപ്പെടുന്നുണ്ട് (ചിത്രം 1).
തലച്ചോറിലെ മിണ്ടിപ്പറച്ചിലുകള്‍
കൌമാരത്തിലെ സവിശേഷ പെരുമാറ്റങ്ങളുടെ ഉള്ളുകള്ളികള്‍ മനസ്സിലാവാന്‍ തലച്ചോറിന്‍റെ ഘടനയും പ്രവര്‍ത്തനവും വളര്‍ച്ചയുമായി ബന്ധപ്പെട്ട ചില അടിസ്ഥാനവസ്തുതകള്‍ അറിയേണ്ടതുണ്ട്.
നമ്മുടെ ചിന്തകളും വികാരങ്ങളും ചലനങ്ങളും ചെയ്തികളുമൊക്കെ തലച്ചോറിലെ നാഡീകോശങ്ങള്‍ തമ്മിലെ ആശയവിനിമയത്തിന്‍റെ സൃഷ്ടികളാണ്. നാഡീകോശങ്ങള്‍ എങ്ങിനെയിരിക്കുമെന്നതിന്‍റെ സാമ്പിള്‍ ചിത്രം 2-ല്‍ കാണാം. ‘സെല്‍ ബോഡി’ എന്നൊരു ഭാഗം, അതില്‍നിന്നു നീളുന്ന ‘ഡെന്‍ഡ്രൈറ്റുകള്‍’ എന്ന ചില്ലക്കൊമ്പുകളും ‘ആക്സോണ്‍’ എന്നൊരു വാലും, ആക്സോണിനു ചുറ്റുമുള്ള ‘മയലിന്‍’ കവചം എന്നിവയടങ്ങുന്നതാണ് നാഡീകോശങ്ങളുടെ ഘടന. നാഡീകോശത്തെയൊരു ലാന്‍ഡ്‌ലൈന്‍ഫോണുമായി താരതമ്യപ്പെടുത്തിയാല്‍, ഡെന്‍ഡ്രൈറ്റുകള്‍ റിസീവറിനെപ്പോലെ സന്ദേശങ്ങള്‍ കൈപ്പറ്റുകയും സെല്‍ ബോഡി ഫോണിനെപ്പോലെ അവയെ കൈകാര്യംചെയ്യുകയും ആക്സോണ്‍ ഫോണ്‍വയറിനെപ്പോലെ അവയെ മറ്റു ഭാഗങ്ങളിലേക്കു വഹിച്ചുകൊണ്ടുപോവുകയുമാണ് ചെയ്യുന്നത്.
ഓരോ കോശവും സമീപകോശങ്ങള്‍ക്കു സന്ദേശങ്ങള്‍ കൈമാറുന്നത്, ആക്സോണിലൂടെ നേര്‍ത്ത വിദ്യുത്’തരംഗങ്ങള്‍ കടന്നുപോവുകയും തല്‍ഫലമായി അതിന്‍റെയറ്റങ്ങളില്‍നിന്ന് നാഡീരസങ്ങള്‍ (neurotransmitters) എന്ന തന്മാത്രകള്‍ ചുരത്തപ്പെടുകയും വഴിയാണ്. കോശങ്ങള്‍ക്കിടയില്‍ ‘സിനാപ്സ്’ എന്നൊരു വിടവുണ്ട്. ഇതിലേക്കാണ് നാഡീരസങ്ങള്‍ ചുരത്തപ്പെടുന്നത്. നാഡീരസങ്ങള്‍ സിനാപ്സിലൂടെ ബോട്ടുകളെപ്പോലെ “അക്കരെ”യിലേക്കു നീങ്ങി, രണ്ടാംകോശത്തിന്‍റെ ഡെന്‍ഡ്രൈറ്റുകളിലുള്ള ‘റിസെപ്റ്ററുകള്‍’ എന്ന “ജെട്ടി”കളില്‍ അടുത്താണ് സന്ദേശങ്ങളെ അങ്ങോട്ടു കൈമാറുന്നത് (ചിത്രം 3).
നിത്യാഭ്യാസി ആനയെ എടുക്കുന്നത്
ഓരോ തവണയും നാമെന്തെങ്കിലും പ്രവൃത്തിയില്‍ മുഴുകുമ്പോഴോ ഏതെങ്കിലും കാര്യത്തെപ്പറ്റി ഓര്‍ക്കുമ്പോഴോ നിശ്ചിത കോശങ്ങള്‍ തമ്മില്‍ ആശയവിനിമയം സംഭവിക്കുന്നുണ്ട്. രണ്ടു കോശങ്ങള്‍ തമ്മില്‍ ആവര്‍ത്തിച്ച് ആശയവിനിമയം നടക്കുന്നത് അവ തമ്മിലെ ബന്ധം ശക്തിമത്താവാന്‍ — നാഡീരസത്തെ സ്രവിപ്പിക്കുന്ന കോശത്തിന്‍റെ ആക്സോണും കൈപ്പറ്റുന്ന കോശത്തിന്‍റെ ഡെന്‍ഡ്രൈറ്റുകളും തമ്മില്‍ പുതിയ സിനാപ്സ്ബന്ധങ്ങള്‍ രൂപപ്പെടാനും മുന്നേയുള്ള സിനാപ്സുകള്‍ ബലപ്പെടാനും മറ്റും — വഴിയൊരുക്കുന്നുണ്ട്. ഉദാഹരണത്തിന്, വയലിന്‍വായനയില്‍ പ്രാവീണ്യം നേടിയവരുടെ തലച്ചോറില്‍ ഇടതുകൈവിരലുകളുടെ ചലനങ്ങളുമായി ബന്ധപ്പെട്ട മസ്തിഷ്കനാഡീകോശങ്ങളില്‍ പതിവിലുമധികം ഡെന്‍ഡ്രൈറ്റുകളും സിനാപ്സുകളും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കൂടുതല്‍ പരിശീലിക്കുന്നതിനനുസരിച്ച് മനക്കണക്കിലും കായികയിനങ്ങളിലും ഡ്രൈവിങ്ങിലുമൊക്കെ നമുക്കു വൈദഗ്ദ്ധ്യം കൈവരുന്നത് മസ്തിഷ്കത്തിലുളവാകുന്ന ഇത്തരം പരിഷ്കരണങ്ങളുടെ ഫലമായാണ്.
തലക്കകത്തൊരു ലാന്‍ഡ്‌സ്കേപ്പിംഗ്
ഏറെ സങ്കീര്‍ണമായൊരു അവയവമാണ് തലച്ചോര്‍ എന്നതിനാല്‍ത്തന്നെ അതിനു വളര്‍ച്ച പൂര്‍ത്തീകരിക്കാന്‍ വളരെക്കാലം വേണ്ടിവരുന്നുണ്ട്. ജനനസമയത്ത് മസ്തിഷ്കനാഡീകോശങ്ങള്‍ക്ക് അല്‍പസ്വല്‍പം ഡെന്‍ഡ്രൈറ്റുകളും സിനാപ്സ്ബന്ധങ്ങളുമേ ഉണ്ടാവൂ. എന്നാല്‍ ജനനശേഷം, പ്രത്യേകിച്ച് ആദ്യത്തെ എട്ടു മാസങ്ങളില്‍, ഡെന്‍ഡ്രൈറ്റുകളുടെയെണ്ണം ശരിക്കും കൂടുകയും കാലക്രമേണ ഓരോ കോശത്തിലും ഒരു ലക്ഷം ഡെന്‍ഡ്രൈറ്റുകള്‍ വരെ മുളക്കുകയും ചെയ്യുന്നുണ്ട്. ബാല്യത്തിലുടനീളം, കുട്ടിയുടെ ജീവിതാനുഭവങ്ങള്‍ക്കനുസൃതമായി, തലച്ചോറില്‍ കോടാനുകോടി സിനാപ്സുകള്‍ രൂപംകൊള്ളുന്നുമുണ്ട്. തല്‍ഫലമായാണ് നടക്കാനും ഓടാനും എഴുതാനും വായിക്കാനുമൊക്കെയുള്ള കഴിവുകള്‍ കുട്ടിക്കു കിട്ടുന്നത്.
തുടര്‍ന്ന്, പെണ്‍കുട്ടികളില്‍ പതിനൊന്നും ആണ്‍കുട്ടികളില്‍ പന്ത്രണ്ടും വയസ്സിനു ശേഷം, അധികം ഉപയോഗിക്കപ്പെടാത്തതോ തക്ക ശക്തിയില്ലാത്തതോ വലിയ അത്യാവശ്യമില്ലാത്തതോ ഒക്കെയായ സിനാപ്സുകള്‍ വെട്ടിയൊതുക്കപ്പെടുന്നുമുണ്ട് (ചിത്രം 4). ആരോഗ്യമുള്ള പൂക്കളുണ്ടാവാന്‍ റോസ് പോലുള്ള ചെടികളില്‍ കമ്പുകോതല്‍ നടത്തുന്നപോലൊരു പ്രക്രിയയാണിത്. ഏകദേശം ഇരുപത്തിനാലാം വയസ്സുവരെ തുടരുന്ന ഈ വെട്ടിയൊതുക്കല്‍ (pruning) തലച്ചോറിനു നല്ല കരുത്തും കാര്യക്ഷമതയും കിട്ടാന്‍ അത്യന്താപേക്ഷിതവുമാണ്.
ഇതിനൊരു പ്രായോഗികപ്രസക്തിയുണ്ട്. ഏതൊക്കെക്കഴിവുകളുമായി ബന്ധപ്പെട്ട സിനാപ്സുകളാണ് വെട്ടിയൊതുക്കപ്പെടുന്നതും നിലനിര്‍ത്തപ്പെടുന്നതും എന്നത് കൌമാരത്തിലും മുമ്പും കുട്ടി എന്തൊക്കെ പ്രവൃത്തികളിലാണു നന്നായി മുഴുകുന്നത് എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. കളിമണ്ണു നനഞ്ഞിരിക്കുമ്പോള്‍ അതു കുഴച്ച് ശില്‍പമുണ്ടാക്കുക എളുപ്പമാണെന്നപോലെ, വെട്ടിയൊതുക്കല്‍ പൂര്‍ണമാവുന്നതിനു മുമ്പുള്ള പ്രായങ്ങളില്‍ കഴിവുകള്‍ കൂടുതലെളുപ്പത്തില്‍ ആര്‍ജിക്കാനാവുകയും അവ കൂടുതല്‍ കാലം നിലനിന്നുകിട്ടുകയും ചെയ്യും. വിദേശഭാഷകളോ സംഗീതോപകരണങ്ങളോ കായികവിദ്യകളോ മറ്റോ അഭ്യസിക്കണമെന്നുള്ളവര്‍ കൌമാരത്തിനുമുന്നേ അതിനു തുടക്കമിടുന്നത് വെട്ടിയൊതുക്കലിനു ശേഷം ആ കഴിവുകള്‍ ഓജസ്സോടും സുസ്ഥിരതയോടും ശേഷിക്കാന്‍ സഹായിക്കും. ബാല്യത്തിലേ കുട്ടികളുടെ കഴിവുകളും താല്‍പര്യങ്ങളും തിരിച്ചറിയുകയും തക്ക പ്രോത്സാഹനങ്ങളും പരിശീലനങ്ങളും ലഭ്യമാക്കുകയും വേണ്ടതുണ്ട് എന്ന പതിവുപദേശത്തിന്‍റെ ശാസ്ത്രീയ അടിത്തറ ഇതാണ്.
മസ്തിഷ്കത്തിലെ പക്വതാസ്വരം
വെട്ടിയൊതുക്കല്‍ ഏറ്റവുമധികം നടക്കുന്നത് തലച്ചോറിന്‍റെ മുന്‍വശത്തു സ്ഥിതിചെയ്യുന്ന ‘പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സ്’ (പി.എഫ്.സി.) എന്ന ഭാഗത്താണ് (ചിത്രം 5). കൌമാരത്തില്‍ ഏറ്റവും കുറവു വളര്‍ച്ചയെത്തിയിട്ടുള്ളതും ഇതര ഭാഗങ്ങളുമായി വേണ്ടത്ര ബന്ധങ്ങള്‍ സ്ഥാപിക്കപ്പെടാതിരിക്കുന്നതുമായൊരു മസ്തിഷ്കഭാഗമാണിത്. മനുഷ്യര്‍ക്കു മാത്രമുള്ള പല ഗുണങ്ങളും — ഏകാഗ്രത, ആത്മനിയന്ത്രണം, വൈകാരിക സംയമനം, പ്രശ്നപരിഹാരശേഷി, ആസൂത്രണപാടവം, ദീര്‍ഘവീക്ഷണം എന്നിങ്ങനെ — നമുക്കു തരുന്നത് പി.എഫ്.സി.യാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ചു പെരുമാറാനും ചുറ്റുപാടുകളെ അപഗ്രഥിച്ചു നല്ല ഉള്‍ക്കാഴ്ചകളിലും തീരുമാനങ്ങളിലുമെത്താനും ഭാവിയെപ്പറ്റി കൃത്യതയുള്ള പ്രവചനങ്ങള്‍ നടത്താനും ഒരു കാര്യമോര്‍ത്തുവെച്ച് പിന്നീട് അതുപയോഗപ്പെടുത്തി പ്രവര്‍ത്തിക്കാനുമുള്ള കഴിവുകളും പി.എഫ്.സി.യുടെ സംഭാവനയാണ്.
വേഗതയേറ്റും മാന്ത്രികക്കവചം
ആക്സോണുകളുടെ മയലിന്‍കവചത്തെ ചിത്രം 2-ല്‍ പരിചയപ്പെടുകയുണ്ടായി. നാഡീകോശങ്ങളുടെ പ്രവര്‍ത്തനവേഗത്തെ മയലിന്‍ മുവ്വായിരം മടങ്ങോളം വര്‍ദ്ധിപ്പിക്കുന്നുണ്ട്. വിവിധ മസ്തിഷ്കഭാഗങ്ങള്‍ക്ക് ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാനാവാന്‍ മയലിന്‍ നല്‍കുന്ന ഈ ഗതിവേഗം കൂടിയേതീരൂ താനും.
മയലിന്‍കവചനിര്‍മാണം കൌമാരത്തോടെ മാത്രം പൂര്‍ത്തിയാവുന്ന രണ്ടു പ്രധാന മസ്തിഷ്കഭാഗങ്ങളുണ്ട്. അതിലൊന്നു പി.എഫ്.സി.യാണ്. പി.എഫ്.സി.ക്ക് ആസകലം മയലിന്‍ ലഭ്യമാകുന്നത്, വെട്ടിയൊതുക്കലിനു പരിസമാപ്തിയായ ശേഷം, ഇരുപത്തഞ്ചാംവയസ്സോടെ മാത്രമാണ്. വെട്ടിയൊതുക്കലിനും മയലിന്‍ കവചനിര്‍മാണത്തിനും വിരാമമാവുന്നതോടെ മാത്രമാണ് പി.എഫ്.സി.ക്കു മുതിര്‍ച്ചയെത്തുന്നതും അതു തരുന്ന കഴിവുകള്‍ നമുക്കു മുഴുവനായിക്കിട്ടുന്നതും.
തലച്ചോറിന്‍റെ ഇടതും വലതും വശങ്ങളെ ബന്ധിപ്പിക്കുന്ന ‘കോര്‍പ്പസ് കലോസം’ (ചിത്രം 6) എന്ന ഭാഗത്തിനും കൌമാരത്തിലാണ് മയലിന്‍ ലഭിക്കുന്നത്. സങ്കീര്‍ണമായ പ്രശ്നങ്ങളെ തലച്ചോറിന്‍റെ ഇരുവശങ്ങളെയും നന്നായുപയോഗപ്പെടുത്തി വിശകലനം ചെയ്യാനും ക്രിയാത്മകമായി പരിഹരിക്കാനുമുള്ള ശേഷി നമുക്കു കൈവരുന്നത് ഇതിനുശേഷം മാത്രവുമാണ്.
ഇനി മേല്‍പ്പറഞ്ഞ വിവരങ്ങളുടെ ചില പ്രായോഗിക പ്രസക്തികള്‍ പരിശോധിക്കാം.
അമിതകോപവും അതിവൈകാരികതയും
വികാരങ്ങളുടെ ഉത്‌പാദനവും ആവിഷ്കരണങ്ങളും ‘ലിമ്പിക് സിസ്റ്റം’ എന്നൊരു കൂട്ടം മസ്തിഷ്കഭാഗങ്ങളുടെ, പ്രത്യേകിച്ചും ‘അമിഗ്ഡല’ എന്നൊരു ഭാഗത്തിന്‍റെ, ജോലിയാണ് (ചിത്രം 7). ഇവ പി.എഫ്.സി.യുടെ നിയന്ത്രണത്തിന്‍ കീഴിലുമാണ്. കൌമാരത്തില്‍ ലിമ്പിക് സിസ്റ്റത്തിനു പൂര്‍ണവളര്‍ച്ചയെത്തുന്നുണ്ടെങ്കിലും അതിനെ നിയന്ത്രിക്കേണ്ട പി.എഫ്.സി.യില്‍ വെട്ടിയൊതുക്കലും മയലിന്‍നിര്‍മാണവുമൊക്കെ പുരോഗമിക്കുന്നേയുണ്ടാവൂ എന്നതാണ് കൌമാരക്കാര്‍ പലപ്പോഴും പൊടുന്നനെ, ഏറെയളവില്‍ ദേഷ്യവും മറ്റു വികാരങ്ങളും പ്രകടമാക്കുന്നതിന്‍റെ മുഖ്യ കാരണം.
ഇതിനു പുറമെ, പ്യുബര്‍ട്ടിയോടെ രക്തത്തിലേക്കു കൂലംകുത്തിയെത്തുന്ന ലൈംഗികഹോര്‍മോണുകള്‍ വൈകാരികനിലയെ സ്വാധീനിക്കുന്നുമുണ്ട്. ആത്മനിയന്ത്രണം, വികാരങ്ങളുടെ ഉത്ഭവം, അവയുടെ പ്രകടനം എന്നിവയുമായി ബന്ധപ്പെട്ട ഡോപ്പമിന്‍, സിറോട്ടോണിന്‍ എന്നീ നാഡീരസങ്ങളുടെ അളവ് കൌമാരത്തില്‍ കുറയുന്നുവെന്നതും അതിവൈകാരികതക്കു കാരണമാവുന്നുണ്ട്.
കൌമാരക്കാര്‍ ശ്രദ്ധിക്കാന്‍
- ഈയൊരു പ്രകൃതം താല്‍ക്കാലികം മാത്രമായിരിക്കും.
- വികാരാധിക്യം എപ്പോഴുമൊരു മോശം കാര്യമല്ലെന്നും നടപടി വേണ്ടൊരു പ്രശ്നം കണ്മുമ്പിലുണ്ടെന്ന് മനസ്സു നമുക്ക് സൂചന തരുന്നതാവാമതെന്നും ഓര്‍ക്കുക. അതേസമയം, തീരുമാനങ്ങളെ വികാരങ്ങളുടെ മേല്‍ മാത്രം അവലംബിതമാക്കാതിരിക്കുക.
മാതാപിതാക്കള്‍ ശ്രദ്ധിക്കാന്‍
- വികാരവിക്ഷോഭങ്ങള്‍ കൌമാരക്കാര്‍ മന:പൂര്‍വ്വം കാണിക്കുന്നതല്ലെന്നും എത്ര പാടുപെട്ടാലും അവര്‍ക്കവയെ പൂര്‍ണമായി നിയന്ത്രിക്കാനായേക്കില്ലെന്നും ഓര്‍ക്കുക.
- വിഷമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അവര്‍ക്കെപ്പോള്‍ വേണമെങ്കിലും നിങ്ങളെ സമീപിക്കാവുന്നൊരു സാഹചര്യമുണ്ടാക്കുക.
- സമൂഹനന്മക്കായുള്ള സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുക. അവ നൈരാശ്യമകലാനും സ്വയംമതിപ്പു കൂടാനും സഹായിക്കും.
- നിരാശയോ മുന്‍കോപമോ ആഴ്ചകള്‍ നീളുകയും, ഒപ്പം വിശപ്പില്ലായ്കയും തളര്‍ച്ചയും എല്ലാറ്റിനോടുമൊരു വിരക്തിയും താന്‍ ഒന്നിനും കൊള്ളാത്തയാളാണ്, ജീവിച്ചിരുന്നിട്ടും വലിയ കാര്യമൊന്നുമില്ല എന്നൊക്കെയുള്ള ചിന്താഗതികളും പ്രകടമാവുകയും ചെയ്യുന്നെങ്കില്‍ പ്രശ്നം കൌമാരസഹജമായ അതിവൈകാരികതയില്‍നിന്നു വിട്ട് വിഷാദരോഗത്തിലേക്കു വളര്‍ന്നിട്ടുണ്ടാവാമെന്നു സംശയിക്കുക. വിദഗ്ദ്ധ സഹായം തേടുക. (തിരുവനന്തപുരത്തെ പതിമൂന്നിനും പത്തൊമ്പതിനും ഇടക്കു പ്രായമുള്ള സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളിലും പഠനം നിര്‍ത്തിയവരിലും നടത്തിയ, 2004-ല്‍ ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് പീഡിയാട്രിക്സില്‍ പ്രസിദ്ധീകരിക്കപ്പെട്ട പഠനം സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ മൂന്നും പഠനം നിര്‍ത്തിയവരില്‍ പതിനൊന്നും ശതമാനത്തിനു വിഷാദം കണ്ടെത്തുകയുണ്ടായി.)
എടുത്തുചാട്ടവും അപായവാഞ്ഛയും
അപകടകരമാംവണ്ണം പെരുമാറാനുള്ള പ്രവണത കൌമാരത്തില്‍ കൂടുതലായി കാണപ്പെടാറുണ്ട്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത് പുതുതായി എയ്ഡ്സ് പിടിപെടുന്നവരില്‍ നല്ലൊരു പങ്കും കൌമാരക്കാരാണെന്നും കൌമാരക്കാരായ ഡ്രൈവര്‍മാര്‍ അപകടം വരുത്താനുള്ള സാദ്ധ്യത നാലു മടങ്ങോളം കൂടുതലാണെന്നും ആണ്. സാഹസികകൃത്യങ്ങള്‍ക്കിടയിലോ ദുര്‍ഘട സാഹചര്യങ്ങളില്‍ സെല്‍ഫിക്കു ശ്രമിച്ചോ മരണം വരിക്കുന്ന കൌമാരക്കാരെക്കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മുടെ പത്രങ്ങളിലും സുലഭമാണ്. ഇതിന്‍റെയൊക്കെയൊരു മൂലകാരണം പി.എഫ്.സി.ക്കും അതിനു ലിമ്പിക് സിസ്റ്റവുമായും മറ്റുമുള്ള ബന്ധങ്ങള്‍ക്കും അവരില്‍ പാകതയെത്താത്തതാണ്.
അപകടകരമായ സാഹചര്യങ്ങളില്‍നിന്നു പോറലുപോലുമേല്‍ക്കാതെ രക്ഷപ്പെടുകയെന്നത് ഏറെ ആനന്ദവും രോമാഞ്ചവും ഉദ്ദീപനവും ആശ്വാസവും തരുന്ന കാര്യമാണ്. ഇപ്പറഞ്ഞ വികാരങ്ങള്‍ നമുക്ക് അനുഭവവേദ്യമാക്കുന്നത് ഡോപ്പമിന്‍ എന്ന നാഡീരസവുമാണ്. ഡോപ്പമിന്‍ വ്യവസ്ഥ കൂടുതല്‍ സക്രിയമായതിനാലും മറ്റും, അപകടംനിറഞ്ഞ പ്രവൃത്തികള്‍ കൌമാരക്കാര്‍ക്ക് കൂടുതല്‍ ആനന്ദദായകമാവുന്നുണ്ട്.
നമുക്ക് ഉത്തേജനവും ശാന്തതയും തരുന്നത് യഥാക്രമം ഗ്ലൂട്ടമേറ്റ്, ഗാബ എന്നീ നാഡീരസങ്ങളെച്ചുരത്തുന്ന രണ്ടു നാഡീവ്യവസ്ഥകളാണ്. ഗ്ലൂട്ടമേറ്റ് വ്യവസ്ഥ നാം ജനിക്കുമ്പോഴേ പൂര്‍ണവികാസം പ്രാപിച്ചിട്ടുണ്ടാവുമെങ്കിലും ഗാബ വ്യവസ്ഥക്കു വളര്‍ച്ച മുഴുവനാകുന്നതു കൌമാരാന്ത്യത്തോടെ മാത്രമാണെന്നതും കൌമാരത്തിലെ എടുത്തുചാട്ടത്തിനും അപായവാഞ്ഛക്കും ഒരു കാരണമാണ്.
എന്നാല്‍, ആകര്‍ഷകമായ യാതൊന്നും പകരം കിട്ടാനില്ലാത്ത സാഹചര്യങ്ങളിലും മുതിര്‍ന്നവരുടെ സാന്നിദ്ധ്യമുള്ളപ്പോഴും കൌമാരക്കാര്‍ക്ക് ആത്മനിയന്ത്രണം പാലിക്കാനാവാറുണ്ട്. കൂട്ടുകാരുടെ സാമീപ്യമുള്ളപ്പോഴാണ് അവര്‍ അപായവാഞ്ഛയും എടുത്തുചാട്ടവും കൂടുതലായിക്കാണിക്കുന്നത്. ഏറെ വൈകാരികമോ ശാരീരികോത്തേജനമുള്ളതോ ആയ സന്ദര്‍ഭങ്ങളില്‍ (ഉദാഹരണത്തിന്, പിടിക്കപ്പെട്ടേക്കുമോ, കൂട്ടത്തില്‍നിന്നു പുറന്തള്ളപ്പെട്ടേക്കുമോ എന്നൊക്കെയുള്ള ഭീതികള്‍ നിലനില്‍ക്കുമ്പോള്‍) അവര്‍ വീണ്ടുവിചാരമേശാത്ത തെറ്റായ തീരുമാനങ്ങളെടുക്കാന്‍ സാദ്ധ്യത കൂടുന്നുമുണ്ട്.
കൌമാരക്കാര്‍ ശ്രദ്ധിക്കാന്‍
- വെട്ടിയൊതുക്കല്‍ പൂര്‍ത്തിയാവുംമുമ്പ് അനാരോഗ്യകരമായ പ്രവൃത്തികളില്‍ നിരന്തരം മുഴുകുന്നത് അവ തലച്ചോറില്‍ പതിഞ്ഞുപോവാനും ശീലമായിത്തീരാനും ഇടയാക്കാം.
- വലിയ അപായസാദ്ധ്യതയില്ലാതെതന്നെ നല്ല ത്രില്ലു തരുന്ന കായികയിനങ്ങളിലും യന്ത്രയൂഞ്ഞാല്‍ പോലുള്ള റൈഡുകളിലും ഏര്‍പ്പെടുക.
- കൂട്ടുകാരുടെ നിര്‍ബന്ധങ്ങള്‍ക്കു വശംവദരാവാതെ, പറ്റുന്നത്ര ആഴത്തിലാലോചിച്ചും വിശ്വാസമുള്ള മുതിര്‍ന്നവരോടു ചര്‍ച്ചചെയ്തും മാത്രം പ്രധാന തീരുമാനങ്ങള്‍ എടുക്കുക.
- ഇത്തരം പ്രവണതകള്‍ പ്രായസഹജമാണെന്നതിനെ എന്തുമേതും ചെയ്യാനുള്ള എക്സ്ക്യൂസായി ദുരുപയോഗപ്പെടുത്താതിരിക്കുക. തീരുമാനങ്ങളെയും പെരുമാറ്റങ്ങളെയും വിശകലനം ചെയ്യാനും പിഴവുകള്‍ തിരിച്ചറിഞ്ഞു സ്വയം തിരുത്താനും ഇത്തിരിയൊന്നു ശ്രമിച്ചാല്‍ കൌമാരക്കാര്‍ക്കും പറ്റും.
മാതാപിതാക്കള്‍ ശ്രദ്ധിക്കാന്‍
- അവര്‍ക്കു പറയാനുള്ളതിനു കാതുകൊടുക്കുക. ആവശ്യാനുസരണം ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കുക.
- താല്‍ക്കാലിക സന്തോഷത്തിനായി ദൂരവ്യാപകമായ കുഴപ്പങ്ങള്‍ വിളിച്ചുവരുത്തുന്നതിലെ ബുദ്ധിയില്ലായ്മയെപ്പറ്റി ബോധവല്‍ക്കരിക്കുക. എന്നാല്‍, വിവിധ പ്രവൃത്തികളുടെ അപകടങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കിയതുകൊണ്ടു മാത്രം അവരവയില്‍ നിന്നു പിന്തിരിയണമെന്നില്ല. ഇന്നതേ ചെയ്യാവൂ, ഇന്നതു ചെയ്തുകൂടാ എന്നൊക്കെയുള്ള കര്‍ശന നിബന്ധനകള്‍ വെക്കുകയും നടപ്പാക്കുകയും കൂടിച്ചെയ്യുക (“ദിവസം ഒരു മണിക്കൂറേ നെറ്റുപയോഗിക്കാവൂ”, “ഏഴുമണിക്കുള്ളില്‍ വീട്ടില്‍ തിരിച്ചെത്തിയിരിക്കണം”). ഓരോ തീരുമാനവും എന്തുകൊണ്ടെടുക്കുന്നെന്നു വിശദീകരിച്ചുകൊടുക്കുന്നത് സമാന സാഹചര്യങ്ങളില്‍ അതേ തത്വമുപയോഗപ്പെടുത്തി ഉചിതമായ തീരുമാനത്തിലെത്താന്‍ അവര്‍ക്കു പ്രാപ്തി കൊടുക്കും.
- ഒട്ടൊക്കെ സുരക്ഷിതമായ റിസ്കുകള്‍ എടുക്കാനും അവയില്‍നിന്നു പാഠമുള്‍ക്കൊള്ളാനും അവസരം നല്‍കുക — ആത്മനിയന്ത്രണം ശീലിക്കാനും തന്നെയും ചുറ്റുമുള്ളവരെയും ലോകത്തെയും പറ്റി ഉള്‍ക്കാഴ്ചകള്‍ നേടാനും അതവരെ സഹായിക്കും. അമിതമായും അസ്ഥാനത്തും നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നത് വിപരീതഫലമേ സൃഷ്ടിക്കൂ. കൂട്ടുകാരോടൊത്തു കറങ്ങാനോ ഇത്തിരി അപകടസാദ്ധ്യതയുള്ള കളികളിലേര്‍പ്പെടാനോ തീരെയനുവദിക്കാതെ അച്ഛനമ്മമാര്‍ കെട്ടിപ്പൂട്ടിവളര്‍ത്തുന്ന കൌമാരക്കാര്‍ ഒരവസരം വീണുകിട്ടുമ്പോള്‍ അതിലും പതിന്മടങ്ങ് അപായസാദ്ധ്യതയുള്ള കൃത്യങ്ങള്‍ക്കു തുനിഞ്ഞേക്കാം.
- അവരുടെ സുഹൃത്തുക്കളുമായി നല്ല ബന്ധം വളര്‍ത്തിയെടുക്കുക.
- ലൈസന്‍സില്ലാതെ വണ്ടിയോടിച്ച് അപകടമുണ്ടാക്കുക പോലുള്ള കുറ്റങ്ങള്‍ക്ക് മാതാപിതാക്കള്‍ക്കും നിയമപരമായ ഉത്തരവാദിത്തമുണ്ട് എന്നോര്‍ക്കുക
ലഹരിയുപയോഗം
എടുത്തുചാട്ടവും കൂട്ടുകാരുടെ നിര്‍ബന്ധിക്കലുകള്‍ക്ക് എളുപ്പം വഴങ്ങുന്ന പ്രകൃതവും പുതുമയോടും അപകടങ്ങളോടുമുള്ള പ്രതിപത്തിയും താന്‍ മുതിര്‍ന്നുവെന്ന പ്രതീതിയുണ്ടാക്കാനുള്ള ത്വരയുമെല്ലാം മൂലം കൌമാരക്കാര്‍ ലഹരിവസ്തുക്കളിലേക്ക് പെട്ടെന്നാകര്‍ഷിതരാകുന്നുണ്ട്. വെട്ടിയൊതുക്കലും മയലിന്‍കവചനിര്‍മാണവും പൂര്‍ണമായിട്ടില്ലാത്തൊരു പ്രായത്തിലെ ലഹരിയുപയോഗം ഇളംതലച്ചോറില്‍ മുളപൊട്ടിക്കൊണ്ടിരിക്കുന്ന സിനാപ്സുകളെയും റിസെപ്റ്ററുകളെയും ദുസ്സ്വാധീനിച്ച് ആ ലഹരിപദാര്‍ത്ഥത്തോട് ആജീവനാന്ത ആസക്തിക്കും അഭിനിവേശത്തിനും കളമൊരുക്കാം.
മദ്യത്തിന്‍റെയും കഞ്ചാവിന്‍റെയും കാര്യം അല്‍പം വിശദമായി പരിശോധിക്കാം.
മദ്യം
തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ കഴിഞ്ഞ പത്തുവര്‍ഷം ആല്‍ക്കഹോളിസത്തിനു ചികിത്സ തേടിയവരുടെ രേഖകള്‍ പരിശോധിച്ചു നടത്തിയ, ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് സൈക്കോളജിക്കല്‍ മെഡിസിന്‍റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകൃതമായൊരു പഠനത്തിന്‍റെ കണ്ടെത്തല്‍, തൊള്ളായിരത്തി അമ്പതിനു മുമ്പു ജനിച്ചവര്‍ ആദ്യമായി മദ്യംതൊട്ട ശരാശരി പ്രായം ഇരുപത്തിനാല് ആയിരുന്നെങ്കില്‍ തൊള്ളായിരത്തി എണ്‍പത്തഞ്ചിനു ശേഷം ജനിച്ചവരില്‍ ഇത് പതിനേഴായിക്കുറഞ്ഞുവെന്നാണ്. മലയാളികള്‍ മദ്യപാനത്തിന്‍റെ ഹരിശ്രീ കൌമാരത്തില്‍ത്തന്നെ കുറിക്കാന്‍ തുടങ്ങിയിരിക്കുന്നെന്നതിന്‍റെ ശക്തമായൊരു തെളിവാണിത്. ഇതിന്‍റെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഗൌരവതരവുമായിരിക്കും.
ഉദാഹരണത്തിന്, മദ്യപിക്കുന്ന മുതിര്‍ന്നവര്‍ പലപ്പോഴും അളവ് അമിതമാവുന്നെന്നു തിരിച്ചറിയുന്നത് സംസാരം കുഴയാനോ നടക്കുമ്പോള്‍ വേച്ചുപോവാനോ തുടങ്ങുമ്പോഴാണ്. ഇത്തരം മാറ്റങ്ങള്‍ ഉളവാകുന്നത് മദ്യം ഗാബ എന്ന നാഡീരസത്തിന്‍റെ റിസെപ്റ്ററുകളില്‍ പ്രവര്‍ത്തിക്കുമ്പോഴുമാണ്. എന്നാല്‍ കൌമാരക്കാരുടെ തലച്ചോറില്‍ ഗാബാ റിസെപ്റ്ററുകളുടെയെണ്ണം കുറവാണെന്നത് അവര്‍ കൂടുതലളവില്‍ മദ്യപിച്ചു പോവാനും കൂടുതല്‍ ദൂഷ്യഫലങ്ങള്‍ നേരിടാനും വഴിയൊരുക്കുന്നുണ്ട്.
ഓര്‍മകളെ സൃഷ്ടിച്ചെടുക്കാന്‍ സഹായിക്കുന്ന ഹിപ്പോകാംപസ് എന്ന മസ്തിഷ്കഭാഗം (ചിത്രം 7) ആവര്‍ത്തിച്ചുള്ള മദ്യപാനത്തില്‍ ചുരുങ്ങിപ്പോവുന്നുണ്ട്. പുതിയൊരു കാര്യം പഠിക്കുമ്പോള്‍ പുതിയ സിനാപ്സുകള്‍ രൂപംകൊള്ളുന്നതിനു മദ്യം തടസ്സമാകുന്നുമുണ്ട്. കുറച്ചൊരു ബോറിങ്ങായ പാഠഭാഗങ്ങളും മറ്റും ശ്രദ്ധിച്ചു വായിക്കാനുള്ള കഴിവ് മദ്യപിക്കുന്ന കൌമാരക്കാരില്‍ പത്തു ശതമാനത്തോളമാണു കുറഞ്ഞുപോവുന്നത്.
തലച്ചോറിന്‍റെ ഇരുവശത്തെയും ബന്ധിപ്പിക്കുന്ന കോര്‍പ്പസ് കലോസത്തെ മദ്യം ദുര്‍ബലപ്പെടുത്താം. അത്, തീരുമാനങ്ങളെടുക്കുമ്പോള്‍ പല സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങളെ ഉപയോഗപ്പെടുത്തുന്നതിനും പുതുതായി വല്ലതും പഠിച്ചെടുക്കുമ്പോള്‍ പലതരം വിദ്യകള്‍ ഉപയുക്തമാക്കുന്നതിനും വിഘാതഹേതുവാകാം. മദ്യപിക്കുന്ന കൌമാരക്കാരില്‍ വെട്ടിയൊതുക്കല്‍ പതിവിലും നേരത്തേ, വേണ്ടത്ര ഫലപ്രദമല്ലാത്ത രീതിയില്‍ സംഭവിച്ചുപോവുന്നുണ്ട്. പതിമൂന്നാംവയസ്സിനു മുന്നേ മദ്യമെടുക്കുന്നവരില്‍ നാല്‍പ്പതു ശതമാനത്തിലേറെ പേര്‍ക്ക് മുതിര്‍ന്നുകഴിഞ്ഞ് ആല്‍ക്കഹോളിസം പിടിപെടുന്നുമുണ്ട്.
കഞ്ചാവ്
കഞ്ചാവിനോടു സാമ്യമുള്ള എന്‍ഡോകന്നാബിനോയ്‌ഡുകള്‍ എന്ന തന്മാത്രകളെ തലച്ചോര്‍ സ്വയം ഉത്പാദിപ്പിക്കുന്നുണ്ട്. അവക്കു കൌമാരത്തിലെ സിനാപ്സ് രൂപീകരണങ്ങളിലും വെട്ടിയൊതുക്കലുകളിലും നല്ലൊരു പങ്കുണ്ടു താനും. അതിനാല്‍ത്തന്നെ, ഈ പ്രക്രിയകള്‍ പുരോഗമിക്കുന്നൊരു തലച്ചോറില്‍ കഞ്ചാവു പുരളുന്നത് ഓര്‍മയും ശ്രദ്ധയും ബുദ്ധിയും പിന്നാക്കമാവാനും മനോരോഗങ്ങള്‍ ആവിര്‍ഭവിക്കാനും തലച്ചോറിന്‍റെ വലിപ്പം അല്പം കുറഞ്ഞുപോവാനുമൊക്കെ കാരണമാവാം.
കൌമാരക്കാര്‍ ശ്രദ്ധിക്കാന്‍
- ലഹരിയുപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നവരോട് മനസ്ഥൈര്യത്തോടെ “നോ” പറഞ്ഞു ശീലിക്കുക. അതേപ്പറ്റി വാദപ്രതിവാദങ്ങള്‍ക്ക് ഇടംകൊടുക്കാതിരിക്കുക.
- “മദ്യം ലൈംഗികപാടവം മെച്ചപ്പെടുത്തും”, “കഞ്ചാവു ബുദ്ധിശക്തി പുഷ്ടിപ്പെടുത്തും”, “പുകവലി ഉറക്കത്തെച്ചെറുത്ത് പഠനശേഷി അഭിവൃദ്ധിപ്പെടുത്തും” എന്നൊക്കെയുള്ള വാദങ്ങള്‍ അടിസ്ഥാനരഹിതമാണ്.
മാതാപിതാക്കള്‍ ശ്രദ്ധിക്കാന്‍
- ലഹരിയുടെ ദൂഷ്യവശങ്ങളെപ്പറ്റി പലയാവര്‍ത്തി ചര്‍ച്ച നടത്തുക — മാതാപിതാക്കള്‍ക്കു തങ്ങളിലുള്ള വിശ്വാസബഹുമാനങ്ങള്‍ നഷ്ടമാവുമോയെന്ന ഭീതിയാണ് ലഹരിയുപയോഗത്തിലേക്കു കടക്കാതിരിക്കാന്‍ കൌമാരക്കാര്‍ക്കുള്ള ഏറ്റവും ശക്തമായ പിന്‍വിളി എന്നു ഗവേഷകര്‍ പറയുന്നുണ്ട്.
- കുട്ടികളുടെ കണ്‍മുന്നില്‍ ലഹരിയുപയോഗിച്ച് മോശം മാതൃക സൃഷ്ടിക്കാതിരിക്കുക. വീട്ടില്‍ ലഹരിപദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കാതിരിക്കുക. വിശേഷാവസരങ്ങളില്‍പ്പോലും കുട്ടികളെ ലഹരി ശീലിപ്പിക്കാതിരിക്കുക.
- ലഹരിയുപയോഗിക്കുന്നവര്‍ക്കു വിദഗ്ദ്ധസഹായം ലഭ്യമാക്കുക.
മാനസികസമ്മര്‍ദ്ദം
പഠനത്തിന്‍റെ അമിതഭാരവും ചിന്താരീതിയിലെ വൈകല്യങ്ങളും ബന്ധങ്ങളിലെ സര്‍വസാധാരണമായ താളപ്പിഴകളുമൊക്കെ കൌമാരക്കാരില്‍ ഏറെ മാനസികസമ്മര്‍ദ്ദത്തിനു കാരണമാവുന്നുണ്ട്. ശാരീരികവും മസ്തിഷ്കപരവുമായ സവിശേഷതകള്‍ സമ്മര്‍ദ്ദസാഹചര്യങ്ങളുടെയും മാനസികസമ്മര്‍ദ്ദത്തിന്‍റെയും പ്രത്യാഘാതങ്ങളെ കൌമാരത്തില്‍ പെരുപ്പിക്കുന്നുമുണ്ട്.
പ്രതിസന്ധിഘട്ടങ്ങളില്‍ അമിഗ്ഡല പിറ്റ്യൂട്ടറിയെയും അത് അഡ്രീനല്‍ ഗ്രന്ഥിയെയും ഉദ്ദീപിപ്പിക്കുകയും, അഡ്രീനല്‍ സ്രവിപ്പിക്കുന്ന അഡ്രിനാലിന്‍ നമ്മുടെ ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും കൈകാലുകളിലേക്കുള്ള രക്തയോട്ടവും മറ്റും വര്‍ദ്ധിപ്പിച്ചും വേദനയെ മയപ്പെടുത്തിയുമൊക്കെ ആ പ്രതിസന്ധിയെ മറികടക്കാനുള്ള കഴിവു നമുക്കു തരികയും ചെയ്യുന്നുണ്ട്. അമിഗ്ഡലക്കു മേല്‍ പി.എഫ്.സി.യുടെ കടിഞ്ഞാണ്‍ ദുര്‍ബലമാണെന്നതിനാല്‍ ഈ പ്രക്രിയ കൌമാരത്തില്‍ അനിയന്ത്രിതമാവുകയും ഹാനികരമായി ഭവിക്കുകയും ചെയ്യാം. വികാരങ്ങളുടെ ഉറവിടമായ അമിഗ്ഡലക്കു “നാഥനില്ലാ”തിരിക്കുന്നത് ഭയവും പരിഭ്രാന്തിയും കോപവും വെറുപ്പുമൊക്കെ കൌമാരത്തില്‍ കൂടുതലായുളവാകാന്‍ നിമിത്തമാവുന്നുമുണ്ട്.
അഡ്രിനാലിന്‍റെ നേരിയ സാന്നിദ്ധ്യം ഹൃദയത്തിന്‍റെ പമ്പിങ്ങും അതുവഴി തലച്ചോറിലേക്കുള്ള രക്തയോട്ടവും കൂട്ടുമെന്നതിനാല്‍ ചെറിയൊരളവു മാനസികസമ്മര്‍ദ്ദം പഠനത്തിനു സഹായകമാണ്. എന്നാല്‍ അമിതമായ മാനസികസമ്മര്‍ദ്ദം ഏകാഗ്രതയെ നശിപ്പിക്കുകയും പഠനശേഷിയെ ദുര്‍ബലമാക്കുകയുമൊക്കെയാണു ചെയ്യുക. മദ്യത്തെപ്പോലെ മാനസികസമ്മര്‍ദ്ദവും ഹിപ്പോകാംപസ് ചുരുങ്ങാനിടയാക്കുകയും പുത്തനറിവുകളെ തലച്ചോറിലുറപ്പിക്കുന്ന പുതുസിനാപ്സുകളുടെ രൂപീകരണത്തിനു തടസ്സമാവുകയും ചെയ്യുന്നുണ്ട്. മാനസികസമ്മര്‍ദ്ദമുള്ളപ്പോള്‍ തലവേദനയും ദഹനക്കേടും പോലുള്ള ശാരീരിക വൈഷമ്യങ്ങള്‍ ബാധിക്കാനുള്ള സാദ്ധ്യത കൌമാരക്കാര്‍ക്കു കൂടുതലുമാണ്.
പ്രതിരോധ മാര്‍ഗങ്ങള്‍
- ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.
- ശാരീരിക വ്യായാമം ശീലമാക്കുക.
- റിലാക്സേഷന്‍ വിദ്യകള്‍ ഉപയോഗപ്പെടുത്തുക.
- ജീവിതത്തില്‍ അടുക്കും ചിട്ടയും പാലിക്കുക.
- ചിന്താഗതികളിലെ പിഴവുകള്‍ തിരിച്ചറിഞ്ഞു പരിഹരിക്കുക.
- പ്രശ്നങ്ങള്‍ മറ്റുള്ളവരുമായി തുറന്നു ചര്‍ച്ച ചെയ്യുക.
ഉറക്കം
സമയത്ത് ഉറങ്ങാത്തതിനെയും എഴുന്നേല്‍ക്കാത്തതിനെയും ചൊല്ലിയുള്ള വഴക്കുകള്‍ കൌമാരക്കാരും അച്ഛനമ്മമാരും തമ്മില്‍ സാധാരണമാണ്. എന്നാല്‍ പലരും ബോധവാന്മാരല്ലാത്തൊരു കാര്യമാണ്, മസ്തിഷ്കവളര്‍ച്ചയുമായി ബന്ധപ്പെട്ട വെട്ടിയൊതുക്കലടക്കമുള്ള പ്രക്രിയകള്‍ മിക്കതും നടക്കുന്നത് ഉറക്കത്തിലാണെന്നതും അതിനാല്‍ നമുക്കു കിട്ടിയിരിക്കേണ്ട ഉറക്കത്തിന്‍റെയളവ് കൌമാരത്തില്‍ കൂടുന്നുണ്ടെന്നതും. ഒമ്പതോ പത്തോ വയസ്സുകാര്‍ക്കും യൌവനത്തിലുള്ളവര്‍ക്കും എട്ടു മണിക്കൂര്‍ ഉറങ്ങിയാല്‍ മതിയെങ്കില്‍ പതിനഞ്ചു മുതല്‍ ഇരുപത്തിരണ്ടു വരെ വയസ്സുകാര്‍ക്കിത് ഒമ്പതേകാല്‍ മണിക്കൂറാണ്.
കൌമാരക്കാര്‍ ഉറങ്ങാനുമുണരാനും വൈകുന്നതിനും വിശദീകരണമുണ്ട്. നമുക്ക് ഉറക്കം വരുത്തുന്നതും അതിന് ആഴംതരുന്നതും തലച്ചോറിലെ പിനിയല്‍ഗ്രന്ഥി സ്രവിപ്പിക്കുന്ന മെലാറ്റോണിന്‍ എന്ന ഹോര്‍മോണാണ്. കൌമാരക്കാരില്‍ മെലാറ്റോണിന്‍റെയളവ് രക്തത്തില്‍ വേണ്ടത്രയാവുന്നത് രാത്രി പതിനൊന്നുമണിയോടെ മാത്രമാണെന്നതിനാലാണ് അവര്‍ക്ക് ഉറക്കം കിട്ടാന്‍ വൈകുന്നത്. അതിരാവിലെയുണരുക അവര്‍ക്കു ക്ലേശകരമാവുന്നത് മെലാറ്റോണിന്‍ രാവിലെ എട്ടുമണിവരെ നിലനില്‍ക്കുന്നതിനാലുമാണ്. മറുവശത്ത്, രാവിലെ ഏഴിനുണരുന്ന ഒരു മുതിര്‍ന്നയാളില്‍ മെലാറ്റോണിന്‍ അന്നു രാത്രി ഒമ്പതോടെത്തന്നെ വീണ്ടും സമൃദ്ധമാവുകയും അടുത്ത സൂര്യോദയത്തോടെ തിരിച്ചു കുറയുകയും ചെയ്യുന്നുണ്ട്.
വൈകിമാത്രമുറങ്ങുന്ന കൌമാരക്കാര്‍ പുലര്‍ച്ചകളില്‍ സദാ ഉന്തിത്തള്ളി വിളിച്ചുണര്‍ത്തപ്പെടുന്നത് അവര്‍ക്കു മതിയായ ഉറക്കം കിട്ടാതെപോവാന്‍ ഇടയൊരുക്കുകയും പല ദുഷ്പ്രത്യാഘാതങ്ങളും സംജാതമാക്കുകയും ചെയ്യാം. ശാരീരികവും ലൈംഗികവുമായ വളര്‍ച്ചയെത്തുണക്കുന്ന പല ഹോര്‍മോണുകളും സ്രവിക്കപ്പെടുന്നത് ഉറക്കത്തിലാണ് എന്നതിനാല്‍ ഉറക്കം കുറയുന്നതിനനുസരിച്ച് അവയുടെ ലഭ്യതയും കുറയാം. നന്നായി വിശപ്പുണ്ടാവാനും മാനസികസമ്മര്‍ദ്ദത്തെ പടിക്കുപുറത്തു നിര്‍ത്താനും നല്ല ഉറക്കം കിട്ടിയേ പറ്റൂ. മുഖക്കുരു പോലുള്ള ചര്‍മ്മപ്രശ്നങ്ങള്‍ വഷളാവാനും ബി.പി. അമിതമാവാനും കളികള്‍ക്കും മറ്റുമിടയില്‍ കൂടുതല്‍ പരിക്കേല്‍ക്കാനും അക്ഷമയും എടുത്തുചാട്ടവും അക്രമാസക്തതയും കൂടാനും ഓര്‍മശക്തിയും പ്രശ്നപരിഹാരശേഷിയും സര്‍ഗാത്മകതയും കുറയാനുമെല്ലാം ഉറക്കത്തിന്‍റെ അപര്യാപ്തത വഴിയൊരുക്കാം. പകല്‍ പരിശീലിക്കുന്ന പാഠങ്ങളിലും പാടവങ്ങളിലും നിന്ന് അപ്രസക്തമായവയെ ചേറിക്കളഞ്ഞ് പ്രാധാന്യമുള്ളവയെ തലച്ചോറില്‍ ചേര്‍ത്തൊട്ടിക്കുന്ന സിനാപ്സ് രൂപീകരണങ്ങളും പ്രോട്ടീന്‍ നിര്‍മാണങ്ങളുമൊക്കെ നടക്കുന്നത് ഉറക്കത്തിലാണെന്നതും പ്രസക്തമാണ്.
ചില പൊടിക്കൈകള്‍
- പുകവലിക്കാതിരിക്കുക. ഉച്ച തിരിഞ്ഞ് ചായയും കാപ്പിയും കഫീനുള്ള സോഫ്റ്റ്‌ഡ്രിങ്കുകളും ഒഴിവാക്കുക. മദ്യം ഉറക്കത്തെ സഹായിക്കുകയല്ല, താറുമാറാക്കുകയാണു ചെയ്യുക എന്നോര്‍ക്കുക.
- പ്രഭാതങ്ങളിലും പകല്‍നേരത്തും നന്നായി വെളിച്ചമേല്‍ക്കാനും, രാത്രി സ്ക്രീനുകളിലും മറ്റും നിന്ന് വെളിച്ചം കണ്ണിലടിക്കുന്നതു പരിമിതപ്പെടുത്താനും ശ്രദ്ധിക്കുക. കിടപ്പുമുറിയില്‍ കമ്പ്യൂട്ടറോ ടീവിയോ സ്ഥാപിക്കാതിരിക്കുക.
- രാത്രി ഉറക്കം വരാന്‍ വൈകുന്നെങ്കില്‍ രാവിലെ വൈകിയുണരുകയെന്ന പ്രതിവിധി കൈക്കൊള്ളാതിരിക്കുക. അവധിദിവസങ്ങളില്‍ ഉച്ച വരെ കിടന്നുറങ്ങുന്നത് ശരീരത്തിലെ ഘടികാരത്തെ കണ്‍ഫ്യൂഷനിലാക്കും.
- വെളിച്ചം ഉറക്കമുണരുന്ന ജോലി സുഗമമാക്കുമെന്നതിനാല്‍, രാവിലെ ജനലുകള്‍ തുറക്കാനും കര്‍ട്ടനുകള്‍ മാറ്റാനും ലൈറ്റുകള്‍ ഓണാക്കാനും ആരെയെങ്കിലും ചട്ടംകെട്ടുക.
മാനസികപ്രശ്നങ്ങള്‍
കൌമാരക്കാരില്‍ അഞ്ചിലൊന്നോളം പേരെ സാരമായ മാനസികപ്രശ്നങ്ങളേതെങ്കിലും ബാധിക്കാം, മുതിര്‍ന്നവരില്‍ക്കാണുന്ന മാനസികപ്രശ്നങ്ങളില്‍ പകുതിയോളം ആരംഭമറിയിക്കുന്നത് കൌമാരത്തിലാണ്, മാനസികപ്രശ്നങ്ങള്‍ ആദ്യമായി സാന്നിദ്ധ്യമറിയിക്കാന്‍ ഏറ്റവും സാദ്ധ്യതയുള്ള പ്രായം പതിനാലു വയസ്സാണ്, മിക്ക മാനസികപ്രശ്നങ്ങളുടെയും ആവിര്‍ഭാവത്തിനു പിന്നില്‍ കൌമാരത്തിലെ മസ്തിഷ്ക പരിഷ്കരണങ്ങളില്‍ വരുന്ന പാകപ്പിഴകള്‍ക്കു പങ്കുണ്ട് എന്നൊക്കെ പഠനങ്ങള്‍ പറയുന്നു. വിഷാദവും സ്കിസോഫ്രീനിയയും പോലുള്ള പ്രശ്നങ്ങള്‍ പി.എഫ്.സി.യിലെ കുഴപ്പങ്ങള്‍ മൂലം ഉളവാകാം എന്നതിനാല്‍ത്തന്നെ, പി.എഫ്.സി.ക്കു സാമാന്യം വളര്‍ച്ചയായാലേ അവക്കു പലപ്പോഴും ചുവടുറപ്പിക്കാനാവുള്ളൂ എന്നതും പ്രസക്തമാണ്.
സമൂഹത്തിലെ ഒരു ശതമാനത്തോളം പേരെ ബാധിക്കുന്ന സ്കിസോഫ്രീനിയ മിക്കവാറും പ്രകടമായിത്തുടങ്ങാറുള്ളത് കൌമാരക്കാലത്താണ്. സാധാരണ നിലക്ക് പി.എഫ്.സി.യുടെ പതിനഞ്ചു ശതമാനത്തോളം ഭാഗമാണ് കൌമാരത്തില്‍ വെട്ടിയൊതുക്കപ്പെടാറ് എങ്കില്‍ സ്കിസോഫ്രീനിയ ബാധിതരില്‍ ഇത് ഇരുപത്തഞ്ചു ശതമാനത്തോളമാണ്. പഠനത്തില്‍ പിന്നാക്കം പോവുക, കൂട്ടുകെട്ടുകളില്‍നിന്ന് ഉള്‍വലിഞ്ഞു തുടങ്ങുക, വ്യക്തിശുചിത്വത്തിലും വസ്ത്രധാരണത്തിലും അശ്രദ്ധ കടന്നുവരിക എന്നിവ സ്കിസോഫ്രീനിയയുടെ പ്രാരംഭ സൂചനകളാവാം. രോഗം മൂര്‍ച്ഛിക്കുന്നതിനനുസരിച്ച് അശരീരി ശബ്ദങ്ങള്‍ കേള്‍ക്കുക, പരസ്പര ബന്ധമില്ലാതെ സംസാരിക്കുക തുടങ്ങിയ ലക്ഷണങ്ങളും തനിക്കാരോ ശത്രുക്കളുണ്ട്, അപരിചിതരും മറ്റും തന്നെപ്പറ്റിയാണ് സംസാരിക്കുന്നത് എന്നൊക്കെയുള്ള അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങളും ദൃശ്യമായേക്കാം.
ഏതെങ്കിലും സ്വഭാവരീതികള്‍ പഠനത്തെയും മറ്റ് ഉത്തരവാദിത്തങ്ങളെയും വല്ലാതെ അവതാളത്തിലാക്കുന്നെങ്കില്‍ അവ കൌമാരവിക്ഷുബ്ധതകളുടെ ഗണത്തില്‍നിന്നാവില്ല, മറിച്ച് മാനസികപ്രശ്നങ്ങളുടെ ഭാഗമാവാം എന്നു സംശയിക്കുക. സമയം പാഴാക്കാതെ വിദഗ്ദ്ധാഭിപ്രായം തേടുന്നതും അസുഖം തലച്ചോറിലതിന്‍റെ പാടുകള്‍ വീഴ്ത്തുംമുമ്പു ചികിത്സ ലഭ്യമാക്കുന്നതും ഭാവിയിലേക്ക് ഏറെ ഉപകാരപ്രദമാവും.
(2016 ഓഗസ്റ്റ് ലക്കം ഔവര്‍ കിഡ്സില്‍ പ്രസിദ്ധീകരിച്ചത്)
{xtypo_alert}ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.{/xtypo_alert}
Image courtesy: Kazuya Akimoto Art Museum
When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.