കൌമാരം ശാരീരികവും മാനസികവുമായ നാനാവിധ പരിവര്‍ത്തനങ്ങളുടെ പ്രായമാണ്. മസ്തിഷ്ക്കവളര്‍ച്ചയിലും വ്യക്തിത്വരൂപീകരണത്തിലുമൊക്കെ ഏറെ പ്രസക്തിയുള്ള ഒരു കാലവുമാണത്. “ന്യൂജെന്‍” കൌമാരക്കാരെ അലട്ടുന്നതായി പൊതുവെ കണ്ടുവരാറുള്ള പത്തു സംശയങ്ങളും അവക്കുള്ള നിവാരണങ്ങളും ഇതാ:
മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
“പ്രിയ ഡോക്ടര്‍, ഞാന്‍ ഇരുപത്തിയാറു വയസ്സുള്ള ഒരു യുവാവാണ്. ഒരു ഐ.ടി.കമ്പനിയില്‍ ജോലിചെയ്യുന്നു. ഫേസ്ബുക്ക്നോട്ടം നിയന്ത്രിക്കാനാവുന്നില്ല എന്നതാണ് എന്‍റെ പ്രശ്നം. അഞ്ചുമിനിട്ടില്‍ ഒരിക്കലെങ്കിലും ഫോണ്‍ എടുത്ത് ഫേസ്ബുക്ക് ഒന്നു നോക്കിയില്ലെങ്കില്‍ ഭയങ്കര വേവലാതിയാണ്. മറ്റൊന്നിനും എനിക്ക് സമയംകിട്ടാതായിരിക്കുന്നു. വേറൊരു കാര്യവും ചെയ്യാന്‍ ശ്രദ്ധ കിട്ടാതായിരിക്കുന്നു. ഉറങ്ങാന്‍ കണ്ണടക്കുംമുമ്പ് എന്‍റെ ന്യൂസ്ഫീഡ് ഒരാവര്‍ത്തികൂടി നോക്കും. ഉണര്‍ന്നാല്‍ ഏറ്റവുമാദ്യം ചെയ്യുന്നത് രാത്രിയില്‍ എത്ര ലൈക്കുകള്‍ കിട്ടി, എന്തൊക്കെ കമന്‍റുകള്‍ വന്നു എന്നൊക്കെ പരിശോധിക്കുകയാണ്. ജോലി ചെയ്യുമ്പോഴും കുടുംബത്തോടൊത്ത് ഇരിക്കുമ്പോഴുമൊക്കെ എഫ്ബിയിലെന്താവും നടക്കുന്നുണ്ടാവുക എന്ന ആധിയും ആകെ ഒരസ്വസ്ഥതയുമാണ്. വേറൊരുകാര്യം ചെയ്യുന്നതിലും യാതൊരുത്സാഹവും തോന്നാതായിരിക്കുന്നു. എങ്ങിനെയെങ്കിലും എന്നെ ഇതില്‍ നിന്നൊന്നു രക്ഷപ്പെടുത്തിത്തരണം.”
- ആനന്ദ്, കാക്കനാട്.
കേവലം പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിതമായ ഫേസ്ബുക്കിന് ഈ കാലയളവിനുള്ളില്‍ കൈവരിക്കാനായ വളര്‍ച്ച സമാനതകളില്ലാത്തതാണ്. നൂറ്റിയിരുപത്തെട്ടു കോടി അംഗങ്ങളും പതിനയ്യായിരം കോടി സൌഹൃദങ്ങളും അടങ്ങുന്ന ഈ സൈറ്റിനാണ് ലോകം ഇന്ന് ഇന്‍റര്‍നെറ്റില്‍ ചെലവിടുന്ന മൊത്തം സമയത്തിന്‍റെ പതിനാറു ശതമാനത്തോളം ലഭിക്കുന്നത്. ഫേസ്ബുക്ക് വിവിധ സമൂഹങ്ങളിലും നമ്മുടെ മനസ്സുകളിലും ഉളവാക്കുന്ന നല്ലതും ചീത്തയുമായ അനുരണനങ്ങളെപ്പറ്റി മനശ്ശാസ്ത്രജ്ഞരും സാമൂഹ്യശാസ്ത്രജ്ഞരുമൊക്കെ നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ബന്ധങ്ങളെയും സമൂഹത്തിനു മുന്നില്‍ നാം നമ്മെയവതരിപ്പിക്കുന്ന രീതികളെയുമൊക്കെക്കുറിച്ച് പ്രസ്തുത പഠനങ്ങള്‍ തരുന്ന ഉള്‍ക്കാഴ്ചകളെ ഒന്നു പരിചയപ്പെടാം.