മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

ആമോദപൂരിതം ഓഫീസ്‌ ജീവിതം

ഓഫീസിലെ സന്തോഷം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സദാ പുഞ്ചിരിക്കുക, എപ്പോഴും ആനന്ദഭരിതരായിരിക്കുക എന്നല്ല. അതൊന്നും മനുഷ്യസാദ്ധ്യവുമല്ല. ഞെട്ടലുകള്‍, വീഴ്ചകള്‍, അസൂയ, അമര്‍ഷം, നൈരാശ്യം തുടങ്ങിയവ ഓഫീസ് ജീവിതത്തിന്‍റെ സ്വാഭാവികാംശങ്ങള്‍ മാത്രമാണ്, പ്രവര്‍ത്തനശൈലിയില്‍ മാറ്റം വേണ്ടതുണ്ടെന്നതിന്‍റെ നല്ല സൂചനകളുമാണ്, അതിനാല്‍ത്തന്നെ പൂര്‍ണമായും അകറ്റിനിര്‍ത്തേണ്ടവയല്ല.

ഓഫീസിലെ സന്തോഷത്തിന്‍റെ ഒരു നിര്‍വചനം, “കാര്യക്ഷമത പരമാവധിയാക്കാനും ഉള്ള കഴിവിനൊത്ത നേട്ടങ്ങള്‍ കരഗതമാക്കാനും കൂട്ടുതരുന്ന ഒരു മനോനില” എന്നാണ്. ആഹ്ലാദവും മുന്നേറ്റങ്ങളും ആഘോഷങ്ങളുമൊക്കെ തീര്‍ച്ചയായും ഇതിന്‍റെ, നാം ശരിയായ മാര്‍ഗത്തിലാണെന്ന ബോദ്ധ്യം തരുന്ന, ഭാഗങ്ങള്‍ തന്നെയാണ്.

Continue reading
  273 Hits

ലേശം സൌഹൃദവര്‍ത്തമാനം

“ഓരോ സുഹൃത്തും, നമ്മുടെതന്നെ ആത്മാവ് മറ്റൊരു ദേഹത്തില്‍ വസിക്കുന്നതാണ്.” – അരിസ്റ്റോട്ടില്‍

ഓഗസ്റ്റിലെ ആദ്യ ഞായര്‍ ഇന്ത്യയില്‍ അന്തര്‍ദ്ദേശീയ സൗഹൃദദിനമാണ്. സുഹൃത്തുക്കള്‍ നമ്മുടെ പെരുമാറ്റത്തെയും ധാരണകളെയും ജീവിതവീക്ഷണത്തെയുമൊക്കെ സ്വാധീനിക്കുന്നുണ്ട്. തീവ്രതയ്ക്കനുസരിച്ച് സൗഹൃദങ്ങളെ നാലായി — വെറും പരിചയം, കാഷ്വല്‍ ബന്ധം, അടുത്ത ബന്ധം, ഗാഢസൗഹൃദം എന്നിങ്ങനെ — തിരിച്ചിട്ടുണ്ട്. മിക്കവരും ഏതു സദസ്സിലും ഫോണ്‍ചതുരത്തിന്‍റെ നിശ്ചേതനത്വത്തിലേക്ക് ഉള്‍വലിയുന്ന ഒരു കാലത്ത്, ഗാഢസൌഹൃദങ്ങളുടെ പ്രത്യേകതകളും പ്രയോജനങ്ങളുമൊക്കെ ഒന്നറിഞ്ഞിരിക്കാം.

Continue reading
  273 Hits

മനസ്സ് മദ്ധ്യവയസ്സില്‍

“മദ്ധ്യവയസ്സ്, നിങ്ങളുടെ കാഴ്ചപ്പാടുപോലെ, ഒരു പരീക്ഷണഘട്ടമോ ശുഭാവസരമോ ആകാം.” - കാതറീന്‍ പള്‍സിഫര്‍

യൌവനത്തിനും വാര്‍ദ്ധക്യത്തിനും ഇടയ്ക്കുള്ള ഘട്ടമാണു മദ്ധ്യവയസ്സ്. നാല്പതു തൊട്ട് അറുപതോ അറുപത്തഞ്ചോ വരെ വയസ്സുകാരെയാണ് പൊതുവെ ഈ ഗണത്തില്‍പ്പെടുത്താറ്. എന്നാല്‍, ബാല്യകൌമാരങ്ങളെ അപേക്ഷിച്ച്, മദ്ധ്യവയസ്സു നിര്‍വചിക്കുമ്പോള്‍ കേവലം പ്രായം മാത്രമല്ല, മറിച്ച് ജീവിതത്തില്‍ എവിടെ നില്‍ക്കുന്നു എന്നതും പരിഗണിക്കാറുണ്ട് — വിവാഹം, കുട്ടികളുണ്ടാകുന്നത്, മക്കള്‍ വീടൊഴിയുന്നത്, കൊച്ചുമക്കള്‍ ജനിക്കുന്നത് തുടങ്ങിയവ ഓരോരുത്തരുടെയും ജീവിതത്തില്‍ സംഭവിക്കുക ഏറെ വ്യത്യസ്തമായ പ്രായങ്ങളിലാകാമല്ലോ. ആരോഗ്യം ക്ഷയിച്ചുതുടങ്ങുന്നതു വരെയുള്ള പ്രായത്തെ മദ്ധ്യവയസ്സായി പരിഗണിക്കുന്ന രീതിയും ഉണ്ട്. അതുകൊണ്ടൊക്കെത്തന്നെ, മുപ്പതു മുതല്‍ എഴുപത്തഞ്ചു വരെയുള്ള പ്രായത്തെയും മദ്ധ്യവയസ്സെന്നു കൂട്ടാറുണ്ട്.

മറ്റു ജീവിതഘട്ടങ്ങളുടേതില്‍നിന്നു വിഭിന്നമായി, മദ്ധ്യവയസ്സിനെക്കുറിച്ചുള്ള മനശ്ശാസ്ത്ര ഗവേഷണങ്ങള്‍ സജീവമായത് പതിറ്റാണ്ടുകള്‍ മുമ്പു മാത്രമാണ്. ഈ പ്രായക്കാര്‍ താരതമ്യേന “പ്രശ്നക്കാര്‍” അല്ലെന്നതാണ് അതിനൊരു കാരണമായത്.

Continue reading
  1166 Hits

ഓഫീസുകളിലെ മനസ്സമ്മര്‍ദ്ദം

ഓഫീസുകളില്‍ അധികം മനസ്സമ്മര്‍ദ്ദം പിടികൂടാതെ സ്വയംകാക്കാന്‍ ഉപയോഗിക്കാവുന്ന കുറച്ചു വിദ്യകള്‍ ഇതാ:

  • രാവിലെ, ജോലിക്കു കയറുംമുമ്പുള്ള സമയങ്ങളില്‍ മനസ്സിനെ ശാന്തമാക്കി സൂക്ഷിക്കുന്നത് ഓഫീസില്‍ ആത്മസംയമനം ലഭിക്കാന്‍ ഉപകരിക്കും. കുടുംബാംഗങ്ങളോടു വഴക്കിടുന്നതും റോഡില്‍ മര്യാദകേടു കാണിക്കുന്നവരോടു കയര്‍ക്കുന്നതുമൊക്കെ അന്നേരത്ത് ഒഴിവാക്കുക. ഓഫീസില്‍ കൃത്യസമയത്തുതന്നെ എത്തി ശീലിക്കുന്നതും ധൃതിയും ടെന്‍ഷനും അകലാന്‍ സഹായിക്കും. ഓഫീസിലേക്കും തിരിച്ചുമുള്ള യാത്രയില്‍ പാട്ടു കേള്‍ക്കുന്നതും നന്ന്.
Continue reading
  1737 Hits

സന്തോഷംകൊണ്ടു കിട്ടുന്ന സൌഭാഗ്യങ്ങള്‍

ആരോഗ്യത്തിനു പ്രാധാന്യം കല്പിക്കുന്നവര്‍ ആഹാരത്തിലും വ്യായാമത്തിലും പൊതുവെ നന്നായി ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ പലരും കാര്യമായി ഗൌനിക്കാത്ത ഒരു വശമാണ്, മാനസികസ്ഥിതിക്ക് നമ്മുടെ ആരോഗ്യത്തിലും ആയുസ്സിന്മേലും നല്ലൊരു സ്വാധീനം ഉണ്ടെന്നത്. മനസ്സന്തോഷത്തോടെ കഴിയുന്നവര്‍ക്ക് അതുകൊണ്ട് ശാരീരികവും മാനസികവുമായ ഏറെ ഗുണഫലങ്ങള്‍ കിട്ടുന്നുണ്ട്. ഇതു മുഖ്യമായും താഴെപ്പറയുന്ന മേഖലകളിലാണ്.

Continue reading
  1921 Hits

പിടിവീഴ്ത്താം, ബോഡിഷെയ്മിംഗിന്

സ്വന്തം ശരീരത്തിന് എത്രത്തോളം രൂപഭംഗിയുണ്ട്, മറ്റുള്ളവര്‍ക്ക് അതേപ്പറ്റിയുള്ളത് എന്തഭിപ്രായമാണ് എന്നതിലൊക്കെ മിക്കവരും ശ്രദ്ധാലുക്കളാണ്. താന്‍ ശരിക്കും ആരാണ്, എന്താണ് എന്നതെല്ലാം മാലോകരെ അറിയിക്കാനുള്ള മുഖ്യ ഉപകരണമെന്ന നിലക്കാണ് സ്വശരീരത്തെ മിക്കവരും നോക്കിക്കാണുന്നതും. അതുകൊണ്ടുതന്നെ, ശരീരത്തിലെ ചെറുതോ സാങ്കല്‍പികം പോലുമോ ആയ ന്യൂനതകളും, അവയെപ്പറ്റിയുള്ള ഉപദേശങ്ങളും പരിഹാസങ്ങളുമൊക്കെയും, പലര്‍ക്കും വിഷമഹേതുവാകാറുണ്ട്.

Continue reading
  1960 Hits

അതിജയിക്കാം, തൊഴില്‍നഷ്ടത്തെ

ഉണ്ടായിരുന്ന ജോലി നഷ്ടമാകുന്നത് മാനസിക സമ്മര്‍ദ്ദത്തിനും കുറ്റബോധത്തിനും വിഷാദത്തിനും ആത്മഹത്യാചിന്തകള്‍ക്കുമൊക്കെ ഇടയാക്കാറുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതിനെയൊക്കെ പ്രതിരോധിക്കാനാകും:

Continue reading
  3470 Hits

ബന്ധങ്ങളിലെ വൈകാരിക പീഡനങ്ങള്‍

ബന്ധങ്ങളില്‍ വൈകാരിക പീഡനങ്ങള്‍ നേരിടുന്നവര്‍ ഇക്കാര്യങ്ങള്‍ മനസ്സിരുത്തുന്നതു നന്നാകും:

  • കൂടുതല്‍ സ്നേഹിച്ചോ വിശദീകരണങ്ങള്‍ കൊടുത്തോ പീഡകരെ മാറ്റിയെടുക്കാനായേക്കില്ല. മിക്കവര്‍ക്കും വ്യക്തിത്വവൈകല്യമുണ്ടാവും എന്നതിനാലാണത്.
  • മുന്‍ഗണന നല്‍കേണ്ടത് നിങ്ങളുടെ തന്നെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കുമാണ്, പങ്കാളിയുടേയവയ്ക്കല്ല.
  • സന്തോഷവും സ്വയംമതിപ്പും തരുന്ന പുസ്തകങ്ങള്‍ക്കും ഹോബികള്‍ക്കും സൌഹൃദങ്ങള്‍ക്കുമൊക്കെ സമയം കണ്ടെത്തുക.
Continue reading
  3109 Hits

സ്ട്രെസ് (പിരിമുറുക്കം): പതിവ് സംശയങ്ങള്‍ക്കുള്ള മറുപടികള്‍


1.    എന്താണ് പിരിമുറുക്കം അഥവാ സ്ട്രെസ്?
-    യഥാര്‍ത്ഥത്തിലുള്ളതോ സാങ്കല്പികമോ ആയ ഭീഷണികളോടുള്ള നമ്മുടെ മനസ്സിന്റെയും ശരീരത്തിന്റെയും പ്രതികരണങ്ങളെയാണ് പിരിമുറുക്കം എന്നു വിളിക്കുന്നത്.

2.    എന്തു കാരണങ്ങളാലാണ് പൊതുവെ പിരിമുറുക്കം ഉളവാകാറ്?
-    പിരിമുറുക്കത്തിന്റെ കാരണങ്ങളെ പുറംലോകത്തുനിന്നുള്ള പ്രശ്നങ്ങള്‍, വ്യക്തിത്വത്തിലെ പോരായ്മകള്‍ എന്നിങ്ങനെ രണ്ടായിത്തിരിക്കാം. നമുക്ക് നിരന്തരം ഇടപഴകേണ്ടി വരുന്ന, മേലുദ്യോഗസ്ഥരെപ്പോലുള്ള വ്യക്തികളും ഏറെ ടഫ്ഫായ കോഴ്സുകള്‍ക്കു ചേരുക, പ്രവാസജീവിതം ആരംഭിക്കുക തുടങ്ങിയ നാം ചെന്നുപെടുന്ന ചില സാ‍ഹചര്യങ്ങളുമൊക്കെ ‘പുറംലോകത്തുനിന്നുള്ള പ്രശ്നങ്ങള്‍’ക്ക് ഉദാഹരണങ്ങളാണ്.

മോശം സാഹചര്യങ്ങള്‍ മാത്രമല്ല, വിവാഹമോ ജോലിക്കയറ്റമോ പോലുള്ള സന്തോഷമുളവാക്കേണ്ടതെന്നു പൊതുവെ കരുതപ്പെടുന്ന അവസരങ്ങളും ചിലപ്പോള്‍ പിരിമുറുക്കത്തില്‍ കലാശിക്കാം. പിരിമുറുക്കത്തിനു കാരണമാകുന്ന ഘടകങ്ങള്‍ ശരിക്കും നിലവിലുള്ളവയായിരിക്കണം എന്നുമില്ല; നാം ചുമ്മാ ചിന്തിച്ചോ സങ്കല്‍പിച്ചോ കൂട്ടുന്ന കാര്യങ്ങളും പിരിമുറുക്കത്തിനു വഴിയൊരുക്കാം.

Continue reading
  6010 Hits

ഇതൊരു രോഗമാണോ ഗൂഗ്ള്‍?

പ്രത്യേകിച്ചു പണച്ചെലവൊന്നുമില്ലാതെ, ഏറെയെളുപ്പം ഇന്‍റര്‍നെറ്റില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കാമെന്നത് ആരോഗ്യസംശയങ്ങളുമായി പലരും ആദ്യം സമീപിക്കുന്നതു സെര്‍ച്ച് എഞ്ചിനുകളെയാണെന്ന സാഹചര്യമുണ്ടാക്കിയിട്ടുണ്ട്. അത്തരം സെര്‍ച്ചുകള്‍ മിക്കവര്‍ക്കും ഉപകാരമായാണു ഭവിക്കാറെങ്കിലും ചിലര്‍ക്കെങ്കിലും അവ സമ്മാനിക്കാറ് ആശയക്കുഴപ്പവും ആശങ്കാചിത്തതയുമാണ്. ആരോഗ്യത്തെക്കുറിച്ചുള്ള അമിതജിജ്ഞാസയാലോ, തനിക്കുള്ള ലക്ഷണങ്ങളെപ്പറ്റി കൂടുതലറിയാനോ, രോഗനിര്‍ണയം സ്വന്തം നിലക്കു നടത്താനുദ്ദേശിച്ചോ ഒക്കെ നെറ്റില്‍ക്കയറുന്നവരില്‍ അവിടെനിന്നു കിട്ടുന്ന വിവരങ്ങള്‍ ഉത്ക്കണ്ഠയുളവാക്കുകയും, അതകറ്റാന്‍ അവര്‍ വേറെയും സെര്‍ച്ചുകള്‍ നടത്തുകയും, അവ മൂലം പിന്നെയും ആകുലതകളുണ്ടാവുകയും ചെയ്യുന്ന സ്ഥിതിവിശേഷം 'സൈബര്‍കോണ്ട്രിയ' (cyberchondria) എന്നാണറിയപ്പെടുന്നത്.

Continue reading
  6040 Hits