“ഐ.സി.യു.വില്‍ പകല്‍ ഞങ്ങളാരെങ്കിലും കയറിക്കാണുമ്പോഴോന്നും അമ്മൂമ്മക്ക് സംസാരത്തിനോ മെമ്മറിക്കോ ഒരു കുഴപ്പവും കണ്ടിട്ടില്ല. പക്ഷേ എന്നും മോണിംഗില്‍ ഡ്യൂട്ടി ഡോക്ടര്‍ പറയുന്നത് നൈറ്റുമുഴുവന്‍ ഓര്‍മക്കേടും പിച്ചുംപേയുംപറച്ചിലും ആയിരുന്നെന്നാ.”
“അച്ഛന് മൂത്രത്തില്‍പ്പഴുപ്പു തുടങ്ങിയാലത് എനിക്ക് പെട്ടെന്നു മനസ്സിലാവും. കാരണം അപ്പൊ അച്ഛന്‍ വല്ലാതെ മൌനിയാവും. എല്ലാം പതുക്കെമാത്രം ചെയ്യാനും പതിവിലേറെ ഉറങ്ങാനും തുടങ്ങും.”
“ഓപ്പറേഷന്‍ കഴിഞ്ഞു കിടന്നപ്പൊ അമ്മ മനുഷ്യനെ നാണംകെടുത്തിക്കളഞ്ഞു. ട്യൂബെല്ലാം പിടിച്ചുവലിക്കുക... ഉടുതുണി പറിച്ചുകളയുക... നഴ്സുമാരെ പച്ചത്തെറി വിളിക്കുക... എന്‍റെ തൊലിയുരിഞ്ഞുപോയി!”
മേല്‍വിവരിച്ച സംഭവങ്ങളോരോന്നും ഒറ്റനോട്ടത്തില്‍ വ്യത്യസ്തമെന്നു തോന്നാമെങ്കിലും അവ മൂന്നിലും വില്ലന്‍ ഒരേ പ്രശ്നമാണ് — ഡെലീരിയം. ശരീരത്തെ ബാധിക്കുന്ന വിവിധ കുഴപ്പങ്ങള്‍ തലച്ചോറിനെയാക്രമിച്ച് ഓര്‍മയിലും സ്ഥലകാലബോധത്തിലും പെരുമാറ്റത്തിലുമൊക്കെ പാകപ്പിഴകള്‍ സംജാതമാക്കുന്ന അവസ്ഥയെയാണ് ഈ പേരു വിളിക്കുന്നത്. ആശുപത്രികളില്‍ക്കിടക്കുന്നവരില്‍, പ്രധാനമായും ചില വിഭാഗങ്ങളില്‍, ഡെലീരിയം ഏറെ സാധാരണവുമാണ് (ബോക്സ് കാണുക). വെറുമൊരു “മാനസിക”പ്രശ്നമെന്നു വിളിച്ചോ പ്രായമായാല്‍ ഇങ്ങനെയൊക്കെയുണ്ടാവുമെന്നു ന്യായീകരിച്ചോ ഇതിനെയവഗണിക്കുന്നത് ബുദ്ധിയല്ല — പല മാരകരോഗങ്ങളും ആദ്യമായി സാന്നിദ്ധ്യമറിയിക്കുന്നത് ഡെലീരിയത്തിന്‍റെ രൂപത്തിലാവാം. ഡെലീരിയം നീണ്ടുപോയാല്‍ അത് സ്ഥായിയായ ഓര്‍മക്കുറവിനും ശാരീരിക പ്രശ്നങ്ങള്‍ മരുന്നുകള്‍ക്കു വഴങ്ങാതാവുന്നതിനും ആശുപത്രിവാസം നീളുന്നതിനും ചികിത്സാച്ചെലവു കൂടുന്നതിനും നിമിത്തമാവാമെന്നും മരണസാദ്ധ്യത പോലും ഉയര്‍ത്താമെന്നും പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതുകൊണ്ടൊക്കെത്തന്നെ, ഡെലീരിയത്തെ എങ്ങനെ തടയാം, എങ്ങനെ തിരിച്ചറിയാം, എങ്ങനെ നേരിടാം എന്നൊക്കെയറിഞ്ഞുവെക്കേണ്ടത് ഏവര്‍ക്കും അതിപ്രസക്തമാണ്.