മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

പിഞ്ചുമനസ്സിന്‍റെ വികാസം അഞ്ചുവയസ്സു വരെ

cognitiv_20241021-000223_1

“ജനിക്കുന്ന ഓരോ കുഞ്ഞിലും, അത് ഏത് അച്ഛനമ്മമാര്‍ക്കോ പരിതസ്ഥിതിയിലോ ആകട്ടെ, മനുഷ്യകുലത്തിന്‍റെ വല്ലഭത്വം ഒന്നു കൂടി പിറക്കുകയാണ്.” - ജയിംസ് എജീ

കുട്ടികളുടെ മനോവികാസത്തിന്‍റെ സ്വാഭാവികക്രമത്തെയും അതിനെ നിര്‍ണയിക്കുന്ന ഘടകങ്ങളെയും കുറിച്ചുള്ള ഉള്‍ക്കാഴ്ച, വേണ്ട പിന്‍ബലം അതിനു കൊടുക്കാന്‍ കുടുംബാംഗങ്ങളെയും അദ്ധ്യാപകരെയും പ്രാപ്തരാക്കും. കുട്ടിയുടെ പെരുമാറ്റം, വികാരപ്രകടനങ്ങള്‍, കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള ശേഷി എന്നിവയെപ്പറ്റി യാഥാര്‍ത്ഥ്യത്തിലൂന്നിയ പ്രതീക്ഷകള്‍ പുലര്‍ത്താനും വഴികാട്ടിയാകും. അനാവശ്യവും ഹാനികരവുമായ വിമര്‍ശനങ്ങളിലും ശിക്ഷാമുറകളിലും നിന്ന് കുട്ടികളെ രക്ഷിക്കുകയും ചെയ്യും.

സുപ്രധാന സ്വാധീനങ്ങള്‍

എങ്ങിനെ വളരണമെന്ന നിര്‍ദ്ദേശം ഓരോ കോശത്തിനും കൊടുക്കുന്നത് അവയിലുള്ള, അച്ഛനമ്മമാരില്‍നിന്നു കിട്ടുന്നതായ ക്രോമൊസോമുകളില്‍ സ്ഥിതികൊള്ളുന്ന, ജീനുകളാണ്. അവയ്ക്കാണ് മനോവികാസം നിര്‍ണയിക്കുന്നതില്‍ മുഖ്യപങ്കുള്ളത്. എങ്കിലും, ഒരേ പ്ലാന്‍വെച്ചു പണിയുന്ന രണ്ടു വീടുകള്‍ വ്യത്യാസപ്പെടാമെന്നപോലെ, ജീനുകളുടെ നിര്‍ദ്ദേശങ്ങളെ അക്ഷരംപ്രതി പാലിച്ചുകൊണ്ടല്ല വളര്‍ച്ച പുരോഗമിക്കുന്നത്. ജീവിതചുറ്റുപാടിലെ പല ഘടകങ്ങളും ജീനുകളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നുണ്ട്. അച്ഛനമ്മമാര്‍, മറ്റു ബന്ധുക്കള്‍, സുഹൃത്തുക്കള്‍, അദ്ധ്യാപകര്‍, കുഞ്ഞുപ്രായത്തിലേല്‍ക്കുന്ന വിവിധ പീഡനങ്ങള്‍, മറ്റു ജീവിതാനുഭവങ്ങള്‍, സാമ്പത്തികനില, ആരോഗ്യസ്ഥിതി, മാദ്ധ്യമസ്വാധീനം എന്നിവ അതില്‍ പ്രധാനികളാണ്. ബുദ്ധി, പൊതുവേയുള്ള മൂഡ്‌, അക്രമവാസന തുടങ്ങിയവ ജീനുകള്‍ക്കും പരിതസ്ഥിതികള്‍ക്കും സ്വാധീനമുള്ള ഗുണങ്ങളില്‍പ്പെടുന്നു. ഉദാഹരണത്തിന്, ബഹളഭരിതമായ അന്തരീക്ഷങ്ങള്‍ ബൌദ്ധികശേഷിയെ ദുര്‍ബലമാക്കുന്നുണ്ട്.

ഇതിന്‍റെ വിവക്ഷ, ഒരു കുട്ടി പഠനത്തിലോ മറ്റോ മുന്നാക്കമോ പിന്നാക്കമോ ആയാല്‍ അതിന്‍റെ ക്രെഡിറ്റോ പഴിയോ മാതാപിതാക്കളോ അദ്ധ്യാപകരോ മൊത്തമായി ഏറ്റെടുക്കേണ്ടതില്ല എന്നതാണ്: ആവുന്നത്ര പരിശ്രമിക്കുക മാത്രമേ നമുക്കൊക്കെ ചെയ്യാനുള്ളൂ! വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അങ്ങിനെ എന്തൊക്കെ ഇടപെടലുകള്‍ സാദ്ധ്യമാണ് എന്നു നോക്കാം.

അമ്മയാകാന്‍ ഒരുങ്ങുമ്പോള്‍

  • സ്വന്തം ആരോഗ്യം ശരിക്കു ശ്രദ്ധിക്കുക.
  • റുബെല്ലരോഗത്തിനെതിരായ വാക്സിന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ഗര്‍ഭകാലത്തു റുബെല്ല വരുന്നത് കുട്ടിയുടെ തലച്ചോറിനെ ബാധിക്കാം.
  • മദ്യപാനവും പുകവലിയും ലഹരിയുപയോഗവും ഒഴിവാക്കുക.
  • മരുന്നുകള്‍ വല്ലതും കഴിക്കുന്നുണ്ടെങ്കില്‍ അവ തുടരേണ്ടത് അത്യാവശ്യമാണോയെന്ന് ഡോക്ടറോടു ചര്‍ച്ചചെയ്യുക.
  • സിഫിലിസ് പോലുള്ള ലൈംഗികരോഗങ്ങള്‍ വന്നോ എന്നു സംശയമുണ്ടെങ്കില്‍ പരിശോധന തേടുക — ഇവ ബുദ്ധിമാന്ദ്യത്തിനും മറ്റും വഴിവെക്കാം.

ഗര്‍ഭവേളയില്‍

  • കുഞ്ഞിന്‍റെ തലച്ചോറിന് ഹാനികരമായ വസ്തുക്കള്‍ ഒഴിവാക്കുക. മദ്യം, ചില മരുന്നുകള്‍, ഈയം, മെര്‍ക്കുറി, എക്സ്റേ എന്നിവ ഇതില്‍പ്പെടുന്നു.
  • സൈറ്റോമെഗാലോ വൈറസ്, ടോക്സോപ്ലാസ്മോസിസ്, ചിക്കന്‍പോക്സ് തുടങ്ങിയ അണുബാധകള്‍ വരാതെ ശ്രദ്ധിക്കുക.
  • ആവശ്യത്തിന് ഉറങ്ങുക.
  • മാനസികസംഘര്‍ഷം പരിമിതപ്പെടുത്തുക.
  • പോഷകാഹാരവും ഫോളിക് ആസിഡ് ഉള്ള വിറ്റാമിന്‍ ഗുളികകളും കുഞ്ഞിന്‍റെ മസ്തിഷ്കവളര്‍ച്ചയെ സഹായിക്കും.

അതേസമയം, ഭ്രൂണമസ്തിഷ്കത്തെ ദുര്‍ബലപ്പെടുത്താവുന്ന നൂറുകണക്കിനു ഘടകങ്ങളുണ്ട്, അവയെല്ലാറ്റിനെയും പൂര്‍ണമായും പടിപ്പുറത്തു നിര്‍ത്തുക മനുഷ്യസാദ്ധ്യമല്ല, എന്നതിനാലൊക്കെ ഇക്കാര്യത്തില്‍ അതിരുവിട്ട ശ്രദ്ധയും വേവലാതിയും ഒഴിവാക്കുക.

ഗര്‍ഭസ്ഥശിശുക്കളെ നല്ല കഥകളോ ശാസ്ത്രീയസംഗീതമോ ഒക്കെ കേള്‍പ്പിക്കുന്നവരുണ്ട്. ഇതിനൊന്നും പ്രയോജനമേതുമില്ല എന്നു മാത്രമല്ല, ഭ്രൂണങ്ങള്‍ മിക്കനേരവും ഉറങ്ങുകയാകും എന്നതിനാല്‍ ഇതൊക്കെ ആ ഉറക്കത്തെയും അതുവഴി തലച്ചോറിന്‍റെയും മറ്റും വളര്‍ച്ചയെയും അലങ്കോലപ്പെടുത്തുകയുമാകാം.

ഒരു വയസ്സു വരെ

പ്രഥമ പാഠങ്ങള്‍

കാഴ്ചയും കേള്‍വിയും സ്പര്‍ശവും വഴി ലോകത്തെ അറിയാനും പരസ്പര ബന്ധങ്ങള്‍ ഉള്‍ക്കൊള്ളാനും വിജ്ഞാനം ആര്‍ജിക്കാനുമുള്ള പ്രാഗത്ഭ്യം കുട്ടികള്‍ക്കു ജനനം തൊട്ടേയുണ്ട്. മുലക്കണ്ണു വലിച്ചുകുടിച്ചാല്‍ വിശപ്പു മാറും, എന്നാല്‍ വിരല്‍ ഈമ്പിയാല്‍ അതിന്‍റെയൊരു സുഖമേ കിട്ടൂ എന്നൊക്കെയുള്ള ഉള്‍ക്കാഴ്ചകള്‍ ഉദാഹരണമാണ്. “കരഞ്ഞാല്‍ അമ്മ വരും” എന്നിങ്ങനെ കാര്യകാരണ ബന്ധങ്ങള്‍ മനസ്സിലാക്കാനും അവര്‍ തുടങ്ങും. കണ്‍വട്ടത്തില്ലാത്തപ്പോഴും വസ്തുക്കള്‍ മറ്റെവിടെയോ നിലനില്‍ക്കുന്നുണ്ട് എന്ന തിരിച്ചറിവും പതിയെ രൂപപ്പെടുന്നുണ്ട്. തന്മൂലം, ഒരെട്ടാംമാസത്തോടെ, സമീപത്തൊന്നും ഇല്ലെങ്കിലും അമ്മ തിരിച്ചെത്തും എന്ന ബോദ്ധ്യം സ്വായത്തമാകും. ഒരൊമ്പതു മാസം വരെ ആരു ചിരിച്ചാലും കുട്ടി തിരിച്ചു ചിരിക്കാമെങ്കിലും അതുകഴിഞ്ഞ് അപരിചിതരോട് ഒരകല്‍ച്ചയും പേടിയും വരാം. ഒന്നാം പിറന്നാളോടെ, ചില ആംഗ്യങ്ങളിലൂടെ കാര്യമറിയിക്കാനും, “അമ്മ” പോലുള്ള ഒറ്റ വാക്കുകള്‍ പറയാനും, ലളിതമായ നിര്‍ദ്ദേശങ്ങള്‍ (“ബോട്ടില്‍ എടുത്തിട്ടു വാ”) മനസ്സിലാക്കാനും പാടവം കിട്ടുന്നുണ്ട്.

ശ്രദ്ധിക്കാന്‍

  • കുട്ടി വെക്കുന്ന ശബ്ദങ്ങള്‍ ആവര്‍ത്തിക്കുന്നതും ഒപ്പം അനുയോജ്യമായ വാക്കുകളും ചേര്‍ക്കുന്നതും ഭാഷ പരിചയമാക്കും.
  • കഥകളും മറ്റും വായിച്ചുകൊടുക്കുന്നത് ശബ്ദങ്ങളും വാക്കുകളും പരിചിതമാക്കും.
  • രണ്ടു കളിപ്പാട്ടങ്ങളില്‍നിന്ന് ഇഷ്ടമുള്ള ഒരെണ്ണം എടുക്കാന്‍ അവസരം കൊടുക്കുന്നത് സ്വാതന്ത്ര്യബോധം സൃഷ്ടിക്കും.
  • കളിപ്പാട്ടങ്ങള്‍ കൈകാര്യം ചെയ്യാനും ബ്ലോക്കുകള്‍ ബോക്സില്‍ ഇടാനുമൊക്കെ കൊടുക്കുന്നത് തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവു ജനിപ്പിക്കും.
  • വാക്കുകള്‍ പഠിച്ചു തുടങ്ങുന്നതോടെ കുട്ടിയോടു പരമാവധി സംസാരിക്കുക. ഉടുപ്പണിയിക്കുമ്പോള്‍ അതിന്‍റെ നിറത്തിന്‍റെയും അതിടുന്ന ശരീരഭാഗത്തിന്‍റെയും പേരു പറയാം. തോര്‍ത്ത്, കപ്പ്‌ എന്നിങ്ങനെ ദിനേന ഉപയോഗിക്കുന്ന വസ്തുക്കളെയും പരിചയപ്പെടുത്താം.

ആദ്യത്തെ ആത്മബന്ധം

നല്ല സുരക്ഷിതത്വബോധം തരുന്ന ഒരു വ്യക്തിയുമായുള്ള ശക്തവും ആരോഗ്യകരവുമായ ബന്ധം, ദൃഢമൈത്രി (അറ്റാച്ച്മെന്‍റ്) എന്നു വിളിക്കപ്പെടുന്നു. ഇവ്വിധമൊരു ബന്ധം, പില്‍ക്കാലത്ത് പുറംലോകത്ത് എത്തിനോട്ടങ്ങള്‍ നടത്താനും പാഠങ്ങള്‍ സ്വരൂപിക്കാനുമുള്ള ശക്തമായ ഒരടിത്തറ കുട്ടിയില്‍ ഉണ്ടാക്കുന്നുണ്ട്. അച്ഛനമ്മമാരോടാണു സ്വാഭാവികമായും ദൃഢമൈത്രി ആദ്യം രൂപപ്പെടുന്നത്. അതിന്‍റെ വികാസം സമാരംഭിക്കുന്നത് ഏകദേശം ഒന്നര മാസത്തിലും പൂര്‍ണതയിലെത്തുന്നത് 6-8 മാസത്തോടെയുമാണ്‌. അതു തൊട്ട് ഒന്നര-രണ്ടു വയസ്സു വരെ അച്ഛനമ്മമാരോടു വ്യക്തമായ ദൃഢമൈത്രി കാണാം. ഇതു നാലു തരത്തിലാകാം:

  1. സുഭദ്രം: അമ്മ മാറിനില്‍മ്പോള്‍ വൈഷമ്യം കാണിക്കാമെങ്കിലും അവര്‍ തിരിച്ചുവന്നാല്‍ കുട്ടി ഉടനടി ശാന്തത പൂകും.
  2. വൈമുഖ്യാത്മകം: അമ്മയുടെ അസാന്നിദ്ധ്യത്തില്‍ കുട്ടി വലിയ എതിര്‍പ്പൊന്നും പ്രകടിപ്പിക്കില്ല. തിരിച്ചുവന്നാലും അവരെ മൈന്‍ഡ് ചെയ്തേക്കുകയുമില്ല.
  3. പ്രതിരോധാത്മകം: അമ്മയെക്കാണാഞ്ഞാല്‍ കുട്ടി വല്ലാത്ത കരച്ചിലും ദേഷ്യവും പുറത്തെടുക്കാം. അവര്‍ തിരിച്ചെത്തിക്കഴിഞ്ഞും അതു തുടരാം.
  4. ക്രമരഹിതം: ഓരോ തവണയും പ്രതികരണം ഓരോ തരത്തിലാകാം. പേടി, പരിഭ്രാന്തി, അസ്വാഭാവികമായ പെരുമാറ്റം തുടങ്ങിയവ കണ്ടേക്കാം.

മുളയിലറിയാം വിള എന്ന പഴഞ്ചൊല്ലുപോലെ, ഇതിൽ ഏതു രീതിയാണോ ഒരു കുട്ടി പ്രകടമാക്കുന്നത്, അത് പിന്നീടു കൂട്ടുകാരോടുള്ള ഇടപഴകലുകളിലും ഭാവിബന്ധങ്ങളിൽത്തന്നെയും പ്രതിഫലിക്കാം.

ശ്രദ്ധിക്കാന്‍

  • ഇടയ്ക്കിടെ കയ്യിലെടുക്കുന്നതും കെട്ടിപ്പിടിക്കുന്നതും കുട്ടിയില്‍ സുരക്ഷിതത്വബോധം വളര്‍ത്തും.
  • കുട്ടിയെ അറിയിക്കാതെ ഒളിച്ചും പാത്തും പുറത്തുപോകുന്നതിനു പകരം ഉടനെ തിരിച്ചുവരാമെന്നറിയിച്ച്, ഗുഡ്ബൈ ഒക്കെപ്പറഞ്ഞിട്ടു പോകുന്നതാകും ഉത്തമം.

വികാരങ്ങളുടെ ഇളംനാമ്പുകൾ

വികാരങ്ങൾ കരഞ്ഞും ശബ്ദംവെച്ചും മാത്രം പ്രകടിപ്പിക്കാനാകുന്നതും അവയ്ക്കുമേല്‍ നിയന്ത്രണമേതും ഇല്ലാത്തതുമായ ഒരവസ്ഥയിലാവും ഈ പ്രായക്കാര്‍. സുരക്ഷിതവും പ്രവചനാത്മകവുമായ ഒരന്തരീക്ഷം അവര്‍ക്കൊരുക്കേണ്ടത് അതിനാല്‍ പ്രധാനമാണ്.

ശ്രദ്ധിക്കാന്‍

  • കുട്ടി പ്രദര്‍ശിപ്പിക്കുന്ന വികാരത്തെ അനുകരിച്ചു കാണിക്കുക. അതേപ്പറ്റി സംസാരിക്കുക. അത്, കുട്ടിക്ക് തന്‍റെതന്നെയും നിങ്ങളുടെയും വികാരങ്ങള്‍ തിരിച്ചറിയാനുള്ള കഴിവു കൂട്ടും.
  • വിവിധ സാഹചര്യങ്ങളില്‍ വൈകാരികമായി പ്രതികരിക്കേണ്ടത് എങ്ങിനെ എന്നു കാണിച്ചു കൊടുക്കുന്നത് അത് അനുകരിച്ചു മനസ്സിലാക്കാൻ കുട്ടിയെ സഹായിക്കും.
  • ചില കുട്ടികൾ വിരൽ ഈമ്പുകയും മറ്റും ചെയ്യുന്നത് അതിവികാരം ശമിപ്പിക്കാനാകാം. അതുകൊണ്ടുതന്നെ അതിനെ നിരുത്സാഹപ്പെടുത്തേണ്ടതില്ല.

സമ്പർക്കശ്രമങ്ങൾ

ആദ്യനാളുകളില്‍ മുഖഭാവങ്ങളിലൂടെയും കരച്ചിലിലൂടെയും മാത്രം സംവദിക്കുന്ന കുട്ടി, ഒന്നരമുതല്‍ മൂന്നുവരെ മാസങ്ങള്‍ക്കിടയില്‍ അര്‍ത്ഥമില്ലാത്ത പല ശബ്ദങ്ങളും പുറപ്പെടുവിച്ചു തുടങ്ങും. തുടര്‍ന്നുള്ള മാസങ്ങളില്‍ ചില വാക്കുകളെ പൊരുളറിയാതെ ആവര്‍ത്തിക്കാനും, ഒരു വയസ്സെത്തുംമുമ്പ് ആംഗ്യങ്ങളിലൂടെ സംവദിക്കാനും, ആദ്യ പിറന്നാളോടെ ഓരോരോ വാക്കുകളായി ഉച്ചരിക്കാനും കുട്ടിക്കാകും.

ശ്രദ്ധിക്കാന്‍

  • കുട്ടി ശബ്ദംവെക്കുമ്പോള്‍ തിരിച്ചും അങ്ങിനെചെയ്യുക. കൈകളുയര്‍ത്തുമ്പോള്‍ പൊക്കിയെടുത്തും നിങ്ങളെ നോക്കുമ്പോള്‍ തിരിച്ച് ആ കണ്ണുകളിലേക്കു നോക്കിയും വല്ലതും സംസാരിക്കുക — ഇതൊക്കെ, ആശയവിനിമയത്തിനുള്ള തന്‍റെ ശ്രമങ്ങള്‍ക്ക് പരിഗണനയും ഫലവും കിട്ടുന്നുണ്ടെന്ന ധാരണ കൊടുക്കും.

ഒന്നു തൊട്ട് അഞ്ചു വയസ്സു വരെ

പ്രതികരണം പലവിധം

അനുഭവങ്ങളോടു നാം വൈകാരികമായും പെരുമാറ്റങ്ങളിലൂടെയും പ്രതികരിക്കുന്ന രീതി വ്യക്തിപ്രകൃതം (temperament) എന്നറിയപ്പെടുന്നു. ഇത് ശൈശവത്തിലേ സാന്നിദ്ധ്യമറിയിക്കുകയും പ്രായപൂര്‍ത്തിയെത്തിക്കഴിഞ്ഞും അതേപ്പടിതന്നെ നിലകൊള്ളുകയും ചെയ്യാം. വ്യക്തിപ്രകൃതം മൂന്നുതരമുണ്ട്. ഒരു കുട്ടി ഇതില്‍ ഏതിലാണെത്തുക എന്നു നിശ്ചയിക്കുന്നത് പേരന്‍റിങ്ങിന്‍റെ മെച്ചമോ പോരായ്കയോ അല്ല, ജീനുകളാണ്.

  1. സുഗമം: ഇത്തരം കുട്ടികള്‍ മിക്കപ്പോഴും നല്ല മൂഡില്‍ കാണപ്പെടും. ഊട്ടുമ്പോഴും ഉറക്കുമ്പോഴും നന്നായി സഹകരിക്കും. പുതിയ സാഹചര്യങ്ങളോടു പെട്ടെന്നു പൊരുത്തപ്പെടും.
  2. ദുഷ്കരം: ഇവരാകട്ടെ, ഏറെ കരയുകയും ബഹളം വെക്കുകയും തോന്നുമ്പോലെ ഉറങ്ങുകയും ഉണരുകയും ഒക്കെച്ചെയ്യും. അസ്വസ്ഥതയില്‍ അവരെ സാന്ത്വനിപ്പിക്കുക എളുപ്പവുമാകില്ല.
  3. സാവകാശം വേണ്ടത്: ഇവര്‍ നാണംകുണുങ്ങികളും ഉള്‍വലിഞ്ഞവരുമാകും. പുതിയ സാഹചര്യങ്ങളോട് ഇണങ്ങാന്‍ അവര്‍ക്കു സ്വല്‍പം സമയം വേണ്ടിവരും.

ഇതിലെ ഒന്നില്‍ക്കൂടുതല്‍ രീതികള്‍ കാണിക്കുകയോ, ഒന്നില്‍നിന്നു മറ്റൊന്നിലേക്കു മാറുകയോ, ഒന്നിലും അത്രയ്ക്കു പെടാതിരിക്കുകയോ ചെയ്യുന്നവരും ഉണ്ട്.

ശ്രദ്ധിക്കാന്‍

കുട്ടിയുടെ വ്യക്തിപ്രകൃതം അറിഞ്ഞിരുന്നാല്‍ ഓരോരോ സാഹചര്യങ്ങളിലെ പ്രതികരണം മുൻകൂട്ടിക്കാണാനും തക്ക മുൻകരുതലുകൾ സ്വീകരിക്കാനുമാകും.

  • ദുഷ്കരപ്രകൃതക്കാര്‍ക്ക് പിടിവാശി കാട്ടുമ്പോഴോ ശേഷമോ അതു നിയന്ത്രിക്കാനുള്ള പരിശീലനം കൊടുക്കാം. “നീ അലമുറയിട്ടപ്പോള്‍ ഒന്നും എനിക്കു മനസ്സിലായില്ല, ശാന്തതയോടെ കാര്യം ഒന്നുകൂടിപ്പറയൂ” എന്നൊക്കെ നിര്‍ദ്ദേശിക്കാം.
  • സാവകാശം വേണ്ട കുട്ടികളെ അന്നന്നത്തേക്കുള്ള പ്ലാനുകൾ മുൻകൂര്‍ അറിയിച്ചുവെക്കുന്നതു നന്നാകും.

കാര്യങ്ങള്‍ പഠിച്ചെടുക്കല്‍

ഇതു നടക്കുന്നത് മൂന്നു രീതിയിലാണ്:

  1. ആളുകളെയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെയുമൊക്കെ നിരീക്ഷിക്കുക വഴി. ജഗ്ഗിൽനിന്നു വെള്ളമെടുക്കുന്നതെങ്ങനെ എന്നതുതൊട്ട് ഏതൊക്കെത്തരം പെരുമാറ്റങ്ങൾക്കാണു നല്ലതോ മോശമോ ആയ പ്രത്യാഘാതങ്ങള്‍ കിട്ടുക എന്നതുവരെ കുട്ടി ഇതിലൂടെ ഗ്രഹിച്ചെടുക്കാം.
  2. ഒരു സംഭവത്തിന്‍റെ വൈകാരിക അനുരണനങ്ങളെ ആ സാഹചര്യത്തിലുള്ള മറ്റൊരു കാര്യവുമായി ബന്ധപ്പെടുത്തുക വഴി. ഉദാഹരണത്തിന്, കുട്ടിയെ പാര്‍ക്കില്‍ കൊണ്ടുപോകുമ്പോഴൊക്കെ നിങ്ങള്‍ ഒരു പ്രത്യേക തൊപ്പി ധരിക്കാറുണ്ടെങ്കില്‍ പിന്നീട് നിങ്ങളെ ആ തൊപ്പിയിട്ടു കാണുന്നതുതന്നെ കുട്ടിയെ സന്തോഷിപ്പിക്കാം.
  3. ഒരു പെരുമാറ്റത്തിനു ലഭിക്കുന്ന പ്രതികരണങ്ങൾ വഴി: പ്രശംസയോ സമ്മാനമോ നേടിക്കൊടുക്കുന്ന ചെയ്തികൾ ആവര്‍ത്തിക്കപ്പെടാം, ശിക്ഷയോ അവഗണനയോ ക്ഷണിച്ചുവരുത്തുന്നവ കയ്യൊഴിയപ്പെടാം.

ശ്രദ്ധിക്കാന്‍

  • ക്യൂ നില്‍ക്കുകയോ കാറു കഴുകുകയോ ഒക്കെച്ചെയ്യുമ്പോൾ കാര്യം കുട്ടിയോടു ലളിതമായി വിശദീകരിക്കുക.
  • നാലു വയസ്സോടെ നിയമങ്ങളും സാമൂഹ്യമര്യാദകളും മനസ്സിലാക്കാനാകും. നല്ല പെരുമാറ്റങ്ങളെ അനുമോദനങ്ങളോ ചെറിയ സമ്മാനങ്ങളോ മുഖേന പ്രോത്സാഹിപ്പിക്കുക. ദുഷ്പ്രവൃത്തി കാട്ടിയാല്‍, അതിനുള്ള ശിക്ഷയാണ് എന്നു സൂചിപ്പിച്ചുകൊണ്ട്, അവഗണിക്കുകയോ അല്ലെങ്കില്‍ കളിപ്പാട്ടമോ ടീവി കാണാനുള്ള അനുവാദമോ പോലെ കുട്ടിക്കിഷ്ടമുള്ള എന്തെങ്കിലും നിശ്ചിതനേരത്തേയ്ക്ക് എടുത്തു മാറ്റുകയോ ചെയ്യുക.

“കൊച്ചു”വര്‍ത്തമാനങ്ങള്‍

ഒന്നരയും രണ്ടും വയസ്സിനിടയ്ക്ക് കുട്ടി ലളിതമായ വാചകങ്ങളില്‍ സംസാരിച്ചു തുടങ്ങും.

ശ്രദ്ധിക്കാന്‍

  • വാക്കുകളും വാചകങ്ങളും ആവര്‍ത്തിച്ചു കേള്‍പ്പിക്കുന്നത് പദസമ്പത്തു പുഷ്ടിപ്പെടുത്തും.
  • കുട്ടിയുപയോഗിച്ച വാക്കുകള്‍ മറുപടിയില്‍ ഉള്‍പ്പെടുത്തുന്നത് ഉച്ചാരണശുദ്ധി കൂട്ടും.
  • കുട്ടിക്കു പറയാനുള്ളതു മൊത്തം ശ്രദ്ധിച്ചു കേട്ടിട്ടു മാത്രം മറുപടി കൊടുക്കുന്നത്, സംസാരം ഊഴമിട്ടു ചെയ്യേണ്ട ഒന്നാണെന്ന ധാരണ വളര്‍ത്തും.
  • മൂന്നു വയസ്സോടെ, അഞ്ചിലേറെ വാക്കുകളുള്ളതും കുറച്ചു സങ്കീര്‍ണവുമായ വാചകങ്ങള്‍ ഉപയോഗിക്കുക. ദൈനംദിന സംഭവങ്ങളെയും ഇഷ്ടാനിഷ്ടങ്ങളെയും ഒക്കെപ്പറ്റി വിശദമായിപ്പറയാന്‍ അവസരം കൊടുക്കുക.
  • നാലു വയസ്സോടെ അടയാളങ്ങള്‍ തിരിച്ചറിയാനുള്ള കഴിവു കിട്ടും. അപ്പോള്‍ ട്രാഫിക്ക് സിംബലുകളും മറ്റും പരിചയപ്പെടുത്താം, കളിപ്പാട്ടങ്ങളും മറ്റും വെക്കാനുള്ള സ്ഥലങ്ങള്‍ ചിത്രങ്ങളൊട്ടിച്ചു സൂചിപ്പിക്കാം.
ഓരോരോ പ്രായങ്ങളിൽ കുട്ടി താഴെപ്പറയുന്ന പെരുമാറ്റങ്ങൾ കാണിച്ചില്ലെങ്കിൽ വിദഗ്ദ്ധ പരിശോധന തേടുന്നതു നന്നാകും:

ഒരു വയസ്സ്

  • കുട്ടിയുടെ പേരു വിളിക്കുമ്പോൾ പ്രതികരിക്കുക.
  • നിങ്ങളുടെ വാക്കുകൾ തിരിച്ചു പറയുക.
  • ചുറ്റുമുള്ള വസ്തുക്കളെയും അവയുടെ പ്രവർത്തനരീതിയെയും പറ്റി ജിജ്ഞാസ കാട്ടുക.
  • റ്റാറ്റാ പറഞ്ഞു കൈവീശുക.
  • കാര്യങ്ങൾ നിങ്ങൾക്കു ചൂണ്ടിക്കാട്ടിത്തരിക.
  • മറ്റുള്ളവരെ അനുകരിക്കുക.
  • “അമ്മ”, “പപ്പ” തുടങ്ങിയവയ്ക്കു പുറമേ രണ്ടു മൂന്നു വാക്കെങ്കിലും പറയുക.
  • അച്ഛനമ്മമാർ വരികയോ പോവുകയോ ചെയ്യുമ്പോൾ പ്രതികരണം കാണിക്കുക.

രണ്ടു വയസ്സ്

  • “ഞാൻ പോകുന്നു” എന്നൊക്കെപ്പോലെ രണ്ടു വാക്കുകളുള്ള വാചകങ്ങൾ പറയുക.
  • സംഭാഷണങ്ങളിലൂടെ കേട്ട വാക്കുകൾ പിന്നീട് ഉപയോഗിക്കുക.
  • നിങ്ങൾ പേരു പറയുന്ന വസ്തുക്കളെയോ ചിത്രങ്ങളെയോ ചൂണ്ടിക്കാട്ടുക.
  • ഒളിപ്പിച്ചുവെച്ച സാധനങ്ങൾ കണ്ടുപിടിക്കുക.

മൂന്നു വയസ്സ്

  • മിക്ക അപരിചിതർക്കും മനസ്സിലാകുംവിധം സംസാരിക്കുക.
  • തന്‍റെയും കൂട്ടുകാരുടെയും പേരു പറയുക.
  • “ഞാൻ”, “നീ”, “നമ്മൾ”, “നിങ്ങൾ” എന്നൊക്കെ പറയുക.
  • വായിച്ചുകൊടുത്ത കഥ തിരിച്ചു പറഞ്ഞുതരിക.

നാലു വയസ്സ്

  • സ്വന്തം പേര് മുഴുവനായി പറയുക.
  • കുട്ടികൾക്കുള്ള പാട്ടുകള്‍ ഓർത്തുവെക്കുക.
  • ഒരു കഥയിൽ ഇനി എന്തു സംഭവിച്ചേക്കും എന്നു പ്രവചിക്കുക.
  • ആയിരം തൊട്ട് രണ്ടായിരം വരെ വാക്കുകൾ അറിഞ്ഞുവെച്ച്, അഞ്ചോളം വാക്കുകളുള്ള വാചകങ്ങളിൽ സംസാരിക്കുക.

വികാരവിക്ഷുബ്ധത: രണ്ടുമൂന്നു വയസ്സില്‍

ഈ പ്രായത്തില്‍ സങ്കീർണമായ വികാരങ്ങൾ അനുഭവപ്പെടാം. എന്നാൽ അവ പ്രകടിപ്പിക്കുന്ന രീതി ആരോഗ്യകരമാണോ അല്ലേ എന്നു നിഗമിക്കാനുള്ള പ്രാപ്തി വന്നിട്ടുണ്ടാകില്ല. ചിലർ ചിത്രം വരച്ചോ, ഭൂതങ്ങളെപ്പറ്റിയോ മറ്റോ കഥകള്‍ മെനഞ്ഞോ ഒക്കെ വികാരങ്ങള്‍ക്ക് ഒരു ആവിഷ്കരണം കൊടുക്കാം. എന്നാല്‍ ചിലർ അതിന് ഉപാധിയാക്കുക പിടിവാശിയും മുട്ടന്‍വഴക്കുകളും ഒക്കെയാവാം.

ശ്രദ്ധിക്കാന്‍

  • ദുശ്ശാഠ്യങ്ങൾ ഈ പ്രായത്തില്‍ സ്വാഭാവികമാണ്, കുട്ടിക്ക് വികാരത്തള്ളിച്ച അസഹ്യമാകുന്നതിന്‍റെയാകാം എന്നൊക്കെ ഓർക്കുക.
  • “ഇത്തരം സാഹചര്യങ്ങൾ ഈ പ്രായത്തിൽ കഠിനംതന്നെയായിരിക്കും” എന്നു സഹാനുഭൂതി കാട്ടുക.
  • സമ്മര്‍ദ്ദ സാഹചര്യങ്ങളിലും പൊട്ടിത്തെറിക്കാതെ നിലകൊള്ളുന്നെങ്കില്‍ അഭിനന്ദിക്കുക.
  • വികാരങ്ങൾ ഭാഷയിലൂടെ പ്രകടിപ്പിക്കാന്‍ പരിശീലിപ്പിക്കുക (ഉദാ:- “അവൻ എന്‍റെ കളിപ്പാട്ടം എടുത്തതുകൊണ്ട് എനിക്കു ദേഷ്യം വരുന്നുണ്ട്”). കഥകൾ കേള്‍പ്പിക്കുന്നത് ഇതിനുള്ള കഴിവിനെ പരിപോഷിപ്പിക്കും.

വികാരവിക്ഷുബ്ധത: നാലഞ്ചു വയസ്സില്‍

കിന്‍റർഗാര്‍ട്ടനിൽ മറ്റു കുട്ടികളോടൊത്തു കളിക്കുന്നതും സംസാരിക്കുന്നതും സാധനങ്ങൾ പങ്കിടുന്നതും വഴക്കുകളിലെത്താം.

ശ്രദ്ധിക്കാന്‍

  • ദേഷ്യം അമിതമാകുമ്പോള്‍ ശാന്തമായ ഒരിടത്തേക്കു നീങ്ങാനും ആഴത്തിൽ ശ്വാസം വലിച്ചുവിടാനും കളറിംഗ് ചെയ്യാനുമൊക്കെ ചട്ടംകെട്ടാം.
  • കോപജനക വേളകളില്‍ പ്രതികരിക്കേണ്ടതെങ്ങനെ എന്ന് അഭിനയിച്ചു കാട്ടിക്കൊടുക്കാം. ഉദാഹരണത്തിന്, വീട്ടിലുള്ള സമയത്ത്, “എന്‍റെ പൂപ്പാത്രം പൂച്ച പൊട്ടിച്ചു, എനിക്കു നല്ല ദേഷ്യം വരുന്നുണ്ട്, ഞാൻ പുറത്തുചെന്ന് കുറച്ചുനേരം ആഴത്തില്‍ ശ്വാസമെടുത്തുവിടാന്‍ പോവുകയാണ്, നീയും കൂടുന്നോ?” എന്നു ചോദിക്കാം.
  • നിരാശ ഒരു നോർമൽ വികാരമാണ്, എല്ലാർക്കും വരാറുള്ളതാണ്, തനിക്കും ഇത്തരം നേരങ്ങളിൽ ഇങ്ങിനെ തോന്നാറുണ്ട് എന്നൊക്കെ അറിയിക്കുന്നത്, അത് തന്നെമാത്രം ബാധിക്കുന്നൊരു പ്രശ്നമല്ലെന്ന ബോദ്ധ്യം കൊടുക്കുകയും അതിനെ ആരോഗ്യകരമായിത്തന്നെ ബഹിര്‍ഗമിപ്പിക്കാന്‍ പ്രചോദനമാവുകയും ചെയ്യാം.
  • കുട്ടി കരഞ്ഞുകാണുമ്പോഴൊക്കെ അതു നിര്‍ത്തിക്കണമെന്നില്ല. വികാരങ്ങള്‍ പ്രകടിപ്പിച്ചു ശമിപ്പിച്ചു ശീലിക്കുന്നതും നല്ലതു തന്നെയാണ്.

കളിയല്ല, കളി

ഒരു വയസ്സുള്ള കുട്ടികള്‍ മറ്റു കുട്ടികളുടെ ഒപ്പമല്ല, മറിച്ച് അടുത്തിരുന്നു കളിക്കാനാകും ഇഷ്ടപ്പെടുക. സ്വന്തം കളിപ്പാട്ടങ്ങള്‍ പങ്കുവെക്കാന്‍ അവര്‍ക്കു വൈമനസ്യമുണ്ടാകും എന്നതിനാല്‍ അതിനു നിര്‍ബന്ധിക്കാതിരിക്കുക.

രണ്ടാംവയസ്സിലാകട്ടെ, സൗഹൃദം, വിജ്ഞാനസമ്പാദനം, പ്രശ്നപരിഹാര ശേഷി എന്നിവയ്ക്കും വാക്കുകള്‍ ലഭ്യമല്ലാത്തിടത്ത് ചിന്തകള്‍ക്കും വികാരങ്ങള്‍ക്കും ഒരു ബഹിര്‍ഗമനവേള എന്ന നിലയ്ക്കും കളി ഏറെ പ്രസക്തമാണ്.

അതിലും മുതിര്‍ന്നവര്‍, കൂട്ടംചേര്‍ന്ന്, ഡോക്ടര്‍/രോഗി, കടക്കാരന്‍/കസ്റ്റമര്‍ എന്നിങ്ങനെ വിവിധ റോളുകള്‍ അഭിനയിച്ചു കളിക്കാറുണ്ട്. ഇതു വിളിക്കപ്പെടുന്നത് സോഷ്യോഡ്രമാറ്റിക്ക് പ്ലേ എന്നാണ്. ആശയവിനിമയം, വികാര നിയന്ത്രണം, സന്ധിസംഭാഷണത്തിനും മറ്റുള്ളവരുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളാനുമുളള പാടവം എന്നിങ്ങനെ വിവിധ ഗുണങ്ങളെ ഇതു പരിപോഷിപ്പിക്കും.

സ്വഭാവശുദ്ധിയുടെ ബാലപാഠങ്ങള്‍

ധാർമികതയെപ്പറ്റി കുട്ടി സ്വായത്തമാക്കുന്ന ആദ്യ ധാരണകൾക്ക് അടിസ്ഥാനമാകുന്നത്, മുമ്പുപറഞ്ഞപോലെ, തന്‍റെയോ ചുറ്റുമുള്ളവരുടെയോ പ്രവൃത്തികള്‍ക്കു കിട്ടുന്ന പ്രതികരണങ്ങൾ നല്ലതോ മോശമോ എന്നതാണ്. എന്നാൽ പുറംലോകത്തിന്‍റെ പ്രതികരണങ്ങളിൽ അധിഷ്ഠിതമല്ലാത്ത, എന്താണു ശരി, എന്താണു തെറ്റ് എന്ന ഒരു ധര്‍മ്മബോധം കുട്ടിയില്‍ പതിയെ വികസിക്കുന്നുമുണ്ട്. ഇത്, ധൈഷണികവും വൈകാരികവുമായ വളര്‍ച്ചയുടെ ഫലവുമാണ്. സഹതാപം നവജാതശിശുക്കളിൽപ്പോലും ദൃശ്യമാണ് (മറ്റു കുട്ടികൾക്കൊപ്പം അവരും കരഞ്ഞുതുടങ്ങുന്നത് അതിനാലാണ്.) കുറ്റബോധവും ചെറിയ പ്രായത്തിൽത്തന്നെ കുട്ടികളിൽ രൂപപ്പെടുന്നുണ്ട്. നല്ലൊരു കാര്യം ചെയ്താല്‍ തോന്നുന്ന മനസ്സുഖവും പ്രസക്തമാണ്. എന്നാൽ സത്യസന്ധതയും ഒരു നിശ്ചിത സാഹചര്യത്തിൽ എന്താവും ശരി, എന്താവും ശരികേട് എന്നു വിവേചിക്കാനുള്ള വകതിരിവുമെല്ലാം പ്രത്യക്ഷമാകുന്നത് കൂടുതൽ മുതിർന്നു കഴിഞ്ഞു മാത്രമാണ്.

ശ്രദ്ധിക്കാന്‍

സമൂഹത്തിൽ പ്രബലമായ ചിന്താഗതികളും ശ്രേഷ്ഠമെന്നു മതിക്കപ്പെടുന്ന കാര്യങ്ങളും കുട്ടിയെ മനസ്സിലാക്കിക്കുകയും സമ്മതിപ്പിക്കുകയും സ്വാംശീകരിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയ സാമൂഹികവൽക്കരണം എന്നറിയപ്പെടുന്നു. ഇക്കാര്യത്തില്‍ മാതാപിതാക്കൾക്ക് ചിലതു ചെയ്യാനുണ്ട്:

  • പെരുമാറ്റങ്ങൾക്ക് കൃത്യമായ അതിർവരമ്പുകൾ ചൂണ്ടിക്കാട്ടുക.
  • ഒരു പെരുമാറ്റത്തെ മോശമെന്നു വിധിക്കുന്നെങ്കില്‍ അതെന്തുകൊണ്ട് എന്നു വിശദീകരിക്കുക. പ്രസ്തുത പെരുമാറ്റം കുട്ടിക്കു തന്നെയും മറ്റുള്ളവര്‍ക്കും ഉളവാക്കിയ കഷ്ടതകൾ എന്തൊക്കെ, അവയുടെ തീവ്രത കുറയ്ക്കാന്‍ ഇനി എന്തുചെയ്യാനാകും എന്നതെല്ലാം ചര്‍ച്ചക്കെടുക്കുക.

കുട്ടിയുമായി നല്ലൊരു ബന്ധം നിലനിർത്തുന്നത് നിങ്ങളുടെ സദ്പ്രവൃത്തികള്‍ കുട്ടി അനുകരിക്കാനും ആന്തരികവല്‍ക്കരിക്കാനും സാദ്ധ്യതയേറ്റും. നല്ല പ്രവൃത്തികളെ പ്രശംസിക്കുന്നതും കുട്ടിയുടെ വികാരങ്ങളെ നിങ്ങള്‍  മനസ്സിലാക്കുന്നുണ്ടെന്ന് അറിയിക്കുന്നതും നിങ്ങളുടെ നിർദ്ദേശങ്ങള്‍ മാനിക്കാന്‍ കുട്ടിക്കുള്ള താല്‍പര്യം കൂട്ടും. മറിച്ച്, അടിപോലുള്ള നടപടികൾ ഉളവാക്കുക വിപരീത ഫലവുമായിരിക്കും.

(2023 മാര്‍ച്ച് ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്.)

ലേശം സൌഹൃദവര്‍ത്തമാനം