ആരോഗ്യത്തിനു പ്രാധാന്യം കല്പിക്കുന്നവര്‍ ആഹാരത്തിലും വ്യായാമത്തിലും പൊതുവെ നന്നായി ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ പലരും കാര്യമായി ഗൌനിക്കാത്ത ഒരു വശമാണ്, മാനസികസ്ഥിതിക്ക് നമ്മുടെ ആരോഗ്യത്തിലും ആയുസ്സിന്മേലും നല്ലൊരു സ്വാധീനം ഉണ്ടെന്നത്. മനസ്സന്തോഷത്തോടെ കഴിയുന്നവര്‍ക്ക് അതുകൊണ്ട് ശാരീരികവും മാനസികവുമായ ഏറെ ഗുണഫലങ്ങള്‍ കിട്ടുന്നുണ്ട്. ഇതു മുഖ്യമായും താഴെപ്പറയുന്ന മേഖലകളിലാണ്.
മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
ആരോഗ്യസംരക്ഷണത്തിനുള്ള സ്മാര്‍ട്ട്ഫോണ്‍ ആപ്പുകളുടെയെണ്ണം ഒരുലക്ഷത്തിഅറുപത്തയ്യായിരം കവിഞ്ഞിരിക്കുന്നു. പ്രമേഹവും അപസ്മാരവും പോലുള്ള ഏറെക്കാലം നിലനില്‍ക്കുന്ന രോഗങ്ങളുടെ ചികിത്സയില്‍ ഇപ്പോഴുള്ള പല പരിമിതികള്‍ക്കും പരിഹാരമാവാന്‍ ആപ്പുകള്‍ക്കാകുമെന്നു പ്രത്യാശിക്കപ്പെടുന്നുമുണ്ട്. വിവിധ രോഗങ്ങളെപ്പറ്റി ചിത്രങ്ങളും വീഡിയോകളും സഹിതം അറിവു തരുന്ന ആപ്പുകളുണ്ട്. മരുന്നു കഴിക്കാനും ഫോളോ അപ്പിനു പോകാനുമൊക്കെ ഓര്‍മിപ്പിക്കുന്നവയുണ്ട്. രോഗലക്ഷണങ്ങള്‍ വരുമ്പോള്‍ അവയുടെ വിശദാംശങ്ങള്‍ നാം കുറിച്ചിട്ടാല്‍ അതിന്‍റെ കൃത്യസമയവും ദൈര്‍ഘ്യവുമെല്ലാം ആപ്പുകള്‍ സ്വയം രേഖപ്പെടുത്തുകയും എന്നിട്ടാ വിവരങ്ങളെല്ലാം ചികിത്സകര്‍ക്കയക്കുകയും ആ ലക്ഷണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഗ്രാഫു രൂപത്തിലും മറ്റും നമുക്കു കാണിച്ചുതരികയും ചെയ്യുന്നുണ്ട്. നമ്മുടെയതേ രോഗമുള്ള മറ്റുള്ളവരുമായി അനുഭവങ്ങള്‍ പങ്കിടാന്‍ അവസരം തരുന്നവയുണ്ട്. ലഘുവായ പ്രശ്നങ്ങള്‍ക്ക് ആശുപത്രിയില്‍പ്പോവാതെ ശമനമുണ്ടാക്കാനും ചികിത്സാച്ചെലവു കുറയ്ക്കാനും തൊട്ടടുത്തെങ്ങും ചികിത്സാസൌകര്യങ്ങളില്ലാത്തവര്‍ക്കടക്കം അവിളംബം വിദഗ്ദ്ധസഹായം പ്രാപ്യമാക്കാനുമെല്ലാം ആപ്പുകള്‍ക്കാവുന്നുണ്ട്. നമുക്കുള്ള ലക്ഷണങ്ങള്‍ രേഖപ്പെടുത്തിയാല്‍ എന്താവാം അസുഖം, ഡോക്ടറെക്കാണേണ്ടതുണ്ടോ എന്നൊക്കെപ്പറഞ്ഞുതരുന്നവയും രംഗത്തുണ്ട്.
എന്നുവെച്ച് ആപ്പുകളെയെല്ലാം കണ്ണുമടച്ചങ്ങു വിശ്വസിക്കാനാവില്ല.
“ഐ.സി.യു.വില്‍ പകല്‍ ഞങ്ങളാരെങ്കിലും കയറിക്കാണുമ്പോഴോന്നും അമ്മൂമ്മക്ക് സംസാരത്തിനോ മെമ്മറിക്കോ ഒരു കുഴപ്പവും കണ്ടിട്ടില്ല. പക്ഷേ എന്നും മോണിംഗില്‍ ഡ്യൂട്ടി ഡോക്ടര്‍ പറയുന്നത് നൈറ്റുമുഴുവന്‍ ഓര്‍മക്കേടും പിച്ചുംപേയുംപറച്ചിലും ആയിരുന്നെന്നാ.”
“അച്ഛന് മൂത്രത്തില്‍പ്പഴുപ്പു തുടങ്ങിയാലത് എനിക്ക് പെട്ടെന്നു മനസ്സിലാവും. കാരണം അപ്പൊ അച്ഛന്‍ വല്ലാതെ മൌനിയാവും. എല്ലാം പതുക്കെമാത്രം ചെയ്യാനും പതിവിലേറെ ഉറങ്ങാനും തുടങ്ങും.”
“ഓപ്പറേഷന്‍ കഴിഞ്ഞു കിടന്നപ്പൊ അമ്മ മനുഷ്യനെ നാണംകെടുത്തിക്കളഞ്ഞു. ട്യൂബെല്ലാം പിടിച്ചുവലിക്കുക... ഉടുതുണി പറിച്ചുകളയുക... നഴ്സുമാരെ പച്ചത്തെറി വിളിക്കുക... എന്‍റെ തൊലിയുരിഞ്ഞുപോയി!”
മേല്‍വിവരിച്ച സംഭവങ്ങളോരോന്നും ഒറ്റനോട്ടത്തില്‍ വ്യത്യസ്തമെന്നു തോന്നാമെങ്കിലും അവ മൂന്നിലും വില്ലന്‍ ഒരേ പ്രശ്നമാണ് — ഡെലീരിയം. ശരീരത്തെ ബാധിക്കുന്ന വിവിധ കുഴപ്പങ്ങള്‍ തലച്ചോറിനെയാക്രമിച്ച് ഓര്‍മയിലും സ്ഥലകാലബോധത്തിലും പെരുമാറ്റത്തിലുമൊക്കെ പാകപ്പിഴകള്‍ സംജാതമാക്കുന്ന അവസ്ഥയെയാണ് ഈ പേരു വിളിക്കുന്നത്. ആശുപത്രികളില്‍ക്കിടക്കുന്നവരില്‍, പ്രധാനമായും ചില വിഭാഗങ്ങളില്‍, ഡെലീരിയം ഏറെ സാധാരണവുമാണ് (ബോക്സ് കാണുക). വെറുമൊരു “മാനസിക”പ്രശ്നമെന്നു വിളിച്ചോ പ്രായമായാല്‍ ഇങ്ങനെയൊക്കെയുണ്ടാവുമെന്നു ന്യായീകരിച്ചോ ഇതിനെയവഗണിക്കുന്നത് ബുദ്ധിയല്ല — പല മാരകരോഗങ്ങളും ആദ്യമായി സാന്നിദ്ധ്യമറിയിക്കുന്നത് ഡെലീരിയത്തിന്‍റെ രൂപത്തിലാവാം. ഡെലീരിയം നീണ്ടുപോയാല്‍ അത് സ്ഥായിയായ ഓര്‍മക്കുറവിനും ശാരീരിക പ്രശ്നങ്ങള്‍ മരുന്നുകള്‍ക്കു വഴങ്ങാതാവുന്നതിനും ആശുപത്രിവാസം നീളുന്നതിനും ചികിത്സാച്ചെലവു കൂടുന്നതിനും നിമിത്തമാവാമെന്നും മരണസാദ്ധ്യത പോലും ഉയര്‍ത്താമെന്നും പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതുകൊണ്ടൊക്കെത്തന്നെ, ഡെലീരിയത്തെ എങ്ങനെ തടയാം, എങ്ങനെ തിരിച്ചറിയാം, എങ്ങനെ നേരിടാം എന്നൊക്കെയറിഞ്ഞുവെക്കേണ്ടത് ഏവര്‍ക്കും അതിപ്രസക്തമാണ്.
പ്രമേഹം, പ്രത്യേകിച്ചത് അനിയന്ത്രിതമാവുമ്പോള്‍, കണ്ണുകളെയും കാലുകളെയും വൃക്കകളെയുമൊക്കെ തകരാറിലാക്കാമെന്നത് പൊതുവെ എല്ലാവര്‍ക്കുമറിയുന്ന കാര്യമാണ്. എന്നാല്‍ പ്രമേഹം മനസ്സിനെയും ബാധിക്കാമെന്നതിനെപ്പറ്റി പലരും അത്ര ബോധവാന്മാരല്ല.
വൈദ്യശാസ്ത്രവും അനുബന്ധ സാങ്കേതികവിദ്യകളും ഏറെ മുന്നേറിക്കഴിഞ്ഞ ഇക്കാലത്തും പ്രമേഹബാധിതരില്‍ മൂന്നിലൊന്നോളം പേര്‍ക്ക് മതിയാംവണ്ണം രോഗനിയന്ത്രണം പ്രാപ്യമാവുന്നില്ലെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആരോഗ്യവിഷയങ്ങളിലുള്ള വികലമായ കാഴ്ചപ്പാടുകള്‍, സ്വന്തം കഴിവുകളില്‍ വേണ്ടത്ര മതിപ്പില്ലായ്ക, വൈകാരിക പ്രശ്നങ്ങള്‍, സ്വന്തബന്ധങ്ങളുടെ പിന്തുണയുടെ അപര്യാപ്തത തുടങ്ങിയ മാനസിക ഘടകങ്ങള്‍ക്ക് പലരുടെയും പ്രമേഹനിയന്ത്രണത്തെ അവതാളത്തിലാക്കുന്നതില്‍ നല്ലൊരു പങ്കുണ്ടെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.