“ബാക്കിയെല്ലാറ്റിനും നല്ല ഉഷാറാണ്. ഫോണിന്‍റെയോ ടീവിയുടെയോ മുമ്പില്‍ എത്ര മണിക്കൂര്‍ വേണമെങ്കിലും ഇരുന്നോളും. പഠിക്കാനുള്ള പുസ്തകങ്ങള്‍ മാത്രം ഭയങ്കര അലര്‍ജി! വീട്ടിലുള്ള സമയത്ത് അതൊന്നും കൈ കൊണ്ടു തൊടുക പോലുമില്ല.” പല മാതാപിതാക്കളുടെയും ഒരു സ്ഥിരംപല്ലവിയാണ് ഇത്. ചീത്ത പറഞ്ഞും അടിച്ചും നന്നാക്കിയെടുക്കാന്‍ ശ്രമിച്ച്, അതിലും പരാജയപ്പെട്ട്, ഇനിയെന്ത് എന്നറിയാതെ ഉഴറുന്നവരുമുണ്ട്. കുട്ടികളില്‍ പഠനത്തോട് താല്‍പര്യം ഉളവാക്കാന്‍ ഉപയോഗപ്പെടുത്താവുന്ന കുറച്ചു വിദ്യകള്‍ പരിചയപ്പെടാം.
മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
കുട്ടികള്‍ സഹപാഠികളുടെയും മറ്റും ഭീഷണികളും പരിഹാസങ്ങളും അമിതമായി നേരിടേണ്ടിവരുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. “ബുള്ളിയിംഗ്” എന്ന ഈ പ്രവണതയെ നേരിടാന്‍ പഠിക്കാം.
പ്രായം: 4–12
1. ലൈംഗികാവയവങ്ങളെപ്പറ്റി കുട്ടികളോട് സംസാരിക്കാമോ? അപ്പോള്‍ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ?
ചെറിയ ആണ്‍കുട്ടികള്‍ക്ക് അവരുടേയും പെണ്‍കുട്ടികളുടേയും ലൈംഗികാവയവങ്ങളുടെ ശരിക്കുള്ള പേരുകള്‍ പറഞ്ഞുകൊടുക്കുക. ലൈംഗികത ഒളിച്ചുവെക്കേണ്ടതോ അറക്കേണ്ടതോ നാണിക്കേണ്ടതോ ആയൊരു കാര്യമാണെന്ന ധാരണ വളരാതിരിക്കാന്‍ ഇതു സഹായിക്കും. കുളിപ്പിക്കുമ്പോഴോ വസ്ത്രം അണിയിക്കുമ്പോഴോ മൂത്രമൊഴിപ്പിക്കുമ്പോഴോ പാവകള്‍ വെച്ചു കളിക്കുമ്പോഴോ ഒക്കെ ഇതു ചെയ്യാം. അതതു പ്രദേശങ്ങളിലെ നാടന്‍ പ്രയോഗങ്ങളോടൊപ്പം ലിംഗം, വൃഷണം, യോനി എന്നിങ്ങനെയുള്ള “അച്ചടി മലയാള”വാക്കുകളും പരിചയപ്പെടുത്തുക. ഡോക്ടര്‍മാരോടോ കൌണ്‍സലര്‍മാരോടോ ഒക്കെ സംസാരിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തതയോടെ പ്രകടിപ്പിക്കാന്‍ ഇതവരെ പ്രാപ്തരാക്കും.
ഫോണുകള്‍, ടാബുകള്‍, ലാപ്ടോപ്പുകള്‍, ഡെസ്ക്ടോപ്പുകള്‍, ടെലിവിഷന്‍ എന്നിങ്ങനെ നാനാതരം സ്ക്രീനുകള്‍ കുട്ടികള്‍ക്കിന്നു ലഭ്യമായുണ്ട്. അവയിലൊക്കെ കണ്ടുകൂട്ടുന്ന രംഗങ്ങള്‍ അവരെ നല്ലതും മോശവുമായ രീതിയില്‍ സ്വാധീനിക്കുന്നുമുണ്ട്. അക്കങ്ങളും അക്ഷരങ്ങളും പഠിക്കുവാന്‍തൊട്ട്, മത്സരപ്പരീക്ഷകള്‍ക്കു തയ്യാറെടുക്കാന്‍ വരെ അവ സഹായകമാണ്. കുട്ടികള്‍ സ്ക്രീനുകള്‍ക്കൊപ്പം ഒട്ടേറെ സമയം ചെലവിടുന്നുണ്ട് എന്നതിനാല്‍ അവര്‍ക്കു ലോകത്തെ പരിചയപ്പെടുത്താനും അവരെ സ്വാധീനിക്കാനും മാതാപിതാക്കളേക്കാളും അദ്ധ്യാപകരേക്കാളും അവസരം ഇപ്പോള്‍ ദൃശ്യമാദ്ധ്യമങ്ങള്‍ക്കു കിട്ടുന്നുണ്ട്. സിനിമയും സീരിയലുമൊക്കെ പല നല്ല കാര്യങ്ങളും കുട്ടികളെ മനസ്സിലാക്കിക്കുന്നുണ്ട് — നമ്മില്‍നിന്നു വ്യത്യസ്തരായ അനേകതരം ആളുകള്‍ ലോകത്തുണ്ട്, മുതിര്‍ന്നവരെ ബഹുമാനിക്കണം എന്നൊക്കെയുള്ള ഉള്‍ക്കാഴ്ചകള്‍ ഉദാഹരണമാണ്.
ദൃശ്യമാദ്ധ്യമങ്ങള്‍ക്കു പല ദൂഷ്യഫലങ്ങളും ഉണ്ടെന്നും തെളിഞ്ഞിട്ടുണ്ട്. അമിതവണ്ണം, വിഷാദം, ആത്മഹത്യാപ്രവണത, ലഹരിയുപയോഗം, ലൈംഗിക പരീക്ഷണങ്ങള്‍, പഠനത്തില്‍ പിന്നാക്കമാകല്‍ എന്നിവയാണ് അതില്‍ പ്രധാനം. അക്കൂട്ടത്തില്‍ കുടുബങ്ങളുടെ സവിശേഷശ്രദ്ധ അര്‍ഹിക്കുന്ന ഒരു പ്രശ്നമാണ് ദൃശ്യമാദ്ധ്യമങ്ങള്‍ ഉളവാക്കുന്ന അക്രമാസക്തത. സീരിയലുകള്‍, കാര്‍ട്ടൂണുകള്‍, സിനിമകള്‍, മ്യൂസിക് വീഡിയോകള്‍, ഗെയിമുകള്‍, സാമൂഹ്യ മാദ്ധ്യമങ്ങള്‍, വെബ്സൈറ്റുകള്‍ തുടങ്ങിയവയില്‍ അക്രമദൃശ്യങ്ങള്‍ സര്‍വസാധാരണമാണ്. അവ കുഞ്ഞുമനസ്സുകളില്‍ പല ദുസ്സ്വാധീനങ്ങളും ചെലുത്തുന്നുമുണ്ട്.
അവരോട് അച്ഛനമ്മമാര്‍ പെരുമാറുന്നതും ഇടപഴകുന്നതും എത്തരത്തിലാണെന്നതിനു കുട്ടികളുടെ വളര്‍ച്ചയില്‍ സാരമായ സ്വാധീനമുണ്ട്. ഉദാഹരണത്തിന്, കുട്ടികളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാനും സമുചിതം പ്രതികരിക്കാനും ഏറെ ശ്രദ്ധപുലര്‍ത്താറുള്ളവരുടെ മക്കള്‍ക്കു നല്ല സുരക്ഷിതത്വബോധമുണ്ടാകും; അതവര്‍ക്കു ഭാവിയില്‍ സ്വയംമതിപ്പോടെ വ്യക്തിബന്ധങ്ങളിലേര്‍പ്പെടാനുള്ള പ്രാപ്തി കൊടുക്കുകയും ചെയ്യും. മറുവശത്ത്, കുട്ടികളെ വേണ്ടത്ര പരിഗണിക്കാതെ തക്കംകിട്ടുമ്പോഴൊക്കെ മൊബൈലില്‍ക്കുത്താന്‍ തുനിയുകയെന്ന ചില മാതാപിതാക്കളുടെ ശീലം മക്കള്‍ക്കു പല ദുഷ്ഫലങ്ങളുമുണ്ടാക്കുന്നുമുണ്ട്. വിവിധ നാടുകളിലായി ഈ വിഷയത്തില്‍ നടന്നുകഴിഞ്ഞ പഠനങ്ങളുടെ ഒരവലോകനം ‘കമ്പ്യൂട്ടേഴ്സ് ഇന്‍ ഹ്യൂമന്‍ ബിഹേവിയര്‍’ എന്ന ജേര്‍ണല്‍ ജൂണില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. അതിന്‍റെ മുഖ്യകണ്ടെത്തലുകള്‍ പരിചയപ്പെടാം.
“വിത്തു നന്നായാല്‍ വിളവുനന്നാം ഗുണ-
മെത്താത്ത പാഴുകണ്ടത്തില്‍ പോലും
ഉത്തമമായ നിലത്തില്‍ വീഴും വിത്തു
സത്തല്ലെന്നാലും ഫലം നന്നാവാം!”
- കുമാരനാശാന്‍
കുട്ടികള്‍ക്ക് എത്രത്തോളം ബുദ്ധിയുണ്ടാകും, മുതിരുമ്പോള്‍ അവരുടെ വ്യക്തിത്വം എത്തരത്തിലുള്ളതാകും എന്നതൊക്കെ നിര്‍ണയിക്കുന്നത് മാതാപിതാക്കളില്‍നിന്ന് അവര്‍ക്കു കിട്ടുന്ന ജീനുകളാണോ? അതോ, അവര്‍ക്കു ലഭിക്കുന്ന ജീവിതസാഹചര്യങ്ങളും പഠനസൌകര്യങ്ങളും സൌഹൃദങ്ങളും മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയുമൊക്കെ പ്രോത്സാഹനങ്ങളും ശിക്ഷകളുമൊക്കെയോ? ഒരു നൂറ്റാണ്ടിലേറെയായി മനശ്ശാസ്ത്രഗവേഷകരും വിദ്യാഭ്യാസവിദഗ്ദ്ധരും മാതാപിതാക്കളുമൊക്കെ ഏറെ തലപുകഞ്ഞിട്ടുള്ളൊരു വിഷയമാണിത്. വിവിധ മനോഗുണങ്ങളുടെ രൂപീകരണത്തില്‍ ജീനുകള്‍ക്കും ജീവിത സാഹചര്യങ്ങള്‍ക്കുമുള്ള സ്വാധീനം പഠനവിധേയമാക്കുന്ന ശാസ്ത്രശാഖയ്ക്ക് ‘ബീഹേവിയെറല്‍ ജിനെറ്റിക്സ്’ എന്നാണു പേര്.
“ടെക്നോളജി കുട്ടികളെയുപദ്രവിക്കില്ല; അതു ചെയ്യുന്നത് മനുഷ്യന്മാരാണ്.” — ജോണ്‍സ് എന്ന ഗവേഷകന്‍
നമ്മുടെ കേരളത്തിലെ ചില സമീപകാലവാര്‍ത്തകള്‍:
"ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍. പ്ലസ് റ്റു പരീക്ഷക്കു ശേഷം കുട്ടി വീട്ടില്‍ തിരികെയെത്തിയിരുന്നില്ല.”
“ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെത്തേടി രാത്രിയില്‍ വീട്ടിലെത്തിയ മൂന്നു യുവാക്കള്‍ പിടിയില്‍.”
“പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഇരുപത്താറുകാരിയെ അറസ്റ്റ് ചെയ്തു. ചാറ്റിംഗിലൂടെ പരിചയപ്പെട്ട വിദ്യാര്‍ത്ഥിയെ വശീകരിച്ചാണ് യുവതി പീഡിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു.”
പ്രായപൂര്‍ത്തിയായിട്ടില്ലാത്തവരെ നെറ്റു വഴി പരിചയപ്പെടുകയും വശീകരിക്കുകയും ലൈംഗികചൂഷണത്തിനിരയാക്കുകയും ചെയ്യുന്ന ഇതുപോലുള്ള സംഭവങ്ങള്‍ നിത്യേനയെന്നോണം പുറത്തുവരുന്നുണ്ട്. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2015-16 കാലയളവില്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട ഇത്തരം കേസുകളുടെയെണ്ണം 1,540 ആണ്.
ഓരോ വര്‍ഷവും ഏപ്രില്‍ രണ്ട് ‘ഓട്ടിസം എവയെര്‍നസ് ഡേ’ (ഓട്ടിസം എന്ന രോഗത്തെപ്പറ്റി അറിവു വ്യാപരിപ്പിക്കാനുള്ള ദിനം) ആയി ആചരിക്കപ്പെടുന്നുണ്ട്. രണ്ടായിരത്തിയെട്ടിലാണ്, ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശപ്രകാരം, ഈ രീതിക്ക് ആരംഭമായത്.
എന്താണ് ഓട്ടിസം?
കുട്ടികളെ അവരുടെ ജനനത്തോടെയോ ജീവിതത്തിന്‍റെ ആദ്യമാസങ്ങളിലോ പിടികൂടാറുള്ള ഒരസുഖമാണത്. മാനസികവും ബൌദ്ധികവുമായ വളര്‍ച്ചയെ സ്വാധീനിക്കുന്ന ഓട്ടിസം മുഖ്യമായും താറുമാറാക്കാറുള്ളത് മറ്റുള്ളവരുമായുള്ള ഇടപഴകല്‍, ആശയവിനിമയം, പെരുമാറ്റങ്ങള്‍, വ്യക്തിപരമായ താല്‍പര്യങ്ങള്‍ എന്നീ മേഖലകളെയാണ്. നൂറിലൊരാളെ വെച്ച് ഈയസുഖം ബാധിക്കുന്നുണ്ട്. ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ഒരു രോഗമാണ് ഇതെങ്കിലും മരുന്നുകളും മനശ്ശാസ്ത്രചികിത്സകളും ശാസ്ത്രീയ പരിശീലനങ്ങളും ആവശ്യാനുസരണം ഉപയോഗപ്പെടുത്തിയാല്‍ നല്ലൊരു ശതമാനം രോഗികള്‍ക്കും മിക്ക ലക്ഷണങ്ങള്‍ക്കും ഏറെ ശമനം കിട്ടാറുണ്ട്.
കൊച്ചുകുട്ടികള്‍ക്കു വേണ്ടിയുള്ള ആപ്പുകളും ഡിവൈസുകളുമൊക്കെ നാട്ടുനടപ്പായിരിക്കയാണ്. എട്ടുവയസ്സിനു താഴെയുള്ള കുട്ടികളുടെ മാതാപിതാക്കളായ ആയിരത്തിയിരുന്നൂറോളം ഇന്ത്യക്കാരില്‍ നടത്തപ്പെട്ട സര്‍വേയുടെ സെപ്തംബറില്‍ പുറത്തുവന്ന ഫലം വ്യക്തമാക്കിയത്, എഴുപതു ശതമാനത്തോളം പേര്‍ കുട്ടികളെപ്പഠിപ്പിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയുക്തമാക്കുന്നുണ്ടെന്നും ഇരുപതുശതമാനത്തോളം പേര്‍ കുട്ടികള്‍ക്കു സ്വന്തമായി ഡിവൈസുകള്‍ കൊടുത്തിട്ടുണ്ടെന്നുമാണ്. കുട്ടികളെ പഠിപ്പിക്കാന്‍ ടാബ്, സ്മാര്‍ട്ട്ഫോണാദികള്‍ ഉപയോഗപ്പെടുത്തുന്ന മാതാപിതാക്കള്‍ ശ്രദ്ധചെലുത്തേണ്ട കാര്യങ്ങള്‍ വല്ലതുമുണ്ടോ? ഈ വിഷയത്തില്‍ ഇതുവരെ നടന്ന ഗവേഷണങ്ങളുടെയെല്ലാം ഒരവലോകനം ‘പിഡിയാട്രിക് ക്ലിനിക്സ് ഓഫ് നോര്‍ത്ത് അമേരിക്ക’ എന്ന ജേര്‍ണല്‍ ഒക്ടോബറില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. അതു വെളിപ്പെടുത്തിയ ചില വസ്തുതകളിതാ:
“സ്‌കൂള്‍വിദ്യാര്‍ത്ഥിനികളെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് പീഡിപ്പിച്ചു”, “ഫേസ്ബുക്ക് സൌഹൃദത്തിന്‍റെ മറവില്‍ പെണ്‍കുട്ടിക്കു പീഡനം” എന്നൊക്കെയുള്ള ശീര്‍ഷകങ്ങള്‍ ചെറുപ്രായക്കാരിലും മാതാപിതാക്കളിലും പൊതുസമൂഹത്തിലും ഭയാശങ്കകളിട്ട് നമ്മുടെ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇത്തരം കെണികള്‍ ഒരുക്കുന്നതും അവയില്‍ക്കുരുങ്ങുന്നതും എങ്ങിനെയുള്ളവരാണ് എന്നതിനെപ്പറ്റി വിവിധ രാജ്യങ്ങളില്‍ നടന്ന പഠനങ്ങള്‍ പ്രസക്തവും അപ്രതീക്ഷിതവുമായ പല ഉള്‍ക്കാഴ്ചകളും വെളിപ്പെടുത്തിയിട്ടുണ്ട്.