മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
ചൂതാട്ടക്കമ്പം ഓണ്‍ലൈന്‍
“നെറ്റിലെ ചൂതാട്ടം യുവതിക്ക് നാല്‍പതുലക്ഷത്തോളം രൂപ കടമുണ്ടാക്കി”, “ഓണ്‍ലൈന്‍ ചൂതാട്ടം വരുത്തിവെച്ച സാമ്പത്തികപ്രശ്നത്താല്‍ യുവാവ് കെട്ടിടത്തില്‍നിന്നു ചാടിമരിച്ചു” എന്നൊക്കെയുള്ള വിദേശവാര്‍ത്തകള്‍ നമ്മുടെ മാധ്യമങ്ങളിലും ഇടംപിടിക്കാറുണ്ട്. ഓണ്‍ലൈന്‍ ചൂതാട്ടവും അതിന്‍റെ പ്രത്യാഘാതങ്ങളും ഇന്നുപക്ഷേയൊരു വിദൂരപ്രതിഭാസമേയല്ല — എറണാകുളം ജില്ലയിലെ 58 കോളേജുകളിലെ 5,784 വിദ്യാര്‍ത്ഥികളില്‍ നടത്തിയ, ‘ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സൈക്ക്യാട്രി ഓപ്പണ്‍’ എന്ന ജേര്‍ണലിന്‍റെ മേയ് ലക്കത്തില്‍ വന്ന പഠനം ഓണ്‍ലൈന്‍ ചൂതാട്ടം അഡിക്ഷനായിക്കഴിഞ്ഞ മുപ്പത്തിരണ്ടും നെറ്റില്‍ ചൂതാടാറുള്ള വേറെയും ഇരുപത്തിരണ്ടും പേര്‍ അക്കൂട്ടത്തിലുണ്ടെന്നു കണ്ടെത്തുകയുണ്ടായി.
ഗാംബ്ലിംഗ്ഫെസ്റ്റ് 24x7
നാനാതരം ചീട്ടുകളികള്‍, വിദേശകാസിനോകളില്‍ മാത്രം മുമ്പു ലഭ്യമായിരുന്ന തരം ലക്കിഗെയിമുകള്‍, കായികമത്സരങ്ങളിലെയും മറ്റും വിജയികളെപ്പറ്റിയുള്ള വാതുവെപ്പുകള്‍ എന്നുതുടങ്ങി അനേകയിനം ചൂതാട്ടങ്ങള്‍ നെറ്റിലിന്നു സുലഭമാണ്. എപ്പോഴുമെവിടെയുംനിന്നു പ്രാപ്യമാണ്, പേരും മറ്റു തിരിച്ചറിയല്‍വിവരങ്ങളുമൊന്നും വെളിപ്പെടുത്തണമെന്നില്ല, പന്തയഫലങ്ങള്‍ മിക്കപ്പോഴും ഉടനടിയറിയാം എന്നതൊക്കെ നെറ്റില്‍ ചൂതാട്ടത്തെ സുഗമമാക്കുകയും അതിനവിടെ അഡിക്ഷന്‍ സാദ്ധ്യത കൂട്ടുകയും ചെയ്യുന്നുണ്ട്. എത്ര ഭീമമായ തുകയും നിഷ്പ്രയാസം എറിഞ്ഞുകളിക്കാം, ക്രെഡിറ്റ്കാര്‍ഡോ നെറ്റ്ബാങ്കിങ്ങോ ഉപയോഗിക്കുമ്പോള്‍ ഇറക്കുന്ന പണത്തിന്‍റെ മൂല്യത്തെപ്പറ്റി വലിയ ഗൌരവം മനസ്സിലുദിച്ചേക്കില്ല, മദ്യത്തിന്‍റെയോ മറ്റോ ലഹരിയില്‍, ചിന്തയും ബുദ്ധിയും നേരെനില്‍ക്കാത്തപ്പോള്‍, ചൂതാടാനിറങ്ങിയാലും തടയാനാരുമുണ്ടായേക്കില്ല എന്നതൊക്കെ ഓണ്‍ലൈന്‍ ചൂതാട്ടത്തെ കൂടുതല്‍ വിനാശകരമാക്കുന്നുമുണ്ട്.
കൂടുതലും കുടുങ്ങുന്നത്
പുരുഷന്മാരാണ് 32 ചൂതാട്ടസൈറ്റുകളിലെ 1,119 മെമ്പര്‍മാരില്‍ എണ്‍പതിലധികം ശതമാനവുമെന്ന് ഒരു പഠനം കണ്ടെത്തി. ജീവിതപങ്കാളിയില്ലാത്തവരും തനിച്ചു കഴിയുന്നവരും രോഗമോ വല്ല വൈകല്യവുമോ നിമിത്തം വീട്ടില്‍ത്തന്നെയിരിക്കുന്നവരും നെറ്റില്‍ ചൂതാടാന്‍ സാദ്ധ്യതയേറെയാണ്. കൌമാരക്കാര്‍ക്കും എടുത്തുചാട്ടക്കാര്‍ക്കും “കുറേയെണ്ണം തോറ്റ നിലക്ക് ഇനിയുള്ളവ ജയിക്കാനാണു ചാന്‍സ്”, “കുറച്ചെണ്ണം കൈപ്പിടിയിലായാല്‍പ്പിന്നെ തുടര്‍ന്നുള്ളവയും അങ്ങിനെയേ ആവൂ” എന്നൊക്കെയുള്ള, അടിസ്ഥാനമില്ലാത്ത, ധാരണകള്‍ക്കു വശംവദരാവുന്നവര്‍ക്കും ഓണ്‍ലൈന്‍ ചൂതാട്ടം അഡിക്ഷനിലേക്കു വളരാന്‍ സാദ്ധ്യതയധികമുണ്ട്. പുരോഗമിച്ചുകൊണ്ടിരിക്കുന്നൊരു കായികമത്സരത്തിലെ വിവിധ പരിണതികളെപ്പറ്റി വീണ്ടുംവീണ്ടും വാതുവെയ്ക്കാന്‍ അവസരമൊരുക്കുന്ന സൈറ്റുകള്‍ അതിശീഘ്രം അഡിക്ഷന്‍ രൂപപ്പെടുത്താമെന്നും സൂചനകളുണ്ട്.
കൌമാരക്കാര്‍ക്കുള്ള ചൂണ്ടകള്‍
ചൂതാട്ടം ഉള്‍പ്പെടുന്ന, എന്നാല്‍ പണമിറക്കാതെ കളിക്കാവുന്ന, ഡിജിറ്റല്‍ ഗെയിമുകള്‍ പലതും കൌമാരക്കാര്‍ക്കിടയില്‍ ഹിറ്റാണ്. ചിലര്‍ക്കെങ്കിലും പക്ഷേ അവ അസ്സല്‍ ചൂതാട്ടത്തിലേക്കൊരു ചവിട്ടുപടിയാവാം. അത്തരം ഗെയിമുകള്‍ ജയിക്കുന്നയത്ര അനായാസകരമായി ചൂതാട്ടത്തിലും വിജയിക്കാമെന്ന മൂഢധാരണയുണരുന്നതും ചൂതാട്ടസൈറ്റുകളുടെ പരസ്യങ്ങളില്‍ ചെന്നുമുട്ടാന്‍ വഴിയൊരുങ്ങുന്നതുമൊക്കെക്കൊണ്ടാണിത്.
കളി കാര്യമാവുമ്പോള്‍
ചൂതാട്ടം ഒരഡിക്ഷനായി മാറി രോഗാവസ്ഥയിലേക്കു വഴുതിയാലതിന് “ഗാംബ്ലിംഗ് ഡിസോര്‍ഡര്‍” എന്നാണു പേര്. താഴെക്കൊടുത്തതില്‍ നാലു ലക്ഷണങ്ങള്‍, നെറ്റിലാണെങ്കിലും പുറത്താണെങ്കിലും, പ്രകടമാക്കുന്നവര്‍ക്ക് ഈയസുഖമാവാമെന്ന് മനോരോഗങ്ങളുടെ നിര്‍വചനപ്പട്ടികകളില്‍ ഏറ്റവും പുതുതായ അമേരിക്കന്‍ സൈക്ക്യാട്രിക്ക് അസോസിയേഷന്‍റെ DSM-5 പറയുന്നു:
- മുന്‍കാലങ്ങളിലേതിനെക്കാളും കാശിറക്കിയാലേ തക്ക സംതൃപ്തികിട്ടൂവെന്നു വരിക
- ചൂതാട്ടത്തെപ്പറ്റി എപ്പോഴുമാലോചിക്കുക
- പലയാവര്‍ത്തി ശ്രമിച്ചാലും ചൂതാട്ടം നിയന്ത്രിക്കാനാവാതിരിക്കുക
- അതിനു ശ്രമിക്കുമ്പോഴൊക്കെ ദേഷ്യവും അസ്വസ്ഥതയുമെല്ലാം തലപൊക്കുക
- ചൂതാട്ടത്തെ മനോവൈഷമ്യങ്ങള്‍ക്കൊരു മരുന്നായുപയോഗിക്കുക
- ഏറെ പണം കൈമോശം വന്നാലും അതൊക്കെ തിരിച്ചുപിടിക്കാമെന്ന വ്യാമോഹവുംവെച്ച് പിന്നെയും ചൂതാടാനിറങ്ങുക
- എന്തുമാത്രം സമയവും സമ്പത്തും ചൂതാട്ടത്തിനു തുലയ്ക്കുന്നുവെന്നതിനെപ്പറ്റി ബന്ധുമിത്രാദികളോടു കള്ളം പറയേണ്ടി വരിക
- തൊഴിലിലും ബന്ധങ്ങളിലുമൊക്കെ ചൂതാട്ടത്താല്‍ പ്രശ്നങ്ങളും നഷ്ടങ്ങളുമുണ്ടാവുക
- ചൂതാട്ടം സൃഷ്ടിക്കുന്ന സാമ്പത്തികക്ലേശം പരിഹരിക്കാന്‍ പരസഹായം തേടേണ്ടിവരിക.
ഇതിനു പുറമെ, ചൂതാട്ടത്തിനു സമയം കിട്ടാന്‍ ദിനചര്യകളെ പുനക്രമീകരിക്കുക, ഒട്ടനവധി ഓണ്‍ലൈന്‍ അക്കൌണ്ടുകള്‍ ചൂതാട്ടത്തിനായിത്തുടങ്ങുക, സുരക്ഷിതമല്ലാത്ത സൈറ്റുകളില്‍പ്പോലും സാമ്പത്തികയിടപാടുകള്‍ നടത്തുക, ജയിക്കുമ്പോള്‍ അത്യാനന്ദവും തോല്‍ക്കുമ്പോള്‍ തീവ്രദുഃഖവും തോന്നുക, ലാഭങ്ങളെപ്പറ്റി ഗര്‍വോടെയും എന്നാല്‍ നഷ്ടങ്ങളെപ്പറ്റി തൃണവല്‍ക്കരിച്ചും സംസാരിക്കുക തുടങ്ങിയവയും ഗാംബ്ലിംഗ് ഡിസോര്‍ഡറിന്‍റെ ഭാഗമാവാം. ഈ രോഗം പിടിപെട്ടവരുടെ ഒളിച്ചുകളികള്‍ പങ്കാളികളില്‍ അവര്‍ക്കു രഹസ്യബന്ധങ്ങള്‍ വല്ലതുമുണ്ടോയെന്നു സംശയം ജനിപ്പിക്കുക പോലും ചെയ്യാം.
പല ദുഷ്പ്രത്യാഘാതങ്ങള്‍ക്കും ഈ രോഗം ഇടയൊരുക്കാറുമുണ്ട്. വിഷാദം, ഉത്ക്കണ്ഠാരോഗങ്ങള്‍, ലഹരിയുപയോഗം, ആത്മഹത്യ, കുടുംബപ്രശ്നങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍, കുടുംബാംഗങ്ങളുടെ മാനസികസമ്മര്‍ദ്ദം എന്നിവയതില്‍പ്പെടുന്നു.
പ്രതിവിധികള്‍
- ചൂതാട്ടം ഒരു പ്രശ്നത്തിലേക്കു വളര്‍ന്നുകഴിഞ്ഞെന്ന് സ്വയം സമ്മതിക്കുക. അക്കാര്യം അടുപ്പമുള്ള ആരോടെങ്കിലും തുറന്നുപറയുക. ചൂതാട്ടത്തിലേക്കു വീണ്ടും മടങ്ങാന്‍ ത്വരയുണരുമ്പോഴൊക്കെ അവരുടെ സഹായം തേടുകയോ അനാരോഗ്യകരമല്ലാത്ത മറ്റെന്തെങ്കിലും ചെയ്തികളിലേക്കു മനസ്സു തിരിക്കുകയോ ചെയ്യുക.
- ഒരു പ്രാവശ്യം കൂടി ചൂതാട്ടത്തിനിറങ്ങിയാല്‍ പോയ കാശൊക്കെത്തിരിച്ചുപിടിക്കാമെന്ന പതിവു മനപ്പായസം അടിസ്ഥാനരഹിതമാണെന്നു സ്വയമോര്‍മിപ്പിക്കുക.
- സാമ്പത്തികപ്രശ്നങ്ങള്‍ക്കുള്ള കാര്യക്ഷമവും സുരക്ഷിതവുമായ പരിഹാരങ്ങള്‍ ആ മേഖലയില്‍ അവഗാഹമുള്ളവരോട് ആരാഞ്ഞറിയുക.
- ചൂതാട്ടത്തിലേക്ക് പല തവണ തിരിച്ചുപോവുന്നെങ്കിലോ വിഷാദമോ ഉത്ക്കണ്ഠയോ കടുത്ത മാനസികസമ്മര്‍ദ്ദമോ നേരിടേണ്ടിവരുന്നെങ്കിലോ വിദഗ്ദ്ധസഹായം തേടുക — നാല്‍ട്രെക്സോണ്‍, ഫ്ലുവോക്സമിന്‍ തുടങ്ങിയ മരുന്നുകളും സി.ബി.റ്റി., ബിഹേവിയര്‍ തെറാപ്പി തുടങ്ങിയ മനശ്ശാസ്ത്ര ചികിത്സകളും ഗാംബ്ലിംഗ് ഡിസോര്‍ഡറിനു ഫലപ്രദമാണ്.
(2016 നവംബര്‍ ലക്കം മാതൃഭൂമി ആരോഗ്യമാസികയിലെ Mind.Com എന്ന കോളത്തില്‍ പ്രസിദ്ധീകരിച്ചത്)
{xtypo_alert}ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.{/xtypo_alert}
When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.