മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

മനസ്സ് മദ്ധ്യവയസ്സില്‍

“മദ്ധ്യവയസ്സ്, നിങ്ങളുടെ കാഴ്ചപ്പാടുപോലെ, ഒരു പരീക്ഷണഘട്ടമോ ശുഭാവസരമോ ആകാം.” - കാതറീന്‍ പള്‍സിഫര്‍

യൌവനത്തിനും വാര്‍ദ്ധക്യത്തിനും ഇടയ്ക്കുള്ള ഘട്ടമാണു മദ്ധ്യവയസ്സ്. നാല്പതു തൊട്ട് അറുപതോ അറുപത്തഞ്ചോ വരെ വയസ്സുകാരെയാണ് പൊതുവെ ഈ ഗണത്തില്‍പ്പെടുത്താറ്. എന്നാല്‍, ബാല്യകൌമാരങ്ങളെ അപേക്ഷിച്ച്, മദ്ധ്യവയസ്സു നിര്‍വചിക്കുമ്പോള്‍ കേവലം പ്രായം മാത്രമല്ല, മറിച്ച് ജീവിതത്തില്‍ എവിടെ നില്‍ക്കുന്നു എന്നതും പരിഗണിക്കാറുണ്ട് — വിവാഹം, കുട്ടികളുണ്ടാകുന്നത്, മക്കള്‍ വീടൊഴിയുന്നത്, കൊച്ചുമക്കള്‍ ജനിക്കുന്നത് തുടങ്ങിയവ ഓരോരുത്തരുടെയും ജീവിതത്തില്‍ സംഭവിക്കുക ഏറെ വ്യത്യസ്തമായ പ്രായങ്ങളിലാകാമല്ലോ. ആരോഗ്യം ക്ഷയിച്ചുതുടങ്ങുന്നതു വരെയുള്ള പ്രായത്തെ മദ്ധ്യവയസ്സായി പരിഗണിക്കുന്ന രീതിയും ഉണ്ട്. അതുകൊണ്ടൊക്കെത്തന്നെ, മുപ്പതു മുതല്‍ എഴുപത്തഞ്ചു വരെയുള്ള പ്രായത്തെയും മദ്ധ്യവയസ്സെന്നു കൂട്ടാറുണ്ട്.

മറ്റു ജീവിതഘട്ടങ്ങളുടേതില്‍നിന്നു വിഭിന്നമായി, മദ്ധ്യവയസ്സിനെക്കുറിച്ചുള്ള മനശ്ശാസ്ത്ര ഗവേഷണങ്ങള്‍ സജീവമായത് പതിറ്റാണ്ടുകള്‍ മുമ്പു മാത്രമാണ്. ഈ പ്രായക്കാര്‍ താരതമ്യേന “പ്രശ്നക്കാര്‍” അല്ലെന്നതാണ് അതിനൊരു കാരണമായത്.

Continue reading
  1521 Hits

മറവി ക്ലേശിപ്പിക്കാത്ത വാര്‍ദ്ധക്യത്തിന്

ജനനനിരക്കു കുറയുന്നതിനാലും ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുന്നതിനാലും, പ്രായമായവരുടെയെണ്ണം ലോകമെങ്ങും കൂടുകയാണ്. അറുപതു തികഞ്ഞവര്‍ ലോകത്ത് 2019-ല്‍ നൂറു കോടിയായിരുന്നെങ്കില്‍ 2050-ഓടെ അതിന്‍റെയിരട്ടിയാകുമെന്നാണു സൂചനകള്‍. അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ യുവാക്കളും മദ്ധ്യവയസ്കരും ആരോഗ്യപൂര്‍ണമായൊരു വാര്‍ദ്ധക്യത്തിനു തയ്യാറെടുക്കേണ്ടത് വ്യക്തിഗതമായും പൊതുജനാരോഗ്യ പരിപ്രേക്ഷ്യത്തിലും സുപ്രധാനമാണ്.

Continue reading
  2365 Hits

വയസ്സേറുന്നേരം മനസ്സിനെക്കാക്കാം

“ഇന്നു ചെയ്യുന്ന കാര്യങ്ങളാണു നിങ്ങളുടെ ഭാവി നിര്‍ണയിക്കുന്നത്” – മഹാത്മാഗാന്ധി

വാര്‍ദ്ധക്യം മനസ്സിലും തലച്ചോറിലും ശരീരത്തിലും ചെലുത്തുന്ന മാറ്റങ്ങള്‍ പല മാനസികവൈഷമ്യങ്ങള്‍ക്കും ഹേതുവാകാറുണ്ട്. ഏകാന്തതയും വിഷാദവും ഓര്‍മപ്രശ്നങ്ങളുമാണ് ഇതില്‍ പ്രധാനികള്‍. മുന്‍കൂട്ടി ആസൂത്രണം ചെയ്തും ജീവിതശൈലി പരിഷ്കരിച്ചും പലപ്പോഴും ഇവയെ പ്രതിരോധിക്കാനാകും.

Continue reading
  2239 Hits

സന്തോഷംകൊണ്ടു കിട്ടുന്ന സൌഭാഗ്യങ്ങള്‍

ആരോഗ്യത്തിനു പ്രാധാന്യം കല്പിക്കുന്നവര്‍ ആഹാരത്തിലും വ്യായാമത്തിലും പൊതുവെ നന്നായി ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ പലരും കാര്യമായി ഗൌനിക്കാത്ത ഒരു വശമാണ്, മാനസികസ്ഥിതിക്ക് നമ്മുടെ ആരോഗ്യത്തിലും ആയുസ്സിന്മേലും നല്ലൊരു സ്വാധീനം ഉണ്ടെന്നത്. മനസ്സന്തോഷത്തോടെ കഴിയുന്നവര്‍ക്ക് അതുകൊണ്ട് ശാരീരികവും മാനസികവുമായ ഏറെ ഗുണഫലങ്ങള്‍ കിട്ടുന്നുണ്ട്. ഇതു മുഖ്യമായും താഴെപ്പറയുന്ന മേഖലകളിലാണ്.

Continue reading
  2243 Hits

അല്‍ഷൈമേഴ്സ് രോഗം മുന്‍കൂട്ടിയറിയാം

ഒരറുപതുവയസ്സു കഴിയുന്നതോടെ ഒട്ടേറെപ്പേരെ പിടികൂടാറുള്ളൊരു രോഗമാണ് അല്‍ഷൈമേഴ്സ് ഡെമന്‍ഷ്യ. ഓര്‍മശക്തിയും വിവിധ കാര്യങ്ങള്‍ക്കുള്ള കഴിവുകളും നഷ്ടമാവുകയാണതിന്റെ മുഖ്യലക്ഷണം. അങ്ങിനെ സംഭവിക്കുന്നത് തലച്ചോറിലെ കോശങ്ങള്‍ കുറേശ്ശെക്കുറേശ്ശെയായി നശിക്കുന്നതിനാലുമാണ്. വഷളാവുന്നതിനു മുമ്പേതന്നെ രോഗം തിരിച്ചറിയുകയും ചികിത്സയെടുക്കുകയും ചെയ്താലത് രോഗിക്കും കൂടെ ജീവിക്കുന്നവര്‍ക്കും പിന്നീടു നേരിടേണ്ടിവരാവുന്ന കഷ്ടതകള്‍ക്ക് ഏറെ ആശ്വാസമാവും. ദൌര്‍ഭാഗ്യവശാല്‍, ഈ രോഗം പിടിപെടുന്നവര്‍ ആദ്യമൊക്കെ പ്രകടമാക്കുന്ന ലക്ഷണങ്ങള്‍ മിക്കപ്പോഴും പ്രായസഹജമായ ബലഹീനതകള്‍ മാത്രമായി തെറ്റിദ്ധരിക്കപ്പെട്ടുപോവാറുണ്ട്. അല്‍ഷൈമേഴ്സിന്റെ ആരംഭവും വാര്‍ദ്ധക്യസഹജമായ ഓര്‍മപ്പിശകുകളും തമ്മിലുള്ള പത്തു വ്യത്യാസങ്ങള്‍ പരിചയപ്പെടാം:

Continue reading
  6888 Hits

ഡെലീരിയം തിരിച്ചറിയാതെപോവരുത്

“ഐ.സി.യു.വില്‍ പകല്‍ ഞങ്ങളാരെങ്കിലും കയറിക്കാണുമ്പോഴോന്നും അമ്മൂമ്മക്ക് സംസാരത്തിനോ മെമ്മറിക്കോ ഒരു കുഴപ്പവും കണ്ടിട്ടില്ല. പക്ഷേ എന്നും മോണിംഗില്‍ ഡ്യൂട്ടി ഡോക്ടര്‍ പറയുന്നത് നൈറ്റുമുഴുവന്‍ ഓര്‍മക്കേടും പിച്ചുംപേയുംപറച്ചിലും ആയിരുന്നെന്നാ.”
 “അച്ഛന് മൂത്രത്തില്‍പ്പഴുപ്പു തുടങ്ങിയാലത് എനിക്ക് പെട്ടെന്നു മനസ്സിലാവും. കാരണം അപ്പൊ അച്ഛന്‍ വല്ലാതെ മൌനിയാവും. എല്ലാം പതുക്കെമാത്രം ചെയ്യാനും പതിവിലേറെ ഉറങ്ങാനും തുടങ്ങും.”
“ഓപ്പറേഷന്‍ കഴിഞ്ഞു കിടന്നപ്പൊ അമ്മ മനുഷ്യനെ നാണംകെടുത്തിക്കളഞ്ഞു. ട്യൂബെല്ലാം പിടിച്ചുവലിക്കുക... ഉടുതുണി പറിച്ചുകളയുക... നഴ്സുമാരെ പച്ചത്തെറി വിളിക്കുക... എന്‍റെ തൊലിയുരിഞ്ഞുപോയി!”

മേല്‍വിവരിച്ച സംഭവങ്ങളോരോന്നും ഒറ്റനോട്ടത്തില്‍ വ്യത്യസ്തമെന്നു തോന്നാമെങ്കിലും അവ മൂന്നിലും വില്ലന്‍ ഒരേ പ്രശ്നമാണ് — ഡെലീരിയം. ശരീരത്തെ ബാധിക്കുന്ന വിവിധ കുഴപ്പങ്ങള്‍ തലച്ചോറിനെയാക്രമിച്ച് ഓര്‍മയിലും സ്ഥലകാലബോധത്തിലും പെരുമാറ്റത്തിലുമൊക്കെ പാകപ്പിഴകള്‍ സംജാതമാക്കുന്ന അവസ്ഥയെയാണ് ഈ പേരു വിളിക്കുന്നത്. ആശുപത്രികളില്‍ക്കിടക്കുന്നവരില്‍, പ്രധാനമായും ചില വിഭാഗങ്ങളില്‍, ഡെലീരിയം ഏറെ സാധാരണവുമാണ് (ബോക്സ് കാണുക). വെറുമൊരു “മാനസിക”പ്രശ്നമെന്നു വിളിച്ചോ പ്രായമായാല്‍ ഇങ്ങനെയൊക്കെയുണ്ടാവുമെന്നു ന്യായീകരിച്ചോ ഇതിനെയവഗണിക്കുന്നത് ബുദ്ധിയല്ല — പല മാരകരോഗങ്ങളും ആദ്യമായി സാന്നിദ്ധ്യമറിയിക്കുന്നത് ഡെലീരിയത്തിന്‍റെ രൂപത്തിലാവാം. ഡെലീരിയം നീണ്ടുപോയാല്‍ അത് സ്ഥായിയായ ഓര്‍മക്കുറവിനും ശാരീരിക പ്രശ്നങ്ങള്‍ മരുന്നുകള്‍ക്കു വഴങ്ങാതാവുന്നതിനും ആശുപത്രിവാസം നീളുന്നതിനും ചികിത്സാച്ചെലവു കൂടുന്നതിനും നിമിത്തമാവാമെന്നും മരണസാദ്ധ്യത പോലും ഉയര്‍ത്താമെന്നും പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതുകൊണ്ടൊക്കെത്തന്നെ, ഡെലീരിയത്തെ എങ്ങനെ തടയാം, എങ്ങനെ തിരിച്ചറിയാം, എങ്ങനെ നേരിടാം എന്നൊക്കെയറിഞ്ഞുവെക്കേണ്ടത് ഏവര്‍ക്കും അതിപ്രസക്തമാണ്.

Continue reading
  8537 Hits

പ്രായമായവര്‍ക്കും പറ്റും സ്മാര്‍ട്ട്ഫോണും മറ്റും

“ഞാനിനിയൊന്നും പഠിക്കാനേയില്ല എന്നാരെങ്കിലും നിശ്ചയിച്ചാല്‍, അത് എണ്‍പതാം വയസ്സിലാണെങ്കിലും ഇരുപതാം വയസ്സിലാണെങ്കിലും, അവര്‍ക്കു വാര്‍ദ്ധക്യമായി എന്നു പറയാം. എപ്പോഴുമെന്തെങ്കിലും പുതുതായി പഠിച്ചുകൊണ്ടേയിരിക്കുന്നവര്‍ക്കോ, എന്നും ചെറുപ്പവുമായിരിക്കും.”
– ഹെന്‍റി ഫോഡ്

1997-ല്‍ ഇദംപ്രഥമമായി കേരളത്തിലൊരു മൊബൈല്‍ക്കമ്പനി പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ഏറ്റവുമാദ്യത്തെ കോള്‍ സ്വീകരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടത് അന്നത്തെ “ചെത്തുപിള്ളേരില്‍” നിന്നൊരാളായിരുന്നില്ല; മറിച്ച് സാക്ഷാല്‍ തകഴി ശിവശങ്കരപ്പിള്ളയായിരുന്നു. എന്നാല്‍ തുടര്‍ന്നിങ്ങോട്ട്, പ്രത്യേകിച്ച് ഇന്‍റര്‍നെറ്റിനു പ്രാചുര്യം കിട്ടുകയും സ്മാര്‍ട്ട്ഫോണുകള്‍ രംഗത്തെത്തുകയുമൊക്കെച്ചെയ്തപ്പോള്‍, ഇതൊക്കെ കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും മാത്രമുള്ള കാര്യങ്ങളാണ് എന്നുറപ്പിച്ചപോലെ നമ്മുടെ പ്രായമായവരില്‍ നല്ലൊരുപങ്കും അവയോടൊക്കെ വൈമുഖ്യം കാണിക്കുകയാണുണ്ടായത്. ജീവിതനിലവാരം ഉയരുകയും ചികിത്സകള്‍ക്കു ഫലസിദ്ധിയേറുകയും ജനന, മരണനിരക്കുകള്‍ താഴുകയും മൂലം നാട്ടില്‍ അറുപതു കഴിഞ്ഞവരുടെയെണ്ണം കൂടുകയും, അവരില്‍ നല്ലൊരു വിഭാഗം മക്കള്‍ മറുനാട്ടിലാകയാലും മറ്റും തനിച്ചുപാര്‍ക്കേണ്ടി വരികയും, ഈ ഏകാന്തത അവര്‍ക്കു പല ശാരീരിക, മാനസിക പ്രശ്നങ്ങള്‍ക്കുമിടയാക്കുകയും ചെയ്യുമ്പോള്‍ മറുവശത്താവട്ടെ, സൌഹൃദങ്ങളുണ്ടാക്കലും പല ദൈനംദിന കാര്യങ്ങളും സുഗമമാക്കിയ വിവരസാങ്കേതികവിപ്ലവത്തിന്‍റെ ഗുണഫലങ്ങളില്‍നിന്ന് ഈയൊരു വിഭാഗം മാറിനില്‍ക്കുകയോ പുറന്തള്ളപ്പെടുകയോ ആണുണ്ടായത്. ബ്രിട്ടനും അമേരിക്കയും പോലുള്ള വികസിത രാജ്യങ്ങളിലടക്കം നിരീക്ഷിക്കപ്പെട്ടിട്ടുള്ള, നവസാങ്കേതികതയുടെ അനുഗ്രഹങ്ങള്‍ വയസ്സുചെന്നവര്‍ക്കു ലഭ്യമാവാതെപോവുക (“grey digital divide”) എന്ന പ്രവണതക്ക് വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുകയും പ്രായമായവരും അവരെ സ്നേഹിക്കുന്നവരും അവശ്യമറിഞ്ഞിരിക്കേണ്ട പല പരിഹാരനടപടികളും നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

Continue reading
  5414 Hits

ഒഴിഞ്ഞ കൂടുകളിലെ വ്യഥകള്‍

ബഹുമാനപ്പെട്ട ഡോക്ടര്‍,

എനിക്ക് അറുപതു വയസ്സുണ്ട്. വീട്ടില്‍ ഞാനും ഭാര്യയും ഇളയ മകനും മാത്രമാണുള്ളത്. മൂത്ത മകന്‍ ഒരാളുള്ളത് വര്‍ഷങ്ങളായി വിദേശത്താണ്. കൂടെയുള്ള മകനും ഇപ്പോള്‍ ഉപരിപഠനത്തിനായി ഉത്തരേന്ത്യയിലേക്കു പോവാനുള്ള തയ്യാറെടുപ്പിലാണ്. മിക്കവാറും അടുത്ത മാസം പോവും. എനിക്കു പക്ഷേ ഇത് തീരെ ഉള്‍ക്കൊള്ളാനാവുന്നില്ല. വീട്ടില്‍ ഞാനും ഭാര്യയും മാത്രമായിപ്പോവുന്നതിനെപ്പറ്റി ഏറെ ഭയപ്പാടു തോന്നുന്നു. കഴിഞ്ഞ മുപ്പതോളം വര്‍ഷങ്ങള്‍ക്കിടയില്‍ ഒരുദിവസം പോലും മക്കളിലൊരാളെങ്കിലും കൂടെയില്ലാതെ ഞങ്ങള്‍ ഈ വീട്ടില്‍ ഉറങ്ങിയിട്ടില്ല. ഞങ്ങള്‍ രണ്ടുപേരും മാത്രമായി എങ്ങനെ സമയം മുന്നോട്ടുനീക്കും? മക്കളാരും ഇല്ലാത്ത വീട്ടിലെ ശൂന്യതയെ എങ്ങിനെ നേരിടും? ഇതൊക്കെ ആലോചിച്ച് ഈയിടെ ഭയങ്കര മനോവിഷമമാണ്. ഒന്നിനും ഒരുന്മേഷവും തോന്നുന്നില്ല. ഈ ഒരവസ്ഥയെ മറികടക്കാന്‍ എന്തുചെയ്യണം എന്നതിനെപ്പറ്റി ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.

- ജനാര്‍ദ്ദനക്കൈമള്‍, ആറ്റിങ്ങല്‍.

Continue reading
  5523 Hits